സ്നേഹിത – രചന: NKR മട്ടന്നൂർ
സ്നേഹയുടെ കൈകള്‍ മതിലിനപ്പുറത്തു നിന്നും നീണ്ടു വരുന്നതും കാത്തുള്ള അച്ചൂട്ടന്‍റെ ആ ഇരിപ്പു കണ്ടപ്പോള്‍ നെഞ്ചകം നീറി. അവന് വിശക്കാന്‍ തുടങ്ങിയിട്ടുണ്ടാവും…പാവം…
ദേവി അരികില്‍ വന്നു ദയനീയതയോടെ എന്‍റെ മുഖത്തേക്ക് നോക്കി. ഏട്ടാ…ഇങ്ങനേ എത്ര നാള്‍ അവളുടെ കാരുണ്യവും കാത്ത് കഴിയും…? അതുപോലുള്ള ഒരായിരം ചോദ്യങ്ങള്‍ എന്‍റെ ഉള്ളിലുമുണ്ട്. പക്ഷേ ഒന്നിനും ഉത്തരമില്ലാന്നു മാത്രം.
അല്ലെങ്കില്‍ ഈ ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന്‍റെ തലേന്നാള്‍ ബസ്സില്‍ നിന്നും വഴുതി വീണ് എന്‍റെ വലതു കാല്‍ ഒടിയിടുകയും ഒരു സര്‍ജ്ജറി കഴിഞ്ഞ് കിടക്കപ്പായില്‍ രണ്ടുമാസത്തെ വിശ്രമത്തിലാവുകയും ചെയ്യുമായിരുന്നില്ലല്ലോ…
അത്രയും നാള്‍ കഴിയാനുള്ളതൊന്നും സമ്പാദ്യമായ് ഇല്ലാത്തതിനാല്‍ പല ദിവസങ്ങളിലും പട്ടിണി ആവേണ്ട അവസ്ഥയില്‍ ആയിരുന്നു. പലപ്പോഴും മൂന്നു വയറു നിറയണത് സ്നേഹയുടേ കാരുണ്യം കൊണ്ടാണ്…..അവളുടെ നല്ല മനസ്സിനോടെത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
സര്‍ക്കാര്‍ നല്‍കിയ ഒരു കിറ്റും, കൂടാതെ ഒരു രാഷ്ടീയ പാര്‍ട്ടി നല്‍കിയൊരു കിറ്റും…പിന്നെ റേഷനരി ആറുകിലോ ഒരുമാസം കിട്ടി…പിന്നെ സ്പെഷല്‍ അരി വാങ്ങിക്കാന കാശില്ലാത്തതിനാല്‍ അങ്ങോട്ട് പിന്നേ പോയില്ല…
നൂറ്റമ്പതു രൂപയ്ക്ക് പത്തു കിലോ അരി കൊടുക്കുന്നത്… “ദേവി നീ വാങ്ങിക്കാന്‍ പോണില്ലേന്ന്…” അടുത്ത വീട്ടിലെ രാധേച്ചി രണ്ടു തവണ ദേവിയോട് ചോദിക്കണത് കേട്ടു…നൂറ്റമ്പതു രൂപ പോയിട്ട് ഒരു പതിനഞ്ചു രൂപ പോലും ഇവിടേയില്ല എന്നത് എനിക്കും ദേവിക്കും മാത്രമറിയുന്ന സത്യം…
അച്ചൂട്ടന്‍റെ വല്യ മോഹമായിരുന്നു ഒരു ടി.വി. നമുക്കും വേണമെന്നത്. അതിനായ് സ്വരുക്കൂട്ടി വെച്ച പതിനായിരം രൂപയുടെ കൂടേ ദേവിയുടെ കയ്യിലുള്ളതും എല്ലാമെല്ലാം ചേര്‍ത്താണ് ഹോസ്പിറ്റലില്‍ ഓപ്പറേഷനുള്ള പണം കെട്ടി വെച്ചത്…പിന്നേയും മൂന്നു ദിവസം കിടന്നു അതേ ഹോസ്പിറ്റലില്‍…വേറൊരു വഴിയുമില്ലാതായപ്പോള്‍ ഈ വീട്ടിലെ ആകേയുള്ള പൊന്‍തരി ദേവിയുടെ കഴുത്തില്‍ കിടക്കുന്നൊരു മുക്കാല്‍ പവന്‍റെ ഒരു നേരിയ മാലയായിരുന്നു…അങ്ങനേയാ ഡിസ്ചാര്‍ജ്ജ് ചെയ്തു വീട്ടിലെത്തിയത്…
കരയാതെ ഉള്ള സന്തോഷം എനിക്കുവേണ്ടി മുഖത്ത് ചേര്‍ത്തു വെച്ച് ചിരിക്കുന്ന, ആശ്വസിപ്പിക്കുന്ന ദേവിയേ കാണുമ്പോള്‍ ഒന്നിനും തോന്നണില്ലാ…അച്ചൂട്ടനും വല്ല്യ സങ്കടാ…ഒരുകൂട് ബിസ്ക്കറ്റോ മധുരമുള്ള പലഹാരമോ അവന്‍ തിന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞു.
