ആ മഴയുടെ തണുപ്പിനെ ഇല്ലാതാക്കിയ ആ സ്പാർക്ക് പിന്നീടങ്ങോട്ട് ഒരു കാട്ടു തീപോലെ പടരുമെന്ന് സോനു അന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു…

കുഞ്ഞമ്മായിയുടെ പൊന്നരഞ്ഞാണം – രചന: വിപിൻ PG

ഒരു മെയ്‌ മാസത്തിലാണ് അവർ തമ്മിൽ ആദ്യമായി കാണുന്നത്. പെട്ടെന്ന് പെയ്ത മഴയിൽ കുടയെടുക്കാതെ കുടുങ്ങിയവർ കടവരാന്തയിൽ നിൽക്കുന്നതിനിടയിൽ അവർ രണ്ടുപേരും ഉണ്ടായിരുന്നു. അങ്ങനെ ആദ്യമായി സോനുവിന്റെയും അനുപമയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.

ആ മഴയുടെ തണുപ്പിനെ ഇല്ലാതാക്കിയ ആ സ്പാർക്ക് പിന്നീടങ്ങോട്ട് ഒരു കാട്ടു തീപോലെ പടരുമെന്ന് സോനു അന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. പിറ്റേന്ന് മുതൽ നാലുദിവസം ചിരിയും കളിയുമായി സോനു അനുപമയുടെ പുറകെ നടന്നപ്പോൾ അനുപമക്കും കാര്യം മനസ്സിലായി. ആ കാട്ടു തീയുടെ ഒരറ്റം അനുപമയുടെ മനസ്സിലും കത്തി തുടങ്ങി. അന്ന് രാത്രി ആ തീ പടരാൻ തുടങ്ങി.

എന്നാൽ അവിടെയാണ് ആദ്യത്തെ ട്വിസ്റ്റ് നടക്കുന്നത്. ഒരു സുപ്രഭാതത്തിൽ ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയ സോനുവിന്റെ അമ്മാവൻ നാരായണൻ അനുപമയെ പെണ്ണുകാണാൻ ചെന്നു. സ്ഥാനം പറഞ്ഞാൽ അമ്മാവനാണെങ്കിലും പേര് നാരായണൻ എന്നാണെങ്കിലും ആള് സോനുവിന്റെ അമ്മയുടെ ഏറ്റവും ഇളയ ആങ്ങളയാണ്. ഇവർ തമ്മിൽ കേവലം ഒന്നര വയസ്സിലെ വ്യത്യാസമേയുള്ളൂ….

അന്ന് ആ നാട്ടിലെ സൽസ്വഭാവികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈ അമ്മാവൻ നാരായണൻ ഗൾഫിൽ സാമാന്യം നല്ല ജോലിയും നല്ല ശമ്പളവും ഉള്ള യുവാവായിരുന്നു. ഒരറ്റത്ത് പടർന്നു തുടങ്ങിയ കാട്ടു തീ അന്ന് രാത്രി തകർത്തു പെയ്ത മഴയിൽ ഇറങ്ങി നിന്ന് അനുപമ അണച്ചു. എന്നിട്ട് പെണ്ണുകാണാൻ വന്ന ഈ അമ്മാവനുമായി കാര്യങ്ങൾ തീരുമാനിക്കാൻ വീട്ടുകാരോട് പറഞ്ഞു.

മിണ്ടാൻ പറ്റാത്തടത്ത് പട്ടി കടിച്ചു എന്നു പറഞ്ഞപോലെ പ്രേമിക്കാൻ നോക്കിയ പെണ്ണ് അമ്മായി ആയി വരാൻപോകുന്ന വിഷമത്തിലായി സോനു. ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കല്യാണം നടന്നു. മംഗളമായി നടന്നു. ആഘോഷമായി നടന്നു. ആ കല്യാണത്തിന് സോനു അച്ചാർ വിളമ്പുകയും ചെയ്തു.

