ഈ വഴിത്താരയിൽ ആരുമറിയാതെ – രചന: Unni K Parthan
ഏട്ടന് തോന്നിയിട്ടുണ്ടോ ഞാൻ ഏട്ടന് ഒരു ബാധ്യത ആവുംന്നു…പതിവില്ലാതെ ശിവാനിയുടെ ചോദ്യം കേട്ട് നിധിൻ ഒന്ന് ഞെട്ടി.
ന്താ മോളേ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം. നെഞ്ചിലേക്ക് ഒന്നൂടേ ചേർത്ത് പിടിച്ചു കൊണ്ട് നിധിൻ ചോദിച്ചു.
ഒന്നുല്ല ഏട്ടാ…എനിക്ക് വയ്യാ ഇങ്ങനെ കുത്തു വാക്ക് കേട്ട് കൊണ്ട് ഇവിടെ നിക്കാൻ…എനിക്ക് മടുത്തു. ഏങ്ങലിന്റെ ശക്തി കൂടി ശിവാനിയുടെ…
മോളേ….നിധിൻ പതിയെ വിളിച്ചു. കട്ടിലിൽ നിന്നും എഴുന്നേറ്റു കയ്യെത്തിച്ചു ലൈറ്റ് ഓൺ ചെയ്തു. ന്താ മോളേ…ന്തിനാ ഇങ്ങനെ കരയുന്നത്. അമ്മ ന്തേലും പറഞ്ഞോ നിന്നേ…
മ്മ്…ശിവാനി മൂളി…
ന്താ പറഞ്ഞത്…?
എനിക്ക് വയ്യാ എന്നും പറഞ്ഞു ഞാൻ എന്നേലും ഇവിടെ ജോലി ചെയ്യാതെ മാറിയിരുന്നിട്ടുണ്ടോ…അങ്ങനെ ഏട്ടന് എന്നേലും തോന്നിയിട്ടുണ്ടോ…എത്ര വയ്യായ്ക ഉണ്ടേലും ഞാൻ എന്റെ ജോലി എല്ലാം തീർത്തിട്ട് അല്ലേ ജോലിക്ക് പോകുന്നത്ത്. ഏട്ടന് തോന്നിയിട്ടുണ്ടോ…വയ്യായ്ക ഞാൻ അഭിനയിക്കുക ആണെന്ന്. അതോ…ഏട്ടന്റെ അമ്മയെയും അച്ഛനെയും ഞാൻ നോക്കുന്നില്ല എന്ന്.
എന്റെ ഇഷ്ടങ്ങളേ പോലും നോക്കാതെ, എന്റെ ആരോഗ്യം പോലും നോക്കാതെ അല്ലേ ഞാൻ നിങ്ങളുടെ എല്ലാരുടെയും കാര്യങ്ങൾ ഓടി നടന്നു ചെയ്യുന്നത്.
ന്താ നീ ഇങ്ങനെ ഒക്കെ പറയുന്നത്…നിധിൻ ചോദിച്ചു.
ഇന്ന് രാവിലെ അമ്മ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. ഞാൻ തിരിച്ചു ഒന്നും പറയാത്തത് കൊണ്ടാവും. എന്നേ ന്തും പറയാലോ…വാക്കുകൾ വിമ്മി വിമ്മി ആയിരുന്നു പുറത്തേക്ക് വന്നത് ശിവാനിയുടെ…
ന്താ പറഞ്ഞത് അമ്മ…
ഏട്ടന് അറിയാലോ. മോൻ ഉണ്ടായതിനു ശേഷം എനിക്ക് നടുവിന് വേദന ഉണ്ട് എന്ന്. അതിന് നമ്മൾ ഒരുപാട് ചികിത്സയും നടത്തുന്നുണ്ട്. ഡിസ്ക് ന്റെ തേയ്മാനം ഞാൻ അറിഞ്ഞിട്ട് വരുത്തിയത് ആണോ ഏട്ടാ…അന്ന് മോനേ വയറ്റിൽ ഉള്ളപ്പോൾ…ആ മഴയത്തു വീടിന്റെ മുകളിൽ അലക്കി വിരിച്ച ഡ്രസ്സ് എടുക്കാൻ എന്നേ പറഞ്ഞു വിട്ടത് അമ്മയല്ലേ…അമ്മക്ക് ഇരുന്നു സീരിയൽ കാണാൻ…തിരിച്ചു ഇറങ്ങുമ്പോ ഞാൻ തെന്നി വീണു. ഭാഗ്യത്തിന് വീഴ്ചയിൽ മ്മടെ മോന് ഒന്നും പറ്റിയില്ല. പക്ഷേ…എനിക്ക് അന്ന് കിട്ടയത് അല്ലെ ഏട്ടാ ഈ നടു വേദന.