ഏത് പണിയും ചെയ്യാനുള്ള മനസ്സുള്ളതുകൊണ്ട് എന്നും രാവിലെ വീട്ടീന്നിറങ്ങും. ഒരു ദിവസം പോലും ലീവാക്കാതേ നല്ലതു പോലെ കഷ്ടപ്പെട്ടതു കൊണ്ടാണല്ലോ അഞ്ചുവര്‍ഷം കൊണ്ട് ഒരു സാമാന്യം നല്ല വീടു വച്ചത്. രണ്ടു കിടപ്പു മുറിയുള്ള, എന്‍റെ സ്വപ്നക്കൂട്. നിലത്തിന്‍റെ പണി മാത്രം ബാക്കിയാ…തത്ക്കാലത്തേക്ക് നല്ല വൃത്തിയായ് സിമന്‍റ് ചെയ്തു മിനുക്കിയതുമാ…
ഇനി അച്ചൂട്ടന്‍ വളര്‍ന്നാല്‍ ചെയ്യട്ടെ നിലത്തിന്‍റെ പണി…കുറച്ചു ബാങ്ക് ലോണുണ്ട്…അതെല്ലാം മുറപോലെ അടച്ചു പോവുന്നുമുണ്ടായിരുന്നു…മൂന്നുപേരും നല്ല പോലെ ഉള്ളതുകൊണ്ട് തൃപ്തരായ് കഴിയുമ്പോഴാണ് ഈ അപകടം നടക്കുന്നതും കൂടെ ലോക്ക്ഡൗണ്‍ കടന്നു വന്നതും…
ദേവി പകല്‍ നേരങ്ങളില്‍ മോനെ അങ്കണവാടിയിലാക്കി അടുത്തുള്ള ഡോക്ടറുടെ വീട്ടില്‍ പുറംപണിക്ക് പോവാറുണ്ടായിരുന്നതുമാ…ആ ഡോക്ടറുടെ കുടുംബം അടച്ചിടലിനു മുന്നേ ചെന്നേയില്‍ പോയിടത്ത് കുടുങ്ങിക്കിടക്കുവാണ്. എല്ലാം കൊണ്ടും നമുക്ക് നല്ല സമയമാണിത്…ഏറ്റവും നല്ല സമയം…
ഏട്ടാ…എന്തിനാ കണ്ണുകള്‍ നിറഞ്ഞത്. അവളടുത്തു വന്നെന്‍റെ മിഴികള്‍ സാരിത്തലപ്പാല്‍ ഒപ്പി. സാരോല്ല്യാ ഏട്ടാ…ഇതൊക്കെ എന്നെങ്കിലും മാറില്ലേ…?
അതെ മാറും എന്ന പ്രതീക്ഷയോടെ തന്നേയാ പിടിച്ചു നില്‍ക്കണതും…വീടൊക്കെ പണിതതു കൊണ്ട് പലര്‍ക്കും നമ്മളോട് ഒരു വല്ലാത്ത ഭാവമാ…ആരോ രണ്ടുപേര്‍ എന്നോ ഒരു ദിവസം കേറി വന്നിട്ട് ഇവിടെ പ്രശ്നങ്ങളും പ്രയാസങ്ങളുമൊന്നുമില്ലാല്ലോന്ന് ചോദിച്ചു…അത്ര തന്നെ…ഈ ലോക്ക്ഡൗണ്‍ നമ്മുടേയെല്ലാം ജീവിതത്തിലെ ആദ്യത്തെ സംഭവമല്ലേ…?
