ഓൺലൈൻപ്രണയം – രചന: നബില റിയാസ്
സമയം ഏറെ വൈകിയിട്ടും ഇന്നെനിക്ക്
ഒരു പോള കണ്ണടയ്ക്കാനാവുന്നില്ല. മനസ് അകെ അസ്വസ്ഥമാണ്. ചിന്തകൾക്ക് ഭാരം കൂടിയിരിക്കുന്നു. ഓഫീസിലെ പെന്റിങ് വർക്കുകൾ, വീട്ടിലെ പ്രോബ്ലെംസ്…എല്ലാം കൂടി ഓർക്കുമ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ. ടെൻഷൻ കൊണ്ട് തല പൊട്ടി പോവുമെന്നു പോലും തോന്നി പോയി. എങ്ങിനെയെങ്കിലും ഒന്നുറങ്ങണം. രാവിലെ ഓഫീസിൽ പോവാനുള്ളതാണ്.
മേശയുടെ മുകളിൽ ഇരിക്കുന്ന വിക്സ് എടുത്തു നെറ്റിയിൽ പുരട്ടിയപ്പോൾ ചെറിയൊരാശ്വാസം തോന്നി. ഒപ്പം ഒരു പെനഡോളും അടിച്ചു. പതുക്കെ കണ്ണുകളടച്ചു കിടന്നു. മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അവളുടെ മുഖമാണ്. ഇന്നവൾ ഈ ലോകത്തില്ല. അവൾ പോയതിൽ പിന്നെ എനിക്കവളെ ഓർക്കാൻ ഒത്തിരി നേരമുണ്ട്. ജീവനോടുണ്ടായിരുന്നപ്പോൾ നല്കിയതത്രയും കണ്ണീരു മാത്രമായിരുന്നു.
അതെ അവളാണ് എന്റെ ആയിഷ…എന്റെ മാത്രം “പരാതി പെട്ടി.”
തന്നെ ഈ ലോകത്ത് മറ്റാരേക്കാളും കൂടുതൽ സ്നേഹിച്ചവൾ. ഫേസ്ബുക് വഴി സുഹൃത്തായി മാറിയവളാണ്. വലിയ കണ്ണുകളും നീണ്ട മൂക്കുമുള്ള കൊച്ചു സുന്ദരി. വാശിയും കുറുമ്പും ദേഷ്യവും ഒത്തിരി ഉള്ളവൾ. അതിലേറെ സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ…
എന്നും രാവിലെ ഓരോ പരാതികളുമായി അവളെന്നെ തേടി വരും. ഡാ പട്ടീ…നീയെന്തിനാ ആ പെണ്ണിന് അങ്ങിനെ കമന്റിട്ടത്…നീയെന്തിനാ ഇന്നെന്റെ സുഹൃത്തിനോട് ഇങ്ങിനെ പറഞ്ഞ് ചാറ്റ് ചെയ്തത്. നിനക്ക് ഈ തിരക്കിനിടയിലും അതിനൊക്കെ നേരമുണ്ടല്ലേ…എന്നോടൊന്നു മിണ്ടാൻ മാത്രം ഇവിടാർക്കും നേരമില്ല…അങ്ങിനെ തുടങ്ങും അവളുടെ പരാതിയുടെ നീണ്ട ലിസ്റ്റ്. ഇത് കൊണ്ടൊക്കെ തന്നെയാണ് ഞാനവൾക്ക് പരാതി പെട്ടി എന്ന് പേരിട്ടതും.
ഇതിനൊക്കെ പലപ്പോഴും ഞാനവളെ കളിയാക്കി വിടാറാണ് പതിവ്. ചിലപ്പോ ദേഷ്യം പിടിച്ചു വഴക്കുണ്ടാക്കി പോവും. ഫ്രണ്ട്ലിസ്റ്റിൽ വന്നതു മുതൽ ഒരു വർഷത്തിലേറെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. പിന്നീടെപ്പഴോ രണ്ട് പേർക്കുമിടയിലേക്ക് ഒരിഷ്ടം കടന്നു വരികയായിരുന്നു. ഞാനവളോട് എന്റെ ഇഷ്ട്ടം അറിയിച്ചപ്പോഴും മൗനത്തിലൂടെ അവൾ സമ്മതമറിയിക്കുകയായിരുന്നു.
