ഇത്രെയെങ്കിലും – രചന: Unni K Parthan
നിന്റെ അമ്മേടെ പ്രായമുണ്ടല്ലോ മോനേ എനിക്ക്…എന്നിട്ടും ന്തിനാ അഭി ഇങ്ങനെ ഉള്ള മെസ്സേജ് എനിക്ക് ഇടുന്നത്…മറുപടി മെസ്സേജ് സെൻറ് ചെയ്യുമ്പോൾ അനുശ്രീയുടെ ഉള്ളൊന്നു പിടച്ചു. കയ്യൊന്ന് വിറച്ചു.
കുറച്ചു നാള് മുന്നേ ആണ് അഭിയുടെ റിക്യുസ്റ്റ് വന്നത്. അറിയാവുന്ന കുട്ടി ആയതു കൊണ്ടു കൺഫോം കൊടുത്തു കൂടെ കൂട്ടി. ആദ്യമൊക്കെ ഒരു ഗുഡ് മോർണിംഗ്. ചിലപ്പോൾ ഒരു ഹായ് ഒക്കെ ആയിരുന്നു അയച്ചു കൊണ്ടിരുന്നത് അവൻ. ഡൈലി അവന്റെ ഗുഡ് മോർണിംഗ് കാണാറുണ്ട് എങ്കിലും തിരിച്ചു മെസ്സേജ് ഇടാറില്ല. ഒരു ദിവസം ചുമ്മാ മൊബൈൽ തോണ്ടി കൊണ്ട് ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് അവന്റെ മെസ്സേജ്…
ഹായ്…അന്ന് ആദ്യമായി അവന്റെ മെസ്സേജ് തുറന്നു. അത് കണ്ടത് കൊണ്ടാവാം. അവൻ വീണ്ടും മെസ്സേജ് ഇടാൻ തുടങ്ങി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ…ചേട്ടൻ ജോലിക്ക് പോയോ…അങ്ങനെ അങ്ങനെ…ഒടുവിൽ ഒരു നിമിഷത്തിൽ താനും ഒരു ഹായ് ഇട്ട്…പിന്നേ ഇച്ചിരി നേരം ചാറ്റ് ചെയ്തു. കുഞ്ഞി കൊച്ച് അല്ലെ ആ ഒരു രീതിയിൽ ആയിരുന്നു അവനോടു ചാറ്റ് ചെയ്തത്.
എന്നാൽ അന്ന് രാത്രി പതിവില്ലതെ അവന്റെ മെസ്സേജ് എത്തി. രാവിലെ ചാറ്റ് ചെയ്തത് കൊണ്ടു ആവാം താനും മറുപടി കൊടുത്തു. ചേട്ടൻ എവിടെ…അവൻ ചോദിച്ചു. ആള് ഇന്ന് വരില്ല. ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്.
ആണോ…ചേച്ചി തനിച്ചാണോ…
അല്ല അമ്മ ഉണ്ട്.
ആഹാ…ചേച്ചിയേ കണ്ടാൽ വല്യ ഒരു മോൻ ഉണ്ട് എന്ന് പറയില്ല ട്ടോ…
ആണോ…താങ്ക്സ്…ചിരിക്കുന്ന ഒരു സ്മൈലി ഇട്ടു താൻ…
ചേച്ചിക്ക് ചുരിദാർ ആണ് ട്ടോ ചേരുക.
ആണോ…
ആന്നേ…നല്ല ഷേപ് അല്ലേ ചേച്ചിയുടെ…ആ മെസ്സേജ് കണ്ടതും ഉള്ളൊന്നു നടുങ്ങി. അതേ അഭി അമ്മ വിളിക്കുന്നു. ഗുഡ് നൈറ്റ്…അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അനുശ്രീ നെറ്റ് ഓഫ് ചെയ്തു.
