മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ദേ… ഇതു കണ്ടോ ചേച്ചീ….ഈ മൈക്ക് പിടിച്ചോണ്ട് നിക്കണത് വിഷ്ണു ചേട്ടനാ…ആനുവൽ ഡേയ്ടേ അന്ന്….പിന്നെ…. ഇത്…. ഇത്….പഴയൊരു കോളേജ് മാഗസിൻ നിവർത്തി വച്ച് അമ്പിളി അമ്മുവിന് കാണിച്ചു കൊടുത്തു. അവളതെല്ലാം കൗതുകത്തോടെ നോക്കി കണ്ടു. സത്യം പറഞ്ഞാ അന്ന് ഫ്രണ്ട്സെല്ലാരും വിഷ്ണു ചേട്ടന്റെ പിന്നാലെ നടക്കുമ്പോ എനിക്കും തോന്നീരുന്നു വല്ലാത്തൊരു ആരാധന. പക്ഷേ….അത് പ്രണയമായിരുന്നൂന്ന് ഇപ്പഴാ മനസ്സിലായേ. അവൾ പുറത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
അമ്മു അവളുടെ കൈകൾ തന്റെ കയ്യോടു ചേർത്തു വച്ചു. ചേച്ചി അച്ഛനോടൊന്നും പറയണ്ടാട്ടോ….. എന്നാ അപ്പോ തീരും പഠിപ്പും പ്രേമൊക്കെ….അവൾ പറഞ്ഞു. അമ്മു ചിരിച്ചോണ്ട് ഇല്ലെന്നു തലയാട്ടി…പക്ഷേ ഞാൻ പറഞ്ഞു കൊടുക്കും..അതുവരെ ഉറക്കം നടിച്ചു കിടന്ന അനു പായിൽ നിന്ന് ചാടിയെണീറ്റു. ടീ… കാന്താരീ നീ ഉറങ്ങീല്ലാരുന്നോ ഇതുവരെ…..? ഇല്ലല്ലോ…. അതോണ്ടല്ലേ എനിക്കിതൊക്കെ കേൾക്കാൻ പറ്റിയേ….അവളൊന്നു ആക്കിച്ചിരിച്ചു. അമ്പിളി ദയനീയമായി അമ്മുവിനെ നോക്കി.
കുഞ്ഞേച്ചീടെ പൊന്നു മോളല്ലേ…ഇവിടെ കേട്ടതൊന്നും അച്ഛനോട് പറഞ്ഞു കൊടുക്കല്ലേ…… പ്ലീസ്…..അമ്പിളി അനുവിന്റെ താടി പിടിച്ച് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. മ്മ്…..ആലോചിക്കാം. പക്ഷേ…. പകരം എനിക്കും ഒരു കാര്യം പറയാണ്ട്.. അതെന്താണാവോ……?? ഇടയ്ക്കിടെ മാഷോട് ന്റെ പഠിപ്പിനെപറ്റി തിരക്ക്ണ്ടല്ലോ….. അതിനി വേണ്ടാട്ടോ…..എന്താ പറ്റ്വോ…അനുവിന്റെ ആവശ്യം കേട്ട് അമ്പിളി ചേച്ചിയെ നോക്കി ചിരിച്ചു.
അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിരിഞ്ഞു. ഓ കെ…… ഡിമാന്റ് അംഗീകരിച്ചിരിക്കുന്നു. അമ്പിളി കൈ കൊടുത്തു. എന്നാ ഞാനും ഓ കെ…..അമ്പളിയുടെ നീട്ടിയ കരത്തെ സ്വീകരിച്ച് അനു ഗുഡ് നൈറ്റും പറഞ്ഞ് തലവഴി പുതപ്പിട്ടു മൂടി. ഈശ്വരാ….. ന്റെ പ്രണയം നീ മിന്നിച്ചേക്കണേ…… ആദ്യത്തെ അറ്റംപ്റ്റാണ്..കുളം തോണ്ടല്ലേ ഭഗവാനേ…അമ്പിളി കണ്ണുകളടച്ച് പ്രാർത്ഥിച്ചു കൊണ്ട് കിടന്നു.
