മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കുളിയും കാപ്പികുടിയും കഴിഞ്ഞ് കുട്ടികളുടെ പരീക്ഷാ പേപ്പർ പരിശോധിക്കുന്ന തിരക്കിലായിരുന്നു വിഷ്ണു മാഷ്…മാഷേ ഒന്നിങ്കട് വര്വോ……? പുറത്ത് ഗോവിന്ദന്റെ വിളി കേട്ട് അയാൾ ഉമ്മറത്തേക്കു വന്നു. എന്താ അച്ഛാ…എന്താ വല്ലാതിരിക്കുന്നേ….??ഗോവിന്ദന്റെ മുഖത്തെ വിഭ്രാന്തി മാഷിലും വല്ലാത്തൊരു ഭീതി പരത്തി.
അമ്പിളി…അമ്പിളി ഇതുവരെ എത്തീട്ടില്യ. സമയം ആറു കഴിഞ്ഞു. ആ വൃദ്ധൻ വിറയലോടെ പറഞ്ഞു. ഇത്ര നേരായിട്ടും അമ്പിളി….എന്തോ…മാഷിനും പെട്ടന്നൊരു പരിഭ്രമം. നിങ്ങള് വിഷമിക്കാതിരിക്കൂ. നമുക്ക് അന്വേഷിക്കാം. ചിലപ്പോ ബസ് കിട്ടാൻ വൈകിക്കാണും. എന്തായാലും അച്ഛൻ വരൂ…നമുക്ക് ജങ്ഷൻ വരെയൊന്ന് പോയി നോക്കാം. അയാൾ വേഗം തന്നെ വാതിലടച്ച് പുറത്തേക്കിറങ്ങി. അമ്മ ആധിയോടെ മുറ്റത്തു തന്നെ നിൽപ്പുണ്ട്. അരികത്ത് അമ്മുവും. അവളുടെ കണ്ണുകൾ തുളുമ്പാൻ വെമ്പി നിൽക്കുന്നത് മാഷ് കണ്ടു.
അമ്പിളിയുടെ കൂടെ പഠിക്കുന്ന നിമ്മിയോട് അന്വേഷിച്ചപ്പോൾ….അവളുടെ വീടുവരെ അമ്പിളിയും ഒപ്പമുണ്ടായിരുന്നെന്നാണ് മറുപടി കിട്ടിയത്. ഗോവിന്ദൻ നായർ വിയർത്തു തുടങ്ങി. ദേവ്യേ ന്റെ കുട്ടി…അയാൾ നെഞ്ചിൽ കൈവച്ചു. അച്ഛൻ വീട്ടിലേക്ക് പൊയ്ക്കോളൂ. ഞാൻ ഒന്നുകൂടി അന്വേഷിക്കട്ടെ. വീട്ടില് അവരൊക്കെ വല്ലാതെ പേടിക്ക്ണ്ടാവും….വിഷ്ണു, ഗോവിന്ദനെ നിർബന്ധിച്ചു തിരിച്ചയച്ചു. ഇനിയും ഈ അലച്ചില് തുടർന്നാൽ ആ വൃദ്ധൻ എവിടെയെങ്കിലും വീണുപോകുമോ എന്നയാൾ ഭയപ്പെട്ടു. മാഷ് വീണ്ടും തിരച്ചിൽ തുടർന്നു….
ആ തിരച്ചില് അവസാനിച്ചത് അധികമാരും കടന്നു ചെല്ലാത്ത കാവിനോടു ചേർന്നുള്ള കുളത്തിനരികിലാണ്. അമ്പിളീ…..!! കുറച്ചധികം ഉച്ചത്തിലാണ് മാഷ് വിളിച്ചത്. ആ ശബ്ദത്തിന് അന്നുവരെ കാണാത്തത്ര ഗാംഭീര്യം. കുളപ്പടവിൽ ബാഗും നെഞ്ചോടു ചേർത്തിരുന്ന അമ്പിളി. മാഷിന്റെ വിളി കേൾക്കേ ഇരുന്നിടത്തു നിന്നും പിടഞ്ഞെഴുനേറ്റു. ഈ അസമയത്ത് താനെന്തെടുക്കുവാ ഇവിടെ…..?? ക്ലാസു കഴിഞ്ഞ് സമയത്തിന് വീട്ടിലെത്താൻ നോക്കാതെ അവിടേയും ഇവിടേയും ചുറ്റിത്തിരിയുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്…അയാളുടെ ശബ്ദമുയർന്നു.
