കാൾ കട്ട്‌ ചെയ്തു അവിടെ പോയി എൻജോയ് ചെയ്യി. കൊറേ നേരമായി. ആരേലും അന്വേഷിക്കുന്നുണ്ടാവും.

ഇഷ്ടങ്ങളേ നിനക്കായ്‌ – രചന: Unni K Parthan

നിനക്ക് ഇഷ്ടമാണേൽ പോയി വിളിച്ചിറക്കി കൊണ്ട് വാടാ ആ കുട്ടിയേ…ഈ അമ്മ ഉണ്ടെടാ നിന്റെ കൂടെ…ജിത്തുവിന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് സീമ പറയുന്നത് കേട്ട് ജിത്തു സീമയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു.

ന്തെടാ…നിനക്ക് പേടി ഉണ്ടോ…? സീമ ചോദിച്ചു.

അമ്മ ശരിക്കും ആലോചിച്ചു തന്നെ ആണോ…?

ഈ കാര്യം ഞാൻ ആണോ ആലോചിക്കേണ്ടത്. നീയല്ലേ…ഞാൻ പറഞ്ഞു എന്നു മാത്രം.

എന്നാലും അമ്മേ…നാളെ വിവാഹം ആണ്. ഈ രാത്രിയിൽ ഞാൻ പോയി വിളിച്ചിറക്കി കൊണ്ട് വരിക എന്ന് പറഞ്ഞാൽ….

ന്തെടാ പേടി ഉണ്ടോ…ചുമ്മാ മീശയും വെച്ച് നടക്കുന്നത് ന്തിനാ…പിന്നേ…

അതല്ലമ്മേ…ഇഷ്ടമാണ് ന്നു പറഞ്ഞിട്ടില്ല. പക്ഷേ അവൾക്ക്‌ ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് അറിയാം.

നിന്റെ മൊബൈൽ എവടെ…സീമ ചോദിച്ചു. ജിത്തു മൊബൈൽ എടുത്തു കൊടുത്തു. ലോക്ക് മാറ്റി ആ കുട്ടിയുടെ നമ്പർ ഡയൽ ചെയ്ത് എനിക്ക് താ…

ന്തിനാ അമ്മേ…പറയുന്നത് കേൾക്കടാ…ജിത്തു നമ്പർ ഡയൽ ചെയ്തു. റിങ് ഉണ്ട്…മൊബൈൽ സീമയുടെ നേർക്ക് നീട്ടി. ഹലോ…അപ്പുറം കാൾ അറ്റൻഡ് ചെയ്തു. സീമ വേഗം ലൗഡ് സ്പീക്കർ ഓൺ ചെയ്തു.

മോളേ…സീമ വിളിച്ചു

ന്താ അമ്മേ…ഈ നേരത്ത്…

ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ…

ന്താ അമ്മേ ചോദിച്ചോളൂ.

അനു മോൾക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല ന്നു ജിത്തു പറഞ്ഞത് ശരിയാണോ. മ്മ്…അപ്പുറം ഒരു മൂളൽ…നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ….

അങ്ങനെ ഒന്നും എനിക്ക് അറിയില്ല അമ്മേ…ന്തോ എനിക്ക് ഈ വിവാഹം ഇഷ്ടമല്ല…ഒരുപാട് വൈകി ഞാൻ ജിത്തുവിനോട് പറയുമ്പോൾ. ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞില്ല. ഈ വിവാഹം ന്തോ ഇഷ്ടമല്ല എന്ന് പറഞ്ഞു…

അവൻ വന്നു വിളിച്ചാൽ മോള് ഇറങ്ങി വരോ…

അമ്മേ…അനു പതിയെ വിളിച്ചു.

ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തീർക്കണോ. അതോ പരസ്പരം അറിയാവുന്ന രണ്ടാളും ഒന്ന് ചേരണോ…

ഒരുപാട് വൈകിയില്ലേ അമ്മേ…

എനിക്ക് തോന്നിയിട്ടില്ല വൈകിയെന്നു…ഞാനും ഇങ്ങനെ കല്യാണ തലേന്ന് ചാടി പോന്നവൾ ആണ്. പക്ഷേ ജീവിതത്തിൽ തോറ്റില്ല ട്ടോ…ജീവിച്ചു കാണിച്ചു കൊടുത്തു. തള്ളി പറഞ്ഞവർ എല്ലാരും ഇന്ന് കൂടെ ഉണ്ട്. മോളോട് എനിക്കു ഇച്ചിരി ഇഷ്ടമൊക്കെ ഉണ്ട്. ഒന്ന് രണ്ട് വട്ടം വീട്ടിൽ വന്നപ്പോൾ മോളേ ന്റെ മോളായി ഈ വീട്ടിൽ കൊണ്ട് വരണം എന്ന് ആഗ്രഹം പോലും ഉണ്ടായിരുന്നു. ജിത്തുവിനോട് ചോദിച്ചപ്പോൾ…നിങ്ങൾ തമ്മിൽ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. നല്ല ഫ്രണ്ട്സ് മാത്രം ആണെന് പറഞ്ഞു…അന്ന് ഞാൻ ആ ചാപ്റ്റർ മറന്നു. പക്ഷേ…ഇന്ന്…ന്തോ…ഇവന്റെ ഈ കിടപ്പ്. മോളുടെ ഇപ്പോളത്തെ മാനിസികാവസ്ഥ…ഇതെല്ലാം മുൻപ് ഒരിക്കൽ ഞാൻ അനുഭവിച്ചത് കൊണ്ട്…എനിക്കറിയാം…മറ്റാരേക്കാളും…ന്ത് പറയുന്നു. മോള് പോരുന്നോ…ഇവിടേക്ക്…

എങ്ങനെ അമ്മേ….നേരം ഒരുപാട് ആയി. ഇനി ഇവിടെന്ന് എങ്ങനെ….

ഓ…അതാണോ കുഴപ്പം…ഞാൻ ചാടിച്ചു കൊണ്ട് വരാം. കൂടെ പോരാൻ ബുദ്ധിമുട്ട് ഉണ്ടോ…

ആരേലും കണ്ടാലോ…?

ന്റെ മോളേ…ഇന്ന് വിവാഹ തലേന്ന് അല്ലേ…എത്ര ആളുകൾ വരുന്നു. ആ കൂട്ടത്തിൽ ഞങ്ങളും വരുന്നു…

ഞങ്ങളോ…

ആ…ഞാനും ന്റെ മോനും…അവന്റെ കൈ പിടിച്ചു ഇറങ്ങി വരുമ്പോൾ…ഞാൻ വേണ്ടേ നിങ്ങളുടെ കൂടെ…

എനിക്കു പേടിയാവുന്നുണ്ട് ട്ടോ…

മോൾക്ക്‌ ഇവനെ ഇഷ്ടാണോ…

മ്മ്…

കൂടെ ജീവിക്കാൻ ഇഷ്ടാണോ…

മ്മ്…ങ്കിൽ ഇനി ഒന്നും ആലോചിക്കേണ്ട…ഇന്ന് രാത്രി നമ്മൾ ചാടുന്നു. ഓക്കേ അല്ലേ…

എന്റെ ശരീരം മൊത്തം തളരുന്നു ട്ടോ അമ്മേ…

ഞങ്ങൾ ഒരു അര മണിക്കൂർ കഴിഞ്ഞു അവിടെ എത്തും. അവിടെ വന്നിട്ട് പ്ലാൻ ഞാൻ പറയാം…പോരെ…

മ്മ്….

