ഇനിയെങ്കിലും നിന്നെ പ്രണയിച്ചു നിന്റെ സ്നേഹം അനുഭവിച്ചു അതിൽ മുങ്ങിതാഴണം

അർദ്ധോക്തി – രചന : ഫസീന അൻസാർ

ഒടുവിലവൾ തീരുമാനിച്ചു തന്റെ പ്രണയം അവനോട് തുറന്നുപറയുവാൻ. വരും വരായ്കളെ കുറിച്ച് ചിന്തിച്ച്…അച്ഛനെ ഭയന്ന്…കുടുംബത്തിന്റെ സൽപേരോർത്ത്.. ഒരുപാട് വൈകി, ഇനിയുമത് വയ്യ. എന്ത് തന്നെ സംഭവിച്ചാലും ശരി ഇന്ന് ഞാനത് പറഞ്ഞിരിക്കും. അതൊരു ഉറച്ച തീരുമാനമായിരുന്നൂ.

വൈകിട്ട് പതിവുപോലെ വാകമരച്ചുവട്ടിലെ ആ ചാരുബെഞ്ചിൽ അവനെന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ഇത്രമേൽ സുന്ദരമായിരുന്നു ഈ സ്ഥലം എന്ന് ഞാൻ ഇന്നാണ് തിരിച്ചറിഞ്ഞത് (അല്ലെങ്കിലും പ്രണയം മോട്ടിട്ടാൽ കാണുന്നതെല്ലാം സ്വർഗം ആകും അല്ലോ ).

നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാതെ, വണ്ടികളുടെ ഹോണടി ശബ്ദമില്ലാതെ, കമ്പനികൾ പുകച്ചു തുപ്പുന്ന വിഷപ്പുകയില്ലാതെ…ശാന്തമായ… സുന്ദരമായ…ഒരിടം, അവനേറെ പ്രിയപ്പെട്ട സ്ഥലം. പണ്ടും അവ്നിങ്ങാനാർന്നു, കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ള ശീലമാണ്…മനസ്സിന്റെ സ്വസ്ഥത നഷ്ടമാകുമ്പോൾ ആരോടും പറയാതെ കൂട്ടുകാരെയൊന്നും കൂട്ടാതെ വരുൺ ഇങ്ങോട്ടോടിയെത്തുമായിരുന്നു.

ഇങ്ങിനെ തനിയെ മുങ്ങുന്നതെങ്ങോട്ടാണെന്നറിയാൻ അന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഇടയ്ക്കിടെ ചോദിച്ചിരുന്നത് കൊണ്ടാവാം ഒരിക്കൽ അവൻ പോന്നപ്പോൾ എന്നെയും കൂടേ കൂട്ടി. അന്നാണ് ആദ്യമായി തന്റെയുള്ളിലെ പ്രണയം അവനെന്നോട് തുറന്ന് പറഞ്ഞത്. വല്ലാത്തൊരവസ്ഥയിലായിപ്പോയി അന്നു ഞാൻ..ഒന്നും മിണ്ടാനാവാതെ മരവിച്ചു നിന്നു പോയി.

ആകെ കോരിത്തരിച്ച് വേറെ ഏതോ ലോകത്തെത്തപ്പെട്ടപോലെ. ഒരായിരം വട്ടം കേൾക്കാൻ കൊതിച്ച വാക്കുകൾ…പക്ഷേ….പെട്ടെന്ന് കേട്ടപ്പോൾ കാതുകൾക്ക് വിശ്വസിക്കാൻ ആയില്ല. അന്നുതൊട്ടിന്നുവരെ ഒരു മറുപടി ഞാനവന് കൊടുത്തിട്ടില്ല. പിന്നീടൊരിക്കെ ജോലി കിട്ടിയപ്പോൾ വരുൺ ഈ കാര്യം ആവർത്തിച്ചിരുന്നു, അന്നും അതേ മൌനം തന്നെയായിരുന്നു എന്റെ മറുപടി.

എന്നിൽ നിന്നും ഒരുത്തരവും കിട്ടാതായപ്പോഴാകാം പിന്നീടത്തെക്കുറിച്ചൊന്നും അവൻ ചോദിക്കാതായി. ഒരു പക്ഷെ, എന്നെങ്കിലും ഞാൻ എന്റെ സമ്മതം അറിയിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നതാകാം. അതിനുത്തരം ആണല്ലോ ഇന്നു പറയാൻ പോകുന്നെ എന്നോർത്തപ്പോൾ ഉള്ളിലൊരു കുളിർ.

(എന്നിരുന്നാലും വാരാന്ത്യങ്ങളിലെ സായാഹ്നത്തിലുള്ള ഈ കൂടിക്കാഴ്ചകൾക്കു മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല ഇന്നുവരെ).