അവൾ മാഷിനെ നോക്കാതെ മുഖംതാഴ്ത്തി നിന്നു. ഉം….നടക്ക്….അച്ഛനും മറ്റുള്ളോരും തന്നെ കാണാതെ ആകെ പ്രയാസത്തിലാണ്.
ഞാനില്ല. ഞാനെങ്ങോട്ടും വരണില്ല. എനിക്കാരേയും കാണുകേം വേണ്ട. പൊയ്ക്കോളൂ. മാഷും പൊയ്ക്കോളൂ. ആരും….ആരും വേണ്ട എനിക്ക്…അവൾ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നിന്നു തനിക്കെന്താടോ പറ്റിയത്…..?? എല്ലാവരേയും അവഗണിക്കാൻ മാത്രം എന്തുണ്ടായി ഇവിടെ……??അയാളുടെ ചോദ്യം കേൾക്കേ അവൾ ദേഷ്യത്തോടെ അയാളെ നോക്കി. അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളെ അപ്പോഴാണ് മാഷ് ശ്രദ്ധിച്ചത്. ഇല്ലേ…ഒന്നും ഉണ്ടായില്ലേ ഇവിടെ…..?? എല്ലാരും ചേർന്നെന്നെ പറ്റിക്കാൻ നോക്കീട്ട് ഇപ്പോ ഒന്നും അറിയാത്ത പോലെ അഭിനയിക്യാ എല്ലാരും….അമ്പിളി ആരിൽ നിന്നോ സത്യമറിഞ്ഞിട്ടുണ്ട്….!! മാഷ് തീർച്ചപ്പെടുത്തി.
അയാളെന്തെങ്കിലും പറയുന്നതിനു മുൻപേ അവൾ മാഷിന്റെ കോളറിൽ പിടുത്തമിട്ടിരുന്നു. അമ്മുച്ചേച്ചിയെ വിവാഹം കഴിക്കാനായിരുന്നേൽ…എനിക്ക് മോഹം തന്ന് കൊതിപ്പിച്ചത് എന്തിനായിരുന്നു…? എന്നെ സ്വപ്നം കാണാൻ പ്രേപ്പിപ്പിച്ചത് എന്തിനായിരുന്നു…?ചതിക്കുവാരുന്നല്ലേ എന്നെ….? നിങ്ങളും….അച്ഛനും….ചേച്ചിയും….എല്ലാരും…..എല്ലാരും…അവൾ വാവിട്ടു കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു. അവളുടെ കണ്ണുനീർ തുള്ളികളിൽ അയാൾ നനഞ്ഞു കുതിർന്നു.
അമ്പിളീ..അയാളവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തിയെടുത്തു. അവൾ, അയാളുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കി. പറഞ്ഞില്ല. ആരും പറഞ്ഞില്ല ന്നോട്…മാഷ് ചോദിച്ചതും ആഗ്രഹിച്ചതും ചേച്ചീനെ ആണെന്ന്….ഒന്നും അറിയാതെ ഞാൻ വെറുതെ…വരണ വഴീല് പണിക്കരെ കണ്ടു. പണിക്കരാ പറഞ്ഞത് “കേമമായ ജാതകാണ് രണ്ടാളുടേന്ന്…പൊരുത്തം പത്തില് പത്താണെന്ന്….” പൊട്ടിയാ ഞാൻ. കടുംപൊട്ടി…കഥയറിയാതെ ആട്ടമാടിയ വെറും വിഡ്ഡി…അവൾ പൊട്ടിക്കരഞ്ഞു.