ങ്കിൽ മോള് കാൾ കട്ട്‌ ചെയ്തോട്ടോ….ആർക്കും ഒരു സംശയം കൊടുക്കാതെ അവിടെ അടിച്ചു പൊളിച്ചു നടന്നോ ട്ടോ…

ഉവ്വ്…ഉവ്വ്…ന്റെ കയ്യും കാലും വിറക്കുവാ…

ദേ പെണ്ണേ…ഒറ്റ കിഴുക്ക് വെച്ച് തരും ഞാൻ. കേട്ടല്ലോ…കാൾ കട്ട്‌ ചെയ്തു അവിടെ പോയി എൻജോയ് ചെയ്യി…കൊറേ നേരമായി. ആരേലും അന്വേഷിക്കുന്നുണ്ടാവും.

മ്മ്…ശരിയാ…അമ്മ രണ്ട് വട്ടം വന്നു നോക്കിയെച്ചും പോയി…

ങ്കിൽ ശരി മോളേ…ഞങ്ങൾ വരികയാ ഇവ്ടെന്നു…അതും പറഞ്ഞു സീമ കാൾ കട്ട്‌ ചെയ്തു.

അല്ലമ്മേ…അമ്മ ഇത് ന്ത് ഭാവിച്ചാ…ജിത്തു സീമയെ നോക്കി ചോദിച്ചു. ന്തെടാ…നിനക്ക് വേണ്ടേ…അനുമോളേ…എന്നാലും അമ്മ ഇങ്ങനെ കേറി പ്രൊപ്പോസ് ചെയ്യുമെന്ന് ഞാൻ കരുതിയോ…പിന്നെ എങ്ങനെ ചെയ്യണം. ഇതാണ് ഏറ്റവും ബെറ്റർ ഓപ്ഷൻ…

അച്ഛനോട് പറയണ്ടേ.

വേണ്ടാ…എല്ലാം നടന്നു കഴിഞ്ഞിട്ട് പറഞ്ഞാൽ മതി.

അതെന്താ അമ്മേ…നമ്മൾ ഒന്നും അച്ഛനോട് ഒളിച്ചു വെക്കാറില്ല ലോ…

ദേ ചെക്കാ…പറയുന്നത് അങ്ങട് കേൾക്കുക.

ദേവൂട്ടിയോട് പറയണോ…ഇനി…ഞാൻ കെട്ടി കൊണ്ട് വന്നാൽ ഉറപ്പിച്ചു വെച്ച അവളുടെ വിവാഹം മുടങ്ങോ…

നീ ഒരു കാര്യം ചെയ്യി…ഒരു മൈക്ക് വാങ്ങി…ഈ നാട് മൊത്തം ചോദിച്ചിട്ട് വാ…വിണ്ണോദരൻ…പിന്നെ ദേവു മോൾടെ കല്യാണം. അത് ഒരു തടസവും ഉണ്ടാവില്ല…അത് ഉറപ്പിച്ചത്…ആ പയ്യൻ ഇവിടെ വന്നു ചോദിച്ചു. അവളുടെ ഇഷ്ടം അറിഞ്ഞാണ് കെട്ടാൻ പോണത്. നിനക്ക് വേണോ വേണ്ടയോ….സീമ അവനെ നോക്കി ചോദിച്ചു.

വേണം…എന്നാ പോയി ഡ്രസ്സ്‌ മാറി വാടാ…അതും പറഞ്ഞു സീമ തിരിഞ്ഞു നടന്നു.

മോളേ…ദേവൂട്ടി…

ന്താ അമ്മേ…

മോള് പോയി വേഗം റെഡി ആയേച്ചും വാ…മ്മക്ക് അനു ചേച്ചിയുടെ വീട് വരേ പോയേച്ചും വരാം.

ഇന്ന് പോണുണ്ടോ…?

ഇന്ന് പോണം മോളേ…എന്നാലേ അതിന് ഒരു രസമുള്ളൂ..മോള് പോയി ഒരുങ്ങിയേച്ചും വാ…

ശരി അമ്മേ…ഞാൻ ദാ വന്നു. ദേവൂട്ടി തിരിഞ്ഞു റൂമിലേക്ക് നടന്നു…സീത സീതയുടെ മുറിയിലേക്കും.

