ഞാൻ ഒന്നു വന്ന് തന്നെ കാണട്ടെ….ജയേഷ് ചോദിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരു കുളിർ.

രചന: ഗായത്രി ശ്രീകുമാർ

ഓഫീസിലെ ആദ്യ ദിനങ്ങൾ തീർത്തും വിരസമായിരുന്നു. പുതിയ ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ രേണുവിന് കുറച്ചു സമയം വേണമെന്ന് തോന്നി. എങ്കിലും അകത്തെ മടുപ്പ് പുറത്ത് കാണിക്കാതെ പുഞ്ചിരിച്ച മുഖവുമായി നടക്കാൻ രേണു പഠിച്ചു കഴിഞ്ഞിരുന്നു.

ആറ് വർഷത്തെ ദാമ്പത്യത്തോട് വിട പറഞ്ഞതിനു ശേഷവും അന്തസ്സായി ജീവിച്ചു കാണിക്കണമെന്നത് അവളുടെ വാശിയായിരുന്നു. വലിയ നഗരത്തിലെ ജോലിയും ഹോസ്റ്റലിലെ താമസവുമൊക്കെ അവൾ സ്വയം തിരഞ്ഞെടുത്തു. മകനെ സ്വന്തം വീട്ടിൽ അച്ഛനമ്മമാരോടൊപ്പം നിർത്തി.

ഓഫീസിൽ ഇങ്ങോട്ട് വന്ന് സംസാരിച്ചത് മായേച്ചി ആണ്. നല്ല വെളുത്തു മെലിഞ്ഞ രൂപം. സാരിയുടുത്ത് മുടി ഒക്കെ കുളിപ്പിന്നിട്ടു കെട്ടിയ മായേച്ചി. രേണുവിൻ്റെ പാലക്കാടുള്ള ഇളയ ചിറ്റയുടെ ഒരു ഛായയുമാണ്ടായിരുന്നു അവർക്ക്…ഈ നഗരത്തിൽ തന്നെപ്പോലെ നാടനായ ഒരു സ്ത്രീയെ കണ്ടതു തന്നെ രേണുവിന് ആശ്വാസം തോന്നി.

“പുതിയതാണല്ലേ….. ” മായേച്ചി ചോദിച്ചു. വളരെ അടുപ്പത്തോടെയാണ് അവർ സംസാരിച്ചത്. തൻ്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഒന്നും ചോദിക്കരുതെന്ന് രേണു ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ കുടുംബത്തെക്കുറിച്ച് പറയാൻ നൂറുനാവായിരുന്നു. അവരുടെ ഭർത്താവ് മിഥുനെയും രണ്ട് കുട്ടികളെയും കുറിച്ച് പറഞ്ഞപ്പോൾ മായയ്ക്ക് ചെറിയൊരു വേദന തോന്നി. അവൾ എല്ലാം കേട്ടിരുന്നു. ഇത്തരം നിമിഷങ്ങളൊന്നും തനിക്കിനി ഉണ്ടാവില്ലെന്ന് അവൾ ഉറപ്പിച്ചിരുന്നു. എന്നാലും കേൾക്കുമ്പോൾ എവിടെയൊക്കെയോ ഒരു നീറ്റൽ….മായേച്ചി കാണിച്ചു തന്ന കുടുംബചിത്രത്തിൽ ഭർത്താവ് അവരെ ചേർത്ത് പിടിച്ചിരിക്കുന്നു. അദ്ദേഹം വിദേശത്താണെന്ന് സംസാരത്തിൽ നിന്ന് വ്യക്തമായി. പിന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അധികം ചോദിക്കാൻ രേണുവും നിന്നില്ല.

താൻ ഡിവോഴ്സ്ഡ് ആണെന്ന് സൂചിപ്പിച്ചു. “അയ്യോ…..സോറി രേണു…” അതു മാത്രം അവർ പറഞ്ഞു. പക്ഷേ അവരുടെ ആകാംക്ഷയും സന്തോഷവും കണ്ടപ്പോൾ പറയുന്ന കാര്യങ്ങൾ കേൾക്കാതിരിക്കാൻ തോന്നിയില്ല. തൻ്റെ കാര്യങ്ങൾ ചിക്കിച്ചികയാൻ വരാത്തതു തന്നെ വലിയ ആശ്വാസമായിരുന്നു. പിന്നെ ഒരു കൂട്ട് വേണമല്ലോ….എന്തെങ്കിലും സംസാരിക്കാൻ തന്നെ ഒരാളായല്ലോ എന്ന സമാധാനവും.

