“ഇനിയും നിനക്കൊപ്പം നനയാൻ
ഈ ജന്മത്തിൽ പ്രണയ മഴകൾ ബാക്കിയാണ് പെണ്ണേ….കാത്തിരിക്കുന്നു നിന്റെ ഒരു വിളിക്കായ്….എന്നിലേക്ക് നീ ഓടി എത്തും എന്ന പ്രതീക്ഷയിൽ…..”
ഘടികാരത്തിലേക്ക് നോക്കി ഇരിക്കുന്ന അർണവിന് അത് നിശ്ചലമായപ്പോലെ തോന്നി. ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈർഘ്യം അനുഭവപ്പെട്ടു. മരവിച്ച മനസ്സുമായി അവൻ ICU വിനു മുന്നിൽ കാത്തിരുന്നു. തന്റെ പ്രാണനു കാവലിരിക്കും പോലെ. തോരാത്ത കണ്ണീരുമായി ഒരു കുടുംബം മുഴുവൻ കാത്തിരുന്നു അവരുടെ ആധ്യയ്ക്കായി. ഒരു രാവ് ഇരുട്ടിവെളുത്തു. പുലരിയുടെ പ്രകാശം പുതു പ്രതീക്ഷകളോടെ അവരെ വിളിച്ചുണർത്തി. കീറി മുറുക്കുന്ന വേദനയോടെ ആരാധ്യ കണ്ണുകൾ തുറന്നു.
അവളുടെ ഓർമ്മകളിലേക്ക് ആദ്യം ഓടി എത്തിയത് തന്റെ അടുത്തേക്ക് ഓടി വരുന്ന അർണവിന്റെ മുഖമായിരുന്നു. ബെഡിൽ നിന്ന് എഴുന്നേൽക്കാൻ അവൾ വിഫലമായ ഒരു ശ്രമം നടത്തി. ചുറ്റും പ്രവൃത്തിയ്ക്കുന്ന യന്ത്രങ്ങളിലേക്ക് അവളുടെ നോട്ടം ഒന്നു പാഞ്ഞു. വേദനയുടെ ആതിക്യത്തിൽ അവൾ വലതു കൈ ഒന്നു ശക്തിയായി കുടഞ്ഞു. ഡ്രിപ്പ് ഇട്ടിരുന്ന സ്റ്റാൻറ്റ് ചെറിയൊരു ശബ്ദത്തോടെ താഴെ വീണു. ശബ്ദം കേട്ട് മയക്കത്തിലായിരുന്ന നേഴ്സ് ചാടി എഴുന്നേറ്റ് അടുത്തേക്ക് എത്തും മുമ്പേ അവൾ വീണ്ടും മയക്കത്തിലേക്ക് ആഴ്ന്നു. നേഴ്സ് വേഗം ഓടി ചെന്ന് ഡോക്ടറെ വിളിച്ചു. ഡോക്ടർ എത്തുമ്പോൾ അവൾ പാതി മയക്കത്തിലും അർണവിന്റെ പേര് ഉച്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ICU വിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി അർണവിനു ഒരു പുതുജീവൻ നൽകി. ഡോക്ടർ അർണവിന്റെ തോളിൽ തട്ടി. “അധികം സ്ട്രെയിൻ ചെയ്യിക്കരുത് കയറി കണ്ടോള്ളൂ. ” നിറഞ്ഞ മിഴികളോടെ അവൻ അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു. അഭിറാം കരഞ്ഞു കൊണ്ട് അർണവിനെ കെട്ടി പിടിച്ചു. മനസ്സ് ഒന്നു ശാന്തമാക്കി അർണവ് icu ലേക്ക് കയറാൻ നിന്നു. അപ്പോഴേക്കും മയക്കം വിട്ട സീന കരഞ്ഞു കൊണ്ടു ഓടി വന്നു.
