ശിക്ഷ – രചന: സൂര്യകാന്തി
പറയന്നൂർ പീഡനക്കേസിലെ പ്രതി പത്മനാഭൻ ആചാരി തൂങ്ങി മരിച്ച വാർത്ത പത്രത്തിന്റെ ഒരു മൂലയിൽ, വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഒരു വാർത്ത മാത്രമായിരുന്നു.
വർഷങ്ങൾക്ക് മുൻപേ പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന മുഖം. പത്തു വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന് പൊട്ടകിണറ്റിലെറിഞ്ഞ അച്ഛൻ. പത്മനാഭൻ ആചാരിയ്ക്കും ഭാര്യ സുമയ്ക്കും വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷത്തോളം കഴിഞ്ഞപ്പോൾ ഉണ്ടായ ഏകമകൾ. അന്ന് നിസ്സംഗത മാത്രം നിഴലിച്ച ആ മുഖം എല്ലാവരിലും രോഷമുണർത്തിയിരുന്നു.
ഒരിക്കൽ പോലും അയാൾ കുറ്റമേറ്റ് പറയുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. കുറ്റം തെളിയിക്കാനുള്ള പോലീസുകാരുടെ വ്യഗ്രതയിലും അയാൾ പ്രതികരിക്കാതെ നില കൊണ്ടു. തെളിവുകൾ എല്ലാം അയാൾക്കെതിരെയിരുന്നു. ഇത്രയും വലിയൊരു പാതകം ചെയ്തിട്ടും കോടതിയിൽ പോലും അയാൾ കല്ല് പോലെ നിന്നു. മനസ്സാക്ഷിയില്ലാത്തവൻ…
ഒരു വേള അയാളൊരു മനോരോഗി ആണെന്ന സംശയം പോലും തോന്നിപ്പോകുമായിരുന്നു. കോടതി വിധി കേൾക്കുമ്പോഴും, പോലീസുകാർക്കൊപ്പം ജയിലിലേക്ക് പോവുമ്പോഴും എല്ലാം അയാളുടെ മുഖത്ത് ആ നിർവികാരത തന്നെയായിരുന്നു. ജയിലിലും വർഷങ്ങളോളം അയാൾ തന്നിലേക്ക് മാത്രം ഒതുങ്ങിയായിരുന്നു ജീവിച്ചത്…
ഭാര്യയെയും കാമുകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി രാമനുണ്ണി സെല്ലിലേക്ക് എത്തുന്നത് വരെ…പിന്നീട് അയാളിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. മറ്റാരോടും സംസാരിക്കില്ലെങ്കിലും രാമനുണ്ണിയുമായി കൂട്ടായിരുന്നു ആചാരി…പത്തു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ നല്ല നടപ്പിന് ശിക്ഷ ഇളവ് കിട്ടി, വിട്ടയച്ച പ്രതികളിൽ ഒരാൾ അയാളായിരുന്നു. പക്ഷേ അഞ്ചാറു മാസങ്ങൾക്കുള്ളിൽ അയാൾ ആത്മഹത്യ ചെയ്തു.
പശുവും ചത്തു മോരിലെ പുളിയും പോയി. പിന്നെ എന്തിനാടോ അതിന്റെ പിറകെ തൂങ്ങുന്നത്. താനാ മേയർ വിശ്വനാഥക്കുറുപ്പിന്റെ വീട്ടിൽ നിന്നും ഒരു ഇന്റർവ്യൂ കിട്ടുമോന്ന് നോക്ക്. ആഴ്ച ഒന്നായിട്ടും അയാളുടെ കൊലപാതകത്തെ പറ്റി ഒരു തുമ്പും കിട്ടാത്തത് കൊണ്ടു അയാളുടെ ബന്ധുക്കൾ ആകെ ഇളകിയിരിക്കുകയാണ്. നമ്മുടെ മുൻ മന്ത്രി രാമകൃഷ്ണന്റെ കൊലപാതകം പോലെ ഇത് അത്ര ഈസിയായി രാഷ്ട്രീയ പ്രതിയോഗികളുടെ മേൽ ചാരാൻ പോലീസിന് സാധിക്കുമെന്ന് തോന്നുന്നില്ല.
