കരളിന്റെ നിശ്ചയത്തിന് ഡ്രസ്സ്‌ എടുക്കാൻ ഒരു ദിവസം മാളിലെ ഒരു ഷോപ്പിൽ അലഞ്ഞു തിരിഞ്ഞു ഡ്രസ്സ്‌ സെലക്ട് ചെയ്തു ദേഹത്തോട് അടുപ്പിച്ചു

ഒരു ചിന്ന പ്രണയ കഥ, പാർട്ട് 2, രചന: അക്ഷര എസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സെം ബ്രേക്ക്‌ ഒക്കെ കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങുന്ന ദിവസമായിരുന്നു പിറ്റേന്ന്…അങ്ങനെ കോളേജ് ജീവിതത്തിന്റെ അവസാന റൗണ്ട് തുടങ്ങുന്ന ദിവസം…. ലാസ്റ്റ് സേം ക്ലാസ്സിന്റെ ആദ്യ ദിനം…

ബസ്സിൽ തൂങ്ങിയാടി വന്ന ക്ഷീണത്തിൽ കോളേജിലേക്കുള്ള കയറ്റം കുറച്ചു കഷ്ടപ്പെട്ടു നടന്നു കയറുമ്പോഴാണ് മുകളിലേക്ക് ഫ്രീക്കൻമാർക്ക് ഡയറക്റ്റ് എൻട്രി പെർമിറ്റ്‌ കൊടുക്കുന്ന ഡ്യൂക്കിന്റെ ഒച്ച കേട്ടത്…

സ്ലോ മോഷനിൽ തിരിഞ്ഞു നോക്കി ആ സീനിന്റെ പഞ്ച് ഞാനായിട്ട് കളഞ്ഞില്ല….

മ്മടെ കരള് വന്നതാണ്…..വിക്രമാദിത്യന്റെ പുറത്ത് വേതാളം ഇരിയ്ക്കുന്നത് പോലെയാണ് കരളിന്റെ ഇരിപ്പ്…. ഡ്യൂക്കിന്റെ പുറത്തു ഇരിയ്ക്കുമ്പോൾ പിന്നെ അങ്ങനയല്ലേ വരൂ… കരളിന്റെ നിർദേശം കിട്ടിയത് കൊണ്ടാവണം ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ഒറ്റയാൻ എന്റെ അടുത്ത് തന്നെ കൊണ്ട് നിർത്തി…..

നെറ്റിയിൽ ചന്ദനം ഇല്ലെന്നു കാണിയ്ക്കാനാണോ എന്തോ ഒറ്റയാൻ മുടിയൊക്കെ മിറർ നോക്കി സെക്കന്റിൽ ഒരഞ്ഞൂറു വട്ടം എന്നപോലെ ഒതുക്കുന്നുണ്ട്… ക്‌ളീഷേ ഭാവം പിന്നെ അവിടെ തന്നെ ഉണ്ട്… പുച്ഛം…

🎶🎶🎶കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ🎶🎶

പാട്ട് വിട്ടൊരു കളിയുമില്ല… പുച്ഛം അങ്ങേരുടെ മാത്രം കുത്തകയല്ലല്ലോ….

“ഏട്ടന്റെ പിറന്നാൾ ആയിരുന്നു.. അത് കൊണ്ട് അമ്പലത്തിൽ പോയെടീ.. അതാ ബസിൽ ഇല്ലാതിരുന്നത്… “

അമ്പലത്തിൽ നിന്നും കിട്ടിയ സകല സംഭവങ്ങളും നെറ്റിയിൽ വാരി പൊത്തിയിട്ടുണ്ട്…. സീരിയൽ മരുമോൾ കാവിലെ ഭഗവതിയായത് എത്ര പെട്ടെന്നാണ്…

“ഓഹ്… അപ്പോൾ അമ്പലത്തിൽ പോയല്ലേ… “ഒറ്റയാനെ നോക്കിയാണ് ചോദിച്ചത്…

ഇങ്ങോട്ട് കിട്ടിയ പുച്ഛത്തിൽ ഒരു ഗ്രാം പോലും കുറയാതെ തിരിച്ചു കൊടുത്തു…

“ചേട്ടനാണ് എന്നെ കുത്തി എണീപ്പിച്ചു കൊണ്ട് പോയത്… ഏട്ടന് കാര്യമായിട്ട് എന്തോ പേടി പറ്റിയിട്ടുണ്ട്… മുടി വെട്ടുന്നു.. താടി വടിയ്ക്കുന്നു… പതിവില്ലാതെ അമ്പലത്തിൽ പോകുന്നു… “മിഥു കഷ്ടം വച്ചു പറഞ്ഞതും അവിടെ അത് വരെ ഇട്ട ബിൽഡ് അപ്പ് ഒക്കെ ആവിയായി പോയ മുഖമായിരുന്നു…

“ആർക്കാടീ പേടി… പേടിയ്പ്പിക്കാൻ ഇങ്ങോട്ട് വരട്ടെ…. “ഒറ്റയാൻ പറഞ്ഞതും ബൈക്ക് ഒന്ന് റേസ് ചെയ്യുന്ന ശബ്ദം കേട്ടു… ചത്താലും എന്നെ ഇനി നോക്കില്ലെന്ന് ഉറപ്പായിരുന്നു… അങ്ങനെയൊരു ഒന്നൊന്നര പോക്കായിരുന്നു…

ദിവസങ്ങൾ കടന്നു പോയി.. പിന്നെ മിഥുവിന്റെ വീട്ടിൽ പോകേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ട് ഒറ്റയാനെ കണ്ടില്ല…

ക്ലാസ്സൊക്കെ തീരാറായ ഒരു ഒഴിവ് ദിവസം വീട്ടിൽ ഒരു കല്യാണ ബ്രോക്കർ വന്നു…എന്റെ ഭാഗ്യത്തിന് വീട്ടിൽ അച്ഛനും ഇല്ല അമ്മയും ഇല്ല… കെട്ടിയ്ക്കാറായ പെൺപിള്ളേർ വീടുകളിൽ ഉണ്ടെന്ന് ഇവർ മണത്തു അറിയുന്നുണ്ടോ എന്തോ…

