രാത്രി ബാലുവിന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുകയായിരുന്നു ആര്യ. തന്നെ കുറിച്ചോർത്തു എനിക്ക് എന്നും അഭിമാനമേയുള്ളു ആര്യ..

ജീവിതം – രചന: ഭദ്ര മനു

ഒറ്റ പാർട്ടിൽ അവസാനിപ്പിച്ച ഒരു കഥ വായനക്കാരുടെ അവശ്യപ്രകാരം ഒരു പാർട്ട്‌ കൂടി എഴുതുകയാണ്. ആദ്യഭാഗത്തിന്റെ അത്രയും നന്നായിട്ടില്ല. എങ്കിലും എല്ലാവർക്കും വേണ്ടി ഞാൻ എന്റെ മാക്സിമം ശ്രമിച്ചിട്ടുണ്ട്.

ആദ്യ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കടയിൽ തിരക്കിട്ട ജോലിയിലായിരുന്നു രേവതി. ഗൾഫിൽ നിന്ന് ആര്യയുടെ ഭർത്താവ് ബാലു വരുന്നുണ്ട്. ഒരാഴ്ചയേ നാട്ടിൽ കാണൂ…തിരിച്ചു പോവുമ്പോൾ നല്ല അച്ചാറുകൾ കൊടുത്തു വിടാൻ ഉണ്ടാക്കി തരണമെന്ന് ആര്യ പറഞ്ഞിരുന്നു. നല്ല ചേന അച്ചാറും ബീഫ് അച്ചാറും മാങ്ങ അച്ചാറും തയ്യാറായി കഴിഞ്ഞു. കടയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അവൾ തന്നെയാണ് വാങ്ങികൊണ്ടിരുന്നത്…എന്ത് ഉണ്ടാക്കിയാലും അത് വെടിപ്പായി ചെയ്യണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു…ആ നിർബന്ധം കൊണ്ട് തന്നെയാണ് അവളുടെ ഉത്പന്നങ്ങൾക്ക് അവശ്യക്കാർ ഏറിയതും…

എല്ലാം റെഡി ആയെന്ന് ഉറപ്പായ ശേഷം കട ജോലിക്കാരെ ഏൽപ്പിച്ച ശേഷം രേവതി തന്റെ ബാഗുമെടുത്തു പുറത്തേക്ക് ഇറങ്ങി….ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ഇനി തന്റെ പഠിപ്പിനുള്ള സമയമാണ്. അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ ഒപ്പിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു. തനിക്ക് കിട്ടാതെ പോയ പലതും താൻ തന്നെ നേടിയെടുക്കുമെന്നു അവൾക്ക് നല്ല വാശിയുണ്ടായിരുന്നു. അതിൽ ഒന്നാമത് ആയിരുന്നു തന്റെ മുടങ്ങിയ വിദ്യഭ്യാസം.

ആര്യ ഒരുപാട് പഠിച്ച കുട്ടിയാണ്. ഏതോ വലിയ കമ്പനിയിലെ ജോലിക്കാരിയും ആണ്…അത്പോലെ ഒന്നും ആയില്ലെങ്കിലും എന്തെങ്കിലുമൊക്കെ തനിക്കും ആയേ പറ്റൂ…കോളേജിൽ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു കടയിലേക്ക് എത്തിയ രേവതി അന്നത്തെ ചിലവുകളും കണക്കുകളും നോക്കി….നഷ്ട്ടങ്ങൾ ഒന്നും തന്നെയില്ല…അവൾ കട പൂട്ടി ഇറങ്ങി…ബസ് സ്റ്റോപ്പിലേക്ക് കുറച്ചു ദൂരമേയുള്ളു. വെയ്റ്റിംഗ് ഷെഡിലേക്ക് കേറി നിന്ന് കൊണ്ട് അവൾ തന്റെ കടയിലേക്ക് നോക്കി.

നന്മ….അതാണ് കടയുടെ പേര്…നന്മയും സ്നേഹവും ചേർത്ത് താൻ ഉണ്ടാക്കിയ അച്ചാറുകളും പലഹാരങ്ങളുമാണ് അവിടെ വിൽക്കുന്നത്. ചെറുതാണ്…. ചെറിയൊരു കട. പക്ഷെ അത് നല്കുന്ന പ്രത്യാശയിലൂടെ ജീവിച്ചു പോവുന്നത് താനടക്കമുള്ള അഞ്ചു സ്ത്രീ ജന്മങ്ങളാണ്. സന്തോഷമോ അഭിമാനമോ എന്നറിയില്ല. അവളുടെ നെഞ്ചോന്നു തുടിച്ചു.

