വീണ്ടും ഒരു അവധിക്കാലം കൂടി വരവായ്… അർണവിന് ആരാധ്യ സ്വന്തമായിട്ട് രണ്ടു വർഷം പിന്നിടുന്നു. എല്ലാവരും കൂടെ നാലകത്ത് തറവാട് ഉത്സവമയം ആയിരുന്നു. മുത്തശ്ശിയുടെ ഇഷ്ടപ്രകാരം എല്ലാവരും കൂടി തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചു. സീതയുടെ വീട്ടിലേക്ക്. ഒപ്പം ശ്രീപത്മനാഭനെ ഒന്നു തൊഴുകയും ചെയ്യാം. ഒരാഴ്ച്ചത്തെ പരിപാടി, അഭിരാമും സീനയും ലീവെടുത്ത് അവരോടൊപ്പം കൂടാൻ തീരുമാനിച്ചു. പ്രദീപും സന്ധ്യയും നേരിട്ട് തിരുവനന്തപുരത്ത് എത്താം എന്നറിയിച്ചു.
രണ്ടു വണ്ടിയിൽ ആയി ഒരു ട്രിപ്പ് ആയി അടിച്ചു പൊളിച്ചു പോകാം എന്ന കുട്ടി പട്ടാളത്തിന്റെ പ്ലാനിനോട് അമ്മമാർ അനുകൂലിച്ചില്ല. എല്ലാവരും ഒന്നിച്ചു ട്രെയിനിൽ പോകാം എന്നാക്കി.
പിറ്റേന്ന് വൈകിട്ടുള്ള ട്രെയിനിൽ പ്രകാശ് എല്ലാവർക്കും ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാവരും പാക്കിങ്ങും തയ്യാറെടുപ്പും തുടങ്ങി. ആരാധ്യ അടുക്കളയിൽ എത്തുമ്പോൾ മുത്തശ്ശി ഉണ്ണിയപ്പം ചുട്ടെടുക്കുകയാണ്. തൊടിയിൽ നിന്നു വെട്ടിയ നേന്ത്രക്കായ പടല തിരിച്ചു വെട്ടി കാർബോർഡ് പെട്ടിയിലാക്കുകയാണ് മീന അമ്മായി. വറക്കാനുള്ള കായ തൊലി കളഞ്ഞു കറ കളയുകയാണ് അമ്മ. എല്ലാം ഒന്നു വീക്ഷിച്ചു കൊണ്ട് ആരാധ്യ ചൂടുള്ള ഒരു ഉണ്ണിയപ്പം കയ്യിലെടുത്തു.
” ആധ്യാ നീ തിന്നു തീർക്കാൻ വന്നതാണോ? അത് അവിടെ വച്ച് നീ ഇതൊന്ന് അരിയാൻ സഹായിച്ചേ… ” മഞ്ഞപ്പൊടി വെള്ളത്തിൽ ഇട്ട കായ ഓരോന്ന് എടുത്ത് മുറത്തിലേക്ക് വച്ചു കൊണ്ട് സീത പറഞ്ഞു.
“അല്ല ഇതെന്താ ഓണമാണോ കായ വറുക്കാൻ.” ഉണ്ണിയപ്പം രണ്ടായി പകുത്ത് വായിലേക്ക് വച്ചു കൊണ്ട് ആരാധ്യ ചോദിച്ചു.
” അവര് അവിടെ ടൗണിൽ അല്ലേ താമസം. ഈ നാടൻ കായയൊക്കെ അവിടെ കിട്ടോ. എന്തായാലും നമ്മൾ പോവല്ലേ കുറച്ചു കൊണ്ടു പോകാം.” മുത്തശ്ശി പറഞ്ഞു.
” നീ കൂടുതൽ കാര്യമന്വേഷിക്കാണ്ട് ഇതൊന്നു അരിയാൻ സഹായിച്ചേ.. ” സീന ശാസനയോടെ ആരാധ്യയോട് പറഞ്ഞു.
