ആ അങ്കിൾ എന്റെ ഇച്ചീച്ചിയിൽ ഒക്കെ പിടിക്കും. ഉമ്മ വെയ്ക്കും. ആ അങ്കിളിന്റെ മേത്ത് ഒക്കെ ഉമ്മ വെയ്ക്കാൻ പറയും.

ചുവപ്പ് – രചന: ഭദ്ര മനു

എല്ലാ എക്സാമിനും ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന ആദിയുടെ ഇത്തവണത്തെ ഓണപരീക്ഷയുടെ ഉത്തരപേപ്പറുകളാണ് ഇത്. ഒരു വിഷയത്തിന് പോലും ആ കുട്ടി പാസ്സ് ആയിട്ടില്ല…എന്താണ് അവന് പറ്റിയത്…?

തന്റെ മുൻപിലിരിക്കുന്ന ആദിയുടെ മാതാപിതാക്കളായ സൂരജിനും ഇന്ദുവിനും നേരെ ആദിയുടെ ഉത്തരപേപ്പറുകൾ നീട്ടി കൊണ്ട് ക്ലാസ്സ്‌ ടീച്ചർ ലീന പറഞ്ഞു.

അറിയില്ല ടീച്ചർ…വീട്ടിൽ വന്നാലും അവനു പഴയ പോലെ പഠിക്കാനൊന്നും ഉത്സാഹമില്ല. എപ്പോഴും വാതിലടച്ചിരുപ്പാണ്…സൂരജ് പറഞ്ഞു.

എന്തായാലും നിങ്ങൾ ഒന്ന് ശ്രദ്ധിക്കണം. ക്ലാസ്സിൽ പോലും ആദി ശ്രദ്ധിക്കുന്നില്ല…എപ്പോഴും എന്തോ ചിന്തിച്ചിരിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്…അവർ പറഞ്ഞു നിർത്തി.

പ്രോഗ്രസ്സ് കാർഡിൽ ഒപ്പ് വെച്ച ശേഷം ഇന്ദുവും സൂരജും ക്ലാസ്സിന് വെളിയിലിറങ്ങി. സൂരജ് ബൈക്ക് എടുക്കാൻ പോയ സമയത്ത് ഇന്ദു ക്ലാസ്സിലേക്ക് തല തിരിച്ചു ആദിയെ നോക്കി. പേടിച്ചരണ്ട കണ്ണുകളോടെ ആ എട്ടുവയസുകാരൻ ഇന്ദുവിനെ തുറിച്ചു നോക്കി. അത് കണ്ടപ്പോൾ ഇന്ദുവിന്റെ നെഞ്ച് വിങ്ങി. ബൈക്കുമായി വന്ന സൂരജിന്റെ ഒപ്പം പോവുമ്പോഴും അവൾ ഇടയ്കിടക്ക് ആദിയെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.

***************

വൈകുന്നേരം ആദി സ്കൂൾ വിട്ട് വരുമ്പോഴേക്കും സൂരജ് മുറ്റത്ത് നിന്നിരുന്ന പേരയുടെ നീളമുള്ളൊരു വടി വെട്ടി വെച്ചിരുന്നു. പതിവ് ചായകുടിക്ക് ശേഷം തന്റെ മുറിയിലേക്ക് പോവാൻ തുടങ്ങിയ ആദിയെ സൂരജ് പിടിച്ചു നിർത്തി. അയാളുടെ കയ്യിൽ ആദിയുടെ പരീക്ഷപേപ്പറുകളുണ്ടായിരുന്നു. ഇതെന്താ ആദി….? സൂരജ് കത്തുന്ന കണ്ണുകളോടെ കുട്ടിയെ നോക്കി.

എന്റെ ആൻസർ പേപ്പർ…ആദി തറയിലേക്ക് നോക്കി പറഞ്ഞു. സൂരജ് ടീപ്പോയിലിരുന്ന വടിയെടുത്തു ആദിയുടെ കണ്ണംങ്കാലിൽ നീട്ടിയൊരു അടികൊടുത്തു.

