ആവണി – രചന: എം കെ കൈപ്പിനി
മൊബൈൽ റിങ് ചെയുന്ന ശബ്ദം കെട്ടാണ് അയാൾ ഉണർന്നത്. ആവണിയുടെ അമ്മയാണ്. മധു കിടന്നു കൊണ്ട് തന്നെ ഫോൺ അറ്റൻഡ് ചെയ്തു.
ഹലോ…അമ്മ…മോനെ ആവണി എവിടെ…? അവളെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ…
ആവണി അതിന് അവിടെ അല്ലെ ഉള്ളത്. അവൾ രാവിലെ അങ്ങോട്ട് വന്നല്ലോ…മോനെ എനിക്ക് പേടിയാകുന്നു. അമ്മ പേടിക്കേണ്ട ഞാനൊന്ന് വിളിച്ചു നോക്കട്ടെ. മധു കാൾ കട്ട് ചെയ്ത് ആവണിയുടെ നമ്പർ ഡയൽ ചെയ്തു പക്ഷെ സ്വിച്ഓഫ് ആയിരുന്നു. അയാളുടെ ഉള്ളിൽ ഭയത്തിന്റെ കടന്നൽ ഇരമ്പി തുടങ്ങി…
അപ്പോഴാണ് വാട്സാപ്പിൽ അവളുടെ മെസ്സേജ് കണ്ടത്. അയാൾ അത് ഓപ്പൺ ചെയ്തു. മധു ഏട്ടാ…കല്യാണ രാത്രി ഞാൻ പറഞ്ഞിരുന്നില്ലേ…ഗിരീഷ് ഏട്ടനെ കുറിച്ച്…അദ്ദേഹം രണ്ടു ദിവസം മുൻപ് എന്നെ വിളിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കൂടെ പോവുകയാണ്. എന്നോട് ക്ഷമിക്കണം.
മധു ഇത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അയാളുടെ കണ്ണുകളിൽ കാർമേഘങ്ങൾ കൂടു കൂട്ടി പെയ്യാൻ തുടങ്ങി. അയാൾ ബെഡിലേക്ക് വീണു. ആവേഗങ്ങൾ ഓർമകളിലേക്ക് വഴുതി വീണു….
ആവണി.. നിനക്കറിയാലോ, ആക്‌സിഡന്റ് രൂപത്തിൽ മരണം വർഷയെ എന്നിൽ നന്നും പറിചെറിയുമ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസമേ ആയിട്ട് ഉണ്ടായിരുന്നുള്ളു. പക്ഷെ രണ്ട് നൂറ്റാണ്ടിലേക്കുള്ള സ്നേഹം സമ്മാനിച്ചിട്ടാണ് അവൾ എന്നിൽ നിന്നും കൊഴിഞ്ഞു പോയത്. അവളെ മറക്കാൻ ഇന്നും എനിക്ക് സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനിന്ന് നിന്നെ കാണാൻ വന്നത്…മധു പറഞ്ഞു നിറുത്തി.
അയൾക്ക് കണ്ണുകളെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ല. ആവണിക്ക് തീരുമാനിക്കാം നിന്റെ ജീവിതമാണ്. നിങ്ങളുടെയും വർഷയുടെയും കാര്യം എന്നോട് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാനി കല്യാണത്തിന് സമ്മതം മൂളിയത്.
ഒരുകണക്കിന് നമ്മൾ രണ്ടു പേരും തുല്യം ദുഃഖിതരാണ്. നിങ്ങൾക്ക് അറിയുമായിരിക്കും എന്റെ ആദ്യ വിവാഹം. ഗിരീഷ് എന്നാണ് അയാളുടെ പേര്. തുടക്കത്തിലൊക്കെ എന്നെ നല്ല കെയറിങ്ങും സ്നേഹവുമായിരുന്നു. പക്ഷെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറി തുടങ്ങി. എന്തിനും ഏതിനും കുറ്റം കണ്ടെത്തുക പതിവായി. അതെല്ലാം ഞാൻ സഹിച്ചു. പക്ഷെ ശരീര ഉപദ്രവം തുടങ്ങിയപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ അവിടെനിന്ന് ഇറങ്ങി.
