കിടപ്പറയിൽ എന്നേക്കാൾ ഉത്സാഹം കാണിക്കുന്നവൾ. ഇന്നവളെന്നെ പലപ്പോഴും ശ്രദ്ധിക്കാറുപോലും ഇല്ലാ…

രചന: അഞ്‌ജലി മോഹൻ

ഭ്രാന്താണവൾക്ക്…മുഴുത്തഭ്രാന്ത്‌…ഇവിടെ പൂട്ടിയിടോ ഷോക്ക് അടിപ്പിക്കുവോ എന്താന്ന് വച്ചാൽ ചെയ്തോ…ഇനിയും എനിക്കിത് സഹിക്കാൻവയ്യ. വന്ന് വന്നിപ്പോ അവള് എന്റെ കുഞ്ഞിനേയും….അവൻ മുന്നിലുള്ള ടേബിളിലേക്ക് തലചായ്ച്ചു കിടന്നു.

കൂൾ മിസ്റ്റർ ആദിത്യൻ. ഈ വെള്ളം കുടിക്കൂ. എന്നിട്ട് പറയൂ…ചെറിയ വിറവലോടെ ആർത്തിയോടെ അവനത് കുടിച്ചുതീർത്തു.

അറിയില്ലെനിക്ക്…പ്രസവശേഷം അവൾ ഇങ്ങനെയാണ്. ചില സമയങ്ങളിൽ ഇരുന്ന് കരയുന്നത് കാണാം, ചില ദിവസങ്ങളിൽ ഉറങ്ങാറില്ല, ഭക്ഷണംപോലും കഴിക്കാറില്ല. ചിലപ്പോഴൊക്കെ ഭ്രാന്തമായ കളികൾ. ഇങ്ങനൊന്നും അല്ലായിരുന്നു അവൾ. ഒരുപാട് സ്നേഹമുള്ളവളായിരുന്നു.

എന്റെ വാശിയെ, അസഹനീയമായ ദേഷ്യത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്നവൾ. കിടപ്പറയിൽ എന്നേക്കാൾ ഉത്സാഹം കാണിക്കുന്നവൾ. ഇന്നവളെന്നെ പലപ്പോഴും ശ്രദ്ധിക്കാറുപോലും ഇല്ലാ…ഏത് നേരവും മറ്റേതോ ലോകത്താണ്. സ്വന്തമായി പണിതുവച്ച അവളുടേത് മാത്രമായ ലോകത്ത്. അതിൽ ഞാനോ കുഞ്ഞോ ആരുമില്ല…..

വാവ വരുന്നതിൽ എന്നേക്കാൾ സന്തോഷം അവൾക്കായിരുന്നു. പക്ഷേ മോള് വന്നതിനു ശേഷം കുഞ്ഞിനോട് ഒരു അടുപ്പമോ സ്നേഹമോ ഒന്നും കണ്ടില്ല. സെക്ഷ്വൽ ആയിപോലും ബന്ധപെട്ടിട്ട് മാസങ്ങളായി ഡോക്ടർ. എല്ലാം സഹിച്ചു. ഒന്നും ചോദിക്കാറില്ല, അവളെ അവളുടെ ലോകത്ത് ജീവിക്കാൻ വിട്ടു. പക്ഷേ….കഴിഞ്ഞ ദിവസം ഞങ്ങടെ കുഞ്ഞിനെ അവള്…ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവളെന്റെ മോളെ…പറയാനാവാതെ ആാാ അച്ഛന്റെ മനസ്സ് വേദനിച്ചു.

എനിക്കിനി വയ്യ ഡോക്ടർ. ഇതിലും അധികം സഹിക്കാനാവില്ല. കേട്ട് കഴിഞ്ഞപ്പോളുള്ള ഡോക്ടറിന്റെ ചുണ്ടിലെ ചിരിയവനെ ദേഷ്യം പിടിപ്പിച്ചു. ഞാൻ എന്റെ കുഞ്ഞിനെ അവള് ഇല്ലാതാക്കാൻ നോക്കി എന്നാണ് ഡോക്ടർ പറഞ്ഞത്…അവൻ ഒച്ചയെടുത്തു.

ആദിത്യൻ ഞാൻ നിങ്ങടെ ഇമോഷനെ കളിയാക്കിയതല്ല. നിങ്ങൾ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. നിങ്ങളെന്നല്ല സമൂഹത്തിലെ ഭൂരിഭാഗം പേരും ചിന്തിക്കാത്ത ഒരു കാര്യം. ഒരു കുഞ്ഞിന്റെ ജനനത്തിനൊപ്പം പുതിയ ഒരു കുഞ്ഞ് മാത്രമല്ല ആദിത്യൻ പുതിയൊരു അമ്മകൂടിയാണ് പിറവിയെടുക്കുന്നത്. പലപ്പോഴും സമൂഹം അത് മനസിലാക്കുന്നില്ല. അതേപ്പറ്റി ചിന്തിക്കുന്നില്ല എന്ന് പറയുന്നതാണ് ശരി.

