വിവാഹം – രചന: ശാരിലി
സുഹൃത്തുക്കളുടേയും, ബന്ധുജനങ്ങളേയും സാക്ഷി നിറുത്തി നിർമ്മൽ കീർത്തനയുടെ കഴുത്തിൽ താലിചാർത്തി. കൈകൾ അല്പം വിറച്ചുവെങ്കിലും അവളുടെ പിൻകഴുത്തിലേക്ക് ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളിയിൽ വിരലുകൾ സ്പർശിച്ചപ്പോൾ തൻ്റെ ശരീരമാസകലം ഇളകിമറിച്ച കുളിരിന് വിറയിലിനെ നിഷ്പ്രയാസം ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് അവനു മനസ്സിലായത്.
ക്യാമറ തിരക്കുകളെല്ലാം കഴിഞ്ഞു. ആ ഒറ്റമുറിയിൽ ഇരിക്കുമ്പോൾ വല്ലാത്ത അസ്വസ്തഥ തോന്നിയവന്…ആണുങ്ങളില്ലാത്ത വീട്. ആണായി അവളുടെ മുത്തച്ചൻ മാത്രം. അച്ഛൻ അവളുടെ ചെറുപ്പത്തിലേ മരിച്ചു പോയി. ചാരു കസരേയിൽ ഇരിക്കുന്ന മുത്തച്ചൻ്റ ചുമയുടെ ശബ്ദം ഇടയ്ക്ക് ആളെ അറിയിക്കും വിധം കേട്ടു കൊണ്ടിരുന്നു. ബന്ധു ജനങ്ങളെല്ലാം രാത്രിയായപ്പോഴേക്കും പോയി തുടങ്ങി. കൂടെ കൂടെ പ്രിയതമയുടെ ചിരിച്ച മുഖത്തോടു കൂടിയുള്ള കടന്നു വരവാണ് ആകെ ഒരു ആശ്വാസം നൽകിയത്.
ഏട്ടന് ബോറടിക്കുന്നുണ്ടോ…? ഉമ്മറത്തേക്ക് ഇരുന്നോളൂ. നല്ല കാറ്റുണ്ട്. ടിവി യിൽ വല്ലതും കണ്ടു കൊണ്ടിരിക്കാം. സമയം പോകും. ടിവി കാണുന്നതു തന്നെ ദേഷ്യമാണന്ന് പറയാതെ സ്നേഹത്തോടെ അവളുടെ വാക്കുകൾക്ക് മറുപടി നൽകി. സാരമില്ല കീർത്തനേ…ഞാൻ ഇവിടെ ഇരുന്നോളാം. സദ്യയിൽ ബാക്കി വന്ന കറികളെല്ലാം കൂട്ടി ഒരിക്കൽ കൂടി രാത്രിയിൽ ഭക്ഷണം കഴിച്ചു. ഇഷ്ടമുണ്ടായിരുന്നിട്ടല്ല ഭാര്യവീട്ടിലെ ആദ്യത്തെ അത്താഴമല്ലേ…മുടക്കം വരുത്തണ്ട എന്നു കരുതിയാണ് ഏറെ…
മുറിയിൽ തൂക്കിയിരുന്ന ക്ലോക്കിലെ സൂചീ ചലിക്കുന്നില്ലേ എന്നു വരെ തോന്നി പോയി. എട്ടു മണിയാവാൻ ഒരുപാട് നേരം എടുക്കുന്ന പോലെ. കല്യാണ മാലയിൽ വാടിക്കരിഞ്ഞ മുല്ല പൂവിൻ്റെ ഗന്ധം മുറിയാകെ പരന്നിരുന്നു. വല്ലാത്ത ഒരു ഇറിറ്റേഷൻ. അവൻ കട്ടിലിൽ ചാരിയിരുന്നു കൊണ്ട് ഇന്നത്തെ രാത്രിയെ കുറിച്ച് ഒരു പഠനം നടത്തി.
