ഒന്നുമില്ലെങ്കിലും അവൾ ഒരു പെണ്ണല്ലേ…ഒരു പെണ്ണിന് വേണ്ടതെല്ലാം അവളിൽ ഉണ്ട്. എനിക്ക് അതു മതി.

പരിണയം – രചന: ശാരിലി

എന്തോന്നാടെ ഇത് നീ പെണ്ണിനെയാ കാണാൻ വന്നേ അതോ പെണ്ണിന്റെ അമ്മയയോ…തനിത്തങ്കമാണ് പത്തരമാറ്റ് പൊന്നാണ് ചെറിയ കുട്ടിയാണ് എന്തൊക്കയായിരുന്നു. ആ തള്ള നിന്നെ ശരിക്കും പറ്റിച്ചൂ ട്ടാ…

കൂട്ടുകാരൻ്റെ കൂടെ പെണ്ണുകാണാൻ വന്നതിൻ്റെ രോഷപ്രകടനം അവൻ അവരുടെ വീടിൻ്റെ മുന്നിൽ നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു തുടങ്ങി. സച്ചി നീ തല്ലിയില്ലേൽ ആറ്റുകാൽ അമ്മച്ചിയാണേ…ഞാൻ ആ തള്ളയെ തല്ലും.

ആരേ…? സച്ചി…ആകാംഷയോടെ ചോദിച്ചു.

നിൻ്റെ ഈ കല്യാണക്കാര്യം ശരിയാക്കിയ എടക്കാരി മേരി ചേച്ചിയെ…പെണ്ണുകാണാൻ പോയിടത്തു നിന്നും മുക്കുമുട്ടെ തിന്നുകൊണ്ട് ഏമ്പക്കവും വിട്ടു നടക്കുന്നതിനിടയിലാണ് അജയ് സച്ചിയോട് പറഞ്ഞത്. അജയ് പറയുന്നത് കേട്ടുവെങ്കിലും അവൻ പിൻതിരിഞ്ഞു ചുറ്റുപാടും നോക്കുകകയായിരുന്നു. അവളെങ്ങാനും വേലിയുടെ അടുത്തോ വാഴയുടെ കടക്കലോ നിൽപ്പുണ്ടോവെന്ന്…ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ശ്വാസം ഉള്ളിലേക്കു എടുത്ത് അതേ വേഗത്തിൽ പുറത്തേക്ക് തള്ളി കൊണ്ടവൻ അജയ്ക്ക് മറുപടി നൽകി.

അജയ് ഒന്നു പതുക്കേ…ഒന്നുമില്ലെങ്കിലും അവൾ ഒരു പെണ്ണല്ലേ…ഒരു പെണ്ണിന് വേണ്ടതെല്ലാം അവളിൽ ഉണ്ട്. എനിക്ക് അതു മതി.

അളിയാ…നീയപ്പോ പെണ്ണിൻ്റെ മുഖത്തല്ലേ നോക്കിയത്…നീ പൊട്ടകണ്ണനാണോ…

ഞാൻ മുഖത്തു തന്നെയാ നോക്കിയതു. അവൻ കള്ളച്ചിരി മറച്ചു വച്ചു പറഞ്ഞു.

സച്ചി…എൻ്റെ കണക്കുട്ടൽ ശരിയാണേൽ ഒരു 30 വയസ്സെങ്കിലും ആയിട്ടുണ്ടാകും. വയറും അല്പം ചാടിയിട്ടുണ്ട്. അജയുടെ വർണ്ണന അതിരു കടക്കുന്നതു കണ്ടപ്പോൾ സച്ചിയവന് താക്കിത് നൽകി.

എല്ലാ പെണ്ണുങ്ങളേയും പോലെ നിൻ്റെ ഈ അകമഴിഞ്ഞുള്ള വർണ്ണന ഇനി വേണ്ട. ആരൊക്കൊ എന്തൊക്കെ പറഞ്ഞാലും സച്ചിതാനന്ദൻ എന്ന നിങ്ങളുടെ ഈ സച്ചി താര എന്ന ഈ പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയിരിക്കും. പിന്നെ നിൻ്റെ ഈ അവിഞ്ഞ ഡയലോഗ് ഇനി വേണ്ട കേട്ടല്ലോ….