രാമകൃഷ്ണൻ സാറിന്റെ മകൻ രാകേഷ് പാർട്ടി പ്രസിഡന്റായി ചുമതല ഏറ്റതോടെ അവർക്കും അന്വേഷണത്തിൽ വലിയ താല്പര്യം ഇല്ലാതെയായി അല്ലേ സാറേ…
അതൊക്കെ വലിയ വലിയ കളികളല്ലേ വിനോദേ…ഇനി മകൻ തന്നെയാണോ അച്ഛനെ മേലോട്ട് വിട്ടതെന്ന് ആർക്കറിയാം.
വിനോദ് ഒന്നും പറഞ്ഞില്ല. ഏതായാലും താൻ ചെന്നു ഞാൻ പറഞ്ഞ കാര്യം നോക്ക്. സെൻസേഷണലായ ന്യൂസ് വേണം നമുക്ക്. ഇപ്പോൾ കത്തി നിൽക്കുന്ന വേങ്ങരപ്പടി വാണിഭവും ആ ഹണി ട്രാപ്പ് ന്യൂസും കൂടെ ഒന്ന് കവർ ചെയ്തേക്കണം. പീഡനത്തിനൊന്നും ഇപ്പോൾ പഴയത് പോലെ ന്യൂസ് വാല്യൂ ഇല്ലാതായി.
ചീഫ് എഡിറ്റർ രാമനാഥൻ സാറിന്റെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വിനോദ് പത്മനാഭൻ ആചാരിയെ മറന്നു കഴിഞ്ഞിരുന്നു. വിനോദ് മേയറുടെ വീട്ടിൽ മുൻകൂട്ടി അനുവാദം വാങ്ങി എത്തിയപ്പോൾ കതക് തുറന്നത് അവിടുത്തെ ജോലിക്കാരിയായ ഷീജയായിരുന്നു.
വിശ്വനാഥക്കുറുപ്പിന്റെ ഡ്രൈവറായിരുന്ന ശിവന്റെ ഭാര്യ. ശിവൻ ഒരു മാസം മുൻപാണ് പുഴയിൽ വീണു മരിച്ചത്. വിനോദിന്റെ നാട്ടുകാരനാണ്. പുഴയിൽ നിന്നും ശിവന്റെ വികൃതമായ ചീർത്ത മൃതദേഹം കണ്ടെടുത്തത് മൂന്നാം ദിവസമായിരുന്നു.
വീട്ടുകാരുടെ പതിവ് വികാരപ്രകടനങ്ങളൊക്കെ പകർത്തിയെടുത്തു തിരികെ വീട്ടിലേയ്ക്ക് പോവുമ്പോൾ വൈകിയിരുന്നു. ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് തിരിയുന്ന വഴിയിലെ വലിയ വീട് ഇരുളിലായിരുന്നു. രണ്ടു മാസം മുൻപ് കരുണൻ വക്കീൽ കാറപകടത്തിൽ മരിച്ച ശേഷം ഭാര്യയും മക്കളും നാട്ടിലേക്ക് പോയി.
വിനോദ് വീടിന്റെ മുൻവാതിൽ തുറന്നു. റീനയും മക്കളും അവളുടെ വീട്ടിലാണ്. ആഹാരം പുറത്തു നിന്നും കഴിച്ചിട്ടാണ് വന്നത്. രണ്ടാമത്തെ പെഗ്ഗ് ഗ്ലാസിലൊഴിച്ച് ബാൽക്കണിയിൽ വന്നിരുന്നു. കുറച്ചു ദൂരെ റോഡിനപ്പുറം പോലീസ് ക്വാർട്ടേഴ്സുകളാണ്.