തുടരെ, തുടരേ നാലാമത്തെ അടച്ചിടല്‍…ഹോട്ട്സ്പോട്ട് മേഖലയില്‍ പെട്ടു പോയതിനാല്‍ വീട്ടിനകത്ത് ശ്വാസം മുട്ടലോടെ കഴിയുമ്പോള്‍ ജീവിതത്തില്‍ ആദ്യമായ് നിരാശ തോന്നിത്തുടങ്ങി…ഒന്നും രണ്ടും മൂന്നും നാലും ഘട്ടങ്ങളിലായ് രണ്ടുമാസക്കാലം വീട്ടിനകത്തടച്ചിരിക്കാന്‍ പറഞ്ഞവര്‍ക്ക് പലപ്പോഴും അറിയില്ലല്ലോ നമ്മളേപോലുള്ളവരുടെ വിഷമങ്ങള്‍…
സ്നേഹയുടെ ഭക്ഷണപ്പൊതിയുമായ് അച്ചൂട്ടന്‍ അടുക്കളയിലേക്ക് പോവണതു കണ്ടു…ആ കുഞ്ഞുമുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നേയാ…കുറച്ചു കഴിഞ്ഞപ്പോഴാ സ്നേഹ അകത്തേക്ക് കയറി വന്നതും…ഹരിയേട്ടാ എന്താ മുഖം വല്ലാതിരിക്കുന്നേ…?
ഏയ് ..ഒന്നൂല്ല്യാ…അല്ലാ ഹരിയേട്ടാ കാലിലെ പ്ളാസ്ററർ എന്നായിരുന്നു വെട്ടേണ്ടത്…?
അത്…അത് ഇന്നലേ പോവേണ്ടതായിരുന്നു…
എന്നിട്ട്…?
കുറച്ചു ദിവസം കൂടേ കഴിയട്ടെ ഏതായാലും മെയ് 31 വരേയില്ലേ അടച്ചിടല്‍…അതു കഴിയാതെ പുറത്തിറങ്ങാന്‍ സമ്മതിക്കത്തില്ലല്ലോ പൊലീസ്…
ആരാ പറഞ്ഞേ…ഈ ഹരിയേട്ടനോട് ഇപ്പോഴും അങ്ങനാണെന്ന്…? അവള്‍ അടുക്കളയിലേക്ക് പോയി. കുറച്ചു നേരം അവരുടെ സംസാരവും തുടര്‍ന്ന് ദേവിയുടെ കരച്ചിലും കേട്ടു…ഒന്നും കേള്‍ക്കാന്‍ വയ്യാത്തതിനാല്‍ കണ്ണടച്ചു കിടന്നു…
നെറ്റിയില്‍ പതിയേ ഒരു തലോടലേറ്റ് കണ്ണുകള്‍ തുറന്നു…സ്നേഹയാ…ഹരിയേട്ടാ നാളേ പോവാം നമുക്ക് പ്ലാസ്ററര്‍ വെട്ടാന്‍…എന്തേ…? ഒന്നും മിണ്ടാതെ സങ്കടത്തോടെ ആ മുഖത്ത് തന്നെ നോക്കി വെറുതേ…ഞാന്‍ അന്യയാണോ ഹരിയേട്ടാ…? എല്ലാം ചേച്ചി പറഞ്ഞൂട്ടോ…ഞാന്‍ ഒത്തിരി നിര്‍ബന്ധിച്ചപ്പോള്‍…എല്ലാവര്‍ക്കും എപ്പോഴും നല്ല കാലമായിരിക്കുമോ ഹരിയേട്ടാ…?
