ഒരു കലാലയ വർഷം കൂടി വിട വാങ്ങുകയായി. വർണ്ണശഭളമായതോരണങ്ങളോ ബാനറുകളോ ഇല്ലാതെ നിശബ്ദമായ ഒരു വിടവാങ്ങൽ ചടങ്ങിനു കൂടി ആ കലാലയം തയ്യാറാകുന്നു. ഫൈനൽ ഇയർ MBA യ്ക്കും ഫൈനൽ ഇയൽBBA യ്ക്കും ഒന്നിച്ചു സെൻറ്റോഫ് നടത്തുകയാണ് മാനേജ്മെന്റ് ഡിപാർട്ട്മെന്റ്.
മറ്റു കലാലയങ്ങളെ പോലെ ഒരു പിടി നല്ല ഓർമ്മകളോ ക്യാമ്പസ് പ്രണയങ്ങളോ അധികം ഉടലെടുക്കാൻ സാധ്യത ഇല്ലാത്ത നല്ല സ്ട്രിറ്റ് ആയ ഒരു പ്രൊഫഷൺ കോളേജ് ആയിരുന്നു അതെങ്കിലും ഒരു പാടു നല്ല സൗഹൃദങ്ങൾക്ക് ആ കോളേജ് സാക്ഷ്യം വഹിച്ചിരുന്നു.
ഫങ്ങ്ഷൻ തുടങ്ങുന്നതിനു കുറച്ചു മുൻപേ തന്നെ എല്ലാവരും ഓഡിറ്റോറിയത്തിന്റെ ഓരോ കോണിലും സ്ഥലം പിടിച്ചിരുന്നു. വിട പറയലിന്റെ നോവുകൾ പല കോണിലും കാണുവാൻ സാധിച്ചു. കോളേജ് പ്രിസിപ്പാൾ അദ്ധ്യക്ഷതയിലുള്ള ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫിഫ്ത്ത് ഫോറിലെ തുറന്നിട്ട ഓഡിറ്റോറിയത്തിലായിരുന്നു ഫങ്ഷൻ. നാലുപാടു നിന്നും തഴുകി എത്തുന്ന ചെറുകാറ്റും ചെറിയ മ്യൂസിക്കും അന്തരീക്ഷത്തിനു വല്ലാത്തൊരു ഫീലു നൽകി. സെക്കന്റ് റോയിലായി അനിരുദ്ധിനോടൊപ്പം അർണവ് ഇരുന്നു. ചിന്തകളോ പടിയിറങ്ങലിന്റെ നോവുകളോ അവനെ അലട്ടിയിരുന്നില്ല. വരാനിരിക്കുന്ന പരീക്ഷാ കാലത്തെ ഒരു ദിവസത്തേക്കു എല്ലാവരും മറന്നു. തനിഷ്കയുടെ കൈയിൽ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് ആരാധ്യ ബാക്ക് ഡോറിനടുത്തായി ഇരുന്നു.
പുറത്തു നിന്നുള്ള ഇളം കാറ്റ് അവളെ തഴുകി കൊണ്ടിരുന്നു. ഇടയ്ക്ക് എപ്പോഴോ അവളുടെ ചിന്തകളും നോട്ടവും അർണവിനെ തേടി. അതുവരെ ശാന്തമായ മനസ്സിൽ ചെറിയൊരു വിരഹ വേദന തോന്നി. കോഴ്സ് കഴിഞ്ഞാൽ അർണവ് തിരിച്ചു കാനഡയിലേക്ക് പോകുന്നത് ഓർക്കും തോറും മനസ്സിൽ വല്ലാത്ത ഭാരം കൂടി വന്നു. സ്റ്റേജിൽ ഓരോരുത്തരായി കയറി വന്നു കോളേജിൽ അവർക്കുണ്ടായ നല്ല നിമിഷങ്ങളെക്കുറിച്ച് അവർ വാചാലമായി. പലർക്കും പല അനുഭവങ്ങൾ ആയിരുന്നു ആ കലാലയ ജീവിതം നൽകിയത്. അതിന്റെ മധുരവും കയ്യ്പും അവർ എല്ലാവർക്കും മുന്നിൽ തുറന്നു.