പക്ഷെ കല്യാണം കഴിഞ്ഞു മൂന്നു മാസം തികയും മുന്നേ അമ്മാവൻ നാരായണൻ ഗൾഫിലേക്ക് തിരിച്ചു പോയി. അമ്മാവൻ തിരിച്ചുപോയ ഗ്യാപ്പിൽ അമ്മായിയുമായി ചങ്ങാത്തം കൂടാൻ സോനു ആകുന്നതു ശ്രമിച്ചു. അങ്ങനെ ഒരു ദിവസം വീട്ടിലേക്ക് വന്ന സോനുവിനോട് സോനു അമ്മായി പറഞ്ഞു. സോനൂ, നീ എന്റെ പുറകെ നടന്ന കാര്യം കുറച്ചുപേർക്ക് ഒക്കെ അറിയാം. അതുകൊണ്ട് നീ ഇവിടെ ഇങ്ങനെ കയറി ഇറങ്ങി എനിക്ക് പേരുദോഷം ഉണ്ടാകരുത്.

അയ്യോ കുഞ്ഞമ്മായി, അങ്ങനെ പറയരുത്. കാര്യം അങ്ങേരെന്റെ അമ്മാവനാണെങ്കിലും ഞങ്ങൾ എടാ പോടാ ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് വേറെ പലതും വിളിക്കും. അപ്പോ ആ അമ്മാവൻ കെട്ടിയ ഭാര്യയെ പൊന്നുപോലെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമല്ലേ കുഞ്ഞമ്മായീ…

മോനേ സോനു ഞാൻ ഇപ്പോൾ തന്നെ പൊന്നാണ്. നീ എന്നെ ഇനി പറഞ്ഞു പൊന്നാക്കണ്ട ഇനി എന്തെങ്കിലും അത്യാവശ്യം വന്നാലല്ലാതെ നീ മുറ്റത്ത് കാലുകുത്തിയാൽ അടുക്കളയിൽ ഇരിക്കുന്ന ഒലക്ക എടുത്തു ഞാൻ നിന്റെ തലയ്ക്ക് അടിക്കും.

ഒന്നും രണ്ടും പറഞ്ഞു തെറ്റിയ സോനു അവിടെനിന്ന് ഇറങ്ങിപ്പോയി. പക്ഷേ വളരെ വൈകാതെ തന്നെ സോനുവിന് അമ്മായി അന്ന് പറഞ്ഞ അത്യാവശ്യം വന്നിരുന്നു. സോനുവിന് അത്യാവശ്യമായി കുറച്ച് ക്യാഷ് വേണം. ചോദിക്കാൻ പറ്റുന്നവരോടെല്ലാം ചോദിച്ചു നോക്കി. എല്ലാവരും കൈ മലർത്തി. അവസാനം സോനു കുഞ്ഞമ്മായി അനുപമയെ കാണാൻ വന്നു. അനുപമയുടെ കാലിൽ സാഷ്ടാംഗം വീണു കൊണ്ട് അവൻ കേണപേക്ഷിച്ചു. ഒരു നിവർത്തിയും നിർവ്വാഹവുമില്ല എന്നെ സഹായിക്കണം.

അനുപമയ്ക്ക് ഒരടി പുറകോട്ടു മാറാൻ പറ്റാത്ത വിധം സോനു അവളുടെ കാലിൽ പിടിച്ചു തന്നെ നിന്നു. അവളുടെ കയ്യിൽ പൈസയായിട്ട് ഒന്നും തന്നെ എടുക്കാൻ ഇല്ല. ഇനി ഗോൾഡ് കൊടുക്കാം എന്ന് കരുതിയാൽ ഉള്ളതെല്ലാം കയ്യിലും കഴുത്തിലും ആയി കിടക്കുകയാണ്. അമ്മായിഅമ്മ എല്ലാ ദിവസവും എണ്ണം കൃത്യമായി നോക്കുന്നുണ്ട്. എണ്ണം കുറഞ്ഞാൽ എവിടെപ്പോയി എങ്ങനെ പോയി എന്നൊക്കെ ചോദ്യം വരും. ഉത്തരം പറയേണ്ടിവരും. അപ്പോ അതും നടക്കില്ല. സോനു ആണെങ്കിൽ കാലിൽ നിന്ന് കിട്ടുന്നില്ല വിടുന്നുമില്ല.

