ഒരു മാടപ്രാവിനെ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. അപ്പോൾ അവന്റെ ശ്വാസത്തിൽ പോലും…

രചന: മഹാ ദേവൻ

എന്നും വീട്ടിലേക്ക് കേറുമ്പോൾ വാതിൽക്കൽ തന്നെ ഉണ്ടാകും ഭാര്യ മണം പിടിക്കാനായി. വാർക്കപ്പണിക്കാരനായത് കൊണ്ട് വാർപ്പ് ദിവസങ്ങളിൽ എല്ലാം കോട്ട ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പൊലീസുകാരെ പോലെ ഊതിച്ചിട്ടേ വീടിലേക്ക് കയറ്റൂ.

മണം കിട്ടുന്ന ദിവസം പോരുകോഴിയെ നിൽക്കുന്ന അവൾക്ക് മുന്നിൽ “ഇന്നെങ്കിലും അല്ലേടി ഉളളൂ” എന്ന് പറയുമ്പോൾ “നിങ്ങക്കിത് കുടിച്ചിട്ട് എന്താണ് കിട്ടുന്നത് മനുഷ്യാ” എന്ന് ഒറ്റ ചോദ്യം കൊണ്ട് അവൾ ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളാൻ തുടങ്ങുമ്പോൾ അത് ഒരു കുടുംബകലഹത്തിൽ എത്താതിരിക്കാൻ മറുത്തൊന്നും പറയാതെ ഇരിക്കാരാണ് പതിവ്.

“നിങ്ങൾക്ക് വീടിനെ കുറിച്ച് വല്ല വിചാരവും ഉണ്ടോ. ഞാനിവിടെ ഒരു പെണ്ണ് ഇവിടെ ഉണ്ടെന്ന് വല്ല ബോധവും ഉണ്ടോ. ഉണ്ടെങ്കിൽ നിങ്ങളിങ്ങനെ കുടിച്ചിട്ട് വരുമോ…” എന്നൊക്ക ഉള്ള അവളുടെ ചോദ്യം കേൾക്കുമ്പോൾ ഇടക്കൊന്ന് പൊട്ടിക്കാൻ തോന്നുമെങ്കിലും ഒരു പെഗിന്റെ പേരിൽ കുടുംബകലഹം ഉണ്ടാക്കേണ്ടെന്ന് കരുതി ക്ഷമിക്കും പലപ്പോഴും.

അവളുടെ എടുത്ത് ചാടിയുള്ള സംസാരവും ഉറഞ്ഞുതുള്ളലും രാത്രി ആയതിനാൽ അയൽവാസികൾ കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കൂട്ടുകാർ നീട്ടിയാലും കഴിക്കാറില്ല. പക്ഷെ, അന്ന് വാർപ്പ് കഴിഞ്ഞതിന്റെ ക്ഷീണത്തിൽ രണ്ടെണ്ണം അടിച്ചു വീട്ടിലേക്ക് കയറുമ്പോൾ പതിവ് പോലെ തന്നെ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അവൾ മണം പിടിക്കാനായി.

വാതിൽ കടക്കുമ്പോൾ തടുത്തു നിർത്തി കണ്ണുകളിലേക്കു നോക്കി മണം പിടിക്കുന്ന അവൾക്ക് “ഇന്ന് രണ്ടെണ്ണം അടിച്ചിട്ടാ വന്നത്. മണം പിടിച്ചു വെറുതെ സമയം കളയണ്ട” എന്നും പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ പിന്നിൽ അവൾ വരുന്നുണ്ടായിരുന്നു കലി തുള്ളികൊണ്ട്….”നിങ്ങൾ എന്നാണ് ഒന്ന് നന്നാവുക. എത്ര പറഞ്ഞാലും നിങ്ങടെ തലയിൽ കേറില്ലല്ലോ, നിങ്ങടെ തന്ത കുടിച്ച് നശിച്ച പോലെ നിങ്ങളും കുടിച്ച് നശിക്കാൻ ആണ് പുറപ്പാടെങ്കിൽ…” എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞ് മുഴുവനാക്കും മുന്നേ തിരിഞ്ഞു നിന്നൊന്ന് പൊട്ടിച്ചിരുന്നു അവൻ.

