വൈറൽ – രചന: സൂര്യകാന്തി
സുകു ടീവി ഓഫ് ചെയ്തു ബെഡ്റൂമിലേക്ക് ചെന്നപ്പോൾ കാഞ്ചന ഒരു കൈയ്യിൽ മൊബൈലും പിടിച്ചു മറുകൈ താടിയ്ക്കും താങ്ങി ഇരിക്കുന്നതാണ് കണ്ടത്. എന്തു പറ്റിയോ ആവോ, ഇനി വല്ല ടിക്ടോക്ക് റിഹേഴ്സലും ആണോ…
സുകു ചോദ്യഭാവത്തിൽ അവളെയൊന്ന് നോക്കിയതും അത് പ്രതീക്ഷിച്ചിരുന്ന പോലെ കാഞ്ചന തുടങ്ങി. “ന്റെ സുകുവേട്ടാ, എനിക്ക് രാവിലെ ഒരബദ്ധം പറ്റി….” പറ്റീന്ന് പറഞ്ഞാൽ മതിയല്ലോ…സുകു മനസ്സിലാണ് പറഞ്ഞത്… തത്കാലം കാഞ്ചന ഭദ്രകാളിയാവുന്നത് കാണാൻ വയ്യ. ചോദ്യം വന്നത് ഇങ്ങനെയാണ്. “എന്തു പറ്റി കാഞ്ചൂ… ” ചോദിച്ചു കൊണ്ടു സുകു കാഞ്ചനയുടെ അരികിലിരുന്നു.
“അത്.. സുകുവേട്ടാ.. ഞാനില്ലേ പിന്നെ ആ ഹാഷ് ടാഗ് ഇടാൻ മറന്നു പോയി. ആരാണ്ടൊക്കെയോ ചേർന്നു ഇന്നലെ പീഡിപ്പിച്ച ആ കൊച്ചില്ലേ..” അഭിപ്രായം ഇരുതല മൂർച്ചയുള്ള വാളാണെന്ന് അറിയാവുന്നത് കൊണ്ടു സുകു ന്യൂട്രലായി ചോദിച്ചു.. “അതിനെന്താ കാഞ്ചൂ..അതിപ്പോൾ അങ്ങ് ഇട്ടാൽ പോരെ..? ” “ഈ സുകുവേട്ടന്റെ ഒരു കാര്യം എല്ലാവരും അതിനെ പറ്റി രാവിലെ തന്നെ പോസ്റ്റിട്ടു.. ഞങ്ങളുടെ ഗ്രൂപ്പിലെ രവിയും സുഷമയും അശ്വതിയുമൊക്കെ ഇട്ട പോസ്റ്റിന് എന്തോരം ലൈക്കും കമന്റുമൊക്കെയാ കിട്ടിയത്.. രഹനേടെ പോസ്റ്റ് കയറിയങ്ങു വൈറൽ ആവുകേം ചെയ്തു.. ശോ ന്നാലും ഞാൻ.. രാവിലെ അതങ്ങ് മറന്നു പോയി.. ” കാഞ്ചനയുടെ മുഖത്തെ ശോകം തീരാതിരുന്നത് കൊണ്ടു സുകു പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല..