ന്താ ആ കുട്ടി അങ്ങനെ പറഞ്ഞത്. അവളുടെ ഉള്ളിൽ ഒരു ആധി കേറി. പിന്നേ അതൊരു തുടക്കം ആയിരുന്നു. നെറ്റ് ഓൺ ചെയ്താൽ അഭിയുടെ മെസ്സേജ് ഉണ്ടാകും. ചേച്ചി ഹോട്ട് ആണ്. സെക്സി ആണ്…ഇന്നലെ അമ്പലത്തിൽ വന്ന സമയം ഉടുത്ത സാരിയിൽ ചേച്ചിയേ കാണാൻ ന്ത് ഭംഗി ആയിരുന്നു. കഴിഞ്ഞ ദിവസം ഞാൻ ചേച്ചിയുടെ പുറകിൽ ഉണ്ടായിരുന്നു. ചേച്ചി സ്കൂട്ടി ഓടിച്ചു പോകുമ്പോൾ…ഇത്രേം ടൈറ്റ് ഉള്ള ചുരിദാർ ഇടേണ്ട ട്ടോ…കണ്ടിട്ട് എനിക്ക് തന്നെ കൊതി ആയി. മറ്റുള്ളവരുടെ കാര്യം പിന്നേ പറയണ്ടലോ…
രണ്ടു ദിവസം കൊണ്ട് അവൻ ഇടുന്ന മെസ്സേജ് കണ്ടു ശരിക്കും ഞെട്ടി അനുശ്രീ…ആരോട് ഇതെല്ലാം തുറന്നു പറയും. ഭർത്താവിന്റെ അടുത്ത് പറയാൻ കഴിയില്ല. കാരണം കുറച്ചു നാളായി ആൾക്ക് തന്നെ നല്ല സംശയം ആണ്. കാരണം മറ്റൊന്നും അല്ല. തനിക്കു സൗന്ദര്യം കൂടുന്നു. ആൾക്ക് പ്രായമാവുന്നു. ആൾക്ക് ആണേൽ തന്നെ തൃപ്‍തിയാക്കാൻ കഴിയുന്നില്ല. എന്നൊരു തോന്നലും ആൾടെ മനസ്സിൽ അറിയാതെ കയറി തുടങ്ങിയിരുന്നു ഈ ഇട ആയി. അത് ഇടക്ക് ഇടക്ക് മുന വെച്ച സംസാരം കൊണ്ടു ആള് എന്നേ അറിയിക്കാൻ ശ്രമിക്കുന്നുമുണ്ട്. താൻ അത് ചിരിച്ചു കൊണ്ടു തള്ളി കളയുക ആണ്. ഇനി ഇത് കൂടെ പറഞ്ഞാൽ പിന്നേ അത് മതി.
മോനോട് പറഞ്ഞാൽ വേണ്ടാ…ഇമ്മാതിരി കാര്യങ്ങൾ എങ്ങനെ മോനോട് പറയും. അനുശ്രീ ആകെ വിഷമിച്ചു. ബ്ലോക്ക് ഇട്ടാലോ…പക്ഷെ എങ്ങനെ…ഈ ഫേസ് ബുക്ക് എടുത്തിട്ട് കുറച്ചു നാളെ ആയുള്ളൂ. ഇതിലെ ഒരു കാര്യങ്ങളും അറിയില്ല. ചുമ്മാ ലൈക് ഇടുക…അതാണ് ഇത് വരേ ചെയ്യുന്നത്.