” വേണ്ട ചേച്ചി ദാ ഇതു കഴിഞ്ഞു ഞാൻ അരിയാം, വെറുതേ മോൾടെ കൈയിൽ കറ ആക്കണ്ട.” കാർബോർഡ് പെട്ടി വള്ളി കൊണ്ട് കെട്ടി വച്ച് മീന പറഞ്ഞു.
കിട്ടിയ ഗ്യാപ്പിൽ മീനയ്ക്ക് ഒരു ഉമ്മയും നൽകി രണ്ടു ഉണ്ണിയപ്പവും കൈയ്യിൽ എടുത്ത് ആരാധ്യ അകത്തേക്ക് ഓടി. എല്ലാം കണ്ട് മുത്തശ്ശി ചിരിയോടിരുന്നു.
സ്റ്റെപ്പ് ഓടി കയറുന്ന അവളുടെ വളകളുടെ കിലുക്കം കേട്ട് അർണവ് മുറിയ്ക്കു പുറത്തേക്ക് വന്നു. ഡോറി ചാരി നിൽക്കുന്ന അർണവിനെ കണ്ട് ആരാധ്യ ഒരു ഉണ്ണിയപ്പം അവനു നേരേ നീട്ടി.
അവളുടെ നീട്ടിയ കൈകളിൽ പിടിച്ചവൻ അവളെ റൂമിലേക്ക് കയറ്റി.
“മോള് ഇതൊന്ന് വേഗം ചേട്ടന് മടക്കി വച്ചു തന്നേ.”
ബെഡിൽ വലിച്ചു വാരി ഇട്ടിരിക്കുന്ന ഡ്രസ്സുകളിലേക്ക് വിരൽ ചൂണ്ടി അർണവ് പറഞ്ഞു.
അവിടെ മൊത്തം ഒന്നു കണ്ണോടിച്ചിട്ടു ആരാധ്യ പറ്റില്ല എന്നർത്ഥത്തിൽ ചുമ്മൽ കൂച്ചി. അപൂർവ്വമായി മാത്രം അവളിൽ നിന്നു വരാറുള്ള നിഷേധഭാവം കണ്ട് അവനൊന്നു പുഞ്ചിരിച്ചു.
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്. ഇതൊക്കെ ഒരു ഭാര്യയുടെ കടമ അല്ലേ…” വളർന്നു തുടങ്ങുന്ന കുറ്റിത്താടിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് അർണവ് പറഞ്ഞു.
” കടമയും അവകാശവുമൊന്നും പറയാൻ സമയമായിട്ടില്ല.”
“ആരു പറഞ്ഞു സമയം ആയിട്ടില്ല എന്നു.. “
ഉടുത്തിരുന്ന കാവി മുണ്ടൊന്ന് മടക്കി കുത്തി കൊണ്ട് അർണവ് ആരാധ്യയുടെ അടുത്തേക്ക് നടന്നു.
വിടന്ന കണ്ണുകളിൽ പെട്ടെന്ന് ഒരു പരിഭ്രമം നിറഞ്ഞു. പിന്നോട്ട് ഓരോ ചുവടുവക്കുമ്പോഴും അവളുടെ കണ്ണുകളിൽ പ്രകടമാകുന്ന മാറ്റം അവൻ ആസ്വദിച്ചു.
ചുമരിനോട് ചേർത്തു അവളെ നിർത്തുമ്പോളും അവളുടെ കണ്ണുകളിൽ തന്നെ ആയിരുന്നു അവന്റെ നോട്ടം.
” പറ ആരു പറഞ്ഞു സമയം ആയിട്ടില്ലന്നു… “
“അതു മുത്തശ്ശി പറഞ്ഞിട്ടുണ്ടല്ലോ രണ്ടു പേരും സ്വന്തം കാലിൽ നിക്കാറായിട്ടു മതി ഒന്നിച്ചൊരു ജീവിതം എന്നു.. “
“മതിയോ…. “
കണ്ണുകളിൽ കണ്ണു കോർത്തു കൊണ്ടുള്ള അവന്റെ ചോദ്യത്തിൽ അവളൊന്നു പതറി.
