മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയ ഭാര്യയെ മൂന്നാം ദിവസം തിരികെ കൊണ്ട് വരുമ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും…

രചന: മഹാ ദേവൻ

മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയ ഭാര്യയെ മൂന്നാം ദിവസം തിരികെ കൊണ്ട് വരുമ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്തു നിറഞ്ഞ് നിന്നതത്രയും പുച്ഛഭാവം ആയിരുന്നു. അവരുടെയൊക്കെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു “ഇവനിത് എന്ത് ഭാവിച്ചാണ്” എന്നൊരു ചോദ്യം.

പക്ഷേ, ആരുടേയും നോട്ടത്തിനു മുഖം കൊടുക്കാതെ അവളെയും കൂട്ടി അകത്തേക്ക് കയറുമ്പോൾ അവളുടെ മുഖം മാത്രം താണിരുന്നു. “നീയിത് എന്ത് ഭാവിച്ചാണ് ഹരി ഇവളെ പിന്നെയും കൂട്ടികൊണ്ട് വന്നത്. നിന്നെയും കുഞ്ഞിനേയും വേണ്ടെന്ന്വെച്ച് മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയവളെ പിന്നെയും തിരികെ വിളിച്ചുകൊണ്ടുവരാൻ നിനക്ക് നാണമില്ലേ. അവൾ അങ്ങനെ പോയപ്പോൾ തന്നെ നാണക്കേട് ആയി. അതിനേക്കാൾ നാണക്കേടായി അവളെ വീണ്ടും വിളിച്ചുകൊണ്ടു വന്നപ്പോൾ.” എന്ന് അമ്മയുടെ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ തല താഴ്ത്തി ഇരിക്കുമ്പോൾ അയലത്തുള്ളവരെല്ലാം എത്തിനോക്കുന്നുണ്ടായിരുന്നു ആ വീട്ടിലേക്ക്.

ഹരി രാഖിയെയും കൂട്ടി ഓട്ടോയിൽ വന്ന് ഇറങ്ങിയ നിമിഷം മുതൽ ആ വീടിനു ചുറ്റും ആളുകൾ ഉണ്ടായിരുന്നു. ഒളിച്ചോട്ടം തന്നെ ചൂടുള്ള ചർച്ചയായി നിൽക്കുമ്പോൾ അതിനേക്കാൾ ചൂടുള്ള ചർച്ചക്ക് ഒരു തിരിച്ചുവരവ് കൂടി ആയപ്പോൾ പലർക്കും അതൊരു സന്തോഷമായിരുന്നു.

“കണ്ടില്ലേ ഹരി നീ…വീടിനു ചുറ്റും ആൾക്കാർ ആണ്. ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചു പോയവളെ തിരികെ കൊണ്ടുവന്ന സ്നേഹസമ്പന്നനായ ഭർത്താവായിട്ട് അല്ല അവരൊന്നും ഇപ്പോൾ നിന്നെ കാണുന്നുണ്ടാകുക. പെണ്ണിന്റെ തൊലിവെളുപ്പിനു മുന്നിൽ സ്വയം ആത്മാഭിമാനം അടിയറവ് വെച്ച വെറും കോന്തൻ ആയിട്ടായിരിക്കും. ഇത്രേം നാണം കെട്ടൊരു ഏർപ്പാട് എല്ലാവരും ആദ്യമായിട്ട് കാണുകയാണല്ലോ…” അമ്മ പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറുന്നുണ്ടെങ്കിലും പണിപ്പെട്ടാണ് അവനത് നിയന്ത്രിച്ചത്.

