ഏതാനും അകലത്ത് എന്റെ പ്രിയപ്പെട്ടവൻ എനിക്ക് വേണ്ടി കാത്ത് നിൽക്കുന്നത് എനിക്കറിയാമായിരുന്നു. എപ്പോഴോ ഞാനാ ഫോണെടുത്ത് കാതോട് ചേർത്തു.

അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചു പോയി – രചന: അമൃത അജയൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം ഒരു പൊട്ടിത്തെറിയായിരുന്നു എന്റെ അച്ഛനിൽ നിന്നുയർന്നത്. എനിക്ക് തന്ന വാക്ക് പാലിച്ചുകൊണ്ട് എനിക്ക് പഠിക്കാൻ വേണ്ടിയെടുത്ത ലോൺ തിരിച്ചടച്ച് ആധാരം ബാങ്കിൽ നിന്നെടുത്ത് തരാമെന്ന് ജീവേട്ടൻ അച്ഛനെ ധരിപ്പിച്ചു…അത് കിട്ടിയിട്ട് കല്ല്യാണം നടത്തി തന്നാൽ മതിയെന്നും പറഞ്ഞു. ഞാൻ പ്രതീക്ഷയോടെ അച്ഛനെ നോക്കി.

അത് നടക്കില്ല…ആധാരം മാത്രം കിട്ടിയിട്ട് എന്തിനാ…ഇവൾക്ക് താഴെ രണ്ട് പെൺകുട്ടികളുണ്ട്. ഒരുത്തി പത്തിൽ അടുത്തയാൾ ഏഴിൽ…അവരെയാര് പഠിപ്പിക്കും…? ഇവൾക്ക് താഴെയുള്ളവൾക്ക് എൻജിനീയറിംഗിന് പോകണമെന്നാ ആഗ്രഹം. അവളെ പഠിപ്പിക്കണ്ടെ…അതിനു വേണ്ടിയാ ഇവളെ കണ്ണു തെളിച്ച് വിട്ടത്. ഇളയതുങ്ങളുടെ വിവാഹം വരെ നിങ്ങൾക്ക് ഏൽക്കാൻ പറ്റുമോ…എങ്കിൽ ഞാനീ നിമിഷം കെട്ടിച്ചു വിടാം…ഇല്ലെങ്കിൽ ഇവരൊക്കെയൊന്ന് പച്ച പിടിച്ചിട്ട് അവളുടെ കല്യാണക്കാര്യം ആലോചിക്കാം.

ജീവേട്ടൻ നിസാഹായനായി. ഒരു കുടുംബത്തിന്റെ ബാധ്യത മുഴുവൻ ഏറ്റെടുക്കാൻ ആ പാവത്തിന് കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അവർ പടിയിറങ്ങിപ്പോകുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു. ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ അകത്തേക്കോടി.

പക്ഷെ എന്നെയുപേക്ഷിക്കാൻ ജീവേട്ടൻ തയ്യാറല്ലായിരുന്നു. രാത്രി ഫോണിൽ വിളിച്ചു, കൂടെയിറങ്ങിച്ചെല്ലണമെന്ന് പറഞ്ഞു. എന്റെ ദുഃഖങ്ങൾ എന്നെക്കാൾ നന്നായി എന്റെ ഏട്ടനറിയാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് പറഞ്ഞു. വിഷമിക്കണ്ട…ബാങ്കിലടക്കാനുള്ള മുഴുവൻ പണവും ഞാൻ നിന്നെ ഏൽപ്പിക്കാം. അതവിടെ വച്ചിട്ട് നീയിറങ്ങി വന്നാൽ മതി…

അതിനിടയിൽ എന്റെ റിസൾട്ട് വന്നു. അടുത്തൊരു ഹോസ്പിറ്റലിൽ ഞാൻ പോയിത്തുടങ്ങി. ഒരു ദിവസം ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ ഹോസ്പിറ്റൽ ഗേറ്റിൽ എന്നെ കാത്ത് ജീവേട്ടനുണ്ടായിരുന്നു. ഒരു ബാഗ് എന്നെയേൽപ്പിച്ചു. ആ രാത്രി തന്നെ ഇറങ്ങണമെന്ന് എന്നോട് പറഞ്ഞു. തത്ക്കാലം ബാംഗ്ലൂരിലേക്ക് മാറാമെന്നും എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് വിട്ടു.