ആദ്യ രാത്രിയാണ് കൂട്ടുകാർ പറഞ്ഞ പ്രകാരം നടക്കുമെന്ന് തോന്നുന്നില്ല. അല്ലങ്കിലും ആദ്യരാത്രി തന്നെ വല്ലതും അതിക്രമം കാണിച്ചാൽ കീർത്തന എന്തു കരുതും. എല്ലാം തൻ്റെ വീട്ടിൽ ചെന്നിട്ടാകാം. അവൻ ആ മുറിയാകെ ഒന്നു വീക്ഷിച്ചു. പതുക്കെ പറഞ്ഞാൽ പോലും തൊട്ടടുത്തു കിടക്കുന്ന മുറിയിൽ കേൾക്കാം. രണ്ടു മുറി അപ്പുറമുള്ള അടുക്കളയിൽ പറയുന്നതു വരെ ഇവിടെ വ്യക്തമായി കേൾക്കുന്നുണ്ട്.
മനസ്സിൽ ഒരോന്ന് ആലോചിരിക്കുന്നതിനിടയിലാണ് കതകു തുറന്ന് അവൾ അകത്തേക്ക് വന്നത്. കയ്യിൽ ഒരു സ്റ്റീൽ ടബ്ലർ ഉണ്ട്. നൈറ്റിയാണ് വേഷം. സങ്കൽപത്തിലെ ആദ്യ തിരിച്ചടി. പട്ടുസാരിയും തല നിറച്ചും മുല്ലപ്പൂ ചൂടിയും സിനിമയിൽ കാണുന്ന കീർത്തനയായിരുന്നില്ല. പാറി പറന്നു കിടക്കുന്ന മുടിയും കഴുത്തിൽ താൻ കെട്ടിയ താലിയും മാത്രം…ഇതെന്തു കോലം. അപ്പോൾ ബാക്കിയെല്ലാം മേക്കപ്പ് ആയിരുന്നോ ഈശ്വരാ…പെണ്ണുകാണാൻ വന്നപ്പോഴും മേക്കപ്പ് ആയിരുന്നോ…ഇനി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ അവൾ വാശി പിടിക്കില്ല. എന്തായാലും അവളേക്കാളും നിറം തനിക്കു തന്നെ…
പാൽ അവിടെ വെച്ചിട്ട് ഇവിടെ വന്നിരിക്കൂ…ഏട്ടാ ഇതു പാലല്ല…മുല്ല മുട്ടുപോലെയുള്ള അവളുടെ പല്ലുകൾ കാണിച്ചു കൊണ്ടവൾ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു…ഇത് ഇച്ചിരി രസമാണ്. ബാക്കി വന്നത് ഇതു മാത്രമേ ഉള്ളൂ. അതു കൊണ്ട് ഞാനിങ്ങ് എടുത്തു. നമുക്ക് പാതി പാതി കുടിക്കാം. ഉള്ളിൽ ചിരിയടക്കാർ കഴിഞ്ഞില്ലെങ്കിലും പിടിച്ചു നിർത്താൻ കഴിയാതെ അവൻ ചിരിച്ചു.
വിറയ്ക്കുന്ന കൈകളോടെയും അൽപ്പം നാണത്തോടെയും അവൾ ഗ്ലാസ് ഏട്ടനുനേരെ നീട്ടി. കീർത്തനയുടെ കൈ വിറക്കുന്നുണ്ടല്ലോ…പേടിയാണോ എന്നെ…പേടീ അവൾ മുഴുവിപ്പിക്കാതെ പറഞ്ഞു നിറുത്തി. പേടിക്കണ്ട ട്ടോ…അവൻ ഗ്ലാസ്സ് ഏറ്റുവാങ്ങുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അതിനു മറുപടിയായി അവൾ ഒന്നു ചിരിച്ചു. പാതി കുടിച്ച രസം തിരികെ നൽകുമ്പോൾ കണ്ണടച്ചവൾ ഒറ്റ വലിക്കു അകത്താക്കി. പുറം കൈകൊണ്ട് ചുണ്ടുതുടച്ചു. അവളുടെ കൈകളിൽ പിടിച്ചു തൻ്റെയടുക്കലേക്ക് പിടിച്ചിരുത്തി. രസത്തിൽ കടിച്ച കുരുമുളക് കണ്ണിൽ നീരായി തെളിഞ്ഞു നിന്നു.