***********************
ഒരു അവധി ദിവസമായിരുന്നു ഗോവിന്ദൻ നായരുടെ പിറന്നാളു വന്നത്. ഉച്ചയ്ക്കുണ്ണാൻ മാഷിനെ കൂടി വിളിക്കണമെന്ന് അമ്പിളിക്കു ഒരേ നിർബന്ധം. ക്ലാസില്ലാത്തതിനാൽ വരാമെന്ന് മാഷും ഏറ്റു. കയ്യിലൊരു കസവിന്റെ മുണ്ടുമായി മാഷ് ക്ഷണം സ്വീകരിച്ചെത്തി. കയ്യിൽ കരുതിയ പിറന്നാൾ സമ്മാനം ഗോവിന്ദനു നൽകുമ്പോൾ…ആ കണ്ണുകളിൽ നനവ് പൊടിയുന്നത് മാഷ് കണ്ടു. ഒരു മകനില്ലാത്തതിന്റെ കുറവ് മാഷിലൂടെ നികത്തപ്പെടുകയാണെന്ന് ആ വൃദ്ധനും തോന്നി. സദ്യേയിട്ടൊന്നൂല്യ…… പിന്നെ ഒക്കെ ഈ കുട്യോളടെ നിർബന്ധത്തിനുള്ള ഒരു കാട്ടിക്കൂട്ടല് അത്രേ ഉള്ളൂ….ഊണു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ,, ഗോവിന്ദൻ പറഞ്ഞു.
അമ്പിളി ,,,മാഷിനെ സൽക്കരിക്കുന്നത് കണ്ട് അനു വല്യേച്ചിയെ നോക്കി കണ്ണിറുക്കി. അവൾ അടുക്കളക്കിപ്പുറം വന്നതേയില്ല..അമ്മേടെ പാചകൊക്കെ അസ്സലായിട്ടുണ്ട്. എന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി. പായസം മൊത്തി കുടിക്കുന്നതിനിടയിൽ മാഷ് ഭാനുമതിയെ നോക്കി പറഞ്ഞു. അതിന്റൊക്കെ ആള് ദേ ഇവളാ…ന്നെ അടുക്കളേല്ക്ക് അടുപ്പിക്യ കൂടി ഇല്യ ഈ കുട്ടി….എല്ലാം ഒറ്റയ്ക്കെന്നെ ചെയ്തോളും. അവർ മറഞ്ഞു നിൽക്കുന്ന അമ്മുവിനെ നോക്കി ചിരിയോടെ പറഞ്ഞു. മാഷിന്റെ നോട്ടം തന്നിലേക്കാണെന്ന് അറിഞ്ഞപ്പോൾ അവൾ നാണത്തോടെ ഉൾവലിഞ്ഞു.
അപ്പോ തനിക്കിവിടെ എന്താ പണി…..?? വിഷ്ണു അമ്പിളിയെ തല വെട്ടിച്ചു നോക്കി. വല്യേച്ചി ഉണ്ടാക്കണതൊക്കെ വെട്ടി വിഴുങ്ങാ അതെന്നെ കുഞ്ഞേച്ചീടെ പണി. അനുവിന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചെങ്കിലും അമ്പിളി അവളെ കണ്ണുരുട്ടി കാണിച്ചു. മാഷ്ടെ കുടുംബൊക്കെ…….?? അതേപറ്റി ഒന്നും പറഞ്ഞില്യ. ഗോവിന്ദൻ അന്വേഷിച്ചു.
