അതേ സമയം പിന്നിൽ കരിയിലകളുടെ ഞെരക്കം കൂടിയപ്പോലെ.തന്റെ പിന്നിൽ ആരോ ഉണ്ടെന്ന തോന്നൽ.അടുത്ത് വരുന്ന കാലടിശബ്ദം

രചന: മഹാ ദേവൻ

പതിവ് പോലെ ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ വഴി വിജനമായിരുന്നു. ഇടവഴിയിൽ ഇരുട്ട് കൂടുതൽ കനത്തു തുടങ്ങിയിരിക്കുന്നു. മഴക്കാറ് മൂടിയ ആകാശത്ത്‌ നിലാവ് പകരാൻ ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാത്തത് ആ രാത്രിയെ ഭീകരമാക്കി. മൊബൈൽടോർച്ചും തെളിച്ചുകൊണ്ട് വേഗം മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു തുടങ്ങി.

ഈ വരവ് പതിവാണെങ്കിലും ഇന്ന് കുറച്ച് കൂടി വൈകിയാണ് കടയിൽ നിന്നും ഇറങ്ങാൻ കഴിഞ്ഞത്. ഓണം അടുക്കുന്നതിന്റ തിരക്ക് ഷോപ്പിൽ തുടങ്ങിയത് കൊണ്ട് ഇനി ദിവസവും വൈകാൻ സാധ്യതയുണ്ട്. കുറച്ച് നേരം കൂടി ഷോപ്പിൽ നിൽക്കുകയാണെങ്കിൽ കട അടച്ചതിനു ശേഷം വീട്ടിൽ കൊണ്ട് വിടാം എന്ന് മുതലാളി പറഞ്ഞെങ്കിലും അവൾക്ക് അത്ര നേരം നിൽക്കാൻ കഴിയുന്ന അവസ്ഥയല്ല വീട്ടിൽ ഭർത്താവിന്റെ അമ്മയും കുഞ്ഞും മാത്രമാണെന്ന് അറിയാവുന്നത് കൊണ്ട് അങ്ങനെ രാത്രി ഒരുപാട് വൈകാൻ പറ്റില്ല.

അവൾ വിറക്കുന്ന കാലുമായി ഓരോ അടി മുന്നോട്ട് വെക്കുംതോറും കാലുകൾ പിന്നിലേക്ക് വലിയും പോലെ…അത്രമേൽ ഭയം അവളെ പൊതിഞ്ഞിരുന്നു. പിന്നെ ഉള്ളത് ഭർത്താവ് ആണ്. അത് ഉള്ളതും ഇല്ലാത്തതും കണക്കാണ്. കിട്ടുന്ന കാശിനു കുടിക്കാനും ചീട്ടുകളിച്ചു കളയാനും മാത്രം ജീവിക്കുന്ന അയാൾ രാത്രി വീട്ടിൽ എത്തിയാൽ എത്തി. അതിനെ ചോദ്യം ചെയ്താൽ പിന്നെ ആ ദിവസം അടിയും ബഹളവും ആകുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി ജീവിക്കാൻ പഠിച്ചിരുന്നു അവൾ.

ഭർത്താവിന്റെ ഈ സ്വഭാവം കാരണം മനസ്സ് തകർന്നു നിൽക്കുന്ന പല നിമിഷങ്ങളിലും മരിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവളുടെ മനസ്സിൽ തന്നെ ആശ്രയിച്ചു കഴിയുന്ന രണ്ട് ജീവിതങ്ങളെ കുറിച്ച് മാത്രമായിരിക്കും ചിന്ത. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ അമ്മയെയും തന്റെ മോളെയും ഭൂമിയിലെ നരകമായ ഈ വീട്ടിൽ തള്ളിവിട്ട് മരണത്തിലേക്ക് ഒളിച്ചോടാൻ കഴിയുന്നില്ല എന്നതായിരുന്നു സത്യം.

ഷോപ്പിൽ നിന്ന് ഇറങ്ങാൻ വൈകുമെന്ന് അറിയാവുന്നത് കൊണ്ട് വൈകീട്ട് വിളിച്ചുപറഞ്ഞതാണ് ഭർത്താവിനോട് ബസ്സ് ഇറങ്ങാൻ നേരം കാത്തുനിൽക്കണമെന്ന്…നിൽക്കാം എന്ന് പറഞ്ഞെങ്കിലും പ്രതീക്ഷ ഇല്ലായിരുന്നു. ജോലി കഴിഞ്ഞുള്ള കൂട്ടുകാരുമൊത്ത കള്ളുകുടിയിൽ ഇങ്ങനെ മൂന്ന് ജീവിതങ്ങൾ അയാളുടെ വീട്ടിൽ ഉണ്ടെന്ന് പോലും മനസ്സിലുണ്ടാകില്ല.