ഇപ്പോള്‍ ലോകത്താകെ മോശം സമയമല്ലേ. അത് ഇവിടത്തെ സകല ചരാചരങ്ങളേയും ബാധിച്ചെന്നു മാത്രം…ഹരിയേട്ടാ നിങ്ങളേ പോലെ വീടിനും സ്വന്തം കുടുംബത്തിനും വേണ്ടി കഷ്ടപ്പട്ടൊരാള്‍ വേറേയുണ്ടാവില്ല. എപ്പോഴും ദൈവം നിങ്ങളോടൊപ്പം ഉണ്ടായിരുന്നു ഹരിയേട്ടാ…ഇപ്പോള്‍ ദൈവങ്ങള്‍ക്ക് പോലും മോശം സമയമല്ലേ ഹരിയേട്ടാ…
എന്നെങ്കിലും എനിക്കൊരു കല്ല്യാണം ഒത്തു വരികയാണേല്‍ അതിനു വേണ്ടി ഞാനായിട്ട് സ്വരുക്കൂട്ടി വെച്ച കുറച്ചു പണമുണ്ട് ഇപ്പോഴും എന്‍റെ കയ്യില്‍…അല്ലെങ്കില്‍ തന്നെ ഈ ജാതകദോഷക്കാരിയേ ആരു വന്നു കൊണ്ടു പോവാനാ അല്ലേ ഹരിയേട്ടാ….?
മോളേ….നീ ഇങ്ങനൊന്നും പറയല്ലേ…അന്നു ഞാന്‍….
ഹരിയേട്ടാ വേണ്ടാ…അവളെന്‍റെ വാ പൊത്തി. കഴിഞ്ഞു പോയതെല്ലാം പോയ്ക്കഴിഞ്ഞല്ലോ. ഇനി അതൊന്നും ഒരിക്കലും തിരികേ വരില്ലാ. ആരു മോഹിച്ചാലും തിരിച്ചു കിട്ടുകയുമില്ലാ…പിന്നെന്തിനാ നമ്മള്‍ അതിന് പിറകേ പോവണത്…? അവിടെ തനിച്ചു വെച്ചുണ്ടാക്കി കഴിക്കാന്‍ തോന്നാത്തതു കൊണ്ടാ നാലുപേര്‍ക്കുള്ളത് ഉണ്ടാക്കണത്. അച്ചൂട്ടന്‍റെ കയ്യില്‍ പാത്രത്തില്‍ ഭക്ഷണം കൊടുക്കുമ്പോഴുള്ള അവന്‍റെ സന്തോഷം കാണുമ്പോള്‍ സ്നേഹം കാണുമ്പോള്‍ ജീവിക്കാന്‍ വല്ലാത്ത കൊതി തോന്നുവാ ഹരിയേട്ടാ…അല്ലെങ്കില്‍ തനിച്ചു ജീവിച്ച് എപ്പോഴേ മടുത്തതാ ഈ സ്നേഹയ്ക്കും. ഇവിടെ വരുമ്പോള്‍, നിങ്ങളുടേയെല്ലാം സ്നേഹം കാണുമ്പോഴാ, ഞാനും ഒരു മനുഷ്യ ജീവിയാണെന്നു പോലും ഓര്‍ക്കണത്….
എല്ലാം കേട്ടുകൊണ്ട് കണ്ണടച്ചു കിടന്നു. കവിളിലൂടെ….രണ്ടു ചാലുകള്‍ തീര്‍ത്ത് കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു അപ്പോഴും….
ഇവള്‍ ഒരുനാള്‍ എന്‍റേയും പ്രാണനായിരുന്നു. പരസ്പരം അടുത്തറിഞ്ഞ് ഒന്നിച്ച് ജീവിക്കുവാന്‍ കൊതിച്ച് ഒത്തിരി സ്നേഹിച്ച രണ്ടു മനസ്സുകളായിരുന്നു നമ്മള്‍…വിവാഹത്തിന് മുന്നേ സ്നേഹയുടെ ജാതകം നോക്കണമെന്ന് പറഞ്ഞത് എന്‍റെ അമ്മയായിരുന്നു…അന്ന് തുടങ്ങിയതാ സ്നേഹയുടെ കഷ്ടകാലം…പെണ്ണിന് ജാതകദോഷമുണ്ടെന്നും ഭര്‍ത്താവിന് അകാലമൃത്യു കാണുന്നുണ്ടെന്നും പറഞ്ഞ് ജോത്സ്യന്‍ തിരിച്ചയച്ച അമ്മ കേറി വന്നപ്പോള്‍ തന്നെ ബഹളം തുടങ്ങി…
ആ പ്രാക്കലും കണ്ണീരും കണ്ടപ്പോള്‍ സ്നേഹ തന്നേയാ പറഞ്ഞത് ഹരിയേട്ടന്‍ എന്നെ മറന്നോളൂന്ന്..ഞാന്‍ പക്ഷേ അതിനൊരുക്കമല്ലായിരുന്നു…ഒരുനാള്‍ അമ്മ കിടന്നു പോയപ്പോള്‍ വേറെ നിര്‍വ്വഹമില്ലാതായി. അമ്മയ്ക്ക് മരുന്നു വാങ്ങണേല്‍ പണിക്ക് പോവാതെ വയ്യ.