മോഹൻലാലിനെ പോലെ അവരുടെ വീട്ടുപടിക്കലിൽ വച്ചു ശപഥമെടുത്ത സച്ചിയെ കണ്ടപ്പോൾ അജയിന് ചിരിയടക്കാൻ കഴിഞ്ഞില്ല. ചെറിയമ്മയും കൊച്ചുമോനും നല്ല ചേർച്ച…അവൻ സച്ചി കേൾക്കാതെ മനസ്സിൽ ഉരുവിട്ടു.

സച്ചി നേരെ പോയത് മേരി ചേച്ചിയുടെ വീട്ടിലേക്കാണ്.

മേരി ചേച്ചി ,മേരി ചേച്ചി…മാർക്കറ്റിലെന്ന പോലെ അവരുടെ വീട്ടുമുറ്റത്തു നിന്ന് വിളിച്ചു കൂവിയത് അജയ് ആയിരുന്നു. കണ്ടോടാ ആ തള്ള മുങ്ങി. നീ വരുമെന്ന് പ്രതീക്ഷിച്ചു കാണും. അജയ് വീണ്ടും തൻ്റെ പതിവു ഭാഷാശൈലി ആരംഭിച്ചു…

എവിടെ പോയാലും നിൻ്റെ നെഗറ്റീവ് ചിന്താഗതി മാറ്റില്ല അല്ലേ…സച്ചിയും അജയും പരസ്പരം സംസാരിക്കുന്നതിനിടയിക്കോണ് മുഖം തുടച്ചു കൊണ്ട് മേരി ചേച്ചി കടന്നു വന്നത്. അന്നേരം സച്ചി അജയുടെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. അവൻ പറഞ്ഞ പ്രകാരം ഇനി വല്ല ചീത്തയും വിളിക്കുമോ, എന്തോ…പ്രതീക്ഷച്ച പോലെ ഒന്നും നടന്നില്ല.

വാ മക്കളെ കയറി ഇരിക്ക്. മക്കള് പെണ്ണുകാണാൻ പോയിരുന്നോ…

പോയിരുന്നു വരുന്ന വഴിയാ…

മുമ്പൊക്കെ പറമ്പിലെ പണീം വീട്ടിലെ പണീം ഓടി നടന്ന് ചെയ്തിരുന്നതാ ഞാൻ. ഇപ്പ വയ്യ്യാണ്ടായി. പടി കേറാനൊക്കെ വല്ല്യ പാടാ. പ്രായം കൂടിവരല്ലേ..തടി കൂടീട്ടാന്നാ ഡോക്ടറ് മാര് പറയണേ. ഈ പ്രായത്തില് ഓടീ നടന്നും ചാടി നടന്നും തടി കുറക്കാൻ ഒന്നും നമ്മെ കൊണ്ടു പറ്റത്തില്ല, ചേച്ചിക്ക് തീരെ വയ്യ. അല്ലേൽ ഞാനും നിങ്ങളുടെ കൂടെ അവിടെ വരെ വന്നേനേ…കിതച്ചു കൊണ്ട് അവർ പറഞ്ഞു നിറുത്തി.

സാരമില്ല ചേച്ചി…ഞങ്ങൾ പോയി കണ്ടു ഇഷ്ടായി.

മേരി ചേച്ചി ഒരു സംശയം അജയ് ചാടിക്കയറി ചോദിച്ചു. പെണ്ണിന് എത്ര വയസ്സായന്ന് പറഞ്ഞേ…

ഇരുപത്തിയഞ്ച്…ചെക്കന് ഇരുപത്തിയേഴ് ആയില്ലേ. പിന്നേ എന്താ കുഴപ്പം…മേരി ചേച്ചിയ്ക്ക് അവൻ്റെ ആ ചോദ്യം അത്രകണ്ട് പിടിച്ചില്ല എന്നു തോന്നുന്നു. എന്തോ മുൻ പരിചയമെന്ന പോലെ അവൻ്റെ മുഖത്ത് നോക്കി മേരി ചേച്ചി ചോദിച്ചു. മോൻ എന്റെ ജോബിയുടെ കൂടെ പഠിച്ചിട്ടുണ്ടോ…ജോബി എന്നു കേട്ടപ്പോൾത്തന്നെ അവൻ ഇരുന്ന ഇരുപ്പിൽ ഒന്നു പരുങ്ങി.