ഏട്ടൻ കരയുകയാണോ…ഏയ് സന്തോഷം കൊണ്ടാണ്…ഏട്ടാ ലൈറ്റ് കെടുത്തിയാലോ…അവൾ ചുണ്ടുകൾ ചെറുതായി കടിച്ചു കൊണ്ടു പറഞ്ഞു. കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കിനിന്നു. മനസ്സിൽ നിലാമഴ പെയ്യുകയായിരുന്നു. ഇവൾ തന്നെക്കാളും ഒരുപടി മുന്നിലാണല്ലോ…ഉത്തരം പറയുന്നതിനു മുൻപായി അവൾ വിളക്കണച്ചിരുന്നു. അതു കണ്ടതും അവൻ ഞെട്ടി വിറച്ചു ഇരുന്നു പോയി. ഇരുട്ട് മുറിയാകെ വ്യാപിച്ചിരുന്നു. അതു വരെ ചിലച്ചിരുന്ന ടിവിയുടെ ശബ്ദം നിലച്ചിരിക്കുന്നു. തൊട്ടടുത്ത മുറിയിലെ വെളിച്ചം അപ്രത്യക്ഷമായി. എങ്ങും നിശബ്ദത. ചിലപ്പോൾ ശ്വാസം അടക്കിപിടിച്ചവർ കാതോർക്കുകയാകും. ചില സീൽക്കാര ശബ്ദങ്ങൾക്ക് അവരുടെ വികാരങ്ങളെ തൊട്ടുണർത്താൻ കഴിഞ്ഞെങ്കിലോ…
ഇരുട്ടിൽ അവളുടെ കൈകളിൽ ചേർത്തു പിടിച്ചു. വല്ലാത്ത ഒരു തണുപ്പ് അവളുടെ കൈകകളിൽ അനുഭവപ്പെട്ടു. ചിലപ്പോൾ പേടി കാരണമാകും പാവം. അവൻ കൈകൾ മെല്ലെ അയച്ചു…കീർത്തന എത്ര മണിക്കാ കിടക്കാ…എട്ടു മണിക്ക്…അവളുടെ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് മുഖം ചേർത്തു വച്ചു. പുറത്തു വരുന്ന വാക്കുകളിലൂടെ അവളുടെ ചുടു ശ്വാസം തൻ്റെ മുഖത്തടിച്ചതും ശരീരത്തിൽ ഒരു പ്രത്യകതരം ചൂട് അനുഭവപ്പെട്ടു. ഇതുവരെ അനുഭവപ്പെടാത്ത ഒരു ഒരു ശക്തിയും…
ഉറക്കം വരുന്നുണ്ടോ…? ഏയ് അതെങ്ങനാ ഏട്ടാ…ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലേ…അപ്പോൾ എന്തിനാ ലൈറ്റ് ഓഫാക്കിയത്…? അവൾ അതു കേട്ടതും ചിരിക്കുകയായിരുന്നു. കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയ പോലെ….കീർത്തനെ ഒന്നു പതുക്കെ, ആരെങ്കിലും കേൾക്കും. അയ്യോ…അതിനു ഇവിടെ മുത്തച്ചൻ മാത്രമേ ഉള്ളൂ…മുത്തച്ചന് കാത് ഇത്തിരി പതമാണ്. ശരിക്ക് കേൾക്കുകയില്ല. അപ്പോൾ അമ്മയും ബാക്കി കണ്ടവരും. അവരെല്ലാം അയൽപക്കക്കാരാ…അപ്പോൾ അമ്മയോ…ആകാംഷയോടെ അവൻ ചോദിച്ചു.
