ചോദ്യം കേട്ട് പിന്തിരിഞ്ഞ ആ ഉണ്ടക്കണ്ണുകൾ അയാളെ പരിഭ്രമത്തോടെ നോക്കി. അവളുടെ വിടർന്ന കണ്ണുകളും ഇടതൂർന്ന കൺപീലികളും…

ഊമക്കുയിൽ – രചന: Siya Yousaf

ഹൈസ്കൂളില് പുതിയതായി വന്ന വിഷ്ണു മാഷ് മേലേതലയ്ക്കലാണ് താമസിക്കാൻ വീടുനോക്കിയത്. വലിയ പ്രതാപം നിറഞ്ഞ നായർ തറവാടായിരുന്നെങ്കിലും ഇപ്പോ എല്ലാം ക്ഷയിച്ചു എല്ലുംതോലും മാത്രം ബാക്കിയുണ്ട്. സമ്പന്നതയിൽ നിന്നിരുന്ന കാലത്ത് വൃശ്ചിക മാസത്തിൽ ശബരിമല കേറാൻ വ്രതമെടുക്കുന്ന തറവാട്ടിലെ സ്വാമിമാർക്ക് കഴിയാൻ വേണ്ടി പണികഴിപ്പിച്ചതായിരുന്നു തറവാടിന്റെ വടക്കേ ഭാഗത്തുള്ള ആ കൊച്ചു വീട്. അടുക്കളയും ഒരു മുറിയും ചെറിയൊരു കോലായും പിന്നൊരു ശൗചാലയവും…അതായിരുന്നു ആ വീടിന്റെ ആകെത്തുക.

കൂട്ടുകുടുംബം വിട്ട് എല്ലാവരും നാനാധിയായപ്പോൾ ഗോവിന്ദൻ നായർക്കും കുടുംബത്തിനും തറവാട് ഓഹരി കിട്ടി. കൂടെ ഈ കൊച്ചു വീടും…പറമ്പിൽ കിളച്ചു മറിച്ച് ഗോവിന്ദനും ഭാര്യയും മൂന്നു പെൺമക്കളും പട്ടിണി കൂടാതെ കഴിഞ്ഞു പോന്നിരുന്നു. ഈയിടയ്ക്ക് ആ വരുമാനവും ഏതാണ്ട് നിന്ന മട്ടാണ്. കാർഷിക മേഖലയിലുണ്ടായ വിലയിടിച്ചിലും പണിയെടുക്കാനുള്ള വയ്യായ്കയും കൂടി ഞെരിപിരി കൊള്ളുന്ന നേരത്താണ് സ്കൂളിലെ പ്യൂണ് രാമു, ഗോവിന്ദേട്ടാ ഈ വീട് ഇങ്ങക്ക് വാടകയ്ക്ക് കൊടുത്തൂടേ എന്ന് ചോദിക്കണത്. താമസക്കാരനേം അയാള് തന്നെ ഏർപ്പാടാക്കി…

സ്കൂളിലെ പുത്യേ മാഷ്….പേര് വിഷ്ണു….മുഴുപ്പട്ടിണി അരപ്പട്ടിണിയായി കുറഞ്ഞു കിട്ടിയാലോ എന്നു കരുതിയാണ് അതുവരെ കയ്യെത്താതെ കിടന്ന ആ കൊച്ചു വീടൊന്ന് മിനുക്കിയെടുത്തത്. മാസം ആയിരത്തഞ്ഞൂറ് വാടകയും ഉറപ്പിച്ച് ആയിരം അഡ്വാൻസും പറ്റി വീടിന്റെ താക്കോൽ രാമുവിനെ ഏൽപ്പിച്ചു. ഹാവൂ…ഇനീപ്പോ അമ്പിളീടെ കോളേജ് ഫീസിന്റെ കാര്യം നോക്കണ്ടാലോ…കിട്ടണ വാടക അതിൽക്കങ്കട് കൂട്ടാം…ല്ലേ….ഭാനുമതീ….ഗോവിന്ദൻ ഭാര്യയെ നോക്കി ചെറുതായൊന്ന് നടു നിവർത്തി.