അർണവ് സ്‌റ്റേജിലേക്ക് കയറിയപ്പോൾ മിക്ക കണ്ണുകളും തേടിയത് ആരാധ്യയെ ആയിരുന്നു. അന്നത്തെ സംഭവത്തോടെ അർണവിന്റെ ഭാര്യ, പ്രണയിനി, കൂട്ടുകാരി അങ്ങനെ പല പേരുകളിലും ആരാധ്യ എല്ലാവർക്കും മുന്നിലും അറിയപ്പെട്ടു തുടങ്ങിയിരുന്നു. അസൂയയോടെയും സങ്കടത്തോടെയും സന്തോഷത്തോടെയും തന്റെ നേർക്ക് നീളുന്ന കണ്ണുകളെ അവൾ പുഞ്ചിരിയോടെ തന്നെ നേരിട്ടിരുന്നു.
മൈക്ക് പിടിച്ചു സ്‌റ്റേജിൽ നിൽക്കുന്ന അർണവിനെ കണ്ടു ആരാധ്യയ്ക്ക് ഹൃദയമിടിപ്പു കൂടി. അവന്റെ കണ്ണുകയും തിരഞ്ഞത് ആരാധ്യയെ മാത്രമായിരുന്നു. നീണ്ടു തുടങ്ങിയ നീളൻ മുടി മുന്നിലേക്ക് വിടർത്തിയിട്ട് തന്നിലേക്ക് മിഴി നീട്ടി ഇരിക്കുന്ന അവളെ കണ്ടു മനസ്സു തുറന്നു അവൻ പുഞ്ചിരിച്ചു.
എന്തു പറഞ്ഞു തുടങ്ങണമെന്ന് എനിക്ക് അറിയില്ല. നല്ല ഓർമ്മകൾ എന്തെങ്കില്ലും ഇവിടെ നിന്നു കിട്ടിയോ എന്നു ചോദിച്ചാൽ അറിയില്ല. എന്റെ നല്ല പാതിയെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് എന്നെ ഈ കോളേജിലേക്ക് എത്തിച്ചത്. നിങ്ങൾക്ക് പലർക്കും അറിയാം ആരാധ്യയെ. നേരിട്ടും അല്ലാതെയും പലരും എന്നോട് ചോദിച്ചു അവളെക്കുറിച്ച്.. അവളാരാണെന്ന്.. അതെ ഷി ഈസ് മൈ വൈഫ്.. ആരാധ്യ നിയമപരമായി എന്റെ ഭാര്യയാണ്. ഇതു ഞാൻ സമർപ്പിക്കുന്നു അവൾക്കായി…..
അർണവ് മൈക്കുമായി സ്റ്റേജിന്റെ നടുവിലേക്ക് മാറിനിന്നു. അവന്റെ കണ്ണുകളിലും മനസ്സിലും ആരാധ്യ നിറഞ്ഞു നിന്നു.. അവൾക്കായി മനോഹരമായ ശബ്ദത്തിൽ അവൻ പാടി….
“ആരാധികേ..മഞ്ഞുതിരും വഴിയരികേ…നാളേറെയായ്..കാത്തുനിന്നു മിഴിനിറയേ…നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും…എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം…എന്റെ നെഞ്ചാകെ നീയല്ലേ..
എന്റെ ഉന്മാദം നീയല്ലേ…നിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി ഞാൻ
എന്നുമെന്നുമൊരു പുഴയായ്…ആരാധികേ…
പിടയുന്നോരെന്റെ ജീവനിൽ കിനാവു തന്ന കണ്മണി നീയില്ലയെങ്കിലെന്നിലെ പ്രകാശമില്ലിനി…മിഴിനീരു പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരി…മനം പകുത്തു നൽകിടാം കുറുമ്പുകൊണ്ടു മൂടിടാം അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം വിരൽ കൊരുത്തിടാം സ്വയം മറന്നിടാം ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലേ പോയിടാം..