ഉം..അമ്മ വലിയച്ചൻ്റെ വീട്ടിലാ കിടക്കാ…വലിയമ്മക്ക് കൂട്ടിന്. അവിടെ വലിയമ്മ മാത്രമേ ഉള്ളൂ…അതേയോ…പിന്നെ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു. ചോദിച്ചോളൂ ഏട്ടാ…പെണ്ണുകാണാൻ വന്നപ്പോൾ ചോദിക്കണമെന്ന് കരുതിയതാ…ചേച്ചിക്ക് എന്താണ് സംഭവിച്ചത്…? മൗനമായിരുന്നു അവളുടെ ഭാഗത്തുനിന്ന്…
കരയുകയാണോ…കൈകൾ ഉയർത്തി അവളുടെ കവിളിലൂടെ അവൻ വിരലുകൾ ഓടിച്ചു. അവൻ്റ വിരലുകൾ ഈറനണിഞ്ഞിരുന്നു. സോറി കീർത്തനേ പറയാൻ കഴിയാത്തതാണെങ്കിൽ പറയണ്ട. വെറുതേ അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിച്ചു പോയതാ. പറയാം ഏട്ടാ…വിറയാർന്ന ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു. ഏട്ടൻ ചോദിച്ചില്ലേ….എന്തിനാ വിളക്ക് അണച്ചതെന്ന്…എന്നെ പോലെത്തന്നെ ചേച്ചിക്കും ആൺകുട്ടികളെ ഭയമായിരുന്നു. ചെറുപ്പത്തിലേ ആൺ കുട്ടികളോട് ഇടപഴകാത്തതാകാം. ആ ഭയം കോളേജ് വരെ നീണ്ടു പോയപ്പോൾ ഞങ്ങൾ തികച്ചും ഒറ്റപ്പെട്ടു പോയി എന്നു വേണമെങ്കിൽ പറയാം.
ചേച്ചിക്ക് വിവാഹം കഴിക്കാൻ വരെ ഇഷ്ടമല്ലായിരുന്നു. അമ്മയുടെയും മുത്തച്ചൻ്റയും നിർബദ്ധത്തിനു വഴങ്ങിയാണ് ചേച്ചീ സമ്മതിച്ചത്. ഏട്ടനെ പോലെ അവരുടെ ആദ്യരാത്രിയും ഇവിടെയായിരുന്നു. ഭർത്താവിൻ്റെ കൂടെ കിടക്കാൻ ചേച്ചിക്ക് ഭയമായിരുന്നു. എന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞിട്ടുണ്ട് എനിക്ക് പേടിയാ…കീരു…ഞാൻ നിൻ്റെ കൂടെ കിടന്നോട്ടെ എന്ന്…
കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്ന അമ്മയുടെയും മുത്തച്ചൻ്റെയും കണക്കുകൂട്ടലുകൾ തെറ്റി. ചേച്ചിക്ക് കണ്ണേട്ടനെ സ്നേഹിക്കാൻ കഴിഞ്ഞില്ല. രാത്രികളിൽ അവർ തമ്മിൽ ഒന്നും തന്നെ നടന്നില്ല. കിടപ്പുമുറിയിൽ ചേച്ചീ ഒരു ഭ്രാന്തിയേപോലെ നിലവിളിച്ചു. അവരുടെ വീട്ടുകാർ പറഞ്ഞു ചേച്ചീക്ക് ഭ്രാന്താണന്ന്…കണ്ണേട്ടനും അവരുടെ വാക്കുകളിൽ ഉറച്ചു നിന്നു. അവർ ചേച്ചിയേ ഇവിടെ കൊണ്ടു വന്നാക്കി. ചേച്ചിയോടുള്ള ദേഷ്യം അവർ തീർത്തത്. വിവാഹ മോചനത്തിലേക്കായിരുന്നു. ഒരു ശിഖണ്ഡിയുടെ കൂടെ തനിക്ക് ജീവിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞു.