ഏത് ജോബി കുരിശിങ്കലോ….?

അതേ അതു തന്നെ. അപ്പോൾ നീയിനി വല്യവർത്തമാനമൊന്നും പറയണ്ട. നിന്നെ രണ്ടു കൊല്ലം, മുൻപ് സ്റ്റേഷനിൽ നിന്നിറക്കിയത് ജോബിയുടെ അപ്പനാ…മറന്നിട്ടില്ലല്ലോ…

ഇല്ല ചേച്ചീ…മറന്നിട്ടില്ല. പെട്ടന്നുള്ള അവൻ്റെ മുഖത്തെ വിനയം കണ്ടു സച്ചി ഞെട്ടിപ്പോയി. അതെന്താ കാര്യം മേരി ചേച്ചീ…സച്ചി സംശയം തീർക്കുന്നതിനായി ചോദിച്ചു. വേറെ ഒന്നുമല്ല. മോനെ കോളേജിലെ ഒരു അടിപിടി…മേരി ചേച്ചി…ചമ്മിയിരിക്കുന്ന അജയിൻ്റെ മുഖത്ത് നോക്കി ഒന്നു അമർത്തി മൂളി. അതേ എന്ന മട്ടിൽ അവനും തലയാട്ടി…അതു വിട് മോൻ പെണ്ണിനെ കണ്ട കാര്യം പറ. ഇഷ്ടായോ…എന്നാൽ മേരി ചേച്ചി അങ്ങു അത് ഉറപ്പിക്കട്ടെ…

വീട്ടില് പറഞ്ഞിട്ട് ഒന്നാലാചിച്ചിട്ട്. സച്ചി മറുപടി പറയാൻ നിന്നു തയങ്ങുന്നതു കണ്ടപ്പോൾ മേരി ചേച്ചീ ചിരിക്കുകയായിരുന്നു. എല്ലാവർക്കും ഇഷ്ടാവും. നല്ലതല്ലാത്ത കേസ് ഞാൻ കൊണ്ടുവരോ…? നല്ല ബന്ധമാ മോനേ…ആങ്ങള ചെക്കൻ അങ്ങ് വിദേശത്താ…അവരിനി നാട്ടിലോട്ട് വരത്തൊന്നുമില്ല. അവൻ്റെ പെണ്ണിന് അവിടെ നല്ല ജോലിയാ…അനിയൻ ചെക്കൻ നേരത്തെ ഒരു പെണ്ണിനെ പ്രേമിച്ച് കെട്ടിയതുകൊണ്ടാ. ഇതിൻ്റെ കല്യാണം ഇച്ചിരി നീണ്ടു പോയെ. അല്ലാതെ കെട്ടിച്ചു വിടാൻ പൈസയില്ലാഞ്ഞിട്ടുമൊന്നുമല്ല…നല്ല സ്വാഭാവമാ മോനേ…നിന്നെയും നിൻ്റെ അമ്മയേയും പൊന്നുപോലെ നോക്കും ആ കാര്യത്തില് ഈ മേരി ചേച്ചീ ഉറപ്പുതരാ…

ഇതു കേട്ട അജയ് പുച്ചഭാവത്തിൽ തലചരിച്ചു. എല്ലാ എടക്കാരികളും ഇങ്ങിനെത്തന്നെയാ പറയാ കല്യാണം കഴിക്കുമ്പോൾ അറിയാം തനിനിറം…അവൻ്റെ മുഖം തിരിച്ചുള്ള നടപടി മേരി ചേച്ചീ വളരെ വിദഗ്ദമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിനെ പിൻതുടർന്നായിരുന്നു അവർ ആ സത്യം വിളിച്ചു പറഞ്ഞത്.

