ആരാധ്യ – ഭാഗം -16, രചന: അഭിനവി

മിഴി കോണിൽ ഉറഞ്ഞുകൂടിയ നീർത്തുള്ളിയെ ആരും കാണാതെ തുടച്ചു കൊണ്ട് ആധ്യ റൂമിലേക്ക് നടന്നു.

മേഘങ്ങൾ കിടയിൽ ഒളിച്ചു കളിക്കുന്ന ചന്ദ്രന്റെ പ്രഭയിൽ മിഴി ഊന്നി നിൽക്കുമ്പോളും മനസിൽ എവിടയോ ഒരു മങ്ങൽ അവൾക്കു തോന്നി. പറഞ്ഞറിക്കാൻ കഴിയാത്തൊരു വിഷാദം അവളിലേക്ക് അരിച്ചിറങ്ങി.

ആരാധ്യയുടെ മാനസികാവസ്ഥ മനസിലാക്കി അർണവ് അവളെ തേടി റൂമിലേക്ക് ചെന്നു. ലൈറ്റ് ഇടാതെ ജനാലയിൽ കൂടി പുറത്തേക്കു കണ്ണും നട്ടിരിക്കുന്ന അവളുടെ അടുത്തായി അവൻ നിന്നു. തനിക്ക് അടുത്ത് അർണവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കിലും കണ്ണുകളെ പിൻവലിക്കാൻ കഴിയാതെ അവൾ ആ നില്പു തുടർന്നു. കുറച്ചു നേരത്തെ നിശബ്ദതക്കു വിരാമം ഇട്ടു അർണവ് അവളെ വലിച്ചു തന്നോട് ചേർത്തു. തിരിച്ചൊന്നും പറയുകയോ പ്രതികരിക്കുകയോ ചെയ്യാതെ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. കൈകളാൽ അവളെ ചേർത്തു പിടിക്കുമ്പോൾ അവൻ അറിയുകയായിരുന്നു അവളുടെ നൊമ്പരം.

മേഘങ്ങൾ കിടയിൽനിന്നും പൂർണ ചന്ദ്രൻ ഉദിച്ചുയർന്നു നിന്നു. ആ നിലാവ് ചുമരിൽ അവരുടെ നിഴൽ വരച്ചു. പരസ്പരം ഒന്നായി ചേർന്നു നിൽക്കുന്ന അവരുടെ ഹൃദയതാളം തരളിതമായിരുന്നു.

അർണവ് അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു കണ്ണടച്ച് നിന്നു. മുന്നോട്ട് സഞ്ചരിക്കുവാൻ ഒരു പാടുണ്ട്. എന്റെ ലക്ഷ്യങ്ങൾ നേടാനുള്ള പ്രചോദനം നിയാകണം ആധ്യാ… അതിരുകൾ ഇല്ലാത്ത പ്രണയം ഞാൻ നിനക്കായ് കാഴ്ച്ച വയ്ക്കുമ്പോൾ നിന്റെ മിഴികളിൽ വിരിയുന്ന പ്രകാശത്തിനായി ഞാൻ കാത്തിരിക്കും…

അവനിൽ നിന്നും അടർന്നു മാറുമ്പോൾ ആരാധ്യയുടെ മനസ്സിൽ നിറഞ്ഞിരുന്ന മങ്ങൽ പൂർണമായും മാഞ്ഞിരുന്നു. ഉള്ളിൽ എവിടെയോ തളം കെട്ടിയിരുന്ന പരിഭവം അലിഞ്ഞില്ലാതായി.

അവളുടെ തോളിൽ കൈയിട്ടു അർണവ് അവളെ ചേർത്തു പിടിക്കുമ്പോൾ അവളുടെ വിരലുകൾ അവന്റെ വളർന്നു തുടങ്ങിയ കുറ്റി താടിയിൽ തലോടി.

” ആധ്യാ നിനക്ക് വിഷമം ഉണ്ടോ ഞാൻ നിന്നോട് ഒരു വാക്കു പോലും ചോദിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ..”

അവനെ പറഞ്ഞു മുഴുവിക്കാൻ സമ്മതിക്കാതെ അവളുടെ കൈവിരലുകൾ അവന്റെ ചുണ്ടുകളിൽ ചേർത്തു വച്ചു.