**********************************

ഡാ…ധൈര്യത്തിന് രണ്ടെണ്ണം വേണേൽ അടിച്ചോ ട്ടോ…വീട് പൂട്ടി പുറത്തേക്ക് ഇറങ്ങും വഴി സീത ജിത്തുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

ഒന്ന് പോ അമ്മേ…ന്തിനാ അമ്മേ കല്യാണത്തിന് പോകാൻ ധൈര്യം വരാൻ രണ്ടെണ്ണം അടിക്കുന്നത്. പോരാത്തതിന് ഇന്ന് ശനിയാഴ്ച അല്ലേ…ഞായറാഴ്ച അല്ലേ ഏട്ടന്റെ ക്വാട്ടാ…

അതൊക്കെ ആണ്. പക്ഷേ വേണേൽ ഇന്ന് അവൻ രണ്ടെണ്ണം അടിച്ചോട്ടെ ന്നേ…ചിരിച്ചു കൊണ്ട് സീമ പറയുന്നത് കേട്ട് വാ പൊളിച്ചു ജിത്തുവിനെ നോക്കി നിന്നു ദേവൂട്ടി.

ഡാ…കാർ ഞാൻ ഡ്രൈവ് ചെയ്യാം. ജിത്തുവിന്റെ കയ്യിൽ നിന്നും ചാവി വാങ്ങി സീമ ഡോർ തുറന്നു സീറ്റിൽ ഇരുന്നു. ബെൽറ്റ്‌ ഇട്ടു…നീ വരണില്ലേ…ജിത്തുവിനെ നോക്കി ചിരിച്ചു കൊണ്ട് സീമ ചോദിച്ചു.

ങ്ങേ…ഉവ്വ്…ഉവ്വ്…ഞാനും ഉണ്ട്. ഡോർ തുറന്നു ജിത്തുവും കയറി.

അമ്മേ…ന്താ പതിവില്ലാതെ അമ്മ ഡ്രൈവ് ചെയ്യുന്നേ…ദേവു ചോദിച്ചത് കേട്ട് സീമ തല ചെരിച്ചു ഒന്ന് നോക്കി. കണ്ണിറുക്കി ചിരിച്ചു കാർ മുന്നോട്ട് പായിച്ചു. ഇന്ന് ഇത്രേം ഉള്ളു…

********************************

അറിയോ എന്നേ…സീമയുടെ ചോദ്യം കേട്ട് ഉഷ തിരിഞ്ഞു നോക്കി.

ആരാ…മനസിലായില്ല ട്ടോ…

ജിത്തുനെ അറിയോ…ജിത്തുവിന്റെ അമ്മയാണ്…

അയ്യോ സോറി ട്ടോ…പെട്ടന്ന് ആളെ മനസിലായില്ല…മോള് പറഞ്ഞിരുന്നു നിങ്ങൾ എല്ലാരും വരുമെന്ന്…കയറി വായോട്ടോ…മോളേ…ഉഷ തിരിഞ്ഞു നിന്ന് നീട്ടി വിളിച്ചു. ഇത് ആരൊക്കെയാ ന്നു നോക്കിക്കേ…വിളികേട്ട് അനു ഉഷയുടെ അടുത്തേക്ക് വന്നു. സീമയെ കണ്ടു അനു ഒന്ന് ഞെട്ടി.

അമ്മേ…അനു വന്നു സീമയുടെ കയ്യിൽ പിടിച്ചു. മോള് ഇവരെ അകത്തേക്ക് കൊണ്ട് പോട്ടോ…അമ്മ ഇപ്പൊ അങ്ങ് വന്നേക്കാം. മോൾടെ കൂടെ ചെല്ല് ട്ടോ…ഞാൻ ഇപ്പൊ അങ്ങ് വരാം. ഉഷ പറഞ്ഞത് കേട്ട് സീമ ചിരിച്ചു കൊണ്ട് തലയാട്ടി.