നേഴ്സ് പുറത്തേക്ക് വന്ന് ആരെങ്കിലും ഒരാൾ കയറി കണ്ടോള്ളൂ എന്നു പറഞ്ഞു. അർണവ് അഭിറാമിനേയും സീനയേയും മാറി മാറി നോക്കി. ഉള്ളിലേക്ക് കടക്കാൻ തുടങ്ങിയ സീന ഒരു നിമിഷം അർണവിനെ തിരിഞ്ഞു നോക്കി. ഒറ്റ ദിവസം കൊണ്ട് ജീവൻ ഉണ്ട് എന്നു തോന്നിക്കും മാത്രം ഒരു രൂപമായി അവൻ മാറിയിരുന്നു. സീന അർണവിന്റെ അടുത്തുവന്നു അവന്റെ കവിളിൽ തലോടി.
“എന്റെ മോളെ പൂർണ്ണമായി മോന്റെ കയ്യിലേക്ക് ഏൽപ്പിച്ചു തന്നിട്ടില്ലെങ്കിൽ കൂടിയും മനസ്സുകൊണ്ട് പൂർണ്ണമായി മോൻ അവളെ സ്വീകരിച്ചു എന്ന് ഞങ്ങൾക്ക് അറിയാം. മോൻ ചെല്ല് മോനെയാണ് അവൾ പ്രതീക്ഷിക്കുന്നുണ്ടാക്കുക. തിരിച്ചു കൊണ്ടു വാ അവളെ, മോനെ കൊണ്ടേ പറ്റു അത്. അവൾ ഇല്ലെങ്കിൽ തീരുന്ന കുറേ ജന്മങ്ങൾ ഉണ്ടിവിടെ.”
അർണവിന്റെ തോളിൽ തല ചായ്ച്ചു സീന തേങ്ങി കൊണ്ടിരുന്നു. സീതയും അഭിരാമും ചേർന്നു സീനയെ പിടിച്ചു ചെയറിൽ ഇരുത്തി. സന്ദീപ് അർണവിന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു. ഗ്രീൻ ഗൗണും മാസ്കും ധരിച്ചു അവൻ ആരാധ്യയ്ക്ക് അടുത്തെത്തി. തലയ്ക്കു ചുറ്റും വലിയൊരു കെട്ടുമായി കിടക്കുന്ന ആരാധ്യയെ കണ്ട് അവന്റെ ഉള്ളം പിടഞ്ഞു. വിടന്ന ഇടതൂർന്ന മുടികൾ പകുതിയും മുറിച്ചു കളഞ്ഞിരുന്നു. കണ്ണടച്ചു മയങ്ങുന്ന അവളുടെ അടുത്തായി അർണവ് നിന്നു. ചെവിയ്ക്ക് ഇരുവശവും രക്ത പാടുകൾ ഉണ്ടായിരുന്നു. കണ്ണുകളിലും ഇപ്പോഴും നനവ് പടർന്നിരിക്കുന്നു. നീണ്ട ഇടതൂർന്ന പീലികളെല്ലാം നനഞ്ഞൊട്ടി. ഡ്രിപ്പ് ഇട്ടിരിക്കുന്ന കൈകളിൽ അവൻ വിറയലോടെ ഒന്നു തലോടി. നനഞ്ഞു കൊണ്ടിരിക്കുന്ന തന്റെ കവിൾ തടങ്ങളെ അവൻ അമർത്തി തുടച്ചു. ദീർഘമായൊന്നു നിശ്വസിച്ചു. പതിയെ കുനിഞ്ഞു അവളുടെ നെറ്റിയിൽ പതിയെ നെറ്റിമുട്ടിച്ചു. രണ്ടു കൈകളും അവളുടെ കവിൾ തടങ്ങളിൽ ചേർത്തു വച്ചു.
“കാത്തിരിക്കുന്നു മോളെ നിനക്കായ് ഒരു കുടുംബം മുഴുവനും. നിന്റെ മുഖത്തെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവുമാണ് അവരുടെ ജീവിതം. അവർക്കു വേണ്ടി നിനക്ക് തിരിച്ചു വന്നേ പറ്റൂ. പിന്നെ നീ എവിടെപ്പോയാലും നിനക്ക് ഒരു നിമിഷം മുന്നേ ഞാൻ അവിടെ എത്തിയിരിക്കും. ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്.”