“ഇനിയിപ്പോ ഞാൻ പോസ്റ്റ് ഇട്ടാലും ആരും ശ്രെദ്ധിക്കത്തൊന്നുമില്ല.. “”അതും ശരിയാ കാഞ്ചൂ.. ദേ നീയൊരു അരമണിക്കൂർ വെയ്റ്റ് ചെയ്തേ.. ന്യൂസിൽ ഇപ്പോൾ ഗർഭിണിയായ ഒരു ആന ഏറുപടക്കം വെച്ച കൈതച്ചക്ക കഴിച്ചു ചെരിഞ്ഞതിനെ പറ്റി പറഞ്ഞിരുന്നു.. നീ അതെ പറ്റി ഒരു പോസ്റ്റ് ഇട്.. ” കാഞ്ചന ആവേശത്തോടെ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റതും സുകു ഒന്ന് ഞെട്ടി. “എന്താ സംഭവം സുകുവേട്ടാ.. ഡീറ്റെയിൽസ് ഒന്ന് പറഞ്ഞേ.. “
സുകു അറിയാവുന്നത് പോലെയൊക്കെ പറഞ്ഞതും കാഞ്ചന സന്തോഷത്തോടെ പറഞ്ഞു.. “ശോ ഇത് ഞാനൊരു കലക്ക് കലക്കും.. എന്റെ മാതൃദിനത്തിലെ ഫോട്ടോയ്ക്കും പോസ്റ്റിനുമൊക്കെ കിട്ടിയ ലൈക്കും കമന്റുമൊക്കെ കണ്ടു ആ അമൃതയ്ക്കും രഹനയ്ക്കുമൊക്കെ എന്തൊരു
അസൂയയായിരുന്നു.. ” “അല്ല കാഞ്ചൂ നീ അന്ന് അമ്മയുടെയും നിന്റെയും പഴയ ഒരു ഫോട്ടോയ്ക്ക് വേണ്ടി തപ്പി നടന്നായിരുന്നല്ലോ.. അതിന് വേണ്ടിയല്ലേ മാതൃദിനത്തിന്റെ തലേന്ന് വീട്ടിൽ പോയത് പോലും… “
“അത്.. അത് പിന്നെ സുകുവേട്ടാ അവിടെ എത്തിയപ്പോൾ അമ്മയുടെ കൂടെ ഒരു പുതിയ ഫോട്ടോ അങ്ങെടുത്തു.. “കഴിഞ്ഞ കൊല്ലം മാതൃദിനത്തിന്റെ ഫോട്ടോയിൽ അശ്വതിയുടെയും സുഷമയുടേയുമൊക്കെ അമ്മമാരുടെ ഫോട്ടോസ് കണ്ടപ്പോഴേ കണ്ണു തള്ളി പോയതാണ്.. അതാണ് അമ്മയുടെ പഴയ ഫോട്ടോ തേടി നടന്നതെന്ന് കാഞ്ചന സുകുവിനോട് പറഞ്ഞില്ല.. എത്ര നോക്കിയിട്ടും കിട്ടാതിരുന്നപ്പോൾ അപ്പുറത്തെ വീട്ടിലെ ഡോക്ടറുടെ അമ്മയുടെ വെളുത്തു തുടുത്ത ഐശ്വര്യം തുളുമ്പുന്ന മുഖം കണ്ടപ്പോൾ കൂടെ ഒരു ഫോട്ടോ എടുത്തു അങ്ങ് പോസ്റ്റ് ചെയ്താലോ എന്ന് വരെ വിചാരിച്ചതാണ്..വീട്ടിൽ എത്തി അമ്മയുടെ റൂമിലേക്ക് കയറിയപ്പോൾ തന്നെ മൂത്രത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു.. തന്നെ കണ്ടപ്പോൾ കട്ടിലിൽ കിടന്നിരുന്ന ചുക്കി ചുളിഞ്ഞ രൂപത്തിന്റെ കണ്ണുകൾ തിളങ്ങിയത് കാഞ്ചന ശ്രെദ്ധിച്ചിരുന്നില്ല..
മേശയിൽ അമ്മയുടെ പഴയ ഫോട്ടോസ് തപ്പുന്നതിനിടെയാണ് പെട്ടെന്നൊരാശയം കാഞ്ചനയുടെ തലയിൽ മിന്നിയത്.. പിന്നെ താമസിച്ചില്ല അമ്മയുടെ ദേഹത്തൊരു പുതപ്പെടുത്തിട്ട് അടുക്കളയിൽ ഉണ്ടാക്കി വെച്ചിരുന്ന കഞ്ഞി ഏടത്തിയമ്മയുടെ മുറുമുറുപ്പ് വക വെയ്ക്കാതെ പാത്രത്തിൽ പകർന്നെടുത്ത് കൊണ്ടു വന്നു അമ്മയ്ക്ക് കോരി കൊടുത്തു. ഏട്ടന്റെ മകളെ സോപ്പിട്ടു ഫോട്ടോയും എടുപ്പിച്ചു.. ഇടയ്ക്കെപ്പോഴോ അമ്മയുടെ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണുനീർ തുള്ളിയുടെ തിളക്കം കാഞ്ചനയുടെ മാത്രദിന പോസ്റ്റിലെ ലൈക്കുകളുടെ എണ്ണം കൂട്ടിയിരുന്നു…
ആനയോട് കാണിച്ച ക്രൂരതയെ ഘോരം ഘോരം വിമർശിച്ചു പോസ്റ്റ് ഇടാൻ ഫേസ്ബുക്ക് തുറന്ന കാഞ്ചന ഞെട്ടി.. പോസ്റ്റുകൾ അങ്ങനെ നിറഞ്ഞു തുളുമ്പുകയാണ്.. അതിനിടയിലാണ് അത് കാഞ്ചനയുടെ ശ്രെദ്ധയിൽ പെട്ടത്.. ദേ കിടക്കുന്നു കർഷകരെ ന്യായീകരിച്ചു കൊണ്ടൊരു പോസ്റ്റ്.. ഇതിലേത് ഭാഗത്തു നിന്ന് പോസ്റ്റ് ഇടണമെന്ന് ചിന്തിച്ചു കാഞ്ചന കുഴങ്ങി.. സമയം കടന്നു പോയ്കൊണ്ടേയിരുന്നു.. അവസാനം കാഞ്ചന ഇട്ട പോസ്റ്റ് കണ്ടു ഞെട്ടിയത് സുകുവായിരുന്നു..
