രചന: മഹാ ദേവൻ
ദിവസവും വെളിച്ചെണ്ണയുമായി ബാത്റൂമിലേക്ക് പോകുന്ന എന്നെ കാണുമ്പോൾ ഭാര്യയുടെ ഒരു നോട്ടമുണ്ട്. നിങ്ങൾക്കിത് എന്തിന്റെ കേടാണ് മനുഷ്യാ എന്ന് ചോദിക്കുന്നപോലെ….അന്നേരം അവൾക്ക് മുന്നിൽ ഒരു ചിരി പാസാക്കി ബാത്റൂമിന്റ് വാതിലടക്കുമ്പോൾ പുറത്ത് നിൽക്കുന്ന പ്രിയതമയുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമായിരുന്നു.
എനിക്കിപ്പോ എന്ത് കുറവ് ഉണ്ടായിട്ടാണ് നിങ്ങൾ ഇതുമായി ബാത്‌റൂമിൽ കേറുന്നത്….എന്ന് ചോദിക്കുന്ന അവളുടെ മുഖത്തെ ദേഷ്യത്തിന് മുന്നിൽ പലപ്പോഴും പതറിനിൽക്കാറുണ്ടെങ്കിലും…നിന്നെക്കാൾ വലിയ സ്വത്ത് എനിക്ക് ഉണ്ടോടി….എന്ന് ചോദിച്ചുകൊണ്ട് അവളുടെ വായടപ്പിക്കാൻ ശ്രമിക്കുമായിരുന്നു പലപ്പോഴും….
പക്ഷേ, വെളിച്ചെണ്ണയുമായി ബാത്റൂമിലേക്ക് ഉള്ള പോക്ക് മാത്രം ദിനംപ്രതി നടക്കുന്നുണ്ടായിരുന്നു. അതിനെതിരെ പലപ്പോഴും അവൾ ശീതസമരം നടത്തിയെങ്കിലും എന്റെ പോക്കിന് കുറവിലെന്ന് കണ്ടപ്പോൾ അവൾ അതൊരു കുടുംബപ്രശ്നമാക്കി മാറ്റുമെന്ന് കരുതിയില്ല.
പ്രശ്നം തിരക്കാനായി കേറി വന്ന അവളുടെ അച്ഛന്റെ മുന്നിൽ ഭവ്യതയോടെ നിൽകുമ്പോൾ സംയമനത്തോടെ അയാൾ ചോദിക്കുന്നുണ്ടായിരുന്നു.
ഞാൻ എന്തൊക്കെയാ മോനെ ഈ കേൾക്കുന്നത്. ഒരു പെണ്ണിന് സഹിക്കാവുന്നതോ പുറത്ത് പറയാൻ കൊള്ളാവുന്നതോ ആണോ നീ ചെയ്യുന്നത്. ഒന്നുല്ലെങ്കിൽ നിന്നെ അത്രക്ക് സ്നേഹിക്കുന്ന ഒരു ഭാര്യയല്ലേ അവൾ. ആ അവളോട് നീ…അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ ഒരു ഞെട്ടലോടെ നിൽക്കുമ്പോൾ അവൻ രണ്ട് പേരെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു.
ന്റെ അച്ഛാ…ഞാൻ ഒരു ആണല്ലേ…അതിന്റേതായ ഒരു ദുശീലം എനിക്കുമുണ്ട്. അത് ഒന്ന് മറക്കാൻ ശ്രമിച്ചതാണോ ഞാൻ ചെയ്ത തെറ്റ്…എന്ന അവന്റെ നിഷ്ക്കളങ്കമായ ചോദ്യത്തിന് മുന്നിൽ അന്താളിച്ചു നിൽക്കുകയായിരുന്നു രണ്ട് പേരും….