സോനു അപേക്ഷ ഒക്കെ നിർത്തി കരച്ചിൽ തുടങ്ങി. കരച്ചിൽ കുറച്ചുനേരം കഴിഞ്ഞപ്പോൾ നിലവിളി ആകാൻ തുടങ്ങി…അവസാനം അനുപമ ഒരു വഴി കണ്ടു. അരഞ്ഞാണം കിടപ്പുണ്ട്. അതാരും തപ്പാൻ വരില്ലല്ലോ…അതു കൊടുക്കാം.

അങ്ങനെ അനുപമ സോനുവിനെ പുറത്തുനിർത്തി അകത്തുപോയി അരഞ്ഞാണം ഊരി കൊണ്ടുവന്നു സോനു കൊടുത്തുവിട്ടു. അരഞ്ഞാണം കിട്ടിയ സന്തോഷത്തിൽ സോനു നേരെ കൊണ്ടുപോയി അരഞ്ഞാണം പണയം വെച്ചു.

കൃത്യം രണ്ട് ദിവസം കഴിഞ്ഞില്ല രാത്രി വൈകി ഉറങ്ങിയ അനുപമ രാവിലെ എണീറ്റത് ഒരു കോളിംഗ് ബെൽ ശബ്ദം കേട്ടാണ്. ഉറക്കച്ചടവിൽ എണീറ്റ് പോയി ഡോർ തുറന്നപ്പോൾ കണ്ണുതള്ളിപ്പോയി. ദേ മുന്നിൽ കെട്ടിയോൻ നിൽക്കുന്നു. ഗൾഫിൽ പോയ നമ്മുടെ അമ്മാവൻ നാരായണൻ. നാരായണന് ഒരു മാസത്തെ ലീവ് ഉണ്ട്. സർപ്രൈസ് കൊടുക്കാൻ പറയാതെ വന്നതാണ്.

സർപ്രൈസ് കിട്ടിയതിന്റെ ഞെട്ടൽ മാറിയപ്പോഴാണ് അനുപമ ആ കാര്യം ഓർത്തത്. ദൈവമേ അരഞ്ഞാണം. അനുപമയുടെ ഉള്ളിൽ വെള്ളിടി വെട്ടി. അനുപമ ഒളിച്ചും പാത്തും ബാത്റൂമിൽ കയറി സോനുവിനെ വിളിച്ചു കാര്യം പറഞ്ഞു. ബൈക്കോടിച്ചു കൊണ്ട് ഫോണിൽ സംസാരിച്ച സോനു ഈ വാർത്ത കേട്ടപ്പോൾ സഡൻ ബ്രേക്ക് ചവിട്ടി ദേ കിടക്കുന്നു സോനുവും ബൈക്കും ചെളിവെള്ളത്തിൽ…

തൂങ്ങി ചാകണോ അതോ വെള്ളത്തിൽ ചാടി ചാകണോ എന്ന് മാത്രം അറിഞ്ഞാൽ മതി. അമ്മാവൻ നാരായണൻ സംഭവം പൊക്കിയാൽ ഇല്ലാത്ത അവിഹിത കഥ വരെ ഉണ്ടാകും. എന്തുചെയ്യണമെന്നറിയാതെ സോനു നടുറോട്ടിൽ തലങ്ങും വിലങ്ങും നടന്നു. ഫോൺ എടുത്ത് ലിസ്റ്റിൽ ഉള്ള സകല മനുഷ്യന്മാരെയും വിളിച്ചു.

