ഇത് തന്റെ ശരീരം, വെള്ള തുണിയിൽ ചേതനയറ്റ തന്റെ ശരീരം. കണ്ണ് നീര് വറ്റിയ മിഴികളോടെ അവൾ ചുറ്റും നോക്കി.

അവൾ ഇനിയും ആവർത്തിക്കപ്പെടേണ്ടവൾ – രചന: അഹല്യ ശ്രീജിത്ത്

ഈശ്വര ഇന്ന് ക്ലാസ്സിൽ എത്താൻ ലേറ്റ് ആകുമോ…? അഞ്ജലിയുടെ നെഞ്ചിടിപ്പ് കൂടി. നടന്നിട്ടും നടന്നിട്ടും എത്തുന്നുമില്ല. അവൾ സ്വയം പറഞ്ഞു കൊണ്ട് അതി വേഗത്തിൽ നടക്കാൻ തുടങ്ങി.

ഹാവു എത്തിപ്പോയി…കോളേജ് ക്യാമ്പസ്സിലേക്കു അവൾ പ്രവേശിച്ചു. ഗേറ്റിനു പിന്നിലാലായി സെക്യൂരിറ്റി നടപ്പുണ്ട്. എന്തോ വിഷാദമുഖനായിട്ടാണ് അയാളുടെ നടപ്പ്, ആകെ ഒരു അങ്കലാപ്പും. ഏയ്…അവൾ അയാളെ വിളിച്ചു. എന്നാൽ അയാൾ കേട്ട ഭാവം പോലും നടിക്കാതെ തെക്കു വടക്കു നടക്കാൻ തുടങ്ങി.

അല്ല ഇങ്ങേർക്കിതു എന്ത് പറ്റി, സാധാരണ പെൺപിള്ളേരെ കണ്ട മാത്രയിൽ തന്നെ കിന്നാരവും പറഞ്ഞു ചാടി വീഴുന്നതാണല്ലോ…അവൾ ഒന്ന് കൂടി അയാളെ നോക്കി. എന്നിട്ടും അയാൾ അവളെ ഗൗനിക്കാതെ നടത്തം തുടർന്നു.

അപ്പോളാണ് തന്റെ ഉറ്റ ചങ്ങാതി ആയ രശ്മി കരഞ്ഞുകൊണ്ട് ഓടി വരുന്നത് അഞ്ജലിയുടെ ശ്രദ്ധയിൽ പെട്ടത്. അവൾ രശ്മിയുടെ അരികിലേക്ക് ഓടി ചെന്നു. ഡി എന്താടി പറ്റിയത്. നീ എന്തിനാ ഇങ്ങനെ കരയുന്നതു…?

അഞ്ജലിയുടെ ചോദ്യം കേട്ട ഭാവം പോലും നടിക്കാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ രശ്മി കരഞ്ഞു കൊണ്ട് വരാന്തയിലേക്ക് കയറി. അങ്ങനെ അവളെ വിടാൻ ഭാവം ഇല്ലാതെ അഞ്ജലിയും അവളുടെ പിന്നാലെ ഓടി കൈയിൽ കയറി പിടിക്കാൻ ശ്രമിച്ചു. പൊടുന്നനെ ഒരു മിന്നൽ പിണർപ്പു അവളുടെ സിരകളിലൂടെ ഓടിയതായി അവൾക്കു തോന്നി. ഒരു ചെറു ഞെട്ടലോടെ അവൾക്കു മനസിലായി തനിക്ക് രശ്മിയെ തൊടാനോ അവൾക്കു താൻ പറയുന്നത് കേൾക്കണോ സാധിക്കുന്നില്ലായെന്നു…

പിന്തിരിഞ്ഞു പോന്ന അവളുടെ കണ്ണുകളിൽ മറ്റൊരു കാഴ്ച വന്നുടക്കി നിന്നു. ഗേറ്റിനു മുൻപിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നു തന്റെ അച്ഛൻ ഇറങ്ങി വരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം വരുന്നത് പോരാത്തതിന് രണ്ടുപേർ അച്ഛനെ പിടിച്ചിട്ടുമുണ്ട്. അയ്യോ എന്റെ അച്ഛനിതു എന്ത് പറ്റി…? അവൾ ഓടി അച്ഛനരികിലെത്തി കിതച്ചു കൊണ്ട് ചോദിച്ചു. അച്ഛാ…അച്ഛനെന്തിനാ കരയുന്നെ..എന്താണച്ഛാ പറ എന്നോട്…അമ്മയെവിടെ…?

അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവളുടെ ചോദ്യങ്ങൾ കേൾക്കാതെ അച്ഛൻ കരച്ചിൽ തുടർന്നു. അവൾ അച്ഛന്റെ കൈകളിൽ ബലമായി പിടിച്ചു നിർത്താൻ ശ്രമിച്ചു. അവിടെയും അവൾക്ക് രശ്മിയുടെ അടുക്കൽ നിന്നു സംഭവിച്ചത് തന്നെ ആവർത്തിച്ചു.