ആനയോട് ചെയ്ത ഘോരാപരാധത്തെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റ് അവസാനിച്ചത് കർഷകരോട് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു.. പോസ്റ്റ് വൈറലായാലും ഇല്ലെങ്കിലും തനിക്ക് സമാധാനം വിധിച്ചിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ടു തല വഴി പുതപ്പിട്ട് മൂടി ഉറങ്ങാൻ കിടക്കുന്നതിനിടെ സുകുവിന്റെ മനസ്സിലൂടെ കടന്നു പോയത്, കല്യാണം കഴിഞ്ഞു മൂന്നു മാസം തികയുന്നതിനു മുൻപേ താൻ ഓമനിച്ചു വളർത്തിയ ടൈഗറിനെ വിഷം കൊടുത്തു കൊന്ന കാഞ്ചനയുടെ ന്യായീകരണങ്ങളായിരുന്നു..
അത് പറയുമ്പോൾ ചെറുതിലെങ്ങാണ്ട് നായ കടിച്ചിട്ട് പൊക്കിളിനു ചുറ്റും എടുത്ത ഇൻജെക്ഷന്റെ വേദന അതേ പടി കാഞ്ചനയുടെ മുഖത്ത് തെളിഞ്ഞത് കണ്ടു സുകുവിന് മറുത്തൊന്നും പറയാനും തോന്നിയില്ല.
രാവിലെ ഓഫീസിലേക്ക് പോവാൻ റെഡി ആയികൊണ്ടിരിക്കുമ്പോഴാണ് കാളിംഗ് ബെൽ മുഴങ്ങിയത്. അകത്തെ ജനാലയിലൂടെ നോക്കിയ കാഞ്ചന വന്നു ശബ്ദം താഴ്ത്തി താൻ ഇവിടെ ഇല്ലെന്ന് പറയണമെന്ന് പറഞ്ഞു ബാത്‌റൂമിലേക്ക് കയറിയതും കാര്യം മനസ്സിലായില്ലെങ്കിലും സുകു വാതിൽ തുറന്നു.. നാല് വീട് അപ്പുറത്തെ ശശിയുടെ ഭാര്യയാണ്. തെങ്ങുകയറ്റക്കാരനായിരുന്ന അയാൾ തെങ്ങിൽ നിന്നും വീണു കിടപ്പിലാണ്.. രാജമ്മ വീട്ടുജോലിയ്ക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ ആ വീട് കഴിയുന്നത്.. അവരുടെ മക്കൾ പഠിക്കുന്നത് കാഞ്ചന പഠിപ്പിക്കുന്ന സ്കൂളിലാണ്..
“ടീച്ചർ…? “അവർ മടിച്ചു മടിച്ചാണ് ചോദിച്ചത്.. “കാഞ്ചന പോയല്ലോ.. ഇന്നെന്തോ സ്പെഷ്യൽ ക്ലാസ്സുണ്ടായിരുന്നു.. “യാത്ര പറഞ്ഞു തിരിഞ്ഞു നടന്ന അവരുടെ മുഖത്തെ നിരാശ്ശ കണ്ടപ്പോൾ എന്തു പറ്റിയെന്ന ചോദ്യം തികട്ടി വന്നെങ്കിലും സുകു അതങ്ങ് വിഴുങ്ങി.. ഒരു കുടുംബകലഹം ഒഴിവാക്കുന്നതാണ് അഭികാമ്യം എന്ന് അയാൾ എന്നേ പഠിച്ചു കഴിഞ്ഞിരുന്നു..
അവര് പോയോ..? “സുകുവിന് പിന്നിൽ വന്ന കാഞ്ചന ചോദിച്ചു.. മുൻപെപ്പോഴോ വഴിയിൽ കണ്ടപ്പോൾ പിള്ളേരുടെ കാര്യവും പട്ടിണിയും പ്രാരാബ്ധവുമൊക്കെ കേട്ടപ്പോൾ ഞാനൊരു നൂറു രൂപ കൊടുത്തിരുന്നു.. അതിന് ശേഷം ഇടയ്ക്കിടെ എന്റടുത്തു കാശ് കടം ചോദിച്ചോണ്ട് വരും.. ഞാൻ ഓരോ ഒഴിവു കഴിവ് പറഞ്ഞു വിടും..