കിട്ടിയ അടിയുടെ ആഘാതത്തിൽ നില തെറ്റിയ അവൾക്ക് മുന്നിൽ കലിയോടെ നിൽക്കുമ്പോൾ അവന്റെ മുഖത്തേക്കൊന്ന് നോക്കാൻ പോലും ഭയം തോന്നി. ഇത്ര കാലം അയാൾക്ക് മുന്നിൽ പലതും പറഞ്ഞിട്ടും വഴക്ക് ഇട്ടിട്ടും ഒന്നും പറയാത്ത ആൾക്ക് ഇങ്ങനെ ഒരു മുഖം ആദ്യമായി കാണുകയായിരുന്നു അവൾ.

“വേണ്ടാ വേണ്ടാന്ന് കരുതി ഒതുങ്ങുമ്പോൾ തലയിൽ കേറി ഡിസ്ക്കോഡാൻസ് കളിക്കുന്നോടി പുല്ലേ നീ…? നീ ആരാണെന്നാടി നിന്റെ വിചാരം…? ഇങ്ങനെ ഭദ്രകാളിയെ പോലെ തുള്ളാൻ. വീട്ടിൽ ഒരു പ്രശ്നം വേണ്ടെന്ന് കരുതി ക്ഷമിക്കുമ്പോൾ ഇപ്പോൾ ചത്തുപോയ എന്റെ അച്ഛനെ വരെ നീ ഇതിൽ വലിച്ചിട്ടാൽ അതും കേട്ട് മിണ്ടാതിരിക്കാൻ ഞാൻ നിന്റെ അടിമ ആണെന്ന് കരുതിയോടി.”

“എന്റെ അച്ഛൻ കുടിച്ചിരുന്നു എങ്കിൽ നിന്റെ വീട്ടിൽ നിന്ന് തന്ന സ്ത്രീധനത്തിൽ നിന്ന് എടുത്തിട്ടൊന്നും അല്ലല്ലോ….ആണോടി….?” അവന്റെ ഉറക്കെ പേടിപ്പെടുത്തുന്ന പോലെ ഉള്ള ചോദ്യത്തിന് മുന്നിൽ ഭയത്തോടെ പിറകിലോട്ട് മാറുമ്പോൾ “അല്ലെന്ന്” തലയാട്ടിപ്പറയുന്നുണ്ടായിരുന്നു അവൾ.

അത് കണ്ട് കൊണ്ട് തന്നെ പിന്നെയും അവൻ അവൾക്ക് നേരെ അടുത്തു, “പിന്നെ എന്തിനാടി ഈ പ്രശ്നത്തിലേക്ക് നീ അവരെ വലിച്ചിടുന്നത്…?”

അതൊക്ക പോട്ടെ…ഞാൻ നിനക്ക് എന്ത് കുറവാണ് ഇവിടെ വരുത്തിയിട്ടുള്ളത്…? പറ, ഉണ്ണാനില്ലേ…ഉടുക്കാനില്ലേ…നേരത്തിനു വീട്ടിൽ വരുന്നില്ലേ…നീ ആവശ്യപ്പെടുന്നതെല്ലാം നടത്തിത്തരുന്നില്ലേ…എന്നിട്ടും നീ പറയാറുണ്ടല്ലോ എനിക്ക് ഈ വീടിനോടും നിന്നോടും ഒരു സ്നേഹവും ഇല്ലെന്ന്…ഇനി എങ്ങിനെയാടി മറ്റവളെ നിന്നെ ഞാൻ സ്നേഹിക്കേണ്ടത്…?

വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ്ഗ് അടിക്കുന്നതാണോ ഇത്ര വലിയ തെറ്റ്…? അതും കഴിച്ച് വന്നിട്ട് ഈ വീട്ടിൽ ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോടി. അതിന്റ പേരിൽ നീ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അല്ലാതെ…? എന്നിട്ട് ഇനി അത് കാരണം നിന്റെ മുഖം മാറേണ്ട എന്ന് കരുതി ഉള്ളതും വേണ്ടെന്ന് വെച്ചു. എന്നിട്ടും നിന്റെ സംശയം തീർന്നോ. ഇല്ല…

ഞാനും ഒരു മനുഷ്യൻ ആണ്. എല്ലാ ആഗ്രഹങ്ങളും ഒരു സാധാരണ മനുഷ്യൻ. അത് മനസ്സിലാക്കാൻ പടിക്കണം ആദ്യം. ഇന്നലെ കുടുംബത്തിൽ സമാധാനം ഉണ്ടാകൂ. അല്ലാതെ ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നും പറഞ്ഞ് ഇരിക്കരുത്. ഇത് എന്റെ കുടുംബം ആണ്. അത് മാന്യമായി കൊടുപോകാൻ എനിക്ക് അറിയാം.

