രചന: ഷൈനി വർഗീസ്
ആരായിരുന്നു ഇത്രയും നേരം ഫോണിൽ….നാട്ടിൽ നിന്ന് ഭാര്യയായിരുന്നു. എന്താടാ നാട്ടിൽ വിശേഷം….? ഇവിടെത്തെ പോലെയൊക്കെ തന്നെ അവിടേയും കൊറോണയല്ലേ…
നിനക്കെന്താ ഒരു സന്തോഷമില്ലാത്ത പോലെ…എങ്ങനെ സന്തോഷിക്കാനാടാ ഞാൻ നാട്ടിലേക്ക് പോകാം എന്നോർത്തിരുന്നതാ…പിന്നെ എന്തു പറ്റി….? ഓ അവളു പറയുന്നത് അങ്ങോട്ട് ചെന്നിട്ട് എന്തു ചെയ്യാനാ എന്നാ ബാങ്ക് ലോൺ കുട്ടികളുടെ പഠിപ്പ് ഇതിനെല്ലാം കൂടി എന്തു ചെയ്യുമെന്ന്. വീടിൻ്റെ പണി പൂർത്തികരിക്കാനുണ്ട്. പിന്നെ കാറിൻ്റെ EMI എല്ലാ കൂടി ഓർത്തിട്ട് എനിക്കാണേൽ വട്ടാകുന്നു.
എല്ലാം ശരിയാകൂടാ നീ സമാധാനപ്പെട്…
ഇനി എനിക്കാ പ്രതീക്ഷ ഒന്നുമില്ലടാ…
അപ്പോ നീ ഞങ്ങൾടെ കൂടെ നാട്ടിലേക്ക് വരുന്നില്ലേ…? ഇല്ലടാ നിങ്ങൾ പോ കമ്പനിയിൽ പണി തുടങ്ങുമ്പോൾ എനിക്ക് ജോലിക്ക് കയറാലോ…
നിൻ്റെ അവസ്ഥ തന്നെയാ ഓരോ പ്രവാസിക്കും. നാട്ടിൽ ചെന്നാൽ അറിയാം എൻ്റെ അവസ്ഥ എന്താന്ന്.
നീ കുറച്ച് സ്ഥലം എങ്കിലും വാങ്ങിയിട്ടില്ലേ…അതിലെന്തങ്കിലും ക്യഷി ചെയ്യാലോ നിനക്ക്…
ശരിയാടാ അന്ന് അമ്മയും ഭാര്യയും സ്ഥലം വാങ്ങാന്ന് പറഞ്ഞപ്പോ എനിക്ക് കലിയായിരുന്നു. ആര് പണിയും എന്നോർത്ത്. പക്ഷേ അവരുടെ നിർബന്ധത്തിന് വഴങ്ങി ആയിട്ടാണേലും ആ സ്ഥലം വാങ്ങിയത് നന്നായി എന്നു തോന്നുന്നു. ഈ കാര്യം പറഞ്ഞ് വഴക്കിട്ട് ഞങ്ങൾ 2 ദിവസം മിണ്ടാതെ വരെ ഇരുന്നു.
അവള് ജീവിക്കാൻ പഠിച്ച പെണ്ണാ അവൾ ഓരോന്നും മുൻകൂട്ടി കണ്ടു.
അതു ശരിയാടാ റോഡ് വക്കിൽ വീടിനോട് ചേർന്ന് 2 കട മുറി പണിയണകാര്യം അവളു പറഞ്ഞപ്പോളും ഞാനവളോട് വഴക്കിട്ടു. നാട്ടിൽ ചെന്ന് സ്വസ്ഥമായി കഴിയുമ്പോൾ എന്തേലും കച്ചവടം ചെയ്തിട്ടാണേലും ജീവിക്കാം…
പിന്നെ നിനക്ക് എന്താ കുഴപ്പം…? എൻ്റെ കാര്യം ഒന്നോർത്തേ ചെറിയ ഒരു വീടായിരുന്നു എൻ്റെ സ്വപ്നം. എന്നാൽ അവളുടെ ആഗ്രഹം മറിച്ചായിരുന്നു. അതുകൊണ്ട് എന്ത് പറ്റി, കൊട്ടാരം പോലെ ഒരു വീട് പണിതിട്ടു. പണിതിട്ടും പണിതിട്ടും അതിൻ്റെ പണി തീർന്നില്ല. എൻ്റെ സമ്പാദ്യമെല്ലാം അവിടെ തീർന്നു. പിന്നെ വീടിന് ചേർന്ന കാറ് വേണന്നായി….ലോണെടുത്ത് അതും വാങ്ങി മുറ്റത്തിട്ടു….
എല്ലാം ശരിയാകുന്നേ…
ok da Good Night….ok Good Night..
