എൻ്റെ കരിയറിൽ അപൂർവ്വമായ ഒരു കേസ് ആണ് നിങ്ങളുടേത്. ശ്രദ്ധിച്ചോളാം ഡോക്ടർ…

രചന: ഷൈനി വർഗ്ഗീസ്

ഹലോ ഇത് അലൻ്റെ വീടല്ലേ…?

അതേ എന്താ മിസ്സ്‌ ഇന്നും അവൻ എന്തേലും കുരുത്തക്കേട് കാണിച്ചോ…?

നാളെ പേരൻ്റ്സ് 2 പേരും വന്ന് പ്രിൻസിപ്പാളിനെ ഒന്നു കാണണം..എന്താ ടീച്ചർ എന്ത് പറ്റി…? അതൊക്കെ നാളെ പ്രിൻസിപ്പാൾ നിങ്ങളോട് പറയും.

വൈകുന്നേരം സ്കൂൾ ബസ് വരാനായി ഇനിയും സമയം ഉണ്ട്. ഇത് ഇപ്പോ ഒരു നിത്യസംഭവമായി മാറിയിരിക്കുവാണ്. എന്തായാലും മോൻ വരട്ടെ അവൻ പറയുമോന്ന് നോക്കാം. 4 മണി ആകുന്നതിന് മുൻപ് തന്നെ റോഡിൽ ഇറങ്ങി നിന്നു. ഇതിന് മുൻപ് പല തവണ സ്കൂളിൽ നിന്ന് വിളിക്കാറുണ്ടങ്കിലും ക്ലാസ്സ് ടീച്ചറിൻ്റെ പരാതിയേ കേൾക്കാറുള്ളു. ഇത് ആദ്യമായിട്ടാ പ്രിൻസിപ്പാളിനെ കാണണം എന്ന് പറഞ്ഞുള്ള വിളി, അതും രണ്ട് പേരും ചെല്ലണമത്രേ…എന്ത് കോലാഹലമാണോ ആവോ ഒപ്പിച്ചത്. എന്തായാലും മോൻ വരട്ടെ അവനോട് ചോദിച്ചിട്ടാകാം ബാക്കി കാര്യങ്ങൾ…

ഒരുപാട് പ്രാർത്ഥനകളും വഴിപാടും കഴിച്ച് 5 വർഷങ്ങൾ കാത്തിരുന്നു കിട്ടിയതാ അവനെ ഞങ്ങൾക്ക്…വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോ മുതൽ എല്ലാവരും ചോദ്യം തുടങ്ങി വിശേഷം ഒന്നും ആയില്ലേന്ന്…ആദ്യമൊക്കെ പറയുവായിരുന്നു ഇത്തിരി കഴിഞ്ഞേ ഉള്ളുവെന്ന്. അങ്ങനെ വർഷം ഒന്നു കഴിഞ്ഞു ബന്ധുക്കാരും നാട്ടുകാരും വിധി എഴുതി ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ലാന്ന്…അതു കേട്ട് ഞങ്ങൾക്കും സംശയമായി.

അടുത്തുള്ള അങ്കണവാടിയിലെ ടീച്ചറാ പറഞ്ഞത്. നിങ്ങൾ നല്ലൊരു ഗൈനക്കോളജിസറ്റിനെ കാണണം എന്ന്…അങ്ങനെയാ അറിയപ്പെടുന്നൊരു ഇൻഫർട്ടി ക്ലിനിക്കൽ പോയതും ചികിത്സ ആരംഭിച്ചതും…ഡോക്ടർ പറഞ്ഞു സാധ്യത തീരെ കുറവാണ്. മരുന്നും കഴിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.

പിന്നെ പ്രാർത്ഥനയുടെ വഴിപാടിൻ്റേയും അതോടൊപ്പം ചികിത്സയുടെയും കാലമായിരുന്നു. മൂന്നു വർഷം…

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോ പതിവില്ലാത്ത തലകർക്കം. എന്തായാലും രാവിലെ കഴിക്കാനുള്ളത് ഉണ്ടാക്കിയേ പറ്റു…വയ്യങ്കിലും അടുക്കളയിൽ കയറി ഇഡലിയും സമ്പാറും ഉണ്ടാക്കി. സമ്പാർ തിളച്ചു വന്നതേ ഞാൻ ഓടി മനം പിരട്ടി വരുന്നു ഇത് കണ്ട് കൊണ്ടാണ് ഇച്ചായൻ അങ്ങോട്ട് വന്നത്.