വാ അമ്മേ…ജിത്തു…ദേവൂട്ടി വായോ ട്ടാ…സീതയുടെ കയ്യിൽ പിടിച്ചു കൊണ്ട് അനു വേഗം മുന്നോട്ട് നടന്നു. വാതിൽ തുറന്നു എല്ലാരും അകത്തു കയറിയതും അനു വേഗം വാതിൽ ചാരി.

അമ്മേ എനിക്ക് വയ്യ ട്ടോ…ഇങ്ങനെ ഇറങ്ങി വരാൻ…എനിക്ക് പറ്റണില്ല…കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്. അച്ഛനെയും അമ്മയെയും എനിക്ക് വിഷമിപ്പിച്ചു കൊണ്ട്…എനിക്ക് കഴിയില്ല അമ്മേ…അമ്മ എന്നോട് ക്ഷെമിക്കണം. ജിത്തു…നമ്മൾ തമ്മിൽ അങ്ങനെ ഒരു റിലേഷൻ ഉണ്ടായിരുന്നില്ല ലോ…എന്നാലും…എനിക്ക് ഒരു നീറ്റൽ ഉണ്ടായിരുന്നു അത് സത്യമാണ്. പക്ഷേ…ഇപ്പൊ…ഈ കുറച്ചു സമയം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ. ശരിക്കും അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്രയും വളർത്തി വലുതാക്കി. നമ്മുടെ സ്വപ്നങ്ങളെ ചേർത്ത് പിടിച്ചു. കൂടെ കൂട്ടിയ അവരുടെ മോഹങ്ങളെ തല്ലി കെടുത്താൻ എനിക്ക് കഴിയില്ല അമ്മേ…

കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു അനുവിന്റെ…മോളേ…സീമ അനുവിനെ ചേർത്ത് പിടിച്ചു. എനിക്കറിയാമായിരുന്നു മോളേ…മോള് ഇങ്ങനെ ഒരു തീരുമാനം എടുക്കുകയുള്ളൂവെന്ന്…കാരണം…മോളേ എനിക്ക് അറിയാമായിരുന്നു. അച്ഛനെയും അമ്മയെയും ഇത്രയും സ്നേഹിച്ചത് കൊണ്ടാണ് ലോ…മോളുടെ ഇഷ്ടങ്ങളെ പോലും മാറ്റി വെച്ച് അവരുടെ ഇഷ്ടങ്ങളെ ചേർത്ത് പിടിച്ചത്…ഒരിക്കലും മോളേ ഞാൻ കൂടെ കൂട്ടുമായിരുന്നില്ല. കാരണം ഞാനും ഒരു അമ്മയാണ്.

പക്ഷേ…നിങ്ങളുടെ ഉള്ളിൽ ഒരു വിഷമം കിടന്നു നീറുന്നു. എന്ന് ഞാൻ അറിഞ്ഞു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. കാരണം…മോളുടെ വിവാഹം ആണ് എന്നും എനിക്ക് മനസിലായി. രണ്ടാഴ്ച കൊണ്ടാണ് ല്ലോ ഈ വിവാഹം ഉറപ്പിച്ചത്. ചിലപ്പോൾ അത് നിങ്ങളെ ഒന്ന് ഉലച്ചു കാണും. പിന്നെ…നിങ്ങളുടെ പരസ്പരം ഉള്ള സംസാരത്തിൽ അവന് മനസിലായി മോൾക്ക് ഈ വിവാഹം ഇഷ്ടമല്ല എന്ന്…ചിലപ്പോൾ മോൾക്ക്‌ ഇഷ്ടമില്ലാത്ത ഈ വിവാഹം ഇവനും ഇഷ്ടമായി കാണില്ല. അതാവും ചിലപ്പോൾ കുറച്ചു ദിവസമായി അവനെയും വല്ലാതെ ഉലച്ചു കളഞ്ഞത്…