ഇത് നിന്റെ ഉത്തരപേപ്പർ ആണെന്ന് എനിക്കറിയാം….ഇതിലെ മാർക്കിനെ കുറിച്ചാണ് ഞാൻ ചോദിച്ചത്. മാത്‍സ് 8, സയൻസ് 6, ഇംഗ്ലീഷ് 11….ഇതെന്താണ് ആദി കാണുന്നത്…? പഠിക്കാൻ നിനക്ക് ആവശ്യമുള്ളതൊക്കെ ഞാൻ വാങ്ങി തരുന്നില്ലേ…നിന്റെ പ്രായത്തിൽ ഇത്രയും സൗകര്യങ്ങളൊന്നും എനിക്കില്ലായിരുന്നു. എന്നിട്ട് ഞാൻ പഠിച്ചു നല്ലൊരു ജോലി വാങ്ങി. ഞാൻ അനുഭവിച്ച കഷ്ട്ടപാട് എന്റെ മോൻ അനുഭവിക്കരുതെന്ന ആഗ്രഹം കൊണ്ടാണ് നീ ചോദിക്കുന്ന എന്തും അപ്പോപ്പോൾ വാങ്ങി തരുന്നത്. എന്നിട്ട് എല്ലാ വിഷയത്തിനും തോറ്റു വന്നിരിക്കുന്നു.

സൂരജ് ദേഷ്യത്തോടെ വിറച്ചു. ആദി മുഖമുയർത്തി സൂരജിനെ നോക്കി. അവന്റെ ദയനീയത നിറഞ്ഞ നോട്ടം സൂരജിന്റെ ദേഷ്യം വർധിപ്പിച്ചു. അയാൾ വടിയാൽ ആദിയെ വീണ്ടും അടിച്ചു.

അടിയുടെ വേദനയാൽ ആദി വാവിട്ടു കരഞ്ഞു. നിനക്കെന്താടാ പ്രാന്ത് ആണോ…? അടിച്ചു നീ ചെക്കന്റെ തൊലി പൊളിക്കോ…സൂരജിന്റെ അമ്മ കരച്ചിൽ കേട്ട് മുറിയിൽ നിന്നും ഇറങ്ങിവന്നു.

അച്ചമ്മേ….അവരെ കണ്ടതും ആദി കരച്ചിലോടെ ഓടിചെന്ന് അവരെ വട്ടം കെട്ടിപിടിച്ചു.

നിന്റെ കൈതരിപ്പ് തീർക്കേണ്ടത് ഇച്ചിരിയില്ലാത്ത കുഞ്ഞിനെ തല്ലിയല്ല സൂരജേ…സൂരജിന്റെ അമ്മ ആദിയുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.

അമ്മയിത് കണ്ടില്ലേ…എത്ര നന്നായി പഠിച്ചിരുന്നതാ ഇവൻ. ഇപ്പൊ ഒരു വിഷയം പോലും ജയിച്ചിട്ടില്ല.

അതിന് കുഞ്ഞിനെ ഇങ്ങനെയിട്ട് തല്ലിയാൽ പരിഹാരമാവോ…അവൻ അടുത്ത പരീക്ഷയിൽ നന്നായി മാർക്ക് വാങ്ങിക്കോളും, ഇല്ലേ അപ്പുകുട്ടാ…? അവർ ആദിയെ എടുത്തുയുർത്തി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. നനഞ്ഞ മുഖം അവരുടെ തോളത്ത് അമർത്തി ആദി വിങ്ങിപൊട്ടി. സൂരജിന്റെ അമ്മ ആദിയെ എടുത്തു അവന്റെ മുറിയിലേക്ക് നടന്നു. ആദിയെ കിടക്കയിൽ കിടത്തി അവർ കതക് ചാരി ഹാളിലേക്ക് ചെന്നു.

