പ്രവാസിയും നാട്ടുകാരും കൊറോണയും – രചന: എം കെ കൈപ്പിനി
എന്താ ഹംസാക്ക ആലോചിച്ച് ഇരിക്കുന്നെ…? ഇങ്ങള് പെട്ടിയൊന്നും പാക്ക് ചെയ്യുന്നില്ലേ…നാളെ അല്ലെ ഫ്‌ളൈറ്റ്…
ആ മനീഷേ…നീ ഇന്ന് നേരത്തെ വന്നോ. ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നു പോയതാടോ…
എന്താ ഇപ്പോ ഇത്ര ആലോചിക്കാൻ മാത്രം…ഹംസയുടെ കട്ടിലിലേക്ക് ഇരുന്നു കൊണ്ട് മനീഷ് ചോദിച്ചു. ഞാൻ ഓർക്കായിരുന്നു…പണ്ടൊക്കെ നാട്ടിലേക്ക് പോകുമ്പോൾ എന്തോരു സന്തോഷായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ആ ദിവസം വന്നെത്തുന്നത് വരെ ഓരോ ദിവസവും എണ്ണി എണ്ണി ഇരിക്കും. പർച്ചെയ്സിങ്ങും പെട്ടി പാക്കിങ്ങും ഒക്കെയായി എന്ത് ബഹളമായിരുന്നു. ഇന്നിപ്പോ…ഹംസയുടെ തൊണ്ടയിടറി.
ഹ എന്താ ഹംസക്ക ഇത്….ഇവിടെ നമ്മുടെ റൂമിലുള്ള എട്ടുപേരിലാർക്കെങ്കിലും എന്തെങ്കിലും വിഷമം വന്നാൽ…അവരെയൊക്കെ ആശ്വാസിപ്പിക്കുകയും ചേർത്ത് നിർത്തുകയും ചെയുന്ന ഇക്കയാണോ ഇങ്ങനെയൊക്കെ…
അതെല്ലെടാ ഞാൻ ഓരോന്ന് ആലോചിച്ച്…
ഹംസക്ക വന്നേ നമുക്ക് വാങ്ങിയ സാധനങ്ങളൊക്കെ ഒന്ന് പാക്ക് ചെയ്യാം. അതാ ഞാൻ നേരത്തെ പോന്നെ. സന്തോഷും ഉമ്മറും ഇപ്പോ വരാന്ന് പറഞ്ഞിട്ടുണ്ട്. ഹംസയും സന്തോഷും പെട്ടിപാക്ക് ചെയ്തു. അപ്പോഴേക്കും സന്തോഷും ഉമ്മറും ഫുഡ്‌മായി വന്നു. പാക്കിങ് കഴിഞ്ഞോ എന്നാ നമുക്ക് ഫുഡ് കഴിച്ചാലോ…? ഉമ്മർ പൊതി തുറന്നു.
കുഴിമന്തിയുടെ ഗന്ധം ആ കൊച്ചു മുറിയിൽ നിറഞ്ഞു. എല്ലാവരും പൊതിക്ക് ചുറ്റും വട്ടത്തിലിരുന്നു. അപ്പോഴാണ് ഹംസയുടെ വാട്സപ്പിൽ മെസ്സേജ് വന്നത്. ഹംസ വാട്സാപ്പ് തുറന്നു നാട്ടിൽ നിന്നും ഭാര്യയുടെ മെസ്സേജ് ആണ്. ഇക്കാ ഒന്ന് വിളിക്കോ അർജന്റ് ആണ്….ഉമ്മറേ ഇങ്ങള് കഴിക്ക് ഞാൻ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ…
കഴിച്ചിട്ട് വിളിക്ക ഹംസക്ക…
ഇല്ലെടാ ഇങ്ങള് കഴിക്ക്. എന്തോ അർജെന്റ് കാര്യണ്ട്. ഞാനൊന്ന് വിളിച്ചിട്ട് വരാം. ഹംസ ഫോണുമായി പുറത്തേക്കിറങ്ങി. ഹംസക്ക വരട്ടെ എന്നിട്ട് കഴിക്കാം. സന്തോഷ് പൊതി മടക്കി വെച്ചു. അല്ല സന്തോഷേ നീ എമ്പസിയിൽ രജിസ്റ്റർ ചെയ്തിട്ട് അവർ വിളിച്ചോ….? മനീഷ് ചോദ്യഭാവത്തിൽ സന്തോഷിനെ നോക്കി.