ഞാൻ അന്ന് വീണു കിടന്നത് കണ്ട് അമ്മ ഒന്നു എഴുന്നേറ്റ് വന്നോ…ഇല്ല…ന്താ പറഞ്ഞത്. എവടെ നോക്കിയാ നടക്കുന്നത്. നോക്കി നടക്കണ്ടേ എന്നൊക്ക…ഏട്ടൻ വൈകുന്നേരം വരുമ്പോൾ ഞാൻ വേദന കൊണ്ട് പുളയുക അല്ലായിരുന്നോ…എന്നിട്ടും അമ്മ ന്താ പറഞ്ഞത്. ഞാൻ ഓടി ചാടി നടന്നത് കൊണ്ടാണ് വീണത് എന്ന്…
എന്റെ വാക്കുകൾ കേൾക്കാതെ ഏട്ടൻ അമ്മ പറഞ്ഞത് കേട്ട് ഒരുപാട് ചീത്ത എന്നേ പറഞ്ഞു. പിന്നീട് ഞാൻ അത് തിരുത്താനും പോയില്ല. പിന്നീട് ഞാൻ അത് പറഞ്ഞപ്പോൾ ഏട്ടൻ ന്താ പറഞ്ഞത്…അമ്മയല്ലേ നീ അതങ്ങ് മറന്നേക്ക് ന്ന്…
പിന്നീട് എന്നേലും ഞാൻ ഏട്ടനോട് ന്തേലും പറഞ്ഞിട്ടുണ്ടോ. അമ്മ ചെയ്യുന്നതിനെ പറ്റി…ഇല്ല…ന്താ ഞാൻ പറയാത്തത്. ഇനി ഞാൻ പറഞ്ഞിട്ട് ഈ വീട്ടിൽ ഒരു വഴക്ക് വേണ്ടാ എന്നു കരുതി. ഈ വീട്ടിൽ എന്നേ ചൊല്ലി ആരും തല്ല് കൂടരുത് എന്ന് കരുതി.
പക്ഷേ അമ്മക്ക് അതൊരു തരമായിരുന്നു. ഞാൻ ഏട്ടനോട് ഒന്നും പറയുന്നില്ല എന്നും ഞാൻ പറഞ്ഞാൽ ഏട്ടൻ കേൾക്കില്ല എന്നും അമ്മക്ക് നല്ലത് പോലെ അറിയാം. അതുകൊണ്ട് എന്നേ പറയാത്ത കുത്തു വാക്കുകൾ ഇല്ല. എല്ലാം കേട്ട് നെഞ്ചിൽ നെരിപ്പോട് തീർത്തു. ഒന്നും മിണ്ടാതെ ഞാൻ പോകുമ്പോൾ അമ്മ പറയാറുണ്ട്…നിന്റെ നെഞ്ച് ന്താടീ കല്ലാണോ എന്ന്..
കാരണം ഞാൻ കരയാറില്ല അമ്മയുടെ മുന്നിൽ. ചിലപ്പോൾ എനിക്ക് സങ്കടം അണപൊട്ടി വരും. പക്ഷേ നെഞ്ചിൽ ഒരു വിങ്ങൽ തീർത്തു കൊണ്ട് തൊണ്ടയിൽ ഒരു വേദന വരുത്തി കൊണ്ട് ഞാൻ ആ കരച്ചിൽ അങ്ങനെ ന്റെ നെഞ്ചിൽ ചേർത്ത് വെക്കും…ആരും അറിയാതെ…ചിലപ്പോൾ ബാത്‌റൂമിൽ കുളിക്കാൻ കയറുമ്പോൾ ഷവറിന്റെ കീഴിൽ നിന്ന് ഒരുപാട് കരയും. പൊട്ടി പൊട്ടി കരയും…ടാപ് തുറന്നു വെള്ളം വരുന്ന ശബ്ദത്തിൽ എന്റെ കരച്ചിൽ ആരും കേൾക്കില്ല…
ഏട്ടാ…വിവാഹം കഴിഞ്ഞു ആറു വർഷമായി. ഏട്ടൻ എന്നേലും എന്നോട് ചോദിച്ചിട്ടുണ്ടോ…ന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്. ന്തേ നീ കരഞ്ഞോ…നിനക്ക് ന്തേലും സങ്കടം ഉണ്ടോ എന്നൊക്ക…ഇല്ല. ഒരിക്കൽ പോലും ഏട്ടൻ എന്നേ കണ്ടിട്ടില്ല. അമ്മക്ക് വിഷമം ആയാലോ എന്നോർത്ത്…എന്റെ വിഷമം ഏട്ടൻ കാണാൻ ശ്രമിച്ചില്ല. എന്നോട് ഇഷ്ടമുണ്ടായിരുന്നോ ഏട്ടന്…അതോ…ഈ കല്യാണവും അമ്മയുടെ ഇഷ്ടത്തിന് ആയിരുന്നോ…
ന്താ…നീ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്. എഴുന്നേറ്റു മേശ വലിപ്പിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു കൊണ്ട് നിധിൻ ചോദിച്ചു.