അവൾക്ക് ഞാനെന്നാൽ ജീവനായിരുന്നു. അവളുടെ ലോകം തന്നെ ഞാനായിരുന്നു. ഒരു ദിവസം ഞാനൊന്നു മിണ്ടിയില്ലേൽ, ഒരു മെസ്സേജ്ലൂടെയെങ്കിലും എന്റെ ചുംബനങ്ങളില്ലാത്ത രാത്രി അവൾക്ക് ഉറക്കം നഷ്ട്ടപെട്ടവയായിരിക്കും. അത്രയ്ക്ക് പാവമായിരുന്നവൾ. വെറുമൊരു തൊട്ടാവാടി. വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ ഒരുപാടടുത്തിരുന്നു.
ഒരു ഭാര്യ ഭർതൃ ബന്ധം പോലെ സങ്കടമായാലും സന്തോഷമായാലും മറ്റെന്താണെങ്കിലും ഒരു മടിയുമില്ലാതെ പരസ്പരം പങ്കു വെയ്ക്കുന്നിടം. എനിക്കൊരു ചെറിയ പനി വന്നാൽ പോലും അവൾക്കത് സഹിക്കില്ല. അപ്പോഴൊക്കെ അവളെനിക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നെന്നു ഞാൻ തന്നെ അവളോട് പറയാറുണ്ട്. എന്നും പടച്ചോന് മുമ്പിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവൾ. എന്നിട്ടും അറിഞ്ഞും അറിയാതെയും ചിലപ്പോഴൊക്കെ ഞാനവളെ അവഗണിച്ചു.
എന്റെ ചെറിയൊരകൽച്ചപോലും അവൾക്ക് സഹിക്കാവുന്നതായിരുന്നില്ല. ആയിടയ്ക്കാണ് സുഹൃത്തിന്റെ ചില പ്രോബ്ലെംസിൽപെട്ട് ഞാൻ വല്ലാതെ തിരക്കിലാവുന്നത്. അതിനിടയിൽ ചിലപ്പോഴൊക്കെ ഞാനവളെ മറന്നു. പല രാത്രികളും എന്റെ മെസ്സേജിനായി അവൾ കാത്തിരുന്നു. തിരക്കി വരുമ്പോഴൊക്കെ ഓരോ കാരണങ്ങൾ കൊണ്ട് മനഃപൂർവമല്ലെങ്കിലും എനിക്കവളെ അവഗണിക്കേണ്ടി വന്നു.
ഒരു ദിവസം പോലും ഞാനില്ലാതെ കഴിയാത്തവൾക്ക് ഈ ദിവസമത്രയും സംസാരിക്കാതിതിരിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പല തവണ അവളെന്നോട് കെഞ്ചി…എനിക്ക് നിന്നോടൊന്നു സംസാരിക്കണം. ഒരഞ്ചു മിനുട്ടെങ്കിലും ഒന്ന് വിളിക്കെടാ…പ്ലീസ്…ചില തിരക്കുകളിൽ പെട്ട് മനസ് അസ്വസ്ഥമാണെന്ന കാരണം നിരത്തി ഞാൻ അവളിൽ നിന്നും ഒഴിഞ്ഞു മാറി.
തന്നെ ഈ ലോകത്ത് മറ്റാരേക്കാളും മനസിലാക്കിയെന്നു കരുതിയ തന്റെ പ്രിയപ്പെട്ടവന്റെ ഈ അകൽച്ച അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളും അവളുടെ മെസ്സേജുകൾ ഒന്ന് നോക്കാൻ പോലും നിൽക്കാതെ ഞാനെന്റെ കാര്യങ്ങളിലേക്കൊതുങ്ങി.