അച്ഛനും അമ്മേം പിന്നൊരു അനിയത്തീം..അച്ഛൻ പോസ്റ്റ് ഓഫീസിലാരുന്നു. ഇപ്പോ റിട്ടയർ ചെയ്തു…അമ്മ അങ്കണവാടി ടീച്ചറാ…അനിയത്തി ലക്ഷ്മി പ്ലസ് ടു വിനാ പഠിക്കുന്നേ. മാഷിന്റെ വിശേഷങ്ങളെല്ലാം അവർ അതീവ താൽപര്യത്തോടെ കേട്ടിരുന്നു. അടുത്ത ആഴ്ച നാട്ടിലൊന്നു പോണം. വന്നിട്ട് ഇതുവരെ പോകാൻ കഴിഞ്ഞില്ല…. രണ്ടു ദിവസം ലീവ് പറയേണ്ടി വരും. മുറ്റത്തേക്കിറങ്ങിക്കൊണ്ട് മാഷ് പറഞ്ഞു. അതിനിടയിൽ വാതിലിന്റെ മറപറ്റി നിന്ന തന്റെ മനസ്സിനെ കീഴ്പ്പെടുത്തിയ ആ ഊമക്കുയിലിനെ ഒരുവേള ഒന്നു നോക്കാനും അയാൾ മറന്നില്ല…
ബസ്സിലിരിക്കുമ്പോഴെല്ലാം ചിന്ത അവളെ പറ്റി മാത്രമായിരുന്നു. ഒരുപാട് പെൺകുട്ടികൾ ആരാധനയോടെ പിറകെ കൂടിയിട്ടും അവരോടൊന്നും തോന്നാത്ത പ്രേമമെന്ന ആ വികാരത്തെ ഈ പാവം പെണ്ണിലേക്കു മാത്രമായി ചുരുങ്ങിയ നിമിഷങ്ങളെ അയാൾ ഓർത്തെടുത്തു. എന്തായിരുന്നു അവളിൽ താൻ കണ്ട പ്രത്യേകത……?? കഴിവിൽ മറ്റുള്ളവരേക്കാൾ പുറകിലായിരുന്നിട്ടും തന്റെ മനസ്സിലേക്ക് ഇത്രമേൽ ആഴത്തിൽ വേരിറങ്ങാൻ അവൾക്കെങ്ങനെ കഴിഞ്ഞുവെന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് മനസ്സിലായില്ല. ഉത്തരം കിട്ടാത്ത ഈ കടംകഥകൾ തന്നെയായിരിക്കും പലപ്പോഴും പ്രണയത്തിനു വഴിമാറി കൊടുക്കുക.
*****************
മാഷ് പോയ രണ്ടു ദിവസവും വലിയ പ്രസരിപ്പില്ലാതെ പോയി അമ്പിളിക്ക്…വരുമെന്നു പറഞ്ഞ ദിവസം അയാൾക്കു വേണ്ടി മാത്രം അവൾ പടിക്കലേക്കു കണ്ണു നട്ടിരുന്നു. അവളിലെ ഈ മാറ്റം അത്ഭുതത്തോടെയാണ് അമ്മു വീക്ഷിച്ചത്. പ്രണയത്തിന് ഇത്രമേൽ മധുരമുണ്ടെന്ന് ആ പാവം പെണ്ണിന് അറിയില്ലല്ലോ…
ഒഴിവു പോലെ ഒരുദിവസം നിങ്ങളെയൊക്കെ കാണാൻ അച്ഛനുമമ്മയും വരാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മ അവർക്കായി കൊടുത്തുവിട്ട സ്പെഷ്യൽ കടുമാങ്ങ അച്ചാർ ഭാനുമതിയെ ഏൽപ്പിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു. ഞാനും അത് പറയാനിരിക്കാരുന്നു….അവർ പറഞ്ഞു. വിഷ്ണുച്ചേട്ടന്റെ അച്ഛനുമമ്മയും വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞെങ്കിലും അമ്പിളിക്ക് അന്ന് സെമിനാറുള്ളതിനാൽ കോളേജിൽ പോകാതിരിക്കാൻ കഴിഞ്ഞില്ല. സകല സാറുമാരേയും ഉള്ളാലെ പ്രാകിക്കൊണ്ടാണ് അവളന്ന് പടിയിറങ്ങിയത്. താൻ വിഷമിക്കണ്ടടോ…തന്നെ കാണിച്ചിട്ടേ അവരെ ഞാനിവിന്ന് വിടൂ….. ഇയാള് ധൈര്യായിട്ട് ചെല്ലൂ…വിഷ്ണുവിന്റെ വാക്കുകളിൽ തന്നോട് എന്തോ ഒരു താൽപര്യം മറഞ്ഞിരിക്കുന്നില്ലേ എന്നവൾ സംശയിച്ചു…അത് സത്യമായിരിക്കണേ എന്നവൾ പ്രാർത്ഥിച്ചു.