*************

രേവതി വീട്ടിൽ ചെല്ലുമ്പോഴേക്കും ആര്യ എയർപോർട്ടിൽ പോയി ബാലുവിനെ കൂട്ടി കൊണ്ട് വന്നിരുന്നു. അയാളെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു. ആഹാ ഇതാണല്ലേ ആര്യ പറഞ്ഞ ആള്….പക്ഷെ പറഞ്ഞതിനേക്കാൾ പാവം ആണല്ലോ നേരിട്ട് കാണുമ്പോൾ…

കാണുംപോലെ ഒന്നുമല്ല ബാലു…ഇവൾ മിടുമിടുക്കിയാ…ആര്യ പുഞ്ചിരിയോടെ പറഞ്ഞു. താൻ വന്നതല്ലെയുള്ളു….ഫ്രഷ് ആയിട്ടൊക്കെ വാ ബാലു രേവതിയെ നോക്കി പുഞ്ചിരിച്ചു. രേവതി മുറിയിൽ കേറി കുളിച്ചു വസ്ത്രം മാറ്റി ഹാളിലേക്ക് ചെന്നു. ആര്യ ഡൈനിങ്ങ് ടേബിളിലേക്ക് ഭക്ഷണം എടുത്തു വെയ്ക്കുകയായിരുന്നു. രേവതിയും അവളെ സഹായിച്ചു. എല്ലാം എടുത്തു വെച്ചു കഴിഞ്ഞപ്പോ ആര്യ ബാലുവിനെ കഴിക്കാൻ വിളിച്ചു. ബാലുവും ആര്യയും ഇരുന്നെങ്കിലും രേവതിയൊന്നു മടിച്ചു നിന്നു.

എന്താടി നീ ഇരിക്കുന്നില്ലെ ആര്യ അവളെ നോക്കി. ഞാൻ പിന്നെ കഴിച്ചോളാം ആര്യ….നിങ്ങളിപ്പോ കഴിച്ചോളൂ….കൊറേ നാളുകൾക്കു ശേഷം കാണുന്നതല്ലേ. എടോ ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ല. താനിരിക്ക് ബാലു രേവതിയ്ക്കായി കസേര വലിച്ചിട്ടു. രേവതി മടിച്ചു മടിച്ചു ഇരുന്നു കഴിക്കാൻ തുടങ്ങി. തന്റെ വീട്പണിയൊക്കെ എന്തായി….??? ബാലു തിരക്കി.

സ്ഥലം കണ്ടിട്ടുണ്ട്. സെന്റിന് 2 ലക്ഷം ആണ് ചോദിക്കുന്നത്. ഒരു നാലു സെന്റ് ഭൂമി കിട്ടിയാൽ മതി. പക്ഷെ പൈസ വേണ്ടേ….രേവതി വിഷണ്ണയായി പറഞ്ഞു. പൈസയുടെ കാര്യത്തിൽ നീ വിഷമിക്കണ്ട രേവു….അത് ഞങ്ങൾ തരാം…നീ സാവധാനം തിരികെ തന്നാൽ മതി…ആര്യ പറഞ്ഞു. അയ്യോ അതൊന്നും വേണ്ട ആര്യ….ഇപ്പോൾ തന്നെ നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തു കഴിഞ്ഞു. ഇനിയും വേണ്ട…രേവതിയുടെ കണ്ണ് നിറഞ്ഞു. ഏയ്‌ അങ്ങനെ ഒന്നും കരുതണ്ട രേവു. ഞങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ പണമുണ്ട്. അതൊക്കെ ആർക്ക് കൊടുക്കാനാണ്. ദൈവം ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നില്ലല്ലോ….പിന്നെയാർക്ക് വേണ്ടിയാണു ഞങ്ങൾ ഇതൊക്കെ കാത്തു സൂക്ഷിച്ചു വെക്കേണ്ടത്…? ആര്യയുടെ കണ്ണ് നനഞ്ഞു. രേവതി സങ്കടത്തോടെ ബാലുവിനെ നോക്കി. അയാളുടെ കണ്ണും നിറഞ്ഞിരിക്കുന്നു.

