ഓര്‍മ്മയില്‍ മാത്രം – രചന: NKR മട്ടന്നൂർ
ലക്ഷ്മീ നാട്ടിലെ നിങ്ങളുടെ അയല്‍പക്കത്തെ വീട്ടിലെ സേതുവേട്ടന്‍ മരിച്ചെന്നും പറഞ്ഞ് നിന്‍റേ അനിയത്തി വിളിച്ചൂ ഇപ്പോള്‍…നിന്‍റേ ഫോണിലേക്ക് കുറേ തവണ വിളിച്ചെന്നും പറഞ്ഞു…അത് ഉറക്കത്തിലാവും അല്ലേ…?
രാവിലത്തെ പ്രാതല്‍ ഒരുക്കുന്നതിനിടയിലാ വിനോദേട്ടന്‍ അടുക്കളയിലേക്ക് വന്ന് എന്നോടീക്കാര്യം പറഞ്ഞത്. ആ വാര്‍ത്ത കേട്ടു നടുങ്ങി നില്‍ക്കുകയായിരുന്നു ഞാന്‍ കുറേ നേരം.
നീ പോണുണ്ടോ…? ഏ…എന്തു പറയണമെന്നറിയാതെ എവിടേയോ നോക്കി നിന്നു. “അയല്‍പക്കത്തുകാരല്ലേ ഒന്നു പോയി വന്നോളൂ…എനിക്കിന്ന് ലീവെടുക്കാന്‍ പറ്റില്ല…” വിനോദേട്ടന്‍ അതും പറഞ്ഞ് ഓഫീസിലേക്ക് പോവാനുള്ള വസ്ത്രം മാററുവാന്‍ പോയി. പിന്നേയും എന്തൊക്കേയോ വഴക്കു കേള്‍പ്പിച്ചു വിനോദേട്ടന്‍ പോവണതു വരെ…
കാലം നിശ്ചലമായതു പോലെ എല്ലാം മറന്നു നില്‍ക്കുകയാണ് ഞാനവിടെ…പത്തിരുപത് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടുന്ന് വീട്ടിലേക്ക്. ഈ സഥലത്തേക്ക് വിനോദേട്ടന് ജോലിക്ക് മാറ്റം കിട്ടി വന്നിട്ട് ഒരുമാസമാവുന്നതേയുള്ളൂ. കമ്പനി വക താമസസൗകര്യമുണ്ട് അതുമതിയെന്ന് ഞാന്‍ നിര്‍ബന്ധിച്ചതാ. അല്ലെങ്കില്‍ സ്വന്തം വീട്ടിലേക്ക് പോവാല്ലോന്ന് വിനോദേട്ടന്‍ ചോദിച്ചതുമാ…പതിമൂന്നു വയസ്സുകാരി ശ്രീക്കുട്ടിയേയും ഒരുക്കി, ഒരു സാരിയും എടുത്തു ചുറ്റി വേഗം വീട്ടീന്നിറങ്ങിയിട്ടുണ്ട്. ഒന്നും മനസ്സറിഞ്ഞല്ല ചെയ്യുന്നത്.
എന്തൊക്കേയോ ചെയ്യണംന്നു വിചാരിക്കണതല്ലാതെ ഒന്നും കൈകളില്‍ വഴങ്ങുന്നില്ല. കൊറോണക്കാലമായതിനാല്‍ ഒന്നിനും അനുവാദമില്ലാതെ മുഖാവരണവും ധരിച്ച് ശ്രീക്കുട്ടിയേയും ചേര്‍ത്തു പിടിച്ച് ജനിച്ചു വളര്‍ന്ന വീട്ടിനുള്ളിലേക്ക് കയറിച്ചെന്നു. ആരൊക്കെയോ വരാനുണ്ടെങ്കിലും….പുതിയ അന്തരീക്ഷ ചുറ്റുപാടിലെ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കുറച്ചു പേര്‍ മാത്രേ മരണാനന്തര ചടങ്ങിലേക്ക് കൂടാവൂന്ന്…പറഞ്ഞവരോട് അനുവാദവും വാങ്ങി വിറയ്ക്കുന്ന കാലടികളോടെ, വിങ്ങുന്ന ഹൃദയവുമായ് സേതുവേട്ടനേ കിടത്തിയിരിക്കുന്നിടത്തേക്ക് പോയി.