രാത്രി എല്ലാവരും ഉറങ്ങിയെന്നുറപ്പായപ്പോൾ ജീവേട്ടനേൽപ്പിച്ച ബാഗ് അമ്മയുടെ അലമാരിയിൽ സുരക്ഷിതമായി വച്ചിട്ട് ഞാൻ മെല്ലെയിറങ്ങി. മുൻവശത്തെ ഡോർ തുറക്കാനാഞ്ഞതും മുറിയിൽ വെളിച്ചം വീണു. അച്ഛൻ, അമ്മ, അനുജത്തിമാർ…

അച്ഛനെന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവിടെ സ്ലാബിൽ നാല് ഗ്ലാസ് ജ്യൂസും അതിനടുത്ത് രണ്ട് ചെറിയ ബോട്ടിലും ഉണ്ടായിരുന്നു. അതിലൊരെണ്ണം അച്ഛൻ കൈയ്യിലെടുത്തു. ഇത് കണ്ടോ വിഷമാണിത്. പോകണമെങ്കിൽ നിനക്കവന്റെ കൂടെയിറങ്ങിപ്പോയി സുഖമായിട്ട് ജീവിക്കാം. പക്ഷെ ഞങ്ങൾ നാല് ജീവനുകൾ ഇവിടെ മരിച്ച് വീഴും. ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി അച്ഛന്റെ മോൾക്ക് പോകാം.

എന്റെ ബാഗിലെ ഹാന്റ് ബാഗിൽ ഫോണിന്റെ വൈബ്രേഷൻ ഞാനറിയുന്നുണ്ടായിരുന്നു. ഏതാനും അകലത്ത് എന്റെ പ്രിയപ്പെട്ടവൻ എനിക്ക് വേണ്ടി കാത്ത് നിൽക്കുന്നത് എനിക്കറിയാമായിരുന്നു. എപ്പോഴോ ഞാനാ ഫോണെടുത്ത് കാതോട് ചേർത്തു….ഞാൻ വരില്ലേട്ടാ…എട്ടന്റെ മൈഥിലിയിനിയില്ല. ഏട്ടനൊരു ജീവിതം കിട്ടും. എനിക്കൊന്നും വിധിച്ചിട്ടില്ല. ഏട്ടനെ എനിക്ക് വിധിച്ചിട്ടില്ല…ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു. മറുവശത്ത് ഒന്നും മനസിലാകാതെ ജീവേട്ടനും…

നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് നടന്നതെല്ലാം ഞാൻ പറഞ്ഞു. മറുവശത്ത് നിശബ്ദതയായിരുന്നു. ഏട്ടാ…എന്തോ….? വേദനയുടെ സ്വരമുള്ള ശബ്ദം എന്റെ കാതിൽ വീണു. ഞാൻ നാളെ വരും കാണാൻ, അവസാനമായിട്ട് എനിക്ക് കാണണം. യാത്ര പറയണം, എനിക്ക് വേണ്ടി കാത്തിരുന്ന് ഏട്ടന്റെ ജീവിതം കളയരുത്. പിന്നെ ആ പണവും തിരിച്ചുതരും. അതിനപ്പുറം ഞാനൊരു പുതിയ മൈഥിലിയാണ്. എന്റെ കുടുംബം…അത് മാത്രമേ എന്റെ മനസിലുണ്ടാകു…