.എന്റെ നെഞ്ചാകെ നീയല്ലേ…എന്റെ ഉന്മാദം നീയല്ലേ…നിന്നെയറിയാൻ ഉള്ളുനിറയാൻ
ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ്…ആരാധികേ..മഞ്ഞുതിരും വഴിയരികേ…ഒരുനാൾ കിനാവു പൂത്തിടും
അതിൽ നമ്മളൊന്നു ചേർന്നിടും
പിറാക്കൾ പൊലിതേ വഴി
നിലാവിൽ പാറിടും…
നിനക്കു തണലായി ഞാൻ നിനക്കു തുണയായി ഞാൻ പല കനവുകൾ പകലിരവുകൾ
നിറമണിയുമീ കഥയെഴുതുവാൻ
ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലേ പോയിടാം..എന്റെ നെഞ്ചാകെ നീയല്ലേ…എന്റെ ഉന്മാദം നീയല്ലേ…നിന്നെയറിയാൻ ഉള്ളുനിറയാൻ
ഒഴുകിയൊഴുകി ഞാൻ…എന്നുമെന്നുമൊരു പുഴയായ്…
ആരാധികേ…മഞ്ഞുതിരും വഴിയരികേ…”
നിറഞ്ഞ മനസ്സും കണ്ണുകളുമായി ആരാധ്യ അവനെ നോക്കി ഇരുന്നു. ചുറ്റും ഉയർന്ന കരഘോഷങ്ങളൊന്നും അവളുടെ കാതുകളിൽ എത്തിയില്ല. അവന്റെ ശബ്ദത്തിന്റെ മാധുര്യത്തിൽ അവൾ സ്വയം മറന്നിരുന്നു. പ്രോഗാമെല്ലാം കഴിഞ്ഞ് ഉച്ചയ്ക്കുശേഷം ഗാർഡനിലെ ബെഞ്ചിൽ ഇരുന്നു കഴിഞ്ഞ രണ്ടു വർഷത്തെ ഓർമ്മകളിലൂടെ ഒന്നു സഞ്ചരിക്കുകയായിരുന്നു ആരാധ്യയും തനിഷ്കയും.” ഇനി ഒരു വർഷം കൂടി ഉണ്ട് ആധ്യാ ഈ ജയിൽവാസം.” അത് പറയുമ്പോൾ തനിഷ്കയിൽ നിരാശയായിരുന്നെങ്കിൽ ആരാധ്യ ഒരു പുഞ്ചിരിച്ചു. ” ശരിയാണ് തനു ഇനി ഉള്ള ഈ ഒരു വർഷം അതൊരു തരം ജയിൽവാസം തന്നെയാണ്.” എന്തോ ആലോചനയോടെ അവൾ അത് പറഞ്ഞത്.
“എന്റെ ആധ്യാ, നിനക്ക് എപ്പോഴാ ഇത് ജയിൽ ആയി തോന്നിയത്. നാലു ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങാൻ കൊതിക്കുന്ന നിനക്ക് ഇതൊരു ജയിലാണോ?… ” ” ഇതുവരെ ആയിരുന്നില്ല തനു. നീ പറയുന്ന ഈ നാലു ചുവരുകൾക്ക് ഉള്ളിൽ ഇതുവരെ എന്നെയും എന്റെ മനസ്സിനേയും തളച്ചിടാൻ ഉതകുന്ന ഒന്നുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ ഉടമ.” ” അപ്പൊ മോൾക്ക് അർണവേട്ടൻ ഇവിടെന്നു പോകുന്നതാണ് പ്രശ്നം. അല്ലാതെ ഈ കോളേജിന്റെ റൂൾസ് ആൻഡ് റഗുലേഷൻ മോൾക്ക് ഒരു പ്രശ്നമേ അല്ലാല്ലേ..? ” “എന്റെ തനൂ, ഇതൊരു പ്രൊഫഷണൽ കോളേജ് ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെയല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്. നീ പറയുന്നപ്പോലെ അടിച്ചു പൊളിക്കാൻ മാത്രമായിരുന്നെങ്കിൽ വേറെ എത്ര കോളേജ് ഉണ്ടായിരുന്നു.”
“അതൊക്കെ ശരിയാ എന്നാലും കുറച്ചൂടെ ഫ്രീഡം ഞാൻ പ്രതീക്ഷിച്ചു മുത്തേ.” നീ ഉദ്ദേശിച്ച ഫ്രീഡം എന്താന്നു എനിക്ക് മനസ്സിലായി. ” ” ഉവ്വാ മുട്ടേന്നു വിരിയുമ്പോഴേയ്ക്കും കെട്ടും കഴിഞ്ഞ നിനക്ക് എന്ത് മനസ്സിലാകാൻ എന്റെ വിഷമം. ” “വിവാഹത്തിനു ശേഷമുള്ള പ്രണയത്തിനും ഉണ്ട് തനൂ ഒരു സുഖം.” ” മനസ്സിലായി, അതു ഇന്ന് നിന്റെ അർണവേട്ടന്റെ സ്റ്റേജ് പെർഫോമൻസ് കണ്ടപ്പോൾ തന്നെ മനസ്സിലായി. എന്തായാലും നീ ലക്കിയാണ് ആധ്യാ…” തനിഷ്ക പറയുന്നത് കേട്ട് ആരാധ്യ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് അർണവ് അവരുടെ അടുത്തേക്ക് വന്നത്. “അതെന്താടോ ആധ്യാ മാത്രമേ ലക്കി ആയുള്ളൂ.,.. ഞാനും ലക്കി അല്ലേ.?” ചോദ്യം തനിഷ്കയോടാണെങ്കിലും അവന്റെ നോട്ടം ആധ്യയിൽ ആയിരുന്നു. അവളുടെ കണ്ണുകളിൽ മിന്നി മാഞ്ഞ തിളക്കം അവൻ നെഞ്ചിലേറ്റി. “പാട്ടു സൂപ്പറായിരുന്നു ചേട്ടാ.. ” തനിഷ്ക തള്ളവിരലിൽ ചൂണ്ടവിരൽ ചേർത്തു പിടിച്ചു പറഞ്ഞു. അർണവ് നന്ദി സൂചകമായി ഒന്നു ചിരിച്ചു.