എന്ത് പറ്റി മോളു, നിനക്ക് നല്ല ക്ഷീണവും ഉണ്ടല്ലോ…എന്താന്ന് അറിയില്ല ഇച്ചായാ രാവിലെ മുതൽ തലകറക്കം ദാ ഇപ്പോ മനംപിരട്ടലും..ങാ ഇച്ചായാ ഞാൻ ഈ മാസം ആയിട്ടും ഇല്ല. ങേ നീ പറയുന്നത് സത്യമാണോ…അതെ ഇച്ചായാ ഇന്ന് 5 അല്ലേ എൻ്റെ ഡേറ്റ് 1 ആയിരുന്നു…

എന്നാൽ നീ ഇനി ഒന്നും നോക്കണ്ട വേഗം റെഡി ആകു നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഇച്ചായൻ്റെ സന്തോഷം കണ്ടപ്പോ ഞാൻ അറിയാതെ പ്രാർത്ഥിച്ച് പോയി ഇത് പോസിറ്റീവ് ആകണേന്ന്…എന്നേക്കാളും ഒരു കുഞ്ഞു വേണന്ന് ആഗ്രഹിച്ചതും കൊതിച്ചതും ഇച്ചായനായിരുന്നു.

ഡീന ഡേവിഡ് നേഴസ് പേരു വിളിച്ചപ്പോൾ ഹൃദയമിടിപ്പ് കൂടി വന്നു. ഹായ് ഡീന എന്ത് പറയുന്നു. ഹാപ്പി ആണല്ലോ രണ്ട് പേരും. അതേ ഡോക്ടർ ചെറിയ ഒരു ഡൗട്ട്…ഞാൻ ഈ മാസം പീരിയഡ് ആയിട്ടില്ല. ഡോക്ടർ ഒന്നു പുഞ്ചിരിച്ചിട്ടു പറഞ്ഞു…ശരി പോയി യൂറിൻ ഒന്നു ടെസറ്റ് ചെയ്തു വരു. നമുക്ക് നോക്കാം പോസിറ്റീവ് ആണോന്ന്….

ഡേവിഡ്, ഡീന കൺഗ്രാജുലേഷൻസ് റിസർട്ട് പോസിറ്റീവ് ആണ്. താങ്ക്സ് ഡോക്ടർ…ഇനിയാ ശ്രദ്ധിക്കേണ്ടത്. നല്ല റസ്റ്റ് വേണം ഭക്ഷണ കാര്യത്തിലൊക്കെ നല്ല ശ്രദ്ധ വേണം. എൻ്റെ കരിയറിൽ ഇത് അപൂർവ്വമായ ഒരു കേസ് ആണ് നിങ്ങളുടേത്. ശ്രദ്ധിച്ചോളാം ഡോക്ടർ…എന്നാൽ ശരി ഇനി ഒരു മാസം കഴിഞ്ഞ് വന്ന് സ്കാൻ ചെയ്യണം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. എപ്പോഴും നല്ല സന്തോഷമായി ഇരിക്കണം. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യതു കൊണ്ടിരിക്കുക. ശരി ഡോക്ടർ, എന്നാൽ പിന്നെ കാണാം.

അവിടുന്ന് ഇറങ്ങിയപ്പോ മുതൽ ഇച്ചായൻ ശരിക്കും മനസ്സ് കൊണ്ട് ഒരു പപ്പ ആകുകയായിരുന്നു. എന്നേക്കാളും എൻ്റെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു ഇച്ചായൻ. ഏഴാം മാസത്തിൽ കൂട്ടികൊണ്ടു പോകുന്ന കാര്യം പറയാനായി പപ്പയും അമ്മയെയും വന്നപ്പോൾ അവരോട് പറഞ്ഞു. അവളെ ഒരിടത്തേക്കും വിടുന്നില്ല പറ്റുമെങ്കിൽ പപ്പയും അമ്മയും ഇവിടെ വന്ന് നിൽക്ക്.

അതെങ്ങനെ ശരിയാകുമെന്ന് പപ്പ. അവിടെ 2 കുഞ്ഞുങ്ങൾ ഇല്ലേ ഞങ്ങൾ ഇവിടെ വന്നാൽ അതുങ്ങളെ ആര് നോക്കും. എന്നാൽ ആരും നിക്കണ്ട ഞാനോരാളെ ഏർപ്പാട് ചെയ്തോളാം…അമ്മ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിക്കുന്നത് കണ്ടിട്ടാവാം പപ്പ അമ്മയോട് പറഞ്ഞു നീ ഇവിടെ നിൽക്ക്. ഞാൻ പോയിട്ട് ഇടക്ക് വരാം എന്നും പറഞ്ഞ് പപ്പയാത്ര പറഞ്ഞിറങ്ങി.