ഇത് രേവതി ഉണ്ടാക്കിയതാണോ…? മേശപുറത്തിരുന്ന അച്ചാർകുപ്പിയെടുത്തു കൊണ്ട് അയാൾ പെട്ടന്ന് വിഷയം മാറ്റി. ങ്ങാ അതേ….രേവതി പുഞ്ചിരിയോടെ പറഞ്ഞു. അയാൾ അടപ്പ് തുറന്നു കുപ്പിയിൽ നിന്നും ഒരു കണ്ണിമാങ്ങായെടുത്തു നാവിലേക്ക് വെച്ചു. ആഹാ കൊള്ളാലോ…നല്ല ടേസ്റ്റ് ഉണ്ടല്ലോ….കറക്റ്റ് പുളിയും ഉപ്പും…കഴിച്ചോ കഴിച്ചോ…ഗൾഫിൽ ഒന്നും കിട്ടാത്ത സാധനമല്ലേ…ആര്യ കുറുമ്പൊടെ അയാളുടെ കയ്യിൽ നുള്ളി. ചിരിയും കളിയുമായി അവർ ഭക്ഷണം കഴിച്ചു.

***************രാത്രി ബാലുവിന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുകയായിരുന്നു ആര്യ. തന്നെ കുറിച്ചോർത്തു എനിക്ക് എന്നും അഭിമാനമേയുള്ളു ആര്യ. താൻ ചെയ്തതതൊരു നല്ല കാര്യമാണ്. ബാലു ഭാര്യയുടെ നെറ്റിയിൽ ചുണ്ടമർത്തി. നീ ഒന്ന് ആലോചിച്ചു നോക്ക്. നീ അന്ന് കയ്യൊഴിഞ്ഞുവെങ്കിൽ ആ പെൺകുട്ടി എന്ത് ചെയ്യുമായിരുന്നു. ഏതെങ്കിലും പാളത്തിലോ കുളത്തിലോ ആ ജീവിതം പൊലിഞ്ഞു പോകുമായിരുന്നു…അല്ലേ…

ശരിയാ ബാലു…വെറും രണ്ട് വർഷമേ അവൾ എന്റെ കൂടെ പഠിച്ചിട്ടുള്ളു. എനിക്ക് വേണമെങ്കിൽ അവളെ ഒഴിവാക്കാമായിരുന്നു. പക്ഷെ നമ്മൾ കാരണം ഒരാളെങ്കിലും രക്ഷപെട്ടാൽ അത് നല്ലതല്ലേ ബാലു…ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപെടുമോ…? എന്താ ബാലു ആര്യ അയാളുടെ കണ്ണിലേക്കു നോക്കി. നമുക്ക് രേവതിയെ സാഗറിന് വേണ്ടി ഒന്ന് ആലോചിച്ചു കൂടെ…ആര്യയുടെ കണ്ണുകൾ വിടർന്നു. ഞാനിത് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു ബാലു. രണ്ടാളും ചേരും..രണ്ട് പേരും ദാമ്പത്യജീവിതത്തിൽ ഒരുപാട് കയ്പുനീര് കുടിച്ചവർ. ജീവിതത്തിൽ ഒറ്റപെട്ടു പോയവർ. അവർ ഒരുമിച്ചാൽ അവർക്ക് തന്നെയാണ് ഗുണം.

പക്ഷെ രേവതി സമ്മതിക്കുമോ?? സമ്മതിക്കും ബാലു. ശാന്തതയും സമാധാനവും നിറഞ്ഞൊരു കുടുംബജീവിതം അവൾ ആഗ്രഹിക്കുന്നുണ്ട്. അതെനിക്കറിയാം. എങ്കിൽ നീ അവളോട് സംസാരിക്ക്….നാളെ സൺ‌ഡേ അല്ലേ…ആ കുട്ടിക്ക് ഷോപ്പിൽ പോണ്ടല്ലോ. ഞാൻ വന്നത് അറിഞ്ഞു എന്തായാലും സാഗർ ഇവിടെ വരും. എന്തായാലും അവർ തമ്മിൽ കാണട്ടെ….ബാക്കി നമുക്ക് ശരിയാക്കാം. മ്മ് ആര്യ സന്തോഷത്തോടെ മൂളി…

***************

പിറ്റേന്ന് രാവിലെ ബാലു അമ്പലത്തിൽ പോവാനായി ഒരുങ്ങിയിറങ്ങി. ഞാൻ അമ്പലത്തിൽ കേറിയിട്ട് ആ വഴി സാഗറിനെ കാണാൻ പോവുന്നുണ്ട്. ഞാനൊന്ന് അവനുമായി സംസാരിക്കട്ടെ. എന്നിട്ട് ഞങ്ങൾ ഒരുമിച്ചിങ്ങു വരാം. മ്മ്…പോയിട്ട് വാ….ആര്യ അയാളെ യാത്രയാക്കി. ഏറെ വൈകിയാണ് ബാലു സാഗറുമായി തിരിച്ചെത്തിയത്.