ഉച്ചയ്ക്കു ശേഷമാണ് മാഷിന്റെ കുടുംബം അവരെ കാണാനെത്തിയത്. നല്ല കുലീനമായ പെരുമാറ്റവും സംസാരവും ഇരു കൂട്ടരേയും തമ്മിൽ ആകർഷിച്ചു. ഇതാണല്ലേ ഇവിടത്തെ മൂത്ത മോള്….അശ്വതി….അമ്മൂന്ന് വിളിക്കും….അങ്ങനല്ലേ മോളേ…..വിഷ്ണുവിന്റെ അമ്മ അമ്മുവിന്റെ കവിളിൽ സ്നേഹത്തോടെ തഴുകിയപ്പോൾ അവൾ ആശ്ചര്യത്തോടെ മാഷിനെ നോക്കി. മോള് ചെന്ന് കാപ്പിയെടുക്ക്…ഭാനുമതി അവളോടു പറഞ്ഞു. അവൾ തലയാട്ടിക്കൊണ്ട് അകത്തേക്കു പോയി.
സത്യത്തിൽ ഞങ്ങളു വന്നതിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്…… അത് വിഷ്ണൂന്റെ അച്ഛൻ തന്നെ പറയും. അമ്മു പോയ വഴിയേ നോക്കി വിഷ്ണുവിന്റെ അമ്മ പറഞ്ഞു. ഗോവിന്ദൻ നായരും ഭാനുമതിയും കാര്യമറിയാതെ മുഖത്തോടു മുഖം നോക്കി. കൃഷ്ണൻ നായർ പറഞ്ഞു….ഇവടെ വന്നതു മുതലുള്ള കാര്യങ്ങളൊക്കെ ഇവൻ വള്ളി പുള്ളി വിടാതെ ഞങ്ങളോട് പറയാറുണ്ട്. എന്നാൽ അതിലധികവും ഇവൻ പറഞ്ഞത് നിങ്ങടെ മോളെപ്പറ്റിയാ…അശ്വതിയെ പറ്റി. വളച്ചു കെട്ടാതെ പറഞ്ഞാൽ വിഷ്ണൂന് അശ്വതിയെ വല്യേ ഇഷ്ടാ….അവനു വേണ്ടി നിങ്ങടെ മോളെ ചോദിക്കാനാ ഞങ്ങളു വന്നത്…വിരോധല്യാച്ചാ…അവളെ ഞങ്ങൾക്കു തരണം. മരുമകളായിട്ടല്ല…മോളായിട്ടു തന്നെ കണ്ടോളാം ഞങ്ങളവളെ…അത്രക്ക് ഇഷ്ടായി ഞങ്ങൾക്കവളെ….