അർണവ് അവളുടെ കൈയിൽ ചുണ്ടുകൾ ചേർത്തു ദീർഘമായി ചുംബിച്ചു. ഒരു നിമിഷം അവളെ ഒന്നു നോക്കി നിന്നിട്ടു അവൻ പുറത്തേക്ക് നടന്നു. പാതിമയക്കത്തിലും അവന്റെ വാക്കുകൾക്കുള്ള പ്രതികരണമെന്നോണം ആരാധ്യയുടെ ചെന്നിയിലൂടെ കണ്ണുനീർ ചാലു തീർത്തു. ICU വിൽ നിന്നു ഇറങ്ങിയ അർണവ് കണ്ടത് അവനു മുന്നിൽ തളർന്നു നിൽക്കുന്ന മുത്തശ്ശിയെയാണ്. ഓടി ചെന്നു അവൻ അവരെ കെട്ടി പിടിച്ചു. അവരുടെ തളർന്ന ശരീരത്തിൽ തളർച്ചയും പ്രതീക്ഷയും വല്ലാത്ത ഒരു മനസ്സുണ്ടായിരുന്നു. അവർ അർണവിന്റെ തലയിൽ തലോടി അവനെ കൂട്ടി ചെയറിൽ ഇരുന്നു. അവരുടെ ഇരു കൈകളും അവനു മുന്നിൽ നീട്ടി.
“നിങ്ങളുടെ കുഞ്ഞിനെ എന്റെ ഈ കയ്യിൽ ഞാൻ വാങ്ങും ആ ഭാഗ്യവും കൂടി ദൈവം എനിക്കു തരും എന്ന വിശ്വാസം എനിക്ക് ഉണ്ട് അതു ഉള്ളോടുത്തോളം കാലം നിങ്ങൾ ആരും ഭയപ്പെടണ്ട. എന്റെ കുഞ്ഞിനു ഒന്നും പറ്റില്ല.”
മുത്തശ്ശിയുടെ വാക്കുകൾ എല്ലാവർക്കും അല്പം സമാധാനം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ആരാധ്യയിൽ നല്ല പുരോഗതി ഉണ്ടായി. നാലു ദിവസത്തിനു ശേഷം അവളെ മുറിയിലേക്ക് മാറ്റി. മുറിവിൽ മരുന്നു വെച്ചു കെട്ടുന്നതിനു സൗകര്യാർത്ഥം അവളുടെ മുടി പറ്റ വെട്ടി ഒതുക്കി. അവളുടെ തിളക്കം നഷ്ടപ്പെട്ടു കുഴിയിലേക്ക് ഇറങ്ങിയ കണ്ണുകളും ജീവൻ നഷ്ടപ്പെട്ട മുഖവും കണ്ടു എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായെങ്കിലും എല്ലാവരും അതു മറച്ചു പിടിച്ചു. അവളെ കണ്ടപ്പോൾ എന്നത്തെയും പോലെ അർണവിന്റെ കണ്ണുകൾ തിളങ്ങി. ആ തിളക്കം മതിയായിരുന്നു അവൾക്ക് തന്റെ വേദനകളെ മറക്കാൻ.
മൂന്നാഴ്ച്ചത്തെ ആശുപത്രി വാസത്തിനു ശേഷം ആരാധ്യ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ഡിസ്ചാർജ് ചെയ്തു ആരാധ്യയെ മുത്തശ്ശിയുടെ നിർബന്ധപ്രകാരം തറവാട്ടിലേക്കാണ് കൊണ്ട് പോയത്. അഭിറാമിനും സീനയ്ക്കും ലീവ് കുറെ ആയതിനാൽ മീന അവരെ നിർബന്ധിച്ചു മടക്കി അയച്ചു. ആരാധ്യയുടെ കാര്യങ്ങൾ പൂർണ്ണമായും മുത്തശ്ശിയും മീനും ഏറ്റെടുത്തു. വിവരങ്ങൾ അറിഞ്ഞു സന്ധ്യയും പ്രദീപും രണ്ടു ദിവസത്തെ ലീവിനു വന്നു പോയി. അർണവ് ഹോസ്റ്റലിലേക്ക് മടങ്ങിയെങ്കിലും ഒഴിവു ദിവസങ്ങളിൽ അവൻ ഓടി എത്തിയിരുന്നു. തന്നെ രക്ഷിച്ചു ഒറ്റയ്ക്ക് അപകടത്തിൽ ചാടിയതിനു അവനുള്ള നീരസം അവൻ ഇടയ്ക്കിടെ പ്രകടിപ്പിച്ചു.