സൂരജേ…വർഷം പത്തു കാത്തിരുന്നു നിനക്ക് ജനിച്ചതല്ലേ അപ്പു. ഒരു കുഞ്ഞിക്കാല് കാണാൻ നീ എത്ര കാത്തിരുന്നു. എന്നിട്ടാണോ ആ കുഞ്ഞിനെ ഇങ്ങനെ തല്ലി ചതയ്ക്കുന്നത്. അമ്മ അവന്റെ ഭാഗത്തെ തെറ്റ് എന്താ കാണാത്തത്…ഇത് കളക്ടർ ആവാനുള്ള പരീക്ഷ ഒന്നുമല്ലല്ലോ…നാലിലോ അഞ്ചിലോ പഠിക്കുന്നൊരു കുഞ്ഞ് പരീക്ഷയ്ക്ക് തോറ്റു എന്നും പറഞ്ഞു ഇങ്ങനെ അടിച്ചു പതം വരുത്തുകയല്ല വേണ്ടത്…പഠിപ്പും വിവരവുമുള്ള അച്ഛനും അമ്മയും കൂടെയിരുന്നു പഠിപ്പിക്കണം. അതിന് നിനക്കും ഇന്ദുവിനും സമയം ഇല്ലല്ലോ…രാത്രി ഏഴ് മണിക്കല്ലേ നീയും അവളും ജോലി കഴിഞ്ഞു വരുന്നത്. അതിരാവിലെ ഇറങ്ങി പോവുകയും ചെയ്യും പിന്നെങ്ങനെയാ ശരിയാവുന്നത്. സൂരജിന്റെ അമ്മ മുഖം വീർപ്പിച്ചു അടുക്കളയിലേക്ക് പോയി.

********************

സന്ധ്യ കഴിഞ്ഞു ഇന്ദു വരുമ്പോൾ സൂരജ് ഹാളിൽ കണ്ണടച്ചു സെറ്റിയിലേക്ക് ചാരിയിരിക്കുകയായിരുന്നു. അവൾ പതിയെ അയാളെ കുലുക്കി വിളിച്ചു. അയാൾ പെട്ടന്ന് ഞെട്ടി അവളെ നോക്കി.

ഇതെന്താ ഈ സമയത്തൊരു മയക്കം.

നല്ല തലവേദന പോലെ…അയാൾ നെറ്റി തടവി.

എനിക്കും നല്ല തലവേദനയുണ്ട് സൂരജേട്ടാ…ആദിയുടെ സ്കൂളിൽ പോവാൻ രാവിലെ ഇച്ചിരി നേരം ഓഫീസിൽ നിന്നും മാറി നിന്നതിനു ആ ബോസ്സിന്റെ വായിൽ നിന്നും ശരിക്കും കേട്ടു.

മ്മ്….സൂരജ് മൂളി.

അവൻ എന്തിയെ…ഇന്ദു മകനെ തിരക്കി.

പിണങ്ങി മുറിയിൽ കിടപ്പുണ്ട്.

പിണങ്ങാനോ…ഇന്ദുവിന്റെ മുഖം ചുളിഞ്ഞു.

ങ്ങാ…പരീക്ഷയ്ക്ക് തോറ്റതിന് ഞാൻ ചെറുതായി ഒന്ന് ശാസിച്ചു. ദേഷ്യം വന്നപ്പോ അറിയാതെ അടിച്ചും പോയി.

അടിക്കാനോ…ഈശ്വരാ…ഇന്ദു പരിഭ്രമത്തോടെ മകന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ ആദി കരഞ്ഞു തളർന്നു മയങ്ങുകയായിരുന്നു. ഇന്ദു ആദിയുടെ അരികിലിരുന്നു….അവന്റെ മുട്ടിനു താഴെ അടികൊണ്ട് തിണർത്ത ചുവന്ന പാടുകളിൽ അവൾ തലോടി. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ഇന്ന് വരെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല താൻ. പക്ഷെ സൂരജേട്ടൻ അങ്ങനെയല്ല…ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല. ഇന്ദു കുനിഞ്ഞു ആദിയുടെ നെറ്റിയിൽ ഉമ്മ വെച്ചു.

