വേണ്ട. കഴിഞ്ഞു.അതും പറഞ്ഞു അമ്മിണി ചേച്ചി മുണ്ടും നേര്യതും ഇടുത്തുകൊണ്ട് ആ കൊച്ചു ഓലപ്പുരയിലേക്ക് ഓടിക്കയറി

ഒരു തരി പൊന്ന് – രചന: അബ്ദുൾ റഹീം പുത്തൻചിറ

“അമ്മിണീ നീ എവിടാ…?” പണി കഴിഞ്ഞു വന്ന തങ്കപ്പേട്ടൻ ഇരുട്ടിലേക്ക് നോക്കി സ്നേഹത്തോടെ വിളിച്ചു ചോദിച്ചു. “ഞാൻ കുളിക്കാ മനുഷ്യാ.” ഇരുട്ടിൽ നിന്നും അമ്മിണി ചേച്ചി വിളിച്ചു പറഞ്ഞു.

“നീ കുളിക്കാനൊക്കെ തുടങ്യ…എന്റെ ദേവീ…എന്താ ഈ കേക്കണേ…” തങ്കപ്പേട്ടൻ അമ്മിണി ചേച്ചിയെ ഒന്നു ആക്കിക്കൊണ്ടു ചോദിച്ചു. “ദേ…മനുഷ്യ എന്റെ വായിൽ നിന്നും കേൾക്കും. പറഞ്ഞേക്കാം…കള്ളും കുടിച്ചു കൊണ്ട് പാതിരാക്ക് ശ്രിങ്കരിക്കാൻ വന്നേക്കണ്…” അമ്മിണി ചേച്ചി വിളിച്ചു പറഞ്ഞു.

“ടീ…നിന്റെ ശബ്ദം മാത്രം കേൾക്കണോള്ളൂല്ലാ…നീ എവിടാ നിക്കണെ…ഞാൻ വരണോ അങ്ങോട്ട്…” ഇരുട്ടിലോട്ട് നോക്കി തങ്കപ്പേട്ടൻവീണ്ടും ചോദിച്ചു. “അയ്യോ…നിങ്ങൾ ഇരുട്ടിൽ വന്നു നിന്നാൽ തിളങ്ങുമല്ലോ…ഒന്നു പോ മനുഷ്യ…മനുഷ്യനെ വട്ടാക്കാതെ…” ചേച്ചി ഗർവിച്ചു പറഞ്ഞു.

“നല്ല മഴക്ക് സാധ്യതയുണ്ട്. നീ വേഗം കുളിച്ചു കേറാൻ നോക്ക്. ഇടിവാളും മിന്നുന്നുണ്ട്…” അപ്പോഴേക്കും കാറ്റു ആഞ്ഞു വീശി. നല്ല ഇടിവാളും ഇടിയും വെട്ടി. ഇടവപ്പാതി വരവ് അറിയിച്ചു മഴ പെയ്തു. തുള്ളിക്ക് ഒരുകുടം എന്ന കണക്കിൽ മഴ പെയ്തു തുടങ്ങി. ടീ…നിന്റെ കുളി കഴിഞ്ഞാ…ഞാൻ വരണോ…

വേണ്ട. കഴിഞ്ഞു…അതും പറഞ്ഞു അമ്മിണി ചേച്ചി മുണ്ടും നേര്യതും ഇടുത്തുകൊണ്ട് ആ കൊച്ചു ഓലപ്പുരയിലേക്ക് ഓടിക്കയറി. “നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട്. ഇരുട്ടത്ത് പോകുമ്പോൾ വിളക്കും കൊണ്ട് പോകാൻ.””ഞാൻ വിളക്കും കൊണ്ടാ പോയത്. കാറ്റുവന്നു അതുകെട്ടു. എത്ര നാളായി പറയണേ…കരന്റിനു അപേക്ഷ വെയ്ക്കാൻ, നിങ്ങ കേട്ട…”

“നമുക്ക് എന്തിനാടി കറന്റ്. ഈ വിളക്കിന്റെ വെട്ടത്തു നിന്നെ കാണാൻ എന്തു ചേലാ. കറന്റ് വന്നാൽ ആ ചേല് പോകില്ലേ….?” തങ്കപ്പേട്ടൻ അമ്മിണി ചേച്ചിയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു. “ഒന്നു മാറു മനുഷ്യ…കള്ളിന്റെ മണം അടിച്ചു. എന്റെ തല പൊളിയണ്….” അമ്മിണി ചേച്ചി ദേഷ്യം അഭിനയിച്ചു പറഞ്ഞു. “ഉവ്വേ…എന്റെ കള്ളിന്റെ മണം ഇല്ലാതെ നിനക്ക് ഉറക്കം വരില്ലെന്ന് ഇനിക്ക് അറിഞ്ഞൂടെ എന്റെ പൊന്നു അമ്മിണീ….തങ്കപ്പേട്ടൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

ഉവ്വ്…നിങ്ങ ഈ പാതിരവരെ എവിടെ പോയേക്കാർന്നു…ഞാൻ ഇവിടെ ഒറ്റക്കാണെന്നുള്ള വിചാരം ഉണ്ടാ നിങ്ങക്ക്…?” അമ്മിണി ചേച്ചി ചോദിച്ചു. “അതിനു പാതിരാ ഇപ്പോഴല്ലേ ആയേ…ഞാൻ നമ്മുടെ ജോസപ്പേട്ടന്റെ പീടികയിൽ ഉണ്ടാർന്നു. നീ ഒറ്റക്കായാൽ എന്താ…നിന്നെ ആരും പിടിച്ചുകൊണ്ട് പോകില്ലല്ലോ. നിന്നെയൊന്നും ഇപ്പൊ ആർക്കും വേണ്ട അമ്മിണി. നീ ഇപ്പൊ പഴയ പതിനാറ് വയസ്സ് അല്ലല്ലോ…കിളവി ആയില്ലേ…കിളവി…” ചിരിച്ചു കൊണ്ടാണ് തങ്കപ്പേട്ടൻ അങ്ങനെ പറഞ്ഞത്.

“ഉവ്വ്…കാലം ഇപ്പൊ നല്ലതല്ല. എന്തൊക്കെ വാർത്തകളാ ദിനേന കേക്കണത്. അതൊക്കെ കേക്കുമ്പോ പേടിയാവേ മനുഷ്യന്….അമ്മിണി ചേച്ചി സങ്കടത്തോടെ പറഞ്ഞു. “അയ്‌…അതിനിപ്പോ എന്താ ഉണ്ടായേ…” “ഒന്നുല്ല മനുഷ്യ…നിങ്ങളു നേരം കാക്കാതെ വന്നു കുടുംബത്തു കേറിയാമതി. എന്തിനാ പാതിരാ ആക്കണെ….നിങ്ങള് വരണവരെ നെഞ്ചില് തീയാ…” അമ്മിണി ചേച്ചി വിഷമത്തോടെ പറഞ്ഞു. “അതിനു ഞാൻ എവിടെ പോകാനാ എന്റമ്മിണി. നീയില്ലാതെ ഞാൻ എവിടേം പോകില്ല. പോരെ…”

“അതിനു നിങ്ങള് ടൂർ പോകണ കാര്യമല്ല പറഞ്ഞേ..നിങ്ങ പാതിരാക്ക് വരുമ്പോ എന്തേലും പറ്റിയാൽ ഇനിക്കാരാ…” കണ്ണു നിറഞ്ഞുകൊണ്ട് ചേച്ചി പറഞ്ഞു. “അങ്ങനെയൊന്നും ഞാൻ പോവില്ലമ്മിണി…നിന്നേം കൊണ്ടേ ഞാൻ പോകൂ…നീ ഇല്ലാതെ ഇനിക്ക് എന്താഘോഷം…” മോഹൻലാലിന്റെ ആക്ഷൻ അനുകരിച്ചുകൊണ്ടു ചേട്ടൻ പറഞ്ഞു. “നിങ്ങ സിൽമക്കാരുടെ കോപ്രായം കാണിച്ചു നടന്നോ…”

“അല്ലാതെ ഞാനിപ്പോ എന്തു ചെയ്യാനാ…”തങ്കപ്പേട്ടൻ നെറ്റി ചുളിച്ചു ചോദിച്ചു. “നിങ്ങ കുളിക്കണില്ലേ…അല്ലെങ്കി മഴ മാറീട്ട് കുളിച്ചാലും മതി…” “എന്റമ്മണീ നിനക്ക് അറിയാലോ ഇനിക്ക് കുളിക്കാണ്ട് ഉറക്കം കിട്ടീല്ലന്ന്. ഞാൻ നിന്നെ പോലെ ആഴ്ച്ചയിൽ അല്ലല്ലോ കുളിക്കാ…” “നിങ്ങള് എന്റെ കയ്യിൽ നിന്നും വേടിക്കും. ഡ്രെസ് മാറുന്നതിനിടയിൽ കയ്യോങ്ങി കൊണ്ട് അമ്മിണി ചേച്ചി പറഞ്ഞു.

“നിന്റെ കയ്യിൽ നിന്ന് എന്തു കിട്ടായാലും ഇനിക്ക് സന്തോഷാ…” കുളിക്കാൻ വേണ്ടി തോർത്തും ഇടുത്തുകൊണ്ട് പുറത്തേക്കു ഓടുന്നതിനിടയിൽ തങ്കപ്പേട്ടൻ പറഞ്ഞു. “അതേയ് വിളക്കും കൊണ്ട് പോയാ മതി…നനഞ്ഞു കിടക്ക….” “ഉം…” കുളികഴിഞ്ഞു വന്ന തങ്കപ്പേട്ടന്റെ തല തോർത്തി കൊടുക്കുന്നതിനിടയിൽ അമ്മിണി ചേച്ചിയെ കെട്ടിപ്പിടിച്ചുകൊണ്ട് തങ്കപ്പേട്ടൻ അമ്മിണി ചേച്ചിയുടെ കയ്യിൽ ഒരു പൊതിവെച്ചു കൊടുത്തു. സംശയത്തോടെ അതു തുറന്ന അമ്മിണി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു…

ഒരു കുഞ്ഞു മൂക്കുത്തി…അതും പൊന്നിന്റെ…ഇപ്പോൾ അമ്മിണിച്ചേച്ചി ഇരുട്ടിൽ നിന്നാലും തങ്കപ്പേട്ടൻ കാണും…തങ്കപ്പേട്ടന്റെ ആഗ്രഹത്താൽ ചേച്ചി കുത്തിയ മൂക്കുത്തിക്ക് നക്ഷത്രത്തേക്കാൾ തിളക്കം ആയിരുന്നു.