അച്ഛനും തന്നെ അറിയുന്നില്ല എന്ന് മനസ്സിലാക്കിയതോടെ അവൾ തളർന്നു. ഒരു പാവ കണക്കെ അവൾ നടക്കാൻ തുടങ്ങി, തനിക്ക് പറ്റിയത് എന്തെന്നറിയാതെ…അച്ഛനേം കൊണ്ട് അവർ പോയത് സെക്കന്റ്‌ ഫ്ലോറിലെ കമ്പ്യൂട്ടർ ലാബിനരികിലുള്ള ക്ലാസ്സ്‌ റൂമിലേക്കായിരുന്നു. അഞ്ജലിയും അവരെ പിന്തുടർന്നു. ക്ലാസിനു ഫ്രണ്ടിൽ തടിച്ചു കൂടിയ ആൾകൂട്ടം അവളുടെ ശ്രദ്ധയിൽ പെട്ടു. കൂട്ടത്തിൽ തന്റെ പ്രിയപെട്ടവനും ‘യദു…’

അവളുടെ പ്രണയത്തിനു അർത്ഥം നൽകിയ അവളുടെ സ്വന്തം യദു. അവനും കരയുകയാണ്. തൊട്ടടുത്ത രശ്മിയും ഉണ്ട്. യദു എന്തൊക്കെയോ അവളോട്‌ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. രശ്മിയും കരച്ചിൽ അടക്കുനില്ല.

എന്താ ഇവിടെ സംഭവിച്ചേ…എല്ലാർക്കും എന്ത് പറ്റി…? ഈ എനിക്ക് എന്ത് പറ്റി…? അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉടലെടുത്തു. കുറച്ചു പോലീസ്‌കാർ അച്ഛനെയും കൊണ്ട് കൂടി നിന്നവർക്കിടയിലൂടെ ക്ലാസ്സ്‌ റൂമിലേക്ക് കയറി. അഞ്ജലിയും അവർക്ക് പിന്നാലെ കയറി. അവിടെ കൂടി നിന്നിരുന്ന പോലീസ്‌കാർ തുണിയിൽ പൊതിഞ്ഞ എന്തിന്റെയോ അരികിലേക്ക് അച്ഛനെ കൊണ്ട് പോയി. അവർ തന്നെ ആ തുണി അല്പം മാറ്റുന്നു. അത് കണ്ട് അച്ഛൻ ബോധരഹിതനായി വീഴുന്നു.

ഒന്നും മനസിലാകാതെ അഞ്ജലി മുന്നോട്ട് ചെന്നു ആ തുണികെട്ടിനുള്ളിലേക്ക് നോക്കി. ഇടി വെട്ടേറ്റത് പോലെ അവൾ ഞെട്ടി പിറകോട്ടു മാറി. ഇത് തന്റെ ശരീരം, വെള്ള തുണിയിൽ ചേതനയറ്റ തന്റെ ശരീരം. കണ്ണ് നീര് വറ്റിയ മിഴികളോടെ അവൾ ചുറ്റും നോക്കി. ആരും തന്നെ ഇനി അറിയില്ല, കാണില്ല, കേൾക്കില്ല…താൻ എല്ലാരിലും നിന്നും ഒരുപാടു അകലെയായി ദേഹം വെടിഞ്ഞ വെറും ദേഹി മാത്രമാണ് താൻ.

ഒരു നിമിഷം തനിക്കു എന്താണ് പറ്റിയെതെന്നു ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. അവളുടെ ബോധമണ്ഡലങ്ങൾ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. ചില കാഴ്ചകൾ അങ്ങനെ തന്നെ കണ്ണിൽ തങ്ങി നിൽക്കുന്നതായി അവൾക്കു തോന്നി. പഠിക്കാൻ അതിസമ്മർദ്ധയായ അവൾ മറ്റുള്ളവർക്ക് ഒരു ആരാധനാപാത്രമായിരുന്നു. പോരാത്തതിന് ക്യാമ്പസ്‌ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു കോളേജ് ചെയർമാനും ആയി തിളങ്ങി നിന്ന അവളുടെ കണ്ണുകളിൽ കോളേജ് അധികൃതരുടെ കള്ളത്തരങ്ങളും അഴിമതിയും ചെന്നു പെടുന്നു.

ഇത് വിദ്യാർത്ഥികൾക്ക് മുൻപിൽ കൊണ്ട് വരുമെന്ന് അധികൃതരെ അറിയിച്ച അവളെ ഭീഷണിപ്പെടുത്താൻ എത്തിയ പ്രിൻസിപ്പലിന്റെ മുഖം ഇപ്പോളും കണ്ണിൽ നിന്നു മാഞ്ഞിട്ടില്ല. അമ്പിനും വില്ലിനും അടുക്കാത്ത തന്നെ അവസാന സെമസ്റ്റർ എക്സാം ഹാളിൽ വെച്ച് കോപ്പി അടിച്ചു എന്ന പേരിൽ മറ്റുള്ളവർക്ക് മുൻപിൽ വെച്ച അധിക്ഷേപിച്ച തന്റെ പ്രിയപ്പെട്ട രവി സർ.