അപ്പുസേ….അവൾ കുഞ്ഞിനെ വിളിച്ചു. ആദി പതിയെ കണ്ണ് തുറന്ന് അവളെ നോക്കി. അപ്പുക്കുട്ടന് അച്ഛ അടിച്ചപ്പോ വേദനിച്ചോ…

മ്മ്….ആദി തന്റെ കാലിലെ പാടിൽ തൊട്ടു. പോട്ടെ…അച്ഛയ്ക്ക് ദേഷ്യം വന്നപ്പോ അടിച്ചു പോയതല്ലേ…ഇനി അടിക്കില്ലട്ടോ…അവൾ ആദിയെ കെട്ടിപിടിച്ചു. വാ… അമ്മ മോന് ഇഷ്ട്ടപെട്ട ബ്രെഡ് സാൻവിച് വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്.

എനിക്ക് വേണ്ട…ആദി വീണ്ടും കിടക്കാൻ തയാറെടുത്തു. പറ്റില്ല….മോന് ഒരുപാട് ഇഷ്ട്ടല്ലേ അത്…ബേക്കറി അടയ്ക്കും മുൻപേ അമ്മ തിടുക്കപെട്ടു വാങ്ങിക്കൊണ്ടു വന്നതല്ലേ അമ്മടെ അപ്പൂന്…ബാ അമ്മയെടുത്തു തരാം. മനസില്ലമനസോടെ ആദി ഹാളിലേക്ക് നടന്നു. കണ്ണ് കൊണ്ട് അവൻ സൂരജിനെ തിരഞ്ഞു…അയാൾ മുറിയിലേക്ക് പോയിരുന്നു.

ഇന്ദു അടുക്കളയിൽ നിന്നും ഒരു കപ്പിൽ ചായയും സാൻവിച്ചും എടുത്തു ആദിയ്ക്ക് കൊടുത്തു. ആദി കഴിക്കുന്നത് നോക്കി ഇന്ദു ഇരുന്നു. പാവം കുട്ടി….നല്ല പോലെ നൊന്ത് കാണും, ഇന്ദുവിന്റെ കണ്ണ് കലങ്ങി. സാൻവിചെടുത്തു ഒന്ന് കടിച്ച ശേഷം ആദി അവളെ നോക്കി വേണ്ടെന്ന് തല കുലുക്കി. കഴിക്ക് മോനെ…ഇന്ദു നിർബന്ധിച്ചു. വേണ്ടമ്മേ…എന്നാ അമ്മ മോന് ചോറ് തരട്ടെ. മ്മ്…ആദി മൂളി.

ഇന്ദു അടുക്കളയിൽ പോയി ചോറും കറിയും എടുത്തു കൊണ്ട് വന്നു ആദിക്ക് വാരികൊടുത്തു. ഭക്ഷണം മൊത്തം കഴിച്ച ശേഷം ആദി വസ്ത്രം പോലും മാറാതെ പോയി കിടന്നു….ഈ കുട്ടിക്ക് എന്താ പറ്റിയെ…ഇന്ദു ആദിയുടെ കിടപ്പ് നോക്കി നെടുവീർപ്പിട്ടു.

രാത്രി സൂരജിന്റെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ ഇന്ദുവിന്റെ കണ്ണ് നിറഞ്ഞു. നീ എന്തിനാ കരയുന്നെ…? നെഞ്ച് നനഞ്ഞപ്പോൾ സൂരജ് തിരക്കി. നമ്മുടെ അപ്പുവിന് എന്താ പറ്റിയെ സൂരജേട്ടാ…അവനിപ്പോ ആ പഴയ എനർജി ഒന്നുമില്ല. ആകെ മാറിപ്പോയി….ഒരു പൂമ്പാറ്റയെ പോലെ ഓടിനടന്ന കുഞ്ഞാണ്….ഇപ്പൊ എന്താ എന്റെ അപ്പുവിന് പറ്റിയെ എന്നറിയില്ല.

അവനെന്തു പറ്റാൻ….നീ വെറുതെ ഓരോന്ന് ചിന്തിച്ചു തലവേദന കൂട്ടണ്ട, സൂരജ് അവളെ തന്നിലേക്ക് ഒന്നുടെ ചേർത്ത് പിടിച്ചു.