രേവതി ഇത് സാഗർ…എന്റെ അമ്മാവന്റെ മകനാണ്. ബാലു അയാളെ ചായയുമായി വന്ന രേവതിയ്ക്ക് പരിചയപെടുത്തി. അവൾ അയാളെ നോക്കിയൊന്നു മന്ദഹസിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. ഇതാണ് ഞാൻ പറഞ്ഞ കുട്ടി…ബാലു പറഞ്ഞു. മ്മ് കണ്ടിട്ടൊരു പാവം ആണെന്ന് തോന്നുന്നല്ലോ ബാലു. മറുപടിയായി ബാലുവൊന്നു ചിരിച്ചു.

അടുക്കളയിൽ ഉച്ചക്കുള്ള ആഹാരം പാചകം ചെയ്യുന്ന ആര്യയെ സഹായിക്കുകയായിരുന്നു രേവതി. രേവു…ഞാനൊരു കാര്യം പറയട്ടെ നിന്നോട്…രേവതി പുരികമുയർത്തി അവളെ നോക്കി. സാഗറിനെ നിനക്ക് ഇഷ്ട്ടപെട്ടോ…ങേ….ഞാൻ എന്തിനാ ഇഷ്ട്ടപെടുന്നേ രേവതിയുടെ മുഖം ചുളിഞ്ഞു. ഞാനൊരു കാര്യം പറഞ്ഞാൽ നിനക്കൊന്നും തോന്നരുത് രേവതി. ഇപ്പൊ ഇവിടെ നടന്നത് ഒരു പെണ്ണ് കാണൽ ആയി വേണമെങ്കിൽ കണക്കാക്കാം. അവനൊരു പാവം ആണെടി…പ്രണയിച്ചു വിവാഹം ചെയ്തിട്ടും ഒരു വർഷം തികയും മുൻപേ അവനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞവളാണ് അവന്റെ ഭാര്യ. കൂടെപിറപ്പുകളോ അച്ഛനും അമ്മയും ആരുമില്ല അവന്. അത്കൊണ്ട് തന്നെ അവളുടെ പോക്ക് സാഗറിനെ സാരമായി തന്നെ ബാധിച്ചു. കൊറേ നാള് ആരുമായി ഒരു ബന്ധവും ഇല്ലായിരുന്നു. പിന്നീട് ജോലി കിട്ടി ബാംഗ്ലൂർക്ക് പോയപ്പോഴാണ് അവനൊന്നു പഴയ പോലെ ആക്റ്റീവ് ആയത്. നിങ്ങൾ ഒരുമിച്ചാൽ നിനക്കും അവനും സന്തോഷം നിറഞ്ഞൊരു ജീവിതം ഉണ്ടാവും രേവതി.

രേവതി ഒന്നും മിണ്ടാതെ തല കുനിച്ചു തറയിൽ നോക്കി നിന്നു. ആര്യ അവളുടെ തോളത്ത് കൈ വെച്ചു. നിന്നെ കുറിച്ച് എല്ലാം അവന് അറിയാം. ബാലു എല്ലാം പറഞ്ഞതിന് ശേഷമാണ് അവനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. ആര്യ !!!!ഇച്ചിരി വെള്ളം…ഹാളിൽ നിന്ന് ബാലു വിളിച്ചു പറഞ്ഞു. നീയൊന്ന് ആലോചിക്ക് രേവതി. ഞാൻ ഇത് കൊണ്ട് പോയി കൊടുക്കട്ടെ…ആര്യ ജഗുമായി ഹാളിലേക്ക് പോയി.

ആര്യ പോയി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സാഗർ അടുക്കളയിലേക്ക് കയറി വന്നു. അയാളെ കണ്ടതും അവൾ ഒന്ന് വിറച്ചു….സാഗറിന് അത് കണ്ട് ചിരി വന്നു. തന്നെ കുറിച്ച് ബാലു പറഞ്ഞിരുന്നു. തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു സാഗർ അവളുടെ പിടയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ഞാൻ ഇങ്ങനെ പെട്ടന്ന് തുറന്നു പറഞ്ഞത് കൊണ്ട് ഒന്നും തോന്നരുത്ട്ടോ….ഞാൻ ഇങ്ങനെയാണ്….ഒന്നും മനസ്സിൽ ഒളിപ്പിച്ചു വെക്കാറില്ല. എന്നെ കുറിച്ച് എല്ലാം അറിയാമല്ലോ…പോയവർ പോയി…അതോർത്തു വിഷമിക്കാനും ജീവിതം നശിപ്പിക്കാനും ഒരിക്കലും നിക്കരുത്. അവർ അസൂയപെടും വിധം നമ്മൾ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്….മനസ്സിലായോ???

