അലീന – രചന : അബ്ദുൾ റഹീം
എട്ടാം ക്ലാസിൽ പടിക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്. ആരോടും മിണ്ടാതെ ബെഞ്ചിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി ഇരിക്കുന്നത് കാണാം. ആരും അവളോട് മിണ്ടുന്നതോ അവൾ ആരോടെങ്കിലും മിണ്ടുന്നതോ കാണാറില്ല.
ഞാനും എട്ടാം ക്ലാസിൽ വന്നു ചേർന്നതാണ്. അതുകൊണ്ട് എല്ലാവരും പുതുമുഖങ്ങളായിരുന്നു. അവൾ നന്നായി പടിക്കുമായിരുന്നു. ഒരു ദിവസം അവൾക്കു ക്ലാസ്സിൽ വെച്ചു വയ്യാതെ ആയി. അവളെ വീട്ടിൽ കൊണ്ട് പോകാൻ ആരോടെങ്കിലും കൂടെ ചെല്ലാൻ ടീച്ചർ പറഞ്ഞു.
പക്ഷെ പെണ്കുട്ടികൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതല്ലാതെ ആരും അതിനു തയ്യാറായില്ല. അവസാനം ടീച്ചർ തന്നെ ഒരു ഓട്ടോ വിളിച്ചു അവളെ കൊണ്ടു പോയി. അതെന്താടാ അവളുടെ കൂടെ ആരും പോകാത്തെ, ഞാൻ അടുത്തിരുന്ന വിനിലിനോടു ചോദിച്ചു.
ആ ആർക്കറിയാം…അവൻ കൈ മലർത്തി…
അപ്പോൾ അവളെ കുറിച്ചു നിങ്ങൾക്കു ഒന്നുമറിയില്ലേ മുൻബെഞ്ചിലിരുന്ന രമേശ് ചോദിച്ചു.
ഇല്ല എന്താ…?
അവളുടെ അമ്മ പിശകാ അവൻ പറഞ്ഞു.
പിശകോ ഇനിക്കു മനസിലായില്ല.
ടാ അവളുടെ അമ്മ പോക്ക് കേസാണെന്ന്. എല്ലാവരും അങ്ങനെയാ പറയുന്നത് മനസിലായോ. അതിനു അവൾ എന്തു തെറ്റു ചെയ്തു. എന്റെ ചോദ്യത്തിനു ആരും ഒന്നും പറഞ്ഞില്ല.
അങ്ങനെ ഒരു ഓണ അവധിക്കു ക്ലബ്ബിന്റെ ഓണപ്പരിപാടിയുടെ ഭാഗമായി പിരിവിന് വേണ്ടി അപ്രതീക്ഷമായി അവളുടെ വീട്ടിൽ പോകേണ്ടി വന്നു. ആരുമില്ലേ ഇവിടെ. എന്റെ ചോദ്യത്തിനു അവളായിരുന്നു ഇറങ്ങി വന്നത്. അപ്പോഴാണ് മനസിലായത് അത് അവളുടെ വീടാണെന്നു. ഞാൻ ചിരിച്ചു അവളും. നോട്ടീസ് കൊടുത്തു പതുക്കെ അവിടെ നിന്നുമിറങ്ങി.
പിരിവ് ചോദിക്കാൻ തോന്നിയില്ല. കാരണം വീടിന്റെ അവസ്ഥ അങ്ങനെ ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവളോട് സംസാരിക്കാൻ ശ്രമിച്ചു. പേടിച്ചാണെങ്കിലും അവളും എന്നോട് മിണ്ടി തുടങ്ങി. ഞാൻ മിണ്ടിത്തുടങ്ങിയത് കൊണ്ടാണോന്നറിയില്ല മറ്റുള്ളവരും അവളോട് സംസാരിച്ചു. ഞങ്ങളുടെ സംസാരങ്ങളിൽ അവളുടെ വീട്ടു വിശേഷങ്ങളും പറഞ്ഞു.