അങ്ങനല്ല സൂരജേട്ടാ…അവനെന്തോ പറ്റിയിട്ടുണ്ട്. അങ്ങനെ മനസ് പറയുന്നു. അല്ലാതെ എന്റെ കുഞ്ഞ് ഇങ്ങനെ മാറില്ല. ഒന്നും കഴിക്കുന്നില്ല…പഠിക്കുന്നില്ല…ആരോടും മിണ്ടുന്നില്ല…ആ പഴയ കളിയും ചിരിയും ഒന്നുമില്ല….അപ്പു എന്തോ വല്ലാതെ പേടിച്ചിട്ടുണ്ട്.

എന്റെ ഇന്ദു….അതൊക്കെ നിനക്ക് തോന്നുന്നതാ. ഇന്ദു ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. നീ പിണങ്ങിയോ…? സൂരജ് പിന്നിലൂടെ അവളെ കെട്ടിപിടിച്ചു. ഏയ്‌…എന്തിന്….ഇന്ദു നിറഞ്ഞ കണ്ണുകൾ സൂരജ് കാണാതെ തുടച്ചു.

നാളെ ശനി അല്ലേ…നമ്മുടെ പിള്ളസാറിന്റെ മോളുടെ പിറന്നാൾ അല്ലേ….നമ്മുക്ക് പോണ്ടേ…സൂരജ് വിഷയം മാറ്റി.

ഓ…അത് നാളെയാണോ…നമുക്കൊരു ഗിഫ്റ്റ് വാങ്ങണ്ടേ…ഇന്ദു ചോദിച്ചു. വാങ്ങാം…നാളെ വൈകുന്നേരം അല്ലേ പരിപാടി…അപ്പോഴേക്കും വാങ്ങിക്കാം. അന്നത്തെ ചർച്ചകൾക്ക് വിരാമം ഇട്ടു കൊണ്ട് അവർ ഉറക്കമായി.

*****************

പിറ്റേന്ന് വൈകീട്ട് സൂരജും ഇന്ദുവും ആദിയും സൂരജിന്റെ അമ്മയും പിള്ളയുടെ വീട്ടിലേക്ക് പോയി. തൊട്ടടുത്ത വീടായതിനാൽ നടന്നാണ് അവർ പോയത്. അവിടെ കേക്ക് മുറിക്കലും ഭക്ഷണം കഴിക്കലുമൊക്കെയായി സമയം കടന്ന് പൊയ്ക്കോണ്ടിരുന്നു. ആദി ഇന്ദുവിന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ പിള്ളസാർ അവരുടെ അടുത്തേക്ക് ചെന്നു. ഇന്ദു അയാളെ നോക്കി ചിരിച്ചു….

അയാൾ ആദിയുടെ കവിളിൽ ചെറുതായി തലോടി. ഇത്രയും വലിയ കുട്ടി ആയിട്ടും അമ്മയെ ചുറ്റിപറ്റി നിൽക്കുവാണോ നീ അയാൾ ആദിയോട് ചോദിച്ചു. ആദി ഒന്നും മിണ്ടാതെ അയാളെ തുറിച്ചു നോക്കി. വാ…അങ്കിൾ ചോദിക്കട്ടെ അയാൾ ആദിയുടെ കയ്യിൽ കേറി പിടിച്ചു.

ഇല്ല…ഞാൻ വരില്ല ആദി ഇന്ദുവിന്റെ സാരിതുമ്പിൽ ചുറ്റിപിടിച്ചു. ചെല്ല് മോനെ…ഇന്ദു പറഞ്ഞു. ഇല്ല…ഞാൻ പോവൂല…ആദിയുടെ മുഖം മാറി. ആദി…ചെല്ല്…അടുത്ത് നിന്ന സൂരജ് ദേഷ്യത്തിൽ അവനെ നോക്കി.

ഇല്ല….ഇല്ല…ആദിയുടെ മുഖം ചുവന്നു തുടുത്തു…കണ്ണ് നിറഞ്ഞു. ഇന്ദുവിനെ ഒന്ന് നോക്കിയ ശേഷം ആദി വീട്ടിലേക്ക് ഓടി.