അല്ലെങ്കിലും അതോർക്കാൻ എവിടെ ആണ് അയാൾക്ക് സമയം. ഭാര്യ എന്ന ചിന്ത പോലും ഇപ്പോൾ അതിയാന്റെ മനസ്സിൽ ഉണ്ടാകില്ല. അവൾ ഓരോ നീറുന്ന ഓർമ്മകളും നെഞ്ചിലേറ്റി മുന്നോട്ട് നടക്കുമ്പോൾ രാത്രിയുടെ ഭീകരമായ നിശബ്ദതയെ മുറിച്ചുകൊണ്ട് ചീവീടുകളുടെ കരച്ചിൽ ആ ഇടവഴിയെ ഭയപ്പെടുത്തി.

കൂടെ കരിയിലകൾ ഞെരിയുന്നത് പോലെ…ദൂരെ എവിടെയോ ഒരു കാലങ്കോഴി നീട്ടിക്കൂവുന്നത് അവളുടെ കാലുകളുടെ വേഗത കുറച്ചു. ഭീതി ശരീരത്തെ പിടിമുറുക്കിയിരിക്കുന്നു. മുന്നോട്ട് വെക്കുന്ന ഓരോ അടിയും ഭയപ്പാടോടെ ആയിരുന്നു. പെട്ടെന്ന് മുന്നിലേക്ക് കരഞ്ഞുകൊണ്ട് കുറുകെ ചാടിയ കരിമ്പൂച്ചയെ കണ്ട് ഭയന്നുവിറച്ചവൾ പിന്നിലേക്ക് മാറി.

അതേ സമയം പിന്നിൽ കരിയിലകളുടെ ഞെരക്കം കൂടിയപ്പോലെ…തന്റെ പിന്നിൽ ആരോ ഉണ്ടെന്ന തോന്നൽ…അടുത്ത് വരുന്ന കാലടിശബ്ദം കേട്ട് ഭയത്തോടെ തിരിഞ്ഞുനോക്കിയ അവൾക്ക് മുന്നിൽ ആ രൂപം കണ്ട് അവൾ കരയാൻ പോലും കഴിയാതെ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു.

പിഞ്ഞിക്കീറിയ വേഷവും നീണ്ട് ഇടതൂർന്നു വളർന്ന ജഡയുമായി മുന്നിൽ നില്കുന്നത് ഭ്രാന്തൻ ശങ്കരൻ ആണെന്ന് മനസ്സിലായപ്പോൾ അവളുടെ ഭയം ഇരട്ടിക്കുകയായിരുന്നു. ഭ്രാന്ത് തുടങ്ങിയ സമയത്ത് സ്വന്തം ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചുകൊന്നവൻ എന്നായിരുന്നു നാട്ടിൽ അറിയപ്പെടുന്ന ശങ്കരൻ.

അതിൽ പിന്നെ അവനെ കാണുമ്പോൾ തന്നെ ഓരോ സ്ത്രീയും പേടിയോടെ വാതിൽ അടച്ച് ഉള്ളിലേക്ക് ഒതുങ്ങും. ശങ്കരനെ പേടിച്ച് രാത്രി ഒരു സ്ത്രീയും പുറത്തിറങ്ങില്ല. അത്രക്കും ഭയം ജനിപ്പിക്കുന്ന അവന് മുന്നിൽ ഒറ്റയ്ക്ക്….അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി.

പെട്ടന്ന് തിരിഞ്ഞ് ഓടാൻ തുനിഞ്ഞ അവൾ മുന്നിലെ ഇരുട്ടിൽ കാണാതിരുന്ന മരത്തിന്റെ വേരിൽ തട്ടി വീഴുമ്പോൾ ഒരു ഭ്രാന്തൻ ചിരിയോടെ അവൾക്കരികിൽ എത്തിയിരുന്നു ശങ്കരൻ. വീണിടത്തു നിന്നും എഴുനേൽക്കാൻ കഴിയാതെ കിടക്കുന്ന അവളുടെ കയ്യിൽ അമർത്തിപ്പിടിക്കുമ്പോൾ ദൂരെ ഒരിക്കൽ കൂടി ആ കാലന്കോഴിയുടെ കരച്ചിൽ അവളുടെ കാതുകളിലിരമ്പി.