പിന്നിട്ട ജീവിതത്തിലെ വേദനകൾ അവളുടെ കണ്ണിൽ നിന്നും അവൻ വായച്ചെടുത്തു. തന്റെ മുന്നിൽ നിൽക്കുന്നത് ഒരു നിമിഷം വർഷയാണെന്ന് അയാൾക്ക് തോന്നി. അയാളുടെ കൈകൾ അവളുടെ മുഖത്ത് ആവരണം തീർത്തു. കണ്ണുനീർ തുടച്ചു. അവളെ തന്നിലേക്ക് അടുപ്പിച്ചു…ആവണി പെട്ടന്ന് അവനിൽ നിന്നും തെന്നി മാറി. അപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം വന്നത്.
സോറി ഒരു നിമിഷം…നിന്നിൽ ഞാൻ വർഷയെ കണ്ടു. യാത്ര പറഞ്ഞിറങ്ങിയ മധുവിന്റെ മനസ്സിൽ ചിന്തകൾ കൂടു കൂട്ടി. ഒരു പക്ഷേ വർഷക്ക് സന്തോഷമായി കാണും അതായിരിക്കാം ആവണിയിൽ വർഷയെ കണ്ടത്.
****************************
താലി കെട്ടി അവളെയും കൊണ്ട് വീട്ടിലെക്ക് കയറി ആദ്യം പോയത് വർഷയുടെ ഫോട്ടോക്ക് മുൻപിലേക്ക് ആണ്. ആവണി ഇതാണ് വർഷ…ആവണി ഒരു പ്രാവശ്യം മുഖമുയർത്തി നോക്കി. കൈകൾ കൂപ്പി പ്രാർത്ഥിച്ചു. മധു എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ശരിയെന്നു മധു തലകുലുക്കി. ഫ്രണ്ട്സിനെയും, ബന്ധുകളെയും യാത്രയാക്കി. അയാൾ വേഗം റൂമിലേക്ക് ചെന്നു.
കട്ടിലിൽ കണ്ണീർ വാർത്തിരിക്കുന്ന ആവണി മുഖം ഉയർത്തി. എന്തു പറ്റി ആവണി….കണ്ണ് തുടച് അവൾ ഒരു ഗിഫ്റ്റ് ബോക്സ് അവനു നീട്ടി. ഗിരീഷെട്ടൻ കൊടുത്ത് വിട്ടതാ…മധു ഗിഫ്റ്റ് ബോക്സ് തുറന്നു. ചിറകുവിരിച്ചു പാർക്കുന്ന വെള്ളരി പ്രാവിന്റെ ചില്ലിൽ തീർത്ത പ്രതിമ അതിനോടൊപ്പം ഒരു കുറിപ്പും….മധു കുറിപ്പ് തുറന്നു…
എന്റെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ ചിറകുവിരിച്ചു കടന്നു വന്ന ആവണി, ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു. അത് നീ എന്നെ ഒഴിവാക്കി പോകുവാൻ വേണ്ടി ആയിരുന്നു. അല്ലാതെ എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല. കല്ല്യണം കഴിഞ്ഞു രണ്ട് മാസത്തിന് ശേഷമാണ് എനിക്ക് ക്യാൻസർ ആണെന്ന് അറിയുന്നത്. ആ നിമിഷം ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷെ…നിന്നെ ഓർത്തപ്പോൾ ഞാൻ ജീവിക്കാൻ തീരുമാനിച്ചു. പക്ഷെ ഡോക്ടർമാർ എന്നെ കൈയൊഴിഞ്ഞ ഘട്ടത്തിൽ നിന്നെ ഒഴിവാക്കുകയെ എനിക്ക് നിവർത്തി ഉണ്ടായിരുന്നുള്ളു. അത്കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. നീ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്. ഇതാണ് ഞാൻ ആഗ്രഹിച്ചതും…ജീവിതത്തിൽ നന്മകൾ മാത്രം സംഭവിക്കട്ടെ.
