മ്മടെ ചെറിയ ഒരു കുരുത്തക്കേട് – രചന: ദിവ്യ അനു അന്തിക്കാട്
ഒരു ആറാംക്ലാസ്സിൽ പഠിക്കുന്ന സമയം. മാമൻ അങ്ങനേം ഇങ്ങനേം ഡ്രെസ്സൊന്നും എടുത്തുതരൂല (നാട്ടിലില്ല ).അതവണത്തെ വിഷുവിനു നിക്കും ചേച്ചിക്കും ഓരോ ജോഡി ഡ്രെസ്സൊക്കെ കൊണ്ടുവന്നു.
വല്യേ ഗമയിൽ ഫ്രോക്കും ഇട്ടു ലാലലാം പാടി അടുത്തുള്ള വീടിന്റെ വഴിക്കൂടെ ഒക്കെ പോയി (ഡ്രസ്സ് പുതിയതാണോ എന്ന ചോദ്യം കേൾക്കലാണ് മുഖ്യം ).
അങ്ങനെ വൈകുന്നേരം ആയി. അമ്മ വിളിച്ചുകൂവുന്നുണ്ട്….”അതങ്ങോട്ടു ഊരിയിട് പിള്ളേരെ. വല്ലോം കിട്ടിയാൽ നശിപ്പിക്കുന്ന വരെ ഇട്ട് നടക്കും…” അമ്മേടെ കയ്യും കാലും പിടിച്ചു അന്നത്തെ ദിവസം മുഴുവനും ഇടാൻ പെർമിഷൻ കിട്ടി. ഞാൻ ഇട്ടു വിലസുമ്പോ ചേച്ചി പറഞ്ഞു. അമ്മെ ഞാൻ ഊരില്ല. അവൾ എപ്പോളാ ഊരുന്നേ അപ്പൊ ഞാനും ഊരുവുള്ളു.
രണ്ടാൾടേം സ്വഭാവം അറിയുന്ന ആൾ ആയോണ്ട് അമ്മ ഒന്നും പറഞ്ഞില്ല. സമയം രാത്രി എട്ട് മണി ആയിട്ടുണ്ടാകും. മ്മടെ ചേച്ചിക്ക് ബാത്‌റൂമിൽ പോണം (തീരെ പേടിയില്ലത്തോള ). പണ്ടത്തെ വീടല്ലേ…ബാത്റൂമിന്റെ ഡോർ ഒക്കെ ജാംബവാന്റെ കാലത്തേ ആണെന്ന തോന്നണേ.
അങ്ങനെ ഓൾ ബാത്‌റൂമിൽ കേറി കതകടച്ചതും എന്റെ കൈ സ്വിച്ച് ബോർഡിലോട്ട് നീണ്ടു. ലൈറ്റ് ഓഫ് ആക്കിയതും തൊണ്ടകൊഴലീന്നു ഒരു ശബ്ദം അങ്ങോട്ട് ഇട്ടു കൊടുത്തു (അന്നത്തെ പ്രേത പടങ്ങളിലെ അതെ ശബ്ദം….) എന്നെ സമ്മതിക്കണം.
പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയി. അവളെങ്ങോട്ടു അലറിക്കരഞ്ഞു ബാത്റൂമിന്ന് ഇറങ്ങിയോടി. അമ്മേം ബാക്കി വീട്ടിലുള്ള ആളോളും ഇറങ്ങിയോടി അവളുടെ അടുത്തോട്ടു. “ഞാൻ പതുക്കെ വാതിലിന്റെ പുറകിലോട്ടു മാറി…”
ദാണ്ടെ അവളേം താങ്ങിപിടിച്ചു വരുന്നു. നോക്കിയപ്പോ ന്റെ തലയല്ല ദേഹം മൊത്തം കറങ്ങി. അവളുടെ വിരല് പാതിയോളം മുറിഞ്ഞു തൂങ്ങി. പേടിച്ചു ഓടിയപ്പോ തുരുമ്പ് പിടിച്ച വാതിലിൽ വിരൽ കൊളുത്തിയത്രെ.
എല്ലാരും ആശുപത്രി പോവാൻ തയ്യാറായി. അതിനിടെൽ അമ്മ ഈ പാവം എന്നെ തേടിപ്പിടിച്ചു നടും പുറത്തു നാലഞ്ചടി. ശ്വാസം പോയി…ന്നിട്ട് പോകുന്ന പോക്കിൽ ഒരു പറച്ചിലും “ബാക്കി വന്നിട്ട് തരാടി കുരുത്തംകെട്ടോളെ…” (എന്റെ കാര്യം ഏതാണ്ട് തീരുമാനമായി )
വേദനേടെ ഇടയിലും അവൾ പറഞ്ഞോണ്ടേ ഇരുന്നു “അമ്മെ ന്റെ ഉടുപ്പ് മൊത്തം ചോരയായി. അവളുടെ ഉടുപ്പ് എനിക്ക് വേണം”. അപ്പൊ ഉടുപ്പിന്റെ കാര്യോം ഒരു തീരുമാനത്തിലെത്തി.
വർഷങ്ങൾ കഴിഞ്ഞു. ഓൾ നാട്ടിൽ വരുമ്പോ ആ കയ്യിലെ മായാത്ത പാട് കാണുമ്പോ വല്ലാത്തൊരു സങ്കടം വരും. പിന്നെ സ്വയം സമാധാനിക്കും ഇത്രേം പേടി പെൺകുട്ടിയോൾക്കു പാടോ…?