അതുപോലെ തന്നെ വളരെ സംയമനത്തോടെ ആയിരുന്നു അവൻ സംസാരിച്ചതും, “അമ്മേ, നാട്ടുകാർക്കും വീട്ടുകാർക്കും പറയാൻ പലതുമുണ്ടാകും. പ്രത്യേകിച്ച് കുറ്റം. അതിന് ചെവി കൊടുക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽക്കാനുമൊന്നും എനിക്കിപ്പോ സമയമില്ല. നോക്കുന്നവർ നോക്കട്ടെ, പറയുന്നവർ പറയട്ടെ…കണ്ണും വായും കഴയ്ക്കുമ്പോൾ അവരത് നിർത്തിക്കോളും. എന്റെ തീരുമാനത്തിൽ ഞാൻ എന്റേതായ ഒരു ശരി കണ്ടിട്ടുണ്ട്. അത് എനിക്കെന്റെ മനസിനെ മാത്രം ബോധിപ്പിച്ചാൽ മതി….”

അത്രയും പറഞ്ഞവൻ എഴുനേറ്റ് അകത്തേക്കു പോകുമ്പോൾ അവനോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ആ അമ്മ.

ഹരി റൂമിലെത്തുമ്പോൾ കരഞ്ഞുകൊണ്ട് ബെഡിൽ തലതാഴ്ത്തി ഇരിക്കുകയായിരുന്നു രാഖി. അവന്റെ കാലനക്കം കേട്ട മാത്രയിൽ ഞെട്ടലോടെ തല ഉയർത്തുമ്പോൾ അരികിലേക്ക് വരുന്ന അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് കഴിയുന്നില്ലായിരുന്നു.

എന്നോട് ക്ഷമിക്കണം ഹരിയേട്ടാ…എനിക്കൊരു തെറ്റ് പറ്റിപ്പോയി. ഒരിക്കലും പൊറുക്കാൻ കഴിയില്ലെന്ന് അറിയാം. അവൾ കരഞ്ഞുകൊണ്ട് അവന്റെ കാൽക്കൽ ഇരിക്കുമ്പോൾ അവൻ പതിയെ അവളെ എഴുന്നേൽപ്പിച്ചു. പിന്നെ അവളിൽ നിന്ന് പിടിവിട്ട് മാറിനിന്നു.

നീ എന്തിനാണ് രാഖി എന്നോട് ക്ഷമ പറഞ്ഞ് കാൽക്കൽ വീഴുന്നത്. നിനക്ക് ശരി എന്ന് തോന്നുന്ന ഒരു കാര്യം നീ ചെയ്തു. അതിൽ ഒരിക്കലും എന്നോട് ക്ഷമ പറയേണ്ട കാര്യം ഇല്ല. എന്നെ നീ ഓർക്കേണ്ട…പക്ഷേ, നമ്മുടെ മോളെ നിനക്ക് ഓർക്കാമായിരുന്നു. അവൾ നിന്നോട് എന്ത് തെറ്റ് ചെയ്തു. നിന്റെ വയറ്റിൽ പിറന്നുപോയതാണോ അവൾ ചെയ്ത തെറ്റ്…? അതോ….

അവനാ വാക്കുകൾ മുഴുവനാകും മുൻപ് അവൾ ഒരിക്കൽ കൂടി അവന്റെ കാൽക്കലേക്ക് ഇരുന്ന് കെട്ടിപിടിച്ചു. ഹരിയേട്ടാ…ഒരിക്കലും അങ്ങനെ പറയല്ലേ…മോളെ ഉപേക്ഷിച്ചു പോകാൻ മനസ്സ് ഉണ്ടായിട്ടല്ല. പക്ഷേ…

ഒരു ന്യായീകരണം ആണ് ഉദ്ദേശമെങ്കിൽ വേണ്ട. ഇപ്പഴും മറ്റുള്ളർക്ക് മുന്നിൽ തല ഉയർത്താൻ കഴിയാതെ നിൽക്കുമ്പോഴും നിന്നെ ഇവിടെ കൂട്ടികൊണ്ട് വന്നത് ആ മോളെ ഓർത്തിട്ടാ…പെറ്റ വയറിന് വേദന ഇല്ലെങ്കിലും അമ്മയെ ഒരു നിമിഷം കാണാതായപ്പോൾ ഒരു മകളുടെ വിഷമം എത്രത്തോളമുണ്ടെന്ന് മനസ്സിലായത് എനിക്ക് മാത്രമാണ്. ഒരു കുഞ്ഞിനോട് പറയാൻ കഴിയുന്നതാണോ അമ്മ കണ്ടവന്റെ കൂടെ പോയെന്ന്. അവൾക്കിപ്പോൾ അതെന്താണെന്ന് അറിയാനുള്ള പ്രായം പോലുമായിട്ടില്ല. പക്ഷേ, ഒരിക്കൽ അത് അറിയുന്ന കാലം വരും. പക്ഷേ അപ്പോഴും ഒരു ചോദ്യചിഹ്നമായി ഞാൻ ഉണ്ടാകും.

അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ നനവ് പടർന്നിരുന്നുവെങ്കിലും അവൾക് മുന്നിൽ അത് കാണിക്കാതിരിക്കാൻ ശ്രമിച്ചുക്കണ്ടിരുന്നു ഹരി. അതെ അവസ്ഥയിൽ തന്നേ ആയിരുന്നു രാഖിയും. കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു, പൊറുക്കാൻ കഴിയാത്ത തെറ്റാണ് ചെയ്തത്, മോളെ പോലും മറന്ന്…

.നിന്നെ കൂട്ടി ഈ പടി വീണ്ടും കയറിയ നിമിഷം മുതൽ ഞാൻ വെറും ഒരു കോന്തനാണ്. പെണ്ണിന്റ തൊലിവെളുപ്പിൽ ഭ്രമിച്ചുനിൽക്കുന്ന വെറും ഊളയാണ്. എനിക്ക് ചാർത്തിക്കിട്ടിയ പുതിയ പട്ടങ്ങൾ. പക്ഷേ, നീയൊക്കെ ഇന്നത്തെ കാലത്ത് ഒരു തിരിച്ചറിവാണ്. കുറച്ചു കാലം മുൻപ് ആളുകൾ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. കെട്ടുന്നതിനു മുന്നേ എന്ത് നടന്നു എന്ന് നോക്കണ്ട. കെട്ടി കഴിഞ്ഞ് ശേഷം പുറത്ത് പോകാതെ നോക്കണമെന്ന്. ഇപ്പോൾ കെട്ടിക്കഴിഞ്ഞാലും പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണ്.

ഫേസ്ബുക്കിൽ ഒരു ഹായ് പറഞ്ഞാൽ 4 കൊല്ലമായി കൂടെ കഴിയുന്ന ഭർത്താവിന്റെ സ്നേഹത്തേക്കാൾ കൂടുതൽ പ്രതീക്ഷിച്ചു 4 ദിവസം മാത്രം പരിചയമുള്ളവന്റെ കൂടെ പോകുന്ന പെണ്ണുങ്ങളുള്ള നാടാണ് ഇത്…ഈ പറഞ്ഞ കാര്യത്തിൽ ആണുങ്ങളും മോശക്കാരല്ല. പക്ഷേ, ഇതുപോലെ ഒരുപാട് പെണ്ണുങ്ങളെ കുറിച്ച് കേൾക്കുമ്പോഴും കരുതിയിരുന്നത് ഞാനൊക്കെ എത്ര വലിയ ഭാഗ്യവാൻ ആണെന്നായിരുന്നു. പക്ഷേ, സ്വന്തം വീട്ടിൽ അങ്ങനെ ഒന്ന് നടക്കുമ്പോൾ ആണ് അതിന്റെ വിഷമം എത്രത്തോളം ആണെന്നുള്ളത് മനസ്സിലാകുന്നത്.

ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും ചിരി ആയിരുന്നു. ഒന്നിനും കൊള്ളാത്ത ഭർത്താക്കന്മാർ ആയത് കൊണ്ടാണ് ഭാര്യമാർ കണ്ടവന്റെ കൂടെ പോകുന്നത് എന്നും പറഞ്ഞുകൊണ്ട്…പക്ഷേ ഇപ്പോൾ…അന്ന് ഞാനൊക്കെ പറഞ്ഞ് ചിരിച്ചപോലെ ഇപ്പോൾ വേറെ പലരും പറഞ്ഞ് ചിരിക്കുന്നുണ്ടാകും. ആ ഹരി ഒന്നിനും കൊള്ളാത്തത് കൊണ്ടാണ് അവന്റെ ഭാര്യ കണ്ടവന്റെ കൂടെ പോയതെന്ന്…

