പട്ടണത്തിലെ കോളേജിൽ പഠിക്കാൻ പോയ രുഗ്മിണി തിരിച്ചു വന്നത് നിറവയറുമായി. എത്രചോതിച്ചിട്ടും ആളിനെ അവൾ പറഞ്ഞില്ല

ചിലമ്പൊലി – രചന: അമൃത അജയൻ

നിലത്ത് വിരിച്ച വാഴയിലയിൽ കണ്ണുകളടച്ച് നിശബ്ദയായി ഉറങ്ങുകയാണ് ചിലങ്ക.

വീടുമുഴുവൻ ഒരുതരം വിദേശ സുഗന്ധ ദ്രവ്യത്തിന്റെ മടുപ്പിക്കുന്ന ഗന്ധം പടർന്നു കഴിഞ്ഞു. അവൾക്ക് ഇത്തരം സാധനങ്ങളോട് ഒട്ടും താത്പര്യമില്ലായിരുന്നു. ഒരിക്കൽ താൻ നിലമ്പൂർ കോവിലകത്ത് കഥകളി അവതരിപ്പിച്ചു മടങ്ങാൻ നേരം സമ്മാനമായി ഇളമുറ തമ്പുരാൻ നൽകിയ വിദേശസാമഗ്രികളിൽ നിന്നു ഒരു സ്പ്രേ ചിലങ്കക്ക് നൽകി. സുഭദ്രയുടെ ഇഷ്ടക്കേട് അവഗണിച്ചുകൊണ്ടായിരുന്നു അത്.

അവളത് കൈത്തണ്ടയിൽ അടിച്ചു മണത്തു നോക്കിയിട്ട് ഉടൻ തന്നെ സുഭദ്രയെ ഏല്പിച്ചു. “നിക്ക് ദിന്റെ ഗന്ധങ്ങട് പിടിക്കണില്ല്യാമ്മായി
തല ചുറ്റണപോലെ തോന്വാ…”

തോളത്ത് അരോ തൊട്ടപ്പോൾ രാമപ്പൊതുവാൾ മുഖമുയർത്തി നോക്കി. വാര്യത്തെ ഉണ്ണിയാശാനാണ്. “ങ്ങനിരിന്നാ മത്യോ രാമാ…നീം വച്ചുകാക്കണ്ട കാര്യല്ല്യാലോ…ഇപ്പോതന്നെ വൈകി.”

“ഉവ്വ്, വിജയനോടും അരവിന്ദനോടും കുളിച്ചുവരാൻ പറയൂ. അവര് ചെയ്യട്ടെ ചടങ്ങ്…ല്ല്യാണ്ടാര് ചെയ്യാനാ…”

“അവര് കുളിച്ചെത്തി രാമാ…”

രാമപ്പൊതുവാൾ തല ചലിപ്പിച്ചു. ഒരു നെടുവീർപ്പുതിർത്തുകൊണ്ട് അയാൾ ചിലങ്ക കിടക്കുന്നിടത്തേക്ക് നോക്കി. ഇരുപത്തിമൂന്നു വർഷത്തെ ഇഹലോകവാസം അവസാനിപ്പിച്ച് അവൾ യാത്രയാകുകയാണ്. മരിച്ചുപോകുന്നവർ ഒന്നും കൊണ്ടുപോകുന്നില്ലാത്രേ…അതൊരു നുണയാണെന്ന് അയൾക്കു തോന്നി.

അറുപത്തഞ്ചു വർഷം ഭൂമിയിൽ ജീവിച്ച തന്നെക്കാൾ അനുഭവങ്ങളുടെയും രഹസ്യങ്ങളുടെയും ഭാണ്ഡവും പേറി പോവുകയാണവൾ. ഫോണിൽ സുധാകരൻ പറഞ്ഞ വാക്കുകൾ അയാളുടെ നെഞ്ചിൽ കട്ടപിടിച്ചു കിടന്നു..