വിളിച്ചിരുന്നു മനീഷേട്ട, അവര് വെയിറ്റ് ചെയ്യാനാ പറയുന്നേ…
ഉം….എത്രയായി ഇങ്ങനെ വെയിറ്റ് ചെയുന്നു. ക്യാഷ് ഉള്ളവർ ചാർട്ടേഡ് ഫ്ളൈറ്റ് ബുക്ക് ചെയ്തു പോകുന്നുണ്ട്. രണ്ട് മൂന്ന് മാസമായി പണിയില്ലാതിരിക്കുന്ന നമ്മളെ പോലുള്ളവർ എന്ത ചെയ്യാ…ഉമ്മർ നെടുവീർപ്പിട്ടു.
നാടും വീടും വിട്ട് വീട്ടുകാരെയൊ എന്തിന് സ്വന്തം കുഞ്ഞിനെ പോലും കാണാൻ സാധിക്കാതെ നമ്മളൊക്കെ ഈ മരുഭൂമിയിൽ ജീവിതം തള്ളി നീക്കുന്നില്ലേ…ഇതു നമ്മൾ തരണം ചെയ്യും. മനീഷ് വെള്ളകുപ്പിയുടെ അടപ്പ് തുറന്നു കൊണ്ട് പറഞ്ഞു.
ഹംസക്ക പോയിട്ട് കുറെ നേരമായല്ലോ…ഞാനൊന്ന് നോക്കിയിട്ട് വരാം…സന്തോഷ് എണീറ്റ് പുറത്തേക്കിറങ്ങി. എന്ത് പണിയ ഹംസക്ക…ഞങ്ങൾ എത്ര നേരായി കത്തിരിക്കുന്നെ…കോണിപ്പടിയിൽ തലകുമ്പിട്ടിരിക്കുന്ന ഹംസയുടെ തോളിൽ തട്ടി സന്തോഷ് ചോദിച്ചു. ഹംസ തല ഉയർത്തി സന്തോഷിനെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
എന്താ ഹംസക്ക എന്തേലും പ്രശ്നമുണ്ടോ…?
വീട്ടീന്ന് സലീനയ വിളിച്ചേ…ഞാനിപ്പോ അങ്ങോട്ട് ചെല്ലണ്ടന്ന് പറഞ്ഞു.
അതിപ്പോ എന്താ ഇത്ത അങ്ങനെ പറഞ്ഞെ…
അയല്പക്കത്തെ വീട്ടുകാരിപ്പോ വീട്ടിൽ വന്നു പറഞ്ഞത്രേ…ഈ നാട്ടിൽ കൊറോണ പരത്തനാണോ ഹംസ ഇപ്പോൾ ഇങ്ങോട്ട് വരുന്നേ എന്ന്…അങ്ങനെ വന്നാൽ തന്നെ അവരെന്നെ തടയുമെത്രെ…
പിന്നെ….ഒരു വല്ല്യ നാട്ടുകാര് വന്നിരിക്കുന്നു. എന്നുമുതലാ ഇവർക്ക് ഗൾഫുകാരെ ഇഷ്ട്ടമല്ലാതെ ആയത്. പള്ളി മുതൽ അമ്പലവരെയും സ്കൂൾ മുതൽ ക്ലബ് വരെയുമുളള സകല പരിപാടികൾക്കും പ്രവാസികളായ നമ്മുടെ ചോര നീരാക്കിയ പൈസ വേണം. ഇപ്പോഴൊരു പ്രശ്നം വന്നപ്പോൾ നമ്മൾ അവർക്ക് കോവിഡ് വാഹകരായി. പോകാൻ പറ ഇക്കാ…ഇവരൊക്കെ ഇനിയും വരും പ്രവാസിയുടെ വീടും തേടി. അന്നിതിനൊക്കെ മറുപടി കൊടുക്കുന്നുണ്ട്. നന്ദി ഇല്ലാത്ത വർഗ്ഗം…സന്തോഷ് നീട്ടി ഒന്ന് തുപ്പി.
നാട്ടുകാർ പറഞ്ഞത് ഞാൻ മുഖവിലക്കെട്ത്തിട്ടില്ല സന്തോഷേ….പക്ഷെ ഇന്റെ മോൻ. ഹംസയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
മോനെന്ത് പറഞ്ഞു…?
അവൻ….അവൻ പറയ്യ ഞാൻ നാട്ടിൽ ചെന്നാൽ അവന്റെ ഫ്രണ്ട്സിന്റെ അടുത്തതൊന്നും പോവാൻ പറ്റില്ല. പിന്നെ ഉപ്പ വരുന്നതിൽ നാട്ടുകാർക്ക് ഒക്കെ മുറുമുറുപ്പുണ്ട് അതോണ്ട് ഉപ്പ വരണ്ടന്ന് അഥവാ വന്നാൽ അവൻ ആത്മാഹത്യ ചെയുന്ന്…ഹംസയിൽ നിന്നും തേങ്ങലുകൾ പുറത്ത് ചാടി.
