ജീവനം – രചന: ശാരിലി
നഗരങ്ങളിലെ തിരക്കുകൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. നഗരത്തിലെ ഒരു ഫ്ലാറ്റിൽ കൂട്ടുകാരി മാനസിയോടൊപ്പം താമസിക്കുകയായിരുന്നു ശ്രീബാല. മാനസി നാട്ടിലേക്കു പോയപ്പോൾ ഇപ്പോൾ തനിച്ചാണ്. ഒന്നു മിണ്ടി പറയാൻ പോലും ആരുമില്ലാതെ ഒരു ഏകാന്തത മനസ്സിലും ഫ്ലാറ്റിലും.
ശ്രീബാല തൻ്റെ ഉടുപ്പുമാറ്റി അഴയിൽ കിടന്നചുവന്ന സാരി എടുത്തു ചുറ്റി. സുരേഷിൻ്റെ അവസന മെസ്സേജ് ഒരിക്കൽ കൂടി വായിച്ചു. ഫോട്ടോകൾ എൻ്റെ കയ്യിൽ ഭദ്രമാണ്. മെമ്മറി കാർഡ് അടക്കം നിൻ്റെ കയ്യിൽ ഞാൻ തരും. മൂന്ന് വർഷമായി ഞാൻ ഈ ഫോട്ടോയും നോക്കി വെള്ളമിറക്കി കൊണ്ടിരിക്കുകയാണ്. ഫോട്ടൽ റീഗൽ റൂമം നമ്പർ നൂറ്റി പതിനാറ്. പത്തു മണി ഞാൻ കാത്തിരിക്കും…
നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റിലിൽ നഴ്സാണ് ശ്രീബാല. മൂന്ന് വർഷങ്ങൾക്കു മുമ്പ് ആക്സിഡൻ്റായി ആശുപത്രിയിൽ വന്ന സുരേഷിനെ ശുശ്രൂഷിച്ചത് അവളായിരുന്നു. സുരേഷ് ആശുപത്രി വിട്ടപ്പോൾ ഒരു മാസം വീട്ടിൽ വന്ന് ഫിസിയോ തെറാപ്പി ചെയ്യാൻ സാധിക്കുമോ എന്നു ചോദിച്ചപോൾ പൈസയുടെ കഷ്ടപ്പാടു കണക്കിലെടുത്ത് സമ്മതിച്ചത് തൻ്റെ ജീവിതം തന്നെ കഷ്ടത്തിലാകുമെന്ന് വിചാരിച്ചില്ല. ഇപ്പോൾ തോന്നുന്നു എല്ലാം അയാൾ മനപുർവ്വം സൃഷ്ടിച്ചതാകാമെന്ന്.
രാവിലെ മുതൽ അവൾ അസ്വസ്ഥതയാണ്. ഒരു പെണ്ണിൻ്റെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു. എന്തുകൊണ്ടാണ് ആണുങ്ങൾ ഇത്രയും കാമദാഹികളായി മാറുന്നത്. ഒരു നേഴ്സായ തൻ്റെ സ്പർശനങ്ങൾ അവരുടെ വികാരത്തെ ഉണർത്തിയെങ്കിൽ അവനു തീർച്ചയായും സ്വന്തം പെങ്ങളയോ അമ്മയേയോ പുണരുവാൻ സാധിക്കില്ല. ഒരു നഴ്സ് തൻ്റെ മുന്നിൽ കിടക്കുന്ന ശരീരത്തിലെ വികാരങ്ങളെയല്ല തൊട്ടുണർത്തുന്നത്. അവരുടെ വേദനകളെയാണ് ശുശ്രൂഷിച്ച് ഭേതമാക്കുന്നത്. സ്വന്തം ഭാര്യയിൽ കിട്ടാതിരിക്കുന്ന എന്തു സുഖമാണ് പരസ്ത്രീ യിൽ നിന്നും ലഭിക്കാൻ ഉള്ളത്. മറ്റുള്ളവർക്കും ഒരു കുടുംബമുള്ള കാര്യം അവൻ മനസ്സിലാക്കുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മനുവേട്ടൻ ഇക്കാര്യമറിഞ്ഞാൽ ഇശ്വരാ…ഒന്നും പ്രതികരിക്കില്ലെങ്കിലും ആണുങ്ങളുടെ മനസ്സിൽ എത്രകണ്ട് സംശയമില്ല എന്നവർ തറപ്പിച്ചു പറഞ്ഞാലും എവിടെയെങ്കിലും ഒരു സംശയ നിഴൽ ഉടലെടുക്കും. ആ സംശയനിഴലിന് പിന്നീടുള്ള ചെറിയ കൊച്ചു കൊച്ചു സംഭവങ്ങൾ ജീവൻ നൽകും. കാടുകയറിയ ചിന്തകളെ മൂടിവെച്ചു കൊണ്ട് ക്ലോക്കിലേക്ക് ഒരിക്കൽ കൂടി നോക്കി. ഒമ്പതു മണി.