അതിനപ്പുറത്തുള്ള കോമ്പൗണ്ടിലായിരുന്നു എസ് പി ശശാങ്കൻ സാറിന്റെ വീട്. ഒരാഴ്ച മുൻപേയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ശശാങ്കൻ സാർ മരിച്ചത്. ഭാഗ്യത്തിന് അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. വക്കീൽ സാറിന്റെ ഫ്രണ്ടായിരുന്നു. ഇടയ്ക്കിടെ അവിടെ വന്നു പോകുന്നത് കണ്ടിട്ടുണ്ട്.
പെട്ടെന്ന് അയാളുടെ മനസ്സിൽ എന്തോ ഒന്നുടക്കി. പ്രമാദമായ കേസുകളുടെയൊക്കെ പേപ്പർ കട്ടിങ്സ് സൂക്ഷിച്ചു വെക്കുന്ന ശീലം ജേർണലിസത്തിനു പഠിക്കാൻ തുടങ്ങിയ കാലം മുതൽക്കേ ഉള്ളതാണ്. പീഡനം ദൈനംദിന കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നത് കൊണ്ടു അന്നത് വലിയ വാർത്തയായിരുന്നു. ഒത്തിരി നേരത്തെ തിരച്ചിലിനു ശേഷമാണ് അയാൾക്ക് ആ പത്രക്കടലാസുകൾ കിട്ടിയത്.
വിനോദ് ഒരു ഞെട്ടലോടെ ആ പേപ്പർ കഷ്ണവും പിടിച്ചു നിന്നു. കേരളത്തെ പിടിച്ചു കുലുക്കിയ പറയന്നൂർ പീഡനക്കേസിന്റെ അന്വേഷണച്ചുമതല എസ് ഐ ശശാങ്കൻ ഏറ്റെടുത്തു. അതായിരുന്നു വാർത്ത. പീഡനക്കേസിലെ ഇരയ്ക്ക് വേണ്ടി വാദിച്ച വക്കീൽ കരുണൻ ചാലിൽ…മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഉഷാ റാണി. മൂന്നു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.
ശശാങ്കൻ ഗ്യാസ് പൊട്ടിത്തെറിച്ചു മരിച്ചെങ്കിൽ വക്കീൽ ഒരു വാഹനാപകടത്തിൽ മരിച്ചു. ചതഞ്ഞരഞ്ഞ മൃതദേഹം സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തു. ഡോക്ടർ ഉഷാറാണിയുടേത് ഒരു ആത്മഹത്യയായിരുന്നു. വിവാഹമോചിതയായിരുന്ന ഡോക്ടർ ഒന്നര വർഷം മുൻപ് ഏകമകൻ ഒരു ആക്‌സിഡന്റിൽ മരിച്ചതിൽ പിന്നെ കടുത്ത മാനസിക വിഭ്രാന്തിയ്ക്കടിമയായിരുന്നു. തികച്ചും യാദൃശ്ചികം എന്ന് കരുതാവുന്ന മരണങ്ങൾ…
പക്ഷേ…അന്ന് ജേർണലിസം ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന അശോകിന്റെ അച്ഛൻ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. അച്ഛൻ സ്വകാര്യമായി ആരോടോ പറഞ്ഞ ചില കാര്യങ്ങൾ തികച്ചും യാദൃശ്ചികമായി അശോകിന്റെ ചെവിയിലെത്തി. അതവൻ വിനോദിനോട് പങ്കു വെച്ചിരുന്നു.
പത്മനാഭൻ ആചാരിയുടെ മകളെ കാണാതെയായതിന്റെ അന്വേഷണത്തിനിടെ ജംഗ്ഷനിലെ ചായക്കടക്കാരൻ കേസ്സന്വേഷണത്തിനായി ചെന്ന പോലിസുകാരോട് രഹസ്യമായി ഒരു വിവരം പറഞ്ഞു. കാണാതെയായ കുട്ടിയെ മേയർ വിശ്വനാഥക്കുറുപ്പിന്റെ വണ്ടിയിൽ കണ്ടിരുന്നുവെന്ന്…പക്ഷെ പോലിസ് രേഖകളിൽ ആ വിവരം രേഖപെടുത്തിയിരുന്നില്ല.
