ഫോൺ കട്ട് ചെയ്ത് മുൻവശത്തേക്ക് വന്നപ്പോ കണ്ടത് കുറെ കാറും ജീപ്പും ബൈക്കും മുറ്റത്തേക്ക് വരുന്നതാ പോലീസ് ജീപ്പിൽ…

രചന: ഷൈനി വർഗീസ്

മോളേ അച്ചു ഇന്നല്ലെ മോളെഴുതിയ പരീക്ഷയുടെ റിസൽട്ട് വരുന്നത്…?

അതെ അച്ഛാ…കിട്ടുമോ മോളെ…കിട്ടും അച്ഛാ എനിക്കുറപ്പുണ്ട്. അച്ഛന് അച്ഛൻ്റെ മോളെ വിശ്വാസം ഇല്ലേ…അതല്ല മോളെ വല്യ വല്യ ആളുകളുടെ മക്കളൊക്കെ എഴുതിയിട്ടുണ്ടല്ലോ ഈ പരീക്ഷ അവരോടൊക്കെ ജയിക്കുകയാന്ന് വെച്ചാ അതോർത്താ അച്ഛനൊരു വിഷമം. അച്ഛൻ പേടിക്കണ്ട അച്ഛൻ്റെ ഈ അച്ചു ജയിക്കും. എന്നാൽ അച്ഛൻ പോയിട്ട് വരാം മോളെ.

ഇന്ന് പോകണോ അച്ഛാ റിസൽട്ട് അറിയുമ്പോൾ അച്ഛനും അമ്മയും എൻ്റെ കൂടെ വേണമെന്നാ ആഗ്രഹം. അതിന് അച്ഛൻ ജോലി കഴിഞ്ഞ് ഇന്ന് നേരത്തെ വരാം പിന്നെ അമ്മ അമ്മയുടെ ആത്മാവ് ഇത് കാണുന്നുണ്ട് മോളെ. അവളുടെ പ്രാർത്ഥന നിങ്ങൾടെ കൂടെ എന്നും ഉണ്ട്. എന്നാ ശരിമോളെ അച്ഛൻ പോയിട്ട് നേരത്തെ വരാം.

അച്ഛന് പ്രത്യേകിച്ച് പണിയൊന്നും ഇല്ല പാടത്തും പറമ്പിലും പണിക്ക് പോകും .പിന്നെ പഞ്ചായത്ത്കാർ വിളിക്കുമ്പോൾ ഓട നന്നാക്കാനും പോകും. ഒരു ദിവസം പോലും വീട്ടിലിരിക്കില്ല. എനിക്ക് 5 ഉം അനിയത്തിക്ക് 3 ഉം വയസുള്ളപ്പോൾ അമ്മ മരിച്ചതാ. അമ്മ പോയേ പിന്നെ അച്ഛൻ വിശ്രമം എന്താന്ന് അറിഞ്ഞിട്ടില്ല.

രാവും പകലും ഇല്ലാതെ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടു. മക്കളെ നന്നായി പഠിപ്പിക്കണം എന്നൊരാഗ്രഹമേ അച്ഛനുള്ളു. അച്ഛനെപ്പോഴും പറയും. മക്കളെ അച്ഛൻ ഈ കഷ്ടപ്പെടുന്നത് എൻ്റെ മക്കൾക്ക് വേണ്ടിയാ ഓടയിലെ ചെളിയും മണ്ണും കോരുമ്പോളും അച്ഛൻ്റെ മനസ്സിൽ അച്ഛൻ്റെ മക്കളെയുള്ളു. അച്ഛനെ പോലെ എൻ്റെ മക്കൾ ആകരുത്. പണവും സ്ഥാനമാനങ്ങളും ജോലിയും ഇല്ലാത്തവർക്ക് ഈ സൂഹത്തിൽ ഒരു വിലയും ഇല്ല അതുകൊണ്ട് എൻ്റെ മക്കൾ നന്നായി പഠിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നേടണമെന്ന്…