അമ്പിളീ…താൻ കരുതുന്നതു പോലെ ആരും തന്നെ ചതിച്ചതോ മനപ്പൂർവ്വം പറയാതിരുന്നതോ അല്ല. തന്നെ ഞാനെന്റെ അനിയത്തിയുടെ സ്ഥാനത്തേ കണ്ടിട്ടുള്ളൂ. അത് മറ്റൊരു അർത്ഥത്തിൽ വ്യാഖ്യാനിച്ചത് തന്റെ തെറ്റ്. പക്ഷേ…താൻ ചെയ്ത അതിലും വലിയ തെറ്റാണ് നിന്റെ ഇഷ്ടം ആരുമറിയാതെ മൂടിവച്ചത്. താനൊരിക്കലെങ്കിലും സൂചിപ്പിച്ചിരുന്നെങ്കിൽ ഞാനതന്നേ തിരുത്തുമായിരുന്നു. വിഷ്ണു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ശരിയാണ്…മാഷ് പറഞ്ഞതൊക്കെ ശരിയാണ്. തെറ്റ് എന്റേതു തന്നെയാണ്. പക്ഷേ ചേച്ചി…ചേച്ചിക്കറിയാമായിരുന്നു എന്റെയുള്ളിലെ പ്രണയം…എന്നിട്ടും…സ്വാർത്ഥയാ ചേച്ചി…നല്ലൊരു ബന്ധം കിട്ടുമെന്നറിഞ്ഞപ്പോ സ്വന്തം കൂടപ്പിറപ്പിനെ മറന്നു. അവളുടെ സ്വപ്നങ്ങളെ മറന്നു. അമ്പിളിയുടെ വാക്കുകൾക്കുള്ള മാഷിന്റെ മറുപടി അവളുടെ കരണം നോക്കി ഒരടിയായിരുന്നു.
സ്വാർത്ഥത നിനക്കാണ്…അല്ലായിരുന്നെങ്കിൽ ഒന്നുമറിയാത്ത ആ പാവത്തിനെ ഇത്ര പെട്ടന്ന് നീ തള്ളി പറയില്ലായിരുന്നു. നിനക്കു മാത്രമല്ല, ആ മിണ്ടാപ്രാണിക്കും അറിയില്ല, ഞാൻ സ്നേഹിച്ചതും കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നതും അതിനെയാണെന്ന്…ആ പാവം ഇപ്പോഴും നിന്റെ സന്തോഷം കൺമുന്നിൽ കാണാൻ കഴിഞ്ഞതിലുള്ള ആനന്ദത്തിലാണ്. ഒന്നോർത്തു നോക്കണം….നിങ്ങൾക്കല്ലാതെ മറ്റാർക്കെങ്കിലും വേണ്ടി അത് അതിന്റെ സ്നേഹം വീതിച്ചു കൊടുത്തിട്ടുണ്ടോ എന്ന്…നിങ്ങളല്ലാതെ മറ്റൊരു ലോകം അത് സ്വപ്നം കണ്ടിട്ടുണ്ടോ എന്ന്…അങ്ങനൊരു ചേച്ചിയെ കിട്ടാൻ പുണ്യം ചെയ്യണം അമ്പിളീ…ആ പുണ്യമാണ് ഞാനും കൊതിച്ചത്…കനവ് കണ്ടത്…വിഷ്ണു ഒന്നു നിറുത്തിയ ശേഷം അവളെ നോക്കി.
ഇനി നീ സമ്മതിച്ചാലും എന്റെ ആഗ്രഹത്തിന് അമ്മു തയ്യാറാവില്ല. എന്റെ ഭാര്യാപഥം അവൾ സ്വീകരിക്കില്ല. എനിക്കറിയാം…അതാണ് അമ്മു…നിന്റെ ചേച്ചി..!! അതുകൊണ്ട് നാളെത്തന്നെ ഞാൻ സ്ഥലംമാറ്റത്തിന് ലെറ്റർ കൊടുക്കുകയാണ്. എത്രയും പെട്ടന്ന് ഇവിടം വിടുകയാണ്. ഈ നാടും വീടും നിങ്ങളുമെല്ലാം ഇനി വെറും ഓർമ്മകൾ മാത്രമായി മറണം. നിങ്ങൾക്കിടയിൽ ഈ ഞാൻ കാരണം ഒരു അകൽച്ച വരാൻ പാടില്ല. ഒരിക്കലും അമ്മു ഒറ്റപ്പെടാൻ പാടില്ല. വിഷ്ണുവിന്റെ ഓരോ വാക്കിനുമൊപ്പം അമ്പിളി കരയുകയായിരുന്നു.