“മൃതദേഹം അധിക സമയം വെച്ചിരിക്കാന്‍ പാടില്ലാത്തതിനാല്‍ വേഗം എടുത്തോളൂന്ന്…” ആരൊക്കെയോ പറയണത് കേട്ടു. മുഖത്ത് പാതി നരച്ച താടി രോമങ്ങളും വെട്ടിയൊതുക്കാത്ത മുടിയുമായ് പേക്കോലം പോലൊരു രൂപം. മെല്ലിച്ച് ആകെ ക്ഷീണിതനായ് കാണപ്പെട്ടു…ഹൃദയം വലിഞ്ഞു മുറുകി. തൊണ്ടയില്‍ കരച്ചില്‍ വന്നു തടയുന്നുണ്ട്. സാരിത്തലപ്പുകൊണ്ട് വായ്പൊത്തിപ്പിടിച്ചു, കരഞ്ഞു പോവാതിരിക്കാന്‍.
ശ്രീക്കുട്ടിയേക്കൊണ്ട് സേതുവേട്ടന്‍റെ കാലുതൊടുവിപ്പിച്ചപ്പോള്‍…എന്തിനെന്നറിയാതെ അവളുടെ നോട്ടം എന്‍റേ മുഖത്തേക്ക് വന്നു. ആരൊക്കെയോ അര്‍ത്ഥമറിയാതെ കണ്ണുകളാലെന്നെ ഉഴിയുന്നുണ്ടാവും. മതി…വേഗം എടുത്തോളൂ…അവസാന വാക്കുകള്‍ കേട്ടു. അവിടുന്ന് ഓടി മറയാന്‍ കൊതിച്ച മനസ്സിനേ പാടുപെട്ട് നിയന്ത്രിച്ചു വീട്ടിനുള്ളിലെത്തി കട്ടിലില്‍ വീണു ശബ്ദമില്ലാതെ….
കണ്ണീരൊഴുകി പോയ്ക്കൊണ്ടിരുന്നു. എപ്പോഴോ അമ്മയുടെ ”മോളേ” ന്നുള്ള വിളികേട്ടു. കണ്ണുകള്‍ അമ്മയറിതെ തുടച്ചു. തലയണ നനഞ്ഞു കുതിര്‍ന്നിരുന്നു. “കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ മദ്യമായിരുന്നു സേതൂന്ന് കൂട്ട്…എന്തിനോ ഉള്ളൊരു വാശി പോലെ കുടിക്കുകയായിരുന്നു. ആദ്യമൊക്കെ പണിക്ക് പോവുമായിരുന്നു…”
“നല്ല മരപ്പണിക്കാരനായിരുന്നു. വാതിലില്‍ ചിത്രപ്പണികള്‍ ചെയ്യാന്‍ അവനോളം പോന്നവരിനി പിറക്കാനിരിക്കുന്നതേയുള്ളു…” ഈ വീടിന്‍റെ പലയിടത്തുമുണ്ട് സേതുവേട്ടന്‍റെ കയ്യൊപ്പ് പതിഞ്ഞ മനോഹരമായ ഒരുകൂട്ടം വാതിലുകള്‍. നീ വല്ലതും കഴിച്ചായിരുന്നോ…?ഒന്നും മിണ്ടാതെ അമ്മയേ നോക്കാതെ കിടന്നു. വാ അമ്മയിത്തിരി കഞ്ഞീം ചമ്മന്തിയും ഒരുക്കിയിട്ടുണ്ട്. വന്നു കഴിച്ചോളൂ…പട്ടിണി കിടക്കല്ലേ നീ. ശ്രീക്കുട്ടി അമ്മ കഴിക്കാതെ കഴിക്കത്തില്ലാന്ന് പറഞ്ഞതാ പുറത്തിരിക്കുന്നു. ഒന്നിനും വയ്യ…
ഓര്‍മ്മകളില്‍ നിറയേ പഴയകാലത്തിന്‍റെ കാഴ്ചകളായിരുന്നു. സൗമ്യമായ മുഖം. നേര്‍ത്ത താടി രോമങ്ങള്‍ എന്നും വെട്ടിയൊതുക്കിയേ കണ്ടിട്ടുള്ളൂ…ആ കണ്ണുകള്‍ നിഷ്ക്കളങ്കത നിറഞ്ഞതായിരുന്നു. സംസാരമാണെങ്കില്‍ കേട്ടിരിക്കാന്‍ തോന്നണതും. പാവമായിരുന്നു സേതുവേട്ടന്‍…”അമ്മേ…” ശ്രീക്കുട്ടി എന്നേക്കണ്ടപ്പോള്‍ എഴുന്നേറ്റ് വന്നെന്നെ കെട്ടിപ്പിടിച്ചു. എങ്ങനേയാ അമ്മേ ആ അങ്കിള്‍ മരിച്ചത്…? കുറേ ചോദ്യങ്ങള്‍. ഒന്നിനും മറുപടി പറയാന്‍ വയ്യാത്തതിനാല്‍ അവള്‍ക്കിത്തിരി കഞ്ഞി വിളമ്പിക്കൊടുത്തു.
