ഇതാണ് വേണ്ടത് – രചന: അമ്മു സന്തോഷ്
എന്താ രതീഷേ…? അടുക്കളയിലേക്കു പെട്ടെന്ന് രതീഷ് കേറി വന്നപ്പോൾ ബാല ഒന്ന് പതറി.
ഒന്നുമില്ല ചേച്ചി, വെറുതെ….അശോകൻ ചേട്ടനില്ലേ…? ബാല തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി…നല്ല ഉറക്കം…ഇതെന്താ അടുക്കളയിൽ തൊട്ടിൽ…?
ചേട്ടൻ ഇവിടില്ല, രതീഷ് പോയിട്ട് പിന്നെ വാ…
ഇന്നെന്താ കറി ചേച്ചി…? അവൻ പോകാൻ ഭാവമില്ല. രതീഷേ പോയേ…എനിക്കൊരു പാട് ജോലി ഉണ്ട്. മോൾ ഉണരും മുന്നേ തീർക്കണം…
ഞാൻ സഹായിക്കാം, അവന്റെ മുഖത്തെ വഷളൻ ചിരി കണ്ട ബാലയുടെ ഉള്ളിൽ ഒരിടി വെട്ടി. അവൾ പുറത്തേക്കുള്ള വാതിൽ പെട്ടെന്ന് തുറന്നിട്ടു.
എന്തിനാ ഇങ്ങനെ പേടിക്കുന്നെ ചേട്ടൻ അറിയുമെന്ന് വിചാരിച്ചാണോ…? ചേട്ടന് പ്രോബ്ലം ഒന്നുമില്ല ചേച്ചി. എന്റെ കയ്യിൽ നിന്ന് ഇന്നലെ നല്ല ഒരു തുക വാങ്ങിച്ചിട്ട…ചേച്ചി എന്റെ ഒരു സ്വപ്നം ആയിരുന്നു…അവൻ അടുത്ത് വന്നപ്പോൾ ബാല പെട്ടെന്ന് കറിക്കത്തി എടുത്തു.
കഴിഞ്ഞ ദിവസം തലയിണക്കീഴിൽ കൊണ്ട് വെയ്ക്കുന്ന നോട്ടുകെട്ടുകൾ എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ കടം മേടിച്ചതാണെന്നു പറഞ്ഞത് അവൾ ഓർത്തു.
രതീഷേ, ഞാൻ ഒന്ന് നിലവിളിച്ച നിന്റെ മാനം പോകും. നിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്ന പെങ്ങളുടെ കല്യാണം മുടങ്ങും. അല്ലെങ്കിൽ ഞാൻ മുടക്കും. നിന്റെ വീട്ടിൽ കേറി ഞാൻ പണിയും മോനെ…നിനക്ക് അയാളെ അറിയുവുള്ളു…എന്റെ കെട്ടിയോനെ. ഒരു കുപ്പി കള്ളിനായിരിക്കും അയാൾ ഇത് ചെയ്തത്. പക്ഷെ നടക്കുകേല…അവൾ പിച്ചാത്തി ചൂണ്ടി.
രതീഷിന്റ മുഖം വിളറി വെളുത്തു. എന്നാണെങ്കിലും നിന്റെ ഗതി ഇത് തന്നെയാടി, ഞാൻ അല്ലെങ്കിൽ വേറെ ഒരുത്തൻ. നിന്റെ കെട്ടിയോൻ അത് ചെയ്യും…അവൻ വീറോടെ പറഞ്ഞു.