വേണ്ട, നീ വരണ്ട. എനിക്ക് നിന്നെ മനസിലാകും. ഇനി ഞാനെത്ര വിളിച്ചാലും നിനക്ക് വരാൻ കഴിയില്ലെന്ന് എനിക്കറിയാം. നിന്നെ എന്നേക്കാൾ കൂടുതൽ ആർക്കാ അറിയാൻ കഴിയുക. ആ പണം എനിക്ക് തിരിച്ച് വേണ്ട. നിന്നെക്കൊണ്ട് എല്ലാം കൂടി പറ്റില്ലെടി…അതെടുത്ത് നീ കടം തീർക്ക്. നിന്നെ സ്നേഹിച്ചവനല്ലേ ഞാൻ…ഇത്രയെങ്കിലും ഞാൻ നിനക്ക് വേണ്ടി ചെയ്യണ്ടേ…ആ ശബ്ദം ഇടറി തുടങ്ങിയപ്പോൾ എന്നോട് ഗുഢ്ബൈ പറഞ്ഞു കേൾ അവസാനിപ്പിച്ചു…പിന്നീട് ജീവേട്ടനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും കിട്ടിയില്ല.

ആ പണം തിരിച്ചേൽപ്പിക്കണമെന്നുണ്ടായിരുന്നു. വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്ന് റിസൈഗ്ന് ചെയ്തു. എവിടെ പോയി എന്നും അറിയാൻ കഴിഞ്ഞില്ല. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ആധാരവുമായി സന്തോഷത്തോടെ അച്ഛനിരിപ്പുണ്ട്. ജീവേട്ടൻ തന്ന പണമെടുത്ത് കടം വീട്ടിയിരിക്കുന്നു. അന്ന് തൊട്ടിന്നോളം എന്റെ കണ്ണിലെ കണ്ണുനീർ തോർന്നിട്ടില്ല. ഹൃദയം കല്ലാക്കി ജീവിക്കാൻ ശ്രമിച്ചു.

*************************

എയർപോർട്ടിൽ അച്ഛനും അനുജത്തിയുടെ ഭർത്താവും എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. അച്ഛന്റെ കണ്ണിലെവിടെയോ ഒരു നീർത്തിളക്കമുണ്ടായിരുന്നു. ഞാനൊരു പുഞ്ചിരി മാത്രം സമ്മാനിച്ചു. വീട്ടിലെത്തിയപ്പോഴും പ്രതീക്ഷിച്ചിരുന്നതൊക്കെ തന്നെ സംഭവിച്ചു. അമ്മയുടെയും അനുജത്തിമാരുടേയും കെട്ടിപ്പിടുത്തം, സ്നേഹം…

എന്റെ സമ്പാദ്യം കൊണ്ട് ആ വീട് മനോഹരമാക്കിയിരുന്നു. മൂത്ത അനുജത്തിയെ മുഴുവൻ പഠിപ്പിക്കേണ്ടി വന്നില്ല. എൻജിനിയറിംഗ് മൂന്നാം വർഷത്തിൽ വച്ച് ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം പോയി രജിസ്റ്റർ മാരേജ് ചെയ്തു. രണ്ടാമത്തവൾ ഫാഷൻ ഡിസൈനിംഗിന് കോയമ്പത്തൂർ ചേർന്നു.

എന്റെ മുറിയിൽ കയറിയപ്പോൾ വീണ്ടും ജീവേട്ടന്റെ ഓർമകൾ എന്നെ വന്നു പൊതിഞ്ഞു. ആരുടെയെങ്കിലും ഭർത്താവായി ജീവിക്കുന്നുണ്ടാകും. എത്ര കുഞ്ഞുങ്ങളുണ്ടാകും…? ഏട്ടന്റെ ആഗ്രഹം പോലെ ആ നെഞ്ചിൽ തുള്ളിക്കളിക്കാൻ ഒരു മോളും മോനുമുണ്ടാകും. അവരുടെ അമ്മ താനല്ലെന്ന് മാത്രം…സത്യത്തിൽ അത് ഭയന്നിട്ടാണ് നാട്ടിലേക്ക് ഒരിക്കൽ പോലും വരാതിരുന്നത്.