ഉദ്യാനത്തിലെ പ്രധാന കവാടം കടന്ന് ഇടത്തോട്ടുള്ള നടവഴിയിലൂടെ ഞാൻ നടന്നു. ഇരു വശങ്ങളിലെയും വാകമരങ്ങൾ പൂത്തുലഞ്ഞു നില്പുണ്ടായിരുന്നു. വെള്ളാരം കല്ലുകൾ പാകിയ വഴിയിൽ ചെറിയ വഴുക്കലുണ്ടാർന്നു. നിറയെ ഇലകളും പൂക്കളും നനഞ്ഞു കുതിർന്നു കിടപ്പുണ്ടായിരുന്നു, ഇന്നലത്തെ മഴയിൽ പൊഴിഞ്ഞതാവാം അവ.

ഇപ്പോൾ കാതിൽ പെരിയാറിന്റെ ഓളങ്ങൾ കേൾക്കാം. അവനെപ്പോഴും ഇവിടെയേ ഇരിക്കൂ…ഒരു ഭാരവും ഉള്ളിലേറ്റാതെ നിഷ്കളങ്കമായി ഒഴുകുന്ന പെരിയാറിനെ നോക്കിയിരിക്കാൻ അവനേറെയിഷ്ടമാർന്നു. മനുഷ്യരും അങ്ങിനായിരുന്നെങ്കിൽ എന്ന് അവനിടക്കിടെ പറയുമായിരുന്നു, എന്തിനാണ് ഈ ജാതിയുടെ മറ തീർക്കുന്നതെന്നു പലപ്പോഴും ചോദിച്ചിട്ടുണ്ട്.

ഞാൻ മെല്ലെ അവനരികെ ചെന്നിരുന്നു. ശാന്തമായി പുഴയിലേക്ക് കണ്ണും നട്ടിരിക്കയായിരുന്നു അവൻ. പൂർണമായും അതിൽ ലയിച്ചിട്ടെന്നപോലെ. എന്റെ സാമീപ്യം പോലും അവനറിഞ്ഞോ എന്നെനിക്ക് സംശയം തോന്നി.

‘വരുൺ’

ഞാൻ പതിയെ വിളിച്ചു, അവൻ ഒന്നനങ്ങിയ പോലെ. വീണ്ടും മൗനം അലതല്ലി. ഒടുവിൽ ഞാൻ തന്നെ മൗനത്തെ ഭേദിച്ചു.

”വരുൺ ഒടുവിൽ ഞാനൊരു തീരുമാനത്തിലെത്തി. അല്ല….നഗ്നമായ ആ സത്യം ഞാൻ മനസ്സിലാക്കി എന്നതാണ് സത്യം. നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാനാവില്ലെന്ന സത്യം”.

അച്ഛനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം. ചിലപ്പോൾ അഗ്രഹാരത്തിൽ നിന്നെന്നെ പുറത്താക്കുമായിരിക്കും. അതൊന്നും എനിക്കിനി പ്രശ്നമല്ല, നിന്റെ കൂടെ എവ്ടെയാണേലും അതെനിക്ക് സ്വർഗമാണ്. ഇനിയെങ്കിലും നിന്നെ പ്രണയിച്ചു നിന്റെ സ്നേഹം അനുഭവിച്ചു അതിൽ മുങ്ങിതാഴണം. എന്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസം വരെ നിന്നെയും… നിന്റെ മക്കളെ പ്രസവിച്ച് അവരെയും സ്നേഹിച്ച്.. നിന്റേത് മാത്രമായി ജീവിക്കണമെന്നാണെന്റെ ആഗ്രഹം.

അവനിൽ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല, കേട്ടത് വിശ്വസിക്കാൻ ആകാത്തതുകൊണ്ടാവുമോ. ഞാൻ കണ്ണുയർത്തി അവനെ നോക്കി, അതേ ഇരിപ്പു തന്നെ. മെല്ലെ അവന്റെ തോളത്തു തട്ടി വിളിച്ചു.

“വരുൺ “

അവൻ എന്റെ മടിയിലേക്ക് ഊർന്നു വീണു, അവന്റെ ശരീരം തണുത്തു വിറങ്ങലിച്ചിട്ടുണ്ടാർന്നു…അപ്പോഴും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി മായാതെ അങ്ങിനെ തന്നെയുണ്ടായിരുന്നു. ഒരു ജീവിതയുഷ്കാലം മുഴുവൻ അവൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ….അവ കേൾക്കാൻ അവന്റെ കാതുകൾ എന്റെ മടിയിൽ ഉണ്ടായിരുന്നു…പക്ഷേ…

ആ വാക്കുകൾ കേൾക്കാൻ കഴിയാത്തത്ര ദൂരത്തേക്ക് അവൻ യാത്രയായി കഴിഞ്ഞിരുന്നു….എന്നെന്നേക്കുമായി.