ആൻഡ് ഇറ്റ് ഈസ്‌ എ ക്ലിയർ കേസ് ഓഫ് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ…അഥവാ പ്രസവാനന്തര വിഷാദം. ഇന്ത്യയിൽ 40 തൊട്ട് 60% സ്ത്രീകളിലും ഇത് കണ്ടുവരുന്നു. താനൊരു നല്ല അമ്മയാണോ…തന്റെ കുഞ്ഞിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുമോ….തുടങ്ങി ഒരുപാട് ചോദ്യങ്ങൾ അവരുടെ തന്നെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് ഇതിനുള്ള കാരണം. അതേ ഇതൊരു രോഗം തന്നെയാണ്. ചികിൽസിച്ച് മരുന്ന് കഴിക്കേണ്ടുന്ന രോഗം.

പക്ഷേ വേണിയുടെ ഈ മാറ്റം താനെന്തുകൊണ്ട് ഇത്രയും നാള് കണ്ടില്ലെന്ന് നടിച്ചു…? ആർക്കുവേണ്ടിയ ആദിത്യൻ അവളെ തനിച്ചിരിക്കാൻ വിട്ടത്…?അവിടെയാണ് ഇയാൾക്ക് തെറ്റുപറ്റിയത്. ഇതിന് താൻ തന്റെ വൈഫിനെ തനിച്ചിരിക്കാൻ വിടുവല്ലായിരുന്നു വേണ്ടത് ചേർത്ത് പിടിക്കണമായിരുന്നു. കാര്യങ്ങൾ ചോദിച്ചറിയണമായിരുന്നു. അവിടെയെല്ലാം ഒരു ഭർത്താവെന്ന രീതിയിൽ ഇയാൾ വലിയ വീഴ്ചകൾ വരുത്തി.

സീ മിസ്റ്റർ ആദിത്യൻ അവളൊറ്റയ്ക്കല്ല ഒപ്പം ആദിത്യൻ ഉണ്ടെന്ന് വേണിക്ക് തോന്നണം. അവളൊരു നല്ല അമ്മ തന്നെയാണെന്ന് അവൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. അതിന് തന്നെക്കൊണ്ടേ പറ്റൂ ആദിത്യൻ. അവൾക്കിപ്പോൾ ആവശ്യം നിങ്ങളെ തന്നെയാണ്. ഷി നീഡ്‌സ് യു….ഒപ്പം നമുക്ക് മെഡിസിൻസും എടുക്കാം.

തളർന്നവൻ മുന്നിലെ ടേബിളിലേക്ക് വീണ്ടും ചാഞ്ഞു. തന്റെ ചെയ്തികളെ അൽപനേരം സ്വയം വിലയിരുത്തി. തലയുയർത്തി ഡോക്ടർക്ക് നേരെ കൈകൾ നീട്ടി. പുഞ്ചിരിയോടെ വേണിക്കരുകിലേക്ക് നടന്നു.

വേണീ…വിളികേട്ടില്ല മറ്റെവിടെയോ ആണ്. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടവളുടെ…വേണീ…അല്പംകൂടെ ഉറക്കെ വിളിച്ചുകൊണ്ട് അരികിൽ ചെന്നിരുന്നു. നമുക്ക് തിരികെ പോകാം….ആശ്ചര്യത്തോടെ നോക്കുന്ന അവളെ അവൻ മാറിലേക്ക് ചേർത്തുകിടത്തി.

ആദിയേട്ടൻ അല്ലേ പറഞ്ഞത് വേണിക്ക് ഭ്രാന്താണെന്ന്. ആണോ ആദിയേട്ടാ…എനിക്കെന്താ എന്റെ കുഞ്ഞിനെ കാണുമ്പോ ഒരു വാത്സല്യവും തോന്നാത്തത്…? ഇഷ്ടമാണ് എനിക്കെന്റെ വാവയെ. ഞാനെടുക്കുമ്പോ വാവ കരച്ചിൽ നിർത്തില്ല. ഞാൻ ഉറക്കുമ്പോ ഉറങ്ങാതെ കരഞ്ഞുകൊണ്ടിരിക്കും. അത് കേൾക്കുമ്പോ തലപെരുക്കുന്നത് പോലെയാ. ഉറങ്ങാൻ പോലും പറ്റുന്നില്ലെനിക്ക്.ഞാൻ…ഞാൻ നല്ലൊരു അമ്മതന്നെയല്ലേ ആദിയേട്ടാ…?

കരഞ്ഞുകൊണ്ടവൾ അവന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു. എന്റെ വേണിയല്ലേ അവളെ പ്രസവിച്ചത്…?? അപ്പൊ എന്റെ വേണിടെ സ്വന്തം വാവ തന്നെയാ അത്. അവൾടെ സ്നേഹമുള്ള അമ്മ തന്നെയാ നീ…അവനവളെ മുറുകെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ അമർത്തി മുത്തി. ഞാനും മോളുമുണ്ട് നിന്റൊപ്പം എന്നും എപ്പോഴും…അവൾ നിർവികാരത നിറഞ്ഞ മുഖത്ത് ചെറുചിരിയുമായി അവന്റെ തോളിലേക്ക് തലചായ്ച്ചു.