രണ്ടു മാസം പ്രായമുള്ളപ്പോഴാണ് ചിലങ്കയെ തന്റെ കയ്യിലേൽപ്പിച്ച് രുഗ്മിണി പോയത്. പട്ടണത്തിലെ കോളേജിൽ പഠിക്കാൻ പോയ രുഗ്മിണി തിരിച്ചു വന്നത് നിറവയറുമായി. എത്രചോതിച്ചിട്ടും ആളിനെ അവൾ പറഞ്ഞില്ല. തറവാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രസവിച്ചു. സ്വന്തം കൂടപ്പിറപ്പിനെ കൊന്നുകളയാനുള്ള മനസ് ഇല്ലാതിരുന്നതു കൊണ്ട് അതുണ്ടായില്ല.

പക്ഷെ അപമാനഭാരം കൊണ്ട് കുനിഞ്ഞുപോയ കുടുംബത്തിലുള്ളവരുടെ മുഖം കാണാനോ കുത്തുവാക്കു കേൾക്കാനോ ഒന്നും അവൾ നിന്നില്ല. ഒരു ദിവസം തന്നെ മുറിയിലേക്ക് വിളിച്ചു കുഞ്ഞിനെ തന്റെ കൈകളിലേക്ക് വച്ചിട്ടു പറഞ്ഞു…

“നിക്ക് ഒന്ന് സുഖായാ ഞാൻ പട്ടണത്തിലേക്ക് പോകും. ന്റെ കുട്ടീനേം കൊണ്ട് ഇവടെ നിൽക്കാൻ വയ്യ…”

താൻ നിലത്തേക്ക് നോക്കിയിരുന്നതേയുള്ളൂ. “വെറുത്തോളൂ ന്നെ ല്ലാരും വെറുത്തോളൂ, പക്ഷെ ന്റെ കുഞ്ഞിനെ വെറുക്കരുതേ…ആരു വെറുത്താലും ഏട്ട വെറുക്കരുത്. ഞങ്ങൾ പോണവരെ ഏട്ടയുടെ നെഞ്ചിലെ ചൂട് ന്റെ കുഞ്ഞിനു പകർന്നു കൊടുക്കണം.”

അവളുടെ കണ്ണുനീർ കവിളിലൂടെ ഒഴുകിയിരുന്നു. പിറ്റേന്ന് കണ്ടത് ഉത്തരത്തിൽ തൂങ്ങിയാടുന്ന രുഗ്മിണിയെയാണ്. ഏതൊക്കെയോ രഹസ്യങ്ങളുടെ വിഴുപ്പും പേറി അവളും യാത്രയായി. ജീവിച്ചിരിക്കുന്ന മറ്റാരെയും അതേൽപ്പിച്ചില്ല. ഇപ്പോ ചിലങ്കയും…

വിജയനും അരവിന്ദനും മറ്റുചിലരും ചേർന്ന് അവളെ എടുത്തു. നിലത്തിരുന്ന് സുഭദ്ര അലറിക്കരഞ്ഞു. ഇരുപത്തിയൊന്നു വർഷം ഇവിടെ തങ്ങളുടെ കൂടെ ജീവിച്ചിട്ടും വേണ്ടവിധം അവളോടുള്ള കടമ നിർവഹിക്കാതിരുന്ന സുഭദ്ര ഇവിടെ പിശക്ക് കാണിച്ചില്ല.

ചാരുപടിയിൽ നിന്ന് രാമപ്പൊതുവാൾ എഴുന്നേറ്റു. തെക്കേ തൊടിയിലേക്ക് പോകുവാൻ അയാൾ പടവുകളിറങ്ങി. “വേണ്ട രാമാ താൻ അങ്ങ്ട് വരണ്ട…” ഉണ്ണിയാശാൻ അയാളുടെ കൈക്ക് പിടിച്ചു. തർക്കിക്കാൻ പോയില്ല. ആ തീയിലേക്ക് നോക്കാൻ പോലുമുള്ള കരുത്ത് തനിക്കില്ല. ഉള്ളിലൊരു അഗ്നികുണ്ഡം എരിയുകയാണ്. അയാൾ വീടിനുള്ളിലേക്ക് കയറി.