അടുത്തു നിൽക്കുന്ന അവനിൽ നിന്ന് വമിക്കുന്ന ഉളുമ്പു മണം അവളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇരുട്ടിൽ അത്രമേൽ ഭീകരമായി തോന്നുന്ന ആ മുഖം മുന്നിൽ പല്ലിളിച്ചു നിൽക്കുമ്പോൾ സകലദൈവങ്ങളെയും വിളിക്കുന്നുണ്ടായിരുന്നു അവൾ. കറ വീണ പല്ലുകൾ കാട്ടി ചിരിക്കുന്ന അവന്റ കൈകൾ തന്റെ കയ്യിൽ പിടിമുറുക്കുന്നത് അറിയുന്നുണ്ടായിരുന്നു.

വീണിടത്തു നിന്നും എഴുന്നേൽപ്പിച്ചു മുന്നോട്ട് വലിക്കുമ്പോൾ ഒരടി പോലും നടക്കാൻ കഴിയാതെ കരഞ്ഞ അവളെ ആകമാനം ഒന്ന് നോക്കി അവൻ. പിന്നെ ഒന്നും മിണ്ടാതെ കോരി തോളിലിട്ട് മുന്നോട്ട് നടകുമ്പോൾ ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ അവൾ വിറങ്ങലിച്ചു കിടന്നു. അപ്പോഴെല്ലാം മനസ്സിൽ തന്റെ മകളുടെ കുഞ്ഞ് മുഖം ആയിരുന്നു. ഇനി അവളെ കാണാൻ കഴിയില്ല എന്ന തിരിച്ചറിവ് ആയിരുന്നു.

നാളെ ഈ കാട്ടിൽ ഏതെങ്കിലും മൂലയിൽ പിച്ചിച്ചീന്തി നഗ്നമായി താനും കിടക്കും എന്ന ചിന്ത ഉള്ള് വിറപ്പിക്കാൻ തുടങ്ങി…”എന്നെ വിട്…വിട്…” എന്ന് ശങ്കരന്റെ മുതുകിൽ തല്ലി പറഞ്ഞിട്ടും അതൊന്നും ഏശാത്ത പോലെ മുന്നോട്ട് നടക്കുന്ന അവന്റ ശരീരത്തിൽ നിന്നും ഉയർന്നു വരുന്ന വാടമണം അവളിൽ ഛർദിലായി പുറത്തേക്ക് വരാൻ തുടങ്ങി. അതൊന്നും വകവെക്കാതെ മുന്നോട്ട് നടന്നു ശങ്കരൻ. അവന്റെ തോളിൽ എല്ലാം നഷ്ട്ടപ്പെടാൻ പോകുന്നവളെ പോലെ അവളും കിടന്നു.

ഇനിയുള്ളത് വിധിയാണ്. ഇങ്ങനെ ആയിരിക്കാം അത്. മനസ്സിൽ മരണമെന്ന ചിന്ത പലപ്പോഴും വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു മരണം…ഒരു ഭ്രാന്തന് കീഴ്പ്പെട്ട് അവന്റെ ഭ്രാന്തമായ ആവേശത്തിൽ ഒടുങ്ങാൻ ആയിരിക്കും വിധി. അവൾ ആ വിധിയെ വരിക്കുംപോലെ തോളിൽ കണ്ണുകളടച്ചുകൊണ്ട് അനക്കമറ്റ്‌ കിടക്കുമ്പോൾ അവൻ മുന്നോട്ട് നടക്കുകയായിരുന്നു ഉറച്ച കാൽവെപ്പോടെ…

ആ നടത്തം നിൽക്കുമ്പോൾ അവന്റെ കിതപ്പ് അവളുടെ കാതിലേക്ക് എത്തി. അവൻ നടപ്പ് അവസാനിപ്പിച്ചിരുന്നു. ഇനി നിമിഷങ്ങൾ മാത്രം…മുന്നിൽ ചിരിയോടെ കാത്തുനിൽക്കുന്ന മകൾ. വൈകുന്നതിന്റെ വേവലാതിയോടെ മുറ്റത്തേക്ക് നോക്കി ഇരിക്കുന്ന അമ്മ. കണ്മുന്നിൽ അവരെല്ലാം തെളിയുമ്പോൾ ഇതൊന്നുമറിയാതെ കുടിച്ച് നടക്കുന്ന ഭർത്താവിന്റെ മുഖം അവളിൽ പുച്ഛം ഉളവാക്കി. അയാൾ വന്നിരുന്നെകിൽ…