ആ സമയത്താണ് രണ്ടു മൂന്നു പേർ കയ്യിൽ ഏതാണ്ടൊക്കെ പിടിച്ച് ആ വഴിവന്നത്. മദ്യപാനത്തിനുള്ള സ്ഥലം നോക്കി വന്നവരാണെന്ന് അവരെ കണ്ടപ്പഴേ മാഷിനു മനസ്സിലായി. വന്നവർ രണ്ടു പേരേയും സൂക്ഷിച്ചു നോക്കി. ഇതു നമ്മടെ ഗോവിന്ദേട്ടന്റെ മോളല്ലേ…? ഒരുവൻ പറഞ്ഞു. മറ്റേത് മാഷും…വേറൊരുത്തൻ പറഞ്ഞു. എന്താ മാഷേ ഈ സമയത്ത് ഈ പെങ്കൊച്ചുമായിട്ട് ഇവിടെ പരിപാടി…?വേറെന്തേലും ഉദ്ദേശമാണേൽ വേണ്ടാട്ടോ…ഇത് നാട് വേറെയാ…നാട്ടാരും….മൂന്നാമൻ മീശപിരിച്ച് മുന്നോട്ടു വന്നു.
എന്തു കണ്ടാലും അതിനെ ഒരേ കണ്ണുകൊണ്ടു മാത്രം കാണുന്ന നിങ്ങടെ ഈ വൃത്തികെട്ട ചിന്തയുണ്ടല്ലോ…അതാ ആദ്യം മാറ്റേണ്ടത്…എന്നാലേ സമൂഹം നന്നാവൂ…നീ വാ അമ്പിളീ…കൂടി നിന്നവരെ പുച്ഛത്തോടെ നോക്കിക്കൊണ്ട് മാഷ് അമ്പിളിയുടെ കയ്യും പിടിച്ച് മുന്നോട്ടു നടന്നു…..!!
***********************
അമ്പിളിക്ക് വരുന്ന വഴിക്ക് തലചുറ്റലുണ്ടായെന്നും അടുത്തേതോ വീട്ടിൽ വിശ്രമിക്കുവായിരുന്നെന്നുമാണ് മാഷ് ഗോവിന്ദനോടും മറ്റും പറഞ്ഞത്. മാഷിലുള്ള വിശ്വാസ്യത കാരണം അവർ മറുത്തൊന്നും കരുതാതെ അങ്ങനെത്തന്നെ വിശ്വസിച്ചു. അന്ന്….അർധരാത്രി കഴിഞ്ഞിട്ടും അമ്പിളി ഉറങ്ങിയില്ല. അവളുടെ തേങ്ങൽ നിലാവെളിച്ചത്തിലങ്ങനെ തങ്ങി നിന്നു. അവൾ ഉറങ്ങുകയായിരുന്ന അമ്മുവിനെ നോക്കി.
മാഷ് പറഞ്ഞ വാക്കുകളൊക്കെ ഓർമ്മയിൽ വന്നു. “സ്വാർത്ഥത നിനക്കാണ്…!!” ആ വാചകം വീണ്ടും വീണ്ടും അവളുടെ കർണ്ണപടങ്ങളിൽ തട്ടി പ്രതിധ്വനിച്ചു. ശരിയാണ്…ഒന്നുമറിയാത്ത ആ പാവത്തിനു വേണ്ടി വഴിമാറി കൊടുക്കേണ്ടവളാണു ഞാൻ. എന്നിട്ടും…പകരം കൊടുത്തത് കുറ്റപ്പെടുത്തലുകൾ മാത്രം. പാവം ചേച്ചി….
അവൾ പതിയെ എഴുനേറ്റിരുന്നു. കുട്ടിക്കാലത്ത് തന്നേയും അനുവിനേയും ചേച്ചിയുടെ ഇരുവശങ്ങളിൽ ചേർത്തു നിറുത്തി അച്ഛനെടുപ്പിച്ച ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ തകരപ്പെട്ടിയിലുണ്ട്. ശബ്ദമുണ്ടാക്കാതെ അവളത് കയ്യിലെടുത്തു. അപ്പോഴാണ് പെട്ടിയിൽ അലക്ഷ്യമായി കിടന്ന ചേച്ചി വരച്ചൊരു ഛായാചിത്രം ശ്രദ്ധയിൽ പെട്ടത്. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിലേക്ക് ചേർത്തു പിടിച്ചപ്പോൾ ആ ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം അവളിൽ ഞെട്ടലുണ്ടാക്കി. വിഷ്ണു മാഷ്….ചേച്ചി മാഷിനെ സ്നേഹിച്ചിരുന്നോ….?? അപ്പൊ തനിക്കു വേണ്ടിയാണോ ചേച്ചി എല്ലാം മൂടിവച്ചത്…? ഒന്നുമറിയാത്ത പോലെ വഴിമാറി തന്നത്…?