ഇന്ന് ഏട്ടന്റെ അമ്മ എന്നോട് പറഞ്ഞു. എനിക്ക് ഏട്ടന്റെ ഒരു കാര്യവും നോക്കാൻ കഴിയില്ല എന്ന്…അമ്മയുടെ കാലം കഴിഞ്ഞാൽ ഏട്ടന്റെ കാര്യങ്ങൾ എങ്ങനെ നടക്കും എന്ന്…ന്താ ഏട്ടാ…ഞാൻ അത്രേം അധഃപതിച്ചോ…ഏട്ടന്റെ കാര്യങ്ങൾ നോക്കാൻ കഴിയാത്ത ഒരു പെണ്ണായ് ഞാൻ മാറിയോ…
മാസ മാസം ഞാൻ ജോലി എടുത്തു കൊണ്ട് വരുന്ന ശമ്പളം ഒരു രൂപ പോലും എടുക്കാതെ കൊണ്ട് തരുന്നത് ഏട്ടന്റെ കയ്യിലേക്ക് അല്ലെ…ഈ വയ്യായ്ക ഒന്നും ഓർക്കാതെ…ദിവസവും അങ്ങോട്ടും ഇങ്ങോട്ടും കൂടി യാത്ര ചെയ്യുന്നത് മൂന്നു മണിക്കൂർ ആണ്. അത് കഴിഞ്ഞു വന്നിട്ട് വീട്ടിലെ പണി.
എല്ലാം കഴിഞ്ഞു നടു ഒന്ന് നിവർത്തി കിടക്കാൻ തുടങ്ങുമ്പോ അമ്മ വിളിക്കില്ലേ…രാവിലത്തെ ദോശക്ക് മാവ് കുറവാണ് കുറച്ചു അരച്ച് വെക്കാൻ പറഞ്ഞു. എത്രവട്ടം…എത്ര വട്ടം എന്നേ വിളിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പോയിട്ടുണ്ട്. ന്തേ…അമ്മക്ക് ഇതൊന്നും ചെയ്യാൻ അറിയില്ലേ. ഞാൻ വരുന്നതിന് മുൻപ് ഇവിടെ ഒന്നും ഉണ്ടാക്കാറില്ലേ. ജോലി ചെയ്തു ക്ഷീണിച്ചു വരുന്ന എന്നെയും നോക്കി ഉമ്മറത്തു കാലും നീട്ടി ഇരിപ്പുണ്ടാവും ലോ…
അഞ്ചോ പത്തോ മിനിറ്റ് വൈകിയാൽ നൂറായിരം ചോദ്യങ്ങൾ ആണ്. പിന്നേ കേട്ടാൽ തൊലി ഉരിഞ്ഞു പോകുന്ന ചില ചോദ്യങ്ങളും. ഇതൊക്കെ കേട്ടിട്ടും മിണ്ടാതെ ഞാൻ ഇവിടെ നിക്കുന്നത്. ഏട്ടനോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല…ന്റെ മോനേ ഓർത്ത് മാത്രം…
അമ്മയേ ദൈവമായി കണ്ടോ…അതിനു എനിക്ക് ഒരു വിഷമവും ഇല്ല. പക്ഷേ…കൂടെ ഏതെങ്കിലും മൂലയിൽ എന്നേ കണ്ടാൽ ഒന്നു തിരിഞ്ഞു നോക്കണം. ഇടക്ക് ഒന്ന് ചോദിക്കണം…നീ വല്ലതും കഴിച്ചോ…നിനക്ക് വല്ലതും വേണോ…ഒന്നും പറ്റിയില്ലേ ഒന്ന് ചേർത്ത് പിടിക്കണം. ദേ…രാത്രി എല്ലാം കഴിഞ്ഞു ലൈറ്റ് ഓഫ് ചെയ്തു കിടക്കാൻ വരുമ്പോൾ കാര്യം നടക്കാൻ ഉള്ള ഈ ചേർത്ത് പിടിക്കൽ അല്ല. ന്റെ ഉള്ളറിഞ്ഞു എന്നേ അറിഞ്ഞു എന്നേ ചേർത്ത് പിടിക്കാൻ, അതിന് കഴിയോ ഏട്ടന്…
ഉത്തരം മുട്ടി പോയി നിധിന്…നീ ന്താ ഇങ്ങനെ പറയുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നാണോ നീ പറയുന്നത്. നിന്നെക്കാൾ മുന്നേ ഞാൻ കണ്ടത് എന്റെ അമ്മയേ ആണ്. ആ അമ്മയേ എനിക്ക് മാറ്റി നിർത്താൻ കഴിയോ…
മാറ്റി നിർത്താൻ ഞാൻ പറഞ്ഞില്ല ലോ…എന്നേ കൂടി ചേർത്ത് പിടിക്കാൻ അല്ലേ ഞാൻ പറഞ്ഞുള്ളു.
ഇപ്പൊ എങ്ങനെയോ…അങ്ങനെ അങ്ങ് മുന്നോട്ട് പോയാൽ മതി. നിധിൻ ചുണ്ടിലെ സിഗരറ്റിൽ ഒന്നൂടേ ആഞ്ഞു ഒരു പഫ് എടുത്തു. ഇവിടെ അമ്മ പറയുന്നത് ആണ് എല്ലാം…അമ്മയേ അനുസരിച്ചു നിൽക്കാൻ കഴിയും എങ്കിൽ നിന്നാൽ മതി ഇവിടെ.