” പോകാം ആധ്യാ ഞാൻ കൊണ്ടു വിടാം.” “അർണവേട്ടൻ ഹോസ്റ്റലിലേക്ക് അല്ലേ., ?” “അല്ല ഞാൻ തറവാട്ടിലേക്കാണ് പോകുന്ന വഴി തന്നെ വീട്ടിൽ വിടാം.” തനിഷ്കയോട് യാത്ര പറഞ്ഞു അവൾ അർണവിനൊപ്പം നടന്നു. യാത്രയിൽ ഉടനീളം അവൾ അവനോട് ചേർന്ന് തോളിൽ ചാഞ്ഞിരുന്നു. എന്നത്തേക്കും പോലെ മൗനം പോലും വാചാലമായി. അവളുടെ ഉള്ളിൽ അടിഞ്ഞു കൂടിയ നോവിന്റെ ആഴം അവൻ അളന്നു കൊണ്ടിരിക്കുകയായിരുന്നു.
ബുള്ളറ്റ് വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു മുറ്റത്തു നിൽക്കുന്ന അഭിറാമിനേയും സീനയേയും. രണ്ടാളും ഓഫീസിൽ നിന്നു വന്നു കയറുന്നുണ്ടായിരുന്നുള്ളൂ. അവരുടെ നിർബന്ധത്തിനു വഴങ്ങി അർണവ് അന്ന് അവിടെ തങ്ങി. ഫ്രഷ് ആയി വന്ന അർണവിനു ചായയുമായി ആരാധ്യ എത്തി. അവളുടെ മുഖത്ത് പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകളിൽ വിവാദം നിറഞ്ഞു നിന്നിരുന്നു. അർണവ് അവളെ പിടിച്ചു അവനൊപ്പം സോഫയിൽ ഇരുത്തി.
” എന്തു പറ്റി രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്റെ ഈ കുഞ്ഞിക്കണ്ണുകളിൽ നീ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നു.” “ഏയ് ഒന്നും ഇല്ല. അർണവേട്ടനു വിഷമമില്ലേ കോളേജിൽ നിന്ന് പോകുന്നതിന്.” ” അപ്പൊ അതാണോ കാര്യം… എന്റെ വിഷമം കൂടി നീ ഏറ്റെടുത്തോ… പോകുന്ന ഞങ്ങൾക്ക് ഇല്ലാത്ത വിഷമം ആണല്ലോ നിനക്ക്.” അവനൊന്നു അവളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
“അർണവേട്ടാ…..””മ്മ്… നീ കാര്യം പറ…”” അതു പിന്നെ… “”ഓക്കെ എന്നാൽ ഞാൻ ഒരു കാര്യം പറയാം. കോഴ്സ് കഴിയുന്നതോടൊപ്പം ഞാനും അനിരുദ്ധും പ്രൊജക്റ്റ് ചെയ്ത കമ്പനിയിൽ തന്നെ തല്ക്കാലികമായി ജോലിക്കു കയറുന്നു.” ” അതായത് ഇപ്പൊ തിരിച്ചു കാനഡയിലേക്ക് പോകുന്നില്ലേ…”അതല്ലേ ടി പെണ്ണേ ഞാൻ ഇപ്പൊ പറഞ്ഞത്. “അവളുടെ കണ്ണുകളിൽ പ്രകാശം വിടരുന്നത് കണ്ട് അർണവ് അവളുടെ കൈകൾ കൂട്ടി പിടിച്ചു. ”ഇനി ഒരു തിരിച്ചു പോക്ക് നിന്നെയും കൂട്ടി മാത്രം.. ഇപ്പൊ സമാധാനം ആയോ മോൾക്ക് .. ” മനസ്സിലെ ഭാരം ഒരു നിമിഷം കൊണ്ട് മാഞ്ഞു ഉള്ളിൽ തുടികൊണ്ട സന്തോഷം മുഖത്തേക്ക് പ്രതിഫലിച്ചു.
