ചെറിയ ചാറ്റൽ മഴയോടെ ജൂൺ മാസം വരവറിയിച്ചു. വീണ്ടും ഒരു അദ്ധ്യായന വർഷം ആരംഭമായി… ആരാധ്യയോടൊപ്പം ഇത്തവണ കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വക്കുകയാണ് ആരവ്. ബി.കോം ഫസ്റ്റ് ഇയർ യിൽ ആരാധ്യ യുടെ കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങി ആരവും എത്തി.
ചെറിയ ചാറ്റൽ മഴയെ വകവക്കാതെ ബസ് ഇറങ്ങി ആരാധ്യ കോളേജ് ലക്ഷ്യമാക്കി നടന്നു. ബസ് സ്റ്റോപ്പിൽ നിന്നും അഞ്ച് മിനിറ്റ് നടക്കണം കോളേജിന്റെ മെയിൻ ഗേറ്റ് എത്താൻ. ആരവിനോട് കോളേജിന്റെ രീതികളെ കുറിച്ചു പറഞ്ഞു കൊണ്ട് നടക്കുകയാണ് ആരാധ്യ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിലാണ് ആരവിന്റെ നടപ്പ്. അലസമായി വെട്ടിയിട്ടിരിക്കുന്ന മുടിയിഴകളെ അവൻ ഇടക്കിടെ കൈ കൊണ്ടുകോന്തി ഒതുക്കുന്നുണ്ട്.
അവന്റെ പ്രവൃത്തി ഒന്നു വീക്ഷിച്ചു ആരാധ്യ ഒന്നു ചിരിച്ചു. അവന്റെ കവിളിൽ മുളച്ചുതുടങ്ങുന്ന കുറ്റി രോമങ്ങളും അതിൽ അവൻ ചെയ്തു വച്ചിരുന്ന ഡിസൈനുകളും അവളൊന്നു ചൂഴ്ന്നു നോക്കി.
” അതേ നമ്മൾ ഒരു വീട്ടിൽ നിന്ന് ഒരുമിച്ചല്ലേ ഇറങ്ങിയത്. ” അവളുടെ നോട്ടം കണ്ട് ആരവ് ചോദിച്ചു.
” അതിന്”
” അല്ല ആദ്യമായി കാണും പോലെയുള്ള ചേച്ചിയുടെ നോട്ടം കണ്ടിട്ടു ചോദിച്ചതാണ്.”
“അല്ലടാ നിന്നെ ഇനി ഇങ്ങനെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് നോക്കിയതാണ് മോനേ… ” അവൾ ഒരു ചിരിയോടെ പറഞ്ഞു.
“അല്ല മനസ്സിലായില്ല.. എന്താ ഉദ്ദേശിച്ചത്. ചേച്ചിയല്ലേ പറഞ്ഞത് ഇവിടെ റാഗിംങ്ങ് ഒന്നും ഉണ്ടാകില്ല എന്നു. പിന്നെ എന്താ ?”
” സീനിയേഴ്സ് റാഗിംങ്ങ് ഒന്നും ചെയ്യില്ല. അതോർത്ത് നീ പേടിക്കേണ്ട..”
“പിന്നെ… “
“ചെല്ലുമ്പോൾ തന്നെ ഒരു സർക്കുലേഷൻ ലെറ്റർ കിട്ടും ക്ലാസ്സിൽ അതിൽ ഉണ്ടാകും
എല്ലാം…”
“ഒന്നു തെളിച്ചു പറ ചേച്ചി. ചുമ്മാ ആളെ പേടിപ്പിക്കാതെ.”
“മോനെ നീ ഒന്നു കണ്ണു തുറന്നു നോക്കൂ ചുറ്റും…”
ആരവ് പതിയെ നാലുപാടും കണ്ണോടിച്ചു. യൂണിഫോമിൽ കോളേജിലേക്ക് കടന്നു പോകുന്ന ഓരോരുത്തരിലും അവന്റെ നോട്ടം പതിച്ചു. ഷർട്ട് എല്ലാം ഇൻസെർട്ട് ചെയ്ത് വെട്ടിയൊതിക്കില്ല മുടിയും ക്ലീൻ ഷേവ് താടിയുമായി നല്ല എക്സിക്യൂട്ടീവ് ലുക്കിൽ നടന്നു പോകുന്ന ഓരോരുത്തരേയും കണ്ട് ആരവ് സ്വന്തം മുടിയിഴകളിൽ ഒന്നു തലോടി. അവ ചെരിഞ്ഞൊന്നു ആരാധ്യയെ നോക്കി.
“അറിഞ്ഞു കൊണ്ടു പൂട്ടിയതാണല്ലേ എന്നെ… ” വളരെ ദയനീയമായി ആരവ് ചേച്ചിയെ നോക്കി ചോദിച്ചു.