പിന്നീട് കുഞ്ഞിന്റെ കാര്യമെല്ലാം ആദിത്യൻ തന്നെ നോക്കി…വേണിയ്ക്കുവേണ്ടി അവളുടെ ചിന്തകളെ മാറ്റാനായി കുറച്ച് കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിക്കുവാനും അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുവാനും അവൻ തന്നെ ഏർപ്പാടാക്കി കൊടുത്തു.

അവള് പഠിപ്പിക്കുന്നിടത്ത് വാവയുമായി ചെന്നിരിക്കും. അവള് നൃത്തം പഠിപ്പിക്കുമ്പോൾ അവനും വാവയുടെ കുഞ്ഞുകൈകൾ പിടിച്ച് അതുപോലെ ചെയ്യിപ്പിക്കും…

***********************

പപ്പ വരാം ട്ടോ പൊന്നേ. ഈൗ സോപ്പ് കഴുകി കഴിഞ്ഞ് ഉടനെ വരാമേ. കരയല്ലേ…കരയല്ലേ വാവേ….നിലവിളിച്ചുകരയുന്ന വാവയോടവൻ കുളിമുറിക്കകത്തുനിന്നും ഉറക്കെ വിളിച്ചുപറഞ്ഞു. പിന്നീട് കരച്ചിലൊന്നും കേട്ടില്ല. എന്തോ ഭയം വന്നുമൂടി കയ്യിൽ കിട്ടിയ മുണ്ട് വാരിചുറ്റി പുറത്തേക്കിറങ്ങി.

മുന്നിലെ കാഴ്ച അത്ഭുതത്തെക്കാൾ സന്തോഷം നൽകി. നിർവൃതിയോടെ പുഞ്ചിരിയോടെ മുലയൂട്ടുകയാണവൾ “വേണി….” കരയാതെ കുഞ്ഞി കണ്ണുകൾ വിടർത്തി അവളുടെ അമ്മയെ തന്നെ നോക്കി ആർത്തിയോടെ ആാാ കുരുന്ന് മുലപ്പാൽ നുണയുകയാണ്. മുലഞെട്ട് വായയിൽ നിന്നും തെന്നിപോകുമ്പോ ചിണുങ്ങുന്ന അവളെ നോക്കി വേണി കുറുമ്പോടെ ചിരിക്കുന്നുണ്ട്. നിറയെ നിറയെ നിറയെ സ്നേഹത്തോടെ കുഞ്ഞുമുഖത്ത് ചുംബിക്കുന്നുണ്ട്.

ആാാ കാഴ്ച ആദിത്യന്റെ കണ്ണുകളെ ഈറനാക്കി. നടന്നുചെന്ന് അവർക്കൊപ്പം ഇരുന്നു. വേണിയെ അവനിത്തിരി പരിഭവത്തോടെ നോക്കി. കൊഞ്ചിച്ചിരിയോടവൾ ഏറെ നാളുകൾക്ക് ശേഷം അവന്റെ വലം കവിളിൽ ചുണ്ടമർത്തി. നാണത്തോടെ അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.

(സമൂഹത്തിൽ ഇന്ന് പലർക്കും അറിയാത്തൊരു അസുഖമാണ് പോസ്റ്റുപാർട്ടം ഡിപ്രെഷൻ അഥവാ പ്രസവാനന്തര വിഷാദം. പൊതുവെ സ്ത്രീകളിൽ പ്രസവശേഷം കണ്ടുവരുന്ന ഈ അസുഖം സാധാരണ വിഷാദ രോഗത്തെപോലെത്തന്നെ അമിത വിഷമം, ദേഷ്യം, കൂടാതെ കുട്ടിയെ നോക്കാനോ ഒന്നും ചെയ്യാനോ തോന്നാതെ ഇരിക്കുക, കുട്ടിയോടൊത്തുള്ള സമയങ്ങളിൽ സന്തോഷം തോന്നാതെ ഇരിക്കുക, വിശപ്പും ഉറക്കവും കുറയുക, ഒന്നിലേക്കും ശ്രദ്ധിക്കാൻ പറ്റാതിരിക്കുക, ചില ഘട്ടങ്ങളിൽ ആത്മഹത്യ ചെയ്യാനുള്ള പ്രവണത…ഇവയൊക്കെയാണ് ലക്ഷണം. ഏകദേശം 40 മുതൽ 60% വരെ സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. എത്രയും പെട്ടന്ന് കണ്ടെത്തി ചികില്സിക്കുക എന്നത് തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. കൂടാതെ ജീവിതപങ്കാളിയുടെ സ്നേഹവും സംരക്ഷണവും അവർക്ക് ഉറപ്പ് വരുത്തുക)