പെട്ടന്ന് തന്നെ ദിവസങ്ങൾ കടന്നു പോയി. ചെക്കപ്പും മുറപോലെ നടന്നു. അടുത്ത ആഴ്ച അഡ്മിറ്റാകണം. പ്രസവം നടക്കും എന്ന് ഉറപ്പില്ല. സിസേറിയൻ വേണ്ടി വന്നേക്കാം…ശരി ഡോക്ടർ. അടുത്ത ആഴ്ച അഡ്മിറ്റാകാം. അങ്ങനെ അഡ്മിറ്റ് ആകേണ്ട ദിവസമായി, ഇച്ചായൻ ഉത്സാഹത്തിലാണ്. ആശുപത്രിയിൽ കൊണ്ടു പോകേണ്ട സാധനങ്ങൾ ഒന്നും മറന്നു പോകാതെ ഇച്ചായൻ എടുത്തു വെച്ചു. ലേബർ റൂം ഞാൻ കൂളായി ഇരിക്കുന്നു. എനിക്ക് മരുന്നു വെച്ചിട്ടും ഇഞ്ചക്ഷൻ എടുത്തിട്ടും പെയിൻ ഇല്ല. പ്രസവ സമയത്തെ പ്പെണ്ണുങ്ങളുടെ കരച്ചിൽ എന്നെ വല്ലാതെ ഭയപ്പെടുത്തി.

ഡേവിഡ് ഡീനക്ക് സിസേറിയൻ വേണ്ടി വരും. ശരി ഡോക്ടർ. പേടിക്കാനൊന്നും ഇല്ലല്ലോ അല്ലേ ഡോക്ടർ..ഏയ്യ്. പേടിക്കാനൊന്നുമില്ല…ഡോക്ടർ ആശ്വസിപ്പിച്ചിട്ടും ഇച്ചായൻ നല്ല ടെൻഷനിലായിരുന്നു. ഡീനയുടെ കൂടെ ഉള്ളവർ ആരാ ഒരു നേഴസ് ഓപ്പറേഷൻ തീയേറ്ററിൻ്റെ വാതിൽ തുറന്ന് ചോദിച്ചു. എന്താ സിസ്റ്റർ…? സിസേറിയൻ കഴിഞ്ഞു ആൺ കുട്ടിയാണ്. ഇച്ചായൻ രണ്ടും കൈയും നീട്ടി കുഞ്ഞിനെ വാങ്ങി. സിസ്റ്റർ ഡീന…? കുഴപ്പം ഒന്നും ഇല്ല. മയക്കത്തിലാണ്.

അങ്ങനെ 6 ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തി. എൻ്റേയും കുഞ്ഞിൻ്റേയും കാര്യങ്ങൾ ആരു ചെയ്താലും ഇച്ചായന് പറ്റില്ല. ഇച്ചായൻ ചെയ്താലേ ശരിയാകു എന്നൊരു തോന്നൽ. അങ്ങനെ കുഞ്ഞിൻ്റെ വളർച്ചയുടെ ഓരോ ഘട്ടം കടന്നു പോകുമ്പോൾ ഞങ്ങൾടെ സന്തോഷം എത്രയാണന്ന് ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല.

അവൻ ചിരിച്ചപ്പോ, കമിഴ്ന്ന് വീണപ്പോ, അവൻ ആദ്യമായി ഇരുന്നപ്പോ, എല്ലാം ഞങ്ങൾ അമ്മയെ വിളിച്ച് പറഞ്ഞു. അപ്പോൾ നാത്തൂൻ പറയുകയാ എല്ലാ കുട്ടികളും ചെയ്യുന്നതേ അവനും ചെയ്തുള്ളു എന്ന്…

അങ്ങനെ മോനെ കുറിച്ച് ഞങ്ങൾ ഒരു പാട് സ്വപ്നങ്ങൾ കണ്ടു. അതു കൊണ്ടാണ് 3 വയസ് ആയപ്പോ തന്നെ അടുത്തുള്ള അങ്കണവാടിയിൽ വിടാതെ പ്ലേ സ്കൂളിൽ ആക്കിയത്.