“എന്താ ഷേവ് ചെയ്യാത്തെ?”

” ആധ്യാ ഞാൻ ചോദിച്ചത് നീ…. “

” വേണ്ട ഒന്നും പറയണ്ട.” ഒരിക്കൽ കൂടി അവളുടെ വിരലുകൾ അവനെ തടഞ്ഞു.

” ഒന്നും ചിന്തിക്കാതെ അർണവേട്ടൻ അങ്ങനെ ഒരു തീരുമാനം എടുക്കില്ല എന്നറിയാം.. “

നിറഞ്ഞ ചിരിയോടെ അവൻ അവളുടെ വിരലുകളിൽ ചുണ്ടുകൾ ചേർത്തു.

കള്ളച്ചിരിയോടെ അവൾ വീണ്ടും അവന്റെ താടിയിൽ വിരലുകൾ ഓടിച്ചു.

” പറ, എന്താ താടി കളയാത്തെ… “

അർണവ് അവളോട് ഒന്നൂടെ ചേർന്നു നിന്നു. കുറ്റിത്താടി കൊണ്ട് അവളുടെ കവിളിൽ പതിയെ ഉരസി. അപ്രതീക്ഷിതമായ അവന്റെ പ്രവൃത്തിയിൽ അവളൊന്ന് ഞെട്ടി പുളഞ്ഞ് അവന്റെ ഷർട്ടിൽ മുറുക്കി പിടുത്തമിട്ടു. അവളുടെ മിഴികളിൽ മാറിമറിയുന്ന വികാരത്തെ അവൻ കുസൃതിയോടെ നോക്കി നിന്നു.

ഷർട്ടിൽ നിന്നും പിടിയഴഞ്ഞ വിരലുകളിൽ അർണവ് വിരൽ കോർത്തു പിടിച്ചു.

” പണ്ടെങ്ങോ അഭിരാം അങ്കിൾ പറഞ്ഞ ഓർമ്മ ഉണ്ട്. നിനക്ക് ഇഷ്ടമുള്ളത് കാരണമാണ് അങ്കിൾ താടി വെച്ചിരിക്കുന്നതെന്ന്.. “

അവളുടെ കണ്ണുകളിലെ തിളക്കം അവനെ ഒന്നൂടെ അവളോട് അടുപ്പിച്ചു.

” അപ്പൊ പിന്നെ എന്റെ പെണ്ണിന്റെ ഇഷ്ടം ഞാനും കൂടെ നോക്കണ്ടെ…”

അവളുടെ കണ്ണുകളിൽ നോട്ടമിട്ടു കൊണ്ടു തന്നെ അവൻ അത് പറയുമ്പോൾ അവളിൽ വീണ്ടും നാണം നിറഞ്ഞു.

****************

വിശേഷം പറച്ചിലും ചർച്ചകളും കഴിഞ്ഞു വൈകിയാണ് എല്ലാവരും കിടന്നത്. കുട്ടിപ്പട്ടാളം മുഴുവൻ ഹാളിൽ പായ വിരിച്ചു അതിൽ കിടന്നു. ആരാധ്യ മുത്തശ്ശിക്കൊപ്പം കൂടി.

അർണവ് മുറിയിലേക്ക് വരുമ്പോൾ ആരാധ്യ മുത്തശ്ശിയെ വട്ടം പിടിച്ചു കിടക്കുകയാണ്. അവൻ തെല്ലൊരു പരിഭവത്തോടെ മുത്തശ്ശിയെ നോക്കി.

“ഇതെന്താ മുത്തശ്ശി, ഞാൻ എപ്പൊ വരുമ്പോഴും ഇവൾ മുത്തശ്ശിയുടെ കൂടെയാണ്. ഇവളെ മാത്രമേ മുത്തശ്ശി കൂടെ കിടന്നുള്ളൂ.. “

മുത്തശ്ശി ചിരിച്ചു കൊണ്ടു ആരാധ്യയെ നോക്കി. അവൾ ഇതൊന്നും എന്നോടല്ല എന്ന ഭാവത്തിൽ ഒന്നൂടെ അവരോട് ചേർന്നു കിടന്നു.