അത് പറയുമ്പോൾ അത് വരെ അവൾ കാണാതെ പിടിച്ചുവെച്ച കണ്ണുനീർ ഒരു മഴ പോലെ അവന്റെ കണ്ണിൽ നിന്നും ഊർന്നുവീഴുന്നുണ്ടായിരുന്നു. അവനോട് ഇനി എന്ത് പറഞ്ഞ് മാപ്പ് ചോദികുമെന്ന് അറിയാതെ നിലത്തു തന്നെ മിഴിനട്ടിരുന്നു രാഖി.

അതെ സമയത്താണ് പുറത്ത് ഒരു വാഹനം വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. അത് കേട്ടപ്പോൾ തന്നെ കണ്ണുകൾ ഒന്ന് അമർത്തിതുടച്ചുകൊണ്ട് ഹരി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ… “ഹരിയേട്ടാ…ന്റെ മോളെവിടെ…” എന്ന് പിറകിൽ നിന്ന് തിരക്കുന്നുണ്ടായിരുന്നു അവൾ. അത് കേട്ടന്ന് പോലും ഭാവിക്കാതെ പുറത്തേക്കിറങ്ങിയ ഹരിക്ക് മുന്നിലേക്ക് പുറത്ത് നിന്നും കയറിവന്നത് രാഖിയുടെ അച്ഛനും അമ്മയുമായിരുന്നു.

രണ്ട് നാൾ മുൻപ് നടന്ന സംഭവങ്ങളിൽ വിറങ്ങലിച്ചു നിൽകുമ്പോൾ ആയിരുന്നു ഹരിയുടെ കാൾ. അവളെ വീട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്, അമ്മയും അച്ഛനും ഒന്ന് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞ് കൊണ്ട്. അത് കേട്ട മാത്രയിൽ ഒരു വണ്ടിയും വിളിച്ചിറങ്ങിയതാണ് അവർ. അച്ഛനും അമ്മയും ഉള്ളിലേക്ക് വാ….എന്നും പറഞ്ഞ് അവരെ ഉള്ളിലേക്ക് കയറ്റി ഇരുത്തുമ്പോൾ മരുമകനോട് എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണം എന്നോ അവർക്ക് അറിയുന്നിലായിരുന്നു.

കുറച്ച് നേരം അവിടെ തളം കെട്ടിയ മൗനത്തിൽ നിന്ന് പുറത്ത് വന്നത് രാഖിയുടെ അച്ഛന്റെ സംസാരമായിരുന്നു. മോനെ കഴിഞ്ഞത് കഴിഞ്ഞു. അവൾക്കൊരു തെറ്റ് പറ്റി. അതിന് അവളുടെ അച്ഛനും അമ്മയും എന്ന നിലക്ക് മാപ്പ് ചോദിക്കുകയാണ് ഞങ്ങൾ. അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ഇത്രയൊക്കെ നടന്നിട്ടും മോൻ അവളെ തിരികെ കൊണ്ടുവന്നത് എന്ന് അറിയാം. ഇനി അവൾക്ക് അങ്ങനെ ഒരു തെറ്റ് പറ്റില്ല…മോൻ അവളോട് ക്ഷമിക്കണം. നിങ്ങളുടെ മോൾക്ക് വേണ്ടിയെങ്കിലും…