വിഷ്ണുച്ചേട്ടൻ പറഞ്ഞത് എത്ര ശരിയാണ്. എന്റെ ചേച്ചി ഒരു പുണ്യം തന്നെയാണ്. ഈ ചേച്ചിയെ ആണ് താൻ സ്വാർത്ഥയെന്നു മുദ്രകുത്തിയത്. അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി. അവൾ അമ്മുവിനെ കെട്ടിപ്പിടിച്ചു. തന്റെ കണ്ണുനീർ ചേച്ചിയെ ഉണർത്താതിരിക്കാൻ അവ കൺപീലികളിൽ തടഞ്ഞുവച്ചു.
*********************
നമുക്കിന്ന് അമ്പലത്തിൽ പോയാലോ…..? എഴുനേറ്റ ഉടനെ അമ്പിളി അമ്മുവിനോട് ചോദിച്ചു. അവൾ മറുത്തൊന്നും പറയാതെ തലയാട്ടി. അവർ വേഗത്തിൽ കുളി കഴിച്ച് അമ്പലത്തിലേക്ക് പോകാൻ തയ്യാറായി. ഞാനും വരുന്നു കുഞ്ഞേച്ചി…എണീറ്റു വന്നയുടൻ കണ്ണുതിരുമ്മിക്കൊണ്ട് അനഘ പറഞ്ഞു. നിനക്കിനി നാളെ പോകാം. ഇപ്പോ സമയം വൈകി. അമ്പിളി ചേച്ചിയുടെ കൈപിടിച്ചു ധൃതിയിൽ നടന്നു.
അമ്പിളി മനസ്സു നിറഞ്ഞു ഉണ്ണിക്കണ്ണനെ തൊഴുതു. കണ്ണുതുറന്നു നോക്കുമ്പോൾ ചേച്ചി പ്രാർത്ഥനയിൽ തന്നെയാണ്. അവൾ ഒരു പുഞ്ചിരിയോടെ ചേച്ചിയെ തന്നെ നോക്കി നിന്നു. ചേച്ചിക്ക് വിഷ്ണു മാഷെ വിവാഹം കഴിക്കാൻ ഇഷ്ടാണോ……? അവൾ അമ്മുവിന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു. അമ്മു ഒരു ഞെട്ടലോടെ കണ്ണു തുറന്ന് അവളെ നോക്കി. ഇങ്ങനെ തുറിച്ചു നോക്കണ്ട ഞാൻ കാര്യായിട്ടാ ചോദിക്കണേ…ഇഷ്ടാണോ നമ്മടെ മാഷിനെ….? അമ്മു ദേഷ്യത്തോടെ മുഖം തിരിച്ചു. കൈകൊണ്ട് ആംഗ്യം കാട്ടിയിട്ട് അവൾ പ്രദക്ഷിണം വെക്കാനായി നടന്നു.