എല്ലാം…ഇങ്ങനെ ആണ് മോളേ…പുതിയ സാഹചര്യങ്ങളോട് പൊരുത്ത പെട്ടു പോകാൻ വല്യ പാടാണ്. പക്ഷേ പൊരുത്ത പെട്ടു കഴിഞ്ഞാൽ…നമ്മൾ എല്ലാം മറക്കും…മോളും പതിയെ എല്ലാത്തിനോടും പതിയെ പൊരുത്തപെട്ടു പോകുക തന്നെ ചെയ്യും. അത് ഈ അമ്മക്ക് നല്ലത് പോലെ അറിയാം. ചില ആഗ്രഹങ്ങൾ…അതിന് നീർക്കുമിളയുടെ ആയുസ്സേ ഉണ്ടാകു…ചിലപ്പോൾ അത് കുറച്ചു കൂടുതൽ വീർത്തു പൊന്തി വരും…ചിലത് മുളയിലേ തകർന്ന് പോകും. ഇവടെയും അങ്ങനെ ആണ്.

നിങ്ങളുടെ ഉള്ളിൽ ഒന്നുമില്ല. ഇഷ്ടമോ…പ്രണയമോ…ഒന്നും ഇല്ല…ഉള്ളത് കറ കളഞ്ഞ നല്ല സൗഹൃദം മാത്രം. പെട്ടന്ന് അത് നഷ്ടപെടുന്നു എന്ന് നിങ്ങൾക്ക് തോന്നിയത് കൊണ്ട് മാത്രം ഉണ്ടായ ഒരു കുഞ്ഞു പകപ്പ്. അതാണ് നിങ്ങളിൽ രണ്ടാളിലും ഉണ്ടായ ഈ മാറ്റം. മോൾക്ക്‌ വിവാഹത്തിനോട് താല്പര്യം ഇല്ലാത്തതും…ഇവന് മോൾക്ക്‌ ഇഷ്ടമില്ലാത്ത വിവാഹം നടക്കുന്നതിൽ ഉള്ള വിഷമവും…

ഒന്നോർക്കുക. ഒരു അച്ഛനമ്മമാരും സ്വന്തം മക്കളേ ഒരു ദുരന്തത്തിലേക്ക് തള്ളി വിടില്ല. എന്നും നല്ലത് മാത്രം ആഗ്രഹിക്കുന്ന സ്നേഹം മാത്രമുള്ള…നന്മയുടെ നിറകുടങ്ങൾ ആണ് എല്ലാ അച്ഛനമ്മമാരും…അറിയാൻ ചിലപ്പോൾ നിങ്ങൾ വൈകി പോകും അവരെ…

പരുക്കനായ അച്ഛൻ…സ്നേഹം പുറത്ത് കാണിക്കാത്ത അച്ഛൻ. തങ്ങളോട് സ്നേഹമില്ല അച്ഛന് എന്ന് എന്നും ഉള്ളിൽ പറയുന്ന മക്കൾ.

അമ്മ എന്നും കുറ്റം മാത്രം പറയുന്നു. അത് ചെയ്തില്ല…ഇത് ചെയ്തില്ല. ഡ്രസ്സ്‌ ധരിക്കുന്നതിനു ചീത്ത…ഇറുകിയ വസ്ത്രം ധരിച്ചാൽ ചീത്ത…ഷാൾ ഇടാതെ പുറത്തേക്ക് പോയാൽ ചീത്ത…ഉമ്മറത്തു കാലുമ്മേ കാലു കയറ്റി വെച്ച് ഇരുന്ന് പത്രം വായിക്കുന്നത് കണ്ടാൽ ചീത്ത പറയുന്ന അമ്മ.

പക്ഷേ…ഇതെല്ലാം ഒരിക്കൽ നിങ്ങൾ മനസിലാക്കുന്ന സമയം വരും. നിങ്ങൾ ഒരു അച്ഛനുമമ്മയും ആകുമ്പോൾ അന്ന് മാത്രം മനസിലാവുന്ന ഭാഷ…അതാണ്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ ഭാഷ.