എടുത്തടിച്ചുള്ള നിധിന്റെ മറുപടി കേട്ട് ശിവാനി ഒന്ന് ഞെട്ടി. ഓ…അങ്ങനെ ആണോ കാര്യങ്ങൾ…ശിവാനി ചോദിച്ചു.
ആ…അങ്ങനെ ആണ് ഈ വീട്ടിലെ കാര്യങ്ങൾ. അതേ മനുഷ്യാ…നിങ്ങളോട് എനിക്ക് ഈ ഇരിക്കുന്ന നിമിഷം വരേ ഒരു ബഹുമാനം ഉണ്ടായിരുന്നു. അത് ഇനി ഉണ്ടാവില്ല. ഇത്രയും നാള് ഞാൻ സഹിച്ചു. ഇനി ഞാനും നോക്കട്ടെ…ന്തേലും ചെയ്യാൻ കഴിയോന്ന്…തലമുടി പുറകിലേക്ക് എടുത്തു കുത്തി കൊണ്ട് ശിവാനി പറഞ്ഞത് കേട്ട് നിധിൻ ഒന്ന് ഞെട്ടി.
അതേ…നിങ്ങൾ കാണാത്ത ഒരു ശിവാനി ഉണ്ടായിരുന്നു എന്റെ ഉള്ളിൽ…പണ്ട്…കല്യാണത്തിന് മുന്ന്…ആ ശിവാനിയെ ഇനി നിങ്ങൾ കാണും…അല്ല ഞാൻ കാണിക്കും…അമ്മക്കും മോനും ഉള്ള പണി ഞാൻ പാലും വെള്ളത്തിൽ തരാം ട്ടോ…നാണമില്ലേ മനുഷ്യാ…കെട്ടി കൊണ്ട് വന്നു വർഷം ആറു കഴിഞ്ഞിട്ടും അമ്മയുടെ വിഷമങ്ങൾ മാത്രം നോക്കി സ്വന്തം ഭാര്യയെയും കുഞ്ഞിനേയും തള്ളി കളയാൻ…ഞാൻ തോറ്റു തരും എന്നൊന്നും നിങ്ങൾ കരുതണ്ട…എനിക്ക് തന്നതെല്ലാം ഞാൻ തിരിച്ചു കൊടുക്കും. നിങ്ങടെ അമ്മക്ക്…നോക്കിക്കോ…
ഡീ…നിധിൻ കൈ ഉയർത്തി കൊണ്ട് അവൾക്ക് നേരെ പാഞ്ഞടുത്തു.
തൊട്ട് പോകരുത് എന്നേ…എന്നേ തൊട്ടാൽ നിങ്ങടെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും. ടേബിളിൽ കിടന്ന നീളമുള്ള ടോർച്ചെടുത്തു നിധിന്റെ നേർക്ക് നീട്ടി കൊണ്ട് ശിവാനി പറഞ്ഞത് കേട്ട് നിധിൻ ഞെട്ടി. ഇത് വരേ കാണാത്ത മുഖവുമായി ശിവാനി നിധിനെ നോക്കി ചിരിച്ചു. ആ ചിരി കണ്ട് നിധിൻ രണ്ടടി പുറകോട്ട് വെച്ചു. ഉറച്ച കാൽവെപ്പോടെ ശിവാനി നിധിന്റെ നേർക്ക് നടന്നു വന്നു.
****************************
ശിവാനി…ശിവാനി…നിർത്താതെ ഉള്ള അലാറം കേട്ട് എഴുന്നേറ്റ നിധിൻ കുലുക്കി വിളിച്ചു.
ന്താ…ശിവാനി തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു.
ദേ സമയം ആറു കഴിഞ്ഞു….നിധിൻ പറഞ്ഞു. അതിനു ഞാൻ ഇപ്പോ ന്ത് വേണം തല കുത്തി നിക്കണോ…ശിവാനിയുടെ മറുപടി കേട്ട് നിധിൻ ഒന്ന് ഞെട്ടി. നീ എഴുന്നേൽക്കുന്നില്ലേ…
ഇല്ല…ഇച്ചിരി നേരം കൂടി കിടക്കാൻ പറ്റുമോ ന്ന് ഞാനും ഒന്ന് നോക്കട്ടെ…പോരാത്തതിന് ഇന്ന് ഞായറാഴ്ചയും ആണ്. ഓഫിസിൽ പോകേണ്ട എനിക്ക്.