ചേച്ചീ നിൽക്കൂ…അവൾ അമ്മുവിനെ പിടിച്ചു നിര്‍ത്തി. കളിയാക്കീതല്ല…എന്റെ ചേച്ചിയാണേ സത്യം….അവൾ തലയിൽ കൈവച്ചു കൊണ്ട് പറഞ്ഞു. അമ്മു സംശയ ഭാവത്തിൽ അമ്പിളിയെ നോക്കി. എനിക്കു മനസ്സിലായി ഈ നോട്ടത്തിന്റെ അർത്ഥം. എന്നാലേ ഞാൻ വിഷ്ണു ചേട്ടനെ ഇഷ്ടാണെന്നു പറഞ്ഞതൊക്കെ വെറും കള്ളമായിരുന്നു. ഒക്കെ ന്റെ ചേച്ചി കുട്ടീനെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ…കാരണം മാഷ്ക്ക് ഇഷ്ടം ചേച്ചീനെ ആണെന്ന് എനിക്കറിയാരുന്നല്ലോ…ഇനിയും എന്നെ വിശ്വാസല്യെങ്കി ദേ കണ്ണനോട് ചോദിച്ചു നോക്ക്…അതിനു വേണ്ടീട്ടാ ഞാൻ ചേച്ചിയെ ഇങ്ങോട്ടു കൊണ്ടുവന്നേ…അമ്മു തൊഴുകൈകളോടെ കണ്ണനെ നോക്കി. ആ മുഖത്തെ കള്ളച്ചിരി അവളിൽ പുതിയ പ്രതീക്ഷകളുണർത്തി.
അവൾ നാണത്തോടെ അമ്പിളിയെ നോക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു. വീട്ടിലെത്തിയ ഉടനെ അമ്മു താൻ വരച്ച വിഷ്ണു മാഷിന്റെ ചിത്രം അമ്പിളിയെ കാണിച്ചു. അവളൊന്നും അറിയാത്ത മട്ടിൽ ചിത്രം നോക്കി അമ്മുവിനെ കളിയാക്കി. എന്നാലേ….ന്റെ ചുന്ദരിക്കുട്ടി പോയിട്ട് ഇതു വേഗം മാഷിനു കൊടുത്തിട്ടു വാ….അല്ലെങ്കിലേ മാഷ് ഇവിടന്ന് സ്ഥലം കാലിയാക്കും….ഉം…ചെല്ല്…മടിച്ചു നിന്ന അമ്മുവിനെ അമ്പിളി ഉന്തിത്തള്ളിയാണ് വിട്ടത്…ഇതെല്ലാം കണ്ട് അന്ധാളിച്ചു നിന്ന അനുവിനെ നോക്കി അമ്പിളി കണ്ണിറുക്കി കാണിച്ചു.
********************
അമ്മു കയ്യിൽ ചുരുട്ടിപ്പിടിച്ച മാഷിന്റെ ചിത്രവുമായി മാഷ് താമസിക്കുന്ന വീടിന്റെ ഉമ്മറത്തെത്തി. അകത്തേക്കു കയറാൻ കാലെടുത്തു വച്ചപ്പോഴേക്കും അകത്തു നിന്ന് അച്ഛന്റെ സംസാരം കേട്ടു. അവൾ വേഗം പിറകോട്ടു വലിഞ്ഞു. എങ്കിലും അച്ഛന്റെ ശബ്ദം അവൾക്കു വ്യക്തമായി കേൾക്കാം. “ജാതകൊക്കെ കേമാന്നാ പണിക്കരു പറഞ്ഞത്. പത്തില് പത്ത് പൊരുത്തോം. കല്യാണം ചിങ്ങത്തില് നടത്താന്നല്ലേ അച്ഛൻ പറഞ്ഞത്…..?”
മ്മ്…മാഷ് മൂളി…മനസ്സിനകത്ത് ഒരുപാട് ആശങ്കകളായിരുന്നു. അമ്മു…അവളോടു ചോദിച്ചോ…?
ഉവ്വ്….അമ്പിളിയാ ചോദിച്ചത്. അതിന് ഇഷ്ടക്കേടൊന്നും ഇല്യ…പക്ഷേ…അയാളൊന്നു നിറുത്തി. മാഷ് സംശയത്തോടെ അയാളെ നോക്കി.
