രചന: മഹാ ദേവൻ
എന്തിനായിരുന്നു കിരൺ നീ എന്നെ തന്നെ തേടി വന്നതും വിവാഹം കഴിച്ചതും…? ഒന്നുമില്ലെങ്കിൽ സമൂഹം പിഴച്ചവളെന്ന് മുദ്രകുത്തിയവൾ അല്ലെ ഞാൻ. ആ പേരുദോഷം കൂടി ചുമക്കാൻ എന്തിനാണ് നീ വന്നത്…? നമുക്കിടയിൽ ഒരു സൗഹൃദത്തിനപ്പുറവും ഒന്നുമില്ലായിരുന്നു. എന്നിട്ടും….
അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ഗദഗ്‌ധമായി മാറുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾക്കരികിൽ തന്നെ ഉണ്ടായിരുന്നു കിരൺ.
ഗൗരി…നിന്നേ പിഴച്ചവൾ എന്ന് മുദ്രകുത്തിയത് സമൂഹമാണ്. ആ സമൂഹത്തിന്റെ വ്യവസ്ഥിതിയെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന എന്റെ മനസ്സിൽ നീ പിഴച്ചവളല്ല. ധീരയായ ഒരു പെണ്ണാണ്. തന്റെ ശരീരത്തിലേക്ക് ചൂണ്ടിയ കൈ ആരുടെ ആണെന്ന് അറിഞ്ഞിട്ടും ഒട്ടും പതറാതെ ആ കൈ വെട്ടിമാറ്റാൻ നിനക്ക് കഴിഞ്ഞെങ്കിൽ നിന്റെ ഭർത്താവാകുന്നതിൽ കൂടുതൽ അഭിമാനം എനിക്കില്ല.
ഇന്നത്തെ സമൂഹത്തിൽ പ്രതികരിക്കാൻ കഴിയുന്ന സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ കുറയുമ്പോൾ ഇങ്ങനെ ഒരു പെണ്ണ് എന്റെ കൂടെ ഉണ്ടെന്ന് പറയാനാണ് എനിക്കിഷ്ട്ടം. പിഴച്ചവൾ എന്ന് മുദ്രകുത്തിയത് അമ്മയെ തല്ലിയാലും രണ്ട് പക്ഷം പിടിക്കുന്ന കപട രാഷ്ട്രീയക്കാരും മതവൈരികളും നിറഞ്ഞ സമൂഹമല്ലേ…അതിനൊക്കെ അത്ര വില കൊടുത്താൽ മതി.
നിന്റെ തീരുമാനം ആണ് നിന്റെ ശരി…അതിന് വേറൊരുത്തന്റെ വാക്കുകൾക്ക് മുന്നിൽ തല ഉയർത്തിപ്പിടിച്ചു തന്നേ നിൽക്കാൻ നിനക്ക് കഴിഞ്ഞാൽ ഈ പറയുന്ന സമൂഹം തന്നേ നാളെ ഇന്ന് പറയുന്നതെല്ലാം തിരുത്തിപറയും.
അവന്റെ ഓരോ വാക്കിലും ഉയർന്നു നിൽക്കുന്ന പ്രതീക്ഷയും ഉന്മേഷവും അവളെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. ആ വാക്കിന്റെ കരുത്തിൽ, ആ സ്നേഹത്തിനു മുന്നിൽ ചിരിയോടെ അവന്റെ മടിയിലേക്ക് തലചായ്ക്കുമ്പോൾ അവളുടെ ഓർമ്മകളിലേക്ക് മറക്കാൻ ശ്രമിക്കുന്ന ഓരോ രംഗങ്ങളും ഒഴുകിയെത്തുന്നുണ്ടായിരുന്നു…
“മോളെ ഇച്ചിരി വെള്ളം എടുത്തിങ് വന്നേടി…” എന്ന് സ്ഥിരം കേൾക്കുന്ന അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിൽ പേടി ഉരുണ്ടുകൂടിക്കേറാൻ തുടങ്ങും. വെള്ളവുമായി ചെന്നാൽ അച്ഛന്റെ കൂടെ മദ്യപിക്കാൻ വന്നവരുടെ നോട്ടം പ്രായത്തേക്കാൾ വളർച്ചയെത്തിയ തന്റെ മാറിടത്തിലും മറ്റു ശരീരഭാഗങ്ങളിലും ഓടിനടക്കുമ്പോൾ പല സമയങ്ങളിലും ചൂളിപോവാറുണ്ട്.
ചിലർ, ഇവളങ് വളർന്നല്ലോ രമേശാ എന്നും പറഞ്ഞ് കയ്യിലോ മറ്റോ കേറി പിടിക്കുമ്പോൾ അത് ശരിയല്ലെന്ന് പറഞ്ഞ് എതിർക്കേണ്ട അച്ഛൻ ചിരിയോടെ പറയും, അതാണ് മനോഹരാ എന്റെയും പേടി. വയസ്സ് പതിനാല് ആയിട്ടേ ഉളളൂ എങ്കിലും പെണ്ണിന്റ മുഴുപ്പ് ഇരുപത്തിരണ്ട് ആണ് എന്ന്.