മ്മ് രേവതി വെറുതെ മൂളി. ഒരു ജീവിതം ഞാനും ആഗ്രഹിക്കുന്നുണ്ട്. കാരണം ഈ സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കുകയെന്നത് ചിന്തിക്കുക പോലും വയ്യ. പക്ഷെ ഇനിയൊരു കൂട്ട് തിരഞ്ഞെടുക്കുമ്പോൾ തെറ്റ് പറ്റരുതെന്നു എനിക്ക് ആഗ്രഹമുണ്ട്. കാരണം ഇനിയും ഒരു പരീക്ഷണം എനിക്ക് താങ്ങാൻ കഴിയില്ല. അത്രയ്ക്ക് ഞാൻ അനുഭവിച്ചു കഴിഞ്ഞു. രേവതിയുടെ കണ്ണുകൾ നിറഞ്ഞു തൂവി. അവളെ നെഞ്ചോട് ചേർക്കാനും ആ കണ്ണ്നീർ തുടയ്ക്കാനും സാഗറിന്റെ മനസ് തുടിച്ചു. എങ്കിലും അയാൾ അതിനൊന്നും മുതിരാതെ അവളെ ദയയോടെ നോക്കി.

ഒരൊറ്റ ദിവസം കൊണ്ട് ഒരു പെണ്ണുകാണൽ….ഇഷ്ട്ടപെടൽ….ഇതൊക്കെ കാണുമ്പോൾ തനിക്ക് നൂറായിരം സംശയങ്ങളും വിശ്വസകുറവും തോന്നിയേക്കാം. പക്ഷെ എന്റെ വാശിയാണ് രേവതി. എന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരു പാവത്തിനെ കണ്ടെത്തി എന്നെ കളഞ്ഞു പോയവൾ അസൂയപെടും വിധം ജീവിച്ചു കാണിക്കണമെന്ന്. ആർക്കു വേണ്ടിയും എന്റെ ജീവിതം കളയാൻ ഞാൻ ഒരുക്കമല്ല. ബാലു വന്നു തന്നെ കുറിച്ച് പറയുമ്പോൾ അത്കൊണ്ട് തന്നെയാണ് ഞാൻ തന്നെ കാണാൻ ഇവിടെ വരെ വന്നത്. ഒന്ന് ഞാൻ ഉറപ്പ് പറയാം…..തന്നെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല….ഒരിക്കലും തള്ളിപറയില്ല…പൊന്നു കൊണ്ട് മൂടുമെന്നൊന്നും വാക്ക് തരില്ല…പക്ഷെ മണ്ണ് കൊണ്ട് മൂടും വരെ പൊന്നു പോലെ നോക്കിക്കോളാം….അത്പോരെ…?

എന്തായി…?? ബാലുവും ആര്യയും പെട്ടന്ന് അങ്ങോട്ട് കയറി വന്നു. ഞാൻ എന്താ പറയണ്ടേ…? സാഗർ രേവതിയെ നോക്കി. രേവതിയുടെ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിടർന്നു. എടാ സമ്മതം ആണെന്ന്…ബാലു സാഗറിന്റെ കൈ പിടിച്ചു കുലുക്കി. രണ്ടാളുടെയും സങ്കടങ്ങളും ഒറ്റപെടലുമൊക്കെ ഇവിടെ തീരുകയാണ് ഇനിയതുണ്ടാവില്ല…ആര്യ രേവതിയുടെ തോളിൽ കയ്യിട്ടു. ഞാൻ ഇങ്ങോട്ട് ഒരു ട്രാൻസ്ഫർ നോക്കുന്നുണ്ട് ബാലു….അത് കഴിഞ്ഞിട്ട് മതി വിവാഹം. സാഗർ പറഞ്ഞു. മതി….പതുക്കെ മതി…ഒരാൾക്ക് ഒരാളുണ്ടെന്നുള്ള ഉറപ്പ് ഇപ്പൊ ഉണ്ടല്ലോ…തത്കാലം അത് മതി. ഇനി വാ ഭക്ഷണം കഴിക്കാം ആര്യ എല്ലാരേയും ഡൈനിങ്ങ് ഹാളിലേക്ക് വിളിച്ചു. ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ സാഗർ ഒളികണ്ണാൽ രേവതിയെ ഒന്ന് നോക്കി.