അവൾ മനോഹരമായി അവനെ നോക്കി പുഞ്ചിരിച്ചു.
” എന്നാലും എന്നോട് വേണ്ടായിരുന്നു ചേച്ചി ഇത്. എത്ര കാത്തിരുന്നു മുളച്ചതാണെന്ന് അറിയോ?”
അവൻ അവന്റെ കുറ്റി താടിയിൽ ഒന്നു തലോടി.
” പറഞ്ഞിട്ടു കാര്യമില്ല മോനെ ഇതൊക്കെ വെട്ടിയൊതിക്കിയാല്ലേ നാളെ നിനക്ക് ഈ കോമ്പൗണ്ടിൽ കയറാൻ പറ്റൂ…. “
ആരാധ്യ അവന്റെ തലയ്ക്കു ചുറ്റും വിരൽചലിപ്പിച്ചു കൊണ്ടു പറഞ്ഞു.
ഗെയ്റ്റിൽ നിന്നു കുറച്ചു മാറി ആരവിന്റെ അതേ സ്റ്റെയിലിൽ മുടിയുമായി നിൽക്കുന്ന നിർമ്മലിനെ കണ്ടു അവൻ ഒരു വിളറിയ ചിരി ചിരിച്ചു. ആരവിന്റെ നിർബന്ധത്തിനു വഴങ്ങി അവിടെ അഡ്മിഷൻ എടുത്ത അവന്റെ ഫ്രണ്ട് ആയിരുന്നു അത്.
ആരാധ്യയെ നോക്കി കാണാം എന്നു പറഞ്ഞു അവൻ നിർമ്മലിനു അടുത്തേക്ക് നടന്നു.
കോളേജിന്റെ മെയിൻ ഗെയ്റ്റ് കടന്നു ആരാധ്യ ഉള്ളിലേക്ക് നടന്നു. രണ്ടു വർഷങ്ങൾ വളരെ പെട്ടെന്ന് കൊഴിഞ്ഞു പോയ പോലെ അവൾക്ക് തോന്നി. കഴിഞ്ഞ കുറച്ചു കാലങ്ങളുടെ ഓർമ്മ അവളിലേക്കു വന്നു. കിരണിന്റെ തീക്ഷ്ണതയുള്ളനോട്ടം അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. ഒരു നിമിഷം കണ്ണുകൾ മുറുക്കി അടച്ചു തുറന്നു ആരാധ്യ. എന്നും പ്രതീക്ഷയോടെ നോക്കാറുള്ള പാർക്കിങ്ങിലേക്ക് അവൾ നിരാശയോടെ നോക്കി.
കണ്ണുകൾ പെട്ടെന്ന് ഒരു ചെറിയ പ്രതീക്ഷ തന്നെങ്കിലും അവളത് ഗൗനിക്കാതെ നടക്കാൻ തുടങ്ങി. ഉൾപ്രേരണയാൽ അവൾ ഒന്നൂടെ തിരിഞ്ഞു നോക്കി.
കൈ രണ്ടും മാറിൽ കെട്ടി പുഞ്ചിരിയോടെ ബുള്ളറ്റിൽ ചാരി നിൽക്കുന്ന അർണവിനെ കണ്ട് ആരാധ്യ ഒന്നു കൂടെ കണ്ണു ചിമ്മി നോക്കി. ക്രീം ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം. വളർന്ന താടി ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. അവന്റെ അടുത്തേക്ക് ഓടി ചെല്ലുമ്പോഴും അവൻ അതേ നിൽപ്പ് തുടർന്നു.
“ഇതെന്താ ഇവിടെ…?”
അവനെ ആകമാനം നോക്കി കൊണ്ട് ആരാധ്യ ചോദിച്ചു.
അവളുടെ കണ്ണുകളിലെ സന്തോഷവും അമ്പരപ്പും നോക്കി കാണുകയായിരുന്നു അർണവ്.
അവന്റെ വേഷത്തിൽ നിന്നും അവൻ ഓഫീസിൽ പോകുന്ന വഴിയാണെന്ന് അവൾക്ക് മനസ്സിലായി.
“എന്താ ഓഫീസിൽ പോകുന്നില്ലേ ഇന്നു.. “
അവൾക്ക് മറുപടി നൽകാതെ ചിരിച്ചു കൊണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന അർണവിനെ കണ്ടു അവൾക്ക് ദേഷ്യം തോന്നി.
“അർണവേട്ടാ…. ” അവൾ അവന്റെ കൈകളിൽ പിടിച്ചുകുലുക്കി കൊണ്ടു വിളിച്ചു.
അവൻ അവളെ നോക്കി കൊണ്ടു തന്നെ ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു.
അവളുടെ മുഖത്ത് പരിഭവം നിഴലിച്ചു. അതു കണ്ട് അവൻ ഓഫ് ചെയ്തു കൊണ്ട് ചോദിച്ചു.
