രചന: അഞ്‌ജലി മോഹൻ
എന്നിലെ ഭാര്യയ്ക്ക് എന്തായിരുന്നു കുഴപ്പം…? കയ്യിൽ നിന്നും ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണവും വാങ്ങി അദ്ദേഹം ഇറങ്ങുമ്പോ വെറുതെയെങ്കിലും കൊതിച്ചുപോയി ചേർത്തുപിടിച്ചൊരു നനുത്ത മുത്തം. പതിനാല് വർഷമായുള്ള അടങ്ങാത്ത കൊതി.
എന്നത്തേയും പോലെ മാറ്റങ്ങളേതുമില്ലാത്ത ദിനം. വീടടിച്ചും തുടച്ചും പാത്രം കഴുകിയും അലക്കിയും വന്നപ്പോഴേക്കും ക്ഷീണിച്ചുപോയിരുന്നു. രണ്ട് വറ്റ് ചോറ് കഴിക്കണമെന്ന് വയറ് ആശിച്ചെങ്കിലും ക്ഷീണം ശരീരത്തെ കിടക്കയിൽ തളച്ചിട്ടു. കണ്ണ് തുറന്നപ്പോഴേക്കും വിശപ്പ് മരവിച്ചും പോയി. ഉമ്മറത്തെ കതക് തുറന്ന് മുറ്റത്തേക്കിറങ്ങി. മൂലയിലായി ഒതുക്കിവച്ച കുറ്റിചൂലെടുത്ത് ചുറ്റുപാടും അടിച്ചുവാരി കഴിഞ്ഞപ്പോഴേക്കും കിതപ്പടക്കാൻ ആയില്ല ശ്വാസം തൊണ്ടയിൽ കുടുങ്ങിയതുപോലെ ചുമരിലേക്ക് ചാരിനിന്ന് ശ്വാസത്തെ ആഞ്ഞെടുക്കാൻ ഒരു ശ്രമം നടത്തി. വെറുതെ…
സാരി തുമ്പ് നീക്കി വയറിനരികിലായി തിരുകി വച്ച ഇൻഹേലർ എടുത്ത് വായിലേക്ക് തിരുകി പിന്നിൽ നിന്നും അമർത്തി. മരുന്നിന്റെ ചുവ വായയ്ക്കുള്ളിൽ നിറഞ്ഞു. ആശ്വാസം പോലെ…ജീവൻ തിരികെ കിട്ടിയതുപോലെ…ചുമരിൽ കൈവച്ച് ഉമ്മറത്തെ പടിയിലേക്കിരുന്നു.
“എല്ലാവർക്കും വായുവെങ്കിലും വെറുതെ കിട്ടും നിനക്കൊക്കെ അതും പൈസ കൊടുത്ത് വാങ്ങി തരണമല്ലോ…” പതിവായി കേൾക്കാറുള്ളത്…എന്നും ശ്വാസത്തിനായി പിടയുമ്പോൾ ആ വാക്കുകൾ തലയിലൂടെ നിലകിട്ടാത്തതുപോലെ പാഞ്ഞോടും.
ചുമരിൽ ചാരി വേലിക്കലേക്ക് തന്നെ നോക്കിയിരുന്നു. വരാറായിരിക്കുന്നു കണ്ണ് അദ്ദേഹത്തെമാത്രം തിരഞ്ഞുകൊണ്ടിരുന്നു. ദൂരത്ത് ഒരു പൊട്ട് പോലെ ആ രൂപം. എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് ഓടി അടുപ്പ് കൂട്ടി ചായയ്ക്കുള്ള വെള്ളം വച്ചു. ഊതിയിട്ടും ഊതിയിട്ടും തീ പിടിക്കാത്ത തണുത്ത വിറക്…..അടുത്ത വീടുകളിൽ ഗ്യാസ് അടുപ്പുകൾ കണ്ടപ്പോൾ ഒരിക്കൽപോലും സങ്കടം തോന്നിയില്ല. ശ്വാസം പോലും വിലയ്ക്ക് വാങ്ങിത്തരുന്നവൻ. അവന് ശ്വാസം കൊണ്ട് തന്നെ അന്നം വിളമ്പി കൊടുക്കാൻ കൊതിയായിരുന്നു. ആഞ്ഞൂതിയപ്പോൾ കത്തിജ്വലിച്ച തീയോട് പോലും പ്രണയം തോന്നി…..