എന്നാലും…നീ എഴുന്നേറ്റ് പോയി ഒരു കാപ്പി ഇട്ടേച്ചും വാ…
ഇച്ചിരി കഴിയട്ടെ…ഇപ്പൊ തന്നെ കാപ്പി കിട്ടിയില്ലേ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലലോ…ശിവാനിയുടെ മറുപടി കേട്ട് നിധിൻ ഒന്നുടെ ഞെട്ടി…
ഇവൾക്ക് ഇത് ന്ത് പറ്റി…ഇന്നലെ രാത്രി പറഞ്ഞത് പോലെ ഇവൾ മാറാൻ തീരുമാനിച്ചോ…ഇങ്ങനെയുള്ള ഒരു സ്വഭാവം ഇത്രയും വർഷത്തിന് ഇടയിൽ കണ്ടിട്ടില്ല. എല്ലാ ദിവസവും രാവിലെ അഞ്ചര ആവുമ്പോ എഴുന്നേറ്റു ജോലികൾ തുടങ്ങുന്ന ആളാണ്. അലാറം പോലും ഇല്ലാതെ ആറുമണിക്ക് താൻ ആണ് അലാറം വെച്ച് ഉണരുന്നത്. ഇന്നിപ്പോ ഇവൾ ഇത് ന്ത് ഭാവിച്ചാ…നിധിൻ സീലിംഗ് ലേക്ക് നോക്കി തലയിൽ രണ്ടു കയ്യും പിണച്ചു വെച്ച് കിടന്ന് കൊണ്ട് സ്വയം ചോദിച്ചു.
ഡീ…ഡീ…
ന്താ മനുഷ്യാ നിങ്ങൾക്ക്…ഇത്തവണ ശിവാനിയുടെ ശബ്ദം ഉച്ചത്തിൽ ആയി. ഒന്ന് കിടന്നു ഉറങ്ങാനും സമ്മതിക്കില്ലേ…നാശം പിടിക്കാൻ…കാപ്പി വേണേൽ തന്നതാനേ പോയി ഉണ്ടാക്കി കുടിച്ചോ. ഞാൻ ഇച്ചിരി കഴിഞ്ഞേ എഴുന്നേറ്റു വരികയുള്ളൂ…
മ്മ്…ഇവള് രണ്ടും കല്പിച്ചു ആണ് ലോ ന്റെ ദേവി. ഇനി താൻ ന്തൊക്കെ കാണണം. ഉള്ളിൽ പറഞ്ഞു കൊണ്ട് നിധിൻ എഴുന്നേറ്റു വാതിൽ തുറന്നു. മുന്നോട്ട് നടക്കും മുൻപേ അവൻ ഒന്നുടെ തിരിഞ്ഞു നോക്കി. ശിവാനി മൂടി പുതച്ചു കിടക്കുന്നത് കണ്ട് വാതിൽ പതിയെ ചാരി കൊണ്ട് നിധിൻ ഹാളിലേക്ക് നടന്നു.
നിധിൻ പോയതും ശിവാനി കമ്പിളിക്ക് ഉള്ളിൽ നിന്നും തല പുറത്തേക്ക് കൊണ്ട് വന്നു. എന്നിട്ട് തല ചെരിച്ചു നോക്കി. പോയോ…അവൾ സ്വയം ചോദിച്ചു. എന്നിട്ട് എഴുന്നേറ്റു ബെഡിൽ ഇരുന്നു. മുടി ഒതുക്കി കെട്ടി കൈ രണ്ടും ഉയർത്തി ഒന്ന് മൂരി നിവർന്നു.
ആഹാ..ഇച്ചിരി നേരം വൈകി എഴുന്നേൽക്കുംമ്പോ ഇങ്ങനെ ഒരു സുഖം ഉണ്ടോ ന്റെ കൃഷ്ണാ…കല്യാണം കഴിഞ്ഞിട്ട് ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒന്ന് കിടക്കുന്നത്. എന്നാ പിന്നേ കുറച്ചു നേരം കൂടി കിടക്കാം അതും പറഞ്ഞു അവൾ ചന്തുവിനെ കെട്ടിപിടിച്ചു ഒന്നൂടേ കമ്പിളിക്ക് ഉള്ളിലേക്കു പൂണ്ടു. അമ്മേടെ മോൻ ഉറങ്ങിക്കോ ട്ടോ…ഇച്ചിരി നേരം കൂടി അമ്മ കിടക്കട്ടെ. ചന്തുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് ശിവാനി പറഞ്ഞു.
സമയം ഏഴര…ഇനി എഴുന്നേറ്റു പോകാം. ശിവാനി കൈ എത്തിച്ചു മൊബൈൽ എടുത്തു സമയം നോക്കിയിട്ട് സ്വയം പറഞ്ഞു. നേരെ ബാത്‌റൂമിൽ കയറി പല്ല് തേച്ചു അവൾ അടുക്കളയിലേക്ക് നടന്നു. ശിവാനിയേ കണ്ട് വിലാസിനി ഒന്നു അടിമുടി നോക്കി അവളേ. ആ നോട്ടം ശ്രദ്ധിക്കാതെ ഗ്യാസ് ഓൺ ചെയ്തു ചായക്ക് വെള്ളം വെച്ചു ശിവാനി. ചായ എടുത്തു ഗ്ലാസിൽ പകർത്തി അവൾ തിരിച്ചു നടന്നു. ശിവാനിയുടെ പോക്ക് കണ്ട് വിലാസിനി ഒന്നൂടേ ഇരുത്തി അവളേ നോക്കി. ആ ഭാഗം മൈൻഡ് ചെയ്യാതെ ശിവാനി നേരെ ഹാളിലേക്ക് നടന്നു.