അവിടാണേൽ കുഞ്ഞിലെ മുതൽ തന്നെ ഇംഗ്ലിഷ് പഠിക്കാം മോന് ഇഷ്ടമുള്ള സ്നാക്കസ് കൊടുത്ത് വിടാം. ഒന്നുമില്ലേലും യൂണിഫോമുമിട്ട് ടൈയും കെട്ടി പോകുന്നതു കാണാൻ തന്നെ ഒരു ഭംഗിയല്ലേ…അങ്കണവാടിയിലാണേൽ പാവപ്പെട്ട കുട്ടികളും ഉച്ചക്ക് കഞ്ഞീം പയറും ഓ അതൊന്നും ശരിയാകില്ല.

അങ്ങനെ പ്ലേ സ്കൂളിൽ ചേർത്ത അന്ന് മോൻ ഭയങ്കര കരച്ചിൽ…മിസ് ഞാൻ ഇന്ന് മേനോടൊപ്പം ഇരുന്നോട്ടെ…അതൊന്നും ഇവിടെ പറ്റില്ല. കുട്ടികളായാൽ ഇത്തിരി കരയും. പ്ലീസ് മിസ് ഞങ്ങൾ ആദ്യമായിട്ടാ അവനെ പിരിഞ്ഞ്. അവനും പറ്റില്ല ഞങ്ങളെ കാണാതെ…ഇവിടെ അതൊന്നും പറ്റില്ലാന്ന് പറഞ്ഞില്ലേ. നിങ്ങൾക്ക് കൂടെ ഇരിക്കണമായിരുന്നെങ്കിൽ വല്ല അങ്കണവാടിയിലും വിടണമായിരുന്നു. അങ്ങനെ മോനെ വിട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ വീട്ടിലേക്കും ഇച്ചായൻ ഓഫീസിലേക്കും പോയി.

ഹലോ മിസല്ലേ ഞാൻ അലൻ്റെ മമ്മയാ മിസ് മോൻ കരയുന്നുണ്ടോ…ഇല്ല കരയുന്നില്ല. നിങ്ങൾ എപ്പോഴും ഇങ്ങനെ വിളിക്കണമെന്നില്ല എന്തേലും ആവശ്യമുണ്ടേൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം. ഭക്ഷണം കഴിക്കാൻ തോന്നിയില്ല ഇടക്ക് ഇച്ചായനെ വിളിക്കും. ഇച്ചായാ മോൻ നമ്മളെ കാണാതെ കരയുകയായിരിക്കുമോ ആവോ…ഇല്ലന്നേ നീ സമാധാനപെട്…വൈകുന്നേരം മോൻ വരുന്നതുവരെ ഞാൻ ഉരുകുകയായിരുന്നു.

സ്കൂൾ ബസിൽ നിന്ന് മോൻ ഇറങ്ങി വരുന്നത് കണ്ടതേ ചങ്ക് പൊട്ടിപ്പോയി. കരഞ്ഞ് വാടി തളർന്നാ മോൻ എത്തിയത്. എന്നെ കണ്ടതും മമ്മേ എനിക്ക് ഇഷ്ടമല്ല. ആ സൂകൾ മോനിനി അവിടെ പോകില്ലാട്ടോ…അതെന്താ മോനെ മമ്മേടെ മോന് സ്കൂൾ ഇഷ്ടപെടാത്തത്…മമ്മ ഇല്ലാലോ അവിടെ. പിന്നെ അവിടെ ഫുഡ് തനിയെ കഴിക്കണം. മിസ് പറയാതെ ചെയറിൽ നിന്ന് എഴുന്നേൽക്കാനേ പാടില്ല. എപ്പോഴും എഴുതണം.

മമ്മേടെ മോന് വലുതാകണ്ടെ..പഠിച്ച് ഡാഡിയെ പോലെ വല്യ ആളാകണ്ടെ..ആകണം ഡാഡിയെ പോലെ ഓഫിസിൽ പോകണം മോനും..അങ്ങനെ പോകണമെങ്കിൽ പഠിക്കണം.

എന്നാൽ മോൻ അങ്കണവാടിയിൽ പോകാം അവിടെ കളിക്കാനൊക്കെ പറ്റൂന്ന് മീനു പറഞ്ഞല്ലോ…അയ്യോ അതൊന്നും പറ്റില്ല. ഇപ്പോ മോൻ പ്ലേ സ്കൂളിൽ പോകണം പിന്നെ LKG പിന്നെ UKG അങ്ങനെ പഠിച്ച് പഠിച്ച് മോൻ വല്യ ഒരാളാകും. മോന് വല്യ ആളാകണ്ട പഠിക്കണ്ട. ഡാഡി വരട്ടെ ഡാഡിയോട് പറയാം നമുക്ക്. മോൻ ഡാഡി വരുന്നതും നോക്കിയിരുന്നു.