കറുത്തിട്ടാണെങ്കിലും നല്ല ഐശ്വര്യം തുളുമ്പുന്ന കൊച്ച്മുഖം…നല്ല ചിരിയും…പൊന്നു പോലെ നോക്കണം…ജീവനായി ചേർത്ത് നിർത്തണം. ഭക്ഷണം കഴിഞ്ഞു ഹാളിൽ ഒറ്റയ്ക്കായ ഒരു നിമിഷത്തിൽ സാഗർ അവളുടെ കരം കവർന്നു. പോട്ടെ….ഉടനെ തിരിച്ചു വരും. നിന്നെ എന്റെ പെണ്ണാക്കാൻ. അതുവരെ ഇനിയൊന്നും ഓർത്തു കണ്ണ് നിറയ്ക്കരുത് ട്ടോ….സാഗർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. രേവതിയെന്ന സാധുപെണ്ണിന്റെ ജീവിതത്തിൽ ഒരു പുതു വെളിച്ചം അവിടെ തെളിയുകയായിരുന്നു.

****************

രാത്രി കിടക്കുമ്പോൾ കൊറേ കാലത്തിനു ശേഷം അവൾക്കൊന്ന് തന്റെ അമ്മയെ വിളിക്കണമെന്ന് തോന്നി. പഴകിയ ഫോൺ മാറ്റിയതിനൊപ്പം അവൾ തന്റെ സിമ്മും മാറ്റിയിരുന്നു. എങ്കിലും വീട്ടിലെ നമ്പർ കാണാപാഠമാണ്. അവൾ നമ്പർ ഡയൽ ചെയ്യ്തു ചെവിയിലേക്ക് വെച്ചു. കാൾ അറ്റൻഡ് ചെയ്യപ്പെട്ടു….ആദ്യമൊന്നു പതറിയെങ്കിലും അവൾ വിളിക്കുന്നത് രേവതി ആണെന്ന് പറഞ്ഞു.

എടി എരണംകെട്ടവളേ….നീ എവിടെയാടി….എത്ര വിളിച്ചു നോക്കിയെടി നിന്നെ….ആരുടെ കൂടിയാടി നീ കടന്നു കളഞ്ഞത്. രേവതിയുടെ അമ്മ അവളെ വായിൽ തോന്നിയതൊക്കെ പറഞ്ഞു കൊണ്ടിരുന്നു. രേവതി ഒന്നും മിണ്ടാതെ ചെവിയിലേക്ക് ഫോൺ ചേർത്ത് പിടിച്ചിരുന്നു. നിന്നെ തിരക്കി അവൻ ഇവിടെ വന്നിരുന്നു. ഒരു ആഴ്ച കഴിഞ്ഞപ്പോൾ അവൻ വേറെ ഒരുത്തിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. രണ്ടാഴ്ച മുൻപ് അവൻ എവിടെയോ വീണു ഇപ്പൊ നടു തളർന്നു കിടപ്പുണ്ട്…രേവതിയുടെ അമ്മ പറഞ്ഞു നിർത്തി.

വേറെ എന്തോ അവർ പറയാൻ തുടങ്ങിയതും രേവതി പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു. ദീപുവേട്ടന്റെ തളർന്നു കിടപ്പിൽ ആണെന്ന്….അവൾക്ക് തലച്ചോറിലൂടെ വണ്ട് മൂളുന്നത് പോലെ തോന്നി. ഏതൊക്കെയോ ഓർമകളാൽ അവളുടെ കണ്ണ് കലങ്ങി…ലൈറ്റ് off ആക്കി അവൾ കണ്ണടച്ചു.

******************

രാവിലെ ജോഗിങിന് പോയി വന്ന ആര്യയുടെ കയ്യിൽ രേവതി കടയുടെ താക്കോൽ ഏല്പിച്ചു. ആര്യ എനിക്ക് ഒരിടം വരെ പോണം. നീ താക്കോൽ കടയിലെ സുഷ്മചേച്ചിയെ ഒന്ന് ഏല്പിക്കാവോ…? നീ എവിടെ പോവുന്നു രേവതി. ഒരിടം വരെ പോണം ആര്യ…പോയെ പറ്റൂ….ആര്യ ഒന്നും മനസിലാവാതെ അവളെ നോക്കി. ആര്യയെ നോക്കി ഒന്ന് കണ്ണടച്ചു ചിരിച്ചു കൊണ്ട് രേവതി ഗേറ്റ് കടന്നു പോയി.

