അതിരുകൾ ലംഘിക്കും. താഴേക്ക് ഒഴുകിയിറങ്ങുന്ന അവന്റെ വിരലുകളെ ഞാൻ സ്വതന്ത്രമായി വിടും,പലതിനും കണ്ണടച്ചു.

അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചു പോയി – രചന: അമൃത അജയൻ

എന്താടോ…നാട്ടിലേക്കുള്ള ടിക്കറ്റ് ഒക്കെ ആയതു മുതൽ ആലോചനയിലാണല്ലോ…? നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന ഡെയ്സി ജനാലക്കൽ പുറം കാഴ്ചകളിൽ മിഴി നട്ടു നിൽക്കുന്ന മൈഥിലിയോട് തിരക്കി.

അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു. കണ്ണുകളിലെ വിഷാദം ആ ചിരിയിലും പ്രകടമായിരുന്നു. സൂര്യനസ്ഥമിക്കാത്ത നാട്ടിലേക്ക് ചേക്കേറിയിട്ട് ആറ് വർഷം. അതിനിടയിൽ ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല. എന്തിനായിരുന്നു പോകാൻ ഭയന്നത്. ഭയമായിരുന്നുവോ തനിക്ക്…? ആരെയായിരുന്നു ഭയം…? അവൾ സ്വയം ചോദിച്ചു.

അവളുടെ കണ്ണുകളിൽ ഈറൻ ഊറിക്കൂടി. ദൂരെ ചുവന്ന ഇലകൾ പൊഴിച്ചു നിൽക്കുന്ന മേപ്പിൾ മരങ്ങളിലേക്ക് അവൾ മിഴിയയച്ചു. പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് ആ ഇലകൾ വെട്ടിത്തിളങ്ങി. ഈ മടക്കവും തന്നിൽ നിറക്കുന്ന ഭയം ചെറുതല്ല. എന്തിനു വേണ്ടിയുള്ള ഭയം.

എത്രയാലോചിട്ടും അതിനെല്ലാം ഒറ്റയുത്തരം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു…പ്രണയം നിറഞ്ഞ രണ്ട് നക്ഷത്രക്കണ്ണുകൾ. കഴുത്തിന് പിന്നിൽ ഒരൽപം വളർന്നു നിൽക്കുന്ന മുടി. വെട്ടിയൊതുക്കിയ മീശക്കു താഴെ വൃത്തിയുള്ള ചുണ്ടിൽ വിടർന്ന പുഞ്ചിരി. ട്രിംചെയ്ത് നിർത്തിയ താടി. ഇരുനിറത്തിന് അനുയോജ്യമായ തരത്തിൽ സാധാരണ വേഷം. മനസിൽ ഓർമകൾ ശീവേലി കൊട്ടിത്തുടങ്ങി.

***************************

മൈഥിലീ എനിക്കിതുവരെ നീയൊരുത്തരം നൽകിയില്ല. അവന്റെ കുസൃതിക്കണ്ണുകൾ എന്റെ മുഖത്ത് തങ്ങി നിന്നു.

സർ, മാഡം വെയിറ്റിംഗാ. നിക്ക് പ്രൊസീജിയർ ചെയ്യാനിണ്ട്. ഞാനൊന്നു പൊയ്ക്കോട്ടെ…വാഷ്ബേസിന്റെ സൈഡിൽ ചുമരോടൊട്ടി ചേർന്ന് നിന്ന് ഞാൻ കെഞ്ചി പറഞ്ഞു. ഒരു കൈ ഭിത്തിയേലേക്ക് വച്ച് എന്നെ ബ്ലോക്ക് ചെയ്ത് ജീവനും…

ആ ചുണ്ടിലൊരു കുസൃതിച്ചിരി നിറഞ്ഞു. അവന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. കൈയ്യിൽ ട്രേയുള്ളതിനാൽ എന്തെങ്കിലും സാഹസം കാട്ടി അവിടുന്ന് രക്ഷപ്പെടാനാകാതെ ഞാനും….

