എത്ര അടുക്കത്തോടെയാണ് താൻ വസ്ത്രം ധരിക്കാറുള്ളത് എന്നിട്ടും അയാൾക്ക് എങ്ങനെയാണ് തന്റെ മാറിൽ കേറി പിടിക്കാൻ മാത്രം കൈ പൊങ്ങി….

മുറിപ്പാട് – രചന: ഭദ്ര മനു

ഒന്ന് വേഗം നടക്ക് ശ്യാമേ…. എന്നെ കാണാതെ ഇപ്പൊ അച്ചൂട്ടൻ കരയുന്നുണ്ടാവും

പ്രിയ തന്റെ പിന്നിലായി നടക്കുന്ന ശ്യാമയോട് പറഞ്ഞു….. ശ്യാമ ഫോണിൽ ആരോടോ സംസാരിച്ചു പതുക്കെയാണ് നടന്നു വരുന്നത്

എടി നീ അതൊന്ന് ഓഫ്‌ ചെയ്യുന്നുണ്ടോ…. എപ്പോ നോക്കിയാലും ഈ കുന്തം നിന്റെ ചെവിയിൽ ആണല്ലോ…. പ്രിയ ശ്യാമയെ നീരസത്തോടെ നോക്കി

ടൗണിലെ ഒരു ബേക്കറിയിലെ ജോലിക്കാരാണ് പ്രിയയും ശ്യാമയും… രണ്ട് പേരുടെയും വീടുകൾ അടുത്തടുത്താണ്… അത്കൊണ്ട് ഒരുമിച്ചാണ് പോക്കും വരവുമൊക്കെ…. ശ്യാമയുടെ കല്യാണനിശ്ചയം ഒരു ബസ് ഡ്രൈവറുമായി കഴിഞ്ഞതാണ്…പ്രിയ വിവാഹിതയും രണ്ട് വയസുകാരൻ അച്ചുവിന്റെ അമ്മയുമാണ്…ഭർത്താവ് സതീഷ് ഗൾഫിലാണെങ്കിലും അവിടെ നിന്നും അയക്കുന്ന പണം കൊണ്ട് കഴിഞ്ഞു പോവാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് രണ്ട് വയസുകാരൻ അച്ചുവിനെ ഭർത്താവിന്റെ അമ്മയെ ഏല്പിച്ചിട്ട് പ്രിയ ബേക്കറിയിൽ ജോലിക്ക് പോവുന്നത്….പകലൊക്കെ കുറുക്കും മറ്റും കഴിച്ചു വിശപ്പടക്കുമെങ്കിലും വൈകുന്നേരം അച്ചുവിന് അമ്മിഞ്ഞ പാല് കുടിക്കണമെന്ന് വാശിയാണ്…..

വൈകീട്ട് 5മണിക്ക് ജോലി കഴിഞ്ഞു ഇറങ്ങി തിരക്കുള്ള ബസിൽ തിങ്ങിയും ഞെരുങ്ങിയും യാത്ര ചെയ്ത് ബസ് ഇറങ്ങി വീട്ടിലേക്കുള്ള കാൽ മണിക്കൂർ നടപ്പും കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകും….. അപ്പോഴേക്കും അമ്മയെ കാണാതെ അച്ചു കരഞ്ഞു ബഹളം വെച്ചു അച്ഛമ്മയെ ഒരു പരുവമാക്കി കാണും…വീട്ടിൽ ചെന്നാൽ പ്രിയയ്ക്ക് കാര്യമായ പണിയൊന്നുമില്ല…. എല്ലാം സതീഷിന്റെ ചെയ്തു തീർത്തിട്ടുണ്ടാവും…..പ്രായമായ അമ്മയെയും മുലകുടി മാറാത്ത കുഞ്ഞിനേയും ഇട്ട് ജോലിക്ക് പോവാൻ പ്രിയയ്ക്ക് ഇഷ്ട്ടമുണ്ടായിട്ടല്ല….. കടങ്ങൾ ഒരുപാട് ഉണ്ട്…. പലയിടത്തും നിന്നുമായി പണം കടം വാങ്ങിയാണ് സതീഷിനെ ഗൾഫിലേക്ക് യാത്രയാക്കുന്നത്….വാങ്ങിയതിൽ പകുതിയും കൊടുത്തു കഴിഞ്ഞിരിക്കുന്നു….എന്നിട്ടും ഇനിയുമുണ്ട് ബാക്കി…. വീട് വാടക…. അമ്മയുടെ മരുന്ന്…ലോൺ… അങ്ങനെ നീണ്ടു കിടക്കുകയാണ് ആവശ്യങ്ങൾ…സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പകുതിയിൽ നിലച്ച അവസ്ഥയിലുമാണ്.

എന്റെ പ്രിയേച്ചി…ഇങ്ങടെ കാലിലെന്താ വല്ല ചക്രവും ഫിറ്റ് ചെയ്തിട്ടുണ്ടോ… എന്തൊരു സ്പീഡാ ഇത്

ശ്യാമ തന്റെ കയ്യിലെ ഫോൺ ബാഗിലേക്കിട്ട് കൊണ്ട് പ്രിയയോട് ചോദിച്ചു

നിനക്ക് ഇങ്ങനെ ആടി കുഴഞ്ഞു നടന്നാൽ മതി… എന്റെ കാര്യം അങ്ങനെയാണോ…അച്ചു ഇപ്പൊ അമ്മയെ ഒരു പരുവമാക്കി കാണും….പ്രിയ സാരി തുമ്പാൽ നെറ്റിയിലെ വിയർപ്പ് തുടച്ചു

വേഗം നടക്ക് പെണ്ണെ… മഴയും വരുന്നുണ്ട്…കുട ആണെങ്കി എടുത്തിട്ടുമില്ല… പ്രിയ ശ്യാമയുടെ കയ്യിൽ പിടിച്ചു വേഗത്തിൽ നടന്നു

കുറച്ചു ദൂരം നടന്നപ്പോൾ ദൂരെ നിന്നും ആരോ വരുന്നത് അവർ രണ്ടാളും കണ്ടു….അതൊരു മധ്യവയസ്കനായിരുന്നു…അവരുടെ അടുത്തെത്തിയതും അയാൾ തന്റെ വെറ്റില കറ പുരണ്ട കറുത്ത പല്ലുകൾ കാണിച്ചൊന്നു ചിരിച്ചു…. ആളെ മനസിലായില്ലെങ്കിലും അവരും അയാളെ നോക്കി പുഞ്ചിരിച്ചു…

കണ്ണടച്ചു തുറക്കുന്ന സമയം പോലും വേണ്ടാത്ത ആ ഏതാനും സെക്കന്റുകൾക്കുള്ളിൽ അവർ രണ്ടാളെയും ഞെട്ടിച്ചു കൊണ്ട് അയാൾ അയാളുടെ ഭാഗത്തു നിന്ന പ്രിയയുടെ മാറിൽ തന്റെ തഴമ്പിച്ച കരങ്ങൾ കൊണ്ട് പിടിച്ചു ഞെരിച്ചു.

സംഭവിച്ചതന്തെന്നു മനസിലാക്കാൻ പോലും കഴിയാതെ പ്രിയ വേദന കൊണ്ട് നിലത്തേക്ക് കുഴഞ്ഞിരുന്നു പോയി…. ശ്യാമ ഞെട്ടലോടെ നോക്കുമ്പോൾ വേഗത്തിൽ നടന്നു പോവുന്ന അയാളെയാണ് കാണുന്നത്

ചേച്ചി!!!!!!ശ്യാമ അന്ധാളിപ്പോടെ പ്രിയയുടെ തോളിൽ കൈ വെച്ചു…. പ്രിയ ഇരുന്നു വിറയ്ക്കുകയായിരുന്നു…. ശ്യാമ പേടിയോടെ അവളെ നോക്കി….പ്രിയയുടെ വലിയ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…. മുഖം ചുവന്നു തുടുത്തിരുന്നു… ചുണ്ടുകൾ വിറയ്ക്കുന്നു…. അയാളുടെ കൈ പതിഞ്ഞ ഭാഗത്തെ സാരി ചെറുതായി സ്ഥാനം മാറിപ്പോയിരിക്കുന്നു…

ശ്യാമ പ്രിയയെ താങ്ങി പിടിച്ചെണീപ്പിച്ചു….എണീച്ചു നിന്നിട്ടും പ്രിയയുടെ കാലുകൾക്ക് ശേഷി ഇല്ലാത്തത് പോലെ അവൾ കുഴഞ്ഞു….. ശ്യാമ തന്റെ ബാഗ് തുറന്നു കുടിക്കാൻ കൊണ്ട് പോവുന്ന കുപ്പിവെള്ളമെടുത്തു പ്രിയയ്ക്ക് കൊടുത്തു…

ആർത്തിയോടെ പ്രിയ ആ വെള്ളം വലിച്ചു കുടിച്ചു…..ആ തണുത്ത കാലാവസ്ഥയിലും പ്രിയ വല്ലാതെ വിയർത്തു കുളിച്ചിരുന്നു…

ആരാ ചേച്ചി അയാള്???

അറിയില്ലടി…. ഏതോ തന്തക്കു പിറക്കാത്തവൻ ആണെന്ന് തോന്നുന്നു…പ്രിയയുടെ കടപ്പല്ലു ഞെരിയുന്ന ശബ്ദം ശ്യാമ കേട്ടു

എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ശ്യാമ നിന്നു…..പ്രിയ നേരെ നിന്ന് ആഞ്ഞു ശ്വാസം വലിച്ചു…

വാ നമുക്ക് പോവാം…. പ്രിയ ശ്യാമയെ നോക്കി

അല്ല ചേച്ചി അയാള്???

നമ്മളിങ്ങനെ ഇവിടെ നിന്നാല് അയാളെ എന്തെങ്കിലും ചെയ്യാൻ പറ്റോ… ഇല്ലല്ലോ…. എന്നെങ്കിലും അവനെ കയ്യിൽ കിട്ടും…. നീ വാ…

പ്രിയ ഉള്ളിൽ നുരഞ്ഞു പൊന്തിയ വെറുപ്പ് അടക്കി പിടിച്ചു കൊണ്ട് അവളോടു പറഞ്ഞു


പ്രിയ വീട്ടിൽ ചെല്ലുമ്പോൾ അച്ചു നല്ല ഉറക്കത്തിലായിരുന്നു…. അമ്മ ഉമ്മറത്തിരുന്നു നാമം ജപിക്കുന്നുണ്ട്… അവൾ മുറിയിൽ ചെന്നു ബാഗ് മേശപ്പുറത്തു വെച്ചു…. ഉറങ്ങുന്ന അച്ചുവിനെ കണ്ടപ്പോൾ അവളുടെ ഉള്ളുപൊള്ളി

സാരി അഴിച്ചു മാറ്റി ഉണങ്ങിയ ഒരു നൈറ്റിയുമെടുത്തു അവൾ ബാത്‌റൂമിലേക്ക് നടന്നു….വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ബക്കറ്റിലെ തണുത്ത വെള്ളമെടുത്തു അവൾ ദേഹത്തൊഴിച്ചു….. എവിടെയോ നീറുന്നത് പോലെ….എവിടെയാണ് ….. അതേ അവിടെ തന്നെ വലത് മാറിടത്തിൽ ഒരു ചുവന്നപാട്….നീറി നീറി പുകയുന്നു…… അവൾ അറപ്പോടെ സോപ്പ് എടുത്തു ആ മുറിപ്പാട് തേച്ചുരച്ചു…. ഇല്ല ആ പാട് പോവുന്നില്ല…. അവൾ നീണ്ട വിരൽ തുമ്പാൽ നുള്ളി പറിച്ചെടുക്കാൻ ശ്രമിച്ചു.. ഇല്ല പറ്റുന്നില്ല നീറ്റൽ കൂടുന്നു….അവൾക്ക് ശ്വാസം മുട്ടി… മാറിടങ്ങൾ അറത്തെറിയാൻ തോന്നി….. കണ്ണിൽ കണ്ണുനീർ വന്നു നിറയുന്നു……
വീണ്ടും വീണ്ടുമവൾ ആ ചുവന്ന പാടിൽ സോപ്പിട്ട് ഉരച്ചു കൊണ്ടിരുന്നു… എങ്ങനെയൊക്കെയോ കുളി അവസാനിപ്പിച്ചിറങ്ങുമ്പോഴും അവളുടെ ഉള്ളു തിളയ്ക്കുകയായിരുന്നു

മുറിയിൽ ചെല്ലുമ്പോൾ അച്ചു കണ്ണ് തുറന്നു കിടക്കുകയായിരുന്നു….. അവളെ കണ്ടതും കുഞ്ഞവളുടെ മടിയിലേക്ക് ചാടികേറി…..വിശന്നു തളർന്നു ഉറങ്ങിയ കുഞ്ഞ് അവളുടെ മാറിൽ മുഖം കൊണ്ട് ഉരസി…..വാത്സല്ല്യത്തോടെ കുഞ്ഞിനെ മാറോട് ചേർത്ത് നൈറ്റിയുടെ ഹുക്ക് ഊരവേ അവളുടെ മനസിലേക്ക് വെറ്റില കറ പുരണ്ട പല്ലുകളും നീല ഞരമ്പ് തടിച്ചു കിടക്കുന്ന വലത് മാറിടത്തിലെ ചുവന്ന പാടും കേറിവന്നു

അവൾ ഊരിയ ഹുക്കുകൾ തിരിച്ചിട്ടു…. ഇല്ല…. താൻ ചീത്തയായിരിക്കുന്നു…പാല് നിറഞ്ഞിരിക്കുന്ന തന്റെ മാറിടങ്ങളും ചീത്തയായിരിക്കുന്നു….അതിലെ പാല് ഒന്നുമറിയാത്ത തന്റെ കുഞ്ഞ് കുടിച്ചുകൂടാ…..
അവൾ നിറഞ്ഞ കണ്ണുകളോടെ കുഞ്ഞിനെ കെട്ടിപിടിച്ചു….കുഞ്ഞ് കൂടുതൽ വാശിയോടെ അവളുടെ നെഞ്ചിൽ കുഞ്ഞികൈ കൊണ്ട് തല്ലി കരയാൻ തുടങ്ങി

മോളെ പ്രിയേ… കുഞ്ഞിന് പാല് കൊടുക്ക് മോളെ… ഇന്ന് ആണെങ്കിൽ പകലും അച്ചു കാര്യമായിട്ടൊന്നും തിന്നിട്ടില്ല… നല്ല വിശപ്പ് കാണും

പ്രിയ നിസ്സഹായതയോടെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി… അവന്റെ തളർന്ന മുഖം കണ്ടപ്പോൾ അവളുടെ നെഞ്ച് വിങ്ങി….അവൾ നിറഞ്ഞ കണ്ണുകളോടെ അച്ചുവിനെ തന്റെ ഇടതുമാറിടത്തിലേക്ക് ചേർത്ത് പിടിച്ചു പാലൂട്ടി…കുഞ്ഞികണ്ണുകൾ പൂട്ടി നെഞ്ചോടു ചേർന്ന് പാല് കുടിക്കുന്ന അച്ചുവിന്റെ മുടിയിൽ പ്രിയ അരുമയായി തലോടി….

എത്ര അടുക്കത്തോടെയാണ് താൻ വസ്ത്രം ധരിക്കാറുള്ളത് എന്നിട്ടും അയാൾക്ക് എങ്ങനെയാണ് തന്റെ മാറിൽ കേറി പിടിക്കാൻ മാത്രം കൈ പൊങ്ങി…. ഒരു പുരുഷന്റെയും മോശമായ നോട്ടം വീഴാൻ ഇട വരാത്ത രീതിയിലാണ് താൻ പെരുമാറാറുള്ളതും വസ്ത്രം ധരിക്കാറുള്ളതും എന്നിട്ടും…… അവളുടെ കണ്ണ് നിറഞ്ഞു

ഇതിനു മുൻപും തന്റെ മാറിൽ പാടുകൾ വീണിട്ടുണ്ട്….തണുത്ത ചില രാത്രികളിൽ സതീശേട്ടന്റെ സ്നേഹപ്രകടനങ്ങളാൽ….വിശന്നു കൊതിയോടെ പാല് കുടിക്കുമ്പോൾ അച്ചുവിന്റെ കുഞ്ഞരി പല്ലുകളാൽ…പക്ഷെ ആ പാടുകൾക്ക് ഒരു സുഖമുണ്ടായിരുന്നു….വേദന നിറഞ്ഞതെങ്കിലും സുഖമുള്ളൊരു കുഞ്ഞ്നോവ്……പക്ഷെ ഇതങ്ങനെയല്ല ഈ പാട് തന്നെ ശ്വാസം മുട്ടിക്കുകയാണ്…തന്റെ മാറിടത്തെ കാർന്നു തിന്നുകയാണ്……..അവളുടെ മനസ്സിൽ വെറുപ്പും അമർഷവും വന്നു നിറഞ്ഞു


പിറ്റേന്ന് രാവിലെ ജോലിക്ക് ഇറങ്ങും മുൻപായി പ്രിയ അടുക്കളയിൽ നിന്നുമെന്തോ പൊതിഞ്ഞെടുത്തു ബാഗിന്റെ മുൻപിലുള്ള അറയിൽ ഭദ്രമായി വെച്ചു

വൈകുന്നേരം……..

ചേച്ചി ഇന്നലെ പോലെ അയാൾ ഇന്നും വരുമോ??? ശ്യാമയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു

വരട്ടെടി… അയാൾ വരട്ടെ പ്രിയ പല്ലിറുമ്മി

എന്നാൽ ഇന്നലെ കണ്ട ഭാഗത്തു ചെന്നപ്പോൾ അയാളെ അവർക്ക് കാണാൻ സാധിച്ചില്ല….നിരാശയോടെ പ്രിയ മുന്നോട്ട് നടന്നു…..

പെട്ടന്ന് അകലെ നിന്നുമൊരു പൊട്ട് പോലെ ആരോ നടന്നു വരുന്നത് പ്രിയ കണ്ടു…. അവൾ ശ്യാമയുടെ കയ്യിലൊന്നു പിടിച്ചു….അതേ അയാൾ തന്നെ….അയാൾ അവരുടെ അടുത്തെത്തി തന്റെ കറുത്ത പല്ലുകൾ കാണിച്ചു അവരെ നോക്കി ചിരിച്ച അതേ നിമിഷം തന്നെ പ്രിയ തന്റെ ബാഗിൽ സൂക്ഷിചിരുന്ന മുളകുപൊടിയെടുത്തു അയാളുടെ മുഖത്തേക്ക് വിതറി

അയാൾ കൈകൾ കൊണ്ട് കണ്ണു പൊത്തിയ നിമിഷം പ്രിയ അയാളെ തള്ളി നിലത്തിട്ടു… മുഴുത്തൊരു തെറിയോടെ എണീക്കാൻ ശ്രമിച്ച അയാളുടെ കയ്യിലും അരക്കെട്ടിനു താഴെയും അവൾ തന്റെ മടമ്പ് പൊങ്ങിയ ചെരുപ്പിട്ട കാലുകൊണ്ട് കലി തീരും വരെ ആഞ്ഞു ചവിട്ടി…. അയാൾ വേദന കൊണ്ട് പുളയാൻ തുടങ്ങിയിട്ടും പ്രിയ നിർത്തിയില്ല

ചേച്ചി മതി….. ശ്യാമ പ്രിയയുടെ കയ്യിൽ പിടിച്ചു വലിച്ചു….

ഇനി മേലാൽ നിന്റെ കൈ ഒരു പെണ്ണിന്റെയും ദേഹത്തു തൊടരുത്…. കേട്ടോടാ നാറി……പ്രിയ നിലത്തേക്ക് ആഞ്ഞൊന്നു കാറിത്തുപ്പി

അയാൾ അപ്പോഴും നിലത്തു കിടന്നു ഉരുളുകയായിരുന്നു

ആ കാഴ്ച്ച കണ്ണു നിറച്ചു കണ്ട് കൊണ്ട് അവൾ ശ്യാമയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു….


കുറച്ചു ദിവസങ്ങൾക്ക് ശേഷമുള്ളോരു വൈകുന്നേരം ജോലി കഴിഞ്ഞു ബസ്സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയാണ് ശ്യാമയും പ്രിയയും

പതിവ് ബസ് വന്നപ്പോൾ അവരതിൽ കേറി…. ഭാഗ്യത്തിന് ഇന്നധികം തിരക്കില്ല….സീറ്റുകൾ ഒഴിവുണ്ട്…ശ്യാമയും പ്രിയയും ഒരു ഒഴിഞ്ഞ സീറ്റിൽ ഇരുന്നു…. ഇരുന്നപാടേ ശ്യാമ ഫോണെടുത്തു ചെവിയിൽ വെച്ചു…. നിശ്ചയം കഴിഞ്ഞ പയ്യനെയാണ് ഈ വിളിക്കുന്നത്… ഇനി വീട് എത്തുംവരെ അത് ചെവിയിൽ കാണും….. പ്രിയയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…… താനും ഒരിക്കൽ ഇങ്ങനെ ആയിരുന്നില്ലേ പണ്ട് സതീഷേട്ടനുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത്..

ബസ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു….പോണവഴിയിലൊരു സ്കൂളുണ്ട്…അവിടെ ബസ് നിർത്തിയതും കലപിലബഹളങ്ങളുമായി സ്കൂൾ കുട്ടികൾ ബസിലേക്ക് കേറി…. വെള്ളയും പച്ചയും യൂണിഫോം ഇട്ടു മുടി പിന്നി റിബൺ കെട്ടിയ പെൺകുട്ടികളെ കണ്ടപ്പോൾ പ്രിയയ്ക്ക് തന്റെ സ്കൂൾ കാലഘട്ടം ഓർമ വന്നു…..

കുട്ടികൾ തങ്ങളുടെ തോളത്ത് ഇരുന്ന ബാഗുകൾ ഊരി ഇരിക്കുന്നവരുടെ കയ്യിൽ കൊടുക്കുന്നുണ്ട്‌… പ്രിയയുടെ കയ്യിലും കിട്ടി ഒരു ബാഗ്….

ടിക്കറ്റ്…ടിക്കറ്റ്..

കണ്ടക്ടർ ആണ്…..

പ്രിയ ബാഗ് തുറന്നു 24രൂപയ്ക്ക് രണ്ടാൾക്കും ടിക്കറ്റ് എടുത്തു…രാവിലെ ശ്യാമയും വൈകീട്ട് പ്രിയയുമാണ് ടിക്കെറ്റ് എടുക്കുക….അവൾക്ക് ടിക്കറ്റ് എടുത്തു കണ്ടക്ടർ മുന്നോട്ട് നടന്നു

എന്റെ കൊച്ചേ… ഒന്നാമതെ ബസ് നിറയെ ആളാ…ആ തോളത്തെ ബാഗ് എങ്കിലും ഊരി ആരുടെയെങ്കിലും കയ്യിൽ കൊടുക്ക്…. കണ്ടക്ടർ ആരോടോ ചൂടിലാണ്

പ്രിയ തല തിരിച്ചു ശബ്ദം കേട്ടിടത്തേക്ക് നോക്കി…. പന്ത്രണ്ടോ പതിമൂന്നോ വയസുള്ള ഒരു പെൺകുട്ടി കണ്ടക്ടറെ നോക്കി നിന്ന് വിറയ്ക്കുന്നുണ്ട്….

ഓരോന്നും ഇറങ്ങിക്കോളും…. ആകെ തരുന്നത് രണ്ട് രൂപയാ….എന്നിട്ടോ പറഞ്ഞാലിട്ടു കേക്കുകയുമില്ല….. കണ്ടക്ടർ മുഖം കറുപ്പിച്ചു മുന്നോട്ട് പോയി

പ്രിയയ്ക്ക് ആ കുട്ടിയോട് വല്ലാത്ത അലിവ് തോന്നി…..അവളുടെ തോളത്തെ ബാഗ് കണ്ടാൽ അറിയാം നല്ല ഭാരം ഉണ്ടെന്ന്…. പ്രിയ അവളുടെ ബാഗ് വാങ്ങി പിടിക്കുന്നതിനായി അവളെ തോണ്ടി വിളിക്കാൻ കൈ നീട്ടുമ്പോൾ ആണ് ആ കാഴ്ച കാണുന്നത്

ആ കുട്ടി നിൽക്കുന്ന സീറ്റിനോട് ചേർന്നിരിക്കുന്ന ഒരു ചെറുപ്പക്കാരൻ അവളുടെ തുടയിൽ തടവുന്നു… അമർത്തി നുള്ളുന്നു…..അവൾ തന്റെ കൈ കൊണ്ട് അയാളുടെ കൈകളെ തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്….ഒതുങ്ങി നിൽക്കാൻ നോക്കുന്നുണ്ട്… പക്ഷെ തിരക്കിൽ അവൾക്കതിനു കഴിയുന്നില്ല….തന്റെ ബാഗ് കൊണ്ട് അവൾ അയാളുടെ കൈകളെ തടയാനും പരിശ്രമിക്കുന്നുണ്ട്….പരിഭ്രമത്തോടെ അവൾ ചുറ്റും തലയിട്ടു ചുറ്റിക്കുന്നുണ്ട്…..

പ്രിയക്ക് നെഞ്ചിടിച്ചു…. അവൾ പെട്ടന്ന് ചാടി എണീറ്റു ആ ചെറുപ്പക്കാരന്റെ മുഖത്ത് ആഞ്ഞടിച്ചു….

ഇത്തിരിപോന്ന കൊച്ചിന്റെ ദേഹത്താണോടാ നീ തോന്നിവാസം കാണിക്കുന്നത്??? കൊടുത്തു കൈ വീശി ഒരെണ്ണം കൂടെ…..

എന്താ… എന്താ ചേച്ചി പ്രശ്നം??? ഡോറിൽ നിന്ന ക്ലീനർപയ്യൻ തിരക്കിലൂടെ തിങ്ങി ഞെരുങ്ങി അങ്ങോട്ട് ചെന്നു

പ്രിയ കാര്യം പറഞ്ഞു തീർന്നതും ക്ലീനർ പയ്യനും രണ്ട് പേരും ചേർന്ന് അവനെ പിടിച്ചു ബസിനു പുറത്തിറക്കി….. അവർ ഇറങ്ങിയതും ബസ് മുന്നോട്ട് എടുത്തു….

അവനുള്ളത്‌ അവർ കൊടുത്തോളും….. കണ്ടക്ടർ പ്രിയയോട് പറഞ്ഞു

മോൾക്ക് ചേട്ടനോട് പറയാൻ മേലായിരുന്നോ?? കണ്ടക്ടർ ആ പെൺകുട്ടിയുടെ കവിളിൽ തട്ടി…. അവൾ തന്റെ കുഞ്ഞിക്കണ്ണുകൾ മിഴിച്ചു പ്രിയയെ നോക്കി

പ്രിയ അവളുടെ ബാഗ് ശ്യാമയുടെ കയ്യിൽ കൊടുത്തു അവളെ തന്റെ മടിയിലിരുത്തി

എന്തുവാ പേര്?? പ്രിയ ആ കുട്ടിയോട് തിരക്കി

അമൃത….

അമൃത അയാള് തൊട്ടപ്പോൾ എന്താ മിണ്ടാതെ ഇരുന്നേ…. അങ്ങനെ ഉണ്ടായാൽ അപ്പോൾ തന്നെ ആരോടെങ്കിലും പറയണ്ടേ

പേടിച്ചിട്ടാ…. അമൃതയുടെ കണ്ണു നിറഞ്ഞു

പേടിക്കരുത്… ഇനി ആര് അനുവാദമില്ലാതെ തൊട്ടാലും അപ്പൊ തന്നെ കൂടെ ഉള്ളവരോട് പറയണംകേട്ടോ???

മ്മ്… അമൃത തന്റെ കൈകൾ കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് മൂളി

അതൊക്കെ പോട്ടെ…അമൃതടെ വീട് എവിടാ???

വള്ളികാവില്….

ആഹാ ഞാനും അവിടെ തന്നെയാ….അപ്പൊ നമുക്ക് ഇന്ന് ഒരുമിച്ചു പോവാലോ…. പ്രിയയുടെ മുഖത്ത് ചിരി പടർന്നു

അത് കണ്ടപ്പോൾ അമൃതയും ചെറുതായി പുഞ്ചിരിച്ചു…..


ബസ് ഇറങ്ങി ശ്യാമയും പ്രിയയും അമൃതയും നടന്നു….. പകുതി വരെ പ്രിയയും ശ്യാമയും സ്ഥിരമായി നടക്കുന്ന വഴി തന്നെയാണ്

ദേ ആ ഇടവഴിയിലൂടെയാ…. പകുതി ചെന്നപ്പോൾ അമൃത കൈ ചൂണ്ടി

വാടി…. കൊച്ചിനെ വീട്ടിൽ ആക്കിയേക്കാം… ഒപ്പം വീട്ടുകാരോട് ഒന്ന് പറയുകയും ചെയ്യാലോ…. പ്രിയ ശ്യാമയെ നോക്കി

തേപ്പ് കഴിയാത്തൊരു വീടായിരുന്നു അമൃതയുടെത്…….

അമ്മേ….. അമൃത അകത്തേക്ക് നോക്കി വിളിച്ചു

എന്നതാടി ഇങ്ങനെ ഒച്ച വെയ്ക്കുന്നത്?? മുഷിഞ്ഞ നൈറ്റി ധരിച്ചൊരു സ്ത്രീ അകത്തു നിന്നും ഇറങ്ങി വന്നു…. മകൾക്ക് ഒപ്പം അറിയാത്ത രണ്ട് പേരെ കണ്ടപ്പോൾ അവരൊന്നു ഞെട്ടി

ആരാ??? അവർ ചോദിച്ചു

ബസിൽ നടന്ന കാര്യങ്ങൾ വളരെ ചുരുക്കി വ്യക്തമായി പ്രിയ അവരോട് പറഞ്ഞു

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവരുടെ മുഖം വിളറി….അവർ തന്റെ മകളെ ചേർത്ത് പിടിച്ചു…

എന്റെ മോളെ…..ഇവളെ ഇപ്പൊ കുറച്ചായി ഒറ്റയ്ക്കാ സ്കൂളിൽ വിടുന്നെ…. എന്നും ഇവളുടെ അപ്പനാ കൊണ്ട് പോയി ആക്കുന്നതും തിരികെ കൊണ്ട് വരുന്നതും…. കുറച്ചു ദിവസം മുൻപ് അങ്ങേര് കവലയിൽ ഒന്ന് വീണു…. ഇപ്പൊ മേലൊക്കെ വേദന ആയിട്ട് കുഴമ്പിട്ട് കിടപ്പാ….

സൂക്ഷിക്കണം ചേച്ചി ഇപ്പൊ കാലം ശരിയല്ല… ശ്യാമ പറഞ്ഞു

ദേ നിങ്ങളൊന്നു ഇങ്ങ് വന്നേ… അമൃതയുടെ അമ്മ അകത്തേക്ക് നോക്കി പറഞ്ഞു

അകത്തു നിന്ന് വേച്ചു വേച്ചൊരു രൂപം തിണ്ണയിലേക്ക് ഇറങ്ങി വന്നു

ഇറങ്ങി വന്നയാളെ കണ്ട് പ്രിയയും ശ്യാമയും ഒരുപോലെ കണ്ണു തള്ളിപ്പോയി…അവരെ കണ്ടതും ഇറങ്ങി വന്നയാളൊമൊന്നു നടുങ്ങി

ഇത് അയാളല്ലേ?? അതെ അയാൾ തന്നെ…പ്രിയയുടെ ചോര തിളച്ചു…. അവളുടെ മുഖം വലിഞ്ഞു മുറുകി

ശ്യാമ പ്രിയയുടെ കയ്യിൽ അമർത്തി പിടിച്ചു

ദേ നമ്മടെ കുഞ്ഞിനെ ആരോ ബസിൽ വെച്ച് ഉപദ്രവിച്ചെന്നു..അമൃതയുടെ അമ്മ വേവലാതിയോടെ അയാളോട് പറഞ്ഞു

അയാൾ ശബ്‌ദിക്കാൻ പോലും കഴിയാതെ നിന്നു വിറച്ചു

എന്റെ പൊന്നു ചേച്ചി…. കൊറേ ഞരമ്പൻമാരുണ്ട്….പെണ്ണിനെ കാണുമ്പോൾ വായിൽ വെള്ളം നിറയുന്ന കൊറേ ചെറ്റകൾ…..അവനെ പോലെയുള്ളവരുടെ അടിനാഭി അടിച്ചു കലക്കണം….ഇവനൊക്കെ ആരെ വേണമെങ്കിലും കേറി പിടിക്കാം….. നാളെ ഇവന്റെയൊക്കെ വീട്ടിലെ ആരെയെങ്കിലും ഏതെങ്കിലും ആണുങ്ങൾ കേറി പിടിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ…. പ്രിയ അയാളെ വെറുപ്പോടെ നോക്കി

ശരിയാ മോളെ…. സ്വന്തം അച്ഛനെ പോലെ നമ്പാൻ പറ്റാത്ത കാലമാ അമൃതയുടെ അമ്മ അവളുടെ വാക്കുകളെ ശരി വെച്ചു

അതെ ചേച്ചി…. സ്വന്തം അപ്പനെ പോലും വിശ്വസിക്കരുത്…. പ്രിയ അയാളെയൊന്നു പുച്ഛത്തോടെ നോക്കി

അപ്പൊ ശരി ചേച്ചി ഞങ്ങൾ ഇറങ്ങുവാ….പ്രിയ പറഞ്ഞു

അല്ല ചായ കുടിച്ചിട്ട് പോവാം…. അമൃതയുടെ അമ്മ അവരെ അകത്തേക്ക് വിളിച്ചു

ഓ വേണ്ട ചേച്ചി…. ചായ ചേട്ടന് കൊടുത്തേക്ക്…. വീണു കിടക്കുവല്ലേ… നല്ല ക്ഷീണം കാണും…. പ്രിയ അയാളെയൊന്നു ഇരുത്തി നോക്കികൊണ്ട് ശ്യാമയുമായി ആ വീടിന്റെ പടി കടന്നു.