“മുതിർന്നവർ ആരും ഇല്ലേ മോളെ… “വന്ന ചേച്ചി പതപ്പിയ്ക്കൽ തുടങ്ങി വച്ചു…

എന്തായാലും വന്നതല്ലേ.. വരവ് വെറുതെയാക്കരുതല്ലോ….അല്ലെങ്കിൽ തന്നെ ബോറടിച്ചു ശോകം അടിച്ചിരിപ്പായിരുന്നു…. നാട്ടിലെ പ്രസക്ത കോഴികളുടെ കല്യാണ സ്പെഷ്യൽ ഫോട്ടോ പോസുകൾ ഒന്ന് കണ്ടു കളയാം എന്ന് കരുതി…

“ആരും ഇല്ല ചേച്ചി.. എന്താ… “വിനയം വിട്ടൊരു കളിയും ഇല്ല… നാട്ടുകാർക്ക് ഞാൻ കണ്ണിലുണ്ണിയാണ്….

“മോൾക്ക്‌ പറ്റിയ ആലോചന എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞിരുന്നു മോൾടെ അമ്മ… “

ചതി.. വൻ ചതി നടന്നിരിക്കുന്നു…. ഒരു വാക്ക് എന്നോട്… ഈ എന്നോട് ചോദിച്ചോ…ഇങ്ങോട്ട് വരട്ടെ… അമ്മയാണത്രേ….

പതിയെ ചേച്ചിയുടെ അടുത്ത് ഇരുന്നു ഫോട്ടോസ് നോക്കി… എന്തൊക്കെ ടൈപ്പ് ഫോട്ടോസ് ആണ്… കൂളിംഗ് ഗ്ലാസ്‌ വച്ചത്.. വയ്ക്കാത്തത്… കാറിന്റെ മുൻപിലും സൈഡിലും ചാരി നിൽക്കുന്നത് ബൈക്കിന്റെ പുറത്ത് കമിഴ്ന്നു കിടക്കുന്നത്… മുണ്ടുടുത്ത മലയാളീസ്.. ഫ്രീക്ക് ബേബ്സ്… ആകെ ജഗപൊഗ…. എല്ലാവരും അന്യായ പുഞ്ചിരി….

🎶🎶പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മൊന്തായം🎶🎶🎶

മനുഷ്യൻ ഇവിടെ സീരിയസ് ഡിസ്കഷൻ നടത്താൻ പോവുമ്പോൾ ഇമ്മാതിരി പാട്ടൊക്കെയെ വായിൽ വരൂ…

“അച്ഛൻ എന്ത് സ്ത്രീധനം തരും എന്നാ പറഞ്ഞത്… “ഫോട്ടോ നോക്കുന്നതിനിടയിൽ എന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ടാവണം ചേച്ചി ഒന്ന് പകച്ചു…

“അയ്യോ മോളെ ഞാൻ അതൊന്നും ചോദിച്ചില്ല… “

“ഇതൊക്കെ ചോദിച്ചു വേണ്ടേ അന്വേഷിയ്ക്കാൻ … ബിസിനസ് മുഖ്യം ചേച്ചി… ആട്ടെ ചേച്ചിയ്ക്ക്കമ്മീഷൻ ബേസിൽ അല്ലേ പേയ്‌മെന്റ്…. സ്ത്രീധനത്തിന്റെ രണ്ടര ശതമാനമോ മറ്റോ…. “

“അയ്യോ അതൊന്നും ഇങ്ങനെ ഉറക്കെ പറയല്ലേ മോളെ.. കൊടുക്കലും വാങ്ങലും ഒക്കെ രഹസ്യമാണ്.. പെണ്ണ് വീട്ടിൽ നിന്ന് ഒരു ശതമാനം… ചെറുക്കൻ വീട്ടിൽ നിന്ന് ഒന്നര ശതമാനം.. അങ്ങനെ ആണ് നാട്ടു നടപ്പ്… “

“എങ്കിൽ പിന്നെ ഇവിടെ നിന്ന് അഞ്ചു പൈസ കിട്ടില്ല…അച്ഛനേ മറ്റേ അസുഖം ഉണ്ട്… “ഞാൻ പതിയെ സ്വകാര്യമായി ചെവിയിൽ പറഞ്ഞു..

“എന്തസുഖം… “

“സ്ത്രീധന വിരോധം…എന്നെ കെട്ടുന്ന ആൾക്ക് അഞ്ചു പൈസ സ്ത്രീധനം കൊടുക്കില്ല… ഒരു പ്രത്യേകത്തരം വാശി… “

“അതൊരു അസുഖമാണോ മോളെ… “

“പിന്നെ.. ചേച്ചി ഈ സൈക്കോ എന്നൊക്കെ കേട്ടിട്ടില്ലേ…ഇങ്ങനെ പ്രത്യേക വാശി കാണിയ്ക്കുന്നവരെ പറയുന്ന പേരാണ് സൈക്കോ….”

“ആണോ.. ഞാൻ ഈ സിനിമയിൽ ഒക്കെ കേട്ടിട്ടുള്ളു സൈക്കോ എന്ന്… ഒരു സൈക്കോയെ അടുത്ത് അറിഞ്ഞത് ഇപ്പോഴാണ്… “

ഭഗവാനെ കയ്യീന്ന് പോയോ… എന്റെ അച്ഛൻ സൈക്കോ ആണെന്ന് ഇനി നോട്ടിസ് അടിയ്‌ക്കോ… അപ്പോൾ ഞാൻ ആരായി.. സൈക്കോയുടെ മകൾ…

“ചേച്ചിയ്ക്ക് നൂറു പവൻ കൊടുത്തു കെട്ടിയ്ക്കുന്ന ഒരു കേസ് ഞാൻ ഒപ്പിച്ചു തരാം… കല്യാണം നടന്നാൽ കമ്മീഷന്റെ ഒരു 33% എനിയ്ക്ക് തന്നാൽ മതി… ബാക്കി ചേച്ചി വച്ചോ..എനിക്ക് പ്രശ്നം ഇല്ല… “

“നൂറു പവനോ….”ചേച്ചിയുടെ കണ്ണ് മിഴിഞ്ഞു..