നിന്നെ ഒരു കാര്യത്തിലും ഞാൻ ഭരിക്കാൻ വരാറില്ല. നിന്റെ ഇഷ്ട്ടങ്ങളെ അംഗീകരിച്ചും സാധിച്ചും കൂടെ നിന്നിട്ടേ ഉളളൂ. എന്നിട്ടും നീ ഇനിയും ഉറഞ്ഞുതുള്ളാൻ ആണ് ഭാവാണെങ്കിൽ നീ ഇനി അറിയും ഞാൻ ആരാണെന്ന്. അതല്ല, ഇതിന്റെ പേരിൽ നാളെ പെട്ടിയും തൂക്കി പോകാനാണ് ഉദ്ദേശം എങ്കിൽ അത് വഴി അങ്ങ് പൊക്കോണം. ഞാൻ വിളിക്കാൻ വരും എന്ന് കരുതണ്ട. കേട്ടോടി….

എന്നും പറഞ്ഞ് രൂക്ഷമായി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അത് വരെ അവളിൽ ഉണ്ടായിരുന്ന ധൈര്യം മുഴുവൻ ആവിയായി പോയിരുന്നു. അവന്റെ ദേഷ്യത്തിന് മുന്നിൽ ഒരു പൂച്ചക്കുട്ടിയെ പോലെ ഒതുങ്ങി നിന്ന് എല്ലാം മനസ്സിലായെന്ന ഭാവത്തിൽ തലയാട്ടുന്ന അവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കുമ്പോൾ അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.

പതിയെ കരഞ്ഞുകൊണ്ട് നിൽക്കുന്ന അവൾക്കരികിലെത്തി ആ തടിയിൽ പിടിച്ചുയർത്തുമ്പോൾ അവൻ ചിരിയോടെ പറയുന്നുണ്ടായിരുന്നു….”സാരമില്ല. നീ ഇതൊക്കെ എന്നെ കൊണ്ട് പറയിപ്പിച്ചതല്ലേ. ഞാൻ ഒതുങ്ങുംതോറും നീ എന്റെ തലയിൽ കേറാൻ നിൽകുമ്പോൾ ഒന്ന് ഓർക്കണ്ടേ ഞാൻ നിന്റെ ഭർത്താവാണ് എന്ന്. അതുകൊണ്ട് ഇപ്പോൾ കഴിഞ്ഞതെല്ലാം ഓർമ്മയിൽ വെച്ചുകൊണ്ട് പിണക്കം ഒന്നും കാണിക്കാതെ നീ പോയി ചോറ് എടുത്തു വെക്ക്, ഞാൻ പോയി കുളിച്ചിട്ട് വരാം….”

പിന്നെ ഒരു കാര്യം. നീ പലതും പറയുമ്പോൾ ഞാൻ മിണ്ടാതിരുന്നത് രണ്ട് കയ്യും കൂട്ടിയടിച്ചാലേ ശബ്ദം ഉണ്ടാകുള്ളൂ എന്ന് അറിയാവുന്നത് കൊണ്ടാണ്. എന്റെ കുടുംബം എന്ന ബോധം ഉള്ളത് കൊണ്ട്. അതുകൊണ്ട് തന്നെ അത് ഓർക്കാതെ ഞാൻ ഒന്നും ചെയ്യില്ല. അത് എന്റെ വാക്കാണ്…അതുകൊണ്ട് ഭരണം വേണ്ട നമുക്ക്. സ്നേഹം മാത്രം മതി…

എന്നും പറഞ്ഞവളെ ചേർത്തുപിടിക്കുമ്പോൾ ഒരു മാടപ്രാവിനെ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. അപ്പൊൾ അവന്റെ ശ്വാസത്തിൽ പോലും നിറഞ്ഞ് നിൽക്കുന്ന മദ്യത്തിന്റ മണം അവളുടെ മൂക്കിലേക്ക് കയറുന്നുണ്ടായിരുന്നു, ഭർത്താവിന്റെ ഹൃദയം നിറഞ്ഞ സ്നേഹം പോലെ…..