തല കുനിച്ചു ഒന്നു മൂളുക മാത്രം ചെയ്തു. അർണവ് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. രണ്ടു മിഴികളും ഒന്നു കൂടെ കൂടി മുട്ടി. കണ്ണുകളിലെ പ്രണയ കടലിനൊപ്പം കൈ വിരലുകൾ ചലിക്കാൻ തുടങ്ങിയപ്പോൾ ആരധ്യ അവനെ തള്ളി മാറ്റി.
ഒരു പുഞ്ചിരിയോടെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു. പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയ അവളെ ഒന്നുടെ കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു. അവളുടെ കൈയിലെ ഉണ്ണിയപ്പം ഒരു കഷ്ണം കടിച്ചെടുത്തു കവിളിൽ ഒരു മുത്തവും നൽകി അവൻ പെട്ടെന്നു പുറത്തേക്കു നടന്നു.
കവിളിൽ ഇടം കൈയാൽ ഒന്നു തലോടി കൊണ്ടു ആരാധ്യ അവന്റെ ഡ്രെസ്സുകൾ മടക്കി വക്കാൻ തുടങ്ങി.
പിറ്റേന്നു വൈകുന്നേരം 5.30നുള്ള ട്രെയിനിൽ അവർ തിരുവന്തപുരത്തേക്കു തിരിച്ചു. എല്ലാവരും ഒന്നിച്ചു ഒരു കംപാർട്ട്മെന്റിൽ ആയിരുന്നു. കളിയും ചിരിയും തമാശയകളും ആയി അഞ്ചു മണിക്കൂർ കടന്നു പോയി. സ്റ്റേഷനിൽ അവരെ കാത്തു സന്ദീപും തൻവീറും ഉണ്ടായിരുന്നു. കാറിൽ കയറിയപ്പോഴേക്കും ആരാധ്യ ഉറക്കത്തിലേക്കു വീണു. വീട്ടിൽ എത്തിയപ്പോഴേക്കും അവൾ തളർന്നു ഉറങ്ങിയിരുന്നു. അവളെ ഉണർത്താൻ പോയ സീനയെ തടഞ്ഞു കൊണ്ട് പ്രകാശ് അവളെ എടുത്തു മുറിയിലേക്കു കിടത്തി. സീത അവളെ സ്നേഹത്തോടെ തഴുകി പുതപ്പ് എടുത്തു പുതപ്പിച്ചു. യാത്ര ക്ഷീണം കാരണം എല്ലാവരും വേഗം ഭക്ഷണം കഴിച്ചു കിടന്നു.
രാവിലെ ആരാധ്യയെ മുത്തശ്ശി വിളിച്ചു ഉണർത്തി. എഴുന്നേറ്റ വഴി അവൾ ഓടി കിച്ചണിൽ ചെന്നു. ദോശ ചുട്ടു കൊണ്ടിരിക്കുന്ന സീതയെ പിന്നിലൂടെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു..
“പോയി പല്ലു തേക്കു കൊച്ചേ..” ദോശ മറിച്ചിട്ടു കൊണ്ടു സീത പറഞ്ഞു.
“മ്മ് പോ അവിടെന്നു ” എന്നു പറഞ്ഞു പിണങ്ങി പോകാൻ തുടങ്ങിയ ആരാധ്യയെ സീത പിടിച്ചു നിറുത്തി.
” അങ്ങനെ പിണങ്ങി പോകല്ലേ.. രാവിലെ തന്നെ നിന്റെ ഈ വീർപ്പിച്ച മോന്ത കാണാൻ വേണ്ടി പറഞ്ഞതല്ലേ ഞാൻ..”
അവർ അവളെ ചേർത്തു പിടിച്ചു തലയിൽ തലോടി. കഴിഞ്ഞു പോയ കുറച്ചു ഓർമ്മകൾ അവരുടെ കണ്ണുകൾ നനച്ചു. ആരധ്യ അവരുടെ കണ്ണുകൾ തുടച്ചു.
” അയ്യേ അതൊക്കെ കഴിഞ്ഞില്ലേ..നോക്കിയേ ഞാൻ ഇപ്പോ ഓക്കെ ആയല്ലോ…” അവരുടെ മുന്നിൽ ഒന്നു വട്ടം കറങ്ങി കൊണ്ടു അവൾ പറഞ്ഞു.