പുറത്തെ തൊടിയിലേക്ക് തുറന്നിട്ട ജനലോരം കസേരയിൽ തല ചായ്ച്ചു വച്ചു ഇരിക്കുകയായിരുന്നു ആരാധ്യ. കിരൺ ആണ് ഇതിനെല്ലാം പിന്നിൽ എന്നത് അവൾക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. താൻ കാരണം അർണവിന്റെ ജീവിതത്തിൽ ഒരു അപകടം ഉണ്ടാകുന്നത് അവൾക്ക് ചിന്തിക്കാനെ കഴിയുമായിരുന്നില്ല. കഴിഞ്ഞു പോയ ഓരോ ഓർമ്മകളും അവളെ വല്ലാതെ ഭയപ്പെടുത്തി. ശരീരം വല്ലാതെ വിറപൂണ്ടപ്പോൾ അവൾ കൈകൾ ചെയറിൽ മുറുകെ പിടിച്ചു.
കൈകളിൽ അനുഭവപ്പെട്ട തണുപ്പിൽ ആരാധ്യ അടച്ചുപിടിച്ച കണ്ണുകൾ തുറന്നു. തനിക്കു അടുത്തായി മുട്ടുകുത്തി ഇരിക്കുന്ന അർണവിനെ കണ്ടു അവൾ വേദനയോടെ നോക്കി. അവളുടെ നിറഞ്ഞ മിഴികളിലെ സങ്കടം കണ്ട് അർണവ് അവളുടെ കൈകൾ കൂട്ടി പിടിച്ചു. ” ആധ്യാ…” നിറമിഴികളോടെ അവൾ അവനെ നോക്കി. ” കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി മറക്കാം നമുക്ക്. നമ്മുടെ ജീവിതത്തിലെ ഇരുളടഞ്ഞ ഏടുകളെല്ലാം മറിഞ്ഞു. ഇനി നമ്മൾ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് പുതുവർണ്ണങ്ങൾ പകരാം. ഇനിയുള്ള നാളെകൾ അതിനുള്ളതാകട്ടെ.”
ആരാധ്യ പുഞ്ചിരിക്കാൻ ഒരു പാഴ്ശ്രമം നടന്നു. അവൾ തന്റെ കൈകൾ അർണവിന്റെ കവിളുകളിൽ വച്ചു.” അർണവേട്ടന് എന്നോട് ദേഷ്യം ഉണ്ടോ…?”” ഇല്ല എന്നു പറഞ്ഞാൽ അത് നുണ ആകില്ലേ പെണ്ണേ… ദേഷ്യം ഉണ്ട് എനിക്ക് നിന്നോട് എനിക്ക് പകരം നീ ഹോസ്പിറ്റലിൽ സുഖവാസത്തിനു പോയതിനു.. നീ അവിടെ എ സി യിൽ സുഖിച്ചു കിടന്നപ്പോൾ ഞങ്ങൾ പുറത്തിരുന്നു വിയർത്തതൊന്നും എന്റെ മോൾ അറിഞ്ഞില്ലല്ലോ…”
അർണവ് ഒരു തമാശ എന്നപ്പോലെ ഉള്ളിലെ പരിഭവം തുറന്നു. ആരാധ്യയുടെ കൈകൾ അവന്റെ കഴുത്തിനെ ചുറ്റിപിടിച്ചു. നിറഞ്ഞ കണ്ണുകളിൽ തങ്ങി നിൽക്കുന്ന വികാരം വായിച്ചെടുക്കാൻ അർണവിനു കഴിയുമായിരുന്നില്ല. ” എനിക്കു പകരം അർണവേട്ടൻ ആയിരുന്നെങ്കിൽ അടുത്ത പ്രഭാതം കാണുവാൻ ആധ്യ ഉണ്ടാകുമായിരുന്നില്ല. തീർന്നേന്നേ ആ നിമിഷം തന്നെ. എന്റെ ഹൃദയം തുടക്കുന്നത് ഈ നെഞ്ചിനുള്ളിലായതു കൊണ്ടു മാത്രമാണ് ഞാൻ മടങ്ങി വന്നത്. മറിച്ചായിരുന്നെങ്കിൽ…. ” പറഞ്ഞു പൂർത്തിയാക്കാനാതെ തേങ്ങലോടെ നിൽക്കുന്ന ആരാധ്യയെ നിറകണ്ണുകളോടെ അവൻ ഒരു നിമിഷം നോക്കി നിന്നു.