ആരവ് കൂടി എത്തിയപ്പോൾ പിന്നെ നല്ല മേളമായി. കളിച്ചിരികളും തമാശകളുമായി ആ സായാഹ്നം മനോഹരമായി. രാത്രി ഭക്ഷണം കഴിഞ്ഞ് അഭിരാമിനൊപ്പം കുറച്ചു നേരം സംസാരിച്ച് ഉറങ്ങാനായി അർണവ് റൂമിലേക്ക് പോകുമ്പോഴാണ് ആരാധ്യയുടെ മുറിയിൽ ലൈറ്റ് കണ്ടത്. അപ്പൊ തോന്നിയ കുസൃതിയിൽ ശബ്ദമാക്കാതെ അവൻ റൂമിലേക്ക് ചെന്നു.
ബെഡിൽ കാലു നീട്ടി ചുമരിൽ ചാരി കണ്ണടച്ച് ഇരിക്കുകയാണ് ആരാധ്യ. കൈയിൽ നിവർത്തി പിടിച്ച ഒരു ഡയറിയും ഉണ്ട്. അർണവ് ഒന്നും നോക്കാതെ ഓടി പോയി അവളുടെ മടിയിൽ തലവച്ചു കിടന്നു. പെട്ടെന്ന് ഉള്ള നീക്കം ആയതിനാൽ ആരാധ്യ ഒന്നു ഞെട്ടി. പിന്നെ ദീർഘമായൊന്നു നിശ്വസിച്ചു. അവളുടെ കൈയിലെ ഡയറി വാങ്ങി മടക്കി ബെഡിലേക്കിട്ടു. അവളുടെ ഇടതു കൈ അവൻ നെഞ്ചോരം ചേർത്തു പിടിച്ചു. കുറച്ചു നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു. മുറിവുണങ്ങിയ അവളുടെ തലയിൽ പതിയെ തലോടി മനസ്സിൽ വല്ലാത്ത വിങ്ങൽ അർണവിനു അനുഭവപ്പെട്ടു.
അവന്റെ മുഖം മാറുന്നത് അറിഞ്ഞു ആരാധ്യ അവന്റെ മുടിയിഴകളിൽ തലോടി. മുറിവേറ്റത് തനിക്കാണെങ്കിലും അതിന്റെ വേദന ഉൾക്കൊണ്ടത് അവന്റെ ഹൃദയത്തിലാണെന്ന് അവൾക്ക് അറിയാമായിരുന്നു. അവന്റെ കണ്ണുകൾ നിറയുന്നത് കണ്ട് ആരാധ്യ കുനിഞ്ഞു അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ഒരു നീർ മുത്ത് ചെന്നിയിലൂടെ ഊർന്നിറങ്ങി. അവളുടെ കണ്ണുകളും നിറഞ്ഞു. കുറച്ചു നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് അർണവ് സംസാരിച്ചു.
” നമുക്ക് ഒന്നു പുറത്തു പോയല്ലോ… ” ” ഇപ്പോഴോ?” അവളുടെ വാക്കുകളിലെ ഞെട്ടൽ നിഴലിച്ചു “ഒരു ഡ്രൈവ് ചുമ്മാ ഒന്നു ചുറ്റി വരാം.” തിരിച്ചു മറുപടി കിട്ടും മുമ്പേ അവൻ അവളേയും വലിച്ചു റൂമിനു പുറത്തേക്ക് നടന്നു. സീനയോട് സമ്മതം വാങ്ങി അവർ രാത്രിയുടെ നിശബ്ദതയിലേക്ക് ചേക്കേറി.
തിരക്കില്ലാത്ത റോഡിലൂടെ അർണവിന്റെ ബുള്ളറ്റ് നീങ്ങി. അവനെ ചുറ്റിപിടിച്ചു അവനോട് ചേർന്ന് അവന്റെ തോളിൽ തല ചായ്ച്ചു വച്ചു ആരാധ്യ ആ യാത്ര ആസ്വദിക്കുകയായിരുന്നു ജീവിതകാലം മുഴുവനും ഈ ചൂടിൽ പറ്റി ചേർന്നിരിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ….
തുടരും…