തിള വന്ന വെള്ളത്തിലും പകർന്ന ചായപൊടിയിലും ഇട്ടുകലക്കിയ പഞ്ചാരയിൽ പോലും പ്രണയമായിരുന്നു. വർഷങ്ങളായി പ്രണയം മാത്രം കൊടുക്കുന്ന ഒരുവൾ….ചായപകർന്ന ഗ്ലാസ് സാരിത്തുമ്പ് കൊണ്ട് തുടച്ചുവൃത്തിയാക്കി അരികിലേക്ക് നടന്നു. പതിവുപോലെ എണ്ണപലഹാരം പൊതിഞ്ഞ പത്ര കടലാസ്സുണ്ട് കൈകളിൽ…ചായ കസേരയുടെ പരന്ന കയ്യിലേക്ക് വച്ചു.
“ചൂടുണ്ട്….” കേട്ടിട്ടുണ്ടാവുമോന്ന് പോലും സംശയം അത്രയും മെല്ലെ….പൊതി തുറന്നു അത്ഭുതം ഒന്നും സംഭവിച്ചില്ല എന്നത്തേയും പോലെ ഒരേയൊരു പരിപ്പുവട. സ്വാദോടെ കഴിക്കുന്നുണ്ട്….എന്നും വെറുതെ ‘വെറുതെ’ മനസ്സ് മോഹിക്കും ഇന്നാ പൊതിക്കുള്ളിൽ തനിക്കുമൊരു കുഞ്ഞു പരിപ്പുവട ഉണ്ടാകുമെന്ന്…പിന്നെയും ഒരു പ്രതീക്ഷ കൂടിയുണ്ട് തിന്ന് കഴിയുന്നത് വരെയും അതിന് ആയുസ്സുണ്ടാകും. കഴിക്കുന്നതിൽ നിന്നുമൊരു ചെറുകഷ്ണം…
അതിനായി ചുമരിൽ ചാരി നോക്കി നിൽക്കും അവസാന കഷ്ണം ചവച്ചരച്ച് തൊണ്ടയ്ക്കുള്ളിലൂടെ ഇറങ്ങി പോകുന്നതുവരെയും മോഹിക്കും. അത് ഇറക്കുമ്പോ തൊണ്ടക്കുഴിയിൽ കാണുന്ന ഇളക്കം വായിൽ പരിപ്പുവടയുടെ രുചി നിറയ്ക്കും. ഒരു വാക്ക് പോലും പറയാതെ പുറത്തേക്ക് ഇറങ്ങും പീടിക വരാന്തയിൽ കൂട്ടുകാരോടൊപ്പം സൊറ പറയാൻ….തിരികെ വരുന്നത് വരെ ഇരുട്ടുന്നത് വരെ തനിയെ ഒരു കാത്തിരുപ്പ്….
വീണ്ടും വീണ്ടും എന്നും മോഹിക്കും കുറച്ചുനേരം ഇരുട്ടിൽ വരാന്തയിൽ ആാാ തോളിൽ തലചേർത്ത് വിരലുകളിൽ കൈകോർത്തു പിടിച്ച് പ്രണയിക്കാൻ…പതിനാല് വർഷമായുള്ള മോഹം…”വിശക്കുന്നു കഴിക്കാൻ എന്തേലും ഉണ്ടാക്കി വച്ചിട്ടുണ്ടേൽ എടുക്ക്…” തന്നോടായി മൂന്ന് നേരവും പറയുന്ന ഒരേ ഒരു വാക്ക്. അത് കേൾക്കാൻ വേണ്ടി മാത്രം നേരം വെളുക്കാനും ഉച്ചയാകാനും ഇരുട്ട് വരാനും കൊതിക്കാറുണ്ട്.
ചോറിൽ പുഴപോലെ കറിയൊഴിച്ച് അളുമ്പി ഉരുട്ടി കഴിക്കുന്നത് കാണുമ്പോപോലും ഒരുരുള ചോറിനായി മനസ്സ് തുടിക്കും. കഴിച്ച് കഴിഞ്ഞ് വിരലുകൾ ഈമ്പി വലിക്കുമ്പോഴും കഴിക്കാൻ കിട്ടാത്തവളെ പോലെ ആാാ വിരലൊന്ന് നുണയാൻ കൊതി വരും. കൈകഴുകുമ്പോൾ…അപ്പോൾ മാത്രം തന്നിലേക്ക് ഒരു നോട്ടം വന്ന് പതിയും ശരീരത്തെ ചൂഴ്ന്ന് നോക്കികൊണ്ടുള്ളൊരു നോട്ടം. ആാാ നോട്ടത്തിൽ പ്രണയത്തെ തേടികൊണ്ട് ഒരു യാത്രയുണ്ട്. കിതച്ചുകൊണ്ട് ശരീരത്തെ തള്ളിമാറ്റി തിരിഞ്ഞു കിടക്കുന്നതുവരെയും പ്രണയത്തെ ഭ്രാന്തമായി തേടും…
“നേരാ വണ്ണം ഒന്ന് നിശ്വസിക്കാൻ പോലും കഴിവില്ലാത്തത്….”