അത്ര പോലും സമയം വീട്ടുകാർക്ക് വേണ്ടി ചിലവഴിക്കാൻ ഇല്ലാത്ത അയാളോടൊപ്പം കഴിയുന്നതിലും നല്ലത് ഇത് തന്നെ ആണ്…കൊല്ലട്ടെ ഇവൻ…നാളെ അയാൾക്ക് ഒരു കാഴ്ച ആകട്ടെ തന്റെ ശവം. അങ്ങനെ ഒരു ചിന്തയോടെ ഭയന്ന് കണ്ണുകൾ തുറക്കുമ്പോൾ ശരിക്കും ഒന്ന് ഞെട്ടി അവൾ. പിന്നീടത് അത്ഭുതമായി മാറി.

താൻ നിൽക്കുന്നത് തന്റെ വീട്ട് പടിക്കൽ ആണെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഒരു കുറ്റിക്കാട്ടിൽ നാളെ കാണുമെന്നു കരുതിയ താൻ വീട്ടിൽ എത്തിയിരിക്കുന്നു. അതും ഭാര്യയെ പീഡിപ്പിച്ചു കൊന്ന ശങ്കരന്റ കൈകൊണ്ട്….

മുന്നിൽ തെളിഞ്ഞുകത്തുന്ന വീട്ടിലെ വെട്ടത്തിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. മരണം മുന്നിൽ കണ്ടവളുടെ മുന്നിലേക്ക് ജീവിതം വെച്ചു നീട്ടിയ ശങ്കരനോട് നന്ദി പറയാൻ തിരിയുമ്പോൾ അവൻ നിന്നിടം ശൂന്യമായിരുന്നു. അവൻ പോയിരിക്കുന്നു ഒരു നന്ദിവാക്ക് പോലും കൊതിക്കാതെ…

ചിലർ അങ്ങനെ ആണ്. ഒന്നും ആഗ്രഹിക്കാതെ നല്ലത് മാത്രം ചെയ്യുന്നവർ. ഇന്നലെ വരെ തന്റെ മനസ്സിൽ ഭാര്യയെ പീഡിപ്പിച്ചു കൊന്നവൻ ആയ ക്രൂരനായിരുന്നു. എന്നാൽ ഇന്ന്…അവൻ ആപൽഘട്ടങ്ങൾ രക്ഷിച്ച ഈശ്വരന്റെ സ്ഥാനത്താണ്. ഒരു പെണ്ണ് ഒറ്റപ്പെടുമ്പോൾ ഇതാണ് അവസരം എന്ന് ചിന്തിക്കാതെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ ഭ്രാന്തനായ ശങ്കരന് പോലും കഴിഞ്ഞെങ്കിൽ നമ്മുടെ നാട്ടിൽ നല്ലവരായി നടക്കുന്ന പലർക്കും അതിന് കഴിയുന്നില്ല. അതാണ്‌ ഈ നാടിന്റെ ശാപവും….

അവൻ പോയ വഴിയേ നോക്കി കൈകൂപ്പി മനസ്സിൽ നന്ദി പറയുമ്പോൾ ഇരുട്ടിനെ വകഞ്ഞുമാറ്റി അവൻ നടക്കുകയായിരുന്നു എല്ലാ രാത്രിയും ഉറങ്ങാറുള്ള ഭാര്യയെ അടക്കംചെയ്ത ആ ആറടി മണ്ണിന്റെ അടുത്തേക്ക്….ശങ്കരൻ പീഡിപ്പിച്ചുകൊന്നെന്ന് ലോകം വിളിച്ച് പറഞ്ഞ അവന്റെ പ്രിയപ്പെട്ട ഭാര്യയുടെ അരികിലേക്ക്….

അപ്പോഴും എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു നിഘൂടമായ സത്യം അവന്റെ മനസ്സിൽ കനൽവെന്തു കിടപ്പുണ്ടായിരുന്നു. “താൻ പീഡിപ്പിച്ചെന്ന പേരിൽ തന്റെ ഭാര്യയെ പീഡിപ്പിച്ചവൻ ആര്…” എന്ന ഉത്തരം കിട്ടാത്ത ചോദ്യമായി…