അങ്ങനെയൊരു വാർത്ത പുറംലോകം അറിഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കടക്കാരൻ കുടുംബത്തോടെ നാട്ടിൽ നിന്നും പോയത്രേ…
കുട്ടിയെ കാണാതായി മൂന്നാം ദിവസം തൊട്ടടുത്ത കാട് പിടിച്ചു കിടന്നിരുന്ന പറമ്പിലെ പൊട്ടക്കിണറ്റിൽ ആചാരിയുടെ മകളുടെ മൃതദേഹം കണ്ടെത്തുമ്പോൾ തെളിവുകളെല്ലാം അയാൾക്കെതിരായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുൻപും പലതവണ കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന കണ്ടെത്തൽ ആചരിക്കെതിരെയുള്ള തെളിവുകളിൽ ഒന്നായി സമർഥിക്കപ്പെട്ടു.
അപ്പോൾ മേയർ വിശ്വനാഥക്കുറുപ്പിന്റെയും മുൻമന്ത്രി രാമകൃഷ്ണന്റെയും വിശ്വനാഥക്കുറുപ്പിന്റെ വലം കൈ ആയിരുന്ന രഘുവിന്റെയും ഡ്രൈവർ ശിവന്റെയും മരണങ്ങൾ…?
**********************
മുൻപുള്ള ഒരു സന്ധ്യാനേരം പത്തുവയസുകാരിയായ ദേവിക എന്ന ദേവു തിടുക്കത്തിൽ വീട്ടിലേക്ക് നടക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞു കൂട്ടുകാരി ഷീനയുടെ വീട്ടിൽ കയറി. അതാണ് ലേറ്റ് ആയത്…
അച്ഛൻ ഇന്ന് നല്ലോണം വഴക്ക് പറഞ്ഞത് തന്നെ. എന്നാലും എന്തിനാ അച്ഛനിത്ര പേടി. ഇതെന്റെ നാടല്ലേ…എന്നെ അറിയാവുന്നവർ. ദിവസവും നടക്കുന്ന വഴി. രണ്ടു വളവ് കഴിഞ്ഞാൽ വീടെത്തി. എങ്കിലും സന്ധ്യയ്ക്ക് മുൻപേ വീട്ടിലെത്തിയില്ലെങ്കിൽ അച്ഛൻ വഴക്കാണ്. അമ്മ മുൻപേ തന്നെ പോയത് കൊണ്ടു അച്ഛന് തന്റെ കാര്യത്തിൽ വല്യ ആശങ്കയാണ്.
ദൈവമേ മഴ പെയ്യാൻ തുടങ്ങിയല്ലോ…ചുറ്റും ഇരുട്ട് വീണു തുടങ്ങിയിരുന്നു…ദേവുവിന് ചെറുതായി പേടി തോന്നി തുടങ്ങിയിരുന്നു. റോഡിൽ ആളുകളൊന്നും ഇല്ല. രാഘവേട്ടന്റെ ചായപ്പീടിക എത്തുന്നതിനും മുമ്പേയാണ് പിറകിൽ നിന്നും ഒരു വണ്ടി അവളെ ഇടിച്ചിട്ടത്.
തെറിച്ചു വീണ ദേവുവിന്റെ കാൽ മുട്ട് പൊട്ടിയിരുന്നു. ഇട്ടിരുന്ന ഫ്രോക്കിൽ ചോര പടർന്നു. കാറിൽ നിന്നും ഓടിയിറങ്ങി വന്ന ആളെ ദേവുവിന് അറിയാമായിരുന്നു. മേയർ വിശ്വൻ സാർ…പല തവണ അച്ഛനോട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടിൽ ആക്കി തരാമെന്ന് അയാൾ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ ദേവു കാറിൽ കയറി. ഡ്രൈവറെ കൂടാതെ ഫ്രണ്ട് സീറ്റിൽ വേറൊരാൾ കൂടെ ഉണ്ടായിരുന്നു.