സന്തോഷേ നിനക്കറിയോ, ഞാൻ അവനെ എങ്ങനെയാ വളർത്തിയെന്ന്. അവന്റെ ഒരു ആഗ്രഹവും ഞാൻ നടത്തി കൊടുക്കത്തിരുന്നിട്ടില്ല. അവൻ ആവിശ്യപെടുന്ന സാധനങ്ങൾ കടം വാങ്ങിയിട്ടാണേലും ഞാൻ വാങ്ങി കൊടുക്കും. അതിന് സലീന എന്നോട് എത്രയോ തവണ വഴക്ക് കൂടിയിരിക്കുന്നു. പക്ഷെ ഞാനതൊന്നും ശ്രദ്ധിക്കാറില്ല. നമ്മൾ അനുഭവിച്ച കഷ്ട്ടപാടുകൾ ഒന്നും അവൻ അനുഭവിക്കരുത് എന്ന് കരുതി. അത്രക്ക് ഇഷ്ട്ടാട എനിക്ക് അവനെ…
സാരല്ല ഹംസക്ക…അവര് കുട്ടികളല്ലേ അവർക്ക് ചിന്തിക്കാനുളള പ്രായം ആയിട്ടില്ല…ഹംസക്ക വന്നേ…നമ്മുക്ക് വഴിയുണ്ടാക്കാം. കൊറന്റൈനിൽ വീട്ടിൽ പോവണം എന്നൊന്നും ഇല്ലല്ലോ…ഗവണ്മെന്റ് അതിനുള്ള സജ്ജീകരണങ്ങളൊക്കെ ചെയ്തിട്ടില്ലേ…പിന്നെന്താ…ഇപ്പോ ഇക്ക വന്നേ…എന്നിട്ട് കഴിച്ചിട്ട് കിടക്കാൻ നോക്ക്. രാവിലെ എണീക്കേണ്ടത് അല്ലെ…
ഹംസ എണീറ്റ് റൂമിലേക്ക് നടന്നു. നെഞ്ചിൽ കത്തി കുത്തിയിറക്കിയ വേദന. മോന്റെ മുഖവും അവന്റെ വാക്കുകളും മനസ്സിൽ കിടന്നു മുഴങ്ങുന്നു. പേരിന് കഴിച്ചെന്നു വരുത്തി ഹംസ കട്ടിലിൽ കയറി കിടന്നു. ഉറക്കം വരുന്നില്ല. മോന്റെ വാക്കുകൾ ഹംസയുടെ നെഞ്ചിൽ കിടന്നെരിഞ്ഞു…ഉപ്പ വന്നാൽ ഞാൻ ആത്മഹത്യ ചെയ്യും.
************************
ടാ സന്തോഷേ….ഹംസക്കയുടെ ഫോണാ ബെല്ലടിക്കുന്നെ…അയാളിത്വരെ എണീറ്റില്ലേ നീ ഒന്ന് ഉണർത്തിക്കെ സമയം ഒരുപാടായി. സന്തോഷ് കട്ടിലിൽ നിന്നും എണീറ്റ് ഹംസക്കയെ വിളിച്ചു. ഒരു പ്രതികരണവുമില്ല.
ഹംസക്ക…സന്തോഷ് കൈ കൊണ്ട് തട്ടി വിളിച്ചു. ഹംസയുടെ ശരീരം തണുത്തുറഞ്ഞിരിക്കുന്നു. സന്തോഷിന്റെ തൊണ്ടയിൽ നിലവിളി കുരുങ്ങി. ഉമ്മറിക്ക….
എന്താടാ വിളിച്ചു കൂവുന്നേ….?
ഉമ്മറിക്ക…ഹംസക്ക…ഹംസക്ക പോയി. സന്തോഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോഴാണ് ഹംസയുടെ ഫോൺ വീണ്ടും റിങ് ചെയ്തു. സന്തോഷ് ഫോൺ കട്ട് ചെയ്തു തിരിച്ചു വിളിച്ചു.
ഹലോ…ഉപ്പ ഇങ്ങള് എന്ത് തീരുമാനിച്ചു. ഇങ്ങള് വരാനാണ് തീരുമാനമെങ്കിൽ നിങ്ങള് വരുമ്പോ എന്റെ ശവമായിരിക്കു കാണുക.
മോനെ ഞാൻ സന്തോഷ്, മോന്റെ ഉപ്പയുടെ ഫ്രണ്ട് ആണ്. മോൻ മരിക്കാൻ ഒന്നും നിൽക്കണ്ട ഉപ്പ വരില്ല. ഞാൻ കുറച്ചു കഴിഞ്ഞു മോന് വീഡിയോ കാൾ ചെയ്യാ…ഉപ്പാന്റെ കബറടക്കം ലൈവിൽ കാണിക്കാൻ…