” അപ്പൊ ഞാൻ ഓഫീസിൽ പോകണ്ടേ..”
“അർണവേട്ടാ…. “
” എന്താടി… “
“അതല്ല “
“ഏതല്ലാ…”
അവൻ ബുള്ളറ്റിൽ നിന്നു ഇറങ്ങി പഴയ പൊസിഷനിൽ നിന്നു അവളെ നോക്കി.
ആരാധ്യ മിണ്ടാതെ താഴെക്കു നോക്കി നിന്നു.
ചെറിയ പുഞ്ചിരിയോടെ അവൻ അവളുടെ തോളിൽ തട്ടി.
” ആധ്യാ…”
“മ്മ്”
അവൾ മുഖം ഉയർത്താതെ തന്നെ ഒന്നു മൂളി.
അർണവ് ചുറ്റും ഒന്നു നോക്കിയിട്ടു അവളുടെ കവിളിൽ ഒന്നു തട്ടി..
” രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് എന്റെ വൈഫിനെ ഒന്നു കാണണം എന്നു തോന്നി. നേരെ ഇങ്ങോട്ട് വച്ചുപിടിച്ചു. അത്ര ഉള്ളൂ… എന്താ ഇനി സ്പെഷൽ പെർമിഷൻ വല്ലതും വേണോ നിന്നെ കാണണെങ്കിൽ.. മ്മ്.. “
അവളുടെ കണ്ണുകളിലെ സന്തോഷത്തിളക്കം കണ്ടു അവൻ ബുള്ളറ്റിൽ കയറി.
” ഇനി ഞാൻ പോട്ടെ ഇനി നിന്നാൽ ഞാൻ വൈകും..”
അവൾ പുഞ്ചിച്ചു കൊണ്ടു തല ആട്ടി..
” ഞാൻ വിളിക്കാം നിന്നെ..”
അവൻ ഗേറ്റ് കടന്നു പോകുന്നതു നോക്കി ആരാധ്യ നിന്നു. മിററിൽ കൂടി അവളെ തന്നെ നോക്കി കൊണ്ടു ഗേറ്റ് കടക്കുമ്പോൾ കിരൺ ഇവിടെ ഇല്ല എന്നൊരു ആശ്വാസം മാത്രം ആയിരുന്നു അർണവിന്.
ഫസ്റ്റ് യേർസ് വന്നു തുടങ്ങിയതിനാൽ കോളേജിൽ മൊത്തം ഒരു ഓളം ഉണ്ടായിരുന്നു. പുതിയ കുറെ സൗഹൃദങ്ങൾ രൂപം കൊള്ളുന്നതും നോക്കി അവൾ സെക്കന്റ് ഫ്ലോറിൽ ഉള്ള ക്ലാസ്സിലേക്ക് കയറി. അവളെ കാത്തെന്ന പോലെ തനിഷ്‌ക ഡോറിൽ തന്നെ ഉണ്ടായിരുന്നു.
ആദ്യ ദിവസം ആയതിനാൽ പറയത്തക്ക ക്ലാസ്സ് ഒന്നും ഉണ്ടായിരുന്നില്ല. അവധികാല വിശേഷങ്ങൾ പറഞ്ഞു അവർ സമയം ചിലവഴിച്ചു.
തന്റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടെന്ന രീതിയിലാണ് അർണവ് തന്റെ ജോലിയെ കണ്ടിരുന്നത്. ജോലിയോടൊപ്പം തന്നെ അവൻ തന്റെ മനസ്സിൽ രൂപം കൊണ്ട പുതിയ ബിസിനസ്സ് സംരഭത്തിന്റെ ആരംഭത്തിനുള്ള തയ്യാറെടുപ്പും നടത്തി കൊണ്ടിരിന്നു. അനിരുദ്ധിനെ കൂടി അതിൽ പങ്കാളി ആക്കിയിരുന്നു.
എറണാക്കുളം ടൗണിൽ നിന്നു കുറച്ചു നീങ്ങിയാണ് പുതിയ ഓഫീസിനുള്ള ബിൽഡിങ്ങ് കണ്ടു വച്ചത്. പ്രകാശിന്റെ രാഷ്ട്രീയ സ്വാധീനം പുതിയ സംരഭത്തിനു വലിയൊരു മുതൽകൂട്ടായി.