ആ യാത്ര തന്റെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കാനുള്ളതാണെന്ന് കൊച്ചു ദേവു അറിഞ്ഞിരുന്നില്ല. ആ വലിയ വീട്ടിൽ കാലുകളും കൈകളും കട്ടിലിൽ ബന്ധിപ്പിച്ച നിലയിൽ കിടത്തിയ തന്റെ കുഞ്ഞു ശരീരത്തിൽ കയറി കിടന്നു കിതക്കുകയും മുരളുകയും ചെയ്യുമ്പോൾ, മരണവേദന അനുഭവിക്കുന്ന തന്നിൽ നിന്നും അവർക്ക് കിട്ടുന്നതെന്താണെന്ന് ആ കുഞ്ഞു മനസ്സിന് മനസ്സിലാവുന്നില്ലായിരുന്നു.
അച്ഛന്റെ പ്രായമുള്ളവരും അച്ഛനെക്കാൾ പ്രായമുള്ള വിശ്വൻ സാറും തന്നെയിങ്ങനെ വേദനിപ്പിക്കുന്നതെന്തിനെന്നു അവൾക്കറിയില്ലായിരുന്നു. പ്രാണവേദന അനുഭവിക്കുന്ന ആ കുഞ്ഞിന്റെ ഇനിയും എന്നെ വേദനിപ്പിക്കല്ലേ സാറേ എന്ന യാചനയ്ക്കും കരച്ചിലിനും പൊട്ടിച്ചിരിയും കേട്ടാലറയ്ക്കുന്ന വാക്കുകളുമായിരുന്നു മറുപടി.
ഒന്ന് ഞരങ്ങാൻ പോലുമാവാതെ കിടക്കുമ്പോൾ അച്ഛന്റെ മുഖമായിരുന്നു ആ പിഞ്ചു മനസ്സിൽ….ആ കുഞ്ഞു ശരീരത്തിൽ അവരുടെ പേക്കൂത്തുകൾ അവസാനിച്ചപ്പോൾ ആ ജീവൻ ദേഹത്തിൽ നിന്നും രക്ഷ നേടിയിരുന്നു. കാവൽ നായ്ക്കൾക്ക് നിർദ്ദേശങ്ങൾ നൽകി യജമാന്മാർ കളം വിട്ടപ്പോൾ ആ തണുത്തു മരവിച്ച പിഞ്ചു ശരീരത്തിൽ അവരും തങ്ങളുടെ കാമം ഒഴുക്കിത്തീർത്തു.
*************************
ജീവൻ ശരീരത്തിൽ നിന്നും വേർപെട്ട നിമിഷത്തിൽ തന്നെ തേടിയെത്തിയ മാലാഖയുടെ കൂടെ സ്വർഗ്ഗ കവാടത്തിൽ എത്തുമ്പോൾ തെല്ലകലെ നരകത്തിന്റെ വാതായനങ്ങൾക്കിടയിലൂടെ കണ്ട കാഴ്ച്ചകൾ പത്മനാഭൻ ആചാരിയുടെ ആത്മാവിലെ തീയണച്ചു.
താൻ അവിടെയെത്തിച്ചവർ നരകത്തീയിൽ വെന്തുരുകുന്നത് കണ്ടപ്പോൾ അയാൾ ഓർത്തത് തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ ഓരോരുത്തരെയും അവസാന ശ്വാസം എടുക്കുന്നതിനു മുൻപ് വരെ, ഇഞ്ചിഞ്ചായി വേദനിപ്പിച്ചതാണ്. എങ്കിലും ഒന്നുമറിയാത്ത തന്റെ കുഞ്ഞ് അനുഭവിച്ചതിനോളം ആവില്ല ഒന്നും…
സ്വർഗത്തിൽ അമ്മയോട് ചേർന്നിരിക്കുന്ന തന്റെ മകളുടെ ചുണ്ടിൽ ഇപ്പോഴൊരു പുഞ്ചിരി തെളിഞ്ഞിട്ടുണ്ടാവുമെന്ന് അയാൾ പ്രത്യാശിച്ചു….