അവൾ തൻ്റെ ടൂവീലറിൽ അയച്ചു തന്ന വിലാസം ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. ഹോട്ടലിനു വെളിയിൽ നിറുത്തിയിട്ടിരിക്കുന്ന വില കൂടിയ കാറുകളിനിടയിലേക്ക് വണ്ടി ഒതുക്കി വെച്ചു. ചുറ്റുപാടും ഒന്നു നോക്കി എല്ലാം അപരിചിത മുഖങ്ങൾ. ഒരു പക്ഷേ വലിയ ഹോട്ടൽ ആയതു കൊണ്ടാകും ആരും തന്നെ ശ്രദ്ധിക്കാതിരിക്കുന്നത്. മനസ്സിൽ ചെറിയ ആശ്വാസം.
ഹെൽമെറ്റ് ഊരാതെ തന്നെ റിസപ്ക്ഷനിലേക്ക് നടന്നു. ഹെൽമെറ്റിൻ്റ മുൻവശത്തെ ഗ്ലാസ്സ് അല്പം ഉയർത്തി പിടിച്ചു ചോദിച്ചു. റൂം നമ്പർ വൺ വൺ സിക്സ്. പുഞ്ചിരിച്ച മുഖവുമായി ആ സുന്ദരിയായ സ്ത്രീ മറുപടി പറഞ്ഞു. ഫസ്റ്റ് ഫ്ലോർ ലിഫ്റ്റിനടുത്തായുള്ള റൂം. നന്ദി പറഞ്ഞു കൊണ്ടവൾ ലിഫ്റ്റിനെ ലക്ഷ്യമാക്കി നടന്നു.
ലിഫിറ്റിലെ ബട്ടണിൽ അമർത്തുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. കൈകൾ മാത്രമല്ല ശരീരം മുഴുവനും പതിവിൽ കവിഞ്ഞുള്ള ശരീരോഷ്മാവ് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആത്മധൈര്യം വീണ്ടെടുത്ത് റൂമിൻ്റെ കതകിൽ തട്ടി.
തന്നെ കാത്തിരിക്കും വിധം അവൻ പെട്ടന്നു ത്തന്നെ കതകു തുറന്നു. വൗ പ്രതീക്ഷിച്ചതിലും നേരത്തേ ത്തന്നെയെത്തി മിടുക്കി. പെണ്ണുങ്ങൾ ആയാൽ ഇങ്ങിനെ വേണം. ചിരിച്ചു കൊണ്ട് പറയുന്ന അവൻ്റെ മുഖത്തേക്ക് നോക്കാതെ അകത്തേയ്ക്ക് കയറി ഒരു ഭാഗത്തേയ്ക്ക് മാറിനിന്നു.
ശബ്ദത്തിന് എന്തോ പുറത്തേക്ക് വരാൻ ഭയമുള്ള പോലെ ഇതുവരെയുണ്ടായിരുന്ന ധൈര്യമെല്ലാം. ആ വർണ്ണ വെളിച്ചത്തിൽ ചോർന്നു പോയ പോലെ. അവൻ കട്ടിലിൽ പോയിരുന്നു. പേടിയുണ്ടോ ശ്രീബാല…ഒന്നും മറുപടി പറയാതെ ടേബിളിലെ മദ്യ കുപ്പികളിലേക്ക് നോക്കി കണ്ണീർ വാർത്തുകൊണ്ടു നിന്നു.
സുരേഷ് എൻ്റെ ജീവിതം തകർക്കരുത്. ജീവിതത്തിൽ ഇന്നുവരെ ഒരു തെറ്റും ചെയ്യാത്തവളാണ് ഞാൻ. തന്നെ വെറുതെ വിടൂ…പൊട്ടിച്ചിരിച്ചു കൊണ്ടവൻ കട്ടിലിൽ നിന്ന് എന്നേറ്റു.