അത് കഴിക്കാന്‍ പറഞ്ഞെങ്കിലും അതിലേക്ക് നോക്കി നില്‍ക്കുകയല്ലാതെ കഴിക്കാന്‍ കൂട്ടാക്കത്തതിനാല്‍ അല്‍പ്പാല്‍പ്പമായ് കോരി അവളുടെ വായില്‍ വച്ചു കൊടുത്തു. എനിക്കു വേണ്ടിയെന്നോണം കുടിച്ചു അവളിത്തിരി…ഒന്നും ഇറങ്ങില്ല ഇന്നെനിക്ക്. അമ്മ നിര്‍ബന്ധിച്ചു ഇത്തിരി കഞ്ഞിവെള്ളം കുടിപ്പിച്ചു. അമ്മയുടെ കണ്ണുകളും എന്‍റേ സങ്കങ്ങളുടേ ആഴം തേടുകയാവും…
ഒടുവില്‍ രാത്രിയായി…വൈകിട്ടേ എല്ലാവരും പിരിഞ്ഞു പോയ ആ വീടൊരു ശ്മശാനം പോലേ തോന്നിപ്പിച്ചു. അവിടെ സേതുവിന്‍റെ അമ്മയും വേറാരോ രണ്ടുപേര്‍ മാത്രമേ ബാക്കിയുള്ളൂ…അമ്മ പറയണത് കേട്ടു. വിനോദേട്ടന്‍ വിളിച്ചപ്പോള്‍…”ഇവിടെ അമ്മ തനിച്ചാണ് നാളേ വരാം എന്നുമാത്രം പറഞ്ഞു” കോള്‍ കട്ടു ചെയ്തു. അനിയത്തി വൈകിട്ട് തന്നേ പോയതാ…
വിനോദേട്ടന്‍ അത്ഭുതപ്പെട്ടുകാണും വിവാഹം കഴിഞ്ഞിട്ടിന്നു വരേ ഇവിടേ വന്നൊരു രാത്രി കഴിയാത്തവള്‍ക്കിതെന്തു പറ്റിയതാണെന്നോര്‍ത്ത്…എന്തെങ്കിലും ചിന്തിക്കട്ടെ…രാത്രി അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സങ്കടം നിറഞ്ഞു ഹൃത്തടങ്ങളിലൊക്കേയും…സേതുവേട്ടന്‍റമ്മയ്ക്ക് ഒന്നിനും വയ്യാ എങ്കിലും അവന്‍ കള്ളും കുടിച്ചേച്ച് വരുമ്പോള്‍ തിന്നാനുള്ളതുമൊരുക്കി എന്നും കാത്തിരിക്കും ആ അമ്മ. ഒരുപിടി ചോറുണ്ടിട്ടേ കിടക്കാറുള്ളൂ സേതു…ആ അമ്മയും മകനും എത്ര സ്നേഹത്തില്‍ കഴിഞ്ഞവരായിരുന്നു. മകനേ എത്ര ഉപദേശിച്ചിട്ടും അവന്‍ വാശിയെടുത്ത് കുടിക്കുകയായിരുന്നു മരിക്കാനെന്നോണം. പാവം…പോയവര്‍ പോയി…ഇനിയാ തള്ള കിടക്കപ്പായീന്ന് എഴുന്നേല്‍ക്കുവോ ആവോ….?