ജീവേട്ടൻ മറ്റൊരാളുടേതായി എന്നറിയുന്നത് എന്റെ മരണത്തിന് തുല്ല്യമാണ്. എത്രയായിട്ടും എനിക്കത് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല. തമ്മിൽ പിരിഞ്ഞിട്ടും കണ്ടിട്ടും എട്ട് വർഷം കടന്നു പോയിരിക്കുന്നു. അതിലാറു വർഷം താൻ UK യിൽ…

അച്ഛനും അമ്മയും അകത്തേക്ക് കയറി വന്നപ്പോൾ ഞാൻ കണ്ണു തുടച്ച് തിരിഞ്ഞു നോക്കി. മോളെ…അച്ഛൻ വിളിച്ചു. എന്താ അച്ഛാ…

നിനക്കച്ഛനോട്…അത് പറയുമ്പോൾ അച്ഛനൊന്നിടറിയോ…

വേണ്ടച്ഛാ…കഴിഞ്ഞതൊന്നും ഓർക്കണ്ട…

നിനക്കൊരു ജീവിതം വേണ്ടേ മോളെ….

ജീവിതം…ഞാൻ ഒന്ന് പുച്ഛിച്ച് ചിരിച്ചു. ഞാൻ മനസുകൊണ്ട് ഒരാൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നുണ്ടച്ഛാ…എവിടെയാണെന്നറിയില്ലെങ്കിലും എനിക്ക് പ്രണയിക്കാൻ ആ ഓർമകൾ മാത്രം മതി….എന്റെ കണ്ണുകൾ നിറഞ്ഞു തൂവി.

അങ്ങനെയല്ല മോളെ, അവനിപ്പോ ഒരു കുടുംബമൊക്കെ ആയിക്കാണും. മോൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മോൾക്ക് UK യിൽ തിരിച്ച് പോകാം. പയ്യൻ നമ്മുടെ വീട്ടിൽ നിക്കാനും തയ്യാറാ…അച്ഛൻ പറഞ്ഞു.

ഓ…നന്നായച്ഛാ…അതാകുമ്പോൾ എന്റെ കയ്യിൽ നിന്ന് ഇങ്ങോട്ടുള്ള ഒഴുക്ക് നിലക്കില്ല. അതൊന്നും പുറത്ത് പോകുകേം ഇല്ല…ഞാൻ പുഞ്ചിരിച്ചു.

മോളെ…അങ്ങനെ ഉദ്ദേശിച്ചല്ല. മോൾക്കിപ്പോ മുപ്പത് വയസു കഴിഞ്ഞില്ലേ…വരുന്ന ആലോചനയിൽ കൊള്ളാവുന്നതൊന്നാ അച്ഛൻ…

കൊള്ളാവുന്നത് എട്ടൊൻപത് വർഷങ്ങൾക്ക് മുൻപ് നല്ലതൊന്ന് വന്നിരുന്നച്ഛാ…ഈ മകളുടെ മനസ് മാത്രം ചോദിച്ചൊരാൾ…എന്നിട്ടും…ഞാൻ തേങ്ങിക്കരഞ്ഞു. ഇന്നും മകളുടെ മനസ്സിൽ അതേ ആഴത്തിൽ അവനുണ്ടെന്ന് ആ കണ്ണീര് കണ്ടപ്പോൾ അയാൾക്ക് മനസിലായി. എനിക്കൊന്ന് കിടക്കണം….ഞാൻ പറഞ്ഞു.