അയ്യടാ ഒരു പതിവ്രത…നീ തെറ്റുകാരിയല്ല എന്ന് എനിക്ക് നന്നായി അറിയാം. നിൻ്റെ ഒരു ഫോട്ടോയും തൻ്റെയടുക്കലില്ല നിന്നെയിവിടെ വരുത്താൻ ഞാൻ കളിച്ച നാടകമായിരുന്നു ഇതെല്ലാം…അവൾ മുഖമുയർത്തി രൂക്ഷമായി അവനെയൊന്നു നോക്കി.
എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം. എനിക്ക് പോകണം. അവൾ അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കാനായി തുനിഞ്ഞപ്പോൾ അവൻ അതു തടഞ്ഞു. അങ്ങിനെയങ്ങ് പോയാലോ…നിനക്ക് കാരണമറിയണ്ടേ…
എനിക്ക് ഒന്നും കേൾക്കണ്ട. നിന്നെ പോലെ ഒരുവനെ ശുശ്രൂഷിച്ചതിന് ഞാൻ ലജ്ജിക്കുന്നു.
നീ കേൾക്കണം. നിൻ്റെ മനുവേട്ടൻ നശിപ്പിച്ച എൻ്റെ ജീവിതം എനിക്ക് തിരിച്ചു തരണം. അവൻ്റെ വാക്കുകൾ കേട്ട് ആകാംക്ഷയോടെ അവൾ ചോദിച്ചു. അന്യനാട്ടിൽ കിടക്കുന്ന മനുവേട്ടനെങ്ങിനെയാ നിങ്ങളുടെ ജീവിതം നശിപ്പിച്ചത്. വീണ്ടും ആ പഴയ ചിരി അവൻ്റെ മുഖത്ത് വിടർന്നു. അല്പനേരത്തെ മൗനത്തിന് ശേഷം അവൻ തുടർന്നു.
നിനക്ക് ഇന്ദുവിനെ അറിയില്ലേ…? അറിയാം. നിങ്ങളുടെ ഭാര്യ. അപ്പോൾ മറന്നിട്ടില്ല, അവൾ ഇന്ന് ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പില്ല. നിൻ്റെ മനുവേട്ടൻ്റെ പ്രവർത്തിയിൽ മനംനൊന്തു അവൾ ആത്മഹത്യ ചെയ്തു. പറഞ്ഞു തീർന്നതും അവൾ രോഷാകുലനായി.
എൻ്റെ മനുവേട്ടൻ..!! ഇല്ല. ഞാനിത് വിശ്വസിക്കുകയില്ല. നിങ്ങൾ കള്ളം പറയുകയാണ്.
വിശ്വസിക്കണം വിശ്വസിച്ചേ മതിയാകൂ…നിനക്കു ചിലപ്പോൾ ഓർമ്മ കാണില്ല. എല്ലാം എൻ്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. രണ്ടു ദിവസം നീ വരാതിരുന്നപ്പോൾ നിന്നെ തേടി ഇന്ദു നിൻ്റെ വീട്ടിൽ ചെന്നിരുന്നു. അവധിക്ക് നാട്ടിൽ വന്നിരുന്ന നിൻ്റെ മനുവേട്ടൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. എന്നെ രക്ഷിക്കാൻ ഉള്ള കൂലിയായി നിൻ്റെ മനുവേട്ടൻ അവശ്യപ്പെട്ടത് അവളോടൊപ്പം കിടക്ക പങ്കിടാനായിരുന്നു. എതിർക്കാൻ ശ്രമിച്ച അവളെ അവൻ കീഴ്‌പ്പെടുത്തുകയായിരുന്നു.