*****************

ഏറെ നേരം ബെല്ലടിച്ചതിനു ശേഷമാണു ആ വീടിന്റെ വാതിലൊന്നു തുറന്നു ഒരാൾ പുറത്ത് വന്നത്. അത് ദീപുവിന്റെ അമ്മയായിരുന്നു. രേവതിയെ കണ്ടതും അവരൊന്നു ഞെട്ടി. അവരോടൊന്നു അനുവാദം പോലും ചോദിക്കാതെ രേവതി അകത്തേക്ക് കയറി. ഹാളിൽ നിന്ന് തിരിയുന്ന മുറിയിലേക്ക് അവൾ തന്റെ വിറയാർന്ന കാലെടുത്തു വെച്ചു. മൂത്രത്തിന്റെയും ഏതൊക്കെയോ മരുന്നുകളുടെയും രൂക്ഷഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു. കിടക്കയിൽ കണ്ണടച്ചു കിടന്നിരുന്ന ദീപു ആരുടെയോ കാൽ പെരുമാറ്റം കേട്ട് കണ്ണ് തുറന്നു. മുൻപിലുള്ള ആളെ കണ്ട് അയാളുടെ കണ്ണുകൾ തുറിച്ചു.

രേവതി…അയാളുടെ ചുണ്ട് വിറച്ചു. അവൾ മുറിയൊന്നു ഓടിച്ചു നോക്കി. മൂത്രമണം നിറഞ്ഞു നിന്ന ആ മുറി ആകെ അലങ്കോലപെട്ടു കിടക്കുകയായിരുന്നു. വല്ലാത്തൊരു ദുർഗന്ധം അയാളെ പൊതിഞ്ഞിരുന്നു. ദുർഗന്ധത്തിന്റെ ഉറവിടം അറിയാനായി രേവതി അയാളുടെ ദേഹത്തു നിന്ന് തുണി മാറ്റിയതും അറപ്പോടെ അവൾ ഓക്കാനിച്ചു. അയാൾ സ്വന്തം മലത്തിലും മൂത്രത്തിലും കുതിർന്നു കിടക്കുകയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ദീപു അവളെ നോക്കി.

നിങ്ങളുടെ പുതിയ ഭാര്യ എവിടെ…? രേവതിയുടെ ചുണ്ടിലൊരു പുച്ഛം തെളിഞ്ഞു. അവള് പോയി മോളെ…..ഇവനെ ഇനിയൊന്നിനും കൊള്ളില്ലെന്നു അവൾക്ക് മനസിലായി. അവൾ ഇവനെ ഇട്ടേച്ചു പോയി. മറുപടി പറഞ്ഞത് മുറിയിലേക്ക് കേറി വന്ന ദീപുവിന്റെ അമ്മയായിരുന്നു. ഇപ്പോഴല്ലേ ഈ ബെഡ് ഷീറ്റ് ഞാൻ മാറ്റിവിരിച്ചത്. അപ്പോഴേക്കും ചീത്തയാക്കിയോ…? അവർ മൂക്കിലേക്ക് അടിച്ചു കേറിയ മണം കൊണ്ട് മൂക്ക് പൊത്തി ദീപുവിനെ ദേഷ്യത്തിൽ നോക്കി.

മോളെ രേവതി…മോള് എല്ലാം മറക്കണം. ഈ അവസ്ഥയിൽ എന്നെയും ഇവനെയും തനിച്ചാക്കി പോവരുത്. ദീപുവിന്റെ അമ്മ അവളുടെ കരം കവർന്നു.

മോളോ…? ആരുടെ മോള്….നിങ്ങൾക്ക് നാണമില്ലേ….ഇവിടെ ഒരടിമയെ പോലെ ഞാൻ ജീവിച്ച കാലത്ത് എപ്പോഴെങ്കിലും നിങ്ങൾ എന്നെ അങ്ങനെ വിളിച്ചിട്ടുണ്ടോ…ഇപ്പോൾ കാര്യം കാണാൻ ഇങ്ങനെ തരം താഴാൻ നാണമില്ലേ….രേവതി നീരസത്തോടെ അവരെ നോക്കി. രേവതി ദീപുവിന്റെ മുഖത്തിന്‌ നേരെ നിന്നു. നിങ്ങളെ ഈ അവസ്ഥയിൽ കാണേണ്ടി വന്നതിൽ എനിക്ക് നല്ല സങ്കടമുണ്ട്. പക്ഷെ ഈ വിധി നിങ്ങൾ ഇരന്നു വാങ്ങിയതാ. ഒരു പട്ടിയെ പോലെ എന്നെ ഇവിടെ ചവിട്ടിയരയ്ക്കുമ്പോൾ നിങ്ങൾ ചിന്തിച്ചു പോലുമില്ലേ തനിക്ക് ഇങ്ങനെ ഒരു വിധി വരുമെന്ന്.