ചെവികള്‍ ഇറുകേയടച്ചിട്ടും എന്തൊക്കേയോ വേണ്ടാത്ത ശബ്ദങ്ങള്‍. ആരുടേയൊക്കേയോ കരച്ചിലുകള്‍.
ലച്ചൂ…
ലക്ഷ്മി ചുരുങ്ങി ലച്ചുവായിരുന്നു സേതുവേട്ടന്…സേതുവേട്ടാ വേണ്ടാ…പ്ലീസ് സേതുവേട്ടാ…ആ നിഷ്ക്കളങ്കമായ കണ്ണുകളില്‍ അടങ്ങാത്ത സ്നേഹം നിറച്ചു വെച്ചിരിക്കുന്നു.
സേതുവേട്ടാ അടുത്താഴ്ചയെന്‍റെ വിവാഹമാണ്. മറ്റൊരാളുടേ ഭാര്യയാവാന്‍ പോവുന്നവളേ ചീത്തയാക്കല്ലേ…കാലു പിടിക്കാം ഞാന്‍…എന്നേ ഒന്നും ചെയ്യല്ലേ…?
ലച്ചൂ..നിന്നേ ഞാന്‍ കൊതിച്ചപോലെ, സ്നേഹിച്ചതു പോലെ, ഈ ഭൂമിയില്‍ ആരും ആരേയും സ്നേഹിച്ചിട്ടുണ്ടാവില്ല. ലച്ചൂനെ എനിക്കു തരാന്‍ ഞാന്‍ ഒരുപാട് കെഞ്ചിയിട്ടുണ്ട്. പൊന്നുപോലെ നോക്കാമെന്നേറ്റിരുന്നു. ആരും ഒന്നിനും സമ്മതിച്ചില്ലാല്ലോ…? ഒരു മരപ്പണിക്കാരന് കൊടുക്കത്തില്ലാന്നല്ലേപറഞ്ഞത്…? നീ ഇവിടുന്ന് പോയ്ക്കഴിഞ്ഞാല്‍ പിന്നേം…ഞാന്‍ തനിച്ചാവും…പിന്നീടെനിക്കൊരു ജീവിതം പോലുമുണ്ടാവില്ലാ…ഈ ജീവിതത്തില്‍ ഒന്നും നേടാതെ കൊതിച്ചതിനേ നഷ്ടപ്പെടുത്തിയിട്ട് ഞാന്‍ ചത്തൊടുങ്ങും…എനിക്കു ജീവിക്കാന്‍, ഓര്‍ക്കാനെന്തെങ്കിലും വേണം…അതൊരിക്കലും…
എന്‍റേ ചെറുത്തു നില്‍പ്പിനേ പരാജയപ്പെടുത്തി സേതുവേട്ടന്‍. ആ സ്നേഹത്തിനും കണ്ണീരിനുമിടയില്‍ തോറ്റു പോയതാണോ…? മനസ്സു തോറ്റുകൊടുത്തതാണോ…? അന്നും ഇന്നും അറിയില്ല അതിനുത്തരം…വെറുക്കുവാനോ ഇഷ്ടപ്പെടുവാനോ ആവാതെ സേതുവേട്ടന്‍ ഒരുഭാഗത്ത്…ഒരാഴ്ചയ്ക്കുള്ളില്‍ വിനോദേട്ടന്‍ വന്നു താലികെട്ടി കൊണ്ടു പോവുമ്പോള്‍ മരവിച്ചൊരു മനസ്സുമാത്രമായിരുന്നു ലക്ഷ്മിക്ക് കൂട്ട്.