കോളേജിന്റെ ഗാർഡനിൽ ആരാധ്യ ആരവിനായി കാത്തിരുന്നു. പുതിയ കുറച്ചു സൗഹൃദങ്ങളുമാണ് ആരവ് എത്തിയത്. എല്ലാവരേയും ആരവ് ചേച്ചിയ്ക്കു പരിചയപ്പെടുത്തി കൊടുത്തു. കൂട്ടത്തിൽ ഒരു കിലുക്കാം പെട്ടിയെ ആരാധ്യയ്ക്ക് നല്ല അടുപ്പം തോന്നി നിള. പേരിലെ വൈവിധ്യം പോലെ സ്വഭാവത്തിലും നിള വ്യത്യസ്തത പുലർത്തി. വളരെ പെട്ടെന്നു തന്നെ നിള ആരാധ്യയുമായി അടുത്തു.
തിരിച്ചു വീടെത്തുംവരെ ആരവും സംസാരിച്ചത് നിളയെ കുറിച്ചായിരുന്നു. അവളുടെ സംസാരത്തിൽ എപ്പോഴും നിറഞ്ഞു നിന്നത് പണ്ട് എപ്പോഴോ അവൾക്ക് നഷ്ടമായ അവളുടെ ചേട്ടനെ കുറിച്ചാണ്. എന്നാൽ അവളുടെ വാക്കുകളിൽ നഷ്ടപ്പെടലിന്റെ വേദനയോ ദു:ഖങ്ങളോ നിറഞ്ഞു നിന്നിരുന്നില്ല. പകരം കഴിഞ്ഞു പോയ നാളുകളിലെ മധുരിപ്പിക്കുന്ന ഓർമ്മകളും വരും നാളുകളിലെ പ്രതീക്ഷകൾ മാത്രമായിരുന്നു.
ആരവിന്റെ വാക്കുകൾ കൂടി ആയപ്പോൾ ആരാധ്യയ്ക്ക് അവളോട് ഒരു പ്രത്യേക അടുപ്പം തോന്നി. ആ പേരും മുഖവും അവളുടെ മനസ്സിൽ ഇടം പിടിച്ചു.
പതിവിലും നേരത്തെ വീടെത്തിയ ആരാധ്യ വേഗം ഡ്രസ്സ് മാറി വന്നു അടുക്കളയിൽ കയറി ചായ ഇട്ടു. അപ്പോഴേയ്ക്കും സീനയും അഭിരാമും എത്തി. അവൾ അവർക്കും ചായ നൽകി എല്ലാവരും ഒന്നിച്ചു ഡൈനിംങ് ടേബിളിൽ ഇരുന്നു. അന്നത്തെ കോളേജ് വിശേഷം തന്നെയായിരുന്നു ചർച്ച. അതിലും ഇടം പിടിച്ചത് നിള തന്നെയായിരുന്നു.
നാളെ മുതൽ മകനെ നല്ല കോലത്തിൽ കാണാം എന്ന ആശ്വാസമായിരുന്നു സീനയ്ക്ക്. വൈകിട്ട് കളി കഴിഞ്ഞു വരുന്ന ആരവിനെ കണ്ടു ആരാധ്യ ചിരി കടിച്ചമർത്തി. അവളുടെ നിൽപ്പും ഭാവവും കണ്ടു അവൾക്ക് മുന്നിലൂടെ ഒരു പുച്ഛ ചിരിയുമായി ആരവ് കടന്നു പോയി. മുറിയിൽ കണ്ണാടിക്കു മുന്നിൽ നിന്ന് അവൻ സ്വയം ഒന്നു വിലയിരുത്തി. വെട്ടിയൊതുക്കിയ മുടിയിഴകളിൽ അവനൊന്നു വിരലോടിച്ചു.
“നോട്ട് ബാഡ്” അവൻ സ്വയം സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി.
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു കിടക്കാൻ നേരമാണ് ആരാധ്യ ഫോൺ കൈയിൽ എടുത്തത്.
നോട്ടിഫിക്കേഷനിൽ അർണവിന്റെ വോയ്സ് മെസ്സേജ് കണ്ട് ആരാധ്യ ബെഡിലേക്ക് കിടന്നു കൊണ്ട് അത് പ്ലേ ചെയ്തു.
” എന്നിൽ നീ തീർത്തത് ഒരു വസന്തമാണ്…ഒരിക്കലും തീരാത്ത ഒരു വസന്തക്കാലം….നീയെന്ന വസന്തം….ഋതുക്കൾ എത്ര മാറി വന്നാലും എന്നിൽ എന്നും വസന്തം മാത്രമായിരിക്കും…ആ വസന്തത്തിൽ നനഞ്ഞു കുളിക്കാൻ കൊതിക്കുന്ന ഒരു മനസ്സുമായി ഞാൻ കാത്തിരിക്കുന്നു.”
പിന്നേയും പിന്നേയും പ്ലേ ചെയ്തു കൊണ്ട് ആരാധ്യ ബെഡിലേക്ക് മുഖം പൂഴ്ത്തി. പ്രണയമൊരു അടങ്ങാത്ത വികാരമായി അവളിൽ നിറഞ്ഞു.
തുടരും…..