ഞാനെല്ലാം പറഞ്ഞതല്ലേ സർ…

നോ മൈഥിലി. എനിക്ക് നിന്റെ റീസൺസ് അല്ല കേൾക്കേണ്ടത്. ഒറ്റ ചോദ്യം. എന്നെ ഇഷ്ടമാണോ…? ആണെന്നോ അല്ലെന്നോ ഒറ്റയുത്തരം…അതെന്റെ കണ്ണിൽ നോക്കി സത്യസന്ധമായി പറഞ്ഞാൽ മതി.

അവനെന്റെ മുഖത്തേക്കുറ്റു നോക്കി. ആ കണ്ണുകളിലേക്ക് നോക്കി അല്ല എന്ന് പറയാൻ ഞാൻ അശക്തയായിരുന്നു. എന്റെ കൈകൾ തണുത്തു മരവിച്ചു. നെഞ്ചിടിപ്പേറി. എനിക്കാരോടും ഇഷ്ടക്കേടൊന്നുല്ല….എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

അവൻ തലയൊന്നു കുടഞ്ഞു. പിന്നെ എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി. എനിക്കാരുടെയെങ്കിലും കാര്യമല്ല അറിയേണ്ടത്. എന്നെ…ഈ എന്നെ നിനക്കിഷ്ടമാണോ അല്ലയോ….? അത് പറഞ്ഞാൽ നിനക്ക് പോകാം.

ഞാൻ മുഖം കുനിച്ചു. സമയം പോകുന്നത് എന്റെ നെഞ്ചിടിപ്പ് കൂട്ടി. വാർഡിൽ മാഡം വെയിറ്റിംഗ് ആണ്. ഉത്തരം കിട്ടാതെ ജീവൻ മാറില്ലെന്നെനിക്കുറപ്പായിരുന്നു. ഇഷ്ടാണ്….ഒരു ഫ്രണ്ടായിട്ട്…ഞാൻ വിക്കി വിക്കി പറഞ്ഞു.

ഓ….ദാ കിടക്കുന്നു…ജീവൻ ദേഷ്യത്തിൽ എന്നെ നോക്കി പല്ല് കടിച്ചു പിടിച്ചു. നീ വാലും തലയും ഒന്നും ചേർക്കണ്ട…ഒറ്റ വാക്കിൽ പറഞ്ഞാൽ മതി. ഞാൻ കണ്ണിറുക്കിയടച്ചു.

ഒരു വശത്ത് ജീവൻ…മറുവശത്ത് മാഡം…ടെൻഷൻ കാരണം ഞാൻ ബോധം കെട്ട് വീഴുമെന്നായി. പറ….അവൻ തരളമായി എന്റെ കാതിൽ പറഞ്ഞു. ഞാൻ കണ്ണ് തുറന്നു. അല്ല എന്ന് പറയാൻ നാവെടുത്തിട്ടും എന്നെക്കൊണ്ടായില്ല. വയ്യ…അങ്ങനെ പറയാൻ എനിക്ക് വയ്യ. വാഷ് റൂമിന് പുറത്ത് ആരുടെയോ നിഴലാട്ടം കണ്ടതും എന്റെ നെഞ്ച് കത്തി.

ആണ്…ഞാൻ പെട്ടന്ന് പറഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ അത് വേണ്ടായിരുന്നു എന്നെന്റെ മനസ് മന്ത്രിച്ചു. പക്ഷെ അവന്റെ മുഖം തെളിഞ്ഞു. എന്നോടുള്ള സ്നേഹം മുഴുവൻ ആ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു. ഞാൻ പൊയ്ക്കോട്ടെ ഡോക്ടർ…പ്ലീസ്…

ങും….ഒരു തഴുകൽ പോലെ അവൻ മൂളി. എന്നെ ബ്ലോക്ക് ചെയ്ത കൈയ്യെടുത്തു മാറ്റിയതും എന്റെ കവിളിലൊരുമ്മ തന്നതും ഒരുമിച്ചായിരുന്നു. ഞാൻ ഞെട്ടിത്തരിച്ചു, ആദ്യമായി ഒരു പുരുഷന്റെ ചുംബനം, കവിളുകളിൽ പടർന്ന ചൂട്, ചുംബനത്തിന്റെ ചൂട്…കൈയ്യിലിരുന്ന ട്രേ ഞാൻ മുറുക്കി പിടിച്ചു. പിന്നെ മുന്നോട്ടു കാലടികൾ വച്ചു.