************************
അമ്മ കണ്ട് പിടിച്ച പെണ്ണിനെ പെണ്ണ് കാണാൻ പോകുമ്പോൾ ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ എൻ്റെ സ്വപ്നത്തിൽ ഞാൻ കണ്ട പെൺകുട്ടി കുടെ ഏഴ് അയലത്ത് പോലും വരില്ല നിമ്മി. അമ്മയുടെ ഇഷ്ടപ്രകാരം അമ്മയുടെ കൂട്ടുകാരിയുടെ മകളെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ പോലും ഒരിഷ്ടം തോന്നിയില്ല അവളോട്…
ബിഎഡ് കാരിയാണ്. പഠിപ്പ് കഴിഞ്ഞ് നിന്ന അവളെ ഞാൻ വരും മുൻപേ അമ്മ എനിക്കായ് ചോദിച്ച് വെച്ചു. ആദ്യമൊക്കെ എനിക്ക് അവളോട് മിണ്ടാൻ പോലും ഇഷ്ടമില്ലായിരുന്നു. പക്ഷേ അവളുടെ പക്വതയോടുള്ള പെരുമാറ്റവും അച്ഛനോടും അമ്മയോടുള്ള സ്നേഹവും അമ്മക്ക് അവളോടുള്ള വാത്സല്യവും എല്ലാം കണ്ടപ്പോ എനിക്കും ഇഷ്ടമാകുകയായിരുന്നു.
ജോലിക്ക് പോകാൻ അവൾക്ക് ഇഷ്ടമായിരുന്നു. എനിക്ക് വല്യ താത്പര്യമില്ലായിരുന്നു. ഞാൻ ലീവ് കഴിഞ്ഞ് പോന്നപ്പോഴേക്കും അവൾ ഗർഭിണി ആയി. പിന്നെ അച്ഛൻ്റെ മരണം അമ്മയുടെ വയ്യാഴിക എല്ലാം ഓരോന്ന് വന്നപ്പോൾ അവൾ തന്നെ തീരുമാനിക്കുകയായിരുന്ന ഉടനെ ജോലിക്ക് പോകണ്ടാന്ന്. രണ്ടാമത്തെ കുട്ടിയും കൂടെ ആയപ്പോ അവൾക്ക് നിലത്തിരിക്കാൻ നേരമില്ലാതെയായി.
ഓരോ തവണ നാട്ടിൽ ചെല്ലുമ്പോഴും അവള് പറയും ഇനി പോകണ്ടാന്ന്. നാട്ടിൽ നിന്നിട്ട് എന്താകാനാന്നോർത്ത് ഇത്തവണ കൂടി എന്നും പറഞ്ഞ് പോരും….ഇപ്പോ അവള് പറയുന്നത് എല്ലാം നിർത്തി നാട്ടിലേക്ക് ചെല്ലാനാ…അവൾക്ക് 2 പശുവും കുറെ ആടും കുറെ കോഴിയും ഉണ്ട്. അതിനേം വളർത്തി പറമ്പിലെന്തെങ്കിലും നട്ട് വളർത്തി ജീവിക്കാന്ന്…പിന്നെ അവൾക്ക് എവടേലും ജോലി കിട്ടിയാൽ അതു മതി എന്നാ അവള് പറയുന്നത്.
വലിയ ആർഭാടമൊന്നും ഇല്ല. അവൾക്ക് ഷോപ്പിംഗ്ന് പോയാൽ വില നോക്കിയേ സാധനമെടുക്കു….കുട്ടികൾക്കാണേലും ആവശ്യത്തിനുള്ളതേ വാങ്ങി കൊടുക്കു….ഇങ്ങനെ പിശുക്കാതെടി എന്നു പറഞ്ഞാൽ പറയും ഇത് പിശുക്കല്ല നമുക്ക് ആവശ്യത്തിനുള്ളത് വാങ്ങിയാൽ പോരെ. ഇന്ന് വില കൂടിയത് ഇട്ട് പഠിച്ചാൽ നാളെ അവർക്ക് കിട്ടാതെ വന്നാൽ അവർക്ക് വിഷമമാകും അതിലും നല്ലത് ഇങ്ങനെ വളരുന്നതല്ലേന്ന്.
ഞാൻ അയച്ച് കൊടുക്കുന്ന ഒരു രൂപ പോലും ആവശ്യമില്ലാതെ ചിലവഴിക്കില്ല. അങ്ങനെയാ സ്ഥലം വാങ്ങിയതും കടമുറി പണിതതും. അവളെല്ലാം പക്വതയോടെ ചെയ്തതു കൊണ്ട് ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കാം…
എനിക്ക് അമ്മ കണ്ട് പിടിച്ച് തന്നത് ഒന്നാന്തരം തങ്കം തന്നെയാ…തനി തങ്കം…സൗന്ദര്യമല്ല ഒരാളുടെ മൂല്യം നിർണ്ണയിക്കുന്നത്…