സീത അവളെ കെട്ടി പിടിച്ചു ഉമ്മ നൽകി.
” പോയി കുളിച്ചു വാ മുത്തശ്ശി ക്ഷേത്രത്തിൽ പോകാൻ തയാറാകുന്നുണ്ട്. കുറച്ചു വഴിപാടുണ്ട് മോൾടെ പേരിൽ അതു നടത്തണം. “
ആരധ്യ കുളി കഴിഞ്ഞു വരുമ്പോൾ മീന ഒരു സെറ്റ് സാരിയും ആയി വന്നു. അവർ തന്നെ അവളെ അതു ഉടുപ്പിച്ചു. മുത്തശി അവൾക്കു താലി മാല എടുത്തു നൽകി. കൈയിൽ രണ്ടു വളകളും കാതിൽ ജിമിക്കി കമ്മലും നൽകി.
റെഡി ആയി വരുന്ന അവളെ കണ്ടു അർണവ് ഇടം കണ്ണിട്ടു നോക്കി. അവന്റെ നോട്ടം കണ്ടു അവൾ കണ്ണു തുറുപ്പിച്ചു നോക്കി. ഒന്നു ചിരിച്ചു കൊണ്ടു അവൻ മുറ്റത്തേക്കു ഇറങ്ങി.
സന്ദീപിന്റെ കാറിൽ മുത്തശ്ശിയും ആരധ്യയും അർണവും തൻവീറും കൂടി ആയിരുന്നു ശ്രീപത്മനാഭക്ഷേത്രത്തിലേക്കു പുറപ്പെട്ടത്.
തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന പരബ്രഹ്മനായ ഭഗവാൻ മഹാവിഷ്ണു /ആദിനാരായണൻ ആണ് ഇവിടെ പ്രതിഷ്ഠ.
ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്.
നിറഞ്ഞ ഭക്തിയോടെ അവർ പത്മനാഭന്റെ മണ്ണിൽ കാലുകുത്തി..തിരക്കിനിടയിൽ കൂടി അർണവും തൻവീറും മുത്തശ്ശിയെയും ആരാധ്യയെയും ചേർത്തു പിടിച്ചു നടന്നു.
മനസ്സ് നിറഞ്ഞു ശ്രീ പത്മനാഭനെ തൊഴുതു വഴിപാടുകളും നടത്തി. ശ്രീ പത്മനാഭന്റെ നടയിൽ വച്ചു മുത്തശ്ശി പറഞ്ഞതനുസരിച്ചു അർണവ് ആരാധ്യയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി അവളുടെ കൈയിൽ പിടിച്ചു പ്രദിക്ഷണവും നടത്തി. പത്മതീര്ഥവും കണ്ടു കുറച്ചു നേരം അവിടെ സമയവും ചിലവഴിച്ചാണ് അവർ മടങ്ങിയത്.
അവർ തിരിച്ചു എത്തുമ്പോൾ ആരവും ആരുഷും ആയുഷും എഴുനേറ്റു സിറ്റൗട്ടിൽ ഇരിക്കുനുണ്ടായിരുന്നു. ആരാധ്യയുടെ കൈയിലെ പ്രസാദ പൊതിക്കു വേണ്ടിയായി അവിടെ അടി. അവസാനം കവർ അടക്കം അവർക്കു നൽകി അവൾ അകത്തേക്കു പോയി.
അർണവിന് ഇഷ്ടപ്പെട്ട തക്കാളി ചമ്മന്തി ദോശക്കു ഒപ്പം സീത ഉണ്ടക്കിയിരുന്നു. വന്ന പാടെ അവൻ കഴിക്കാൻ ഇരുന്നു. ഒപ്പം അഭിരാമും സന്ദീപും പ്രകാശും ഇരുന്നു.
ആരാധ്യ സാരി മാറി വരുമ്പോൾ കുട്ടി പട്ടാളം ടേബിളിൽ നിരന്നിരുന്നു.. അവർക്ക് ഒപ്പം അവളും കഴിച്ചു. സിന്ദൂരം തൊട്ടു ആരാധ്യ യെ കണ്ടപ്പോൾ സീനയ്ക്കും സീതക്കും മനസ്സ് നിറഞ്ഞു.