ഇത് കേട്ട് വളർന്നതുകൊണ്ടും അച്ഛൻ്റെ കഷ്ടപ്പാട് കണ്ട് വളർന്നതുകൊണ്ടാവാം ഞങ്ങൾ നന്നായി പഠിച്ചു. സ്കൂൾ വിട്ടു വന്നാൽ ഞങ്ങൾക്ക് ആവശ്യത്തിന് പണിയുണ്ട് വീട്ടുപണിയിൽ ആദ്യമൊക്കെ അച്ഛനെ സഹായിക്കും. പിന്നെ പിന്നെ ഞങ്ങൾ 2 പേരും ഏറ്റെടുത്തു ആ ഇല്ലായ്മയിലും ഞങ്ങളെ ഒരു കുറവും അറിയിക്കാതെ അച്ഛൻ വളർത്തി.

ഇന്ന് സിവിൽ സർവ്വീസ് പരീക്ഷയുടെ ഫലം വരുന്ന ദിവസമാണ്. അച്ഛൻ്റെ ഇത്ര നാളത്തെ കഷ്ടപാടിൻ്റെ ഫലം കൂടിയാണ് വരുന്നത്. കിട്ടും എന്നുറപ്പാണ്.

ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്. ഹലോ ആര്യ…ങേ സത്യമാണോ നീ പറഞ്ഞത്. അതെ അച്ചു. ശരി ആര്യ ഞാൻ അച്ഛനെ ഒന്ന് വിളിച്ച് പറയട്ടെ. സിവിൽ പരീക്ഷയിൽ മുന്നാം റാങ്ക് എനിക്കാണന്ന് മുന്നാം റാങ്ക് പ്രതിക്ഷിച്ചിരുന്നില്ല. 100 നുള്ളിൽ ഏതെങ്കിലും ഒരു റാങ്ക് പ്രതീക്ഷിച്ചിരുന്നു. അച്ഛനെ വിളിക്കാനാണേൽ ഫോണും ഇല്ല അനിയത്തിയെ വിളിച്ച് പറയാം.

ഹലോ ആരതി കുട്ടി…ഹലോ ചേച്ചി കുട്ടിയേ എന്തായി റിസർട്ട് ആറിഞ്ഞോ…മോളെ അറിഞ്ഞു മുന്നാം റാങ്ക്…ദൈവമേ എൻ്റെ പ്രാർത്ഥന കേട്ടു…അച്ഛൻ എവിടെ ചേച്ചി…അച്ഛൻ പണിക്ക് പോയി മോളെ. നിനക്ക് ഇന്ന് വരാൻ പറ്റോ…ഞാൻ വരും ചേച്ചി. എൻ്റെ ചേച്ചികുട്ടീടെ സന്തോഷത്തിൽ ഈ അനിയത്തി കുട്ടി കൂടി വേണ്ടെ…മോളെ ആരൊക്കെയോ ഇങ്ങോട് വരുന്നു. ശരി ചേച്ചിക്കുട്ടിയെ ചക്കര ഉമ്മ.

ഫോൺ കട്ട് ചെയ്ത് മുൻവശത്തേക്ക് വന്നപ്പോ കണ്ടത് കുറെ കാറും ജീപ്പും ബൈക്കും മുറ്റത്തേക്ക് വരുന്നതാ പോലീസ് ജീപ്പിൽ നിന്ന് അച്ഛൻ ഇറങ്ങന്നുണ്ട്. അച്ഛനെ കണ്ടതും ഞാൻ ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ചു. അച്ഛാ അച്ചൂ പാസ്സായി എന്നും പറഞ്ഞ് ആ കാല് തൊട്ട് നമസ്കരിരിക്കുമ്പോൾ അവിടുന്നും ഇവിടുന്നും ഫ്ലാഷുകൾ മിന്നുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല.