പലരുടെയും മുഖങ്ങളിൽ ഒരുതരം ആശ്വാസമാണ്. മരിച്ചിട്ട് ഇരുപത്തിയെട്ട് ദിവസം കഴിഞ്ഞിരിക്കുന്നു. വിദേശത്തു നിന്നും ശരീരം നാട്ടിലെത്തിക്കാനുള്ള നിയമക്കുരുക്കുകളിൽ പെട്ടുകിടക്കുകയായിരുന്നില്ലേ ഇതുവരെ…പുലയുള്ളവർ പലരും തറവാട്ടിലേക്ക് വന്നും പോയീം ഒക്കെ നിന്നു കഴിച്ചുകൂട്ടുകയായിരുന്നു ഇത്ര ദിവസം.

നടുത്തളത്തിലൂടെ നടന്ന് തെക്കേ കെട്ടിലെ അണമുറിയുടെ മുന്നിൽ അയാൾ നിന്നു. തലമുറകളായി തറവാട്ടിൽ രോഗശയ്യയിലാകുന്നവരെ കിടത്തിപോന്ന മുറിയായീരുന്നു അത്. നാലരവയസുള്ള ചിലങ്കയെ സുഭദ്ര ഈ മുറിയിലേക്ക് തള്ളിവിടുമ്പോൾ കൂട്ടിന് കട്ടിലൊഴിയാതെ കിടന്ന താതലി മുത്തിയുണ്ടായിരുന്നു. പ്രായം ചെന്നും അല്ലാതെയും ഇതേ മുറിയിൽ കിടന്നു മരിച്ച പൂർവികരുടെ കഥ പറഞ്ഞ് ഒടുവിൽ തൊണ്ണൂറാം പക്കം താതലി മുത്തിയും ഈ മുറിയിൽ അവസാന നിദ്ര പൂകി…

ഒരു രാത്രിയിലെന്തോ കണ്ടു ഭയന്നു നിലവിളിച്ചു ഓടി തങ്ങളുടെ കിടപ്പറയിൽ തട്ടിവിളിച്ചതാണ് ചിലങ്ക. താഴിടാതിരുന്ന അറവാതിൽ തുറന്നു പോയതിനു സുഭദ്ര അവളെ പൊതിരെ തല്ലി. തടയാൻ തന്നെ അനുവദിച്ചില്ല. കാലം അവളിൽ നിന്ന് മരണ ഭയം പോലും എടുത്തു മാറ്റി.

പിഴച്ച സന്തതി എന്ന വിളിപ്പേരിലൂടെ തുടങ്ങിയ ബാല്ല്യം. ആരോടും പരാതിയില്ല പരിഭവമില്ല. അണമുറിക്കുള്ളിൽ ഇപ്പോഴും ചീലങ്കയുടെ ഗന്ധമുണ്ട്. രണ്ടു വർഷം മുൻപു വരെ അവൾ ജീവിച്ച മുറി. അവളുടെ ബാല്ല്യത്തെയും കൗമാരത്തെയും ഓർമിപ്പിക്കുന്ന പലതും ആ മുറിക്കുള്ളിൽ ഇപ്പോഴും അവശേഷിക്കുന്നു.

ഒരു ചില്ലുകുപ്പി നിറയെ കുന്നിക്കുരു, ഓരോ തവണയും പെറുക്കി കൂട്ടുന്ന കുന്നിക്കുരുവിനൊപ്പം കുപ്പിയിലെ കുന്നിക്കുരു കൂടി തട്ടിയിട്ട് ആദ്യം മുതൽ എണ്ണിതിട്ടപ്പെടുത്തുകയാണ് ചിലങ്ക. കയ്യിലൊരു ഓല പമ്പരവുമായി എങ്ങുനിന്നോ ഓടി വന്ന് ആ കുന്നിമണികളെ തട്ടിതെറിപ്പിച്ചു ഓടി കളഞ്ഞു അരവിന്ദൻ.

