രചന: ഷൈനി വർഗീസ്
സ്കൂൾ കുട്ടികൾക്ക് മാസക്ക് നിർബദ്ധം. മുഖ്യമന്ത്രിയുടെ ഈ പ്രസ്ഥാവന കേട്ടതും ആഷിക് കൈ കൊട്ടി തുള്ളിച്ചാടി. എന്താടാ നിനക്കിത്ര സന്തോഷം അമ്മയുടെ ചോദ്യം കേട്ടതും ആഷിക് അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു. അമ്മേ ഈ വർഷം സ്കൂൾ തുറന്ന് കഴിഞ്ഞാൽ മാസ്ക്ക് വെച്ച് വേണം സ്കൂളിൽ പോകാൻ…
അതിനെന്തിനാ നീ ഇങ്ങനെ തുള്ളിച്ചാടുന്നേ
**********************************
അമ്മക്കറിയില്ലാലോ എൻ്റെ സങ്കടം. ഞാൻ ഇന്നുവരെ പറഞ്ഞിട്ടും ഇല്ല എൻ്റെ സങ്കടം അമ്മയോട്…7 ക്ലാസ്സ് വരെ വീടിൻ്റെ അടുത്തുള്ള സ്കൂളിലാ പഠിച്ചത്. അവിടെ 7 വരെയേയുള്ളു. ഇനി ടൗണിലെ സ്കൂളിൽ പോയി വേണം പഠിക്കാൻ. ഇത്രയും നാൾ ഇവിടെയുള്ളവരുടെ കളിയാക്കലുകൾ കേട്ടാൽ മതിയായിരുന്നു. പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ ഓർത്തിട്ട് തന്നെ സങ്കടമാകുകയായിരുന്നു.
അപ്പോഴാ മുഖ്യമന്ത്രിയുടെ ഈ പ്രസ്ഥാവന. സന്തോഷിക്കാതിരിക്കാൻ പറ്റോ…
***********************
അമ്മക്ക് പറഞ്ഞാ മനസ്സിലാകില്ലാമ്മേ എൻ്റെ സന്തോഷം. മാസ്ക്ക് വെച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒരുപോലെയല്ലേ…
മോനേ നീ പറയുന്നത്…
അതെയമ്മേ അമ്മയെ സങ്കടപ്പെടുത്താൻ വയ്യാത്തോണ്ടാ ഞാനിത്രയും നാൾ പറയാതിരുന്നത്.
മോനെ കൂട്ടുകാർ കളിയാക്കാറുണ്ടോ…? ഉണ്ടമ്മേ ചില കുട്ടികൾക്ക് എൻ്റെ അടുത്ത് ഇരിക്കാൻ പോലും അറപ്പാണ് മാറി പോടാന്നും പറഞ്ഞ് മാറ്റി വിടും.
എന്നിട്ട് മോൻ ഇതുവരെ ഇവിടെ പറഞ്ഞിട്ടില്ലല്ലോ…? കൂട്ടുകാർ എന്നെ ഒറ്റപ്പെടുത്താറുണ്ടന്ന് അമ്മ അറിഞ്ഞാൽ അമ്മക്ക് സഹിക്കോ അച്ഛനെ ഓർത്ത് അമ്മക്ക് ഒത്തിരി സങ്കടം ഉണ്ട്. അതിൻ്റെ കൂടെ ഞാനും കൂടെ…
അമ്മേടെ പൊന്നുമോനെ മോനിത്രയൊക്കെ ചിന്തിക്കുന്നണ്ടന്ന് അമ്മ ഇപ്പഴാ അറിഞ്ഞത്.
സാരമില്ലമ്മേ ഇനി കുറെ നാളത്തേക്ക് ആരും ഒന്നും അറിയില്ലാലോ…അതോർത്താ എനിക്ക് സന്തോഷമായത്.
എന്നാലും എൻ്റെ കുഞ്ഞ്…അയ്യേ അമ്മ കരയുവാണോ…സന്തോഷിക്കുവല്ലേ വേണ്ടത്.
ഹല്ല അമ്മേ മോനും കൂടെ എന്താ ഇത്ര സ്വകാര്യം പറച്ചിൽ…അല്ല ഇതാര് മനുവോ എന്താ വിശേഷം…? ഒന്നുമില്ല ചേച്ചി ഞങ്ങള് കുറച്ച് ചെറുപ്പക്കാർ ചേർന്ന് ഈ കൊറോണ കാലത്ത് ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനായി ഒരു സംഘടനക്ക് രൂപം നൽകി. ദുരിതം അനുഭവിക്കുന്നവർക്കും പട്ടിണി ആയവർക്കും സഹായം എത്തിക്കുക എന്നതാണ് ഉദേശം ഇവിടെ എന്തേലും ബുദ്ധിമുട്ട് ഉണ്ടോന്നറിയാനാ ഇവിടെ വന്നത്.