അപ്രതീക്ഷിതമായ ആ വാക്കുകൾ ഉൾകൊള്ളാനാകാതെ ഗോവിന്ദൻ ഭാര്യയെ നോക്കി. ആ മുഖത്തും അതേ ഭാവം….കേട്ടത് സത്യമാണെന്ന് തിരിച്ചറിയാൻ അവർക്ക് കുറച്ച് സമയം വേണ്ടിവന്നു…അമ്മൂന് സംസാരിക്കാൻ…ഗോവിന്ദൻ മുഴുമിക്കുന്നതിനു മുൻപേ അയാൾ പറഞ്ഞു. അറിയാം….. എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഞങ്ങള് വന്നിരിക്കുന്നത്. അല്ലെങ്കി തന്നെ സ്നേഹിക്കാൻ എന്തിനാടോ ഭാഷ…..പരസ്പരം തിരിച്ചറിയാനുള്ള മനസ്സുണ്ടായാ പോരേ..ഇത് ഞാൻ പറഞ്ഞതല്ലാട്ടോ… ഈ ഇരിക്കണ കക്ഷി ഞങ്ങളോട് പറഞ്ഞതാ..വിഷ്ണുവിനെ ചൂണ്ടി അച്ഛൻ ചിരിയോടെ പറഞ്ഞപ്പോൾ….അയാൾ തെല്ലൊരു ലജ്ജയോടെ അമ്മയെ നോക്കി.
എന്നാൽ….എല്ലാം കേട്ടുകൊണ്ടു നിന്ന അനുവിന്റെ മനസ്സിൽ ആശങ്ക നിഴലിച്ചു. അപ്പൊ കുഞ്ഞേച്ചി…കുഞ്ഞേച്ചിയല്ലേ മാഷിനെ മനസ്സിലിട്ടു നടക്കണത്. പക്ഷേ മാഷിന്….അവൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്നപ്പോഴാണ് അമ്മു കാപ്പിയുമായി വന്നത്. പലഹാരങ്ങളെടുക്കാൻ അവളോട് ആംഗ്യം കാണിക്കുമ്പോഴും ആ മുഖത്ത് പ്രത്യേകിച്ചൊരു ഭാവഭേദവും കണ്ടില്ല. പാവം…ഒന്നും കേട്ടു കാണില്ല…
അവരുടെ കാപ്പികുടി കഴിഞ്ഞിട്ടാണ് അമ്പിളി വന്നത്. നന്നായി കിതക്കുന്നുണ്ടായിരുന്നു അവൾ. ഓടിയതുകൊണ്ടാവും…ഇതല്ലേ നീ പറഞ്ഞ അമ്പിളി……? അമ്മ വിഷ്ണുവിനോട് ചോദിക്കുന്നതു കേട്ട് അവളുടെ മിഴികൾ വിടർന്നു. അവരുടെ കൈകളവളെ തലോടുമ്പോഴും അവളുടെ കണ്ണുകൾ വിഷ്ണുവിലായിരുന്നു. എന്നാ എല്ലാം പറഞ്ഞതു പോലെ….. തീരുമാനം എന്തായാലും അറിയിച്ചാ മതി. പിന്നെ….കുട്ടീടെ സമ്മതം കൂടി നോക്കണ്ടേ…..കൃഷ്ണൻ നായർക്കു പിന്നാലെ അമ്മയും വിഷ്ണുവും എഴുനേറ്റു….അമ്മുവിനെ ഒരിക്കൽ കൂടി അവർ ചേർത്തു പിടിച്ച് യാത്ര പറഞ്ഞു. എന്തു കാര്യാ അച്ഛാ അവരു പറഞ്ഞത്…? അവർ പോയപ്പോൾ അമ്പിളി ആകാംക്ഷയോടെ അച്ഛനെ നോക്കി.