അപ്പു…പകച്ചു പോയ ഇന്ദു അവന്റെ പുറകെ ഓടി. അപ്പു ഓടി വീടിന്റെ സിറ്റ്ഔട്ടിൽ ചെന്ന് വീണു. മോനെ….ഇന്ദു പേടിയോടെ ആദിയെ പിടിച്ചു എണീപ്പിച്ചു. പിറകെ സൂരജും അമ്മയും ഓടി വരുന്നുണ്ടായിരുന്നു. സൂരജ് വേഗം വാതിൽ തുറന്നു…ഇന്ദു ആദിയുമായി അകത്തു കയറി. ഇന്ദുവിന്റെ കൈ തട്ടിമാറ്റി ആദി അവന്റെ മുറിയിൽ കേറി വാതിൽ ചാരി.

മോനെ….ഇന്ദു അവനെ വിളിച്ചു. ഇന്ദു നീ റൂമിലേക്ക് പോ സൂരജ് പറഞ്ഞു. അമ്മയും ഇന്ദുവും റൂമിലേക്ക് പോയപ്പോ സൂരജ് ആദിയുടെ മുറിയിലേക്ക് നടന്നു. കിടക്കയിൽ കിടന്നു കരയുന്ന ആദിയെ കണ്ടപ്പോ സൂരജിനു വല്ലാത്ത സങ്കടം തോന്നി. അപ്പു….അയാൾ ആദിയെ വിളിച്ചു. അപൂർവം ചിലപ്പോൾ മാത്രമേ അയാൾ മകനെ അങ്ങനെ വിളിക്കാറുള്ളൂ. ഒന്നും മിണ്ടാതെ കിടക്കുന്ന ആദിയെ അയാൾ പതിയെ എണീപ്പിച്ചു.

അച്ഛടെ മോന് എന്താ പറ്റിയെ…?

ആദി ഒന്നും മിണ്ടാതെ അയാളെ നോക്കി. പറ അപ്പുസേ…അച്ഛ മോനെ അടിക്കില്ല…പറ…

ഉറപ്പാണോ അച്ഛേ…

ആം ഉറപ്പ്….ഇനി പറ മോൻ എന്തിനാ പിള്ളസാറിന്റെ വീട്ടിൽ നിന്നും ഓടി പോന്നത്.

അത്…പിന്നെ ആദി വിക്കി. പറ…ആ അങ്കിൾ ചീത്തയാ അച്ഛേ….ആ അങ്കിൾ എന്റെ ഇച്ചീച്ചിയിൽ ഒക്കെ പിടിക്കും. ഉമ്മ വെയ്ക്കും. ആ അങ്കിളിന്റെ മേത്ത് ഒക്കെ ഉമ്മ വെയ്ക്കാൻ പറയും….ആദി വെറുപ്പോടെ മുഖം ചുളിച്ചു.

കേട്ടത് വിശ്വസിക്കാൻ കഴിയാതെ സൂരജ് തരിച്ചിരുന്നു. മോൻ എന്തൊക്കെയാ പറയുന്നേ….

അതെ അച്ഛേ…അന്ന് അച്ഛമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയപ്പോ എന്നെ അവിടെ ആക്കിയിട്ട് അല്ലേ ഇങ്ങള് പോയത്. അന്ന് ആ അങ്കിൾ എന്റെ കൂടെയ കിടന്നത്. എന്നിട്ട് ആ അങ്കിൾ എന്റെ തുടയിൽ ഒക്കെ നുള്ളുകയും കടിക്കുകയും ചെയ്യ്തു. എനിക്ക് നല്ലോണം വേദനിച്ചു അച്ഛേ…ആദിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