ചേച്ചി…വീണ്ടും അവന്റെ മെസ്സേജ്…
നിന്റെ അമ്മേടെ പ്രായമുണ്ടല്ലോ മോനേ എനിക്ക്. എന്നിട്ടും ന്തിനാ അഭി ഇങ്ങനെ ഉള്ള മെസ്സേജ് എനിക്ക് ഇടുന്നത്. മറുപടി മെസ്സേജ് സെൻറ് ചെയ്യുമ്പോൾ അനുശ്രീയുടെ ഉള്ളൊന്നു പിടച്ചു…കയ്യൊന്ന് വിറച്ചു…
അമ്മയുടെ പ്രായമല്ലേ…അമ്മ അല്ലാലോ…ചിരിക്കുന്ന ഒരു സ്മൈലി ഇട്ടു അവൻ. അനുശ്രീ ചൂളി ആ മെസ്സേജ് കണ്ട്…ഇത് ഇങ്ങനെ വിട്ടാൽ പറ്റില…അനുശ്രീ തീരുമാനിച്ചു.
ആ അത് ശരിയാണ് ലോ…ഞാൻ അങ്ങനെ ചിന്തിച്ചില്ല.
അങ്ങനെ ഓക്കേ ചിന്തിക്കാൻ ശീലമാക്കു ചേച്ചി.
ഇങ്ങനെ ഒക്കെ അല്ലേ ഓരോന്ന് അറിയുന്നത്. അല്ലേ അഭി….
ഇനീം ഒരുപാട് അറിയാൻ ഉണ്ട് ചേച്ചി.
ഉവ്വോ…
ഉവ്വ് ന്നേ…
അഭി ന്താ ചെയ്യുന്നേ…ഡിഗ്രീ സ്റ്റുഡന്റ് ആണ്. ഏതാ ഇയർ…ഫസ്റ്റ് ഇയർ…ക്ലാസ്സ് തുടങ്ങിയില്ല…ഈ കൊറോണ കാരണം.
എനിക്ക് അഭിയേ ഒന്ന് കാണണം ലോ…ന്താ വഴി…?
നേരിട്ടു വേണോ…
ന്താ അഭിക്ക് ഭയമുണ്ടോ…
അതല്ല. ഈ കൊറോണ കാരണം പുറത്തു ഇറങ്ങാൻ കഴിയുന്നില്ല ലോ…പിന്നേ എങ്ങനെ…?
അഭി ഇവിടെ അടുത്ത് അല്ലേ…നാളേ കഴിഞ്ഞു ഫ്രീ ആണേൽ വീട്ടിൽ വാ…ഇവിടെ ആരും ഉണ്ടാവില്ല…അമ്മ മുകളിലെ മുറിയിൽ ആണ്. അത് കൊണ്ട് മ്മക്ക് കുറച്ചു നേരം സംസാരിച്ചു ഇരിക്കാം.
സംസാരം മാത്രം മതിയോ…അഭി മെസ്സേജ് ഇട്ടു. ഒരു സ്മൈലി കൂടെ…നീ വാടാ…മ്മക്ക് വഴി ഉണ്ടാക്കാം.
അതേ ചേച്ചി…പിന്നേ ഒരു കാര്യം. അന്ന് ചേച്ചി സ്കൂട്ടി ഓടിച്ചപോൾ ഇട്ട ആ യെല്ലോ ചുരിദാർ ഇട്ടോളൂ ട്ടോ…ഷാൾ വേണ്ടാ…ഞാൻ ഷാൾ വീട്ടിൽ ഇടാറില്ല. ഓ…അങ്ങനെ…മ്മ്…ങ്കിൽ ശരി അഭി. സമയം ഞാൻ നാളേ അറിയിക്കാം. അത് വരേ മെസ്സേജ് ഇടരുത്. ഇല്ല ചേച്ചി. സീ യു അഭി…സീ യു ചേച്ചി.