നീ പോ രതീഷേ…പിന്നെ ഇത് ഉടനെ അങ്ങേരോട് ചെന്നു പറഞ്ഞു ഇനി അങ്ങേര് ഇവിടെ വന്ന് എന്നെ തല്ലിയാൽ ഞാൻ നാളെ നിന്റെ വീട്ടിൽ വരും ഉറപ്പാ അത്….അവൾ പിച്ചാത്തി വീശി. ഇത്രയും അവൾ അയാളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
വീട്ടിലേക്കു പോകാമെന്നു വെച്ചാൽ അമ്മയുടെയും അനിയത്തിമാരുടെയും മുഖം തെളിഞ്ഞു. ഒറ്റമുറി വീട്ടിൽ അവരുടെ ഒപ്പം എങ്ങനെ…? ഉളളതെല്ലാം വിറ്റ് പെറുക്കി കല്യാണം കഴിപ്പിച്ചു വിട്ടതാണ്. വേണ്ട വേണ്ട എന്ന് നൂറു തവണ പറഞ്ഞു. കേട്ടില്ല…
വൈകുന്നേരം അശോകൻ വന്നപ്പോൾ ഒരു ഭാവഭേദവും ഇല്ലാതെ അവൾ ചോറ് വിളമ്പി കൊടുത്തു. ഇന്ന് ആരെങ്കിലും വന്നാരുന്നോ….? അയാൾ ചോദിച്ചു. ആ രതീഷ് വന്നിരുന്നു…അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു. പിന്നെ ചോദ്യമൊന്നുമുണ്ടായില്ല. അയാൾ നന്നായി മദ്യപിച്ചിരുന്നത് കൊണ്ട് നാക്ക് കുഴയുന്നുണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞു നിലത്തുറക്കാത്ത കാലുകൾ വലിച്ചു അയാൾ മുറിയിലേക്കു പോയി.
മോളുറങ്ങിയോടി…? കുറച്ചു കഴിഞ്ഞു ചോദ്യംവന്നു. ഉം…
എന്നാലിങ് വാ ഒരു കാര്യം പറയട്ടെ…രതീഷിന്റെ മുഖത്തു കണ്ട അതേ വഷളൻ ചിരി. അവൾക്ക് അറപ്പ് തോന്നി.
ഞാൻ ഒരു കാര്യം പറയട്ടെ…അവൾ അരികിൽ ചെന്നു. അയാൾ ഒന്ന് മൂളി…നിങ്ങൾ ഇപ്പൊ കഴിച്ച ചോറിൽ ഞാൻ വിഷം ചേർത്തിട്ടുണ്ട്.
ങേ…? അയാൾ ചാടി എഴുന്നേറ്റു. ദേഹമൊക്കെ വിയർപ്പിൽ കുളിച്ചു. അയാൾ വാതിൽക്കലേക്കു ഓടി.
ഓടേണ്ട പൂട്ടിയിരിക്കുക…
അയാൾ അലറി വിളിക്കാൻ ശ്രമിച്ചപ്പോൾ അവൾ ടീവിയിൽ പാട്ട് ഉറക്കെ വെച്ചു. അയാൾ ശക്തിയോടെ അവളെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും ദുര്ബലനായി കഴിഞ്ഞിരുന്നു. എന്നെ കൊല്ലല്ലേടി ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം…അയാൾ കെഞ്ചി.
ഒറ്റ ചോദ്യം…സത്യസന്ധമായി ഉത്തരം തരണം…അവൾ കൈ കെട്ടി അയാൾക്ക് മുന്നിൽനിന്നു. ചോദിക്ക്…
അയാൾ തളർന്നു നിലത്തേക്കിരുന്നു. രതീഷിന്റെ കയ്യിൽ നിന്ന് പൈസ മേടിച്ചു എന്റെ അരികിലേക്ക് പറഞ്ഞു വിട്ടത് സത്യമാണോ…? അയാൾ തല കുനിച്ചു. ആണോന്നു…?