മോനേ സച്ചീ, എനിക്ക് എൻ്റെ മോനേ പോലെത്തന്നെയാണ് നീയും. നിന്നോട് ഞാൻ ഒന്നും ഒളിക്കുന്നില്ല നിൻ്റെ അമ്മ പറഞ്ഞ വിവാഹകാര്യമാണ് ഇത്. അല്ലാതെ ഞാൻ തേടിപ്പിടിച്ചതൊന്നുമല്ല.

അമ്മയോ…സച്ചീ തൻ്റെ ഇരുമ്പു കസേര കുറച്ചു കൂടി മേരി ചേച്ചിയുടെ അടുത്തേക്ക് വലിച്ചിട്ടു കൊണ്ട് അവരുടെ അടുത്ത വാക്കുകൾക്കായി കാത്തിരുന്നു.

അതേ മോൻ്റെ അമ്മ തന്നെ…കാലുമ്മേ നീരുവന്നപ്പോൾ നടക്കാൻ പറ്റാതായപ്പോൾ അതുവരെ കാണിച്ച കുഴമ്പ് മാറ്റി വല്ല ഇംഗ്ലീഷ് മരുന്ന് കഴിക്കാമെന്നു വിചാരിച്ചിട്ടാണ് പൗലോസിൻ്റ മരുമോൻ്റ ആശുപത്രില് പോയത്. കാലുമ്മേ നീരു വീർത്ത് ഒട്ടും വയ്യാതായപ്പോൾ രണ്ടു ദിവസം അവിടെ അഡ്മിറ്റായി. തൊട്ടടുത്ത ബെഡ്ഢിൽ നിൻ്റെ അമ്മയും ഉണ്ടായിരുന്നു. ആ കുട്ടീടെ സ്നേഹത്തിനു മുന്നിലാണ് നിൻ്റെ അമ്മേടെ രോഗം മാറിയത്. അല്ലാതെ ഡോക്ടർമാരുടെ കഴിവു കൊണ്ടു മൊന്നുമല്ല.

ഏത് കുട്ടി…?

നിങ്ങളു കണ്ടേച്ചും വന്നില്ലേ. ആ കുട്ടി…കല്യാണം കഴിക്കാൻ വൈകിയ കഥ ആ കുട്ടി പറഞ്ഞപ്പോൾ നിൻ്റെ അമ്മയാ എന്നോട് പറഞ്ഞേ…എൻ്റെ മോൻ ലീവിനു വരുമ്പോൾ ഒന്നിലാചിച്ചാലോ മേരീയെന്ന്….കേട്ടപ്പോൾ എനിക്കും സന്തോഷമായി. ഞാൻ പോയി എല്ലാം അന്വേഷിച്ചു. ആ കുട്ടി പറഞ്ഞത് എല്ലാം സത്യമായിരുന്നു. നീ ഭാഗ്യവാനാടാ ഇന്നത്തെ കാലത്ത് അമ്മായി അമ്മയെ പൊന്നുപോലെ നോക്കുന്ന ഭാര്യമാരെ കിട്ടുന്നത് തന്നെ വിരളമാണ്. അമ്മായി അമ്മയെ നോക്കുകയാണേൽ പിന്നെ നിന്നെ നോക്കാതിരിക്കുമോ…പറഞ്ഞു കഴിഞ്ഞപ്പോൾ അവർ കരയുകയായിരുന്നു.

മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നിട്ടും ഈ വയസ്സാംകാലത്ത് ഒറ്റപ്പെട്ടു കഴിയുകയായിരുന്നു അവർ…

മേരി ചേച്ചീ…സച്ചീ അവരെ ആശ്വസിപ്പിച്ചു. നല്ല മരുമകളെ കിട്ടാനും വേണം ഒരു യോഗം. തനിക്ക് ഇങ്ങിനെയെല്ലാം കണ്ടാസ്വദിക്കാനായിരിക്കും വിധി. മക്കള് ചെല്ല് ഞാൻ അവരോട് പറഞ്ഞോളാം. എത്രയും വേഗം കല്യാണം നടത്തി കൊടുക്കാൻ…

സന്തോഷത്തോടു കൂടി പടിയിറങ്ങിയ അവർക്കു പരസ്പരം കുറ്റം പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർ മനസ്സുകൊണ്ട് ഈ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു.