ചാരെ – രചന: അഞ്‌ജലി മോഹൻ
“”വിയർപ്പാടി പെണ്ണേ വേണ്ട…””
കഞ്ഞിവെള്ളം വേണോ അതോ തണുത്ത മോര് മതിയോ…?? അയാളിലേക്ക് പറ്റിച്ചേർന്ന് നിന്ന് ചോദിക്കുമ്പോൾ കൊതിപ്പിക്കുന്ന ഒരുതരം ചിരിയായിരുന്നു അവളിൽ
“”എന്തേലും എടുത്ത് വയ്ക്ക് കുളിച്ചിട്ട് വരാം…”” ആ പെണ്ണിന്റെ കവിളിൽ തലോടാൻ ഉയർന്ന കൈകളിൽ നിറയെ കറുത്ത കരിയും ഓയിലും നിറഞ്ഞിരുന്നു….
“”സാരല്യാ…. വൈകീട്ടെന്തായാലും കുളിക്കണം….”” കണ്ണിൽ നിറയെ പ്രണയം നിറച്ചവൾ അയാൾക്ക് അനുവാദം നൽകി…. എങ്കിലും തൊട്ട് വൃത്തികേടാക്കാൻ എന്തോ തോന്നിയില്ല… നേർത്തചിരിയോടെ അയാൾ കുളിമുറിയിലേക്ക് നടന്നു….
കുളികഴിഞ്ഞിറങ്ങിയപ്പോൾ കുഞ്ഞു തടിമേശയിൽ ഉപ്പിട്ട ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഇരിപ്പുണ്ട് അത് പത്രക്കടലാസ്സുകൊണ്ട് ഭദ്രമായി മൂടി വച്ചിരിക്കുന്നു….. ഒറ്റവലിയ്ക്കത് കുടിച്ച് അയാൾ തൊട്ടടുത്ത മുറിയിലേക്ക് നടന്നു…. അവിടെ സുഖനിദ്രയിലാണ് രണ്ട് കുരുന്നുകൾ… നിഴലും നിലാവും പോലെ രണ്ടുപേർ…
അവൾ അടുക്കളയിൽ വൈകീട്ടത്തേക്കുള്ള പലഹാര പണിയിൽ ആണ്….. മുറിച്ചുവച്ച പഴം മൈദയിൽ മുക്കി എണ്ണയിൽ വറുത്ത് കോരുന്നത് നോക്കിക്കൊണ്ടയാൾ അടുക്കളത്തിണ്ണയിൽ അവൾക്കൊപ്പമിരുന്നു…. ചെറുകഷ്ണം ഊതി തണുപ്പിച്ചവൾ അയാൾക്ക് വായിൽ വച്ചുകൊടുത്തു…. പ്രണയത്തോടെ…. സ്നേഹത്തോടെ….
കൃത്യം എട്ടുമാസം മുൻപാണ് അയാൾ അവളെ കാണുന്നത്…. കാണാതായ ഭാര്യയെ വീടിന്റെ ടൈൽസ് പണിക്ക് വന്ന തമിഴൻ ചെക്കനൊപ്പം കണ്ടുകിട്ടിയെന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചുപറഞ്ഞപ്പോൾ അവളെക്കാണാൻ കുഞ്ഞിനേയും കൊണ്ട് പോണ്ടിച്ചേരിയിൽ പോയി വരുമ്പോഴാണ് അയാൾ ആദ്യമായ് “”പത്മയെ”” കാണുന്നത്….ഒട്ടും തിരക്കില്ലാത്ത ട്രെയിനിന്റെ ബോഗിയിൽ ഒരു കറുമ്പിപെണ്ണ്….. അവളുടെ മടിയിലായി കുറുമ്പ് കാട്ടുന്ന കറുത്ത കുഞ്ഞിച്ചെക്കനും….അവന്റെ കുറുമ്പുകളൊന്നും ആസ്വദിക്കാതെ അവൾ മറ്റേതോ ലോകത്തായിരുന്നു…..
കറുത്ത മൂക്കിൻ തുമ്പിൽ വെട്ടിത്തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തി…. ഇരുട്ടുംതോറും വണ്ടിയിൽ നിന്ന് ഓരോരുത്തരായി ഇറങ്ങിക്കൊണ്ടിരുന്നു…. ആരെയും ശ്രദ്ധിക്കാതെ അവള് അപ്പോഴും മറ്റേതോ ലോകത്തായിരുന്നു…. കുറേദൂരം പിന്നിട്ടപ്പോൾ ബോഗിയിൽ അയാളും അവളും രണ്ട് കുഞ്ഞുങ്ങളും മാത്രമായി….
എപ്പഴോ ആ കുറുമ്പൻ ചെക്കൻ വാവിട്ടു കരയാൻ തുടങ്ങി…. ഞെട്ടിപ്പിടിഞ്ഞ് വെപ്രാളത്തോടവൾ സാരി തല നീക്കി ബ്ലൗസിന്റെ ഹുക്കിളക്കി അവനെ മാറോട് ചേർത്തുപിടിച്ചു…. നേർത്ത് നേർത്ത് ഇല്ലാതാവുന്ന അവന്റെ കരച്ചിൽ ചീളുകളെ അവൾ പുഞ്ചിരിയോടെ നോക്കി…. അപ്പോഴേക്കും അയാളുടെ മടിയിലിരുന്ന കുഞ്ഞിമോളും കരഞ്ഞ് തുടങ്ങിയിരുന്നു…. ബാഗ് തുറന്ന് കൊണ്ടുവന്ന കുപ്പിപ്പാലെടുത്തയാൾ കുഞ്ഞിന്റെ വായിലേക്ക് വച്ചുകൊടുത്തു…. കുഞ്ഞ് ഓരോതവണയും അത് വാശിയോടെ ചുണ്ടുകൊണ്ട് തട്ടിത്തെറിപ്പിച്ച് ആർത്തുകരഞ്ഞു…. കുറേനേരം ബോഗിക്കുള്ളിലൂടെ കുഞ്ഞിനേയും തോളിലിട്ടയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി….
“”തരൂ വിശന്നിട്ടാവും…. ഞാൻ പാല് കൊടുത്തോട്ടെ….??”” പ്രതേകിച്ചൊരു ഭാവങ്ങളും അവളിൽ ഇല്ലായിരുന്നു …””മടിക്കേണ്ട വിശപ്പിനു മുൻപിൽ മറ്റൊന്നും ഓർക്കേണ്ട കാര്യമില്ല… കുഞ്ഞിന് വേണ്ടത് മുലപ്പാലാണ്…”” കരയുന്ന കുഞ്ഞിനെ അയാൾ അവളുടെ കയ്യിലേക്ക് ഏല്പിച്ചു… അയാളിൽ നിന്ന് മുഖം തിരിഞ്ഞിരുന്നവൾ കുഞ്ഞിനെ മുലയൂട്ടി….
“”ഏത് കുഞ്ഞ് വിശന്നു കരഞ്ഞാലും മാറിടം വിങ്ങുന്നപോലെ തോന്നും….”” ഉറങ്ങിത്തൂങ്ങിയ കുഞ്ഞിമോളെ സീറ്റിലേക്ക് കിടത്തി തഴുകിക്കൊണ്ടവൾ അയാളെ നോക്കാതെ അയാളോടായി പറഞ്ഞു…
ഓരോ സ്ത്രീയും എത്ര വ്യത്യസ്തം… കരയുന്ന സ്വന്തം കുഞ്ഞിനെ കണ്ടിട്ടും ഒരു നോക്ക് നോക്കാതെ കാമുകന്റെ പിന്നിൽ പറ്റിച്ചേർന്ന് നിന്ന ഭാര്യയോട് അയാൾക്ക് അവജ്ഞ തോന്നി…. ഇവിടെ മറ്റൊരുവൾ ആരുടെയോ കുഞ്ഞിനെ മാറ് വിങ്ങുന്നെന്നും പറഞ്ഞു മുലയൂട്ടുന്നു….
“”എവിടെയാണ് ഇറങ്ങേണ്ടത്….??? “”
“”ഈ ട്രെയിൻ എവിടെ അവസാനിക്കുന്നുവോ അവിടെ….”” നേർത്ത ചിരിയോടെ തീരെ ശബ്ദം താഴ്ത്തി അവൾ അയാൾക്ക് മറുപടി നൽകി….
ട്രെയിൻ കോഴിക്കോട് നിർത്തുന്നത് വരെയും പിന്നെ അവർതമ്മിൽ ഒന്നും സംസാരിച്ചില്ല…. കണ്ണുകൾ തമ്മിൽ കോർക്കുമ്പോഴെല്ലാം തെളിച്ചമില്ലാത്ത പുഞ്ചിരിമാത്രം കൈമാറി….
“”ഇറങ്ങുന്നില്ലേ ഇതാണ് ലാസ്റ്റ് സ്റ്റേഷൻ….””
“മ്മ്ഹ്ഹ്…” ഇറങ്ങുന്നതിനു മുൻപായി ചിരിയോടെയവൾ അയാളുടെ കുഞ്ഞിമോളെ ഒന്ന് തലോടി….. കുഞ്ഞിനേയും കൊണ്ട് നടന്ന് നീങ്ങുമ്പോൾ അനങ്ങാതെ പ്ലാറ്റ്ഫോമിൽ തന്നെ നിൽക്കുന്ന അവളെ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. കുറച്ച് നടന്ന് തിരിഞ്ഞപ്പോൾ അവൾ നിന്നിടം ശൂന്യമായി…. കാലുകൾ വേഗത്തിൽ വേച്ചു വച്ചുകൊണ്ടയാൾ അവൾ നിന്നിടത്തേക്ക് ഓടി…. ഇരുളിലേക്ക് നീളുന്ന പ്ലാറ്റ്ഫോമിലൂടെ പിന്നെയും അവൾക്കായി തിരഞ്ഞുകൊണ്ടിരുന്നു…വെള്ളക്കൽ മൂക്കുത്തിയും, കരഞ്ഞുകൊണ്ടിരുന്നു കുറുമ്പൻ ചെക്കന്റെ മുഖവും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു….
ഇരുട്ടിൽ സിമന്റ് ബെഞ്ചിൽ മോനെയും കിടത്തി കാൽ മുട്ടിൽ മുഖം ചേർത്ത് വയ്ച്ചിരുന്ന അവൾക്ക് നേരെ അയാൾ കൈകൾ നീട്ടി…. കരഞ്ഞുകൊണ്ടവൾ ഏറെ നേരം അയാളെ നോക്കി… പിന്നെ നീട്ടിയ കൈകളിലേക്ക് കൈകോർത്തുപിടിച്ചു….
വീട്ടിലേക്കുള്ള ബസ്സ് യാത്രയിൽ അവൾ അയാൾക്കൊപ്പം അതേ സീറ്റിൽ ഇരുന്നു… പുറത്തെ പേമാരി കാരണം ജനലിന്റെ ഷട്ടർ വലിച്ചടച്ചു…..
“”അച്ഛൻ മാത്രേ ഉണ്ടായിരുന്നുള്ളു… ക്ലാസ്സ് കഴിഞ്ഞ് വന്ന് വീട്ടില് കയറിയതാ തലയ്ക്കു പിന്നിലൊരു അടി കൊണ്ടു… ബോധം വരുമ്പോ ഒരു പെണ്ണിന് എന്തൊക്കെ നഷ്ടപെടാമോ അതെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു…. ആരാണെന്നോ എന്താണെന്നോ മനസിലാകാതെ നടന്നതെല്ലാം പുറം ലോകമറിയാതെ ഞങ്ങൾ മാത്രം കരഞ്ഞുതീർക്കുകയായിരുന്നു പിന്നീടങ്ങോട്ട്… അതിനിടയിൽ മാസങ്ങളിൽ വിരുന്നെത്തുന്ന ചുവന്ന ദിവസങ്ങളെ ശ്രദ്ധിച്ചില്ല….പിന്നെയാണ് ഇവൻ വരവറിയിച്ചത്…. ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് അച്ഛൻ തനിയെ രക്ഷപെട്ടു… ഇവൻ പിറന്ന് വയറൊഴിഞ്ഞതോടെ ഒറ്റയ്ക്ക് ആാാ വീട്ടിൽ നില്കാൻ പറ്റാതായി അതാ…”” പറഞ്ഞുകൊണ്ടവൾ മോനെ തലോടിക്കൊണ്ടിരുന്നു….. ഉള്ളിൽ ആരും കേൾക്കാതെ ആർത്ത് കരയുന്ന ഒരുവൾ… അയാൾക്ക് അവളുടെ നിസ്സഹായാവസ്ഥയോട് സഹതാപം തോന്നി….
അയാൾക്കൊപ്പം ആ വീട്ടിൽ കയറുമ്പോ അവൾക്കെല്ലാം അപരിചിതമായിരുന്നു….
ഇരുട്ടിന്റെ മറവിൽ പെണ്ണിനോട് അശ്ലീലം പറയുന്നവനെയും ചെയ്യുന്നവനെയും മാത്രം കണ്ട അവൾക്ക് അയാളൊരു അത്ഭുതമായിരുന്നു…..
നൊന്തു പെറ്റ മകന് കൊടുക്കേണ്ടുന്ന പാല് വിശന്നുകരയുന്ന തന്റെ മോൾക്ക് കരയുമ്പോഴെല്ലാം ഒരു മടിയും കൂടാതെ പകർന്നുനൽകുന്ന അവളെ അയാൾ എപ്പോഴോ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു….അല്ലെങ്കിലും പ്രസവിച്ചതുകൊണ്ട് മാത്രം അമ്മയാവണമെന്നില്ലല്ലോ, പ്രസവിച്ചാൽ മാത്രമേ അമ്മയാവാൻ പറ്റൂ എന്നുമില്ല…അവളാ കുരുന്നിന് അമ്മയായപ്പോൾ അയാൾ ആ കുറുമ്പൻ ചെക്കന് അച്ഛനുമായി മാറി…
“”നിനക്ക് ഇച്ചിരി നേരം വിശ്രമിക്കാൻ മേലെ…??”” മൊരിഞ്ഞ പഴംപൊരി കടിച്ചുപറിച്ചുകൊണ്ടയാൾ അവളോട് ചോദിച്ചു….. മറുപടി എപ്പോഴത്തെയുംപോലെ അയാളെ കൊതിപ്പിക്കുന്ന ചെറുചിരി മാത്രമായിരുന്നു….
“”ഇങ്ങനെ വിശ്രമമില്ലാതെ ഓടി നടക്കാതെ.. തനിച്ചല്ലെന്ന ഓർമ വേണം….”” പിന്നിലൂടെ ചുറ്റിപിടിച്ചയാൾ ചെറുതായി വീർത്തുന്തിയ അവളുടെ വയറിൽ ഒന്ന് തഴുകി….അപ്പോഴും അവളിൽ അതേ ചിരിയായിരുന്നു അയാളെ കൊതിപ്പിക്കുന്നു അതേ ചിരി…