നാടും വീടും വിട്ട് വിനോദേട്ടന്‍റെ ജോലി സ്ഥലത്തിനടുത്തുള്ള ക്വാട്ടേസില്‍ പുതിയ ജീവിതമാരംഭിക്കുമ്പോള്‍ ഉദരത്തില്‍ എന്തൊക്കേയോ നോവുകളുണ്ടായിരുന്നു. നിഷ്ക്കളങ്കനായൊരു ചെറുപ്പക്കാരനേ വഞ്ചിക്കുന്നതിന്‍റെ പാപഭാരം മുഴുവന്‍ ആ കാല്‍ക്കീഴില്‍ ഒരു ഭാണ്ഡക്കെട്ടുപോലെ നീറി നീറി കിടന്നനുഭവിച്ചു. ഒരു വേലക്കാരിയേപോലെ കണ്ടാലും മതിയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ അപമാനിക്കല്ലേയെന്നൊരു പ്രാര്‍ത്ഥനയോടെ ഓടി മറഞ്ഞു ദിവസങ്ങളും മാസങ്ങളും…
തെറ്റിദ്ധരിക്കപ്പെടാമെന്ന തിരിച്ചറിവാവും ശരീരത്തെ വിനോദിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചതും…പകല്‍ നേരങ്ങളില്‍ കരയുകയാണെന്നും പതിവ്…യാന്ത്രികമായ് ജോലികളെല്ലാം ചെയ്തു തീര്‍ക്കും…ഒന്നിനും ഒരു കുറവു വരുത്താതെ സ്നേഹിക്കാനും താലോലിക്കാനും ഒരു പെണ്ണു കൊതിക്കുന്നതെല്ലാം വാരിക്കോരിത്തരാനുള്ള നന്മയുണ്ടായിരുന്നു വിനോദേട്ടനില്‍…
ആ സ്നേഹത്തിനു മുന്നില്‍ തോറ്റുപോവും…പലപ്പോഴും ഉള്ളിലുള്ള ഭാരം ഉറക്കിവെയ്ക്കാന്‍ കൊതിച്ചിട്ടുണ്ട്…ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചേക്കുമെന്ന ഭയാശങ്കയാവും അതിനേ നിയന്ത്രിച്ചിട്ടുണ്ടാവുക…എത്ര ചേര്‍ത്തു പിടിച്ചിട്ടും ഒരു വല്ലായ്മയുണ്ടല്ലോ ഈ മനസ്സില്‍…? പലപ്പോഴും വിനോദേട്ടന്‍ ചോദിച്ചിട്ടുണ്ട്. ഒന്നുമില്ലെന്ന…ഒരേ മറുപടി പറഞ്ഞതു കേട്ടു കേട്ട്…ഒന്നുമുണ്ടായിരിക്കില്ലെന്ന് സ്വയം തോന്നിത്തുടങ്ങിയിട്ടുണ്ടാവും ആ പാവത്തിനും…
ശ്രീക്കുട്ടി പിറന്നപ്പോഴാണ് ആ സംശയങ്ങളേയെല്ലാം അദ്ദേഹം ഉപേക്ഷിച്ചത്. അന്നു നമ്മള്‍ മദ്രാസിലായിരുന്നു. പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് പോവാതെ അമ്മയേ ഇവിടേക്ക് വരുത്തിയാല്‍ മതിയെന്ന എന്‍റെ വാശിയേ വിനോദേട്ടന്‍ ജയിപ്പിച്ചു. അമ്മയുടെ കണ്ണുകളില്‍ സംശയത്തിന്‍റെ തിരകള്‍ കണ്ടു…ഒന്നും പറയാതെ എല്ലാം അവഗണിച്ചു.
ആറുമാസക്കാലം അമ്മ കൂട്ടുനിന്നു. അനിയത്തിയുടെ വിവാഹത്തിന് പുലര്‍ച്ചയേയാ സ്വന്തം വീട്ടിലെത്തിയത്. ഒരു ദിവസം പോലും സ്വന്തം വീട്ടില്‍ തങ്ങാതെ കെട്ട്യോനേയും കൂട്ടി നാടുവിടുന്ന ലച്ചുവിനേക്കണ്ട് പ്രായമായ പലരും മൂക്കത്ത് വിരല്‍വെച്ചിട്ടുണ്ടാവും. അന്നും ഒരിക്കല്‍ പോലും കാണരുതേയെന്നാഗ്രഹിച്ചൊരു മുഖം മനസ്സിലുണ്ടായിരുന്നു…എന്നേ കണ്ടുവോ എന്നറിയില്ലാ…ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടില്ല.