വൈകുന്നേരത്തോടെ സന്ധ്യയും പ്രദീപും എത്തി. ആരാധ്യയെ ചേർത്തു പിടിക്കുമ്പോൾ ഇരുവരുടെയും മിഴികൾ സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു. എല്ലാവർക്കും കുറെ സമ്മാനങ്ങളും ആയാണ് അവർ വന്നത്. കുട്ടിപ്പട്ടാളം മുഴുവൻ അതിന്റെ പിന്നാലെ ആയിരുന്നു. ആരാധ്യയോടുള്ള എല്ലാവരുടെയും അമിത സ്നേഹം അവർക്ക് കുറച്ചു കുശുമ്പ് ഉണ്ടെങ്കിലും തങ്ങളുടെ ചേച്ചി അവർക്ക് എന്നും എന്തിനേക്കാളും പ്രിയപ്പെട്ടതു തന്നെ ആയിരുന്നു.
രാത്രിയിൽ ഭക്ഷണം കഴിഞ്ഞു എല്ലാവരും ഒന്നിച്ചു ഇരിക്കുമ്പോൾ മുത്തശ്ശി എല്ലാവരോടും കൂടെ പറഞ്ഞു.
“ഇനിയും എന്റെ കുട്ടികളെ പിരിച്ചു ഇരുത്തുന്നില്ല. തറവാട്ടിൽ ചെന്നിട്ടു എല്ലാവരെയും വിളിച്ചു ഒരു ഫങ്ക്ഷൻ നടത്തണം. അർണവ് എന്തായാലും ജോലിക്കു കേറല്ലേ.. ഇനി അവർ ഒന്നിച്ചു ജീവിക്കട്ടെ. “
മുത്തശി എല്ലാവരുടെയും അഭിപ്രായത്തിനായി ചോദിച്ചു.
ഒരു നിമിഷം അർണവിന്റെ മിഴികൾ ആരാധ്യയിൽ തങ്ങി നിന്നു.
“മുത്തശ്ശി എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. “
എല്ലാവരും അർണവ് പറയുന്നത് കേൾക്കാൻ നിന്നു.
”മുത്തശ്ശി ആധ്യയെ എല്ലാ അർത്ഥത്തിലും സ്വന്തമായി ഞാൻ സ്വീകരിക്കുമ്പോൾ അവളുടെ എല്ലാ കാര്യങ്ങളും നോക്കാൻ ഞാൻ പ്രാപ്തൻ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. അതിന് എനിക്ക് കുറച്ചു കൂടി സമയം വേണം. ഈ ജോബ് ഞാൻ താല്ക്കാലികമായി കയറുന്നതാണ്. എന്റെ മനസ്സിൽ ഒരു ബിസിനസ്സ് പ്ലാൻ ഉണ്ട്. പപ്പ വന്നിട്ടു എല്ലാം പറയാൻ ഇരിക്കുകയായിരുന്നു. പപ്പയുടെ സപ്പോർട്ട് കൂടി എനിക്ക് ഇതിനു വേണം. പിന്നെ ആധ്യയുടെ കോഴ്സും കഴിയട്ടെ. പിന്നെ അവൾക്കും കാണില്ലേ മുത്തശ്ശി സ്വന്തം കാലിൽ നിക്കണം എന്നൊരു ആഗ്രഹം.” അവസാന വാചകം അവൻ ആരാധ്യയെ നോക്കിയാണ് പറഞ്ഞത്.
ആദ്യം എല്ലാവരും ഒന്നു സംശയിച്ചെങ്കിലും പിന്നീട് അർണവിന്റെ അഭിപ്രായത്തോട് യോജിച്ചു.
മിഴി കോണിൽ ഉറഞ്ഞുകൂടിയ നീർത്തുള്ളിയെ ആരും കാണാതെ തുടച്ചു കൊണ്ട് ആധ്യ റൂമിലേക്ക് നടന്നു.
തുടരും…