പതിയെ തിരക്കുകൾ ഒഴിഞ്ഞു തുടങ്ങി. റീഡ് ചെയ്യാത്ത അവളുടെ മെസ്സേജുകളിലൂടെ പതിയെ കണ്ണോടിച്ചു കൊണ്ടിരുന്നു. എന്നെ ഉപേക്ഷിക്കല്ലേന്നു കെഞ്ചികൊണ്ട് ഒരുപാട് മെസ്സേജുകൾ. എന്റെ ഈ അകൽച്ച അവളെ ഒഴിവാക്കാനാണെന്ന തോന്നലുകളാണോ അതോ എന്റെ തിരക്കുകളിൽ ഇനിയുമൊരു ശല്യമാവരുതെന്നോർത്തണോയെന്നറിയില്ല,
വേദനയോടെയാണെങ്കിലും അവൾ ഗുഡ് ബൈ പറഞ്ഞു പോയിരിക്കുന്നു.
ഉറങ്ങാൻ കിടന്നിട്ടും ചങ്ക് പൊട്ടിപോവും പോലെ. നെഞ്ചിൽ വല്ലാത്തൊരു ഭാരം. പലതവണ ഞാനും മെസ്സേജ് വിട്ടു. പക്ഷേ നിരാശയായിരുന്നു ഫലം. പിന്നീടുള്ള ദിവസങ്ങളിലൊന്നും അവളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ അവളുടെ സുഹൃത്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു ഞാൻ ഞെട്ടിതരിച്ചു പോയി.
എന്നെ ജീവനേക്കാൾ ഏറെ സ്നേഹിച്ച “എന്റെ പരാതിപ്പെട്ടി” അവൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. റബ്ബേ…എത്ര വലിയ ചതിയാണ് ഞാനവളോട് ചെയ്തുപോയതെന്നോർത്തപ്പോൾ എന്റെ നെഞ്ചോന്നു പിടഞ്ഞു. ഞാനവൾക്ക് വാക്ക് കൊടുത്തതായിരുന്നില്ലേ പാതിവഴിയിൽ ഉപേക്ഷിച്ചു പോവില്ലെന്നു.
എന്നിട്ടും അത്രയേറെ സ്നേഹിച്ച അവളെക്കാൾ ഞാൻ വിലകൽപ്പിച്ചത് എന്റെ ജോലിക്കും മറ്റു സൗഹൃദങ്ങൾക്കും…അതിനിടയിൽ ഞാനവളെ അറിഞ്ഞും അറിയാതെയും അവഗണിച്ചു. ആ സ്നേഹം നഷ്ടപ്പെടുത്തി. ഇനി ഒന്ന് തിരിച്ചെടുക്കാൻ പറ്റാത്ത അത്രയും ദൂരെ അവൾ പോയിക്കഴിഞ്ഞിരിക്കുന്നു. “എന്റെ ഇക്കൂസ് എന്നെ ഉപേക്ഷിച്ചാൽ പിന്നെ ഈ ലോകത്ത് ഞാനുണ്ടാവില്ലെന്നു കരഞ്ഞു കൊണ്ട് അവളിടയ്ക്ക് പറയും പോലെ….അവളുടെ ഇക്കൂസിനു അവളെ വേണ്ടാതായപ്പോൾ
അവളുടേതായ ലോകത്തേക്ക് മടങ്ങി.
അവളിന്നു ആറടി മണ്ണിൽ തനിച്ചുറങ്ങുകയാണ്. എന്റെ കൈകൾ കൊണ്ട് മൈലാഞ്ചി അണിയാൻ കൊതിച്ചവൾ മൈലാഞ്ചി വിതറിയ പെട്ടിക്കുള്ളിൽ കിടക്കുകയാണ്. എന്റെ മഹർ അണിയാൻ കൊതിച്ചവളാണ് ശ്വാസം പോലും നിലച്ചു കൊണ്ടിങ്ങനെ…കൂട്ടിനുള്ളത് ഞാൻ കൊടുത്ത ഒത്തിരി സങ്കടങ്ങൾ മാത്രമാണ്…
NB: സ്നേഹം അതാഗ്രഹിക്കുമ്പോൾ കൊടുക്കേണ്ടതാണ്. ഇല്ലേൽ തിരക്കെല്ലാം കഴിഞ്ഞു നമ്മൾ തിരക്കി ചെല്ലുമ്പോഴേക്കും അവരവിടെ ഉണ്ടാവണമെന്നില്ല. ഒത്തിരി അകന്നു പോയിട്ടുണ്ടാവും. എത്ര തിരക്കാണെങ്കിലും നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെയ്ക്കുക