സ്വന്തം ഭർത്താവിനു വേണ്ടി ജീവിതം തന്നെ കാഴ്ചവെക്കേണ്ടി വന്ന എൻ്റെ ഇന്ദുവിൻ്റെ ചരമവാർഷികമാണ് ഇന്ന്…വിഷം കഴിച്ച മരണവെപ്രാളത്തിൽ അവൾ എല്ലാ കാര്യവും എന്നോട് പറഞ്ഞു. എനിക്ക് വേണമെങ്കിൽ മനുവിനെ പോലീസിന് കാട്ടി കൊടുക്കാമായിരുന്നു. ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്ത അവൾ സമൂഹത്തിനു മുന്നിൽ പരിഹാസ കഥാപാത്രമാകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
ഞാനനുഭവിച്ച വേദന അവനും അനുഭവിക്കണം. ജീവിതത്തിൽ ഒറ്റപ്പേടുമ്പോഴുണ്ടാകുന്ന വേദന. ഇന്നു മുതൽ നിനക്ക് നിൻ്റെ മനുവേട്ടനോടൊത്ത് ജീവിക്കാൻ കഴിയുമെങ്കിൽ നിന്നെയൊരു സ്ത്രീയായി ഞാൻ കാണുകയില്ല. ഇത്രയും നാൾ നിന്നെ തേടിയുള്ള അലച്ചിലിനൊടുവിലാണ് നിന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞത്. ഈ നഗരത്തിലെ പല ആശുപത്രികളും കയറിയിറങ്ങി. അവസാനം ദൈവം നിന്നെ എൻ്റെ മുന്നിൽ എത്തിക്കുകയായിരുന്നു.
ഈ ഒരു ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. നിനക്ക് പോകാം. നീ ഒന്നു മനസ്സിലാക്കണം. ഭാര്യമാരെ സ്നേഹിക്കുന്ന നല്ല ഭർത്താക്കൻമാരും ഈ സമൂഹത്തിലുണ്ടെന്നുള്ള കാര്യം. നിൻ്റെ മനുവേട്ടന് അതിന് യോഗ്യതയില്ല. അവൻ ചതിയനാണ്. നിന്നെ സ്നേഹിച്ചു വഞ്ചിക്കുകയാണവൻ.
എല്ലാം കേട്ടുകൊണ്ട് പൊട്ടിക്കരയാനേ അവൾക്കു കഴിഞ്ഞുള്ളൂ. ഇത്രയും നേരം മനസ്റ്റിൽ ക്രൂരനായിരുന്ന ഈ മനുഷ്യൻ. മനുഷ്യത്വമുള്ള ആണുങ്ങളുടെ കൂട്ടത്തിൽ ഉള്ള ഏറ്റവും നല്ല ഒരുവൻ്റെ സ്ഥാനമായിരുന്നു അവളുടെ മനസ്സിൽ…
മനുവേട്ടൻ ചെയ്ത തെറ്റിന് ആ കാലിൽ പിടിച്ചു മാപ്പു പറയണമെന്നുണ്ടായിരുന്നു. ഇത്രയും നാൾ ഞാൻ സ്നേഹിച്ച വിശ്വസിച്ച എൻ്റെ മനുവേട്ടൻ ഒരു നിമിഷം കൊണ്ട് മനസ്സിൽ നിന്ന് അകന്നു പോയിരിക്കുന്നു. ചിരിച്ച മുഖത്തോടു കൂടി കതകു തുറന്നു തന്ന് ആ മനുഷ്യൻ ഒരിക്കൽ കൂടി പറഞ്ഞു.
തൻ്റെ ജീവൻ രക്ഷിച്ച ഒരു മാലാഖയുടെ സ്ഥാനമാണ് തനിക്ക് എൻ്റെ മനസ്സിൽ. എല്ലാ ആണുങ്ങളും ഒരുപോലെയല്ല. ഇനിയുള്ള കാലം മനു എന്ന നിൻ്റെ ഭർത്താവ് ഭാര്യയുടെ കുറ്റപ്പെടുത്തലുകളിൽ നീറി നീറി ജീവിക്കും. ജീവിതത്തിൽ ഒറ്റപ്പെട്ട് സ്നേഹമെന്ന വാക്കിന് പകരം നൽകാനാവാതെ. മതി ഇത്രയും മതിയെനിക്ക്…
തന്നെ പുറത്താക്കി കതകടച്ചപ്പോൾ ആ മനുഷ്യന് അവളുടെ മനസ്സിൽ ദൈവത്തിൻ്റെ സ്ഥാനമായിരുന്നു. ഒറ്റപ്പെടലിൻ്റെ വേദനയെ തൊട്ടറിഞ്ഞവൾ നിറകണ്ണുകളുമായി വീട്ടിലേക്ക് തിരിച്ചു.