*****************************
കാളിംഗ് ബെൽ അടിച്ചു അഭി കാത്തു നിന്നു. കുറച്ചു നേരം കഴിഞ്ഞു വാതിൽ തുറന്നു അനുശ്രീ അഭിയെ നോക്കി ചിരിച്ചു. ആഹാ…അഭി…നീ നേരത്തെ എത്തിയോ…
ആ ചേച്ചി…ന്തേ ഡിസ്റ്റർബ് ആയോ…ഹേയ് ഇല്ല…നീ വാ…അനുശ്രീ തിരിഞ്ഞു നടന്നു. അഭി അനുശ്രീയുടെ പിറകേ നടന്നു. അവളുടെ നടത്തം ആസ്വദിച്ചു കൊണ്ട്….ചേച്ചിയോട് ഞാൻ ആ മഞ്ഞ ചുരിദാർ ഇടാൻ പറഞ്ഞിട്ട് ഇട്ടില്ല ല്ലേ…അത് അഭി വന്നിട്ടു അഭിയുടെ മുന്നിൽ വെച്ച് ഇടാം ന്ന് കരുതി. അഭി ഒന്ന് ഞെട്ടി. അയ്യോ വാതിൽ കുറ്റിയിട്ടില്ല. അനുശ്രീ തിരിഞ്ഞു നടന്നു വാതിൽ കുറ്റിയിട്ട് അഭിയേ നോക്കി ചിരിച്ചു.
ആ ഡ്രെസ്സ് ഇടുന്നത് കാണണോ അഭിക്ക്…അഭി ഒന്ന് പരുങ്ങി…ന്താ അഭി…നിനക്ക് കാണണോ…മ്മ്…അഭി മൂളി…ങ്കിൽ വാ…അനുശ്രീ മുന്നോട്ട് നടന്നു…
എവിടേക്ക്…റൂമിലേക്ക്…ഇവിടെ നിന്നു എങ്ങനെ ഡ്രെസ്സ് ചേഞ്ച് ചെയ്യുക. അഭി നിന്ന് വിയർക്കാൻ തുടങ്ങി. വാടാ…അനുശ്രീ റൂമിലേക്ക് നടന്നു. അഭി അവളുടെ പിറകേ റൂമിലേക്ക് കയറി. എങ്ങനുണ്ട് കൊള്ളാമോ…അനുശ്രീ ചോദിക്കുന്നത് കേട്ട് അഭി അവളെ നോക്കി. ന്ത് കൊള്ളാമോ ന്ന്…ഡ്രെസ്സ്…ദേ നോക്കടാ….
കട്ടിലിലേക്ക് ചൂണ്ടി അനുശ്രീ പറഞ്ഞതും…അഭി നടുങ്ങി…അമ്മ….ശ്വാസം നിലച്ചത് പോലേ നിന്നു പോയി അഭി. ഞാൻ ഇട്ട അതേ ഡ്രെസ്സ് ആണ്. നിന്റെ അമ്മ ഇട്ടിരിക്കുന്നത്. എന്നേക്കാൾ ചേരുന്നതും നിന്റെ അമ്മക്ക് ആണ്. എന്നോട് തോന്നിയത് തന്നെ ആണോ നിനക്ക് തോന്നുന്നത്.
ചേച്ചി…അത് പിന്നേ ഞാൻ…അഭി നിന്നു വിക്കി. കട്ടിലിൽ നിന്നും വീണ എഴുന്നേറ്റു അഭിയുടെ അടുത്തേക്ക് വന്നു. മുഖമടച്ചു ഒരെണ്ണം കൊടുത്തു. കണ്ണിന്റെ കാഴ്ച മറയുന്നത് പോലേ തോന്നി അവന്…
അമ്മേ…ഞാൻ…അറിയാതെ…
വേണ്ടാ….നീ ഇനി ഒന്നും പറയണ്ടാ…എല്ലാം അനു എന്നോട് പറഞ്ഞു. കൂടുതൽ ഒന്നും പറയാതെ വീണ തലയിൽ കൈ വെച്ച് താഴേക്ക് ഇരുന്നു.