ഹായ് ഡാഡി…ഡാഡീടെ കൂട്ടു സേ ഇന്ന് സ്കൂളിൽ പോയിട്ട് എന്താ വിശേഷം. സ്കൂൾ ഇഷ്ടായോ പുതിയ കൂട്ടുകാരെ ഒക്കെ കിട്ടിയോ…ഡാഡി മോന് സ്കൂൾ ഇഷ്ടായില്ല. മോന് സ്കൂളിൽ പോകണ്ട ഡാഡി.

അയ്യോ അങ്ങനെ പറഞ്ഞാൽ എങ്ങനാ ശരിയാക്കുന്നേ..അലൻ കുട്ടന് വലുതാകണ്ടെ അതിന് സ്കൂളിൽ പോയി പഠിക്കണം. ഡാഡിയും മമ്മയും അങ്ങനെ പറഞ്ഞതുകൊണ്ടാന്ന് തോന്നുന്നു പിന്നെ മോൻ ഒന്നും പറഞ്ഞില്ല.

മോനും കൂടെ പോയതോടെ ഞാൻ വീട്ടിൽ ഒറ്റക്കായി. ഇച്ചായാ ഞാൻ വീട്ടിലിരുന്ന് ബോറടിച്ചു എന്തേലും പഠിക്കാൻ പോയാലോ…അതൊന്നും ശരിയാകില്ല മോൻ്റെ കാര്യങ്ങൾ ആരു നോക്കും. രാവിലെ മോൻ പോകുന്ന ഒപ്പം ഞാനും ഇറങ്ങാം. വൈകുന്നേരം ഞാൻ വരുമ്പോൾ മോനെയും കൂട്ടാം. ശരി എന്തേലും ചെയ്യ് ഇനി ഇപ്പോ ഏത് കോഴ്സ് പഠിക്കാനാ…? PSC കോച്ചിംഗിന് പോയാലോ…ഉം…എന്നാൽ ഞാൻ നാളെ അന്വേഷിച്ച് വരാം.

അങ്ങനെ ഞാനും മോനും രാവിലെ ഒരുമിച്ച് പോകും വൈകുന്നേരം വരും. വൈകുന്നേരം വന്നാൽ മോനെ ഒന്നു ശ്രദ്ധിക്കാൻ സമയം കിട്ടാതായി. അവൻ തന്നെ അവൻ്റെ ഹോം വർക്കുകൾ ചെയ്യാനും ബ്രെഷ് ചെയ്യാനും തുടങ്ങിയപ്പോ ഞാനോർത്തു എൻ്റെ മോൻ വലുതായി എന്ന്…

പ്ലേ സ്കൂളിൽ നിന്ന് LKG UKG കഴിഞ്ഞ് അവന് ആ സ്കൂളിൽ തന്നെ അഡ്മിഷൻ ശരിയായി. പഠിക്കാൻ മാത്രമല്ല പാഠ്യതേര വിഷയങ്ങളിലും മികവു പുലർത്തി.

ഇതിനിടയിൽ എനിക്ക് PSC എഴുതി ജോലിയുമായി. ഇച്ചായന് പ്രമോഷനോടുകൂടി ട്രാൻസപർ
ആഴ്ചയിലേ വീട്ടിലെത്തു…മോന് സ്കൂൾ വിട്ടു വന്നാൽ ട്യൂഷൻ. ക്ലാസ്സിലാത്ത ദിവസം സംഗീതം പഠിക്കുന്നുണ്ട്. ഇപ്പോ 2 -ൽ ആയി.

ഈ വർഷം മുതലാണ് സ്കൂളിൽ നിന്ന് ടീച്ചറുമാരുടെ പരാതി. പഠിക്കാൻ മിടുക്കാനാണ് പക്ഷേ കൂടെ പഠിക്കുന്ന കുട്ടികളെ ഉപദ്രവിക്കുന്നു. ടീച്ചർ വിളിക്കുമ്പോളെല്ലാം ഞാൻ ചെല്ലും, മാപ്പ് പറയും. ഞാൻ സങ്കടപെടും. അപ്പോളെല്ലാം അവൻ പറയും ഇനി ഞാൻ ഒന്നും ചെയ്യില്ലാന്ന്. ഇച്ചായൻ പറയുന്നത് കുട്ടികളായാൽ ഇത്തിരി കുസൃതി ഒക്കെ നല്ലതാന്ന്…ഇന്നിനി എന്താണാവോ ആവോ ഒപ്പിച്ച് വെച്ചിരിക്കുന്നത്.