അത് കേൾക്കുമ്പോൾ എന്നും രാത്രിയിൽ കണ്ണ് നിറഞ്ഞൊഴുകും…പ്രണയത്തിൽ നിന്ന് ഉടലെടുത്ത സങ്കടത്തോടെ….എങ്കിലും തോൽക്കാൻ തയ്യാറല്ലാത്തവളെ പോലെ പിന്നെയും പിന്നിലൂടെ ചുറ്റി പിണഞ്ഞു കിടക്കും. ചില ദിവസങ്ങളിൽ ചൂട് പറ്റി അനങ്ങാതെ കിടക്കും ചില ദിവസങ്ങളിൽ ഒരിക്കൽ കൂടി വികാരങ്ങളെ ഉണർത്തും. ചില ദിവസങ്ങളിൽ ഒരു തട്ടിമാറ്റലുണ്ട് വെറുപ്പോടെ അറപ്പോടെ മടുപ്പോടെ….അന്ന് മാത്രം ഹൃദയം ഉറക്കെ നിലവിളിക്കും.
പിന്നത്തെ പുലരിയിലും പ്രണയം തീവ്രതയോടെ പൂക്കും. തീപിടിക്കാത്ത തണുത്ത വിറകിൽ ഊതിയും ചിരട്ടപെട്ടിയിൽ ഷർട്ട് ഇസ്തിരിയിട്ട് കൊടുത്തും ആാാ പ്രണയം ആവുവോളം പകർന്നു കൊടുക്കും. മാറ്റങ്ങളേതുമില്ലാതെ മോഹങ്ങളും കൊണ്ട് പുതിയ പുതിയ ഓരോരോ ദിവസങ്ങൾ…ഇടയ്ക്കിടെ പരിഭവം വിടരും…
പൊട്ടിയ കണ്ണാടിക്കുമുൻപിൽ ചെന്ന് നിന്ന് കറുത്ത കരി വാരി കണ്ണിൽ തേയ്ക്കും ബീറ്ററൂട്ടിന്റെ കഷ്ണം കൊണ്ട് ചുണ്ട് ചുവപ്പിക്കും സിന്ദൂരം കൊണ്ട് വട്ട പൊട്ടും. കുറേനേരം തന്റെ ശരീരത്തിലെ ഉയർച്ച താഴ്ചകളെ നോക്കി നിൽക്കും. വസ്ത്രങ്ങൾ ഊരി വലിച്ചെറിഞ്ഞ് ശരീരത്തിന്റെ മിനുസത്തിൽ ഒന്ന് വിരലോടിക്കും. ഒരു കുറവും കാണാൻ കഴിയുന്നില്ല. പിന്നെന്ത് കൊണ്ട് തന്നെ അദ്ദേഹം കാണുന്നില്ല.
ഉള്ളിലെ നീറുന്ന പ്രണയം കണ്ണിനെ നനയിക്കും. ശരീരം ചുറ്റിപിണയുമ്പോൾ എപ്പോഴൊക്കെയോ തന്റെ കിട്ടാത്ത ശ്വാസം അദ്ദേഹത്തെ മടുപ്പിക്കാറുണ്ട്. ഇൻഹേലറിലൂടെ അത് നേടിയെടുത്തത് കഴിഞ്ഞാൽ അവസാനം വരെയും മടുപ്പോടെ ഉള്ള ഒരു നോട്ടമുണ്ട്. അപ്പോഴും തന്നിൽ പ്രണയം മാത്രമായിരുന്നു. മടുപ്പിന്റെ മുഖത്തും താൻ തേടിയത് പ്രണയം തന്നെ…
“ഛീ എഴുന്നേറ്റ് പോടീ…മനുഷ്യനെ മടുപ്പിക്കാൻ ഓരോ ജന്മങ്ങൾ. കുറെ മുൻപും പിൻപും ഉണ്ടായാൽ പോര ആണിന് ഉപകാരപ്പെടണം. ചത്ത് തുലഞ്ഞിരുന്നെങ്കിൽ വേറെ നല്ലതിനെ കെട്ടാമായിരുന്നു…”
കിട്ടാത്ത ശ്വാസം ഒരിക്കൽക്കൂടി തന്റെ പ്രണയത്തെ തോൽപിച്ചു. പിറ്റേന്നത്തെ പുലരി അതുവരെ ഉണ്ടായിരുന്നതുപോലെ ഒന്നല്ല. ആവേശമായിരുന്നു പണികൾ ചെയ്ത് തീർക്കാൻ അതിനുമുൻപായി ഇൻഹേലർ അലമാരയ്ക്കുള്ളിലെ വലിപ്പിൽ വച്ച് അടച്ചുപൂട്ടി ചാവി കിണറിലായി കൊണ്ടിടുമ്പോൾ മുഖത്തൊരു ചിരിയുണ്ടായിരുന്നു.