അമ്മൂനെപറ്റി ആർക്കും അറിയാത്തൊരു രഹസ്യണ്ട്. മാഷിനോട് ഇനിയും അത് പറഞ്ഞില്ലെങ്കി അത് വല്ലാത്തൊരു അപരാധായി പോകും. അതാ ഇപ്പൊ ഇങ്കട് വന്നത്. മാഷിന്റെ കണ്ണുകൾ ആകാംക്ഷയോടെ അയാളിലേക്കു നീങ്ങവേ….പുറത്ത് അമ്മുവിന്റെ നെഞ്ചിടിപ്പും വർധിച്ചു. എന്താത്…?? മാഷ് ചോദിച്ചു. അമ്മു….അമ്മു ന്റെ മോളല്ല….ന്റെ ഭാനുമതി പ്രസവിച്ചതല്ല അവളെ….അവള് ന്റെ ഇളയ പെങ്ങള് ഊർമ്മിളേടെ മോളാണ്. തന്റെ പിതൃത്വം നിഷേധിക്കുന്ന അച്ഛന്റെ വാക്കുകൾ കേട്ട് അമ്മുവിന് സ്വബോധം നഷ്ടപ്പെടുന്നതു പോലെ തോന്നി. അവളുടെ ഹൃദയം നിലക്കുന്നതായി തോന്നി. അവൾ ചങ്കു തകരുമാറ് ഉറക്കെ നിലവിളിച്ചു. നാദമില്ലാത്ത അവളുടെ തൊണ്ടക്കകത്തു കിടന്നു തന്നെ ആ അലയൊലികൾ അസ്തമിച്ചു.
അകത്ത് വിഷ്ണു മാഷും എന്തു പറയണമെന്നറിയാതെ വിഷമിക്കുകയായിരുന്നു. ഊർമ്മിള ചെറുപ്പത്തിലേ ഒരു ദീനക്കാരിയായിരുന്നു. കുഞ്ഞു നാളിലെന്തോ കണ്ടു പേടിച്ചതാന്നാ അമ്മ പറഞ്ഞിട്ടുള്ളത്. ചെല സമയത്തൊക്കെ ഭ്രാന്തു പോലൊക്കെ കാട്ടിക്കൂട്ടും. ചെലപ്പോ ഒന്നും മിണ്ടാതെ ഇരുട്ട് മുറീല് മറഞ്ഞിരിക്കും. ന്റെ കല്യാണം കഴിഞ്ഞ സമയത്താണ് അവള് ഗർഭിണിയാണെന്ന് അറിഞ്ഞത്. കല്യാണം കഴിയാത്ത പെണ്ണ്. ആര് പറ്റിച്ചതാന്ന് ആർക്കും അറീല്യ. കളയാന്നു വച്ചാ ദീനക്കാരി ആയോണ്ട് അമ്മയ്ക്കു വല്ലാണ്ട് പേടി. അവസാനം പൊറത്താരും അറിയാണ്ട് അവള് പെറ്റു. പ്രസവത്തില് ആരോടും യാത്ര പറയാതെ അവള് പോയി.
കുഞ്ഞിനെ ആദ്യം വാരിയെടുത്തത് ന്റെ ഭാനുമത്യാ…അവളു പറഞ്ഞു “ഇത് നമ്മടെ കുഞ്ഞാ…നമ്മടെ മോളാ ഗോവിന്ദേട്ടാന്ന്…” അത് എല്ലാരും വിശ്വസിച്ചു. നാട്ടാരും…വീട്ടാരും…എല്ലാരും….അങ്ങനെ അവള് ഞങ്ങടെ മോളായി….ഞങ്ങടെ സ്വന്തം മോള്. വേർതിരിവ് കാട്ടീട്ടില്യ ഇതുവരെ….അവളെ അറിയിച്ചിട്ടൂല്യ….ഗോവിന്ദന്റെ വാക്കുകൾ ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.
മാഷ്ക്ക് എന്തു തീരുമാനം വേണേലും എടുക്കാം. ഒന്നിനും ഞാൻ നിർബന്ധിക്കില്യ….ഒന്നിനും….അയാൾ മാഷിനു മുന്നിൽ കൈകൾകൂപ്പി.. ആ സമയം അടക്കിപ്പിടിച്ച നൊമ്പരവും പേറി അമ്മു അകത്തേക്കു പാഞ്ഞു വന്നു. അവളെ കണ്ടതും ഗോവിന്ദൻ നിശ്ചലനായി നിന്നു. അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. പിന്നെ പതിയെ കാലിലേക്ക് ഊർന്നു വീണ് ആ പാദങ്ങളിൽ തന്റെ മുഖം ചേര്‍ത്തു വച്ചു. അവളുടെ കണ്ണീരു വീണു മരവിച്ച ആ വൃദ്ധൻ അവളെ എഴുനേൽപ്പിച്ച് തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു.