സാറിന്റെ മൊബൈൽ കവനുള്ളിൽ തിരുകി വെച്ചിരുന്ന താൻ എഴുതിയതാണെന്ന് മുദ്രകുത്തപ്പെട്ട ആ പേപ്പർ തന്റെ ആൻസർ ഷീറ്റുകൾക്കിടയിൽ തിരുകുമ്പോളും രവി സർ ഓർത്തില്ല, തന്നെ ഒരു പാട് ബഹുമാനിച്ചിരുന്നു തന്റെ അരുമ ശിഷ്യയെ മരണത്തിന്റെ തീച്ചൂളയിലേക് തള്ളി വിടുകയാണെന്നു. ഒടുക്കം ചെയ്യാത്ത തെറ്റിന് അപമാനിതയായ് പുറത്തിറങ്ങിയ തന്നെ കാത്തു നിന്ന പ്രിൻസിപ്പൽ…അദ്ദേഹത്തിന്റെ ഭീഷണി…

എല്ലാത്തിനും ഒടുക്കം അപമാനഭാരത്തോടെ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലെ ഫാനിൽ സ്വന്തം ഷാൾ കൊണ്ട് തീർത്ത മരണ വീഥി. അവസാന ശ്വാസം നില്കുമ്പോളും കണ്ണിൽ തെളിഞ്ഞ പ്രിയപ്പെട്ട മുഖങ്ങൾ എല്ലാം തന്റെ ബോധമനസിൽ കണ്ട അഞ്ജലി ചുറ്റും നോക്കി. മറ്റുള്ളവരുടെ മുൻപിൽ വെച്ച് പ്രിൻസിപ്പൽ ഒരു പേപ്പർ പോലീസിനെ കാണിക്കുന്നു. അത് താൻ എഴുതിയെന്നു അവർ വരുത്തി തീർത്ത കോപ്പി.

ഒരു നിമിഷം അവൾ അലറി വിളിച്ചു പറഞ്ഞു…ഇല്ല ഇത് എന്റെയല്ല, ഇത് എന്റെ കൈയ്യക്ഷരം അല്ല…ആരും വിശ്വസിക്കരുതേ…ആർക്കും തന്നെ കാണണോ കേൾക്കണോ കഴിയില്ലെന്നു വിസ്മരിച്ച അവൾ യാഥാർഥ്യം ഓർത്തു സ്വയം ശപിച്ചു.

ഒരു മാത്രയിലെ എടുത്തു ചാട്ടം കൊണ്ട് താൻ നശിപ്പിച്ചത് തന്റെയും തന്റെ കുടുംബസത്തിന്റെയും സ്വപ്നങ്ങളാണ്. പരാജയപ്പെട്ടാലും പൊരുതി നിൽക്കാമായിരുന്നു തനിക്കു…അതിനുള്ള ധൈര്യവും തന്റേടവും ഉണ്ടായിരുന്നിട്ടും ചെയ്യാത്ത തെറ്റ് പേടിച്ചു താൻ എന്തിനിത് ചെയ്തു…? ഉത്തരം കിട്ടാത്ത ചില കടംങ്കഥകൾ ആയി അവളുടെ ചോദ്യങ്ങൾ എല്ലാം അവശേഷിക്കെ അവൾ അവിടെ നിന്നും പടിയിറങ്ങി.

പുറത്തേക്കു ഇറങ്ങിയ  അവൾ കണ്ടത് തന്റെ ബോഡി പോസ്റ്മോർട്ടത്തിനായി ആംബുലൻസിൽ കയറ്റുന്നതാണ്. കരഞ്ഞു തളർന്നു അച്ഛൻ ആരുടെയോ താങ്ങിൽ നിൽപ്പുണ്ട്, ഒപ്പം കലങ്ങിയ കണ്ണുകളോടെ രശ്മിയും, യദുവും. അവരുടെ മുഖങ്ങൾ കണ്ണിൽ ആവാഹിച്ചു മനസ്സിൽ കുടിയിരുത്തി അവൾ മുന്നോട്ട് നടന്നു.

ഒരു നിമിഷം അവൾ മനസ്സിൽ മന്ത്രിച്ചു “എന്റെ സ്വപ്ങ്ങളും മോഹങ്ങളും ഇവിടെ അവസാനിച്ചു തന്റെ വിയോഗം സഹിക്കാൻ ഉറ്റവർക്ക് ഈശ്വരൻ ശക്തി കൊടുക്കട്ടെ മറ്റൊരു വിദ്യാർത്ഥിക്കും എന്റെ ഗതി വരാതെയും ഇരിക്കട്ടെ…”

അവൾ നടത്തം തുടർന്നു കളവും വഞ്ചനയും വേരുറപ്പിക്കാത്ത മറ്റൊരു ലോകത്തിലേക്ക്…

നന്മയുടെ മുഖം മൂടി ഇട്ടു തിന്മ പ്രവർത്തിക്കുന്നിടത്തു ഇനിയും ഇത് പോലെ അഞ്ജലികൾ ആവർത്തിക്കപ്പെടാം. എങ്കിലും നന്മയുടെ വേരുറവ വറ്റാത്ത നല്ലൊരു ലോകത്തെ വാർത്തെടുക്കാൻ നമുക്കാകട്ടെ…