നമ്മടെ മാഷിനു വേണ്ടി ഇവടന്ന് ഒരു ആലോചന. പെണ്ണു ചോദിക്കാനാ അവരു വന്നേ..അതും മാഷ് പറഞ്ഞിട്ട്. അയാൾ സന്തോഷത്തോടെ പറഞ്ഞു. ആ സമയം അമ്മു ഒഴിഞ്ഞ ഗ്ലാസുകൾ എടുത്ത് അടുക്കളയിലേക്ക് നീങ്ങിയിരുന്നു. നിനക്കെന്താ തോന്നണേ….ചേച്ചിയോടൊന്നും പറഞ്ഞിട്ടില്ല..ഇനി നീയ് തന്നെ നേരിട്ടു ചോദിച്ചാ മതി. അതിന് അഭിപ്രായക്കുറവൊന്നും ഉണ്ടാവില്യ. എല്ലാരുടെ ഇഷ്ടെന്തോ….അതെന്നെ അതിന്റെ ഇഷ്ടോം. അല്ലേ…മ്മ്….അച്ഛന്റെ ചോദ്യത്തിന് അമ്പിളി ആഹ്ലാദത്തോടെ മൂളുന്നതു കേട്ട് അനു അമ്പരന്നു. എന്നാലും കുഞ്ഞേച്ചി ഇത്ര പെട്ടന്ന്….അവളൊന്നു സംശയിച്ചു.
അമ്മുവുമായുള്ള അമ്പിളിയുടെ സംഭാഷണത്തിലാണ് അവളുടെ സംശയത്തിനുള്ള ഉത്തരം കിട്ടിയത്. ചേച്ചീ…..അമ്പിളി നിറഞ്ഞ സ്നേഹത്തോടെ അമ്മുവിനെ പിടിച്ചു വട്ടം കറക്കി. കാര്യമറിയാതെ അവൾ അമ്പിളിയെ നോക്കി. വിഷ്ണുച്ചേട്ടനേയ് എന്നെ ഇഷ്ടാണെന്ന്….കല്യാണം കഴിച്ചോട്ടേന്ന് അച്ഛനോട് ചോദിച്ചൂത്രേ…..എന്നെ പെണ്ണു കാണാനാ അവരു വന്നത്…… ചേച്ചിക്കു സന്തോഷായോ…..?? അമ്പിളി പറഞ്ഞതു കേട്ട് അനു ഞെട്ടിത്തരിച്ചു. കുഞ്ഞേച്ചി കരുതീത് അവരു ചോദിച്ചത് കുഞ്ഞേച്ചീനെ ആണെന്നാണല്ലോ ന്റെ ഈശ്വരാ…..ഇതിപ്പോ ഏങ്ങനാ ഒന്നു പറയാ…..? ആരോടാ പറയാ…..?
അവൾ ആലോചനയോടെ നിൽക്കുമ്പോൾ വീണ്ടും അമ്പിളിയുടെ ശബ്ദം കേട്ടു. ഇനി എന്റെ സുന്ദരി ചേച്ചിക്കു കൂടി ഉടനെത്തന്നെ ഒരാളെ കണ്ടുപിടിക്കണം. ഒരു സുന്ദരനായ രാജകുമാരനെ…പലവട്ടം അനുവിന്റെ നാവിൻ തുമ്പത്ത് വന്നതാണ്. അമ്പിളിയോടു പറയാനുള്ള സത്യങ്ങൾ. പക്ഷേ…അവൾ ഭയന്നു. പെട്ടന്ന് പറഞ്ഞാൽ കുഞ്ഞേച്ചി സങ്കടം കൊണ്ട് എന്തേലും കാട്ടിയാലോ…അവൾ പക്വമായി ചിന്തിച്ചു. അച്ഛനോട് പറയാന്നുവച്ചാ അതിലും വലിയ പുകിലാവും.ഉറപ്പ്….അവസാനം അവൾ തീരുമാനിച്ചു. അതെ…അതു തന്നെയാണ് നല്ലത്…അവൾ ദൃഢമായി മനസ്സിലുറപ്പിച്ചു.
