സ്ത്രീ ധനം – രചന: എം കെ കൈപ്പിനി
അപ്പാ എനിക്കിപ്പോ കല്ല്യാണം വേണ്ട…അന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അത് പറയുമ്പോൾ…
അതെന്ത നിനക്ക് കല്ല്യാണം വേണ്ടാത്തത്…? തോമ ദേഷ്യം മുഖത്ത് വരുത്തി. പപ്പ എനിക്ക് പഠിക്കണം. ഞാൻ മെഡിസിനു ചേരാൻ തീരുമാനിച്ചിരിക്കാ. അതിനിടയിൽ കല്ല്യാണമൊന്നും ശരിയാവില്ല…പ്ലീസ് പപ്പ…
ഒരു പ്ലീസുമില്ല. പറയുന്നത് അങ്ങട് കേട്ടാൽ മതി. ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരും. ഇനി ഇതിന്റ പുറത്ത് ഒരു ചർച്ചയില്ല. അന്ന ചവിട്ടി തുള്ളി റൂമിലേക്ക് പോയി.
അച്ചായ…എനിക്ക് ചിലത് പറയാനുണ്ട്.
ആനി നീ ഒന്നും പറയണ്ട…എനിക്ക് അറിയാം എന്തു ചെയ്യണം എന്ന്…
അച്ചായാ ഞാനൊന്ന് പറഞ്ഞോട്ടെ…എന്റെ ഗതി നമ്മുടെ മോൾക്ക് വരരുത്. എന്നെ അച്ചായൻ കെട്ടി കൊണ്ടുവരുമ്പോൾ ആവിശ്യത്തിൽ കൂടുതൽ എന്റെ അപ്പൻ തന്നിരുന്നു. പക്ഷെ വിദ്യഭ്യാസം ഇല്ല എന്ന കാരണം കൊണ്ട് അച്ചായന്റെ അമ്മ എന്നെ എന്തൊക്കെ ചെയ്തു. അവസാനം ഒരു വഴിയുമില്ലാതെ എന്റെ സങ്കടം കാണാൻ കഴിയാതെ അല്ലെ അച്ചായൻ എന്നെയും കൊണ്ട് അവിടന്ന് ഇറങ്ങി പോന്നത്. ആ അവസ്ഥ നമ്മുടെ മോൾക്ക് വരരുത്. അച്ചായന്റെ പോലെയാവില്ല എല്ലാവരും…
അന്ന് അച്ചായൻ അമ്മയുടെ ഒപ്പം നിന്നിരുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു. അത് കൊണ്ട ഞാൻ പറയുന്നത് ഇപ്പോൾ അവളെ കെട്ടിക്കേണ്ട അച്ചായാ…അവളുടെ ആഗ്രഹം പഠിക്കാണം എന്നല്ലേ അവൾ പഠിക്കെട്ടെ…എന്റെ പൊന്നച്ചയാനല്ലേ….
ആനി അയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു. ആനിയുടെ കണ്ണുനീറഞൊഴുകി അതയാളുടെ നെഞ്ചിൽ നോവുണർത്തി. അയ്യേ എന്റെ ആനി കൊച്ചു കരയാ….അയാൾ ആനിയുടെ കണ്ണുകൾ തുടച്ചു….ഇപ്പോ എന്നാ വേണം കല്ല്യാണം വേണ്ട അത്രേ അല്ലെ ഒള്ളു….അതിന് നീ ഇങ്ങനെ കരയണോ….നീ പറഞ്ഞ പിന്നെ അച്ചാനു മറുവാക്കുണ്ടോ…
*****************************
വാർത്തകൾ കണ്ടു തോമയുടെ ഉള്ള് പിടഞ്ഞു. അയാൾ അടുത്തിരിക്കുന്ന മകളെ നോക്കി. അവൾ ന്യൂസിൽ ശ്രദ്ധിചിരിക്കുകയാണ്. കർത്താവെ പെണ്മക്കളുള്ള അച്ഛനമ്മമാരുടെ ഒരു വിധിയെ…തീ തിന്നാനാ യോഗം…
കോളേജിലോ ടൗണിലോ പോയി വരാൻ ഒരു രണ്ടു മിനുട്ട് താമസിച്ചാൽ ഉള്ള് കിടന്ന് പിടക്കും. ഒരുത്തന്റെ കൈയിൽ പിടിച്ചു കൊടുത്തലെ ആ പിടക്കലൊന്നു ശമിക്കു…കെട്ടിച്ചെന്നു കയറുന്ന വീട്ടിൽ. ഒന്നിന്റെ പേരിലും ഒരു കുഴപ്പവും വരരുത് എന്ന് കരുതിയാണ് ലോൺ എടുത്തും ഉള്ളതെല്ലാം വിറ്റു പറുക്കിയും മക്കളെ കെട്ടിച്ചു വിടുന്നത്. ഇപ്പോൾ സ്വത്തിനു വേണ്ടി സ്വന്തം മക്കൾക്ക് ജന്മം നൽകിയവളേ വരെ നിഷ്ട്ടൂരം കൊല്ലുന്നു അതും മൃഗീയമായി…
ചിന്തിക്കുന്തോറും തോമയുടെ ഉള്ളിൽ ഭയം വന്നു നിറഞ്ഞു. അയാൾ മകളുടെ മുടിയിൽ ഒന്നു തലോടി. അവൾ അതൊന്നും അറിയുന്നില്ല…അവൾ ന്യൂസ് കാണുകയല്ല അതിനുമപ്പുറത്തെന്തിനെയൊ കുറിച്ചുള്ള ഗഹനമായ ചിന്തയിലാണ്.