“ഹ്മ്മ്.. ഡീൽ ആണോ… മൂന്നിലൊന്ന് മതി എനിക്ക്… “

“ശോ ! മോള് തനി തങ്കം ആണ്… “ചേച്ചി പറഞ്ഞതിന് ഒന്ന് ചിരിച്ചു കൊടുത്തു…

ആള് പോയതും മിഥുവിനെ ഫോണിൽ ഒന്ന് കുത്തി വിളിച്ചു…

“മിഥു.. ഇങ്ങോട്ട് വഴി തെറ്റി വന്ന ഒരു മിസൈൽ അങ്ങോട്ടേയ്ക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട്… നിന്റെ കാര്യത്തിൽ ഇനി പെട്ടെന്ന് ഒരു തീരുമാനം ആയിക്കോളും… “അപ്പുറത്തു നിന്ന് ശബ്ദം ഒന്നും കേൾക്കാൻ ഇല്ല… ഫോൺ ഒന്നൂടെ നോക്കി.. കണക്ട്ഡ് ആണല്ലോ…

“ഇതിനും മാത്രം മിസൈലൊക്കെ കറക്റ്റ് ആയി നിനക്ക് എവിടെന്നാണ് കിട്ടുന്നത്… “

അപ്പുറത്തെ ഒറ്റയാന്റെ ചിന്നം വിളിയിൽ കാടുണർന്നു…

“റഷ്യ OLX ൽ ഡിസ്‌കൗണ്ട് സെയിലിൽ വിൽക്കാൻ ഇട്ടപ്പോൾ കുറച്ചെണ്ണം വാങ്ങി വച്ചിരുന്നു….എന്താ ഇയാൾക്ക് വേണോ… “

“വേണ്ട.. നീ തന്നെ രാവിലെ ചായേടെ ഒപ്പം ഓരോന്ന് പുഴുങ്ങി തിന്നോ… ആരാന്റെ നെഞ്ചത്തു എങ്ങനെ കുത്തി കേറും എന്ന് ആലോചിച്ചു നടക്കുന്ന മുതൽ അല്ലെ… “

“വാവ്..നൈസ് ഐഡിയ… എന്നാലും തമാശയൊക്കെ പറയാൻ പഠിച്ചു…നൈസ്.. “

“നീയെന്താടീ ആളെ കളിയാക്കാൻ വിളിച്ചതാ… “

“അങ്ങനെയാണേൽ ഞാൻ നിങ്ങളുടെ ഫോണിൽ നേരിട്ട് വിളിയ്ക്കില്ലേ… ഞാൻ മിഥുവിനെയാണ് വിളിച്ചത്… “

“ഓഹ്.. നിന്റെ കൂടെ നടന്നു നടന്നാണ് അവള് ആകെ മോശമായത് … “

“ഒരുനാൾ ഞാനും ചേട്ടനെ പോൽ വളരും വലുതാകും എന്ന് പാടി നടന്നവളാ.. അറം പറ്റി പോയല്ലോ… എന്ത് പറയാനാണ്… എന്നാലും തന്റെ പെങ്ങളെ മോശമാക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട് എന്ന സത്യം ഞാനും മറച്ചു വയ്ക്കുന്നില്ല… “

“ഡീ.. ഡീ.. നീയാരാണെന്നാടീ നിന്റെ വിചാരം… ധൈര്യം ഉണ്ടെങ്കിൽ നേരിട്ട് വാടീ….കുറേ നാളായല്ലോ നിന്റെ ഒരു കുരുടാൻ കഥ പറഞ്ഞു പേടിപ്പിയ്ക്കുന്നു…..”

“ഓഹ്.. അപ്പോൾ പേടിയുണ്ട്…. “

“പേടി.. അതും എനിയ്ക്ക്… ഇനി നീയത് ഒന്ന് പറഞ്ഞു നോക്ക്… അപ്പോൾ കാണാം.. “

“ആരോടാ പറയേണ്ടത്… ആന്റിയോടോ അങ്കിളിനോടോ അതോ മിഥുവിനോടാ…. മൂന്നാളുടേയും നമ്പർ ഉണ്ട്.. ഏതാണെന്നു വച്ചാൽ ചേട്ടൻ പറഞ്ഞാൽ മതി… “എന്റെ നിഷ്കളങ്കമായ മറുപടി കേട്ടതും അപ്പുറത്ത് നിന്നും കാൾ കട്ടായ ശബ്ദം കേട്ടു….

തൊടുത്തു വിട്ട മിസൈൽ കൃത്യമായി ലക്ഷ്യ സ്ഥാനത്തു എത്തി…. കോഴ്സ് കഴിഞ്ഞു മിഥുവിന്റെ കാര്യത്തിൽ ഏറെക്കുറെ തീരുമാനം ആയി… 33% ഡീൽ ഞാനും ചേച്ചിയും തമ്മിലുള്ള സമാധാന ഉടമ്പടി എന്ന പേരിൽ പിൽക്കാലത്തു ചരിത്രം രേഖപ്പെടുത്തി….