മധു കത്ത് മടക്കി. ആവണിയെ നോക്കി. അവൾ ആകെ തകർന്നിരിക്കുകയാണ്. ആവണി നിനക്ക് മധുവിന്റെ അടുത്ത് പോകണമോ….അത് മധു ഏട്ടാ…നീ പോവണം. ഞാനും കൂടെ വരാം
***********************
ഗിരിഷിന്റ വീട് ലക്ഷ്യമാക്കി മധുവിന്റെ കാർ പാഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുമായി ആവണി കാറിൽ നിന്നിറങ്ങി കൂടെ മധുവും….പക്ഷെ ഗിരിഷിന്റ വീട് പൂട്ടികിടക്കുകയായിരുന്നു. മധു ഒരുപാട് അന്വേഷിച്ചിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. മധു ആവണിയെ വീട്ടിൽ കൊണ്ടുപോയാക്കി. അവനെ ഞാൻ തേടി കണ്ടു പിടിക്കും. അതുവരെ നീ ഇവിടെ കഴിഞ്ഞാൽ മതി. ഞാൻ കമ്പനി ആവിശ്യത്തിന് വിദേശത്തേക്ക് പോകുകായാണെന്ന് വീട്ടിൽ പറഞ്ഞാൽ മതി….
ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടാണ് മധു ഓർമ്മകളിൽ നിന്നും ഉണർന്നത്. അത് ആവണി ആയിരുന്നു.
ഹലോ ആവണി…..മധു…ഒന്ന് ഗിരീഷിന്റെ വീട് വരെ വരുമോ….? വരാം…മധു വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തിറങ്ങി. പോകുന്ന വഴിക്ക് കുറച്ചു ഫ്രൂട്സ് വാങ്ങി. ഗിരീഷിന്റെ വീട് എത്താറായപ്പോൾ ജനങ്ങൾ കൂട്ടം കൂടി അങ്ങിങ്ങായി നിൽക്കുന്നത് കണ്ടു. മധു വേഗം വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.
വലിച്ചു കെട്ടിയ ഫ്ലെക്സ് കണ്ട് മധു ഞെട്ടി ചലനരഹിതനായി. അയാളുടെ കണ്ണുകൾ ആവണിയെ തിരഞ്ഞു. അനാഥയെ പോലെ കണ്ണീർ വാർത്ത് ആശ്വാസവാക്കുകൾ പറയാൻ ആരുമില്ലതെ ആവണി…മധു വേഗം അവളുടെ അടുത്തേക്ക് ചെന്നു. ആവണി…വാ നമുക്ക് വീട്ടിലേക്ക് പോവാം. അവളുടെ കാലുകൾ യാന്ത്രികമായി അയാളുടെ കാലടികളെ പിന്തുടർന്നു. ഉറവ വറ്റിയ കണ്ണുകളുമായി തകർന്നവൾ കാറിലേക്ക് കയറി.
എന്നെ ഒന്ന് വീട്ടിലേക്ക് ആക്കിതാ മധു…വീട്ടിലേക്കോ എന്തിന്…? അതിന്റെ ഒന്നും ആവിശ്യമില്ല. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം.
അത് മധു…ഞാൻ…മധു അവളുടെ ചുണ്ടുകളിൽ വിരലുകൾ വെച്ചു.
ഇനി ഇങ്ങോട്ടൊന്നും പറയണ്ട. കഴിഞ്ഞതെല്ലാം മറക്കണമെന്ന് ഞാൻ പറയില്ല. അതിന് നമുക്ക് രണ്ടു പേർക്കും കഴിയില്ല. പക്ഷെ ജീവിതം അത് ജീവിച്ചു തീർത്തെ മതിയാകു…ഗിരിഷിന്റെയും വർഷയുടെയും സന്തോഷം അതാണ്. മധു ആവണിയെ അവന്റെ തോളിലേക്ക് ചായ്ച്ചു. ആകാശത്തു കാർമേഘങ്ങൾ മുത്തുകൾ പൊഴിച്ചു…