സോനുവിന്റെ സ്വഭാവം നന്നായി അറിയുന്ന ആരും തന്നെ അവന് പൈസ കൊടുത്തില്ല ഒരു രക്ഷയും ഇല്ല. ഞാൻ എങ്ങോട്ടെങ്കിലും നാടുവിടുവാ എന്ന് പറഞ്ഞു സോനു അമ്മായിക്കു വാട്സ്ആപ്പ് മെസ്സേജ് അയച്ചു. അതിനു റിപ്ലൈ ആയി ഒരുകുപ്പി വിഷത്തിന്റെ ഫോട്ടോ അനുപമ സോനുവിന് അയച്ചുകൊടുത്തു.

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായി. അപ്പോഴാണ് അവന്റെ മനസ്സിൽ ഒരു ഇടിമിന്നൽ തട്ടിയത്….ചെളി വെള്ളത്തിൽ വീണ അതേ കോലത്തിൽ ബൈക്ക് കൊണ്ട് നേരെ അമ്മാവൻ നാരായണന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു. ഇവനിപ്പോ എന്തിനാ ഇങ്ങോട്ട് കയറി വരുന്നേ എന്നോർത്ത് അനുപമക്കും നെഞ്ചിടിപ്പ് കൂടി.

വീട്ടിലെത്തിയ സോനു അമ്മാവൻ നാരായണന്റെ അടുത്ത് പോയി കുത്തിയിരുന്നു കരച്ചിലാണ്. അമ്മാവൻ കാര്യം ചോദിച്ചപ്പോൾ പൊട്ടിക്കരച്ചിലായി. ഒടുവിൽ അവൻ ആ നഗ്ന സത്യം പറഞ്ഞു പൈസ കൊടുക്കാൻ ഉള്ള ഒരാൾ വധഭീഷണിയും ആയി പുറകെ ഉണ്ട്. ആരാണ് എന്താണ് എന്നൊന്നും പെട്ടെന്ന് പുറത്തു പറയാൻ പറ്റില്ല. ഇതൊരു ബ്ലേഡ് കേസാണ്. ചിലപ്പോൾ കൈവെട്ടും ചിലപ്പോൾ കാൽവെട്ടും…തൽക്കാലത്തേക്ക് ഒന്ന് സഹായിക്കണം എന്ന് പറഞ്ഞ് സോനു അമ്മാവന്റെ കാലിൽ വീണു.

സോനു പറഞ്ഞത്രയും പൈസ കയ്യിൽ ഇല്ലാതെ അമ്മാവൻ വിഷമിച്ചു. അവന്റെ കരച്ചില് കണ്ടിട്ടാണെങ്കിൽ സഹിക്കുന്നില്ല ഒടുവിൽ അമ്മാവൻ നാരായണൻ അമ്മായിയോട് പറഞ്ഞു. ഡീ നിന്റെ രണ്ടു വള കൊടുക്ക്…അവൻ പിന്നെ എടുത്തു തരും. അല്ലെങ്കിൽ ഞാൻ പിന്നെ എടുത്തു തരും. അപ്പോഴാണ് അനുപമയ്ക്ക് കാര്യം കത്തിയത്. അനുപമ ഇത്തിരി നീരസം അഭിനയിച്ചു. അപ്പോൾതന്നെ കയ്യിൽ കിടന്ന രണ്ടു വള ഊരി സോനുനു കൊടുത്തു.

സോനു വള മേടിച്ച് അരഞ്ഞാണം പണയം വെച്ച് കടയിൽ എത്തിയപ്പോൾ കടയിലെ ചേച്ചി കട പൂട്ടി ആള് വീട്ടിൽ പോയി. ചേച്ചിയുടെ വീട് അന്വേഷിച്ചു പിടിച്ചു പുറകെ പോയപ്പോൾ ആള് വീടും പൂട്ടി അമ്മ വീട്ടിൽ പോയി അതാണെങ്കിൽ നാല്പത് കിലോമീറ്റർ അപ്പുറത്താണ്. താക്കോലാണെങ്കിൽ ആ ചേച്ചിയുടെ കയ്യിൽ മാത്രമേ ഉള്ളൂ.