അർണവ് അവളെ നേഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു. മുറുകി കൊണ്ടിരുന്ന അവന്റെ വിരലുകൾ അവളോട് പലതും പറയുന്നത് അവൾ തിരിച്ചറിഞ്ഞു. ഒരു മാസം കടന്നു പോയി. ലീവ് കുറെ വന്നെങ്കില്ലും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ആരാധ്യയ്ക്ക് പരീക്ഷ എഴുതാനുള്ള പെർമിഷൻ കിട്ടി. തനിഷ്ക ഇടയ്ക്കിടെ അവളെ കാണാൻ വന്നിരുന്നു. അവൾക്കുള്ള നോട്ട്സും മറ്റും ഫോട്ടോസ്റ്റാറ്റ് ആക്കി നൽകി. സ്റ്റഡി ലീവിനു അർണവ് തറവാട്ടിലേക്ക് പോന്നു. പഠിക്കാൻ അർണവ് അവളെ സഹായിക്കാൻ തുടങ്ങി.
അവളെ അധികം സ്ട്രെയിൻ ചെയ്യിക്കാതെ ഇടവിട്ട സമയങ്ങളിൽ അവൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കി. ബാക്കി സമയങ്ങളിൽ അവനും പരീക്ഷയ്ക്ക് തയ്യാറെടുത്തു. എക്സാമിനു രണ്ടു ദിവസം മുൻപ് ആരാധ്യയെ അഭിരാമും സീനയും വീട്ടിലേക്ക് കൊണ്ടുപോയി. അവൾ പോയതോടെ തടവാട് ഉറങ്ങിയപ്പോലെ തോന്നി എല്ലാവർക്കും. ആരാധ്യയ്ക്കും നല്ല വിഷമം തോന്നി. പിന്നെ കോളേജിലേക്ക് പോയി വരാനുള്ള സൗകര്യാർത്ഥം അവൾ അതു മറച്ചു. അഭിറാം ആയിരുന്നു ആരാധ്യയെ പരീക്ഷയ്ക്ക് കൊണ്ടുപോയി കൊണ്ടു വന്നിരുന്നത്.
തലമുടി ഷോൾഡർ ഒപ്പം വളർന്നു തുടങ്ങിയിരുന്നു. എല്ലാവരുടേയും സഹതാപം നിറഞ്ഞ നോട്ടങ്ങളെ അവൾ മനോഹരമായ പുഞ്ചിരിയോടെ നേരിട്ടു. അതിനുള്ള ധൈര്യം അവൾക്കു പകർന്നു നൽകാൻ അവളുടെ സ്നേഹം മാത്രം നിറഞ്ഞു നിന്ന കുടുംബത്തിനു കഴിഞ്ഞിരുന്നു. മാസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി. ജീവിതത്തിൽ നടന്ന ആഘാതം ആരാധ്യ മറന്നു തുടങ്ങി. അവൾ പൂർവാധികം ആരോഗ്യവതിയായി. അർണവിന്റെ MBA അവാന വർഷത്തിലേക്ക് കടന്നു. പഠനത്തിലും പ്രോജക്റ്റിലും ഇൻറ്റേണൽഷിപ്പിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചു അവൻ ഹോസ്റ്റലിൽ തന്നെ തുടർന്നു.
പരസ്പരം കാണാറോ വിളിക്കാറോ ഇല്ലെങ്കിലും അവരുടെ പ്രണയം മനോഹരമായ ഒരു വികാരമായി അവരിൽ നിറഞ്ഞു നിന്നു…
തുടരും…