ഒരു മയക്കത്തിലേക്ക് വഴുതി വീണപ്പോഴാണ് നെറ്റിയിൽ ആരോ തൊട്ടത്. ഞാൻ കണ്ണ് തുറന്നു. ഒരമ്പരപ്പിന് ശേഷം അടുത്തിരുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി. രേഷ്മ…നഴ്സിംഗ് കോളേജിലെ പഴയ കൂട്ടുകാരി. ഞാൻ ചാടിയെഴുന്നേറ്റു. രേഷ്മാ…ഞാനവളെ കെട്ടിപ്പിടിച്ചു. സ്നേഹപ്രകടനങ്ങൾക്കും വിശേഷം പറച്ചിലുകൾക്കുമൊടുവിൽ അവളൊരു പോസ്റ്റ് കവർ പുറത്തെടുത്തു എന്റെ നേർക്ക് നീട്ടി.

അഡ്രസൊന്നുമില്ലായിരുന്നു. ഞാനത് തുറന്നു. അതിലെ ഓരോ വരികളിലൂടെ കണ്ണോടിച്ചപ്പോഴും എന്റെ ഹൃദയം പിടഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മറച്ചു, അക്ഷരങ്ങൾ മായ്ച്ചു…

എവിടെ…എവിടെയുണ്ട്. എനിക്കറിയണം. എനിക്ക് കാണണം. എനിക്ക് പോകണം രേഷ്മാ….ഞാനലറി വിളിച്ചു.

നീ UK പോയിക്കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു. എന്നെങ്കിലും നീ തിരിച്ചു വരുമ്പോൾ ഇതേൽപ്പിക്കാൻ പറഞ്ഞു. എവിടെയുണ്ടെന്ന് പറയ് രേഷ്മ….എന്റെ നിയന്ത്രണം വിട്ടു. ഹരിയാന….അവിടെ ഒരു റൂറൽ ഏരിയയിൽ സർക്കാർ ഹോസ്പിറ്റിലിൽ….

***********************

എന്റെ മാത്രം മൈഥിലിക്ക്…

ഇത്രയൊക്കെ സ്നേഹിച്ചിട്ടും ഒടുവിൽ നീയെന്നെ മനസിലാക്കിയില്ല അല്ലേ…പിരിയുമ്പോൾ എന്തിനായിരുന്നു കാത്തിരിക്കരുതെന്ന് പറഞ്ഞത്. കാത്തിരിക്കാനായിരുന്നില്ലേ പറയേണ്ടത്…? നീയിതെന്ന് വായിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം മൈഥിലി, നീയിപ്പോഴും തനിച്ചാണെന്ന്…എന്നെയോർക്കുമ്പോൾ നിന്റെ കണ്ണു നിറയുമെന്ന്…നിന്റെ നെഞ്ച് പൊട്ടുമെന്ന്…എനിക്ക് പകരമൊരാൾ നിന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന്…കാരണം ഇതൊക്കെ തന്നെയല്ലേ ഞാനുമിപ്പോൾ അനുഭവിക്കുന്നത്. കാത്തിരിപ്പുണ്ട് ഞാൻ…എന്നെങ്കിലും നീ വരുന്നതും കാത്ത്. കാരണം അത്രമേൽ ഞാൻ നിന്നെ പ്രണയിച്ചു പോയി….

മൈഥിലിയുടെ ജീവൻ.

ട്രെയിനിൽ ചൂളമടിച്ചെത്തുന്ന കാറ്റിന്റെ തണുപ്പിലും ഞാനാ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. മടിയിൽ കിടന്ന ലെറ്റർ ഇതിനോടകം ഒരായിരം വട്ടം വായിച്ചിട്ടുണ്ട്. അത്രയും തന്നെ കണ്ണുനീർ വീണ് ആ അക്ഷരങ്ങൾ മങ്ങിത്തുടങ്ങി.

നീയെത്ര ദൂരെയാണെങ്കിലും ഞാനവിടെയെത്തും ജീവേട്ടാ…ഇനിയെനിക്കൊരു മടക്കമില്ല. മരണം പോലും നിന്റെ മടിയിൽ കിടന്നാവും…കാരണം അത്രമേൽ…അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു….

അവസാനിച്ചു.