കരയരുത്….ന്റെ കുട്ടി കരയരുത്….നീയെന്നും ന്റെ മോളെന്യേണ്….ഈ നെഞ്ചിലെ ചൂടേറ്റ് വളർന്ന ന്റെ മോള്. ആ കാഴ്ച കണ്ടുനിന്ന വിഷ്ണുവിന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
ഞാനിവളെ സ്നേഹിച്ചത് എന്റെ ഹൃദയം കൊണ്ടാണച്ഛാ….ആ ഹൃദയം നില്ക്കുന്നതു വരെ….എന്റെ പ്രാണൻ പിടഞ്ഞു തീരുന്നതു വരെ ഇവളെ ഞാൻ ചേർത്തു പിടിച്ചിരിക്കും. ഉറപ്പ്….വിഷ്ണു പറഞ്ഞു. അവൾ തന്റെ മാഷിനു വേണ്ടി കരുതിയ ആ സ്നേഹ സമ്മാനം മാഷിന്റെ കാൽചുവട്ടിൽ പറന്നു വീണത് അയാൾ ശ്രദ്ധിച്ചു.
തന്നെ ഇത്ര ഭംഗിയായി പകർത്തിവെച്ച ആ കടലാസിലേക്കും അവളുടെ കണ്ണുകളിലേക്കും അയാൾ മാറിമാറി നോക്കി. പ്രണയം തുളുമ്പി നിന്ന ആ മിഴികൾക്ക് ഒരുപാട് കഥകൾ തന്നോടു പറയാനുണ്ടെന്ന് അയാളോർത്തു. കണ്ണുകൾ തുടച്ചു ഗോവിന്ദൻ വിടവാങ്ങിയപ്പോൾ അമ്പിളി അങ്ങോട്ടു വന്നു.
എന്താ മാഷേ ഇപ്പോ സ്ഥലംമാറ്റം വേണംന്ന് തോന്നണുണ്ടോ…….?? പോവണം എന്നു തന്നെയാണ് തീരുമാനമെങ്കിൽ ആവാം. പക്ഷേ…പോകുമ്പോ മാഷിന്റെ വലതു കയ്യിൽ ഈ പാവം പെണ്ണിന്റെ കയ്യും മുറുകെ പിടിച്ചിട്ടുണ്ടാകണം. കൈവിടരുത്…മരണം വരെ…അത്രക്ക് പാവാണ് ന്റെ ചേച്ചി. അവൾ അമ്മുവിനെ മാഷിന്റെ അടുത്തേക്കു പിടിച്ചു നിറുത്തി. അമ്മു നാണത്തോടെ തലകുനിച്ചപ്പോൾ മാഷ് ചോദിച്ചു.
എന്നെ ശരിക്കൊന്ന് നോക്കുക പോലും ചെയ്യാത്ത ഇയാള് ഇത്ര കൃത്യായിട്ട് എന്നെ ഒപ്പിയെടുത്തത് എങ്ങനാണെന്നാ ഞാൻ ആലോചിക്കുന്നത്.
അതാണു മാഷേ യഥാര്‍ത്ഥ പ്രണയം….ഒരു നിമിഷത്തെ ഒരു നോട്ടം മതി ഒരാൾക്ക് മറ്റൊരാളെ ഹൃദയത്തിൽ വരച്ചു ചേർക്കാൻ…ആ സ്നേഹത്തെ ആഴത്തിൽ കോറിയിടാൻ….അമ്പിളി പറഞ്ഞപ്പോൾ മാഷ് അമ്മുവിനെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി.
താൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാനില്ലെന്നു പറഞ്ഞ് അമ്പിളി ചിരിയോടെ വിടവാങ്ങിയപ്പോൾ ആ കണ്ണുകൾ തമ്മിലുടക്കി. ഹൃദയം ഹൃദയത്തോട് ചേരും പോലെ അവർ ചേർന്നു നിന്നു.
ഇനി മാഷിന്റേയും ഊമക്കുയിലിന്റേയും നാളുകളാണ്…സ്നേഹത്തോടെ….സമാധാനത്തോടെ…അവർ ഒന്നായി ജീവിക്കട്ടെ….എന്നും നന്മകൾ ഭവിക്കട്ടെ….
അവസാനിച്ചു…