ന്നാലും ന്റെ മരുമോനെ എന്നൊരു ഭാവം അമ്മയപ്പന്റെ മുഖത്തു പ്രകടമായി കാണുന്നുണ്ടെന്ന് തോന്നിയപ്പോൾ അവൻ പതിയെ അയാൾക്കരികിലെത്തി…
ഒരു കാര്യം ചെയ്യ് ഇപ്പോൾ പറ്റിയ സമയം ആണ്. അതുകൊണ്ട് അച്ഛനും ന്റെ കൂടെ ബാത്റൂമിലേക്ക് വാ…അപ്പോൾ അറിയാലോ കാര്യത്തിന്റെ കിടപ്പ്…എന്നും പറഞ്ഞുകൊണ്ട് കൂസലില്ലാതെ വെളിച്ചെണ്ണയുമെടുത്തു ബാത്റൂലേക്ക് നടക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിന്ന ശേഷം അയാളും അവനെ അനുഗമിച്ചു.
അമ്മായപ്പൻ കൂടി കേറിയപ്പോ തന്നെ ബാത്റൂമിന്റെ വാതിൽ അടഞ്ഞപ്പോൾ വേവലാതി മുഴുവൻ പുറത്ത് നിൽക്കുന്ന കെട്ടിയോളുടെ നെഞ്ചിൽ ആയിരുന്നു. കുറച്ചു നിമിഷം അടഞ്ഞു കിടന്ന വാതിൽ തുറക്കപ്പെടുമ്പോൾ അകത്ത് എന്താണെന്ന് നടന്നതെന്ന് ചോദിക്കാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു അവൾ.
പക്ഷേ, പുറത്തേക്ക് ചിരിയോടെ വരുന്ന അച്ഛനെയും ഇളിഭ്യനായ മുഖത്തൊരു ചിരി വരുത്താൻ ശ്രമിക്കുന്ന ഭർത്താവിനെയും കണ്ടപ്പോൾ അകത്തു നടന്നത് എന്താണെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു അപ്പോൾ അവളിൽ….
അവളുടെ മുഖത്തെ ചോദ്യം മനസ്സിലായപ്പോൾ ചിരിയോടെ അവൾക്ക് അരികിലെത്തുമ്പോൾ അച്ഛൻ ചിരി അടക്കാൻ കഴിയാത്ത പോലെ തന്നെ പറയുന്നുണ്ടായിരുന്നു….ന്റെ മോളെ പാവം ഓനെ മ്മള് വെറുതെ തെറ്റിദ്ധരിച്ചതാ…ഓന് ഒരു ദുശീലം ഉണ്ടെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാനും തെറ്റിദ്ധരിച്ചു. പക്ഷേ നമ്മൾ ഉദ്ദേശിച്ച ദുശീലം അല്ല ഓന്റെ ദുശീലം….എന്നും പറഞ്ഞ് അവനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് അയാൾ തുടർന്നു…
അവനിപ്പോൾ ഡെയിലി രണ്ട് പെഗ്ഗ് അടിക്കണം. അത് ഇഷ്ടമല്ലാത്ത നീ അത് അറിയാനും പാടില്ല. അതിനാണീ വെളിച്ചെണ്ണപ്രയോഗം. അവനോട് കൂട്ടുകാർ പറഞ്ഞുകൊടുത്ത ഐഡിയ ആണത്രേ വെളിച്ചെണ്ണ കൊണ്ട് പല്ല് തേച്ചു വായിൽ ആക്കി കഴുകി തുപ്പിയാൽ കള്ളിന്റെ മണം പുറത്ത് വരില്ല എന്ന്. അതായിരുന്നു വെളിച്ചെണ്ണയുള്ള ഈ ബാത്റൂമിൽ പോക്ക്. അവന് ആണെങ്കിൽ കഴിക്കുകയും വേണം ഭാര്യ അറിയാനും പാടില്ല.. അതിനുള്ള പെടാപാട് ആയിരുന്നു ഇതൊക്കെ…അല്ലാതെ…
എന്ന് പറയുമ്പോൾ എല്ലാവരുടെയും മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. അവളുടെ മുഖത്താണെങ്കിൽ കനപ്പിച്ച ഒരു ഭാവവും…അവന് അപ്പോഴേ മനസ്സിലായി ഇന്ന് റൂമിന്റെ പുറത്ത് തന്നെ തലയിണക്ക് സ്ഥാനം എന്ന്….