അച്ഛനും അമ്മയും സ്നേഹിച്ചാണ് കല്യാണം കഴിച്ചത്. അതു കൊണ്ട് രണ്ടു വീട്ടിൽ നിന്നും പുറത്തായി. അവളുടെ ചെറിയ പ്രായത്തിൽ അച്ചൻ മരിച്ചു. ഒറ്റക്ക് താമസിക്കുന്ന പെണ്ണുങ്ങൾക്കു നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും അവളുടെ അമ്മക്കും നേരിടേണ്ടി വന്നു. രാത്രി ആയാൽ പകൽ മാന്യന്മാരുടെ മുഖം മൂടി അഴിയും. ആദ്യമൊക്കെ വേലിക്കു പുറത്തു വെച്ചായിരുന്നു ഒച്ചയും ബഹളങ്ങളും. പിന്നീട് വീടിന്റെ മിറ്റത്തു വരെയെത്തി.
ഒടുവിൽ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. അകത്തേക്ക് കയറിയ ഒരുവനെ തലയണയുടെ അടിയിൽ വെച്ച വെട്ടുകത്തി കൊണ്ടാണ് അമ്മ നേരിട്ടത്. പിന്നീട് ആരും അകത്തേക്ക് കടക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ അപ്പോഴേക്കും വേശ്യ എന്ന വിളി അമ്മക്ക് കിട്ടിയിരുന്നു. ഞാൻ വേശ്യയുടെ മകളും. അതുകൊണ്ടാകാം ആരും എന്നോട് കൂട്ടുകൂടാൻ വരാത്തത്.
ആദ്യമൊക്കെ വിഷമമായിരുന്നു. പിന്നീട് എല്ലാം ജീവിതത്തിന്റെ ഭാഗമായി. പക്ഷെ ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്. നീ മിണ്ടിത്തുടങ്ങിയത് മുതലാണ് എല്ലാവരും എന്നോട് സംസാരിക്കുന്നത് അതുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോൾ അവൾ പഴയതുപോലെയല്ല എല്ലാവരോടും നല്ല സൗഹ്രദത്തിലാണ്.
പഠനത്തിൽ അവൾ ഒന്നാമതായിരുന്നു. എന്റെയും കൂട്ടുകാരുടെയും ഹോം വർക്കുകൾ അവളായിരുന്നു ചെയ്തു തന്നിരുന്നത്. അവളിപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടവളായി. അവൾക്കു ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കണം, അമ്മയെ നോക്കണം, ആരുടെ മുൻപിലും കൈനീട്ടരുത്. എല്ലാം ഇനിക്കു സാധിക്കണം. അതുക്കെ പറയുമ്പോൾ അവളുടെ മുഖം വിടർന്നിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പെരുമാറ്റമായിരുന്നില്ല അവൾക്ക്. വർഷങ്ങൾ കടന്നു പോയി. ഓരോ ക്ലാസ്സിലും അവൾ ഒന്നാമതായിരുന്നു. അങ്ങനെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു. എല്ലാവരും യാത്ര പറയുന്ന കൂട്ടത്തിൽ അവളും യാത്ര പറഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു കൂട്ടത്തിൽ എന്റെയും.
ഞാൻ കൊടുത്ത ഓട്ടോഗ്രാഫിൽ അവൾ ഇങ്ങനെ എഴുതിയിരുന്നു . “മരണം വരെ മറക്കില്ല” സ്നേഹത്തോടെ….സ്വന്തം അനുജത്തി…..അലീന….
ചില സൗഹ്രദങ്ങൾ അങ്ങനെയാണ്. പ്രണയത്തിനേക്കാളും സുഖമുള്ള ഒരു ആത്മ ബന്ധം ഉണ്ടാകും. കൂടെ പിറക്കാതെപോയ കൂടപ്പിറപ്പിനെ പോലെ.