മൈഥിലി…നിന്നെ എപ്പോഴേ മാഡം വിളിക്കുവാ. ഇതുവരെ ആർട്ടിക്കിൾസ് എടുത്തില്ലേ. ആ പെണ്ണുംപിള്ള അവിടെ സംഹാര താണ്ഡവം തുടങ്ങി….എന്നെ അന്വേഷിച്ച് അങ്ങോട്ടു വന്ന രേഷ്മ പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കി. അവിടെ കൈകൾ മാറിൽക്കെട്ടി ഗൂഢമായി ചിരിച്ചു കൊണ്ട് നിൽപ്പുണ്ട് ജീവൻ. കൂർപ്പിച്ചൊരു നോട്ടം നോക്കിയിട്ട് ഞാൻ നടന്നകന്നു. എന്തായിരുന്നെടി അവിടെ…നടക്കുന്നതിനിടയിൽ രേഷ്മയെന്നെ കളിയാക്കി. ഞാൻ അവളെയും കൂർപ്പിച്ച് നോക്കി…ജീവൻ ഡോക്ടർ എന്നെ പ്രപ്പോസ് ചെയ്തത് അവൾക്കറിയാം.

എന്റെ മനസ് കടിഞ്ഞാണില്ലാതെ പായുകയായിരുന്നു. ആ സമയം മാഡമൊന്നുമായിരുന്നില്ല എന്റെ മനസിന്റെ വേവലാതി. ജീവൻ സാറായിരുന്നു. എന്തിനായിരുന്നു ഞാനത് സമ്മതിച്ച് കൊടുത്തത്. ബലമായി എന്നെക്കൊണ്ട് സമ്മതിപ്പിച്ചതല്ലേ. അങ്ങനെയൊക്കെ ചോദിച്ചാൽ ആ ഉത്തരമല്ലാതെ എനിക്ക് വേറെന്ത് പറയാൻ പറ്റും…ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. അല്ല….’നോ’ എന്നൊരുത്തരം എന്റെ മുന്നിലുണ്ടായിരുന്നു. അത് പറയാതെ ഞാനെന്തിന് ഇഷ്ടമാണെന്ന് പറഞ്ഞു. അപ്പോ കുറ്റം അങ്ങോട്ടു മാത്രം ചാർത്താൻ കഴിയില്ല.

മാഡത്തിന്റെ വായിൽ നിന്ന് ആർട്ടിക്കിൾ എടുത്തു വരാൻ വൈകിയതിന് ചീത്ത കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ല. സത്യത്തിൽ ഞാനതൊന്നും കേട്ടില്ല. ശാരീരമാസകലം ഒരു തണുപ്പായിരുന്നു. ഉമിനീരിന് ചൂടും….

ചെയ്തതെല്ലാം യാന്ത്രികമായിരുന്നു. മനസിനെ മഥിച്ചു കൊണ്ടിരുന്ന ഒരായിരം ചിന്തകളുണ്ടായിരുന്നു. ബലമായി ഇഷ്ടമാണെന്ന് പറയിച്ചു. എന്നിട്ട് അനുവാദമില്ലാതെ ഉമ്മവച്ചു. അതിക്രമമല്ലേ എന്നോട് കാണിച്ചത്. എന്നിട്ടും ഞാനെന്തു കൊണ്ട് പ്രതികരിച്ചില്ല….അനുവാദമില്ലാതെ ദേഹത്ത് തൊട്ടാൽ അടിച്ച് കരണം പൊകയ്ക്കണമെന്ന പക്ഷക്കാരിയാണ് ഞാൻ. ഫ്രണ്ട്സിനോട് എപ്പോഴും പറയാറുമുണ്ട്. എന്നിട്ടും….എന്നിട്ടുമെന്തേ അവന്റെ മാത്രം മുന്നിൽ ഞാൻ തോറ്റു പോയി.