അയമുക്കാടെ സ്റ്റേഷനറിക്കടയ്ക്കു മുന്നിൽ വിരിച്ചിട്ട ബെഞ്ചിലിരുന്ന് ചിലർ ചർച്ചക്ക് ആക്കം കൂട്ടുകയാണ്. ആ സമയത്താണ് ഗോവിന്ദൻ നായര് കേറിവന്നത്. അയമ്വോ….അരക്കിലോ പഞ്ചസാര….അയാൾ പറഞ്ഞു. എന്നാലും ന്റെ നായരേ…നല്ലോണം ആലോയ്ച്ചിട്ടൊക്കെ മതീട്ടോ. ഇങ്ങക്ക് മൂന്ന് പെങ്കുട്ട്യോളാ. അതു മറക്കണ്ട. എലേം മുള്ളും കൂടി കൂടിയാ കേട് എലക്കേ വരൂ. ഓർത്തോളീ…അതും പെണ്ണു കെട്ടാത്തൊരു മാഷും….രാഷ്ട്രീയം തൊഴിലാക്കിയ സുകുമാരൻ അന്താരാഷ്ട്ര ചർച്ചകളൊക്കെ മാറ്റിവച്ച് കണ്ണടയ്ക്കു മുകളിലൂടെ ഇടംകണ്ണിട്ടു നോക്കി നായരോട് പറഞ്ഞു.

അയാൾ ഒന്നും പറയാതെ തലതാഴ്ത്തി ബെഞ്ചിന്റെ ഒരറ്റത്തിരുന്നു. പഞ്ചസാര പൊതിഞ്ഞോണ്ടിരുന്ന അയമുക്ക സുകുമാരനെ കനപ്പിച്ചൊന്നു നോക്കി. അനക്ക് എന്തിന്റെ സൂക്കേടാ പഹയാ…നായരടെ മക്കളേ നല്ല അടക്കോം ഒത്ക്കോം ഉള്ള കുട്യോളാ…ഓരേ സൂഷിക്കാനൊക്കെ ഓര്ക്കറിയാം….പിന്നെ പെങ്കുട്ട്യോള് ചീത്തേവാൻ ആണ്ങ്ങള് അങ്കട് ചെല്ലൊന്നും വേണ്ട. അന്റെ പെങ്ങടെ മൂത്ത മോള് പോയതെങ്ങനേണ്…ഊരും പേരും അറിയാത്ത ഒന്ന്കാണ പോലും ചെയ്യാത്ത ഏതോ ഒരുത്തന്റെ കൂടെ…അതും ഫോണീക്കൂടെള്ള പരിചയം…അങ്ങനല്ലേര്ന്ന് സുകുമാരാ…..?

അയമുക്കാടെ ആ ചോദ്യത്തിൽ സുകുമാരൻ മൂക്കുംകുത്തി വീണു. ചുറ്റിലും നോക്കി ഒരു ഇളിഞ്ഞ ചിരിയും പാസാക്കി, ഇപ്പഴാ ഓർത്തത്, അത്യാവശ്യായി പഞ്ചായത്തിലൊന്ന് പോവാണ്ട്….ന്നാ പിന്നെ കാണാട്ടോ നായരേ….എന്നും പറഞ്ഞ് മൂപ്പര് വേഗം സ്ഥലം വിട്ടു. ഇങ്ങടെ മറുപടി എന്തായാലും സുകുമാരന്റെ ആപ്പീസ് പൂട്ടിച്ചു. വാലും ചുരുട്ടി പോണ പോക്ക് കണ്ടോ…ഡ്രൈവറ് ക്ലീറ്റസ് പറഞ്ഞതു കേട്ട് കൂടി നിന്നവരെല്ലാം കുലുങ്ങിച്ചിരിച്ചു.