ഇല്ല മനു ഞാൻ ജോലിക്ക് പോകുന്നുണ്ടല്ലോ. ഞാൻ ജോലിക്ക് പോകുന്ന വീട്ടുകാർ ചേട്ടനുള്ള മരുന്നും വാങ്ങി തരും. അതുകൊണ്ട് വല്യ കുഴപ്പമില്ലാതെ പോകുന്നു.
ആ ചേച്ചി മോനെവിടെ പോയി. ഞാൻ വന്നപ്പോ ഇവിടെ ഉണ്ടായിരുന്നല്ലോ…
മനുനെ കണ്ടതുകൊണ്ട് അകത്തേക്ക് പോയതായിരിക്കും. ചേച്ചി അവനെ വിളിച്ചേ ഞാനൊരു കാര്യം പറയട്ടെ അവനോട്…മോനേ ആഷിക് ഇങ്ങോട് ഒന്നു വന്നേ…നാണിക്കണ്ട കുട്ടാ ഞാൻ നിന്നെ കളിയാക്കില്ല. ഒരു സന്തോഷമുള്ള കാര്യം പറയാൻ വേണ്ടിയാ വിളിച്ചത്.
അത് ചേച്ചി നിങ്ങൾ ഇത്തിരിമുൻപ് സംസാരിച്ചതൊക്കെ ഞാൻ കേട്ടു. എനിക്ക് അവനെ സഹായിക്കാൻ പറ്റും ചേച്ചി. അവൻ വളർന്നു വരുവല്ലേ. ഇനി താമസിപ്പിക്കണ്ട അവൻ്റെ ഓപ്പറേഷൻ ഉടനെ നമുക്ക് നടത്താം.
മോനെ അതിനൊക്കെ ഒരു പൈസ വേണ്ടേ…
ചേച്ചി 18 വയസിൽ താഴെയുള്ള കുട്ടികളുടെ ചികിത്സക്കായി ഗവൺമെൻ്റ് നമ്മളെ സഹായിക്കും. മുച്ചുണ്ട് ഓപ്പറേഷൻ ചെയ്ത് മാറ്റിയെടുക്കാൻ പറ്റും.
മനുചേട്ടാ മനുചേട്ടൻ പറഞ്ഞത് സത്യമാണോ…ആണെങ്കിൽ എന്നെ സഹായിക്കാമോ. ഞാൻ പഠിച്ച് ജോലി കിട്ടി കഴിയുമ്പോൾ ചേട്ടന് പൈസ തിരിച്ച് തരാം.
അതൊക്കെ പിന്നത്തെ കാര്യമല്ലേ അത് നമുക്ക് ആലോചിക്കാവുന്നതേയുള്ളു. ആഷിക് ഒരുങ്ങിയിരുന്നോളു നമുക്ക് നാളെ തന്നെ ആശുപത്രിയിൽ പോയി ഓപ്പറേഷനുള്ള ഏർപ്പാട് ചെയ്യാം.
സ്കൂൾ തുറക്കും മുൻപ് ഓപ്പറേഷൻ ചെയ്യാൻ പറ്റോ മനുചേട്ടാ…നമുക്ക് ശ്രമിക്കാം ആഷിക്. എന്നാൽ ശരി ചേച്ചി ഞാൻ പോകുവാ ശരി ആഷിക്. ശരി മനു…
മനു പോയതും ആഷിക് അമ്മയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. അമ്മേ എൻ്റെ വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ഈ വെള്ളം അതാണമ്മേ എല്ലാവർക്കും എന്നോട് അറപ്പ്. എന്നെ അറക്കാതെ ദാ ഇങ്ങനെ ചേർത്ത് പിടിക്കുന്നത് എൻ്റെ അമ്മ മാത്രമാണ്. പുതിയ സ്കൂളിൽ ചെല്ലുമ്പോൾ എനിക്കും കിട്ടും അല്ലേ അമ്മേ പുതിയ കൂട്ടുകാർ.
കിട്ടും മോനെ മോൻ്റെ ഓപ്പറേഷൻ കഴിഞ്ഞ് മോൻ പുതിയ സ്കൂളിൽ ചെല്ലുമ്പോൾ അവിടെ എന്തേലും വൈകല്യം ഉള്ള കുട്ടികളെ കണ്ടാൽ അവരെ കളിയാക്കി മാറ്റി നിർത്തരുത്. വൈകല്യം ദൈവം തന്നതാണ്.
ഇല്ലമ്മേ ഒരിക്കലും ഞാനങ്ങനെ ചെയ്യില്ല. ഞാൻ പഠിച്ച് ജോലി കിട്ടി കഴിയുമ്പോൾ ഇങ്ങനെയുള്ളവരെ സഹായിക്കും അതാണ് എൻ്റെ സ്വപ്നം.
ഇത് ഒരു കഥ മാത്രമാണ്
ഇഷ്ടമായെങ്കിൽ രണ്ട് വാക്ക് എനിക്കായ്. നിങ്ങളുടെ പ്രോത്സാഹനമാണ് എൻ്റെ ഊർജം