വിനോദേട്ടന്‍റെ ജോലിമാറ്റത്തിനനുസരിച്ച് പലയിടത്തും ചേക്കേറി. മൂന്നോ നാലോ വര്‍ഷങ്ങള്‍ പലയിടത്തും. അതിനിടയില്‍ ഒരിക്കലും ഇവിടേക്ക് വരാന്‍ കൊതിച്ചില്ല…അനുവാദം ചോദിച്ചിട്ടില്ലാ…പതിമൂന്നു വര്‍ഷങ്ങള്‍ക്കൊന്നും കത്തിച്ചു തീര്‍ക്കാനാവാത്ത ഓര്‍മ്മകള്‍ ഇന്നിപ്പോള്‍ കത്തിയമര്‍ന്നു വെണ്ണീറായിട്ടുണ്ടാവും. വെറുതേ തുറന്നിട്ട ജനലരികിലേക്ക് പോയിരുന്നു. രാത്രി എപ്പോഴാ പെയ്തൊരു മഴയുടെ നീര്‍ത്തുള്ളികള്‍ കണ്ണീരു പോലെ ഇപ്പോഴും ഇറ്റിവീഴുന്നുണ്ട് മരത്തലപ്പുകള്‍ക്കിടയില്‍ നിന്നും…
ലച്ചൂ…ഈ ലോകത്ത് ആരെങ്കിലും, ആരേയെങ്കിലും നീ നിന്‍റെ സേതുവേട്ടനെ വേദനിപ്പിച്ചതു പോലെ നോവിച്ചിട്ടുണ്ടാവുമോ…? ഒരിക്കല്‍…ഒരിക്കലെങ്കിലും എന്നോടൊന്ന് ക്ഷമിക്കാമായിരുന്നില്ലേ ലച്ചൂന്ന്…? ഞാന്‍ ചെയ്തത് അത്രേം വലിയ പാപമാണെന്ന് നീ എന്നേ നീണ്ട പതിമൂന്നുവര്‍ഷക്കാലം കൊണ്ടു പഠിപ്പിച്ചു. അത്രയും കൊടിയ ശിക്ഷ തരണമായിരുന്നോ സേതുവേട്ടന്…?
എത്രയോ വട്ടം കൊതിച്ചിട്ടുണ്ട് നിന്നേയൊന്നു കാണാന്‍…എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞൊന്നു മാപ്പിരിക്കാന്‍…ഒന്നിനും ഒരവസരം തരാതെ…ഒന്നും മറക്കാനാവാത്തതിനാല്‍ ഞാന്‍ കുടിച്ചു. എന്‍റേ അമ്മയേ ഓര്‍ത്ത്…കുറേ വര്‍ഷങ്ങള്‍ ഉരുകി ഉരുകി ജീവിച്ചിരുന്നു. പക്ഷേ…ഒടുവില്‍ എല്ലാം കൈവിട്ടു പോയി. നീ വന്ന് എന്നെ ഒന്നു തല്ലിയെങ്കില്‍…ഒരു ചീത്ത വാക്കെങ്കിലും പറഞ്ഞിരുന്നെങ്കില്‍…എന്നൊക്കെ ഓര്‍ത്തു കൊതിച്ചു കാത്തിരുന്നിട്ടുണ്ട് ഞാന്‍…
പക്ഷേ…ഒരിക്കല്‍ പോലും നീ വന്നില്ലാ. എന്‍റേ മരണം പോലും എനിക്ക് തരാവുന്ന വലിയ ശിക്ഷയാവില്ല അല്ലേ നിന്‍റെ മനസ്സിന്ന്…ലച്ചൂ…മാപ്പ്….മാപ്പ്…അവളിരുന്ന ജനലരികില്‍ വന്നു നിന്നൊരു ആത്മാവിന്‍റേ തേങ്ങല്‍ കേള്‍ക്കാതെ ലച്ചുവിന്‍റെ മനസ്സും തേങ്ങുകയായിരുന്നു.
സേതുവേട്ടാ…ശ്രീക്കുട്ടിയേ കണ്ടിരുന്നോ സേതുവേട്ടന്‍…അവളുണ്ട് എന്നോടൊപ്പം അവളേ സ്നഹിക്കുന്നുണ്ട് ഞാന്‍ ഒരു നേര്‍ത്ത വെറുപ്പു പോലും കാട്ടാതെ….എനിക്ക് അന്നുതൊട്ടിന്നു വരേ ഒരു രാത്രി പോലും മനഃസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലാ സേതുവേട്ടാ…എന്നോട്…..ക്ഷമിക്കണം…