മുത്തശ്ശി കൈ കൊണ്ട് അവനെ വിളിച്ചു കൊണ്ട് ആരാധ്യയുടെ അടുത്തേക്ക് ഒന്നൂടെ ചേർന്നു കിടന്നു അവനു സ്ഥലം നൽകി.

മുത്തശ്ശിയുടെ ഇരുവശങ്ങളിലായി അവരോട് ചേർന്ന് ആരാധ്യയും അർണവും കിടന്നു. രണ്ടു പേരേയും വാത്സല്യത്തോടെ തഴുകി കൊണ്ട് അവർ ഉറക്കത്തിലേക്ക് വീണു. മുത്തശ്ശിയുടെ മേൽ പരസ്പരം കൈകോർത്തു പിടിച്ചു അവരും ഉറങ്ങി.

രാവിലെ മുത്തശ്ശി കണ്ണു തുറക്കുമ്പോൾ രണ്ടു പേരും അവരോട് ചേർന്നു തന്നെ കിടന്നിരുന്നു. അവരുടെ കൈകൾ അടർത്തിമാറ്റി സ്നേഹത്തോടെ രണ്ടു പേർക്കും ഉമ്മ നൽകി അവർ എണീറ്റു. മുത്തശ്ശി വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അർണവ് ഉണർന്നത്.

തനിക്ക് അഭിമുഖമായി ശാന്തമായി ഉറങ്ങുന്ന ആരാധ്യയെ നോക്കി കുറച്ചു നേരം അവൻ കിടന്നു. നിഷ്കളങ്കമായ അവളുടെ കവിളുകളിൽ പതിയെ തലോടി ഒരു മുത്തവും നൽകി അവനും എഴുന്നേറ്റു.

അടുക്കള നേരത്തേ തന്നെ സജീവമായിരുന്നു. നാലു പെണ്ണുങ്ങളും ചേർന്നു പാചകം തുടങ്ങിയിരുന്നു. മുത്തശ്ശിയും അവരോടൊപ്പം കൂടി.

അർണവ് ടിവിയുടെ വോളിയം കൂട്ടിയും കുറച്ചും ഡിസ്റ്റർബ് ചെയ്തു കൊണ്ട് കുട്ടി പട്ടാളത്തെയും എഴുന്നേൽപ്പിച്ചു.

പിന്നീട് അങ്ങോട്ട് ചർച്ചയായിരുന്നു ഇന്ന് കറങ്ങാൻ പോകേണ്ട സ്ഥലങ്ങളെക്കുറിച്ച്.
അനന്തപത്മനാഭന്റെ മണ്ണിൽ കാലുകുത്തിയാൽ പിന്നെ കാഴ്ചകൾക്കൊന്നും ഒരു പഞ്ഞവുമുണ്ടാകില്ല…ക്ഷേത്രങ്ങളായും ദേവാലയങ്ങളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഒരുപിടി കാഴ്ചകൾ ഇവിടെയുണ്ട്.

കുറേ നേരത്തെ തിരച്ചിലിനൊടുവിൽ വൈകുന്നേരം കോവളം ബീച്ചിൽ പോകാം എന്നു തീരുമാനിച്ചു.

രാവിലത്തെ ഭക്ഷണം കഴിഞ്ഞു പ്രകാശും പ്രദീപും അഭിരാമും സന്ദീപിന്റെ കൂടെ പുറത്തേക്കിറങ്ങി. അമ്മമാരുടെ സ്നേഹം ആവോളം വാരിക്കൂട്ടി ആരാധ്യ അവർക്കൊപ്പം അടുക്കളയിൽ കൂടി. ബാക്കിയുള്ളവർ ടിവിയും മൊബൈലുമായി സമയം നീക്കി.

വൈകുന്നേരത്തോടെ രണ്ടു വണ്ടിയിലായി അവർ ബീച്ചിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് തിരുവനന്തപുരത്തെ ബീച്ചുകൾ തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. ഈ ബീച്ച് തെങ്ങിന്‍ കൂട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന ഒന്നാണ്. ഒരു വശത്ത് കടലും മറുവശത്ത് മനോഹരമായ പ്രകൃതി ഭംഗിയുമായി നില്‍ക്കുന്ന ഇവിടം.

കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു.