സ്കൂൾ ബസിൻ്റെ ഹോണടി കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്. അലൻ സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയതേ എൻ്റെ നേരെ പോലും നോക്കാതെ ഗേറ്റ് ഉം കടന്നു പോയി. ഞാനും പുറകെ പോയി മോനേ കുട്ടൂസേ…എന്താ…ഇന്ന് എന്താ വിശേഷം സ്കൂളിൽ….

ഇന്ന് എന്താ മമ്മ പതിവില്ലാതെ വിശേഷം ചോദിക്കുന്നത്. ഇന്ന് എന്തോ വിശേഷം ഉണ്ടായല്ലോ സ്കൂളിൽ…ആ എനിക്കറിയില്ല. ഉം നാളെ എന്നോടും ഡാഡിയോടും സ്കൂളിൽ ചെന്ന് പ്രിൻസിപ്പാളിനെ കാണാൻ പറഞ്ഞിട്ടുണ്ട്. ആ എനിക്കറിയില്ല. ഉം. ഇന്ന് ഡാഡി വരും ഡാഡി ചോദിക്കുമ്പോൾ പറഞ്ഞാ മതി….

രാത്രി വൈകിയാണ് ഇച്ചായൻ വന്നത്. നീ മോനോട് ചോദിച്ചോ എന്താ കാര്യമെന്ന്…ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല അവന് അറിയില്ലാന്ന്. മോൻ എന്തിയേ…അവനുറങ്ങി. എന്തായാലും നാളെ പോയി നോക്ക് നല്ല ക്ഷീണം ഞാൻ ഫ്രഷ് ആയി വരാം നീ ഭക്ഷണമെടുത്ത് വെയ്ക്ക്…

ഗുഡ് മോർണിംഗ് കുട്ടൂസേ…ഗുഡ് മോർണിംഗ് ഡാഡി, ഡാഡി എപ്പോ വന്നു. ഡാഡി വന്നപ്പോഴേക്കും കൂട്ടൂസ് ഉറങ്ങിയില്ലേ. ഇന്ന് സ്കൂളിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്തേലും വിശേഷം ഉണ്ടോ സ്കൂളിൽ…എനിക്കറിയില്ല. ഉം…നിങ്ങൾ ചെന്ന് മിസിനെ കാണ്…

ഞാൻ വണ്ടി പാർക്ക് ചെയ്തു വരാം. ഉം…വാ മോനെ…ക്ലാസ്സ് മിസിനെ കണ്ടു .മിസ് ഒന്നും പറയാതെ തന്നെ പ്രിൻസിപ്പാളിനെ റൂമിലോട്ട് കൂട്ടികൊണ്ട് പോയി. അപ്പോഴെക്കും ഇച്ചായനും എത്തി.

സാർ ഇതാണ് അലൻ ഡേവിഡിൻ്റെപേരൻ്റ്സ്…നമസ്കാരം സാർ. നമസ്കാരം…രണ്ട് പേരും ഇരിക്ക് .അലൻ ഇവിടെ വരു മോനെ പ്രിൻസിപ്പാൾ തൻ്റെ അടുത്തേക്ക് ചേർത്ത് നിർത്തി. നിങ്ങളോട് എന്തിനാ വരാൻ പറഞ്ഞെ എന്നറിയോ…ഇല്ല സാർ ആരും ഒന്നും പറഞ്ഞില്ല. മോൻ എന്തേലും കുഴപ്പം കാണിച്ചോ സാർ…അവന് ഇത്തിരി കുസുതി കൂടുതലാ
ഒറ്റ മോനാ.