പതിവില്ലാതെ അവൾ ഹാളിലേക്ക് വരുന്നത് കണ്ട് നിധിൻ ഇടം കണ്ണിട്ട് അവളെ നോക്കി. ആ നോട്ടം കാണാത്തതു പോലേ ശിവാനി നേരെ ചെന്ന് ടീവി ഓൺ ചെയ്തു. റിമോട്ട് എടുത്തു ന്യൂസ് ചാനൽ വെച്ചു അടുത്തുള്ള സെറ്റിയിൽ ഇരുന്നു. ഗ്ലാസ് പതിയെ ചുണ്ടോടു ചേർത്ത് ചായ ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. കാലു ഒന്നൂടേ നീട്ടി സെറ്റിയിൽ വെച്ചു. ചാനൽ മാറ്റി…മ്യൂസിക് ചാനൽ വെച്ചു. നല്ല തമിഴ് പാട്ട്…അവൾ വോളിയം ഇച്ചിരി ഉറക്കെ വെച്ചു. ഇതൊക്കെ കണ്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു വിലാസിനിയും നിധിനും.
അതേ…സമയം എത്ര ആയിന്നാ തമ്പുരാട്ടിയുടെ വിചാരം. ഇന്നിവിടെ വെപ്പും കുടിയും ഒന്നുമില്ലേ…വിലാസിനി ശിവാനിയുടെ മുന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു.
ദോശക്ക് ഉള്ള മാവ് അരച്ച് ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. കടല ഇന്നലെ വെള്ളത്തിൽ ഇട്ടിട്ടുണ്ട്. ഉണ്ടാക്കി കഴിച്ചോ…ഞാൻ കഴിക്കാൻ ഇച്ചിരി ലേറ്റ് ആവും ഇന്ന്. ചന്തു മോൻ എഴുന്നേറ്റു ഞങ്ങൾക്ക് ഉള്ളത് ഞാൻ ഉണ്ടാക്കിയേക്കാം. ശിവാനി ഒരു കൂസലും ഇല്ലാതെ ഓരോ ചാനൽ മാറ്റി മാറ്റി കൊണ്ട് വിലാസിനിയേ ശ്രദ്ധിക്കാതെ പറഞ്ഞു.
അതെന്താ നിനക്ക് ഉണ്ടാക്കിയാൽ…വിലാസിനിയുടെ ശബ്ദം ഉയർന്നു.
സൗകര്യം ഇല്ല. വേണേൽ പോയി ഉണ്ടാക്കി തിന്നോ…ഞാൻ നിങ്ങടെ വേലക്കാരി ഒന്നും അല്ലലോ…നേരാ നേരത്തിനു വെച്ചു വിളമ്പി മുന്നിൽ കൊണ്ട് വന്നു വെച്ചു തരാൻ…ശിവാനി പറഞ്ഞത് കേട്ട് വിലാസിനി ഞെട്ടി.
ഇവൾക്ക് ഇത് ന്ത് പറ്റി. വട്ടായോ ഒരു രാത്രി കൊണ്ട്…വിലാസിനി സ്വയം ചോദിച്ചു. അതല്ലേ താൻ സ്വപ്നം കാണുകയാണോ…വിലാസിനി സ്വയം ഒന്ന് പിച്ചി നോക്കി. ഹേയ് സ്വപ്നം അല്ല…പിന്നെ ഇവൾക്ക് ഇത് ന്ത് പറ്റി. വിലാസിനി നിന്നു തല പുകച്ചു.
അതേ…നിങ്ങൾക്ക് അമ്മക്കും അച്ഛനും മോനും വേണേൽ നിങ്ങൾ ഉണ്ടാക്കി കഴിച്ചോ…എന്റെ കയ്യിന്നു ഇനി പച്ച വെള്ളം കിട്ടുമെന്ന് കരുതണ്ട ഒരാളും…പിന്നെ…ഇനി മുറ്റമടിക്കുന്നത് ഒരു ദിവസം ഞാൻ അടിക്കും രാവിലെയും വൈകുന്നേരവും…ഒരു ദിവസം നിങ്ങൾ അടിക്കണം. തുണി കഴുകുന്നത്, എന്റെയും മോന്റെയും വേണേൽ ഇയ്യാളുടെയും ഞാൻ വാഷ് ചെയ്യും. കൂമ്പാരം കൂട്ടി ഇനി റൂമിന്റെ മൂലയിൽ കൂട്ടി ഇട്ടാൽ അത് അവിടെ കിടക്കുകയേ ഉള്ളു…കൈക്കും കാലിനും ഒരു ബുദ്ധിമുട്ട് ഇല്ലലോ നിങ്ങളുടെ…പിന്നേ അതിനു മാത്രം പ്രായവും ആയിട്ടില്ല. ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞത് കൊണ്ട് ഇപ്പോളും നിങ്ങൾ ചെറുപ്പം ആണ്. അത് കൊണ്ട് ഇനി നിങ്ങളുടെ കാര്യങ്ങൾ സ്വയം നോക്കിക്കോ…വിലാസിനിയേ നോക്കി ശിവാനി പറഞ്ഞു.