ഒന്നും നോക്കിയില്ല. ബൈക്ക് നൂറിൽ പാഞ്ഞു. കടയിലെ ചേച്ചി ആണെങ്കിൽ കാൽ ഉളുക്കിയ അമ്മയുടെ കാലു തിരുമ്മി കൊടുക്കാൻ അമ്മയുടെ അടുത്ത് പോയതാണ്. അവിടെയെത്തി ഡ്രസ്സ് മാറി കയ്യിൽ കുഴമ്പ് പുരട്ടിയപ്പോഴേക്കും സോനു അവിടെ എത്തി. ചേച്ചീടെ കൈകഴുകിച്ച് ഇട്ട ഡ്രെസ്സാലെ ബൈക്കിൽ കയറ്റിയ സോനു നൂറേ നൂറിൽ കടയിലേക്ക് വിട്ടു.

സോനു വരാൻ താമസിക്കുന്നത് കണ്ടു അനുപമയ്ക്ക് അടിമുടി വിറയ്ക്കാൻ തുടങ്ങി അമ്മാവൻ നാരായണൻ അടുത്തുവരുമ്പോഴൊക്കെ അനുപമ അങ്ങോട്ടുമിങ്ങോട്ടും മെല്ലെമെല്ലെ ഒഴിഞ്ഞുമാറി. അവടെ ഒരു നാണം അമ്മാവൻ നാരായണൻ മനസ്സിൽ ചിന്തിച്ചു.

ഒടുവിൽ സോനു കടയിൽ എത്തി കട തുറപ്പിച്ചു വള കൊടുത്തു അരഞ്ഞാണം തിരിച്ചു മേടിച്ചു. ചേച്ചിയെ തിരിച്ചു കൊണ്ടുവിടാൻ സമയം ഇല്ലാത്തതുകൊണ്ട് ചേച്ചിയെ ടാസ്‌കി വിളിച്ച് അതിൽ കയറ്റി വിട്ടു. അരഞ്ഞാണം കൊണ്ട് നേരെ വിട്ടത് അമ്മാവൻ നാരായണന്റെ വീട്ടിലേക്കാണ്.

ബൈക്ക് റോഡിൽ വച്ച് പമ്മി പതുങ്ങി വീടിന്റെ പുറകിലെത്തി. പുറകിൽ ഉണ്ടെന്ന് പറഞ്ഞ് അമ്മായിക്ക് മെസ്സേജ് അയച്ചു. പതുങ്ങി അമ്മായിയും പുറകിൽ എത്തി
അരഞ്ഞാണം അമ്മായിയുടെ കയ്യിൽ കൊടുത്തതും അടുത്ത നിമിഷം അമ്മാവനും പുറകിൽ എത്തി.

രണ്ടുപേരുടെയും നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. പക്ഷേ പുറകിൽ എത്തിയ അമ്മാവൻ നാരായണൻ നിലത്ത് കുത്തി ഇരുന്നു മൂത്രം ഒഴിച്ചു. ദുബായിൽ പുറത്തു മൂത്രം ഒഴിക്കാൻ പറ്റില്ലല്ലോ ആ വിഷമം തീർക്കാൻ പുള്ളിക്കാരൻ നാട്ടിൽ വന്നാൽ പുറത്തു മാത്രമേ മൂത്രമൊഴിക്കു…

അമ്മാവൻ നിലത്തു കുത്തിയിരുന്ന സമയംകൊണ്ട് സോനു വീടിനകത്തു കയറി മുന്നിലൂടെ പുറത്തുചാടി. അരഞ്ഞാണം കിട്ടിയ അമ്മായി റൂമിനകത്ത് കയറി റൂം അടച്ചു കുറ്റിയിട്ട് അരഞ്ഞാണം കെട്ടി, ബൈക്കിന്റെ അടുത്തെത്തിയ സോനു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഒന്നും അറിയാത്ത പോലെ മെല്ലെ പോയി.

വലിയൊരു മഴ പെയ്തു തോർന്ന സമാധാനത്തിൽ അമ്മായി കട്ടിലിൽ ആശ്വാസത്തോടെ കിടന്നു….