കാരണം.. കാരണം ഉണ്ട് … ആ കാരണം വഴിയേ അറിഞ്ഞോളും.. പിന്നെ ലാലേട്ടന്റെ ഈ ഡയലോഗ് ഒരു വീക്നെസ് ആണ്…

അപ്പോൾ പറഞ്ഞു വന്നത് എന്തിലും നമ്മൾ ബിസിനസ് കാണണം…കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്… എന്റെ ബുദ്ധി വിമാനമാണ്…

അങ്ങനെ മിഥുവിന്റെ നിശ്ചയം വരെ എത്തി കാര്യങ്ങൾ…കരളിന്റെ നിശ്ചയത്തിന് ഡ്രസ്സ്‌ എടുക്കാൻ ഒരു ദിവസം മാളിലെ ഒരു ഷോപ്പിൽ അലഞ്ഞു തിരിഞ്ഞു ഡ്രസ്സ്‌ സെലക്ട് ചെയ്തു ദേഹത്തോട് അടുപ്പിച്ചു കണ്ണാടിയിൽ നോക്കിയപ്പോഴാണ് കൈ മാറിൽ പിണച്ചു കൊണ്ടു കണ്ണാടിയിലേക്ക് നോക്കി നിൽക്കുന്ന ഒറ്റയാന്റെ പ്രതിബിംബം കണ്ടത്… എന്റെ കയ്യിൽ വേറെ ഒരു ഷർട്ട് കൂടി ഉണ്ടായിരുന്നു….

ജാഡ… അത് എനിയ്ക്ക് നിർബന്ധം ആണ്..അത് കൊണ്ടു ഒറ്റയാനെ കണ്ടെങ്കിലും കാണാത്തത് പോലെ തിരിഞ്ഞു നിന്ന് വീണ്ടും ഡ്രസ്സ്‌ തപ്പലോടു തപ്പൽ…

“ഡീ… നിനക്ക് എന്നെ കണ്ടൂടെ … “

“കണ്ടു … “

എന്റെ അടുത്ത് വന്നു ചോദിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു…

“പിന്നെ നീയെന്താ കാണാത്തതു പോലെ നിൽക്കുന്നത്… “

“കണ്ട ഉടനെ കെട്ടിപ്പിടിച്ചു സെൽഫീ എടുക്കാൻ ഇയാള് സിനിമ നടനൊന്നും അല്ലല്ലോ… “

“അതെന്താ നീ സിനിമ നടനെ മാത്രേ കെട്ടിപ്പിടിച്ചു സെൽഫി എടുക്കൂ… “

“ആഹ്.. ഞാൻ തറവാട്ടിൽ പിറന്നക്കുട്ടിയാ…തറവാട്ടിൽ പിറന്ന കുട്ട്യോളൊക്കെ അങ്ങനെയാണത്രേ… “

ഞാൻ പറഞ്ഞതിൽ ദേഷ്യം കേറിയാണോ എന്തോ തൊട്ടടുത്തുള്ള ട്രയൽ റൂമിലേക്ക് പിടിച്ചു തള്ളിയതും വാതിൽ ലോക്ക് ഇട്ടതും ഒന്നിച്ചായിരുന്നു…

ആ കുടുസ്സു മുറിയിൽ തൊട്ടടത്തു ഒറ്റയാനെ കണ്ടതോടെ എന്റെ തലയിൽ നിന്നും ചാടി പോന്ന കിളികളൊക്കെ ശ്വാസം മുട്ടി പിടയുന്നുണ്ടായിരുന്നു… ഇങ്ങേരുടെ നിൽപ്പും നോട്ടവും കണ്ടിട്ട് മിക്കവാറും ഒറ്റയാൻ തന്നെ ഞാൻ അടക്കം ശ്വാസം മുട്ടി പിടയുന്ന സകല കിളികൾക്കും CPR തരും എന്ന് തോന്നുന്നു… നിൽപ്പ് അത്ര പന്തിയല്ലല്ലോ ദാസാ…

എന്നാലും അങ്ങേരുടെ ആഗ്രഹം അതാണെങ്കിൽ ഞാനായിട്ട് വേണ്ടെന്നു വയ്ക്കില്ല… കാരണം.. കാരണം ഉണ്ട്…

“എന്താടീ.. നിന്റെ ധൈര്യം ഒക്കെ എവിടെ പോയി… “

“വീട്ടിൽ വച്ചിട്ടു പോന്നതാ…ഷോപ്പിങിന് വരുമ്പോൾ സാധാരണ എടുക്കാറില്ല… വേണേൽ പോയി എടുത്തിട്ട് വരാം… “എന്റെ മറുപടി കേട്ടിട്ടാവണം ഒറ്റയാൻ ഒന്ന് നോക്കി…

തോൽക്കരുത്…

ഒറ്റയാനെ വീഴ്ത്താൻ കുഴിയാനയ്ക്ക് പറ്റില്ലെങ്കിലും ഒന്ന് ഇക്കിളിയിടാനെങ്കിലും പറ്റാതിരിയ്ക്കില്ല… കമ്മോൺഡ്രാ…. ട്രൈ… ട്രൈ.. till you succeed….

“നീയെന്താ ഇപ്പോൾ വീട്ടിൽ വരാത്തേ… “

സംഭവം അങ്ങനെയൊക്കെയാണെങ്കിലും ഒറ്റയാൻ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോൾ എന്തോ വല്ലാതായി… സാഹിത്യപരമായി പറഞ്ഞാൽ ഒറ്റയാന്റെ കണ്ണിലെ കടലിന്റെ ആഴത്തിൽ മിനിമം ഒരു പായ് കപ്പലെങ്കിലും ഓടിയ്ക്കാൻ ഒരു മോഹം…..

“ഞാൻ അവിടെ ഇരുപത്തി നാല് മണിക്കൂറും തപസ്സ് ആണെന്ന് പറഞ്ഞില്ലേ…. “

“അതിന്… “

“അത് കൊണ്ടു ഞാൻ ഇനി വരില്ല…. “

“നീ വരില്ലേ…”

“ഇല്ല… “

“ഉറപ്പാണോ… “

“ഹ്മ്മ്.. “

“നിന്നെ ഇരുപത്തി നാല് മണിക്കൂറും അവിടെ തന്നെ ഇരുത്താൻ എന്താ ചെയ്യേണ്ടത് എന്ന് എനിയ്ക്ക് അറിയാം ….. “

“ചേട്ടാ… തേപ്പ് നന്നായി ഉണങ്ങിയിട്ടേ പെയിന്റ് അടിക്കാൻ പാടു…. അല്ലേൽ പാണ്ട് പിടിച്ചത് പോലെയാവും… “പെട്ടെന്ന് ഒരു ആവേശത്തിൽ പറഞ്ഞു കഴിഞ്ഞാണ് ബന്ധുര കാഞ്ചന കൂട്ടിൽ ആണെന്ന് ഓർത്തത്…

ഒറ്റയാൻ ചിന്നം വിളിക്കാനുള്ള പുറപ്പാടിൽ ആണെന്ന് തോന്നുന്നു… ആലങ്കാരികമായി പറഞ്ഞത് കൊണ്ടു മനസ്സിലായോ എന്തോ…

“നിന്നെ ഒതുക്കേണ്ടത് എങ്ങനെയാണെന്ന് എനിയ്ക്ക് അറിയാം… “ഒരു നിമിഷത്തെ മൗനം ഭേദിച്ചു ഒറ്റയാൻ മൊഴിഞ്ഞു…

🎶🎶എന്നെ ഒതുക്കാൻ നീയാര് എൻ തറവാട്ടിലെ കാർന്നോരോ 🎶🎶

സീരിയസ് സിറ്റുവേഷനിൽ വെറുതെ ഇങ്ങനെ മൂളിപ്പാട്ട് വരുന്നത് എന്തൊരു ദ്രാവിഡ് ആണ്…. ഞാൻ എനിയ്ക്കുള്ള കുഴി വെട്ടിയത് പോലെ ആയോ….

പാട്ട് കേട്ടതും ഒറ്റയാൻ ചെവിയൊന്ന് വട്ടം പിടിച്ചു…

കുഴിയാന ചുമരിൽ വെറുതെ ഒന്ന് ചുരണ്ടി നിന്നു…..

അംഗഭംഗം… മാനഹാനി… ആസന്നമരണം…

“നീയാർക്ക് വേണ്ടിയാ ഈ ഷർട്ട് എടുത്തത്.. “

“എന്റെ ബോയ്… ഫ്രണ്ട്ന് … “

എന്റെ മറുപടിയിൽ ഒറ്റയാന്റെ മുഖത്തു ഒരു മങ്ങൽ ഉണ്ടോ…

🎶🎶കാക്കിരി നാട്ടിൽ സൂര്യനില്ല.. വസ്ത്രമതാകെ മങ്ങി… 🎶🎶🎶🎶

വീണ്ടും സീരിയസ് സിറ്റുവേഷൻ.. മൂളിപ്പാട്ട്…ഇത് ഒരു അസുഖമാണോ ഭഗവതി… എനിയ്ക്ക് ചിരിയും വരുന്നുണ്ട്…. ഞാൻ ഇത് കുളമാക്കും…

ഒറ്റയാൻ ഒന്നും പറയാതെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി…..

പുറത്ത് വായും പൊളിച്ചു ഒരുത്തൻ നിൽപ്പുണ്ടായിരുന്നു… ജിത്തു..

“ജിത്തു… നീയെന്താ ഇവിടെ… “ഒറ്റയാൻ ചോദിച്ചു…

“ദേ ഇവളുടെ കൂടെ വന്നതാ… “എന്നെ ചൂണ്ടി ജിത്തു പറഞ്ഞു…

“ഇത് ഇവനുള്ള ഷർട്ട് ആയിരുന്നോ… “ഒറ്റയാൻ എന്നെ നോക്കി ചോദിച്ചു..

“ഹ്മ്മ്… “എന്റെ വക ഒരു കുഞ്ഞു മൂളൽ…

ഒറ്റയാന്റെ മുഖത്തു വീണ്ടും കട്ട ശോകം….

🎶🎶കാക്കിരി നാട്ടിൽ സൂര്യനില്ല.. രാജമനസ്സിൽ ദുഃഖം…..
വേഷഭൂഷകൾ എല്ലാം മങ്ങി..
മുഖവും വാടിയിരിപ്പൂ… 🎶🎶🎶

ദേ വീണ്ടും പാട്ട്….

“നിങ്ങൾ ഇവിടെ നിൽപ്പാണോ പിള്ളേരെ…. “അമ്മ പറഞ്ഞു നോക്കിയപ്പോഴാണ് അമ്മ ഒറ്റയാനെ കണ്ടത്…

“മിഥുവിൻ്റെ ബ്രദർ അല്ലേ… “ഒറ്റയാനെ നോക്കിയാണ് അമ്മയുടെ ചോദ്യം..

“അതേ… “ഒരു പുഞ്ചിരിയോടെ ഒറ്റയാൻ മറുപടി പറഞ്ഞു…. ഒറ്റയാൻ ആദ്യമായിട്ടാണ് പുഞ്ചിരിയ്ക്കുന്നത് കാണുന്നത്…

“ആങ്ങളയും പെങ്ങളും ഷോപ്പിങ്ങിന് ഇറങ്ങിയാൽ ഇങ്ങനെ അവിടെയും ഇവിടെയും കറങ്ങി നടന്നു സമയം വെറുതെ കളയുംന്നേ….ഞാൻ താഴത്തെ ഫ്ലോറിൽ കാണും പെട്ടെന്ന് വാ രണ്ടും … “

നശിപ്പിച്ചു… സ്ക്രിപ്റ്റിൽ ഇല്ലാത്ത സീനിലേക്ക് അമ്മയെ ഇപ്പോൾ ആരാ വിളിച്ചത്… ഡയലോഗ് ഡെലിവറി കഴിഞ്ഞതും അമ്മ സീൻ വിട്ടു…

ഒറ്റയാന്റെ മുഖത്തു ഒരു ആക്കി ചിരി…

🎶🎶മധുഗാനം തൂകി ഓറഞ്ച്… അത് സൂര്യൻ കേട്ട് രസിപ്പൂ🎶🎶🎶

“ഇതെന്റെ ഇളയച്ഛന്റെ മോളാ അഭി…. എന്റെ അനിയത്തി… “ജിത്തു കുറച്ചു കൂടി എണ്ണയൊഴിച്ചു കൊടുത്തു….

അത് കൂടി കേട്ടതോടെ ഒറ്റയാൻ ഹാപ്പി…

🎶🎶ഓറഞ്ച്‌ പീലില്‍ രാജന്‍ തന്നുടെ വസ്ത്രമതാകെ മിന്നീ..കാക്കിരി നാട്ടില്‍ ഓറഞ്ച്‌ എത്തി…. ഒപ്പം സൂര്യനുമെത്തി🎶🎶

“ഇതാണോ നിന്റെ ബോയ് ഫ്രണ്ട്…. “ഒറ്റയാന്റെ മാസ്റ്റർപീസ് പുച്ഛഭാവം..

“ബോയ് കഴിഞ്ഞു മൂന്നു കുത്ത് ഉണ്ടായിരുന്നു ഫ്രണ്ടിന് മുൻപ്……പിന്നെ ഇവൻ എന്റെ ഫ്രണ്ട് ആണ്… “

“ഹോ !ഭീകരം…. “

ഈശ്വരാ ഒറ്റയാൻ വീണ്ടും വീണ്ടും സ്കോർ ചെയ്യുവാണല്ലോ… ഈ സൂര്യനെ അധികം വളരാൻ അനുവദിയ്ക്കരുത്…

“ജിത്തു… വാ… താഴത്തെ ഫ്ലോറിൽ ആരുഷി വർമ്മ ഇന്നലെ ഇനോഗ്രേഷൻ ചെയ്ത മേക്കപ്പ് സ്റ്റോറിൽ ഒന്ന് കേറണം.. ഒരു ഫൌണ്ടേഷൻ വാങ്ങണം… “

“ഫൌണ്ടേഷനോ…. “ജിത്തു കണ്ണ് മിഴിച്ചു…

“മുഖത്തു തേയ്ക്കാൻ ബെസ്റ്റാ… പിന്നെ അറിയാവുന്ന പ്രോഡക്റ്റ്സ് അല്ലേ സിനിമ നടിമാർക്ക് പ്രൊമോട്ട് ചെയ്യാൻ പറ്റൂ… “

ഒറ്റയാന്റെ മുഖത്തു വീണ്ടും ശോകം… അത് കണ്ടപ്പോൾ ഒരു മനഃസുഖം….

പോകുന്ന വഴി ഒന്ന് തിരിഞ്ഞു നോക്കി… അവിടെ നിൽപ്പുണ്ടായിരുന്നു…

നാലു ദിവസം കഴിഞ്ഞു മിഥുവിന്റെ എൻഗേജ്മെന്റിന് പോയി.. വെളുത്ത ഒരു അനാർക്കലി വലിച്ചു കേറ്റി ഒരു മെനയൊക്കെ വരുത്തി…

മുൻപിൽ തന്നെ ഉണ്ട് ഒറ്റയാൻ… അവിടെയും വെള്ളമുണ്ടും ഷർട്ടും….

ചടങ്ങൊക്കെ കഴിഞ്ഞു നമ്മുടെ ബ്രോക്കർ ചേച്ചിയെ കണ്ടപ്പോൾ അടുത്ത് ചെന്നു…

അങ്ങനെ മിഥുവിനെ ഒരു വഴിയ്ക്കാക്കി…

ഒരു പെൺകുട്ടിയ്ക്ക് ജീവിതം ഉണ്ടാക്കി കൊടുക്കുക എന്നൊരു പുണ്യ പ്രവൃത്തി ആയിട്ടേ ഞാൻ അതിനെ കണക്കു കൂട്ടിയിട്ടുള്ളൂ… ഒരു സാമൂഹിക സേവനം… പിന്നെ ചില സേവനങ്ങൾ പെയ്ഡ് സർവീസ് ആണല്ലോ…

ചേച്ചിയും ഞാനും തമ്മിൽ ഉള്ള ഡീൽ 33% ത്തിൽ നിന്ന് ഞാൻ 30 ആക്കി കുറച്ചു.. പാവം ചേച്ചി ജീവിച്ചു പോവട്ടെ…. ഇനിയും ഇങ്ങനെയുള്ള കല്യാണ കേസുകൾ ഉണ്ടെങ്കിൽ അറിയിക്കണം എന്നൊക്കെ പറഞ്ഞാണ് ചേച്ചി പോയത്… അങ്ങനെ ഞങ്ങൾ അറിയാതെ തന്നെ ഒരു ബിസിനസ് ടൈക്കൂൺ ആയി വളർന്നിരിയ്ക്കുന്നു…

ചേച്ചി പോയതും ഒരാൾ എന്നെ തന്നെ അടിമുടി നോക്കുന്നു… ഈശ്വരാ ഒറ്റയാൻ വല്ലതും കേട്ട് കാണോ…

“എന്തായിരുന്നു ആ ചേച്ചിയുമായിട്ട് ഒരു ചർച്ച… “ഒറ്റയാൻ ചോദ്യമെറിഞ്ഞു..

“ഇനി എവിടെ മിസൈൽ ഇടണം എന്ന് ചർച്ച ചെയ്യായിരുന്നു…. “

“ഓഹ്… ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞ ആൾക്കാർ എന്തിനാണാവോ ഇപ്പോൾ കെട്ടിയെടുത്തത്… “ഒറ്റയാൻ വീണ്ടും ഗോദയിൽ…

“ഒരു വിശ്വാമിത്രന്റെ തപസ് ഇളക്കാൻ കരാർ എടുത്ത കാര്യം ഇപ്പോഴാ ഓർത്തത്… “

“വിശ്വാമിത്രന്റെ തപസ് ഇളക്കാൻ മേനക അനാർക്കലി ഇട്ടാണോ വന്നിരിക്കുന്നത്…. “

“മുണ്ടും ഷർട്ടും ഇട്ട വിശ്വാമിത്രന്റെ തപസ് ഇളക്കാൻ അനാർക്കലിയിട്ട മേനക മതി… “

“എടീ വെള്ള അനാർക്കലി വലിച്ചു കേറ്റിയാലൊന്നും കാക്ക കൊക്കാവില്ല…”

അപമാനം… പ്രതികരിയ്ക്കൂ…

🎶🎶ഉണരൂ വേഗം നീ സുമ റാണി വന്നു നായകൻ 🎶🎶🎶

“വെള്ള മുണ്ടും ഷർട്ടും വലിച്ചു കേറ്റിയാൽ ഒരു ഒറ്റയാനും ഐരാവതം ആവില്ല…. “

“ഐരാവതം??? “ഇത്തവണ പോയത് ഒറ്റയാന്റെ കിളികൾ ആയിരുന്നു…

“പോയി ഒന്നാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ്‌ ബുക്ക്‌ നോക്കെടോ… “അതും പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു…

കുറച്ചു ദിവസത്തേക്ക് പിന്നെ വലിയ അനക്കം ഒന്നും കണ്ടില്ല…. എൻഗേജ്മെന്റ് കഴിഞ്ഞു അധികം ദിവസം ഉണ്ടായിരുന്നില്ല മിഥുവിന്റെ കല്യാണത്തിന്…

ഒരു ദിവസം എവിടേക്കോ പോകാൻ തയ്യാറായി നിന്നപ്പോഴാണ് പുറത്ത് കാളിങ് ബെല്ലിന്റെ ശബ്ദം കേൾക്കുന്നത്.. വാതിൽ തുറന്നപ്പോൾ സകുടുംബം ഒറ്റയാൻ….

കല്യാണത്തിന് ക്ഷണിയ്ക്കാനുള്ള വരവാണ്…

ഭാഗ്യം പുറത്തേയ്ക്ക് പോകാൻ തയ്യാറായി നിന്നത്.. അല്ലെങ്കിൽ ഞാൻ വീട്ടിൽ നിൽക്കുന്ന കോലം കണ്ടാൽ പട്ടി വെള്ളം കുടിയ്ക്കൂല്ല…

ഇന്ന് സീരിയലിലെ മരുമോൾ കളിച്ചത് ഞാനാണ്.. അമ്മ ഒരു ദാക്ഷിണ്യവും കൂടാതെ പോയി ജ്യൂസ് ഉണ്ടാക്കാൻ പറഞ്ഞു… എന്നിട്ട് അവരുടെ കൂടെ അങ്ങോട്ട് ഇരുന്നു.. അച്ഛനും…

ഒരു ട്രേയിൽ ജ്യൂസ് താങ്ങി പിടിച്ചു കൊണ്ടു വന്നു… എല്ലാവരും നോക്കുന്ന നോട്ടം കണ്ടാൽ ഒരു പെണ്ണ് കാണൽ മണക്കുന്നുണ്ട്… മിഥുവിനൊക്കെ ഒരുമാതിരി കുശുമ്പി നാത്തൂൻ ലുക്ക്‌… എന്റെ അമ്മയുടെ ചിരി ആദ്യമായി മാപ്പിളൈ പയ്യനെ കണ്ട അമ്മായിഅമ്മയെ പോലെ…

“മോള് ജ്യൂസ് അവനു കൊടുക്ക്…. “എല്ലാവർക്കും ജ്യൂസ് കൊടുത്തു ഒരറ്റത്തു ഇരുന്ന ഒറ്റയാനെ ചൂണ്ടി അച്ഛൻ പറഞ്ഞു…

ഞാൻ ഒറ്റയാനെ ഒന്ന് നോക്കി ജ്യൂസ് കൊടുത്തു.. ഇന്ന് പുച്ഛം കാണാൻ ഇല്ല…

“മോളെ അഭിമന്യുവിന് വേണ്ടി ആലോചിയ്ക്കുന്ന കാര്യം പറയായിരുന്നു ഞങ്ങൾ…. മോൾക്ക് എന്താ അഭിപ്രായം… “

മിഥുവിന്റെ അമ്മ പറഞ്ഞതും ബോംബ് തീ കൊളുത്തി എന്താ പൊട്ടാതെ ഇരുന്നത് എന്ന എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയ ഭാവം ആയിരുന്നു…. അപ്പോൾ ഊഹം തെറ്റിയില്ല…

“എനിയ്ക്ക് കെട്ടാനൊന്നും വയ്യ… “ഞാൻ അത് പറഞ്ഞപ്പോൾ അമ്മ കണ്ണുരുട്ടുന്നുണ്ടായിരുന്നു….

“നീ അകത്തേക്ക് പൊക്കോ.. “അമ്മ പറഞ്ഞതും പിന്നെ ഒന്നും മിണ്ടാതെ അകത്തു കയറി പോയി…

ഒരഞ്ചു മിനിറ്റ് കഴിഞ്ഞില്ല ഒറ്റയാൻ മുറിയിലേക്ക് വന്നു… ഒന്ന് മുരടനക്കി…

“അതെന്താ നിനക്ക് ഇഷ്ടം അല്ലാത്തത്…. “ഒറ്റയാൻ വീണ്ടും ചിന്നം വിളിച്ചു തുടങ്ങി…

“റിജെക്ട് ചെയ്യുമ്പോഴുള്ള വേദന എല്ലാവരും അറിയണമല്ലോ… “ഞാൻ ഞാൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നു…അതാണല്ലോ സ്ഥിരം നായികയുടെ പെണ്ണ് കാണൽ പോസ്… ഞാൻ ആയിട്ട് ഇനി ട്രെൻഡ് മാറ്റുന്നില്ല…

“ഓഹ്… അങ്ങനെ… “

“എന്തേ… അറ്റ്ലീസ്റ്റ് നിങ്ങൾക്ക് എന്റെ പേര് എങ്കിലും അറിയോ.. “

“കാർത്തു എന്നല്ലേ… “

“അടിപൊളി.. ആദ്യം പോയി പേര് അറിഞ്ഞിട്ട് വാ… എന്നിട്ട് ആലോചിയ്ക്കാം കല്യാണം വേണോ വേണ്ടയോ എന്ന്… “അതും പറഞ്ഞു റൂമിൽ നിന്നും പുറത്ത് കടക്കാൻ നോക്കിയപ്പോൾ കട്ടിളയ്ക്ക് കുറുകെ ഒരു കൈ വന്നു…

“അങ്ങനെ അങ്ങ് പോയാലോ
കാർത്തിക കൃഷ്ണകുമാർ…. “എന്നെ ഒറ്റ കൈ കൊണ്ട് എടുത്തു പൊക്കി വാതിൽ അടച്ചു….

“ആർക്കോ എന്നോട് സ്കൂൾ ടൈം തൊട്ട് കടുത്ത പ്രണയം ആയിരുന്നു എന്നോ….ചേട്ടൻ വഴി എല്ലാ കാര്യങ്ങളും കൃത്യമായി അറിയാറുണ്ടെന്നോ ഒക്കെ അറിഞ്ഞു… “

“എന്നിട്ട് എന്തിനാ റിജെക്ട് ചെയ്തത്… “

“ഏതോ ഒരു വാലെന്റൈൻസ് ഡേയ്‌ക്ക് ജിത്തു വഴി കാർഡ് കൊടുത്തു വിട്ടപ്പോൾ എനിയ്ക്ക് അറിയോ അത് നീയാണെന്ന്… അവനാണെങ്കിൽ ഒന്നും പറഞ്ഞിട്ടില്ല ഇത് വരെ നിന്നെ കുറിച്ച്… “

“അതെങ്ങനെയാ… ഇരുപത്തി നാല് മണിക്കൂറും നിങ്ങള് അവളെ കെട്ടിപ്പിടിച്ചു നടന്നാൽ ജിത്തുവിന് വല്ലതും പറയാൻ തോന്നോ…. “
അത് പറഞ്ഞതും ഒറ്റയാന്റെ മുഖം മങ്ങി…

“അപ്പോൾ നിനക്ക് കെട്ടാൻ സമ്മതമല്ല… “

“അതിനു ഞാൻ അല്ലല്ലോ കെട്ടേണ്ടത്…എനിക്ക് കെട്ടാൻ പറ്റില്ലെന്നാണ് പറഞ്ഞത്… കേരളത്തിൽ സാധാരണ പെണ്ണുങ്ങൾ അല്ലല്ലോ കെട്ടുന്നത്… “

ഞാൻ പറഞ്ഞതും ഒറ്റയാന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു… പതിയെ അത് എന്റെ ചുണ്ടിലേക്കും..

“അപ്പോൾ അവസാനം ആയി ചോദിയ്ക്കുവാ… ഇഷ്ടമാണോ …. “ഒറ്റയാൻ പുരികം ഒന്നുയർത്തി ചോദിച്ചു….

“ഹ്മ്മ്… “

“വായ തുറന്നു പറയെടീ… “

“ഭീഷണി വേണ്ട…”ഞാനും ഒന്ന് കണ്ണുരുട്ടി…

ഒറ്റയാന്റെ ആവേശം ഒറ്റ മിനിറ്റ് കൊണ്ട് കെട്ടടങ്ങി…

“പറയെടാ മുത്തേ… “

അങ്ങനെ വഴിയ്ക്ക് വാടോ.. ഭീഷണി എനിയ്ക്ക് പണ്ടേ ഇഷ്ടമല്ല…

“ഈ ഒറ്റയാനെ ജീവിതക്കാലം മുഴുവനും തളയ്ക്കാനുള്ള തോട്ടി ഈ കുഴിയാനയുടെ കൈകളിൽ ഭദ്രമാണ്… “

സാഹിത്യപരമായി ഞാൻ അലങ്കാരത്തിന്റെ ആളാണ്… ഒറ്റയാൻ വരെ ചിരിച്ചു പോയി…

“എന്തായിരുന്നു ആ ബ്രോക്കർ ചേച്ചി ആയിട്ട് ഇടപാട്… “ചിരിയുടെ അവസാനം ഒറ്റയാൻ ചോദിച്ചു….

“ഞാൻ കെട്ടി കേറി വരുമ്പോൾ എനിയ്ക്ക് നാത്തൂൻ പോരൊന്നും എടുക്കാൻ വയ്യ… അത് കൊണ്ട് മിഥുവിനെ ആദ്യം തട്ടിയാൽ പിന്നെ ഗോദ ഫ്രീ ആവില്ലേ… “അത് പറഞ്ഞപ്പോൾ ഒറ്റയാൻ തലയാട്ടുന്നത് കണ്ടു…

വട്ടം പിടിച്ചു മൂപ്പരുടെ കവിളിൽ ഒരു ഉമ്മ അങ്ങോട്ട് വച്ചു കൊടുത്തു… ഇത്തവണ കിളികൾ പറന്നത് അങ്ങേരുടെയായിരുന്നു…

“പിന്നെ ഈ താടിയൊക്കെ വൃത്തിയ്ക്ക് അങ്ങ് വെട്ടിയൊതുക്കണം… ഉമ്മ വയ്ക്കുമ്പോൾ എനിയ്ക്ക് ഇതൊക്കെ ഒരു ഡിസ്റ്റർബൻസ് ആവരുത്… “ഒറ്റയാനോട് സലാം പറഞ്ഞു വാതിൽ തുറന്നു പുറത്തേക്ക് നടന്നു…

അങ്ങനെ കാർത്തു എന്ന എന്റെ ചിന്ന പ്രണയ ഗഥയ്ക്കും ഒരു ഹാപ്പി എൻഡിങ്….