“അമ്മാമേ…കണ്ടോ ഈ അരവിന്ദേട്ടൻ കാട്ട്യേ…”

“സാരല്ല്യാട്ടോ….” താനവളുടെ കുഞ്ഞിക്കവിളത്തു തൊട്ടൂ. അറിയാതെ വായുവിലേക്ക് ഉയർന്നു പോയ കയ്യിലേക്ക് അയാൾ നോക്കി. പിന്നെ ശൂന്യമായ നിലത്തേക്ക്…മുറിയുടെ കോണിലുള്ള മേശപ്പടിയിൽ കൈകുത്തിനിന്നു അവളയാളെ നോക്കി നാവുനീട്ടികാണിച്ചു.

കയ്യിൽ താൻ പൂരപ്പറമ്പിൽ നിന്നു കൊണ്ട് വന്ന പൊട്ടും ചാന്തുമൊക്കെയാണ്. ഇരുവശത്തേക്കും മുടി മെടഞ്ഞിട്ട് അഴകൊത്ത മിഴികളിൽ സുറുമയെഴുതി നെറ്റിയിൽ ചുവന്ന ചാന്തു തൊട്ട് പച്ച പട്ടുപാവാടയുടുത്ത്, ഒരു നിമിഷം അയാൾ അമ്പരന്നുപോയി. ഈശ്വരാ ന്റെ രുഗ്മിണി…പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പുറത്തേക്കോടി.

കണ്ണൻ നായർ കൊണ്ടുവന്ന ആലോചനയായിരുന്നു ഗൗതമന്റേത്…വിദേശത്തു വലിയ ബിസിനസ് കാരനാണത്രേ. കുടുംബവും അവിടെ…”പണോം പണ്ടോന്നും ചോദിക്കണില്ല്യ രാമനാശാനേ…കല്ല്യാണം കഴിഞ്ഞാ കുട്ട്യേം ങ്ങട് കൊണ്ടോവും.”

“ന്നാലും ത്ര വല്ല്യാൾക്കാര്, എന്തിനാ ഈ സാധൂനെ, അതും ഒന്നും വേണ്ടാത്രേ…നിക്ക് ഒരു ഭീതി തോന്നണുണ്ട് നായരെ…”

“ദാ പ്പോ നന്നായെ…” വായിൽ നിറഞ്ഞ മുറുക്കാൻ മുറ്റത്തിന്റെ ഓരത്തേക്ക് തുപ്പി കണ്ണൻ നായർ തുടർന്നു… “ന്റശാനെ വല്ല്യാൾക്കാര്, അടക്കോം ഒതുക്കോം ള്ള കുട്ടി കുടുംബത്തിൽ വന്നു ചേരാനാഗ്രഹിക്കണതൊരു തെറ്റാ…നാട്ടിൻ പുറത്തെ തറവാട്ടിൽ പിറന്നകുട്ട്യേ കിട്ടൂന്നു നിരീച്ചിട്ടാ അവര്…”

“രുഗ്മിണി യുടെ കാര്യോക്കെ അറിഞ്ഞിട്ടാണല്ലോ ല്ല്യേ…”

“ഉവ്വ് ഒക്കെ പറഞ്ഞിരിക്കുണൂ…”

ഒന്നും കൊടുക്കണ്ടന്ന കാരണത്താലാണ് സുഭദ്ര കെട്ടിനു അനുകൂലിച്ചത്. രുഗ്മിണിക്ക് അവകാശപ്പെട്ട പടിഞ്ഞാറേ കണ്ടവും പൊഴിക്കലെ പറമ്പും പോലും എഴുതിവക്കാൻ അവൾ സമ്മതിച്ചില്ല. ഒരു മാരണത്തെ നാടുകടത്തുന്ന പോലെയായിരുന്നു സുഭദ്രക്ക് ഈ കല്ല്യാണം.