“അച്ഛനോട് ചോദിച്ചിട്ടു ചെയ്യൂ മോനേ…” മായേച്ചിയുടെ മകൻ എന്തോ കാര്യത്തിനു വിളിച്ചപ്പോൾ അവർ പറഞ്ഞു. “എല്ലാത്തിനും ഏട്ടൻ വേണം. മിഥുനേട്ടൻ പറയുന്ന പോലെ ചെയ്യട്ടെ അല്ലേ…” അവർ രേണുവിനെ നോക്കി. അവളും പുഞ്ചിരിച്ചു. പഴയ ഓർമകളെല്ലാം മറക്കുമെന്ന് രേണു മനസ്സിനെ ചട്ടം കെട്ടിയതാണ്. എന്നാലും ഇടയ്ക്ക് അവ പൊന്തി വരും.

ആറ് വർഷത്തെ ജീവിതം അത്ര പെട്ടെന്നൊന്നും അവളെ വിട്ടു പോവാൻ കൂട്ടാക്കിയില്ല. ജയേഷേട്ടനു തന്നോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അയാളുടെ അമ്മയായിരുന്നു പ്രശ്നക്കാരി….ജയേഷേട്ടനു അവരെ ജീവനായിരുന്നു. പക്ഷേ അമ്മായി അമ്മ രേണുവിനോട് ക്രൂരമായാണ് പെരുമാറിയിട്ടുള്ളത്. അവരുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടതുകൊണ്ട് ഏക മകനെ വളരെ ബുദ്ധിമുട്ടിയാണ് വളർത്തിയെടുത്തത്.

“നിങ്ങളുടെ അമ്മയ്ക്ക് നമ്മൾ സന്തോഷത്തോടെ ഇരിക്കുന്നതിൻ്റെ അസൂയയാണ്. അവർക്ക് അതിനുള്ള ഭാഗ്യമൊന്നും ഉണ്ടായിട്ടില്ലല്ലോ….” രേണു പറയുമായിരുന്നു. എന്നാൽ അമ്മായി അമ്മ വാശിക്കാരിയായിരുന്നു. അവർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. “എൻ്റെ അമ്മയ്ക്ക് ഞാൻ മാത്ര ഉള്ളു…” ജയേഷേട്ടൻ്റെ വായിൽ നിന്നു ഇതു കേട്ടപ്പോൾ അവൾ തകർന്നു. പക്ഷേ അതിൽ പിടിച്ച് തുടങ്ങിയ കലഹം അവസാനിച്ചത് വിവാഹമോചനത്തിലാണ്. തനിക്ക് തൻ്റെ വീട്ടുകാരുണ്ടെന്ന് രേണുവിന് നല്ല ധൈര്യം ഉണ്ടായിരുന്നു.

പക്ഷേ ഇന്നും തനിക്കും അമ്മയ്ക്കും നടുവിൽ നിസ്സഹായനായി നിൽക്കുന്ന ജയേഷിൻ്റെ മുഖം അവളുടെ മനസിൽ തെളിഞ്ഞു വരും. പക്ഷേ അപ്പോഴേയ്ക്കും അവൾ ചിന്ത മാറ്റും. അന്നത്തെ ദിവസം മായ വന്നിട്ടില്ലായിരുന്നു. രേണുവിന് ഒറ്റപ്പെട്ടതു പോലെ തോന്നി. “മായ വന്നില്ലല്ലോ….” നിഷ ചോദിച്ചു. വളരെ കുറച്ച് മാത്രമേ നിഷയോടു സംസാരിച്ചിട്ടുള്ളു. “ചിലപ്പോൾ മായേച്ചിയുടെ ഭർത്താവ് വന്നിട്ടുണ്ടാവും”. രേണു പറഞ്ഞു. അതു കേട്ടപ്പോൾ നിഷയുടെ മുഖത്ത് വിഷാദം പരന്നു.

“എന്തു പറ്റി?””ഞാൻ പറയണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. മായയുടെ ഭർത്താവ് ഒരു വർഷം മുമ്പ് വിദേശത്തെ ഒരു വാഹനാപകടത്തിൽ മരിച്ചു.” രേണു ഞെട്ടിപ്പോയി. “പക്ഷേ ചേച്ചി പറഞ്ഞില്ലല്ലോ ഒന്നും … ” അവൾ ഇടറിയ സ്വരത്തിൽ ചോദിച്ചു.”അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെയേ മായ സംസാരിക്കൂ… പാവത്തിന് ഇന്നും അത് ഉൾക്കൊള്ളാൻ കഴിഞ്ഞട്ടില്ല”. രേണുവിന് വിഷമമായി.

പിറ്റേന്ന് അവധിയായതുകൊണ്ടു അവൾ അന്ന് വൈകീട്ട് നാട്ടിലേക്ക് വണ്ടി കേറി. ബസ്സിലിരിക്കുമ്പോൾ മുഴുവൻ അവളുടെ മനസ്സിൽ മായേച്ചിയായിരുന്നു. അവൾക്ക് അവരോട് സഹതാപം തോന്നി. വീട്ടിലെത്തിയപ്പോൾ അപ്പു അമ്മയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അമ്മയെ കണ്ടതും അവൻ ഓടി വന്ന് കെട്ടിപ്പിടിച്ചു. വലുതായി വിവാഹം കഴിഞ്ഞാൽ അപ്പു തന്നെ തഴയുമോ? അന്നു രാത്രി അവനെ ചേർത്ത്പ്പിടിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ഓർത്തു. അത് തനിക്ക് സഹിക്കാൻ കഴിയില്ല. ഒരു പക്ഷേ അതു തന്നെയല്ലേ ജയേഷേട്ടനും ചെയ്തത്. അവൾക്കു ഉറങ്ങാനായില്ല. അപ്പുവും ഉറങ്ങിയിരുന്നില്ല.

“അച്ഛനെ വിളിച്ച് തരോ അമ്മേ.?” അവൻ ചോദിച്ചു. ആ കുരുന്നിന് ഒന്നും അറിയില്ല. അച്ഛനുമമ്മയും ഒരു വീട്ടിൽ അല്ല താമസിക്കുന്നത് എന്ന് മാത്രം മനസ്സിലായിട്ടുണ്ട്. കൂടുതൽ അവനെ എങ്ങനെ മനസ്സിലാക്കാൻ ആണ്. എന്തായാലും അവൾ ജയേഷിനെ വിളിച്ചു. കുഞ്ഞിന് ഫോൺ കൊടുത്തു. അച്ഛനും മകനും കുറച്ച് നേരം സംസാരിച്ചു. എന്തോ അവളുടെ കണ്ണ് നിറഞ്ഞു. “അച്ഛനു അമ്മയോട് എന്തോ പറയാൻ ഇണ്ട്”. അവൻ ഫോൺ അവൾക്ക് നേരെ നീട്ടി. രേണുവിന് ആകെ പരിഭ്രമമായി. തന്നോട് എന്ത് പറയാൻ ആണാവോ…പക്ഷേ അവൾക്കും അപ്പോൾ അയ്യാളോട് സംസാരിക്കണമെന്ന് തോന്നിയിരുന്നു.

“രേണു….. ജോലി എങ്ങനെ പോവുന്നു.” ചെറിയ മൗനത്തിനു ശേഷം ജയേഷ് ചോദിച്ചു. “നന്നായിപ്പോകുന്നു.” അവൾ പതിയെ പറഞ്ഞു. “ഞാൻ ട്രാൻസ്ഫർ വാങ്ങി.. ഇപ്പോൾ തൻ്റെ ഓഫീസിന് അടുത്തുണ്ട് ” “ആണോ. അപ്പോ അമ്മയോ”? ” അമ്മയ്ക്ക് മനംമാറ്റമുണ്ടായി. ഇപ്പോൾ ഒരു ആത്മീയ സംഘടനയിൽ ചേർന്നു. ഇനിയുള്ള കാലം അവരോടൊപ്പം പ്രവർത്തിക്കണമത്രേ… ഇപ്പോൾ താമസം അവർക്കൊപ്പമാണ് ” രേണുവിന് അത്ഭുതം തോന്നി. “ഞാൻ ഒന്നു വന്ന് തന്നെ കാണട്ടെ ….” ജയേഷ് ചോദിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരു കുളിർ.

തിങ്കളാഴ്ച്ച ഓഫീസിൽ രേണു വളരെ സന്തോഷവതിയായിരുന്നു. അവൾ മായയോട് എല്ലാം പറഞ്ഞു. മായയുടെ കണ്ണുകളിലും ഈറനണിഞ്ഞു. “നന്നായി രേണു. “”ഞാൻ… എൻ്റെ കാര്യം അറിയില്ലേ…. “ആദ്യമായി മായേച്ചി അവളുടെ കണ്ണിൽ നോക്കാതെ ചോദിച്ചു. മായ വേദനയോടെ മൂളി .. “സന്തോഷായിട്ട് പറ്റുന്നത്രയും കാലം ജീവിയ്ക്ക്… ഇതൊക്കെ ഭാഗ്യമുള്ളവർക്കേ കിട്ടു… ” രേണുവിന് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.

ശരിയാണ്. തെറ്റുകൾ തിരുത്താൻ പറ്റുമെങ്കിൽ എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകണം. ജീവിതത്തിലെ ഓരോ നിമിഷത്തിനും വിലയുണ്ട്. ആ നിമിഷങ്ങൾ അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്താതിരിക്കുക…