അയാൾ മെല്ലെ തലയാട്ടി. തല കറങ്ങുന്നതു പോലെ…എടി എനിക്കൊരു തെറ്റ് പറ്റിയതാ, നീ ക്ഷമിക്ക്. എന്നെ ആശുപത്രിൽ കൊണ്ട് പോ…കൊല്ലല്ലേ…
കൊണ്ട് പോകുകേല. നാളെ എന്റെ മോളെ കാണിച്ചും നിങ്ങൾ കാശ് മേടിക്കും. അതിലും ഭേദം ഇതാ…
നീ ജയിലിൽ പോകുമെടി നോക്കിക്കോ…അയാൾ തളർന്നു തുടങ്ങിയ ശബ്ദത്തിൽ പറഞ്ഞു. ഇല്ല. പോകില്ല കാരണം ഞാനും തിന്നിട്ടുണ്ട് ആ ചോറിൽ കുറച്ചു. വളരെ കുറച്ചു…അവൾ ചിരിച്ചു. നീ ചാവ് നായെ…അവൾ വെറുപ്പോടെ പറഞ്ഞു. അയാളുടെ കണ്ണിൽ നിന്ന് ബോധം മറഞ്ഞു പോകുന്നത് അവൾ നോക്കിയിരുന്നു…
ഞാൻ ചെയ്തതാ സാറെ. സത്യം ഇതാണ്. സാറിന് വേണമെങ്കിൽ എന്നെ പ്രതിയാക്കി കേസ് എടുക്കാം. ജയിലിൽ അയയ്ക്കാം. ഒക്കെ ചെയ്യാം. എനിക്ക് എന്റെ മോളെ അന്തസായിട്ട് വളർത്തണം എന്നുണ്ട് സാറെ. എന്റെ ശരീരം വിറ്റ് അയാൾ ജീവിക്കണ്ട. ഞാൻ ഒത്തിരി ചിന്തിച്ചു. കൊല്ലണോ ഉപേക്ഷിക്കണോ…? ഉപേക്ഷിച്ചു പോയാലും പിന്തുടരും. എന്റെ മോൾ വളർന്ന അവളേം…അതിൽ ഭേദം ഇതല്ലേ…?
അവളുടെ ചോദ്യതിനു മുന്നിൽ എസ് ഐ ഹരിദാസ് തെല്ലു നിശബ്ദനായി. അയാൾ ആശുപത്രിയിൽ നിന്ന് സ്റ്റേഷനിലേക്ക് പോരുന്നു. സാറെ ആരെങ്കിലും ഇത് ഓപ്പൺ ചെയ്‌താൽ നമുക്കു പ്രശ്നം വരില്ലേ…? കോൺസ്റ്റബിൾ ചോദിച്ചു.
ആര് ഓപ്പൺ ചെയ്യാൻ…? ആ പെൺകൊച്ചു ജീവിക്കട്ടെ…ഇത് പോലുള്ള നാശങ്ങളൊക്കെ ചത്തൊടുങ്ങട്ടെ…സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യാ ശ്രമം. ഗൃഹനാഥൻ മരിച്ചു. വീട്ടമ്മയും കുഞ്ഞും രക്ഷപെട്ടു…അവരുടെ അറിവില്ലാതെ ഭക്ഷണത്തിൽ വിഷം ചേർത്തത് അയാൾ. അയാൾ പോയി. ഇനി എന്ത് കേസ്…? അല്ലെങ്കിലും ഇതിനെയൊക്കെ ശിക്ഷിക്കാൻ നമ്മൾ കൂട്ട് നിൽക്കണ്ട. ഇവിടെ ഇനിയും തെളിയിക്കപ്പെടാത്ത എത്ര കേസുകൾ. അതിന്റെ കൂടെ ഇതും…
ഒരു തരത്തിൽ ശരിയാ സാറെ എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ. പേടിയാ സത്യത്തിൽ…ഇവൾ ജീവിക്കട്ടെ അല്ലെ സാറെ…? കോൺസ്റ്റബിൾ വർഗീസ് മകളുടെ ഓർമയിൽ ഒരു നിമിഷം ദീർഘ നിശ്വാസമയച്ചു. എസ് ഐ ഹരിദാസ് പുഞ്ചിരിച്ചു.
(യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയത്)