ഒരു സ്ത്രീയുടെ എല്ലാം ചേച്ചിയിൽ ഉണ്ടായിരുന്നിട്ടും ശരീരിക ബന്ധത്തിൽ ചേച്ചീ തീർത്തും പരാജയപ്പെട്ടിരുന്നു. എൻ്റെ അമ്മയും മുത്തച്ചനും ഒരു പാട് ആശ്വസിപ്പിച്ചെങ്കിലും വിവാഹമോചനത്തിൻ്റെ അപേക്ഷ വന്നപ്പോൾ ചേച്ചീ…സ്വയം ഇല്ലാതാകുകയായിരുന്നു. ജിവിതത്തിൽ ഞാൻ തോറ്റുപ്പോയി എന്ന് എഴുതി വെച്ച് ചേച്ചീ ഞങ്ങളെ വിട്ടു അകന്നു പോയി.
മരിക്കുന്ന അന്ന് ചേച്ചീ എന്നെ കെട്ടിപിടിച്ചു ഒരു പാട് കരഞ്ഞു. എൻ്റെ വിധി മോൾക്ക് ഉണ്ടാകരുത്. എന്നാൽ അതെല്ലാം ചേച്ചിയുടെ അവസാന വാക്കുകൾ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഏട്ടാ…പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
എന്നെ വെറുക്കരുത് ഏട്ടാ….കുറച്ചു സമയം എനിക്ക് താ…ഞാൻ മാറിക്കോളാം. ഞാൻ ഒരു പാട് മാറി എന്നാലും…ആ നെഞ്ചിൽ കിടന്നു പൊട്ടിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു.
ശേ എന്താ ഇത് എൻ്റെ മോൾക്ക് എത്ര വർഷം വേണമെങ്കിലും എടുത്തോ…ശാരീരിക ബന്ധം മാത്രമല്ല ഒരു ജീവിതം ധന്യമാക്കുന്നത്. വിവാഹത്തിന് ശേഷം അത് ജീവിതത്തിൻ്റെ ഒരു പ്രധാന ഘടകമാണെന്ന് മാത്രം. അത്രേയുള്ളൂ…ഒരമ്മയാകുമ്പോഴല്ലേ ‘ഒരു സ്ത്രീയുടെ ജൻമം പൂർണ്ണമാകുന്നത്. അതു കൊണ്ടു മാത്രമാണ് ഞാൻ പറഞ്ഞത്. അല്ലാതെ കീർത്തനയെ വിഷമിപ്പിക്കാൻ വേണ്ടിയല്ല…
എല്ലാം എനിക്കറിയാം ഏട്ടാ…എന്നാലും എനിക്ക് കഴിയുന്നില്ല.
നിനക്കു വേണ്ടി കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. ചേച്ചിയെ പോലെ നിന്നെ ഒറ്റപെടുത്താൻ ഞാൻ ഒരുക്കമല്ല കീർത്തനേ…നീ എൻ്റെ ഭാര്യയാണ്. നിൻ്റെ നിറഞ്ഞ സ്നേഹമാണ് നിൻ്റെ വാക്കുകളിലൂടെ ഞാൻ കേട്ടത്. ഇതു മാത്രം മതി. ആ കാത്തിരിപ്പിൻ്റെ വിഷമം തീർക്കാൻ…
അവളുടെ നെറ്റിയിൽ ഒരു ചുടുചുംബനം നൽകുമ്പോൾ ജീവിതത്തിൽ ഒരു സത്യമായ സ്ത്രീയെ തിരിച്ചറിയുകയായിരുന്നു അവൻ.