അമ്മയേ പരിചരിക്കുവാനാണേല്‍ വീട്ടില്‍ മറ്റാരുമില്ലാ. അങ്ങനേയാ ബ്രോക്കര്‍ രാമേട്ടന്‍ ദേവിയുടെ ആലോചനയുമായ് വന്നത്. ഒരു പാവം പെണ്ണ്…സ്നേഹിക്കാന്‍ മാത്രമറിയുന്നൊരു മനുഷ്യജീവി…പിന്നേ വേറൊന്നും ഓര്‍ത്തില്ല. അധികം കിടന്നു നരകിക്കാതെ അമ്മ പോയി. താമസിക്കുന്ന വീട് പിന്നത്തെ മഴക്കാലത്ത് നിലംപൊത്തി. ഒരു ചെറിയ ഷെഡ്ഡുണ്ടാക്കി അതില്‍ താമസിച്ചാ ഒരു വാശി പോലെ ഈ വീടുണ്ടാക്കിയത്.
സ്നേഹയ്ക്ക് ഒരു റെഡീമെയ്ഡ് ഷോപ്പില്‍ ജോലിയും കിട്ടി. വിവാഹം വേണ്ടെന്നും പറഞ്ഞവള്‍ അവിടേ രണ്ടു വര്‍ഷത്തോളം താമസിച്ചാ ജോലി ചെയ്തത്…തികച്ചും ഒരു ഏകാന്തവാസം…ഏകമകളുടെ ജീവിതത്തേ ഓര്‍ത്ത് നിരാശരായ അവളുടെ അച്ഛനുമമ്മയും ഒരുനാള്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു. അതൊടെ അനാഥയായ സ്നേഹ മനസ്സിലെന്നുമൊരു വിങ്ങലാണ്…
വല്ലപ്പോഴും വീട്ടില്‍ വന്നു നില്‍ക്കും ഒന്നോ രണ്ടോ ദിവസം മാത്രം. ദേവിയോടും അവളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. ദേവി അവളേയൊരു അനിയത്തിയേപോലേയാ കാണണത്. അതാണ് ആകേയുള്ള സമാധാനം.
ഹരിയേട്ടാ, വീണ്ടും ആ പഴയ കലത്തേ ഓര്‍ക്കുകയാണ് അല്ലേ…? ഒരു വരണ്ട ചിരി കണ്ടു ആ മുഖത്ത്. ഹരിയേട്ടാ…അപ്പോള്‍ നാളേ പോവുകയല്ലേ..? ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. അവള്‍ തന്നേയാ ഓരു ടാക്സി ഏര്‍പ്പാട് ചെയ്തതും. അച്ചൂട്ടനെ ഞാന്‍ നോക്കികൊള്ളാം. നിങ്ങള്‍ പോയി വാന്നും പറഞ്ഞവള്‍ ഉമ്മറത്തിരുന്നു.
ദേവിയുടെ കയ്യില്‍ കുറേ പണം ചുരുട്ടി കൊടുക്കണതും കണ്ടിരുന്നു. രണ്ടു പേര്‍ക്കും മാസ്ക് കൊണ്ടുത്തന്നത് സ്നേഹയായിരുന്നു. അത് മുഖത്ത് കെട്ടി അവളും ഡ്രൈവറും പിടിച്ച് കാറിലെ പിന്‍സീറ്റിലിരുത്തി. എല്ലാം കഴിഞ്ഞു വരുമ്പോള്‍ വൈകിട്ട് മൂന്നു മണി കഴിഞ്ഞിരുന്നു. ഒരു ചായയും പഴംപൊരിച്ചതും കഴിച്ചാ ഇത്രേം നേരം കഴിച്ചു കൂട്ടിയത്. ദേവി അതും കഴിച്ചിട്ടുണ്ടാവില്ല.