” ഉച്ച കഴിഞ്ഞു ഓഫീസിലെ തിരക്കിട്ട ജോലിക്കിടയിലെപ്പോഴോ ആണ് കാഞ്ചന വിളിച്ചത്.. “ഹെലോ സുകുവേട്ടാ, ഏട്ടനറിഞ്ഞോ ആ ധോണിയായി അഭിനയിച്ച നടൻ മരിച്ചൂന്ന്.. എന്തോ ഡിപ്രെഷൻ ആണെന്നൊക്കെയാ പറയുന്നേ.. “”ആ.. ഞാൻ വാർത്ത കണ്ടിരുന്നു.. അല്ലാ ക്രിക്കറ്റ്ന്ന് പറഞ്ഞാൽ നിനക്ക് അലർജിയാണ്.. അയാൾ അഭിനയിച്ച പടമൊന്നും നീയൊട്ട് കണ്ടിട്ടില്ല താനും.. പിന്നെന്താ പ്രശ്നം..? “
“ഈ സുകുവേട്ടന്റെ ഒരു കാര്യം, ആ ഫേസ്ബുക്ക് ഒക്കെയൊന്ന് നോക്കിക്കേ.. എന്തോരം കാര്യങ്ങളാ അയാളെ പറ്റി ആളുകൾ എഴുതി വെച്ചിരിക്കുന്നത് ” “അതല്ലേലും അങ്ങനെയല്ലേ.. മരിച്ചു കഴിഞ്ഞാലാണ് ഒരാളെ എല്ലാവരും ഏറ്റവും അധികം സ്നേഹിക്കുന്നത്.. ശത്രുക്കൾ പോലും അയാളുടെ ഗുണഗണങ്ങൾ ഏറ്റു പാടും.. കണ്ടാൽ മിണ്ടാത്തവൻ പോലും ഏങ്ങലടിച്ചു കരയും.. അറിയാത്തവർ പോലും അടുത്ത സുഹൃത്തുക്കളാവും.. “
“ന്റെ സുകുവേട്ടാ എനിക്ക് പറയാനൊരു ഗ്യാപ് താ.. ” “ന്താ കാര്യം കാഞ്ചൂ.. വേഗം പറയ്.. എനിക്ക് ഒരുപാട് ജോലിയുണ്ട് ഇവിടെ.. ” “അല്ലേലും ഞാനൊന്ന് വിളിച്ചാൽ സുകുവേട്ടന് ഇപ്പോഴൊന്നും സംസാരിക്കാൻ കൂടെ സമയമില്ല.. “കാഞ്ചന ചിണുങ്ങിയപ്പോൾ പണി പുറകെ വരുന്നുണ്ടെന്ന് മനസ്സിലായെങ്കിലും സുകു ആത്മ സംയമനം കൈ വിടാതെ ചോദിച്ചു.. “നീ കാര്യം പറ കാഞ്ചൂ..”