അവളുടെ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഹരി ഒന്ന് പുഞ്ചിരിച്ചു. പിന്നെ അവർക്കഭിമുഖമായി ഇരുന്ന് കൊണ്ട് പറഞ്ഞുതുടങ്ങി. ശരിയാണ് അച്ഛാ…കഴിഞ്ഞത് കഴിഞ്ഞു. ജീവിതത്തിൽ ഒരു ഭർത്താവും കാണാനും കേൾക്കാനും ആഗ്രഹിക്കാത്തത് ആണ് നടന്നത്. എന്നിട്ടും ഞാൻ അവളെ കൊണ്ട് വന്നെങ്കിൽ അച്ഛൻ പറഞ്ഞപോലെ അതെന്റെ സ്നേഹക്കൂടുതൽ കൊണ്ടല്ല. ഞാൻ അവളെ ഈ വീട്ടിലേക്ക് വീണ്ടും കൊണ്ടുവരുമമ്പോൾ എല്ലാവരും പറഞ്ഞ് പരിഹസിച്ചു ചിരിച്ചത് അതിന്റ പേരിൽ ആണ്. സ്നേഹം ഞാൻ അവൾക്ക് ആവോളം കൊടുത്തിട്ടുണ്ട്. അത് വേണ്ടെന്ന് വെച്ച നിമിഷം മുതൽ അത് അവൾക്ക് നഷ്ടപ്പെടുകയും ചെയ്തെന്ന് കരുതണം.

പിന്നെ അകത്തേക്ക് നോക്കി രാഖിയോട് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ട് അവൻ തുടർന്നു…ആ സമയം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തേക്ക് വന്നവൾ പുറത്ത് ഇരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് ഒരു നിമിഷം വല്ലത്തൊരു അവസ്ഥയിൽ ആയിരുന്നു. അതൊന്നും കണ്ടതായിപോലും ഭാവിക്കാതെ ഹരി അച്ഛനും അമ്മയ്ക്കും നേരെ തിരിഞ്ഞു.

ഇതാ നിങ്ങളുടെ മകൾ. നാല് വർഷം മുൻപ് നിങ്ങളുടെ ഒക്കെ മുന്നിൽ നിന്ന് സന്തോഷത്തോടെ കൂടെ കൂട്ടിയവൾ. അതെ സന്തോഷത്തോടെ ഞാൻ നിങ്ങളെ തിരികെ ഏൽപ്പിക്കുകയാണ്. കൂടെ പോകുമ്പോൾ ആ പെട്ടിയും എടുക്കാം…വാതിൽക്കൽ ഒതുക്കിവെച്ചിരിക്കുന്ന പെട്ടി ചൂണ്ടിക്കാട്ടി അവൻ. അന്ന് നിങ്ങളുടെ മകളെ ഞാൻ കെട്ടുമ്പോൾ നിങ്ങൾ നിങ്ങളുടെ മകൾക്ക് കൊടുത്ത സ്വർണ്ണവും ആഭരണങ്ങളും ആണതിൽ. നിങ്ങൾ തന്നതിൽ നിന്ന് ഒരു തരി പോലും കുറയാതെ. രണ്ടും നിങ്ങൾക്ക് കൊണ്ട് പോകാം…

മനസ്സ് കൊണ്ട് സ്നേഹിച്ചിട്ടും പോകാൻ മനസ്സ് കാണിച്ചവളെ വീണ്ടും സ്നേഹിച്ചു വിഡ്ഢിയാകാൻ മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ അത്രക്ക് പോങ്ങനല്ല ഞാൻ. എനിക്ക് ഇവൾ മറ്റൊരുത്തന്റെ കൂടെ പോയപ്പോൾ ആ വഴി പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷേ, എനിക്ക് തോന്നിയത് ഇങ്ങനെ ചെയ്യാൻ ആണ്. അല്ലെങ്കിൽ ഇവൾക്ക് മുന്നിൽ ഞാൻ ഒന്നുമല്ലാത്തവനായി പോകും. നിങ്ങൾ എന്റെ കയ്യിൽ സുരക്ഷിതമായി ഏല്പിച്ച ആളെ ഞാനും ഏല്പിക്കുന്നു. ഇനി ഇവൾക് ആരുടെ കൂടെ വേണമെങ്കിലും പോകാം.