അനുവിനെ ചേർത്ത് പിടിച്ചു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു സീമയുടെ…ഇത് നിങ്ങളെ അറിയിക്കാൻ നിങ്ങളുടെ ഉള്ളിൽ ഒന്നുമില്ല എന്ന് അറിയിക്കാൻ വേണ്ടി മാത്രം. ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ ഈ വിവാഹം ഒരു കരടായി തീരാതിരിക്കാൻ…അനുഭവങ്ങൾ ഒരുപാട് ഉള്ള ഈ അമ്മയുടെ ഒരു ശ്രമമായിരുന്നു മക്കളേ…ഇതൊക്കെ…

ഇഷ്ടങ്ങൾ…അതിന്റെ മനോഹാരിത…അത് അറിയണമെങ്കിൽ…നമുക്ക് കിട്ടിയ ഇഷ്ടങ്ങളെ ചേർത്ത് പിടിക്കുക…ശ്വാസമായ് കൂടെ കൂട്ടുക. ജീവിതത്തിൽ തളരില്ല മക്കളേ…തളരാൻ ആ സ്നേഹം നമ്മേ അനുവദിക്കില്ല. ജിത്തുവിനെയും അനുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് സീമ പറയുമ്പോൾ വാതിൽ തുറന്നു ഉഷയും നടേശനും വന്നു.

എല്ലാം കേട്ടു ട്ടോ ഞങ്ങൾ…സന്തോഷമായി…ജീവിതത്തിൽ ഉപദേശം കിട്ടേണ്ട ഒരു സമയം…അത് ഇന്ന് തന്നെ ആണ് മികച്ചത്. ഞങ്ങളുടെ ഇഷ്ടമാണ് മോളുടെ ഇഷ്ടമെന്ന് ഞങ്ങൾ കരുതി. അത് തെറ്റായി പോയോ മോളേ…നടേശൻ അനുവിനെ നോക്കി ചോദിച്ചു…

അച്ഛാ…അനു ഓടി വന്നു നടേശനെ കെട്ടിപിടിച്ചു. ഇല്ലച്ഛാ….അങ്ങനെ ഒന്നുമില്ല. മനസ് ഇടക്കൊന്നു കൈവിട്ടു പോയി…പക്ഷേ…ഈ അമ്മ…അതെല്ലാം പറഞ്ഞു തന്നു. എന്നോട് ക്ഷെമിക്കണം അച്ഛാ…പൊട്ടി കരഞ്ഞു കൊണ്ട് അനു നടേശന്റെ നെഞ്ചിലേക്ക് പൂണ്ടു.

മോളേ…നടേശൻ അനുവിന്റെ മൂർദ്ധാവിൽ തന്റെ ചുണ്ടമർത്തി കൊണ്ട് വിളിച്ചു. കണ്ണുകൾ നിറഞ്ഞിരുന്നു നടേശന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

മോനേ…ഇതല്ലേ ഡാ കട്ട ഹീറോയിസം. ഇങ്ങനെ അല്ലേടാ വേണ്ടതും ജിത്തുവിനെ ചേർത്ത് പിടിച്ചു സീമ ചോദിച്ചു. ചിരിച്ചു കൊണ്ട് ജിത്തു സീമയെ മുറുക്കി കെട്ടിപിടിച്ചു. സീമയുടെ കൈ ജിത്തുവിന്റെ മുടിയിഴകളിൽ വിരലോടിച്ചു.

ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. എഴുതാൻ തോന്നിയ ഒരു കുഞ്ഞ് ആശയം. അത് എഴുതി. എഴുത്തിനോട് നീതി കാണിച്ചു എന്നാണ് ന്റെ വിശ്വാസം. അത് എത്ര മാത്രം എന്ന് അറിയില്ല.വിമർശനങ്ങൾ ആണ്‌ എന്നും എഴുതാൻ ഉള്ള ഊർജം. ഇനിയും നല്ല വിമർശനങ്ങൾ ഉണ്ടാവട്ടെ…ഒരുപാട് നന്ദി ഏവർക്കും…