“അതേയ് എനിക്ക് ഈ മെന്റൽ ഡിപ്രെഷനെ പറ്റി എന്തെങ്കിലും എഴുതി തരുമോ..? ” “ഞാനോ.. ഇപ്പോഴോ..? ” “ഉം.. സുകുവേട്ടന് അറിയാത്ത കാര്യം എന്തേലുമുണ്ടോ.. നിക്ക് ഇതിനെ പറ്റിയൊന്നും വല്യ ധാരണയില്ലെന്ന് സുകുവേട്ടന് അറിയാല്ലോ.. ” “ഞാനൊന്ന് നോക്കട്ടെ കാഞ്ചൂ.. “സമയമില്ലെങ്കിലും അവിടെയും ഇവിടെയും കണ്ട പോസ്റ്റുകളിൽ നിന്നും അടിച്ചു മാറ്റിയും സ്വന്തമായി അറിയാവുന്നതൊക്കെ കൂട്ടി ചേർത്തും സുകു മെന്റൽ ഡിപ്രെഷനെ പറ്റി ഒരു കുറിപ്പങ്ങുണ്ടാക്കി.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കാഞ്ചന സന്തോഷത്തിലായിരുന്നു.. പോസ്റ്റ് ലൈക്കിന്റെ ചിറകിലങ്ങു കുതിച്ചുയർന്നിരുന്നു.. അത്താഴം കഴിക്കുന്നതിനിടെയാണ് സുകു പറഞ്ഞത്. “എടോ ആ ശാലിനി ടീച്ചറുടെ അനിയത്തി ഇന്ന് ഓഫീസിൽ എന്തോ ആവശ്യത്തിന് വന്നിരുന്നു.” “ഓ.. “കാഞ്ചന താല്പര്യമില്ലാതെ മൂളി.. വര്ഷങ്ങളായി കാഞ്ചനയുടെ സ്കൂളിലെ സഹാദ്ധ്യാപികയായിരുന്ന ശാലിനി ഏതാണ്ട് ഒരു മാസം മുൻപാണ് ആത്മഹത്യ ചെയ്തത്.. “നിങ്ങളാരുമെന്തേ പിന്നെ അവിടെ ഒന്ന് ചെന്നില്ല..? “
“ഓ.. സുകുവേട്ടനറിയില്ലേ.. പുള്ളിക്കാരി ആരുമായും വല്യ അടുപ്പത്തിലൊന്നും അല്ലായിരുന്നെന്നേ.. ഭയങ്കര ജാഡയായിരുന്നു.. ആർക്കും ഇഷ്ടമല്ലായിരുന്നു…” കാഞ്ചനയുടെ സ്കൂളിൽ അദ്ധ്യാപകർ രണ്ടു തട്ടിലാണ്.. വത്സൻ മാഷും ദേവി ടീച്ചറും അടങ്ങുന്ന ബുദ്ധിജീവികളുടെ സംഘവും കാഞ്ചനയും സുഷമ ടീച്ചറും രവി മാഷും ഒക്കെ ചേർന്ന പരദൂഷണ സംഘവും…രണ്ടിലും ഉൾപെടാതിരുന്ന ശാലിനി ടീച്ചറെ പോലുള്ളവരെ ആർക്കും വല്യ മതിപ്പില്ല. വിദേശത്തായിരുന്ന ഭർത്താവിന്റെ അകാലമരണവും കുട്ടികൾ ഇല്ലാതിരുന്നതും സഹപ്രവർത്തകരുടെ ഒറ്റപ്പെടുത്തലുമെല്ലാം അവരെ ഒരുപക്ഷെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കണം.
ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ കാഞ്ചനയുടെ പോസ്റ്റുകളിലെ ലൈക്കിന്റെ എണ്ണം കൂടി വന്നു.. ഒരു ദിവസം കാഞ്ചനയുടെ അമ്മാവന്റെ മകൾ ശാന്തിയ്ക്ക് മറ്റന്നാൾ എറണാകുളത്ത് വെച്ചു എന്തോ ഒരു മീറ്റിംഗ് ഉണ്ടെന്നും നാളെ രാത്രി കാഞ്ചനയുടെ വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചു.. കാർ സർവീസിന് കൊടുത്തത് കൊണ്ടു സുകു ബൈക്കും എടുത്താണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്..
രാത്രി ഏറെ വൈകിയിട്ടും അവരെ കാണാതെ വിഷമിച്ച കാഞ്ചനയുടെ ഫോണിലേക്ക് ഒരു കാൾ വന്നു..
സുകുവും ശാന്തിയും സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ അമിത വേഗതയിൽ വന്ന ബസ് ഇടിച്ചു..സുകു സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.. ശാന്തി ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ.. സുകുവിന്റെ അടക്കം കഴിഞ്ഞു കണ്ണീരോടെ കാഞ്ചന കട്ടിലിൽ ചാരി ഇരിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു കൊണ്ടേ ഇരിക്കുകയായിരുന്നു.. വാഹനങ്ങളുടെ അമിത വേഗത മുതൽ അസമയത്ത് സുകുവും ശാന്തിയും എവിടെ പോവുകയായിരുന്നുവെന്നും അവർ തമ്മിലുള്ള ബന്ധം എന്താണെന്നും വരെ തലനാരിഴ കീറി പരിശോധിക്കുന്ന ചർച്ചകളും പോസ്റ്റുകളും കാഞ്ചന കാണാതിരുന്നത് നന്നായി അല്ലേ..?
പലപ്പോഴും നമ്മുടെ തൊട്ടു മുൻപിലെ കാഴ്ച്ചകളിലേക്ക് നമ്മുടെ നോട്ടം എത്താറില്ല…അനുഭവങ്ങൾ നമ്മളിൽ എത്തുന്നത് വരെ….