മോളെ അച്ഛൻ ആകെ മുഷിഞ്ഞിരിക്കുവാ ദേ മോള് ഇതാരൊക്കെയാവന്നിരിക്കുന്നത് എന്ന് നോക്കിയെ ഞാനപ്പോഴാണ് അവരെയെല്ലാം ശ്രദ്ധിച്ചത്. മന്ത്രി ,രാഷ്ട്രിയ പ്രമുഖർ, ജില്ലാ കളക്ടർ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, പത്രക്കാർ, ചാനലുകാർ…അച്ഛൻ അവരെയെല്ലാം ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സമയം ഫോട്ടോഗ്രാഫർമാർ വീടിൻ്റേയും പരിസരത്തിൻ്റേയും ഫോട്ടോ എടുക്കുന്ന തിരക്കില്ലായിരുന്നു.

ഈ സമയം മന്ത്രി എൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് എല്ലാവരും ഞങ്ങൾക്ക് ചുറ്റും കൂടി. അശ്വതി അഭിനന്ദനങ്ങൾ…താങ്കു സാർ…എല്ലാവരുടെയും അഭിനന്ദനങ്ങൾക്ക് മുന്നിൽ കൈകൂപ്പി അവരോടെല്ലാം നന്ദി പറഞ്ഞു. മാഡം മാഡത്തിൻ്റെ ഈ വിജയത്തിൻ്റെ പിന്നിൽ ആരൊക്കെയാണ്. ഒരേ ഒരാൾ…അതാരാണ് മാഡം…? ഞാൻ പുറകോട്ട് തിരിഞ്ഞ് അച്ഛനെ തിരഞ്ഞു. തിരക്കുകളിൽ നിന്നെല്ലാം മാറി അച്ഛൻമാറി നിൽക്കുന്നു. ഞാൻ കൈ കാട്ടി അച്ഛനെ വിളിച്ചു. ആ ഒരാൾ ദാ എൻ്റെ അച്ഛനാണ്.

ശരി മാഡം മാഡത്തിൻ്റെ മോട്ടിവേറ്റർ ആരാണ്. അതും എൻ്റെ അച്ഛനാണ്. എൻ്റെ അച്ഛനെ ചേർത്ത് പിടിച്ച് ഞാനതു പറയുമ്പോൾ അച്ഛൻ്റെ കണ്ണുകൾ 2ഉം നിറഞ്ഞ് ഒഴുകുകയായിരുന്നു. അതൊന്ന് വിശദികരിക്കാമോ മാഡം…? വിശദികരിക്കാനൊന്നുമില്ല. മക്കൾക്ക് വേണ്ടി ജീവിച്ച ഒരച്ഛനാണ് ഞങ്ങളുടെ അച്ഛൻ. അച്ഛൻ്റെ ചെറുപ്പത്തിലെ ഭാര്യ നഷ്ടപ്പെട്ടു. വേണമെങ്കിൽ അച്ഛന് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. അതുമല്ലങ്കിൽ ഭാര്യ മരിച്ച ദുഃഖത്തിന് കള്ളും കുടിച്ച് നടക്കാമായിരുന്നു. പക്ഷേ ഞങ്ങൾടെ അച്ഛൻ അച്ഛൻ്റെ സുഖങ്ങളെല്ലാം മാറ്റി വെച്ച് ഞങ്ങൾക്ക് വേണ്ടി ജീവിച്ചു.

ഇന്ന് ഈ വിജയത്തിൽ എന്ത് തോന്നുന്നു മാഡത്തിന്. ഈ വിജയം മാഡം പ്രതീക്ഷിച്ചിരുന്നോ. എൻ്റെ വിജയമല്ല ഇത് എൻ്റെ അച്ഛൻ്റെ വിജയമാണ്. ഇതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ആരേയും പറ്റിച്ചോ വഞ്ചിച്ചോ നേടിയ വിജയമല്ല ഇത്. എൻ്റെ അച്ഛൻ്റെ വിയർപ്പിൻ്റെ ഫലമാണ് ഈ വിജയം. മക്കൾക്ക് വേണ്ടി എന്ത് ജോലി ചെയ്യാനും തയ്യാറായ എൻ്റെ അച്ഛനാണ്. എൻ്റെ റോൾ മോഡൽ.