തൊടിയടിച്ച് തീയിട്ടും മച്ച് വൃത്തിയാക്കിയും കഴിഞ്ഞപ്പോഴേക്കും ശ്വാസത്തിന് വേണ്ടി പിടയാൻ തുടങ്ങി. കുറേനേരം പിടയുന്ന ശ്വാസത്തിലും ചിരിമാത്രമായിരുന്നു. എപ്പഴോ ആ ചിരി മായുന്നതുപോലെ ശ്വാസത്തിനായുള്ള പരാക്രമം…മരണം….
അലമാര തുറന്ന് വലിപ്പ് തുറക്കാൻ വെപ്രാളപ്പെട്ടു….ഇല്ല സാധിക്കുന്നില്ല…അദ്ദേഹത്തിന്റെ മുഖം കണ്മുന്നിൽ മിഴിവോടെ കണ്ടു. കാലത്ത് ഇറങ്ങുമ്പോഴുള്ള മുത്തം, വൈകീട്ട് വരുമ്പോൾ മുറിച്ചു വായിൽ വച്ചുതരുന്ന പരിപ്പുവട, രാത്രിയിലെ ഇരുട്ടിൽ വരാന്തയിൽ ചേർന്നിരുന്നുള്ള പ്രണയനിമിഷം, ഊണ് മേശയിലെ അളുമ്പിയ ഒരുരുള ചോറ്, ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിലെ അദ്ദേഹത്തിന്റെ കരുത്തും മണവും…ജീവിക്കാൻ…ഇനിയും ഇനിയും മോഹിക്കാൻ കൊതി തോന്നി.
എങ്ങനെയൊക്കെയോ കിണറ്റുകരയിൽ ചെന്ന് വെള്ളത്തിലേക്ക് എത്തി നോക്കി. വെള്ളി നിറത്തിൽ ഒരു തിളക്കം പോലെ ചിലപ്പോ ജീവിക്കാനുള്ള കൊതികൊണ്ടുള്ള തോന്നലാവാം മറ്റൊന്നും ഓർത്തില്ല ആഴങ്ങളിലേക്ക് എടുത്ത്‍ ചാടി തന്റെ മോഹങ്ങളെ വീണ്ടും മോഹിക്കാൻ….തോറ്റുപോയവൾ…..പ്രണയത്തെപോലും തോല്പിച്ചവൾ…..
ചുവന്നപട്ടിൽ വൃത്തിക്ക് ഞൊറിഞ്ഞുടുത്ത സാരിയും, കയ്യിൽ ഈരണ്ട് സ്വർണവളയും ഇട്ട പുതിയ ഒരുവൾ പടികൾ കയറി…”ശ്വാസം പോലും വിലയ്ക്ക് വാങ്ങി കൊടുത്തവൾ കൊണ്ട് നടന്ന വീടാ…ഇത്രയൊക്കെയേ വൃത്തികാണൂ….ഇനി താൻ വേണം എല്ലാം ഭംഗിയായി നോക്കാൻ….” അപ്പോഴും പുച്ഛം മാത്രം…
“വീട് നല്ല വൃത്തിയുണ്ടല്ലോ മോഹൻ….” പറഞ്ഞുകൊണ്ട് ആ മുഖത്തേക്ക് നോക്കി. “പുച്ഛം. അപ്പോഴും പുച്ഛം മാത്രം ശ്വാസം കൊണ്ട് മോഹങ്ങൾ കൊണ്ട് പരിഭവങ്ങളില്ലാതെ സ്നേഹിച്ചവളോടുള്ള പുച്ഛം…”