അറിയാം…ഉള്ളിന്റെയുള്ളിൽ അവനോടുള്ള എന്റെ ഇഷ്ടം. എന്നിട്ടും പിന്മാറാൻ ശ്രമിച്ചത് സാഹചര്യങ്ങളാണ്. ഞാനൊരു ബിഎസ്സി നഴ്സിംഗ് സ്റ്റുഡന്റ്. ജീവൻ, MS കഴിഞ്ഞ് ഇന്റൻഷിപ്പ് ചെയ്യുന്ന ഡോക്ടർ. ഒരിക്കലും ഒരിക്കലും ചേരാത്ത രണ്ട് ധ്രുവങ്ങൾ. ആ മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞ് അപമാനിച്ച് വിടാൻ വയ്യ. പൊള്ളുന്നത് എന്റെ ഹൃദയം തന്നെയായിരിക്കും. വെന്തു നീറുന്നത് ഞാൻ തന്നെയായിരിക്കും. പക്ഷെ പറയണം. തമ്മിലൊന്നും വേണ്ടന്ന് പറയണം. പറഞ്ഞു മനസിലാക്കണം.

ലഞ്ച് ബ്രേക്കിന് ഞാൻ സർജറി ഡിപ്പാർട്ട്മെന്റിൽ പോയി നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല. വൈകുന്നേരം ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ തൊട്ടരികിൽ ബൈക്ക് കൊണ്ട് ചേർത്തു നിർത്തി.

വാ കേറ്…

ഞാൻ പൊയ്ക്കോളാം.

കേറെടി…ആ അധികാരത്തിന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പറ….പറയാൻ തുടങ്ങിയത് പൂർത്തിയാക്കും മുൻപേ ജീവൻ കൈയ്യെടുത്ത് തടഞ്ഞു. എനിക്ക് സംസാരിക്കാനുണ്ട്. നീ വാ…പിന്നെ ഞാൻ എതിർത്തില്ല. സംസാരിക്കണം, ഞാനും മനസിലുറപ്പിച്ചു. അവന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കരുതിവച്ച ധൈര്യമൊക്കെ ചോർന്നു തുടങ്ങി. എന്നും അത് പോലെ അവനോടൊട്ടിയിരിക്കാൻ ഞാൻ ആഗ്രഹിച്ചു പോയി. പക്ഷെ കഴിയില്ല കണ്ണാ…എനിക്കതിനുള്ള ഭാഗ്യമുണ്ടാകില്ല.

അവനെന്നെ കൂട്ടിക്കൊണ്ട് പോയത് മെഡിക്കൽ കോളേജിനടുത്ത് തന്നെയുള്ള പാർക്കിലേക്കാണ്. വൈകുന്നേരങ്ങളിൽ അവിടെ കൂടുതൽ ചിലവഴിക്കുന്നത് മെഡിക്കൽ കോളേജിലുള്ളവരാണ്. സുപരിചിതരായ ചിലർ ഞങ്ങളെ അത്ഭുതത്തോടെ നോക്കി. ജീവൻ അതൊന്നും വകവയ്ക്കാതെ എന്നെ കൂട്ടി ഒരൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു. ഒരീയൽ വാകയുടെ ചോട്ടിലെ മരബഞ്ചിൽ ഞങ്ങൾ അടുത്തടുത്തിരുന്നു. ഞങ്ങളുടെ സ്വകാര്യതയിലേക്ക് ആരും കടന്നു വന്നില്ല.

നിന്റെ മുന്നിലേക്ക് അടുക്കി പെറുക്കി വെട്ടിയൊതുക്കിയൊരു ചോദ്യമിട്ടു തന്ന് ഉത്തരം പറയിച്ചിട്ട്, നിനക്കെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നടക്കാൻ മാത്രം മണ്ടനൊന്നുമല്ല ഞാൻ….ജീവൻ തുടക്കമിട്ടു. ഞാൻ മനസിലാകാതെ അവനെ നോക്കി. അവന്റെ കണ്ണുകൾ ശാന്തമായിരുന്നു.