സൂരജ് വാതിൽ അടച്ച ശേഷം ആദിയുടെ വസ്ത്രങ്ങൾ ഓരോന്നായി ഊരിമാറ്റി….ആദിയുടെ തുടയിലും രഹസ്യഭാഗത്തും നഖം കൊണ്ട് പോറിയതും രക്തം കട്ട പിടിച്ചതുമായ പാടുകൾ കണ്ട് സൂരജിന്റെ രക്തം തിളച്ചു. മോൻ ഇതെന്താ പറയാഞ്ഞേ…ആര് ദേഹത്ത് തൊട്ടാലും വന്നു പറയണമെന്ന് പറഞ്ഞു തന്നിട്ടില്ലേ…

ആരോടെങ്കിലും പറഞ്ഞാൽ നമ്മളേയെല്ലാം കൊല്ലുമെന്ന് പറഞ്ഞു…അത് പേടിച്ചാ ഞാൻ പറയാഞ്ഞേ..സൂരജ്ന്റെ ഉള്ളൂ നീറി….

തന്നെ കുളിക്കാനും കഴിക്കാനുമൊക്കെ മകനെ പഠിപ്പിച്ചത് താൻ തന്നെയാണ്…ഇല്ലെങ്കിൽ ഈ മുറിവുകൾ എന്നേ താനോ ഇന്ദുവോ കണ്ടേനെ…ഒന്നുമറിയാതെ എന്റെ കുഞ്ഞിനെ താൻ എത്ര വേദനിപ്പിച്ചു. സൂരജ് ആദിയെ കെട്ടിപിടിച്ചു. മോൻ പേടിക്കണ്ട…ഇനി ആ അങ്കിൾ മോനെ ഒന്നും ചെയ്യില്ലട്ടോ…അന്ന് രാത്രി സൂരജ് കുഞ്ഞിന്റെ കൂടെ അവനെയും കെട്ടിപിടിച്ചു കിടന്നു.

*******************

പിറ്റേന്ന് കാളിങ് ബെൽ കേട്ട് വാതിൽ തുറന്ന പിള്ള സാർ കണ്ടത് സൂരജിനേയാണ്. താൻ ആയിരുന്നോ…? കേറി വാ…പിള്ള അയാളെ അകത്തേക്ക് വിളിച്ചു. എന്തിനാ അപ്പു ഇന്നലെ ഇറങ്ങി ഓടിയത്…അയാൾ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി.

തനിക്ക് അറിയില്ല അല്ലേ…

സൂരജ് അയാളുടെ മുഖമടച്ചു വീശിയടിച്ചു. ശബ്ദം കേട്ട് പിള്ളയുടെ ഭാര്യയും മക്കളും ഓടി വന്നു. എല്ലാരും നോക്കി നിൽക്കെ സൂരജ് തന്റെ മുട്ട്കാല് കൊണ്ട് പിള്ളയുടെ രഹസ്യഭാഗത്ത് നോക്കി ആഞ്ഞു ഇടിച്ചു.

താൻ എന്താടോ കാണിക്കുന്നേ പിള്ളയുടെ മകൻ സൂരജിനു നേരെ ചീറി കൊണ്ട് വന്നു.

ഇതിനുള്ള മറുപടി ഞാൻ പറഞ്ഞാൽ മതിയോ…പെട്ടന്ന് വാതിൽക്കൽ സ്ഥലം എസ് ഐ സോമശങ്കർ പ്രത്യക്ഷപെട്ടു. നിന്റെ അച്ഛന് വയസാംകാലത്ത് കൊച്ച് പിള്ളേരെ കാണുമ്പോൾ കാലിന്റെ ഇടയിൽ ചെറിയൊരു തരിപ്പ്. അതിനുള്ള മരുന്നാണ് ഇപ്പൊ കൊടുത്തത്. ബാക്കി അങ്ങ് സ്റ്റേഷനിൽ ചെന്ന് ഞാൻ കൊടുക്കുന്നുണ്ട്.