സ്വന്തം മോനേ പോലേ ആയിരുന്നു അഭി നിന്നെ ഞാൻ കണ്ടത്. പക്ഷേ…നിന്റെ ഈ മാറ്റം. അത് ശരിക്കും തകർത്തു കളഞ്ഞത് ഞങ്ങളെ ആയിരുന്നു. ന്ത് കണ്ടിട്ട് ആണ് ഇങ്ങനെ നീ എനിക്ക് മെസ്സേജ് ചെയ്തത് എന്ന് എനിക്ക് അറിയുന്നില്ല. കയ്യും കാലും ദേ വിറച്ചു കൊണ്ട് തന്നെ ഇരിക്കുവാ…ഇതെങ്ങനെ ആരോടെങ്കിലും പറയും എന്നോർത്ത് ശരിക്കും വിഷമിച്ചു ഞാൻ. ഒടുവിൽ ഞാൻ തീരുമാനിച്ചു. അറിയേണ്ട ആള് നിന്റെ അമ്മ തന്നെ ആണ് ന്ന്…
മുന്നേ കണ്ടിട്ടുണ്ട് എങ്കിലും വല്യ പരിചയം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഫോണിൽ വിളിച്ചു ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് പറഞ്ഞു. കുറച്ചു നേരത്തെ മൗനം എന്നേ ശരിക്കും വല്ലാതെയാക്കി. ഒടുവിൽ നേരിട്ട് വരാം എന്ന് പറഞ്ഞത് എനിക്ക് തന്ന ആത്മ വിശ്വാസം ചെറുതല്ല. നിങ്ങളുടെ പ്രായത്തിൽ ഉള്ള മിക്ക കുട്ടികൾക്കും ന്തോ…ഞങ്ങളുടെ പ്രായത്തിൽ ഉള്ളവരെ കാണുമ്പോൾ ഒരു ഇളക്കം കൂടുതൽ ആണ്. അത് ന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ല.
ന്താണ്…നാൽപതു വയസു കഴിഞ്ഞ സ്ത്രീകൾ. അതായത് നിങ്ങൾ വിളിക്കുന്ന ആന്റിമാർ. അല്ലേ അമ്മായിമാർ….അവർക്ക് ന്താ ഉള്ളത് കൂടുതൽ. രാത്രിയിൽ ഗ്രീൻ ലൈറ്റ് കണ്ടാൽ…വീഡിയോ കാൾ കൊണ്ടും…മോശം മെസ്സേജ് കൊണ്ടും ഞങ്ങളെ ശല്യം ചെയുന്ന നിന്റെ ഓക്കേ വർഗം ഉണ്ടല്ലോ…നാളേ…ദേ…ഈ ഇരിക്കുന്ന നിന്റെ…
മുഴുമിപിച്ചില്ല അനുശ്രീ…നിന്റെ അമ്മക്ക് ഉള്ളത് ഒക്കെ തന്നെ ആണ് ഡാ നായേ എനിക്കും ഒള്ളത്…പറഞ്ഞു തീർന്നതും അനുശ്രീയുടെ വലതു കൈ അഭിയുടെ കവിളിൽ ആഞ്ഞു പതിച്ചു. ഇറങ്ങി പോടാ…ചെറ്റേ…പുറത്തേക്ക് കൈ ചൂണ്ടി കൊണ്ട് അനുശ്രീ അലറി…
ക്ഷെമിക്കണം…ഇങ്ങനെ പറയാതെ എനിക്ക് കഴിയില്ല….വീണയുടെ കയ്യിൽ പിടിച്ചു കൊണ്ട് അനുശ്രീ പറയുന്നത് കേട്ട് വീണ ഏങ്ങി കരഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.
അനുശ്രീ തിരിഞ്ഞു നടക്കുമ്പോൾ മാധവൻ അവളെ നോക്കി ചിരിച്ചു. അവൾ ഓടിച്ചെന്നു മാധവന്റെ നെഞ്ചിലേക്ക് വീണു. ഏട്ടാ…മാധവൻ അവളെ ചേർത്ത് പിടിച്ചു.