എന്തിനാ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത്. അതെന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്നെനിക്കുറപ്പുണ്ട്. അതത്ര ചെറിയ ഇഷ്ടവുമല്ല. സ്വന്തം സാഹചര്യം സെയ്ഫാക്കാൻ വേണ്ടിപ്പോലും എന്നെ ഇഷ്ടമല്ല എന്ന് പറയാൻ നിന്നെക്കൊണ്ടാവില്ല. ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിക്കാൻ വയ്യ. അപമാനിക്കാൻ വയ്യ…അതിനർത്ഥം നീയെന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട്. സത്യമല്ലേ….? അവനെന്റെ കണ്ണിലേക്ക് കണ്ണുകൾ കോർത്തു. എന്റെ മിഴികൾ അറിയാതെ നിറഞ്ഞു തൂവി.

സത്യമാണ്…ഞാനെന്നെക്കാളേറെ അവനെ സ്നേഹിക്കുന്നുണ്ട്. നമ്മൾ തമ്മിലൊരിക്കലും ചേരില്ല….എങ്കിലും ഞാൻ പറഞ്ഞു. ഇതു നീ എത്ര വട്ടം എന്നോട് പറഞ്ഞു കഴിഞ്ഞതാണ് മൈഥിലി. ഞാൻ നിന്നെ മാത്രമാണ് സ്നേഹിക്കുന്നത്. നിന്റെ ജോലിയോ നിന്റെ കുടുംബത്തിന്റെ സാഹചര്യമോ ഒന്നും എന്റെ കൺസേണല്ല. യാതൊരാവശ്യവുമില്ലാത്ത ടെൻഷനാണ് നിനക്ക്. ഈ കാര്യം പറഞ്ഞ് നമ്മുടെ സ്നേഹം നീയില്ലാതാക്കാരുത്…അവനെന്നോട് ചേർന്നിരുന്ന് തോളിൽ ചേർത്തു പിടിച്ചു പറഞ്ഞു.

ഞാനും വെറുമൊരു പെണ്ണായി മാറുകയായിരുന്നു. ആ നിമഷം അവനെന്റെ മുഖം കൈവെള്ളയിലെടുത്തു. എനിക്കു വേണം, എന്റെ മാത്രം പെണ്ണായിട്ട്…പറഞ്ഞിട്ട് എന്റെ നെറ്റിയിലും കണ്ണിലും കവിളത്തും അവനുമ്മ വച്ചു. അധരങ്ങൾ മാത്രം ബാക്കി നിർത്തി. പിന്നെ എന്റെ കണ്ണിലേക്കുറ്റുനോക്കി. സമ്മതമാണോ….? മന്ത്രിക്കും പോലെ അവൻ ചോദിച്ചു. ങും….ഒരു വേള നിശബ്ദതയ്ക്കപ്പുറം ഞാൻ മെല്ലെ മൂളി. അതിനവൻ മറുപടി നൽകിയത് എന്റെ അധരങ്ങളിലായിരുന്നു.

പിന്നീട് ഞങ്ങളുടെ ദിവസങ്ങളായിരുന്നു. ഞാൻ അവസാന വർഷമായിരുന്നത് കൊണ്ട് ഞങ്ങൾക്കിടയിലെ ദൂരം ഒരു വർഷം മാത്രമാണെന്ന് ഞങ്ങൾ കണക്കുകൂട്ടി. ഞാനും സ്വയമറിയാതെ അവനിലേക്ക് മാത്രം ചുരുങ്ങുകയായിരുന്നു. എന്റെയോരോ ദിനങ്ങളും അവനിൽ തുടങ്ങി അവനിൽ അവസാനിക്കും. എല്ലാ ദിവസവും ഒരു നേരമെങ്കിലും ഞങ്ങൾ തമ്മിൽ കാണും. എന്നും ഒരുമ്മ ഉറപ്പാണ്. അതിൽ കൂടുതൽ എത്ര കിട്ടുന്നു എന്ന് മാത്രമാണ് ഞാൻ നോക്കിയിരുന്നത്.