എന്നാൽ ഇന്ന് ഞാൻ വിളിപ്പിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ…എന്താ സാർ രണ്ട് പേരും ഒരുമിച്ച് ചോദിച്ചു. പറയാം അതിന് മുൻപ് നിങ്ങൾ ഈ ചിത്രം ഒന്നു കാണ്. ഈ സ്കൂളിലെ മിടുക്കനായ ഒരു കുട്ടി വരച്ചതാ…

വൗ സൂപ്പർ, ആരാ സാർ ആ മിടുക്കൻ. ആ കുട്ടിയെ ഒന്നു കണ്ടിരുന്നെങ്കിൽ ഒരു കൺഗ്രാറ്റ്സ് പറയാമായിരുന്നു. ആ കുട്ടിയെ കാണാൻഅവസരം തരാം അതിന് മുൻപ് ഒരു കാര്യം കൂടി…സംസ്ഥാന ചിത്രകഥാ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയത് ഈ ചിത്രത്തിനാ…പക്ഷേ ഈ കുട്ടി ഈ ചിത്രം വരച്ചത് ആ കുട്ടീടെ പേരൻ്റ്സിന് അറിയില്ല.

സാർ ഞങ്ങളുടെ എന്തങ്കിലും സഹായം ആവശ്യമുണ്ടോ….? ആ കുട്ടീടെ പേരൻ്റസിനെ ഞങ്ങൾ അറിയിക്കേണ്ടതായിട്ടുണ്ടോ…?

വേണ്ട അതിനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്. ദാ ഇതാണ് ആ കുട്ടി നിങ്ങളുടെ അലൻ സാർ മോനെ ഞങ്ങളുടെ മുന്നിലേക്ക് നീക്കി നിർത്തി. ഞങ്ങളുടെ ശ്വാസം നിലച്ചുപോകുന്ന പോലെ തോന്നി. സാർ ഞങ്ങൾ…ഇച്ചായൻ വാക്കുകൾക്കായി വിക്കി. ഞങ്ങൾ അറിഞ്ഞില്ല സാർ മോൻ ചിത്രം വരക്കുമെന്ന്…

അതാണ് ഞാൻ നിങ്ങളെ കാണണം എന്ന് പറഞ്ഞ് വിളിപ്പിച്ചത്. അലൻ ക്ലാസ്സിലേക്ക് പോയ്ക്കോളു. സാർ അവനെ പറഞ്ഞ് വിട്ട് വീണ്ടും ഞങ്ങളിലേക്ക് തിരിച്ച് വന്നു. ഇന്നലെ റിസൾട്ട് വന്ന് കഴിഞ്ഞപ്പോ ഞാൻ അലനെ വിളപ്പിച്ചു. അപ്പോൾ അലൻ ചില കാര്യങ്ങൾ എന്നോട് പറഞ്ഞു. അത് നിങ്ങളുമായി ഒന്നു പങ്കുവെയ്ക്കണമെന്നു തോന്നി അതാ ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്.

എന്താ സാർ എന്താ മോൻ സാറിനോട് പറഞ്ഞത്.

ആദ്യം ഞാൻ ഒരു കാര്യം പറയാം നിങ്ങളുടെ മോൻ നിങ്ങളുടെയും ഈ സ്കൂളിൻ്റേയും അഭിമാനതാരമാണ് പഠന കാര്യത്തിൽ മാത്രമല്ല, നിങ്ങൾ പറഞ്ഞ പോലെ അല്പം കുസുതിയും ഉണ്ട്. അതിന് അവനു പറയാൻ ഒരു കാരണവും ഉണ്ട്.

ഈ പ്രായത്തിൽ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കേണ്ടത് അവരുടെ മതാപിതാക്കളാണ്. സ്കൂളിൽ നിന്ന് വരുമ്പോൾ അവരോട് അന്നത്തെ വിശേഷം ചോദിച്ചും പറഞ്ഞും അവരിലേക്ക് ഇറങ്ങി ചെല്ലണം അങ്ങനെ അവരുമായി ഒരു ആത്മബദ്ധം വളർത്തിയെടുക്കണം. അവർക്ക് നമ്മൾ വസ്ത്രവും ഭക്ഷണവും വിദ്യാദ്യാസവും നൽകിയാൽ പോര, അവർക്കാവശ്യമായ സ്നേഹവും കരുതലും അവരാഗ്രഹിക്കുന്ന അളവിൽ നൽകണം.

ഇന്ന് എല്ലാം മാതാപിതാക്കളും മക്കൾക്ക് ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റാനൊള്ള നെട്ടോട്ടത്തിലാ, പക്ഷേ അവർ അതല്ല നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്. നിങ്ങളുടെ സ്നേഹം, തലോടൽ, ഒക്കെയാ….അവരെ ഒന്നു കേൾക്കാൻ ഇത്തിരി സമയം മാറ്റി വെച്ചേ നിങ്ങൾ. അവനിൽ നല്ലൊരു മാറ്റം ഞാൻ കാണിച്ചു തരാം.