തോമ മൊബൈലെടുത്ത് പുറത്തേക്ക് പോയി, നമ്പർ ഡയൽ ചെയ്തു. ഹലോ…സാബു ആന്നോടാ…
അതെ അച്ചായാ…എടാ ഉവ്വേ ഞാൻ വിളിച്ചതെ ഇന്ന് മോളെ കാണാൻ ചങ്ങനാശ്ശേരിന്ന് വരുന്നവരോട് വരണ്ടാന്നു പറഞ്ഞേക്ക്…
അയ്യോ അച്ചായാ അവരിറങ്ങിയല്ലോ. എന്നതാ അച്ചായാ വല്ല പ്രശ്നവും.
ഒന്നുല്ലടാ ഉവ്വേ…അവളുടെ പഠിത്തം കഴിഞ്ഞു ഒരു ജോലിയൊക്കെ ആയിട്ട് കെട്ടിക്കാം എന്നൊരു തോന്നൽ…
എന്താ അച്ചായനീ പറയുന്നേ അവളെ ഇട്ട് മൂടാനുള്ള സ്വാത്ത് ഉണ്ടല്ലോ…പിന്നെ എന്തിനാ ജോലി…
തന്നെ എന്റെ സ്വത്തിന്റെ അളവ് എടുക്കാൻ നിൽക്കേണ്ട. എന്റെ മോളെ ഞാനിപ്പോ കെട്ടിക്കുന്നില്ല അത്ര തന്നെ. കല്യാണം കോപ്പ് എന്നൊക്ക പറഞ്ഞു എന്റെ പടിചവിട്ടിയാൽ നിന്റെ കാൽ ഞാൻ തല്ലിയൊടിക്കും.
മറുപടിക്ക് കാത്ത് നിൽക്കാതെ തോമ ഫോൺ വെച്ചു. തിരിഞ്ഞപ്പോൾ മിഴിച്ച കണ്ണുമായി ആനിയും മോളും നിൽക്കുന്നതാണ് തോമ കണ്ടത്…
അല്ല ഇച്ചായ…അതെന്താ അവരോട് വരണ്ട എന്ന് പറഞ്ഞത്. ഇവളെ കെട്ടിച്ചു വിടാനുള്ള ഭാവം ഒന്നുമില്ലേ….
ഇല്ല എന്റെ മോളെ ഞാൻ കെട്ടിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ല. അല്ലെങ്കിൽ തന്നെ മോളെ കെട്ടിച്ചു വിടാൻ നിനക്കെന്താ ഇത്ര ധൃതി. അവളിവിടെ സുഖയിട്ട് കഴിയുന്നത് നിനക്ക് അത്ര പിടിക്കുന്നില്ല അല്ലെ…
അത് നല്ല കൂത്ത്…അവളെ കെട്ടിച്ചുവിടാൻ നിങ്ങൾക്ക് ആയിരുന്നല്ലോ ഭയങ്കര ഉത്സാഹം. ആനി പറഞ്ഞത് വക വെക്കാതെ തോമ മോളെ നോക്കി…
അന്ന മോളെ…എന്താ നിന്റെ പ്ലാൻ…
പപ്പായുടെ ചിലവിൽ പുട്ടടിച്ചു ഏങ്ങനെ കഴിയാം എന്നതാണ് എന്റെ ഇപ്പോഴത്തെ പ്ലാൻ.
എടി കാന്താരി…നീ ഇന്നലെ പറഞ്ഞില്ലേ നിനക്ക് ഡോക്ടർ ആവനാണ് ആഗ്രഹം. എനിക്കിപ്പോ കല്യാണം വേണ്ട എന്ന്. അത് കാര്യയിട്ട് പറഞ്ഞതാണോ….
അതെ പപ്പാ…എനിക്ക് ഇപ്പോൾ കല്യാണം വേണ്ട എനിക്ക് ഡോക്ടർ ആവണം.
എന്നാലെ പപ്പായുടെ മോൾ പോയിട്ട് പഠിക്കാൻ നോക്ക്….
അപ്പൊ കല്യാണം….
കല്യാണം മാങ്ങാതൊലി പോയി ഇരുന്ന് പഠിക്കെടി…തോമ അന്നയുടെ തലക്കിട്ട് ഒന്നു കൊടുത്തു.
എന്റെ പപ്പ മുത്താണ്….അന്ന തോമയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു വീടിനകത്തെക്ക് ഓടി. ആനി തോമയുടെ അടുത്തേക്ക് ചെന്നു. അയാളുടെ…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
നിങ്ങൾ നല്ലൊരു ഭർത്താവ് മാത്രമല്ല നല്ലൊരു അപ്പൻ കൂടിയാണ്. തോമ അനിയുടെ നെറ്റിയിലൊരു മുത്തം കൊടുത്തു. അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു…