ഒരു ചിന്ന പ്രണയ കഥ – രചന: അക്ഷര എസ്സ്
🎶🎶ഏതോ രാഗം നെഞ്ചുക്കുള്ള വന്തു വന്തു
ഉൻ പേര് സൊല്ലി സൊല്ലി പാടുതു…. 🎶🎶
ഡീ…എന്റെ മൊബൈൽ വെറുതെ ഒന്ന് റിങ് ചെയ്‌തതും ഒരലർച്ചയായിരുന്നു….
അലർച്ചയിൽ കയ്യിലിരുന്നു പാടിയ ഫോൺ വരെ വിറച്ചു തുള്ളി വീഴാൻ പോയപ്പോൾ അതിനെ വീഴാതെ ഡൈവ് ചെയ്തു പിടിച്ചു…
ശ്വാസം ഒന്ന് നേരെയാക്കി ഇടത്തോട്ട് കഴുത്തു വെട്ടിച്ചു അപ്പുറത്ത് ദിവാൻ കോട്ടിൽ അനന്തശയനത്തിൽ കിടന്നിരുന്ന മുതലിനെ ഞാൻ ഒന്ന് നോക്കി…. താടിയും മുടിയുമൊക്കെ നീട്ടി വളർത്തി ഒരു വല്ലാത്ത രൂപം….
തന്റെ വീടായി പോയി ഇല്ലേൽ കാണായിരുന്നു എന്നൊരു ഭാവം മുഖത്തു വരുത്തണം എന്ന് അതിയായ മോഹം ഉണ്ടെങ്കിലും KSEB തരുന്നത് പോലെ അപ്രതീക്ഷിതമായി കനത്തിൽ എന്തെങ്കിലും കിട്ടിയാലോ എന്ന് പ്രതീക്ഷിച്ചു മൗനം മൗനേന ശാന്തി കൃഷ്ണ പാടി ഇരുന്നു…
ദാ വരുന്നു പ്രിയമാന തോഴി… മനസ്സിലായില്ലേ എന്റെ കരള് എന്ന് കുപ്രസിദ്ധി നേടിയ മുതൽ…മൈഥിലി എന്ന മിഥു…
സീരിയലിലെ മരുമോൾ കളിച്ചു ജ്യൂസ് എടുക്കാൻ അടുക്കളയിൽ പോയതാണ്…. ജ്യൂസ് കൊണ്ട് വന്നു ടേബിളിൽ വച്ചു എന്റെ അടുത്ത് ഇരുന്നു…
“ഇവിടെന്താ ഒരു ഒച്ചപ്പാട് കേട്ടത്… “
“ദാ കിടക്കുന്ന ഒറ്റയാൻ ഒന്ന് ചിന്നം വിളിച്ചതാ… “
അവളുടെ ചോദ്യത്തിന് ഞാൻ പതിയെ കണ്ണ് കൊണ്ട് ഇടത്തോട്ടൊന്ന് കാണിച്ചു പറഞ്ഞു …
അവൾ കൈപ്പത്തി കൊണ്ട് വായൊന്നു പൊത്തി പിടിച്ചു മിണ്ടാതെ ഇരിയ്ക്കാൻ പറഞ്ഞു….
“മോളെ ചേട്ടന്റെ മരുന്ന് സമയത്തു എടുത്തു കൊടുത്തേക്കണം കേട്ടോ… “ജോലിയ്ക്ക് പോകാൻ തയ്യാറായി വന്ന അവളുടെ അമ്മ പറഞ്ഞപ്പോൾ മിഥു തലയാട്ടി…
“മോള് ജ്യൂസ് കുടിയ്ക്ക് ട്ടോ… എന്നിട്ട് നന്നായി ഡാൻസ് പ്രാക്ടീസ് ചെയ്തോളു… ആന്റിയ്ക്ക് ജോലിയ്ക്ക് ഇറങ്ങാറായി…. “ആന്റി പറഞ്ഞപ്പോൾ തലയാട്ടി കൊടുത്തു…
അനന്തശയനത്തിൽ കിടക്കുന്ന മുതൽ അപ്പോഴും കണ്ണിന് കുറുകെ കൈ വച്ചു ദിവാൻ കോട്ടിൽ കിടപ്പുണ്ട്….
“ആ മുതലിന് എന്താ അസുഖം… മരുന്നൊക്കെ കൊടുക്കാൻ മാത്രം .. “ഞാൻ പതിയെ ഒന്ന് ചോദിച്ചു…
“ഏട്ടന്റെ ഏതോ ഫ്രണ്ടിന് ആക്‌സിഡന്റ് പറ്റുന്നത് നേരിൽ കണ്ടു….. അതിൽ പിന്നെ ഇങ്ങനെയാണ്….വൻ ശോകം.. “
“സൈക്കോ ആയാ.. “ഞാൻ ചോദിച്ചപ്പോൾ മിഥു ഒന്ന് കണ്ണുരുട്ടി…
“ഡീ.. ഞാൻ തലയിൽ എണ്ണയിട്ടു… പോയി കുളിച്ചിട്ട് വരാം… അത് വരെ നീ ആ ലിറിക്‌സ് കംപ്ലീറ്റ് എഴുതാൻ നോക്ക്… “മിഥു സ്വകാര്യം പറയുന്നത് പോലെ ചെവിയിൽ പതിയെ പറഞ്ഞു പോയി…
ഒരു മൂളിപ്പാട്ടൊക്കെ പാടി പതിയെ മൊബൈലിൽ ഒന്ന് തോണ്ടി കൊണ്ടിരുന്നു… സെം ബ്രേക്ക് ആണ്… അത് കഴിഞ്ഞു ചെന്നു കോളേജിൽ ഒരു ഫങ്ക്ഷനു വേണ്ടി ഡാൻസ് പ്രാക്ടീസ് ചെയ്യാൻ വന്നതാണ്…
മൂളിപ്പാട്ട് കേട്ടിട്ടാണ് എന്ന് തോന്നുന്നു ഒറ്റയാൻ വീണ്ടും ചിന്നം വിളിയ്ക്കാനുള്ള മട്ടാണ്…. കരളിന്റെ ഒരേ ഒരു കൂടെ പിറപ്പാണ് ഇപ്പറഞ്ഞ ഒറ്റയാൻ….. അഭിമന്യു…
“ഡീ… നീയേതാ… “ചക്രവ്യൂഹം ഭേദിച്ചു ശയനത്തിൽ നിന്നും എണീറ്റു ദിവാനിൽ കാലിൽ കാൽ കയറ്റി വച്ചൊന്നിരുന്നു…. മുഖത്തൊരു പുച്ഛമില്ലേ.. ഉണ്ട്…
“ഞാനൊരു വഴിപോക്കത്തിയാണേ… ഒരു സോഫ കിടക്കുന്നത് കണ്ടപ്പോൾ കയറി ഇരുന്നതാ… “പുച്ഛം ദഹിക്കാത്തത് കൊണ്ട് എന്റെ മറുപടിയിലും ആ ദഹനക്കേട് ഉണ്ടായിരുന്നു..
“ഏത് നോക്ക് കുത്തി ആയാലും മനുഷ്യനെ ശല്യം ചെയ്യാൻ വരരുത്.. വന്നപ്പോൾ തൊട്ട് പാട്ടും കൂത്തും… “
“അതെന്താ നിങ്ങളുടെ കാമുകിയുടെ പാട്ടുകൾ മാത്രമേ നിങ്ങൾക്ക് ദഹിയ്ക്കൂ… “പറഞ്ഞതും അങ്ങേരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ടായിരുന്നു..
“ആരാടീ എന്റെ കാമുകി… “
“ടീ പോടീന്നൊക്കെ നിങ്ങളെ തേച്ചിട്ട് പോയ ലവളില്ലേ.. ആ സിനിമ നടി…അവളെ അങ്ങോട്ട് വിളിച്ചാൽ മതി.. എന്നെ വിളിച്ചാൽ വിവരം അറിയും… “കുഴിയാന പോലെ ഇരിയ്ക്കുന്ന ഞാനാണ് ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയ്ക്ക് തോട്ടി കേറ്റിയത്… ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ ആകാതിരുന്നാൽ മതി എന്റെ ഫ്യൂച്ചർ…
“വിളിച്ചാൽ നീയെന്ത് ചെയ്യും… “
“പഴയ കാമുകി തേച്ച വിഷമത്തിൽ കുരുടാൻ വിഴുങ്ങി ചാവാൻ പോയ ആ ഗഥ അങ്ങോട്ട് ഫ്ലാഷ് ആക്കും…. ശേ ! എന്നാലും മോശമായി പോയിട്ടോ…. കഴിയ്ക്കുമ്പോൾ നല്ല രീതിയിൽ കഴിയ്ക്കണ്ടേ.. എന്നാലല്ലേ തട്ടി പോകൂ….. “ഞാൻ പറഞ്ഞതും ഒന്നും പറയാതെ ചാടിതുള്ളി എണീറ്റു..
“പിന്നെ… അവളുടെ സിനിമയിലെ പാട്ടാണ് ഞങ്ങൾ ഡാൻസ് കളിയ്ക്കുന്നത്…. “എണീറ്റു അകത്തേക്ക് പോകുന്നതിനിടയിൽ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അകത്തേക്ക് പോയി…
മിഥു എത്തി ഡാൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഇടയ്ക്ക് വെള്ളം കുടിയ്ക്കാൻ വരുന്നുണ്ടായിരുന്നു….
എന്നിട്ട് തെക്ക് വടക്ക് ഒരു കാര്യവും ഇല്ലാതെ ഷട്ടിൽ സർവീസ് നടത്തും … എന്നാൽ ഒരു സ്റ്റാൻഡിൽ പാർക്ക് ചെയ്യോ അതും ഇല്ല… ഫുൾ സൂപ്പർ ഫാസ്റ്റ് സർവീസ് ആണ്… പാട്ട് ഏതാണെന്നു അറിയണം അതിനാണ്….
മിഥുവിനേക്കാൾ നാലോ അഞ്ചോ വയസ്സ് മൂത്തതാണ് അവളുടെ ഏട്ടൻ … ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ എഞ്ചിനീയർ… പഠിച്ചതും ബാംഗ്ലൂരിൽ… അവിടെ ഒറ്റയാന്റെ ജൂനിയർ ആയിരുന്നു ഇന്ന് തെന്നിന്ത്യയുടെ രോമാഞ്ചമായി വളർന്നു വരുന്ന യുവ നടി…. സിനിമയിൽ എത്തിയതോടെ മൂപ്പരെ തേച്ചു… ആറു വർഷത്തെ ദിവ്യ പ്രണയം തകർന്ന വിഷമത്തിൽ ബാംഗ്ലൂരിൽ വിഷം കഴിച്ചു സൂയിസൈഡ് ചെയ്യാൻ പോയത് വരെയുള്ള വാർത്തകൾ കൃത്യമായി അറിഞ്ഞിരുന്നു… വീട്ടിൽ ആരും അറിഞ്ഞില്ല….അറിയിച്ചില്ല…. ഇപ്പോൾ രണ്ടാഴ്ച്ചയ്ക്ക് ലീവിന് വന്നതാണെന്ന് മിഥു പറയുന്നുണ്ടായിരുന്നു..
പിറ്റേന്ന് ചെല്ലുമ്പോഴും ദിവാനിൽ തന്നെ കിടപ്പുണ്ടായിരുന്നു… കരള് മരുമോൾ കളിച്ചു അടുക്കളയിലേക്ക് ജ്യൂസ് എടുക്കാൻ പതിവ് പോലെ പോയപ്പോൾ വെറുതെ ഒന്ന് ചൊറിയാൻ വേണ്ടി മൊബൈലിൽ മൂപ്പരുടെ നഷ്ട സ്വപ്‌ന നായികയുടെ പാട്ട് തന്നെ വച്ചു കൈ കൊണ്ട് താളം പിടിക്കാൻ തുടങ്ങി…
വീണ്ടും ചിന്നം വിളിച്ചു വന്നു ഒറ്റ കുതിപ്പിന് ഫോൺ വാങ്ങി ആ പാട്ട് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞു…
“മേലാൽ ഈ പാട്ട് ഇവിടെ വച്ചാൽ… “ഒറ്റയാൻ ചിന്നം വിളി തുടങ്ങി…
“എന്തോ ചെയ്യും… “കുഴിയാനയ്ക്കും കുഴിയ്ക്കാലോ…
“ഡാൻസ് കളിയ്ക്കാൻ നിന്റെ ആ കാല് അവിടെ കാണില്ല… “
വെല്ലുവിളി.. അതും ഈ എന്നോട്…
“എന്റെ കാല് ഇവിടെ തന്നെ കാണും.. പക്ഷേ നാളെ ഞാൻ വരുമ്പോൾ ഈ താടിയും മുടിയും വൃത്തിയ്ക്ക് വെട്ടാതെ ഇയാളെ ഇവിടെ കണ്ടാൽ… “
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും… “
“തന്റെ കുരുടാൻ കഥ ഞാൻ ഇവിടെ വിളമ്പും…. “
അത് പറഞ്ഞതും ലൈറ്റും സൗണ്ടും പോയത് പോലെ അകത്തേക്ക് പോകുന്നത് കണ്ടു…അപ്പോൾ ദത് പേടിയാണ്… ഡാൻസ് പ്രാക്ടീസ് വീണ്ടും തുടർന്നു…
പിറ്റേന്ന് വരുമ്പോൾ മുടിയും താടിയും വെട്ടിയൊതുക്കാതെ പുച്ഛത്തോടെ ഉമ്മറത്തു തൂണിൽ ചാരി നിൽപ്പുണ്ടായിരുന്നു….
വെട്ടിയിട്ടില്ല എന്ന് കാണിയ്ക്കാൻ വേണ്ടി തന്നെ…
അത് കാണാത്തത് പോലെ ഞാനും അകത്തേക്ക് കയറി.. ഞായറാഴ്ച്ചയായത് കൊണ്ട് അങ്കിളും ആന്റിയുമൊക്കെ വീട്ടിൽ ഉണ്ട്…
അകത്തു കയറി… ഇന്ന് കരളിന് സീരിയൽ മരുമോൾ കളിയ്ക്കാൻ അവസരം കിട്ടിയില്ല.. ആന്റി വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ജ്യൂസ് ആള് തന്നെ ഉണ്ടാക്കി…
ഇത് വരെ പ്രാക്ടീസ് ചെയ്തത് മുഴുവനും ആന്റിയ്ക്കും അങ്കിളിനും കാണിച്ചു കൊടുത്തു… അവരൊക്കെ അന്യായ പ്രോത്സാഹനം…
ഡിപ്പോയിൽ കയറാത്ത കെ എസ് ആർ ടി സി പോലെ ഒറ്റയാൻ തെക്ക് വടക്ക് ഓടുന്നത് ഇടയ്ക്ക് കാണാമായിരുന്നു…ഡൈനിങ്ങ് ടേബിളിലെ വെള്ളം കൂടിയാണ് അവിടെ മെയിൻ… അച്ഛനും അമ്മയും വീട്ടിൽ ഉള്ളത് കൊണ്ട് മൂപ്പരുടെ ഒറ്റയാൻ ഡ്യൂവൽ പേർസണാലിറ്റി പുറത്ത് കണ്ടില്ല … ചിന്നം വിളിയും..
ഡാൻസ് ഒന്ന് കളിച്ചു കിതപ്പോടെ സോഫയിൽ ഇരുന്നപ്പോൾ എതിരെ വീണ്ടും അങ്ങേരെ പെറ്റിട്ടുവെന്ന് ചരിത്രക്കാരൻമാർ പറയുന്ന ദിവാനിൽ വന്നിരുന്നു…
പുച്ഛത്തോടെ താടിയും മുടിയും ഉഴിയുന്നത് കണ്ടപ്പോഴേ ഊഹിച്ചു പോടീ പുല്ലേ എന്നാണ് വിളിയ്ക്കാതെ വിളിയ്ക്കുന്നത് എന്ന്.. ആഹാ.. അത്രയ്‍ക്കായോ…
“മിഥു… നിനക്ക് ഒരു കാര്യം അറിയോ.. നമ്മുടെ ആരുഷി വർമ്മയില്ലേ… “
“ഏത്.. ആ പ്രണയമഴയിലെ നായികയോ… “മിഥു തിരിച്ചു ചോദിച്ചതും ഞാൻ ഒന്ന് ഇടം കണ്ണിട്ട് നോക്കി… ഒരാൾ അവിടെ ഇരുന്നു വിയർക്കാൻ തുടങ്ങിയിരുന്നു ..
“ആ.. അവൾ തന്നെ.. അവള് ഏതോ ഒരുത്തനുമായി സ്നേഹത്തിൽ ആയിരുന്നു എന്നോ… “
“അമ്മ.. ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… “
ഞാൻ പറഞ്ഞു മുഴുവനക്കുന്നതിന് മുൻപേ ഒറ്റയാൻ ഇടയിൽ ചാടി കേറി അതും പറഞ്ഞു ഒറ്റ പോക്കായിരുന്നു….
“ഇവനെന്താ പൊട്ടൻ കടിച്ചോ… “എന്നൊക്കെ ആന്റി ചോദിച്ചത് കേൾക്കാമായിരുന്നു….
മൂപ്പര് വരുന്നതിന് മുൻപേ പോവണം എന്നൊക്കെ കരുതിയാണ് ഇരുന്നതെങ്കിലും ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു ഇറങ്ങിയപ്പോഴേയ്ക്കും വൈകി….
ഗേറ്റ് കടക്കാൻ പോയതും ഒറ്റയാന്റെ ഡ്യൂക്ക് പാഞ്ഞു കേറി വന്നതും ഒന്നിച്ചായിരുന്നു.. മൂപ്പരുടെ സ്വഭാവം വച്ചു മുകളിലേക്കുള്ള എന്റെ ടിക്കറ്റ് കീറിയെന്ന് ഉറപ്പിച്ചു… കണ്ണ് അടച്ചു നിന്നു…
എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു ബൈക്കിന്റെ ഫ്രണ്ട് വീൽ നിന്നിരുന്നത്….
ജീവൻ മുകളിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പിച്ചതോടെ തല താഴോട്ട് കുമ്പിട്ടു അങ്ങേരെ പാസ്സ് ചെയ്തു….
തല താഴ്ത്തിയത് വേറെ ഒന്നും കൊണ്ടല്ല….ഗാലറിയിൽ ആളുകൾ ഇരിപ്പുണ്ട്….മിഥുവും അച്ഛനും അമ്മയും ഒക്കെ…അത് കൊണ്ട് പിന്നെ നമ്മൾ പക്കാ ഡീസന്റ് ആണ്…
പതിയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി… മുടിയൊക്കെ വെട്ടി കുട്ടപ്പനാക്കിയിട്ടുള്ള വരവാണ്…
🎶🎶എലി കരണ്ട പോലുള്ള നിൻ മുഖം കണ്ടനാൾ മുതൽ 🎶🎶🎶
അങ്ങേർക്ക് കേൾക്കാൻ പാകത്തിൽ ഒന്ന് മൂളി….
അത് കേട്ടതോടെ സമനില തെറ്റി അകത്തേക്ക് റോക്കറ്റ് പോലെ ഒറ്റ പോക്കായിരുന്നു…
ആ പോയ റോക്കറ്റ് കൃത്യമായ ഭ്രമണ പഥത്തിൽ എത്തിയാൽ മതിയായിരുന്നു… ആറ്റു നോറ്റു റോക്കറ്റ് വിട്ട് അറബിക്കടലിൽ നിന്ന് പറക്കി എടുക്കേണ്ട അവസ്ഥ വരുത്തല്ലേ ഭഗവാനെ എന്നൊരൊറ്റ പ്രാർത്ഥന മാത്രം…
സെം ബ്രേക്ക് തീരാൻ പിന്നെയും നാലഞ്ച് ദിവസം കൂടി ഉണ്ടായിരുന്നു…
ഡാൻസ് പ്രാക്ടീസ് പതിവ് പോലെ പുരോഗതി പ്രാപിച്ചു… ഇടയ്ക്ക് ഇങ്ങനെ ഒറ്റയാൻ കേറി ചൊറിയും… മാന്താൻ പിന്നെ മ്മടെ കയ്യിൽ കുരുടാൻ കഥ ഉണ്ടല്ലോ…
ഒരു ദിവസം ഡാൻസ് കഴിഞ്ഞു ഇറങ്ങാൻ നേരത്ത് പതിവില്ലാതെ മൂപ്പർ പതിവ് ലൊക്കേഷനിൽ വന്നിരിപ്പുണ്ടായിരുന്നു…കുറച്ചു ദിവസമായി അവിടെ കാണാറില്ലായിരുന്നു… എവിടെ എന്നല്ലേ…. നമ്മുടെ ദിവാനിൽ തന്നെ….
മിഥു എന്തോ ബുക്ക് എടുത്തു തരാൻ അകത്തു പോയി… കുറച്ചു സമയമായി ഒറ്റയാൻ എന്നെ തന്നെയാണ് നോക്കുന്നത് എന്ന് തോന്നിയത് കൊണ്ട് പുരികം കൊണ്ട് എന്താണെന്നു ചോദിച്ചു….
ഒന്നും ഇല്ലെന്നു രണ്ടു കണ്ണും ചിമ്മി കാണിച്ചു…എങ്കിലും അങ്ങേരുടെ പുച്ഛത്തിന്റെ അസ്കിതയ്ക്ക് ഒരു കുറവും ഇല്ല…
“ഇടയ്ക്ക് വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ പോയി തൊഴുതാൽ ഈ പുച്ഛത്തിന്റെ അസുഖത്തിന് ഒരു ശമനം കിട്ടും… “
“എന്നെ അമ്പലത്തിൽ പറഞ്ഞു വിടാൻ നീയാരാടീ എന്റെ ഭാര്യയോ….. “ഒറ്റയാൻ ബാക്ക് ഇൻ ഫോം…
“തന്റെ ഭാര്യയാവുന്നതിലും നല്ലത് പഴനിയ്ക്ക് പോയി മൊട്ടയടിച്ചു പുള്ളി കുത്തുന്നതാ… “
“എന്നാൽ പോയി ചെയ്യടീ.. ഇരുപത്തി നാലും മണിക്കൂറും ഇവിടെ തപസ്സു ഇരിയ്ക്കാതെ… “
“തപസ്സു ഇരിയ്ക്കുന്നത് താനല്ലേ… ആ ദിവാൻ കോട്ടിൽ വേര് ഇറങ്ങിയോന്ന് എനിയ്ക്ക് നല്ല സംശയം ഉണ്ട്… “
“അതേടീ ഞാൻ തല കുത്തി നിന്ന് തപസ്സു ചെയ്യും.. നിനക്ക് എന്താ… “
“ഈ തപസ് ഒന്ന് മുടക്കാൻ പറ്റോന്ന് അറിയണമല്ലോ… വിശ്വാമിത്രന്റെ തപസ്സ് ഇളക്കിയ മേനകയെ പോലെ… “വല്ലാത്തൊരു ഭാവത്തോടെ ഞാൻ പറഞ്ഞതും ഒറ്റയാന്റെ മുഖം വെട്ടി വിയർക്കുന്നത് കാണാമായിരുന്നു…
“അപ്പോൾ നാളെ അമ്പലത്തിൽ പോയി തൊഴുതോണം… “ബാഗ് ഒന്നെടുത്തു തോളിലിട്ട് ഞാൻ പറഞ്ഞു….
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.. “
“ഒരു കുരുടാൻ ഗഥ ഇവിടെ എല്ലാവരും അറിയും… 🎶🎶അര പിരി കോലം ഓഹോ ഹോ ഹോ മുഴു പിരിയാക്കും… ഓഹോ ഹോ ഹോ 🎶🎶🎶”പറഞ്ഞതും ഒറ്റ ഓട്ടം ഓടി പുറത്തേയ്ക്ക്….
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…