ഇതിന്റെ പേരിൽ ഒരു കേസിനോ കൂട്ടത്തിനോ ഞാനില്ല. മകളുടെ അവകാശം പറഞ്ഞു പോലും കേസുമായി വരരുത്. ഒരു അമ്മയുടെ മനസ്സ് ഇപ്പൊഴും ഇവൾക്കുണ്ടെങ്കിൽ. ഏതൊരമ്മയും ആഗ്രഹിക്കുന്നത് മകളുടെ നല്ല ഭാവിയാണ്. ഇവൾക്ക് അങ്ങനെ ഒരു ചിന്ത ഇല്ലെന്ന് അറിയാം. അതുകൊണ്ടാണല്ലോ പറക്കമുറ്റാത്ത മകളെ ഉറക്കികിടത്തി വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയത്.

ന്നാലും എവിടെ എങ്കിലും തരി സ്നേഹം ബാക്കി ഉണ്ടെങ്കിൽ നിന്നെ കണ്ട് അല്ല മകൾ വളരേണ്ടത് എന്ന ബോധം ഉണ്ടെങ്കിൽ കുഞ്ഞിന് വേണ്ടി കേസുമായി വരില്ല. പിന്നെ ഞാൻ കെട്ടിയ താലി…ഒരു ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് മറ്റുള്ളവർക്ക് മുന്നിൽ നാണം കേട്ട് അത് അഴിച്ചു വാങ്ങാൻ എനിക്ക് താല്പര്യം ഇല്ല. അത് ഒരു താലിയാണ്. ഒരു ദാമ്പത്യത്തിന്റെ അടയാളം. ഇപ്പോൾ ഞാൻ അതിന് കല്പ്പിക്കുന്ന വില സ്വർണത്തിന്റ ആണ്. അത് നിനക്ക് ബോധ്യമാകുമ്പോൾ ഒന്നുങ്കിൽ തിരികെ ഏൽപികം. അല്ലെങ്കിൽ വിൽക്കുകയോ എന്താണെങ്കിലും ചെയ്യാം. ഒരിക്കലും അത് ചോദിച്ചുകൊണ്ട് ആ വഴി വരില്ല.

ഇനി അഥവാ, അത് തരാൻ ഉദ്ദേശമുണ്ടെങ്കിൽ അത് തരാൻ എന്ന പേരിൽ പോലും ഈ വഴി വരരുത്. പറഞ്ഞാൽ മതി, ഞാൻ വേറെ ആരെയെങ്കിലും വിടാം അത് വാങ്ങാനായി….അതും പറഞ്ഞവൻ എഴുനേറ്റ് പുറത്തേക്ക് നടക്കുമ്പോൾ ഒന്നുകൂടി പറഞ്ഞു. ഇപ്പോൾ ഞാൻ പോകുകയാണ്. എന്റെ മോളുമായി ഞാൻ തിരികെ വരുമ്പോൾ ഇവൾ ഇവിടെ കാണരുത്.

ഇപ്പഴേ അമ്മയില്ലെന്ന് അറിഞ്ഞാൽ വലുതാകുമ്പോഴേക്കും അവൾ അതുമായി പൊരുത്തപ്പെട്ടുകൊള്ളും. എന്നും പറഞ്ഞു പുറത്തേക്ക് നടക്കുന്ന അവനെ നോക്കി നിൽക്കാനേ മറ്റുള്ളവർക്ക് കഴിഞ്ഞുള്ളു. അല്ലെങ്കിലും ഇനി കൂടുതൽ പറയുന്നതിൽ കാര്യമില്ലെന്ന് അവർക്ക് അറിയാമായിരുന്നു. കാരണം, അവന്റെ വാക്കുകളും തീരുമാനവും അത്രമേൽ ഉറച്ചതായിരുന്നു.

പതിയെ വാതിൽക്കൽ ഇരിക്കുന്ന പെട്ടിയുമെടുത്തു മകളെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ രാഖി ഒന്നുകൂടി ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കി. അപ്പോൾ അവൾക് മുന്നിൽ ആ വാതിൽ മുഖത്തേക്ക് അടക്കാൻ കാത്തുനിൽക്കുന്ന മകളുണ്ടായിരുന്നു.

അവളുടെ കുഞ്ഞ് ഹൃദയം മുറിഞ്ഞൊഴുകുന്ന വാക്കുകൾ ഉണ്ടായിരുന്നു. അമ്മ ചീത്തയാ…അമ്മ ചീത്തയാ…