എന്നാലും ഗോവിന്ദൻ മാത്രം ചിരിച്ചില്ല. ഇങ്ങളെന്തിനാണ് നായരേ ആ വെടക്കിന്റെ വർത്താനം കേട്ട് ബേജാറാവണത്. അയിന്റെ നാവില് നല്ലതൊന്നും വരൂല്ല. അതാ ശീലം…അയമുക്ക നീട്ടിയ പഞ്ചസാരപ്പൊതിയും വാങ്ങി അരേല് തിരുകിയ നോട്ടെടുത്ത് കൊട്ത്ത് ബാക്കി കാശ് പറ്റില്ക്ക് വരവ് വെച്ചോളൂ എന്നും പറഞ്ഞ് ഗോവിന്ദൻ തിരിഞ്ഞു നടന്നു. വീടെത്തുന്നതു വരെ ചിന്തയിൽ മുഴുവൻ സുകുമാരന്റെ വാക്കുകളായിരുന്നു.

ന്റെ കുട്യോളൊന്നും ചീത്തേവില്യ….ന്നെ വെഷമിപ്പിക്കില്യ…അയാൾ സ്വയം സമാധാനിച്ചു.

********************

മുഖത്ത് കട്ടമീശയും ട്രിം ചെയ്തു വച്ച താടിയും വെളുത്ത നിറവുമുള്ള സുമുഖനായൊരു ചെറുപ്പക്കാരനായിരുന്നു വിഷ്ണു മാഷ്. മാഷ്ക്ക് വീടൊക്കെ ഇഷ്ടായോ…….? സൗകര്യങ്ങളൊക്കെ കുറവാണ്…. ന്നാലും ഒറ്റക്കൊരാള്ക്ക് മതിയാവുംന്ന് തോന്നണു. ഗോവിന്ദന്റെ അന്വേഷണത്തിന് മാഷ് സൗമ്യനായി ചിരിച്ചു.

ഇതൊക്കെ തന്നെ ധാരാളം….അയാൾ പറഞ്ഞു.വെക്കാനും വെളമ്പാനും ഉള്ളതൊക്കെ അടുക്കളേല് കാണും. ഒക്കെ കുട്യോള് കഴുകി മോറി വച്ചിണ്ട്…ന്തേലും ആവശ്യണ്ട്ച്ചാ വിളിച്ചാ മതി…ഞാന് അപ്രത്തെന്നെ ണ്ടാവൂട്ടോ…ഗോവിന്ദൻ പോയപ്പോൾ മാഷ് അകത്തേക്കു കയറി. എല്ലായിടവും ഒന്നു കണ്ണോടിച്ചു. നല്ല വൃത്തിയും വെടിപ്പും….മാഷിന്റെ മുഖത്തിനും മനസ്സിനും ഒരേ സംതൃപ്തി.

ഒറ്റമുറിയുടെ ജനൽപാളികൾ പതിയെ തുറന്നിട്ടു. കൊളുത്ത് പഴയതു മാറ്റി പുതിയതാക്കിയിട്ടുണ്ട്. അതാണ് ഇത്രയും ഉറപ്പ്. ജനലഴികളിലൂടെ നോട്ടം നേരെ ചെന്നെത്തുന്നത് അവരുടെ വീടിന്റെ അടുക്കളയിലേക്കാണ്. ആരോ അടുക്കളയിലുണ്ട്. അയാൾ വേഗം നോട്ടം പിൻവലിച്ചു. ബാഗ് തുറന്ന് അമ്മ തന്നുവിട്ട അച്ചാറിന്റേയും കടുമാങ്ങയുടേയും കുപ്പികൾ അടുക്കളയിൽ സ്ഥാപിച്ച മരത്തിന്റെ ചെറിയൊരു അലമാരയിൽ നിരത്തി.കൂടെ അത്യാവശ്യത്തിനുള്ള കറിപ്പൊടികളും ഒരു കുപ്പി എണ്ണയും…

ആദ്യമൊന്നു കുളിയ്ക്കണം. ബാത്റൂമും ടോയ്ലറ്റും ഒന്നിച്ചാണ്. എങ്കിലും നല്ല വെടിപ്പോടെ കിടപ്പുണ്ട്. പൈപ്പൊക്കെ പുതുതാതി വെപ്പിച്ചതാണെന്നു തോന്നുന്നു. വസ്ത്രം മാറി കുളിക്കാനായി ടാപ്പ് തുറന്നിട്ടു. ശ്ശെടാ…വെള്ളം വരുന്നില്ല…വെറും കാറ്റുമാത്രം..വെള്ളമില്ലാത്തിടത്തേക്കാണോ ആ രാമു എന്നെ പറഞ്ഞുവിട്ടത്..? പിറുപിറുത്തുകൊണ്ട് ഊരിയതെല്ലാം വീണ്ടും എടുത്തിട്ട് പുറത്തു കടന്നു.

ചോദിക്കാന്നു വച്ചാൽ പുറത്തെങ്ങും ആരേയും കാണുന്നില്ല. ഇയാളിതെവിടെ പോയി…?കുറച്ചു മുമ്പ് ഇവിടെ ഉണ്ടാരുന്നല്ലോ. മാഷിന്റെ കണ്ണുകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചു. അപ്പോഴാണ് ആരോ അഴയിൽ വിരിച്ചിട്ട തുണികൾ എടുത്തുകൊണ്ട് പോകുന്നത് കണ്ടത്. അയാൾ വേഗം അടുത്തേക്കു ചെന്നു. അതേയ് …. ടാപ്പ് തുറന്നിട്ട് വെള്ളം വരുന്നില്ല…. ആരേലും ഒന്നു വന്നു നോക്കുവോ…..?

ചോദ്യം കേട്ട് പിന്തിരിഞ്ഞ ആ ഉണ്ടക്കണ്ണുകൾ അയാളെ പരിഭ്രമത്തോടെ നോക്കി. അവളുടെ വിടർന്ന കണ്ണുകളും ഇടതൂർന്ന കൺപീലികളും നെറ്റിയിലെ ചന്ദനക്കുറിയും ഐശ്വര്യമുള്ള മുഖവും ആർദ്രമായ നോട്ടവും….അയാൾ ഒരുനിമിഷം നിശ്ചലനായി.

ഞാൻ വിഷ്ണു…ഇവടെ താമസിക്കാൻ വന്ന….അച്ഛൻ…..അച്ഛനെവിടെ……? ടാപ്പില് വെള്ളം വരുന്നില്ല. മാഷിന്റെ സംഭ്രമം അവളിലൊരു ചെറു പുഞ്ചിരി പരത്തിയെങ്കിലും അവളൊന്നും പറയാതെ മുഖം കുനിച്ചു. തോട്ടം നനയ്ക്കാൻ വാൾവ് തിരിച്ചിട്ടേക്കാർന്നു. മറന്നുപോയി…ഇപ്പോ ശരിയാക്കീണ്ട്. പിന്നിൽ ഗോവിന്ദന്റെ ശബ്ദം കേട്ട് മാഷ് തിരിഞ്ഞു നോക്കി. അച്ഛനെ കണ്ടതും ആ പെൺകുട്ടി അകത്തേക്കു കയറിപ്പോയി.

ന്റെ മൂത്ത മോളാ…..അശ്വതി….അമ്മൂന്നാ എല്ലാരും വിളിക്യാ….അയാൾ വീണ്ടും പറഞ്ഞു. മ്മ്….മാഷ് ഒരു പുഞ്ചിരിയോടെ അയാൾക്കൊപ്പം നടന്നു. പിന്നെ…മാഷ്ടെ ചോദ്യത്തിന് അവള് മിണ്ടാത്തേന് മുഷിച്ചിലൊന്നും തോന്നണ്ടാട്ടോ. അമ്മു…അവള് സംസാരികില്യേയ്….ഒരു നെടുവീർപ്പിനൊപ്പം പുറത്തു വന്ന ആ വാക്കുകൾ മാഷിലൊരു ഞെട്ടലുണ്ടാക്കി. തിരിച്ചെന്തു പറയണമെന്നറിയാതെ നിന്നപ്പോൾ….ന്നാ മാഷിന്റെ പണി എന്താച്ചാ നടക്കട്ടെ..എന്നും പറഞ്ഞ് ഗോവിന്ദൻ പോയി.

മാഷ് അവിടെത്തന്നെ നിന്നു. അവളുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ നെഞ്ചിന് വല്ലാത്തൊരു ഭാരം പോലെ. പാവം കുട്ടി…അയാളോർത്തു.

കുറച്ചു പച്ചക്കറിയും മറ്റും വാങ്ങാനായി പുറത്തേക്കു പോയി തിരിച്ചു വരുമ്പോഴാണ് ഇടവഴി തിരിയുന്നിടത്തു വച്ച് “വിഷ്ണുച്ചേട്ടാ….” എന്ന വിളി പിറകിൽ നിന്നും കേട്ടത്…ഇതാരാ ഇവിടിപ്പോ ഇങ്ങനെ വിളിക്കാൻ എന്ന് ഓർത്തുകൊണ്ട് മാഷ് തിരിഞ്ഞു നോക്കി. ഒരു പെൺകുട്ടി ഓടിവരുന്നു. കണ്ടാൽ നല്ല മുഖപരിചം പോലെ…പക്ഷേ….ഓർമ്മ വരുന്നില്ല.

വിഷ്ണുച്ചേട്ടനെന്നെ ഓർമ്മണ്ടോ…..? ഞാൻ അമ്പിളി…ഏട്ടന്റെ കോളേജില് ജൂനിയറായി പഠിച്ചിരുന്ന…ഓഹ് ….അമ്പിളി …. ഇപ്പോ ഓർമ്മ വന്നു. മാഷ് ചുണ്ടിലൊരു ചിരിയുമായി അവളെ നോക്കി. അല്ല….ചേട്ടനെന്താ ഇവിടെ……..?? ഞാൻ ഇവിടത്തെ ഹൈസ്കൂളില് മാഷായിട്ട് ജോയിൻ ചെയ്തു….. ഇന്ന് രാവിലെ. അതേയോ….. കൺഗ്രാജ്സ്….അപ്പോ താമസൊക്കെ…….? അവൾ കൗതുകത്തോടെ ചോദിച്ചു. ഇവിടെ അടുത്ത് തന്നെ ശരിയായിട്ടുണ്ട്. ഏതോ….മേലേതലയ്ക്കലോ മറ്റോ…..അങ്ങനാ വീട്ടുപേര് പറഞ്ഞത്. ഇയാളറിയോ…..? മാഷ് അവളെ തലചെരിച്ച് ചോദ്യഭാവത്തിൽ നോക്കി.

എന്റീശ്വരാ…അറിയാതെ പിന്നെ…അതെന്റെ വീടല്ലേ മാഷേ…അവിടത്തെ ഗോവിന്ദൻ നായരുടെ മൂന്നു മക്കളിൽ രണ്ടാമത്തെ പുത്രിയാണ് ഈ നിൽക്കുന്ന ഞാൻ. അവളൊരല്പം ഗമയിൽ തന്നെ പറഞ്ഞു. അതേയോ….? അവളുടെ ചിരിയിൽ അയാളും പങ്കുചേർന്നു. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും വീടെത്തിയത് ഇരുവരും അറിഞ്ഞില്ല.

എന്റെ കോളേജിൽ തന്നെയാ വിഷ്ണുച്ചേട്ടനും പഠിച്ചത്. ഞാൻ ഫസ്റ്റ് ഇയറിന് ചെല്ലുമ്പോ ചേട്ടൻ പി ജി ലാസ്റ്റ് ഇയറായിരുന്നു. മൂപ്പര് കോളേജില് വല്യേ പുള്ളിയായിരുന്നോണ്ട് ഒരുവിധം എല്ലാരും അറിയും. അത്താഴം കഴിക്കുന്നതിനിടെ അമ്പിളി മാഷിന്റെ പരിചയത്തെ പറ്റി വിശദീകരിച്ചു. ഗോവിന്ദൻ നായർ എല്ലാം മൂളിക്കേട്ടു. മാഷ് ഏത് സബ്ജക്ടാണാവോ എടുക്കണത്….?

ചിലപ്പോ എന്നേം പഠിപ്പിക്കാൻ ചാൻസുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന നായരുടെ ഇളയ മോള് അനഘ കുറച്ചൊരു പരിഭവത്തോടെ പറഞ്ഞു. ഏതായാലും അതു നന്നായി. നിന്നെ ഒന്നു പ്രത്യേകം ശ്രദ്ധിക്കാൻ മാഷോടു പറയണം. ഭാനുമതി ചിരിച്ചോണ്ട് പറഞ്ഞപ്പോ അനു അമ്മയെ നോക്കി ചിറികോട്ടി. അമ്മു എല്ലാവരുടേയും സംസാരം ആസ്വദിച്ചു അവരോടൊപ്പം ചിരിയിൽ പങ്കു ചേരുന്നു.

എന്നാലും വിഷ്ണു ചേട്ടൻ നമ്മടെ സ്കൂളിൽ തന്നെ മാഷായിട്ട്… എനിക്ക് വിശ്വസിക്കാൻ കൂടി പറ്റണില്ല. കിടക്കും നേരവും അമ്പിളി അതുതന്നെ പറഞ്ഞോണ്ടിരുന്നു. അമ്മു താടിയുയർത്തി ചോദ്യരൂപേണ അവളെ നോക്കി. എന്റെ ചേച്ചീ…മൂപ്പര് ഈ കാണണ ആളൊന്നല്ല….വേറെ ലെവലാ….ഒരു വർഷത്തെ പരിചയേ ഉള്ളൂച്ചാലും അന്നു തന്നെ അങ്ങേര് കോളേജിലെ സ്റ്റാറായിരുന്നു. പോരാത്തതിന് കോളേജ് ചെയർമാനും…എത്ര പെങ്കുട്ട്യോളാ മൂപ്പരെ പ്രേമിച്ചോണ്ട് നടന്നിരുന്നേ… പക്ഷേ….വിഷ്ണു ചേട്ടന് എല്ലാരോടും സൗഹൃദം മാത്രമായിരുന്നു. അമ്പളിയുടെ കഥാപാത്ര നിരൂപണം കണ്ണും മിഴിച്ച് കേട്ടുകൊണ്ടിരുന്നു അമ്മു.

അവൾക്കപ്പോൾ രാവിലെ തനിക്കു മുന്നിൽ പരുങ്ങിനിന്ന മാഷുടെ മുഖം ഓർമ്മ വന്നു. അവളറിയാതെ ചിരിച്ചു പോയി. ഉം…. എന്തിനാ ചിരിക്കണേ…..? അമ്പിളിയുടെ ചോദ്യത്തിന് ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണടച്ചു കാട്ടി അവൾ തിരിഞ്ഞു കിടന്നു. അന്നൊരു ഞായറാഴ്ച ദിവസം ഗോവിന്ദൻ അമ്പിളിയേയും അനുവിനേയും കൂട്ടി പുറത്തേക്കു പോകാൻ ഒരുങ്ങി ഇറങ്ങുന്നതു കണ്ടു. പെങ്ങടെ കുട്ടീടെ നൂലുകെട്ടാ…ഭാനുമതിക്ക് സുഖല്യാന്നു പറഞ്ഞു…ഞങ്ങളു വരണതു വരെ മാഷടെ ഒരു കണ്ണു വേണട്ടോ…വിഷ്ണുവിനെ നോക്കി ഗോവിന്ദൻ പറഞ്ഞു. അയാൾ സമ്മതത്തോടെ തലയാട്ടി. അമ്പിളി നോക്കി ചിരിച്ചു….അയാളും….അനു നാണത്തോടെ മുഖം കുനിച്ചു നിന്നതേയുള്ളൂ…

കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ മാഷും ആ വീട്ടിലെ ഒരംഗമായി മാറിക്കഴിഞ്ഞിരുന്നു. ഊണു കഴിഞ്ഞ് ഒന്നു മയങ്ങാനായി കിടന്നതേയുള്ളൂ….വാതിലിലാരോ ശക്തിയായി മുട്ടുന്നതു കേട്ട് ചാടിയെണീറ്റു. വാതിൽ തുറന്ന് നോക്കുമ്പോൾ അമ്മു ആധിയോടെ പുറത്തു നിൽക്കുന്നു. എന്താ അമ്മൂ…. എന്തുപറ്റി…….?? അവളെന്തോ ആംഗ്യം കാട്ടുന്നുണ്ട്. പക്ഷേ,, ഒന്നും മനസ്സിലാകുന്നില്ല. അവസാനം …. അവൾ അയാളുടെ കയ്യിൽ പിടിച്ച് പുറത്തേക്കു വലിച്ചു. കാര്യമറിയാതെ അയാളും അവളോടൊപ്പം നടന്നു. അമ്മു അയാളെ കൊണ്ടുപോയത് അവരുടെ വീടിനകത്തേക്കാണ്…..ചെന്നു നോക്കുമ്പോ,
ഭാനുമതി അകത്തു കിടക്കുകയാണ്. ആകെ വിയർത്തു കുളിച്ചിട്ടുണ്ട്. അയാൾ വേഗം അടുത്തേക്കു ചെന്നു. അവരുടെ കട്ടിലിന്റെ ഓരത്തിരുന്നു. നെറ്റിമേൽ കൈവച്ചു നോക്കി. ഏയ് പനിയൊന്നൂല്ല…അയാൾ പറഞ്ഞു.

ഇത് ഇടയ്ക്കുള്ളതാ മോനേ….. ഹാർട്ടിന് ചെറിയൊരു കുഴപ്പണ്ട്…. ന്നാലും പേടിക്കാനൊന്നൂല്യ…. ഇവള് പേടിച്ചിട്ടാ മോനെ വിളിച്ചത്..ഗുളിക എന്തേലും ഉണ്ടോ കയ്യില്…..? അവൾ മുഖം കുനിച്ചു….ആ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു. പിന്നെ…ഒഴിഞ്ഞൊരു ഗുളികയുടെ സ്ട്രിപ്പെടുത്ത് അയാളെ കാണിച്ചു. അയാളതു വാങ്ങി പോക്കറ്റിലിട്ട് ഇപ്പൊ വരാന്നും പറഞ്ഞ് പുറത്തേക്കോടി. അധികം വൈകാതെ തിരിച്ചെത്തി. ഞായറാഴ്ച ആയതോണ്ട് മെഡിക്കൽ ഷോപ്പ് തുറന്നിട്ടില്ല….. ഇത് ആ ക്വാർട്ടേഴ്സിലുള്ള ഡോക്ടറ് തന്നതാ…. കുറവില്ലെങ്കിൽ അങ്ങോട്ടു ചെല്ലാനും പറഞ്ഞു. ഗുളിക അവൾക്കു നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

അമ്മയ്ക്കു ഗുളിക കൊടുത്ത് അവൾ കൃതജ്ഞതയോടെ അയാളെ നോക്കി. കണ്ണുകളപ്പോഴും നിറഞ്ഞിരുന്നു…..അമ്മ വിശ്രമിച്ചോളൂ….അയാൾ എഴുനേറ്റു. മോന് ബുദ്ധിമുട്ടായിലേ. ഏയ്…. ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ. ഒരുവട്ടം കൂടി അമ്മുവിനെ നോക്കി വിഷ്ണു പുറത്തേക്കിറങ്ങി. ഗോവിന്ദനും മക്കളും ആ സമയത്താണ് വന്നത്….. മാഷിനെ കണ്ടപ്പോൾ അയാൾക്കൊരു വല്ലായ്മ തോന്നാതിരുന്നില്ല. അമ്മു അവളുടെ ഭാഷയിൽ എന്തോ പറഞ്ഞതും അയാൾ വന്നപാടെ അകത്തേക്കോടി.

ഗുളിക കഴിഞ്ഞാ പറയണ്ടേ ഭാന്വോ നീയ്….അയാൾ അകത്ത് ഭാര്യയെ ശാസിക്കുന്നതു കേട്ടു. ഒരുപാട് താങ്ക്സ് വിഷ്ണുച്ചേട്ടാ….അമ്പിളിയാണ്. അവളുടെ മിഴിനീരും അടരാൻ വെമ്പിയിരുന്നു. അയാളൊന്നും പറയാതെ മുന്നോട്ടു നടന്നു. ഇടയ്ക്കെപ്പോഴോ നന്ദിയോടെ തന്നെ നോക്കുന്ന ആ കണ്ണുകളെ അയാൾ വീണ്ടും കണ്ടു. പിറ്റേ ദിവസം ആദ്യത്തെ വാടക ഗോവിന്ദനെ ഏൽപ്പിക്കുമ്പോൾ അഞ്ഞൂറ് അധികം അയാൾ കൂട്ടിച്ചേർത്തു.

ഇതിപ്പോ അധികണ്ടല്ലോ മാഷേ….. ബാക്കി തരാൻ ന്റേല്….ഗോവിന്ദൻ പറഞ്ഞു. അത് കയ്യിലിരുന്നോട്ടോ….ഞാൻ ഇവിടെത്തന്നെ ഉണ്ടല്ലോ…മാഷ് ചിരിച്ചു. അതൊരു സഹായ ഹസ്തമാണെന്ന് അമ്പിളിക്കു മനസ്സിലായി. ഒന്നും പറയാതെ….ആരുമറിയാതെ….തങ്ങൾക്കൊരു കൈതാങ്ങായി മാറാൻ മാഷ് ശ്രമിക്കുന്നുവെന്ന് അവൾക്കു തോന്നി.

അന്നു രാത്രി അവളുറങ്ങീല്ല…അടുക്കള ജനലിന്റെ പഴുതിലൂടെ അവൾ ആ കൊച്ചു വീടിനെ നോക്കി. അവളുടെ മിഴികൾ അയാളെ തേടുകയായിരുന്നു. പെട്ടന്ന് തോളത്തു തട്ടിയ കൈച്ചൂടിൽ അവൾ തിരിഞ്ഞു നോക്കി. അമ്മു……! എന്താ ഇവിടെ പരിപാടി……..?? അവൾ കള്ളനോട്ടമെറിഞ്ഞ് ആംഗ്യം കാണിച്ചു. അമ്പിളി നാണിച്ച ചിരിയോടെ അകത്തേക്കോടി. അമ്മു പിറകെ ചെന്ന് അവളുടെ നേരെ നോക്കി. വിരലുകൾ ചേർത്തു വച്ച്,,,, അവൾ കാണിച്ച അടയാളം നോക്കി അമ്പിളി താഴേക്കു നോക്കി നിന്നു. അമ്മു അവളുടെ താടി പിടിച്ചുയർത്തി.

മ്മ്…..അതെന്നേന്നാ തോന്നണേ….പണ്ട് എല്ലാരും മോഹിച്ച ആ കോളേജ് ഹീറോയോട്….നമ്മടെ വിഷ്ണു മാഷോട്……എനിക്കും….. എന്തോ…അവൾ നാണത്തോടെ മുഖംപൊത്തി. അപ്പോൾ….ആ കൊച്ചു വീട്ടിലിരുന്ന് വിഷ്ണു മാഷും ഉറങ്ങാതെ കനവ് കാണുകയായിരുന്നു….സ്വന്തമാക്കാൻ വെമ്പുകയായിരുന്നു…അവളെ…..
ആ ഉണ്ടക്കണ്ണുള്ള ഊമക്കുയിലിനെ…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…