പകച്ചു പോയി ബാല്യം എന്ന നിലയിൽ ആയിരുന്നു നിധിനും വിലാസിനിയും. ഞാൻ ഒന്ന് കുളിച്ചേച്ചും വരാം. ന്തോ…കുളിക്കാത്തത് കൊണ്ട് ഒരു സുഖമില്ല. ചായ ഗ്ലാസ് കയ്യിൽ പിടിച്ചു കൊണ്ട് ശിവാനി എഴുന്നേറ്റു മുന്നോട്ട് നടന്നു.
നിക്കടീ അവിടെ…നീ ഇത് എവിടെക്കാ തുള്ളി ചാടി പോണത്. വിലാസിനി ശിവാനിയുടെ വട്ടം കയറി നിന്നിട്ട് ചോദിച്ചു.
ഞാൻ പറഞ്ഞു ലോ…കുളിക്കാൻ പോകുന്നു ന്ന്…
നീ എവിടേം പോവില്ല. അടുക്കളയിൽ പോയി രാവിലത്തേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കിക്കോ പോയി.
ദേ തള്ളേ…അമ്മേ ന്ന് വിളിച്ച നാവു കൊണ്ട് എന്നെകൊണ്ട് രാവിലെ സരസ്വതി ചൊല്ലിക്കരുത്. കേട്ടല്ലോ…എനിക്ക് നിങ്ങൾ കാണാത്ത ഒരു മുഖം കൂടി ഉണ്ട്. അത് ചുമ്മാ എടുത്തു മൊത്തം വെടക്കാക്കണ്ട…നിങ്ങളോട് ഞാൻ മലയാളത്തിൽ പറഞ്ഞു ന്റെ കയ്യിന്ന് ഇനി പച്ച വെള്ളം കിട്ടില്ല ന്ന്…ഇനി മേലിൽ ന്റെ മേലേ കുതിര കേറാൻ വന്നാൽ…ഓർമ്മ ഉണ്ടല്ലോ ഇന്നലത്തെ രാത്രി…നിധിനെ നോക്കി പറഞ്ഞിട്ട് ശിവാനി അടുക്കളയിലേക്ക് നടന്നു.
ഗ്ലാസ് കഴുകി വെച്ചിട്ട് തിരിച്ചു റൂമിലേക്ക് പോയി ആരെയും നോക്കാതെ…അല്ല മോനേ ഇന്നലെ രാത്രി ന്താ ഉണ്ടായേ…വിലാസിനി നിധിനോട് ചോദിച്ചു. നിധിൻ ഉണ്ടായ സംഭവം വള്ളി പുള്ളി വിടാതെ പറഞ്ഞു.
എന്നിട്ട് ടോർച്ചു കൊണ്ട് മോനെ തല്ലിയോ…?
തല്ലിയില്ല…ഞാൻ കരുതി തല്ലും ന്ന്…ഒരുമാതിരി നാഗവല്ലി കേറിയ പോലെ…നിധിൻ പറയുന്നത് കേട്ട് വിലാസിനി പകച്ചു കൊണ്ട് അവനെ നോക്കി.
അവളോട് അമ്മ ഒരു മയത്തിൽ നിന്നാൽ മതി ഇനി മുതൽ…ഇല്ലേ ചിലപ്പോൾ…പാതിയിൽ നിർത്തി വിലാസിനിയേ നോക്കി നിധിൻ. പകച്ചു പണ്ടാരടങ്ങി നിൽക്കുന്ന വിലാസിനിയേ കണ്ടു നിധിൻ അറിയാതെ ഒന്നു ചിരിച്ചു. വിലാസിനിയേ അവൻ ഈ ഭാവത്തിൽ ജീവിതത്തിൽ ആദ്യമായി ആണ് കാണുന്നത്…
***********************************
കുറച്ചു മാസങ്ങൾക്ക് ശേഷം…
മോളേ…ചോറ് എടുത്തു വെച്ചോ മോള്. ഇന്ന് അമ്മ വെണ്ടയ്ക്ക തോരൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് ട്ടോ..അത് എടുക്കാൻ മറക്കരുത് ട്ടോ…പിന്നെ വൈകുന്നേരം വരുമ്പോൾ മോൾക്ക് ബുദ്ധിമുട്ട് ആവില്ല എങ്കിൽ അച്ഛന് ഉള്ള കുഴമ്പ് ഒന്ന് വാങ്ങി കൊണ്ട് വരോ…നിധിനോട് പറഞ്ഞിട്ട് അവൻ എന്നും മറക്കുകയാ…
ഞാൻ വാങ്ങി കൊണ്ട് വരാം അമ്മേ…പിന്നേ അമ്മേ…തുണി നനച്ചു വെച്ചിട്ടേ ഉള്ളു…വിരിക്കാൻ സമയം കിട്ടിയില്ല. അമ്മ ഒന്ന് വിരിച്ചു ഇട്ടേക്കണേ…
ശ്ശോ…മോള് ന്തിനാ ഈ രാവിലെ തന്നെ അതൊക്കെ ചെയ്യാൻ പോയെ. അമ്മ ചെയ്യില്ലേ അതൊക്കെ…
അതൊന്നും കുഴപ്പം ഇല്ലമ്മേ…ഇന്ന് ഇച്ചിരി നേരം വൈകി എഴുന്നേൽക്കാൻ അതാണ്.