സോമശങ്കർ നിലത്തു വീണു കിടക്കുന്ന പിള്ളയെ വലിച്ചു പൊക്കി. ശേഷം ഒന്നും മനസിലാകാതെ നിന്ന അയാളുടെ മക്കളോടും ഭാര്യയോടും കാര്യങ്ങൾ വിശദീകരിച്ചു. അയാളുടെ ഭാര്യ അത് കേട്ടതും വാ പൊത്തി കരഞ്ഞു കൊണ്ട് അകത്തേക്കോടി. പിള്ളയെ പോലീസ് ജീപ്പിൽ കേറ്റി കൊണ്ട് പോവുന്നത് സൂരജ് നിറഞ്ഞ മനസോടെ നോക്കി നിന്നു. ബഹുമാനവും ആദരവും ആയിരുന്നു അയാളോട്…പക്ഷെ ഇങ്ങനെ ഒരു നീചൻ ആയിരുന്നു അയാളെന്ന് അറിഞ്ഞില്ല. അയാൾ തിരിഞ്ഞു വീട്ടിലേക്ക് നടന്നു.

അന്ന് രാത്രി മുതൽ ആദിയുടെ കിടത്തം അയാൾ അവരുടെ മുറിയിലേക്ക് മാറ്റി. അന്ന് രാത്രി ഏറെ നാളുകൾക്ക് ശേഷം ആദി സമാധാനത്തോടെയും സന്തോഷത്തോടെയും ഉറങ്ങി.

******************

പിറ്റേന്ന് സൂരജ് എണീച്ചു ഓഫീസിൽ പോവാൻ തയ്യാറായി വരുമ്പോഴും ഇന്ദു ഓഫീസിൽ പോവാൻ റെഡിയായിരുന്നില്ല. വീട്ടിൽ ധരിക്കുന്ന ഒരു നൈറ്റിയും ധരിച്ചു അടുക്കളയിൽ നിന്ന് അവൾ ദോശ ചുടുകയായിരുന്നു.

നീയെന്താ ഇന്ദു ഓഫീസിൽ പോണില്ലേ….സമയം 8 ആയി. ഇന്ദു നനഞ്ഞ കൈ ഡ്രെസ്സിൽ തുടച് കൊണ്ട് സൂരജിന്റെ അരികിലെത്തി അവന്റെ നെഞ്ചിലേക്ക് വേദനയോടെ ചാരി.

ഞാനിനി ഓഫീസിൽ പോവുന്നില്ല ഏട്ടാ….എനിക്ക് ജോലിയും പണവുമല്ല എന്റെ കുഞ്ഞാണ് വലുത്. നമ്മൾ ഈ പാട് പെടുന്നത് എല്ലാം അവൻ ഒരാൾക്ക് വേണ്ടിയല്ലേ. പക്ഷെ പണം ഉണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മൾ നമ്മുടെ കുഞ്ഞിനെ ശ്രദ്ധിക്കാൻ വിട്ട്പോയി. നമ്മൾ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ അപ്പുന് ഇങ്ങനെ സംഭവിക്കില്ലയിരുന്നു. എനിക്കെന്റെ പഴയ അപ്പുനെ തിരിച്ചു വേണം ഏട്ടാ…എന്റെ മോൻ പഴയ പോലെ മിടുക്കനാവണം. അതിനു വേണ്ടിയാണ് ഇനിയെന്റെ ശ്രമം…ഇന്ദുവിന്റെ സ്വരം ഇടറി.

സൂരജ് വിങ്ങലോടെ അവളുടെ മുടിയിൽ തലോടി. നിന്റെ പറഞ്ഞതാണ് ശരി. തെറ്റ് നമ്മുടെ ഭാഗത്തു തന്നെയാണ്. ഇനിയെങ്കിലും നമുക്ക് അപ്പുവിനെ നമ്മളിലേക്ക് കൂടുതൽ ചേർത്ത് പിടിക്കണം. അയാൾ നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ചു….

പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികളും പലവിധത്തിലുള്ള പീഡനങ്ങൾ നേരിടുന്നുണ്ട്. അത്കൊണ്ട് തന്നെ പെൺകുട്ടികൾക്ക് കൊടുക്കുന്ന അതേ ശ്രദ്ധയും സുരക്ഷയും ആൺകുട്ടികൾക്കും നൽക്കേണ്ടത് വളരെ അത്യാവശ്യമാണ്.