ഒന്ന് ഓർത്തോ……ഏതൊരു മനുഷ്യനും അവനവൻ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അനുഭവിക്കാതെ ഈ ലോകം വിട്ട് പോവില്ല. ഒരല്പം സ്നേഹം എനിക്ക് എപ്പോഴെങ്കിലും നിങ്ങൾ തന്നിരുന്നുവെങ്കിൽ ഞാൻ ഏത് അവസ്ഥയിലും നിങ്ങൾക്ക് ഒപ്പം ഉണ്ടാവുമായിരുന്നു. എന്നെ മറന്നു പുതിയ ബന്ധങ്ങൾ ഒരുപാട് ഉണ്ടാക്കിയില്ലേ….എന്നിട്ട് എവിടെ അവരെല്ലാം. രേവതി ദീപുവിനെ പുച്ഛത്തോടെ നോക്കി.

ദീപു ഒന്നും പറയാതെ കിടക്കയിൽ തളർന്നു കിടന്നു. അയാളുടെ മനസ് കീറിമുറിയും പോലെ വേദനിച്ചു കൊണ്ടിരുന്നു. ഇനിയെങ്കിലും നിങ്ങൾ മനസിലാക്കിക്കോ….സ്വന്തം ഭാര്യയെക്കാൾ വലുതായി നിങ്ങളെ സ്നേഹിക്കാൻ ആർക്കും ആവില്ല. അവൾക്ക് പകരം ആരെയെല്ലാം തേടി പോയാലും അതൊന്നും ഒരിക്കലും നിലനിക്കുകയുമില്ല. രേവതി ദീപുവിന്റെ അമ്മയെ നോക്കി.

എപ്പോഴെങ്കിലും സ്വന്തം മകനെയൊന്ന് ശാസിച്ചിരുന്നുവെങ്കിൽ നിങ്ങൾക്കോ നിങ്ങളുടെ മകനോ ഈ അവസ്ഥ വരില്ലായിരുന്നു. നിങ്ങളും ഒരു പെണ്ണല്ലേ…? എങ്ങനെയാണു നിങ്ങൾക്ക് ഇത്രയും ക്രൂരയാവാൻ കഴിഞ്ഞത്. ഇനി നിങ്ങൾ അനുഭവിക്കും. എന്നോട് ചെയ്തതിനു ഇനിയും ഇനിയും നിങ്ങൾ അനുഭവിക്കും. അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. ഇനി ഒരിക്കലും ഞാൻ നിങ്ങളുടെ കൂടെ ഈ നരകത്തിലെ ദുരിതം അനുഭവിക്കാൻ ഒരുക്കമല്ല….അത്കൊണ്ട് തന്നെ എനിക്ക് എത്രയും പെട്ടന്ന് ഡിവോഴ്സ് വേണം.

അവജ്ഞയോടെ ഒന്ന്കൂടി ദീപുവിനെ നോക്കികൊണ്ട് അവൾ അതുംപറഞ്ഞു ആ വീടിന്റെ പടിയിറങ്ങി. ദൈവമെന്നൊരാളുണ്ട്….ഈ വിധി അയാൾക്ക് സമ്മാനിച്ചത് ആ ദൈവം തന്നെയാണ്. ചെയ്യ്ത തെറ്റുകൾ മനസിലാക്കി അയാൾ ജീവിതത്തിലേക്ക് മടങ്ങി വരുമെങ്കിൽ വരട്ടെ….തനിക്ക് ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ടേ കാര്യമില്ല. അവൾ നിറഞ്ഞ മനസോടെ ബസിൽ പുറത്തെ കാറ്റേറ്റ് ഇരുന്നു.

***************

ന്യായം അവളുടെ ഭാഗത്തു തന്നെയാണെന്ന് കോടതിക്ക് ബോധ്യപെട്ടതോടെ അവൾക്ക് പെട്ടന്ന് തന്നെ വിവാഹമോചനം ലഭിച്ചു. ആറു മാസങ്ങൾക്ക് ശേഷം സാഗറിന്റെ താലിക്ക് മുൻപിൽ തല കുനിക്കുമ്പോൾ അവളുടെ കണ്ണുകൾ എന്തിനോ ഒന്ന് തുളുമ്പി. ജീവിതം ഇനിയെങ്കിലും മധുരം നിറഞ്ഞതായിരിക്കട്ടെ. കഴിഞ്ഞതെല്ലാം ഒരു പേടിസ്വപ്നം പോലെ മനസിൽ നിന്നും മാഞ്ഞു മറയട്ടെ…