എനിക്ക് തോന്നി. മോൾക്ക് നല്ല ക്ഷീണം ഉണ്ടെന്ന്…
ഹേയ് ക്ഷീണം കൊണ്ടല്ല…ന്നേ…നേരെത്തെ എണിറ്റു. പിന്നെ ഒന്നുടെ കിടന്നു. പിന്നേ എഴുന്നേറ്റപ്പോൾ നേരം വൈകി ന്നേ.
അച്ചോടാ…സാരമില്ല മോളേ…അമ്മ ഉണ്ടല്ലോ ഇവിടെ…മോള് പൊയ്ക്കോ ട്ടോ…എല്ലാം അമ്മ നോക്കിക്കോളാം.
ചന്തുവിന്റെ ഡ്രസ്സ് അയേൺ ചെയ്യാൻ മറന്നു. ഞാൻ ഏട്ടനോട് പറഞ്ഞിട്ടുണ്ട്. അമ്മ ഒന്നൂടേ ഓർമിപിക്കണം ട്ടോ…
അതൊന്നും ഓർത്ത് മോള് ടെൻഷൻ അടിക്കേണ്ട. എല്ലാം അമ്മ നോക്കിക്കോളാം. മോളേ വെണ്ടയ്ക്ക തോരൻ എടുക്കാൻ മറക്കല്ലേ ട്ടോ…വിലാസിനി ഒന്നുടെ വിളിച്ചു ഓർമിപ്പിച്ചു.
ഇല്ലമ്മേ…ഞാൻ എടുത്തു വെച്ചിട്ടുണ്ട്. എന്നാ അമ്മേ ഞാൻ ഇറങ്ങുവാ ട്ടോ…ഏട്ടന്റെ ജോഗിങ് കഴിഞ്ഞു വരുമ്പോൾ പറഞ്ഞോളൂ ഞാൻ ഇറങ്ങി ന്ന്…ശരി മോളേ…സൂക്ഷിച്ചു പോണം ട്ടോ മോളേ…ശരി അമ്മേ…ടാറ്റാ…ടാറ്റാ മോളേ…ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് ശിവാനി ഗേറ്റ് തുറന്നു ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
അന്ന് കൊടുത്തത് ഇച്ചിരി മുന്നേ ആവായിരുന്നു. നടക്കും വഴി ശിവാനി ചിരിച്ചു കൊണ്ടു സ്വയം പറഞ്ഞു. ശിവാനി ഗേറ്റ് കടന്നതും വിലാസിനി സെറ്റിയിലേക്ക് ഇരുന്നു.
അയ്യോ…അമ്മേ എനിക്ക് വയ്യായേ…അവൾക്കു ഡ്രസ്സ് എടുത്തു അഴയിൽ ഇടാൻ നേരമില്ല പോലും…അയേൺ ചെയ്യാൻ നേരമില്ല പോലും…എല്ലാം ചെയ്തു ന്റെ നടു ഒടിയും ല്ലോ ന്റെ ദേവി. ആ ദുഷ്ടക്ക് ആ തുണിയെങ്കിലും ഒന്ന് അഴയിൽ ഇട്ടേച്ചു പൊയ്ക്കൂടേ. ബാക്കി ഒള്ളോനെ കൊല്ലാൻ ആയിട്ട്…മൂധേവി…
യ്യോ…അവള് ഇനി ഇവിടെ വല്ല ക്യാമറയും ഫിറ്റ് ചെയ്തു കാണുമോ ആവോ…ചുറ്റിനും കണ്ണോടിച്ചു കൊണ്ട് വിലാസിനി സ്വയം പറഞ്ഞു. എന്നാലും ആ ടോർച്ചും കാണാനില്ല ലോ ഇപ്പൊ…അവൾ അത് എവടെ കൊണ്ടോയി ഒളിപ്പിച്ചു വെച്ചാവോ…അതൊന്ന് അറിഞ്ഞിരുന്നുവെങ്കിൽ സമാധാനത്തോടെ ഒന്ന് ഉറങ്ങയിരുന്നു. അവനാണേൽ ഈ ഇട ആയി അവളുടെ വാലെന്നു മാറുന്നതും ഇല്ല.
അല്ല അവനേം പറഞ്ഞിട്ട് കാര്യമില്ല. ഓരോ ദിവസത്തെ വാർത്തകൾ ടീവിയിൽ കാണുന്നില്ലേ. ഇവളുമാരുടെ ഓക്കേ ഉള്ളിൽ വല്ല ജോളിയും കേറി ഒളിച്ചു ഇരിപ്പുണ്ട് എങ്കിലോ…എങ്ങനെ വിശ്വസിച്ചു ഒന്ന് കഴിക്കും…എങ്ങനെ ഒന്നു ഉറങ്ങും…വിലാസിനി ആരോടെന്നില്ലാതെ പറഞ്ഞു.