സന്ധ്യമയങ്ങും വരെ അവർ ആ തീരത്തു സമയം ചിലവിട്ടു. ആരുഷിനും ആയുഷിനുമൊപ്പം മണൽ തരിയിൽ പേരെഴുതി കളിക്കുകയാണ് ആരാധ്യ. ഓരോ തിര വന്നു അത് മായ്ക്കുമ്പോളും കൂടുതൽ ആവേശത്തോടെ അവർ ഒന്നു കൂടെ എഴുതി കൊണ്ടിരുന്നു. ആരവും തൻവീറും തിരയിലിറക്കി കളിച്ചു കൊണ്ടിരുന്നു. ആരാധ്യയെ തിരയിലേക്കിറക്കാൻ അവരൊരു ശ്രമം നടത്തിയെങ്കിലും അവൾ ഓടി മാറി. ബാക്കിയുള്ളവരെല്ലാം കുറച്ചു മാറി മണൽതിട്ടയിൽ ഇരുന്നു കടലിന്റെ ഭംഗി ആവോളം ആസ്വദിച്ചു. മനോഹരമായ നിമിഷങ്ങളെ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു അർണവ്. ഒറ്റയ്ക്കുള്ള യാത്രകളേക്കാളും എന്നും ആനന്ദം തരുന്നതാണ് കുടുംബമൊത്തുള്ള യാത്രകൾ.

തിരയോട് മല്ലിട്ടു തളർന്നു ആരാധ്യ കുറച്ചു നീങ്ങി മണലിൽ ഇരുന്നു. അവൾക്ക് അടുത്തായി അർണവ് വന്നിരുന്നു. അവന്റെ കൈ തണ്ടയിൽ കൈകോർത്ത് അവനോട് ചാരി ആരാധ്യ ഇരുന്നു. ഇരുവരും മൗനമായി തീരവും തിരയും സല്ലപിക്കുന്നത് ആസ്വദിച്ചിരുന്നു.

പടിഞ്ഞാറു ചക്രവാളത്തിൽ ചുവപ്പു രാശി പടർത്തി സൂര്യൻ വിടവാങ്ങുന്നത് പരസ്പരം കൈകോർത്തു പിടിച്ചു നിന്ന് അർണവും ആരാധ്യയും കണ്ടു. ആ മനോഹര നിമിഷങ്ങളെ ആരവ് ക്യാമറയിൽ പകർത്തി.

രാത്രി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാണ് അവർ തിരിച്ചു വീട്ടിൽ എത്തിയത്.

യാത്രകളും ആഘോഷങ്ങളുമായി ഒരാഴ്ച്ചക്കാലം കടന്നു പോയി. എല്ലാവരും തിരിച്ചു എറണാക്കുളത്തേക്ക് പോന്നു.

അർണവിന്റെ പുതിയ ബിസിനസ്സ് പ്ലാനിൽ പ്രദീപിനു നല്ല പ്രതീക്ഷയായി. കാനഡയിലെ ബിസിനസ്സ് എല്ലാം നിറുത്തി ഒരു വർഷത്തിനുള്ളിൽ നാട്ടിൽ സെറ്റിൽ ആകാം എന്ന തീരുമാനത്തിലാണ് പ്രദീപും സന്ധ്യയും മടങ്ങിയത്.

അധികം വൈകാതെ തന്നെ അർണവും അനിരുദ്ധും ജോലിയിൽ പ്രവേശിച്ചു. ദിവസവും ടൗണിലേക്കുള്ള പോക്കുവരവ് ബുദ്ധിമുട്ടായതിനാൽ അവർ രണ്ടു പേരും എറണാകുളത്ത് തന്നെ ഫ്ലാറ്റ് എടുത്തു താമസം അങ്ങോട്ട് മാറ്റി. എല്ലാം കൊണ്ടും ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോയി.

കുറച്ചകലെ അടച്ചിട്ട സെല്ലിനുള്ളിൽ തന്റെ പനിനീർപ്പൂവിന്റെ മദിപ്പിക്കുന്ന ഓർമ്മകളുമായി കിരൺ കാത്തിരുന്നു അവളെ തന്നോട് ചേർക്കുന്ന ഒരു നാളേക്ക് ആയി .

തുടരും