മാഷേ……മാഷേ…… വിഷ്ണു മാഷേ…..പിന്നിൽ നിന്നും ഉറക്കെ വിളികേട്ടാണ് മാഷ് തിരിഞ്ഞു നോക്കിയത്. ആഹാ….. അനുവായിരുന്നോ…..? മ്മ്…അവളൊന്നു മൂളി. എന്തുപറ്റി മുഖം വല്ലാതെ…..? പഠിച്ചതിന്റെ ക്ഷീണം കൊണ്ടാണോ….? മാഷ് ചിരിച്ചപ്പോഴും അവൾ മുഖം താഴ്ത്തി നിന്നു. അത്…… അതുപിന്നെ…എന്താണേലും പറയെടോ….. നമുക്ക് പരിഹാരം കാണാന്നേ…..മാഷ്…… മാഷ് ശരിക്കും കല്യാണം കഴിക്കാൻ പോണത് വല്യേച്ചീനേണോ അതോ കുഞ്ഞേച്ചീനേണോ…….?? അവളുടെ ചോദ്യത്തിൽ ഒന്നു പകച്ചു പോയെങ്കിലും മാഷ് ചിരിച്ചു. എന്താ ഇപ്പോ ഇങ്ങനൊരു സംശയം വരാൻ…ആരേലും അനുമോളെ പറഞ്ഞു പറ്റിച്ചുവോ……?? അവൾ മുഖമുയർത്തി അയാളെ നോക്കി…. പിന്നെ പറഞ്ഞു. ചേച്ചിമാര് കരുതീക്കണത് മാഷ്ക്ക് കുഞ്ഞേച്ചീനെ ഇഷ്ടംന്നാ….. കുഞ്ഞേച്ചിക്കും
മാഷിനെ വല്യേ ഇഷ്ടാ….എന്നാരു പറഞ്ഞു……?? കുഞ്ഞേച്ചി….
അനു പറഞ്ഞതു കേട്ട് മാഷ് സ്തബ്ദനായി നിന്നു. മറുപടി പറയാൻ വാക്കുകളില്ലാതെ അയാളുടെ ശബ്ദം നിലച്ചു. അമ്പിളി….ആ കുട്ടിയോട് ഒരു അനിയത്തിയുടെ അല്ലെങ്കിൽ ഒരു സുഹൃത്തിന്റെ പരിധിക്കപ്പുറം ഇതുവരെ താൻ ഒരു വാക്കോ നോക്കോ നൽകിയിട്ടില്ല. എന്നിട്ടും….അയാൾക്ക് ശരീരം മരവിക്കുന്നതായി തോന്നി. മാഷ് വല്യേച്ചിയെ കല്യാണം കഴിക്കണതാ എനിക്കിഷ്ടം. അത് കുഞ്ഞേച്ചിയോട് സ്നേഹല്യാഞ്ഞിട്ടല്ല. ചേച്ചിയെ കാണാൻ കൊറേ ആളോളൊക്കെ വന്നതാ….സംസാരിക്കാത്ത കുട്യായോണ്ട് കുറേ പണം അവരൊക്കെ ചോദിച്ചു. അച്ഛന്റേല് അത്രക്കൊന്നും കഴിവില്യാലോ കൊടുക്കാൻ…..അവളുടെ കണ്ണുകൾ നിറഞ്ഞു.
സാരല്യ….. മോള് ചെല്ല്…അതൊക്കെ മാഷ് പറഞ്ഞ് ശരിയാക്കിക്കോളാം ട്ടോ….അവൾ കണ്ണു തുടച്ച് തലയാട്ടി അയാളെ നോക്കി…. പിന്നെ മുന്നോട്ടു നടന്നു. തമ്മിൽ കെട്ടു പിണഞ്ഞ ഈ ഇഴകളെ വേർപ്പെടുത്താനാവാത്ത കുരുക്കാവുന്നതിനു മുൻപേ അഴിച്ചെടുക്കണം. അല്ലെങ്കിൽ അത് ആപത്താണ്……തനിക്കും ആ കുടുംബത്തിനും….അയാൾ എന്തോ കരുതിയുറപ്പിച്ച് ലക്ഷ്യത്തിലേക്കു നടന്നു…
അവസാനഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…