അലനെ സംബന്ധിച്ച് അലന് വീട്ടിൽ വന്നാൽ കൂട്ടുകൂടാനും വിശേഷം പങ്കുവെക്കാൻ ചേട്ടനോ ചേച്ചിയോ അനുജത്തിയോ ഇല്ല. അവനെല്ലാം നിങ്ങളാണ്. പക്ഷേ നിങ്ങൾക്ക് അവനോട് സംസാരിക്കാൻ സമയവും ഇല്ല. അവനുമായി നിങ്ങൾക്ക് നല്ലൊരു ബന്ധം ഉണ്ടായിരുന്നെങ്കിൽ ഈ മത്സരത്തിന് മുന്നേ തന്നെ നിങ്ങൾ ഈ വിവരം അറിഞ്ഞേനെ…

സാർ പറയുന്നത് ശരിയാ ഞങ്ങൾ രണ്ട് പേരും ഗവണ്മെന്റ് സർവ്വീസിലാണ്. ഞാൻ വീട്ടിൽ ഇല്ല…ഡേവിഡ് ഇതൊന്നും മകനെ ശ്രദ്ധിക്കാതിരിക്കാനുള്ള കാരണമല്ല. ശരിയാണ് സാർ ഞങ്ങൾ ശ്രദ്ധിച്ചോളാം. കുഞ്ഞിലേ മുതൽ അവൻ നന്നായി പഠിക്കണേ എന്നേ ഞങ്ങൾ ആഗ്രഹിച്ചുള്ളു. അടുത്തുള്ള അങ്കണവാടിയിൽ പോകാനായിരുന്നു അവനിഷ്ടം. അതിന് പകരം ഞങ്ങൾ പ്ലേ സ്കൂളിലാക്കി. നന്നായി പഠിക്കുന്ന അവനെ ട്യൂഷന് ചേർത്തു കളിക്കാനും കൂട്ടുകൂടാനും വിട്ടില്ല ഞങ്ങൾ.

അലൻ മൾട്ടി ടാലൻ്റഡ ആയിട്ടുള്ള കുട്ടിയാണ്. നിങ്ങൾ അവനായി ഒന്നും കരുതി വെയ്ക്കണ്ട നിങ്ങളുടെ ശ്രദ്ധയും പരിചരണവും ഉണ്ടായാൽ മാത്രം മതി. എന്നാൽ ശരി ഡേവിഡ്. ഒക്കെ, താങ്ക് യൂ സാർ, ഞങ്ങൾ ഇന്ന് അലനെ കൊണ്ട് പോയ്ക്കോട്ടെ സാർ…ക്ലാസ്സ് ടീച്ചറിനോട് പറഞ്ഞിട്ട് കൊണ്ട് പൊയകൊള്ളു…

ഞാൻ അവിടെ നിന്ന് ഇറങ്ങിയ പുതിയ തീരുമാനങ്ങളെടുത്തു കൊണ്ടായിരുന്നു. മോനെ കൊണ്ട് ഞങ്ങൾ പോയത് അവന് ഏറെ ഇഷ്ടമുള്ള പാർക്കിലേക്കായിരുന്നു. പുറത്തൂന്ന് ഭക്ഷണവും കഴിച്ച് തിരികെ പോരുമ്പോൾ ഞാൻ ഇച്ചായനോട് പറഞ്ഞു നമുക്ക് ജീവിക്കാനുള്ളത് ഇച്ചായൻ്റെ ശമ്പളം തികയും. ഞാൻ ഒരു 5 വർഷത്തേക്ക് ലീവെടുക്കുകയാണ്.

നല്ല തീരുമാനം. നമുക്ക് നമ്മുടെ മോനാ വലുത്. ഇത് കേട്ടതും അലൻ്റെ സന്തോഷമൊന്നു കാണണമായിരുന്നു. അങ്ങനെ ഞാൻ ലീവെടുത്ത് അവനോടൊപ്പം അവൻ്റെ അമ്മയായി ചേച്ചിയായി ചില സമയം അവൻ്റെ അനുജത്തിയായി. എൻ്റെ മോൻ്റെ സന്തോഷത്തിനായി. ഇച്ചായൻ വരുമ്പോളെല്ലാം അവനെ കൊണ്ട് ഒന്ന് കറങ്ങി…അങ്ങനെ ഇപ്പോ അവനും ഹാപ്പി ഞങ്ങളും ഹാപ്പി.