ഓപിയിൽ, ലിഫ്റ്റിൽ, ക്യാന്റീനിൽ, വാർഡിൽ…അങ്ങനെ എല്ലായിടത്തും ഞങ്ങളുടെത് മാത്രമായൊരിടം ഞങ്ങൾ കണ്ടുവച്ചു. സർജറി ഡിപ്പാർട്ട്മെന്റിലാണ് എനിക്കും പോസ്റ്റിംഗ് എങ്കിൽ വാർഡിലോ ഓറ്റിയിലോ ഐസിയുവിലോ ഒരുമിച്ചാണെങ്കിൽ ആ ദിവസത്തെ നമ്മൾ ഹണിമൂൺ ഡേ എന്ന് വിളിച്ചു. ഒറ്റിയിലെ പ്രിപ്പറേഷൻ റൂം ആയിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രൈവറ്റായി കിട്ടിയിരുന്നത്. അവിടെ നമ്മൾ കുറേശ്ശെ അതിരുകൾ ലംഘിക്കും. താഴേക്ക് ഒഴുകിയിറങ്ങുന്ന അവന്റെ വിരലുകളെ ഞാൻ സ്വതന്ത്രമായി വിടും.

സർജറി ഡിപ്പാർട്ട്മെന്റിലെ പലർക്കും ഞങ്ങളുടെ ബന്ധമറിയാമായിരുന്നു. അവരൊക്കെ പലതിനും കണ്ണടച്ചു. തിരക്കുള്ള ദിവസങ്ങളിൽ അവൻ ഫുഡ് കഴിച്ചിട്ടില്ലെങ്കിൽ ഞാനും പട്ടിണിയിരിക്കും. ആ ഒരു വർഷം കൊണ്ട് ഞങ്ങളുടെ ബന്ധം ദൃഢമായിരുന്നു.

എന്റെ പരീക്ഷയുടെ സമയത്ത് അവന്റെ ഇന്റൻഷിപ്പ് കഴിഞ്ഞു. എത്രയും പെട്ടന്ന് ഒരു ഹോസ്പിറ്റലിൽ കയറാനുള്ള ശ്രമത്തിലായിരുന്നു അവൻ. അവസാന പരീക്ഷയുടെ അന്ന്, അവൻ നൽകിയ സന്തോഷ വാർത്തയുമായാണ് ഞാൻ എക്സാം ഹാളിൽ കയറിയത്. അവന്റെ നാട്ടിലെ തന്നെ നല്ലൊരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോലി ശരിയായി.

എക്സാം കഴിഞ്ഞ് ഞാനെന്റെ നാട്ടിൽ വന്നു. റിസൾട്ട് വന്നാൽ എത്രയും പെട്ടെന്ന് എക്സ്പീരിയൻസും ലാംഗ്വേജ് ട്രെയിനിംഗും ഒക്കെ കഴിഞ്ഞ് വിദേശത്ത് പോകണമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ ഞാൻ നിശബ്ദയായി.

എന്റെ പഠിപ്പിനു വേണ്ടിയെടുത്ത ബാങ്ക് ലോണിനെ കുറിച്ച് അമ്മ സദാ സമയവും ഓർമിപ്പിച്ചു. ആധാരം ബാങ്കിലാണ്…ഞാനതൊന്നും ശ്രദ്ധിച്ചില്ല. ജീവേട്ടനെ കാണാൻ കഴിയാത്ത സങ്കടമായിരുന്നു എനിക്ക്. വീട്ടുകാരോട് ചെയ്യുന്ന ചതിയാണെന്നറിയാം എങ്കിലും വിദേശത്തേക്ക് പോകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്ന് മാത്രമല്ല എത്രയും പെട്ടന്ന് എനിക്ക് ജീവേട്ടന്റെ ഭാര്യയാകാനായിരുന്നു മോഹം.

എന്റെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് റിസൾട്ട് വരും മുന്നേ തന്നെ ജീവേട്ടൻ അച്ഛനെയും അമ്മയെയും കൂട്ടി എന്റെ വീട്ടിൽ വന്നു. ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം ഒരു പൊട്ടിത്തെറിയായിരുന്നു എന്റെ അച്ഛനിൽ നിന്നുയർന്നത്….

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…