ഈ വിജയം എങ്ങനെ ആഘോഷിക്കാനാണ് മാഡം താത്പര്യപ്പെടുന്നത്. എൻ്റെ അച്ഛനോടും അനിയത്തിയോടും കൂടി ഒരു കേക്ക് മുറിച്ച് അഘോഷിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അതു കണ്ട് ഞങ്ങളുടെ അമ്മയുടെ ആത്മാവ് സന്തോഷിക്കും.

അച്ഛനോട് ഒരു ചോദ്യം മൂത്ത മോൾ IAS ഉന്നത വിജയം നേടിയിരിക്കുന്നു. ഇളയ മോൾMBBS ന് പഠിക്കുന്നു. താങ്കൾക്ക് മക്കളെയോർത്ത് അഭിമാനം തോന്നുന്നില്ലേ. ഈ സമയം താങ്കൾ ആരോടൊക്കെയാണ് കടപ്പെട്ടിരിക്കുന്നത്.

ദൈവത്തോടാണ് എനിക്ക് കടപ്പാട് എനിക്ക് ജോലി ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും തന്നത് അവിടുന്നാണല്ലോ. പിന്നെ എൻ്റെ കഷ്ടപാട് കണ്ട് എൻ്റെ കൂടെ നിന്ന എൻ്റെ മക്കളോട് നന്ദിയുണ്ട്. എന്നെ തോൽപ്പിച്ച് കളഞ്ഞില്ലല്ലോ. എൻ്റെ മക്കളെ ഓർത്ത് അഭിമാനം തോന്നുന്നു.

മക്കൾ രണ്ട് പേരും നല്ല നിലയിൽ എത്തിയ സ്ഥിക്ക് താങ്കൾക്ക് വിശ്രമിക്കാലോ അല്ലേ ഇനി.

ഒരിക്കലും ഇല്ല. പണിയെടുക്കാൻ ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ പണിയെടുക്കും. ഒരു കലക്ടറുടെ അച്ഛൻ ഓടകോരാൻ പോകുവാന്ന് അറിഞ്ഞാൽ അത് മക്കൾക്ക് നാണക്കേടാകില്ല. ഇല്ല ഒരിക്കലും ഇല്ല. അതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. ഈ ഓട കോരിയാ അച്ഛൻ ഞങ്ങളെ പഠിപ്പിച്ചതും വളർത്തിയതും. അന്ന് തോന്നാത്ത നാണക്കേട് ഞങ്ങൾക്ക് ഇനിയും തോന്നില്ല.

അവർ പോയി കഴിഞ്ഞപ്പോൾ അച്ഛൻ എന്നേയും കൂട്ടി അമ്മയുടെ ഫോട്ടോയുടെ മുന്നിൽ നിർത്തി കൊണ്ട് പറഞ്ഞു. നിൻ്റെ ആഗ്രഹം പോലെ ഒരാളെ ഡോക്ടറും ഒരാളെ കളക്ടറും ആക്കിയിട്ടുണ്ട്. ഇന്ന് വരെ നീ ഇല്ലാന്നുള്ള കുറവ്വ് എനിക്ക് ഉണ്ടായിട്ടില്ല. കാരണം നിൻ്റെ സ്വപ്നം നിൻ്റെ ആഗ്രഹം അതു മാത്രമായിരുന്നു മനസ്സിൽ…

മോളെ അമ്മയുടെ അനുഗ്രഹം വാങ്ങ്. ഞാൻ ആ ഫോട്ടോ തൊട്ട് മുത്തുമ്പോൾ അമ്മ കൂടെയുള്ളതുപോലെ തോന്നി. അമ്മയില്ലാത്ത കുറവ്വ് ഇന്നുവരെ തോന്നിയിട്ടില്ല. അച്ഛനായിരുന്നു ഞങ്ങൾക്ക് അച്ഛനും അമ്മയും….