പോയതിൽ പിന്നെ ഒരിക്കൽ പോലും അവൾ നാട്ടിലേക്കൊരു കത്തയച്ചില്ല. ഫോണും വിളിച്ചിട്ടില്ല. അവളുടെ വിവരമൊന്നും അറിയാൻ പറ്റണില്ലല്ലോന്നു പറയുമ്പോ സുഭദ്ര പറയും… “വല്ല്യ നിലേലൊക്കെ ആയപ്പോ ഊട്ട്യൗരേം വേണ്ട വളർത്തിയോരേം വേണ്ട…പ്പോ മനസിലായില്ല്യേ…”

അവൾക്കെന്തോ ആപത്തു പിണഞ്ഞൂന്നൊരു ശങ്ക മനസിനെ അലട്ടിയിരുന്നൂ. അവൾക്ക് അമ്മാമയെ മറക്കാൻ കഴീല്ല്യാലോ…

പടിയിറങ്ങുമ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പി. തന്നെ നോക്കി കേഴുകയായിരുന്നു. ഇതൊരു ഇറങ്ങിക്കൊടുക്കലാണെന്ന് അവൾക്കും തനിക്കും അറിയാമായിരുന്നു. ഇനി ഈ കുടുംബത്തിലേക്ക് അവകാശം സ്ഥാപിക്കാൻ അവൾക്കു കഴിയില്ല.

മുറിക്കുള്ളിലെ തെക്കേ ഭാഗത്തെ ജനാല അയാൾ തുറന്നു. ചിതാഗ്നി എരിഞ്ഞമരുന്നത് വേവുന്ന ഹൃദയത്തോടെ അയാൾ കണ്ടു. മരണ വിവരം നാട്ടിലറിയിച്ചത് സുധാകരനാണ്. ഏതോ കോണ്ക്രീറ്റ് കെട്ടിടത്തിന്റെ മുപ്പതാം നിലയിൽ നിന്ന് ചാടിയതാത്രേ…പിന്നീട് അവൻ പറഞ്ഞ വാക്കുകൾ അയാളുടെ നെഞ്ചിൽ നിന്ന് രക്തം ചീന്തിച്ചു.

‘രാമമ്മാമ പറഞ്ഞ അഡ്രസിൽ ഗൗതമൻ എന്നൊരാൾ ഇവിടെ ല്ല്യ…അങ്ങനെ ഒരു കുടുംമ്പം ഇവിടെ മുൻപും ണ്ടാരുന്നില്ല്യാ…പിന്നെ ഇവിടത്തെ പോലീസിൽ നിന്നറിയാൻ കഴിഞ്ഞ ഒരൂട്ടംണ്ട്…” അവനൊന്നു വിക്കി.

“ന്താത്….”

“അത് പിന്നെ…”

“പറയ്യാ…ന്താണേലും…”

“കഴിഞ്ഞ എട്ടൊൻപതു മാസായി ചിലങ്ക ഇവിടെ ഒരു പഞ്ചനക്ഷത്ര വേശ്യാലയത്തിലായിരുന്നൂ.”

“ല്ല്യാാ…ന്ത് അസംബന്ധാ സുധാകരാ നീ പറയണേ…മരിച്ചു നിക്കണ ന്റെ കുട്ട്യേ.”

“അവൾ പെട്ടുപോയതാ രാമമ്മാമേ…ഇവിടെ ഇങ്ങനെ ചില കണ്ണികളുണ്ട്. നാട്ടിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്നു…”

മുഴുമിപ്പിക്കാൻ അനുവദിച്ചില്ല. മിഴികളിൽ നിന്ന് നീരുറവ പൊട്ടി. എരിയുന്ന ചിതാകുണ്ഡത്തിലേക്ക് എടുത്തു ചാടാൻ അയാൾ മോഹിച്ചു.

“ഭഗവതീ.. ന്റെ കുട്ട്യേ വിറ്റൂലോ ഈ പടുപാപി…മാപ്പിരക്കണില്ല്യാ അമ്മാമ ന്റെ കുട്ട്യോട്…”

വലിയ സിമന്റ് ചുവരിലേക്ക് രക്തം ചീന്തുമാറ് അയാൾ തല കൂട്ടിമുട്ടിച്ചൂ. തെക്കേ തൊടിയിലെ അഗ്നിചിത പ്രക്യതിയിൽ ചിലമ്പൊലിയായി അലിഞ്ഞു ചേർന്നു.