വന്നപാടെ കുളിക്കാന്‍ പറഞ്ഞു സ്നേഹ…മെല്ലെ ദേവിയുടേയും സ്നേഹയുടേയും തോളില്‍ ചാരി കുളിമുറിയിലെത്തിച്ചു. ഒരു സ്ററുളില്‍ ഇരുത്തിത്തന്നാല്‍ മതിയെന്നു പറഞ്ഞു. കുളി കഴിഞ്ഞ് വന്നു സ്നേഹ വിളമ്പിയ കഞ്ഞിയും കുടിച്ചു ഉമ്മറത്ത് പോയിരുന്നു.
ദേവിയും സ്നേഹയും അടുക്കളേല്‍ നിന്നും സംസാരിക്കണത് കേള്‍ക്കാം. എല്ലാം ചോദിച്ചറിയുകയാണവള്‍. അച്ചൂട്ടന്‍ ഉച്ചയൂണും കഴിഞ്ഞുറക്കമാണ്. ഓരോ ഓര്‍മ്മകളുമായ് അങ്ങനേ കിടക്കവേ ഒന്നു മയങ്ങി.
ഹരിയേട്ടാ ദേ ചായ…സ്നേഹയാ…മുഖം കഴുകാനൊരു കപ്പില്‍ വെള്ളവും തന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ സ്നേഹ പല തവണയായ് എന്‍റേ നേര്‍ക്ക് നോക്കണത് കണ്ടു. അവള്‍ക്കെന്തോ പറയാനുള്ളതു പോലെ…
എന്താ സ്നേഹയ്ക്കൊരു വല്ലായ്മ പോലെ…എന്നോടെന്തേലും പറയാനെന്തിനാ മടിക്കണത്…?
ഹരിയേട്ടാ…എനിക്ക് അവിടത്തെ ജോലി മടുത്തു…രാത്രി പലപ്പോഴും ഉറക്കം മടിച്ചു നില്‍ക്കുമ്പോള്‍ വല്ലാത്തൊരു വേദനയാ. അനാഥത്വം…അതൊരു വല്ലാത്ത നോവാണ് ഹരിയേട്ടാ…എവിടേലും വീണു പോയാല്‍ ഒരാനഥയായ് മരിച്ചുപോവേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍…എനിക്കിവിടെ ടൗണില്‍ അതുപോലൊരു ജോലി ശരിയായിട്ടുണ്ട്. എന്‍റേ വീട്ടിലും തനിച്ചു കിടക്കാന്‍ വയ്യ ഹരിയേട്ടാ….പേടിയല്ല, ഒരുതരം ഒറ്റപ്പെടല്‍. സത്യത്തില്‍ അതൊരു വല്ലാത്ത നീറ്റലാണ്. ചേച്ചി പറയുവാ നീയെന്തിനാ തനിച്ചവിടേ കഴിയണതെന്ന്…ഇവിടെ താമസിച്ചു കൂടേന്നും ചോദിച്ചു. രാത്രി മാത്രം മതിയായിരുന്നു. പകല്‍ മുഴുവന്‍ ഞാനെന്‍റെ വീട്ടില്‍ത്തന്നെ കഴിഞ്ഞോളാം…ഹരിയേട്ടന് ഇഷ്ടാവുമോ അത്…? അതോര്‍ത്തുള്ള വിഷമമായിരുന്നു ഇതുവരേം…
സ്നേഹേ…അതിനെന്തിനാ മടിക്കുന്നത്. ഇവിടേക്ക് പോന്നോളൂ….ചേച്ചി സമ്മതിച്ചാല്‍ വേറാരുടേം സമ്മതം വേണ്ടാല്ലോ അതിന്ന്….മോളു പോന്നോളൂ…എപ്പോള്‍ വേണേലും…
താങ്ക്സ് ഹരിയേട്ടാ, എനിക്ക്…എനിക്കാരുമില്ലാന്ന തോന്നല്‍ സഹിക്കാന്‍ വയ്യാഞ്ഞിട്ടാ…മുഖം പൊത്തിക്കരയുന്ന ആ പെണ്ണിനോട് വല്ലാത്തൊരു വാത്സല്യം തോന്നി….
പാവം…നീയുമെനിക്കൊരു മോളാണിന്നു മുതല്‍…മനസ്സു പറഞ്ഞു….