അത് കേൾക്കുമ്പോൾ തന്നെ ആ മനുഷ്യനോട് തോന്നാറുള്ളത് അറപ്പായിരുന്നു. അമ്മ മരിച്ചതിൽ പിന്നെ ആ വീട്ടിൽ ദിനംപ്രതി വരുന്നവരുടെ എണ്ണം കൂടുംതോറും അത് മാനസികമായി തളർത്തിയത് ഗൗരിയെ ആയിരുന്നു. സ്വന്തം മകളുടെ അവയവങ്ങളെയും അകാരവടിവിനെയും വർണ്ണിക്കുന്നവർക്കിടയിൽ ചിരിയോടെ കേട്ട് ആസ്വദിക്കുന്ന അച്ഛനെ കാണുന്നത് പേടിയോടെ ആയിരുന്നു.
വരുന്നവർക്ക് എല്ലാത്തിനും സ്വാതന്ത്ര്യം കൊടുക്കുന്ന ആ വീട്ടിൽ ഇന്നെങ്കിലും ഒരിക്കൽ ആരെയെങ്കിലും തന്റെ റൂമിലേക്ക് വിടില്ലെന്ന് ആർക്കറിയാം…എന്ന ചിന്തയായിരുന്നു പല രാത്രികളും ഉറക്കം നഷ്ടപ്പെടുത്തിയത്. പല പകലുകളും വാതിൽ അടച്ച് റൂമിലേക്ക് ഒതുങ്ങുമ്പോൾ കീഹോളിലൂടെ എത്തിനോക്കുന്ന കണ്ണുകൾ കണ്ടിട്ടുണ്ട് പലപ്പോഴും…
അന്ന് രാത്രിയും പുറത്തേക്ക് വെള്ളത്തിനായി വിളിച്ച അച്ഛന് മുന്നിലേക്ക് ഭയത്തോടെ ജെഗ്ഗിൽ വെള്ളവുമായി ചെല്ലുമ്പോൾ കൂട്ടം ചേർന്ന സഭയിലെ പലരുടെയും കണ്ണുകള് ശരീരത്തെ ഉഴിയുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് മുന്നിൽ വെള്ളം വെച്ച് വേഗം ഉള്ളിലേക്ക് വലിയുമ്പോൾ ആരോ ഒരാൾ പറയുന്നുണ്ടായിരുന്നു, മോള് ഇപ്പോൾ പണം കായ്ക്കണ മരം ആയല്ലോ രമേശാ…ഗൾഫിൽ ഒരു ജോലിയുണ്ട്. നല്ല ശമ്പളവും കിട്ടും. നോക്കുന്നോ…എന്ന്.
അതിനൊരു ചിരിയോടെ, അതിനെന്താ…പെണ്ണിന് ഇപ്പോൾ അദ്ധ്വാനിക്കേണ്ട പ്രായമൊക്കെ ആയി, നീ നോക്ക്…എന്ന് പറയുന്ന ആ ശബ്ദം അച്ഛനെന്ന് പറയുന്ന മൃഗത്തിന്റ ആണെന്ന് ഓർക്കുമ്പോൾ മനസിൽ നിറഞ്ഞത് ഭയം ആയിരുന്നു.
ആ രാത്രി മയക്കത്തിലേക്ക് വഴുതിവീഴുമ്പോൾ ആരുടെയോ കൈ ശരീരത്തിലൂടെ ഇഴയുന്നത് തോന്നിയപോൾ ചാടിയെഴുന്നേറ്റ അവൾക്ക് മുന്നിൽ തന്റെ മാറിടത്തിലേക്ക് എത്തിപിടിക്കുന്ന നിഴൽ മാത്രമായിരുന്നു കണ്ടത്.
കുതറിമാറുന്നതിനിടയിൽ ആ കൈകൾ പാവാടച്ചരടിൽ പിടിക്കുമ്പോൾ മാനം ആർക്കു മുന്നിലും അടിയറവ് വെക്കില്ലെന്ന് ദൃഢനിശ്ചയമായിരുന്നു അയാളെ ഉള്ള ശക്തിയാൽ തൊഴിച്ചുമാറ്റാൻ പ്രേരിപ്പിച്ചത്.
അതോടൊപ്പം സ്വയരക്ഷക്കായി തലയിണക്കീഴിൽ കരുതിയിരുന്ന മടവാൾ എടുത്ത് തെറിച്ചു വീണ ആ ശരീരത്തിൽ ആഞ്ഞു വെട്ടുമ്പോൾ അവൾ ശരിക്കും ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു. അനക്കം നിലച്ച ശരീരത്തിനടുത്തു കിതപ്പോടെ ഇരികുമ്പോൾ അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല താൻ ഒരാളെ കൊന്നു എന്ന്.
അത്ര നേരത്തെ അക്രമത്തിന്റെ കിതപ്പ് വറ്റുവോളം ഇരുന്ന് പതിയെ മുറിയിൽ ലൈറ്റ് ഇടുമ്പോൾ അവളുടെ മുഖത്തു ഞെട്ടലിനേക്കാൾ കൂടുതൽ സന്തോഷം ആയിരുന്നു ഉണ്ടായിരുന്നത്. താഴെ കിടക്കുന്ന ശരീരത്തിലേക്ക് നോക്കി പൊട്ടിച്ചിരിക്കുമ്പോൾ ഒന്ന് കൂടി ഞെരങ്ങി ആ ശരീരം നിശ്ചലമായി.
പിറ്റേ ദിവസം ലോകം ഏറ്റെടുത്ത വാർത്ത അതായിരിന്നു…”സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ മകൾ വെട്ടിക്കൊന്നു…”